. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, 26 January 2010

നീളാത്തി പൊട്ടന്‍.

എന്റെ ഗ്രാമമായ നീര്‍വിളാകത്തില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിത്വം......

ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്ന നൂറു കണക്കിന് വ്യക്തികളില്‍ നീളാത്തിപൊട്ടന് എന്തു പ്രസക്തി എന്നു ചിന്തിക്കാം...... പക്ഷെ ആ ചോദ്യം ഈ വായനയുടെ അവസാനം നിങ്ങള്‍ക്ക് ഉന്നയിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

നീളാത്തിപൊട്ടന് പ്രായം എത്രയായി.... അറിയില്ല... എന്റെ അമ്മയോട്, എന്തിന് 1992 ല്‍ മരണമടഞ്ഞ് എന്റെ അമ്മൂമ്മ ജീവിച്ചിരിക്കുമ്പോള്‍ പോലും ഞാന്‍ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്... പക്ഷെ “ആ” എന്നു ഉച്ചരിച്ചു കൊണ്ട് കൈ മലര്‍ത്തി കാണിക്കുക മാത്രമാണ് ഉത്തരമായി കിട്ടുക.

ഒരു ഗ്രാമത്തിന്റെ പ്രശസ്തി ഒരു പൊട്ടനിലൂടെ!!.... വിശ്വസിക്കാന്‍ പ്രയാസം ഉണ്ടാവും അല്ലെ?.... എന്നാല്‍ അതാണ് പരമാര്‍ത്ഥം.... നീര്‍വിളാകം എന്റെ ഗ്രാമം ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും, ചെങ്ങന്നൂര്‍, കോഴഞ്ചേരി പോലുള്ള ടൌണുകളിലും അറിയപ്പെടുന്നത് നീളാത്തിപൊട്ടന്‍ എന്ന എന്റെ ഗ്രാമത്തിന്റെ സ്വന്തം പൊട്ടനിലൂടെയാണ്.

നീര്‍വിളാകം ഇന്നും ഏതാണ്ട് കുഗ്രാമം തന്നെയാണ്.... ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദേശം... ഒരു വലിയ പേമാരി വന്നാല്‍ ഒറ്റപ്പെട്ടു പോകുന്ന ദേശം... പൊടിമണ്ണിന്റെ മണം വമിക്കുന്ന പാതകള്‍... സര്‍ക്കാര്‍ സ്ഥാപനമായി ഒരു പോസ്റ്റാഫീസ് മാത്രം... നല്ല ഒരു വണ്ടി കാണണമെങ്കില്‍ ഇന്നും അടുത്തുള്ള ടൌണില്‍ പോകണം... പ്രശസ്തര്‍ എന്നു എടുത്തു പറയാന്‍/ചൂണ്ടിക്കാണിക്കാന്‍ ആരും തന്നെയില്ലാത്ത ഈ ദേശം പ്രശസ്തി നേടിയതിനു പ്രധാന കാരണം നീളാത്തി പൊട്ടന്‍ മാത്രം.

കുട്ടികള്‍ക്ക് കളിത്തോഴനും എന്നാല്‍ അതേ അളവില്‍ പേടി സ്വപ്മവുമാണ്.... കുട്ടികളെ ജീവനു തുല്യം സ്നേഹിക്കുന്ന പൊട്ടന്‍ എന്നാല്‍ അവരുടെ അതിരു കടന്നുള്ള കുസൃതികളെ നേരിടുന്നത് ഉരുളന്‍ കല്ലുകളുമായാണ്.... ഒരുപറ്റം കുട്ടികള്‍ ഒന്നിച്ച് നിലവിളിച്ച് കൊണ്ട് ഓടി വരുന്നുണ്ടെങ്കില്‍ അതിനു പുറകെ പൊട്ടനും ഉണ്ടാവും എന്നത് തീര്‍ച്ച.... പക്ഷെ ഒരിക്കല്‍ പോലും ആ കല്ലുകള്‍ കുട്ടികള്‍ക്ക് നേരെ പ്രയൊഗിക്കപ്പെടാറില്ല.... കല്ലുകള്‍ പൊട്ടന് കുട്ടികളെ അവനു സഹിക്കാന്‍ കഴിയാത്ത കുസൃതികളില്‍ നിന്ന് പിന്‍‌തിരിപ്പിക്കാനുള്ള നിര്‍ജ്ജീവമായ ഒരു ആയുധം മാത്രമാണ്....

കുട്ടികളെ ഇമ്മാതിരി പേടിപ്പിക്കുന്നതിന് മാതാപിതാക്കളില്‍ ആരെങ്കിലും ദേഷ്യത്തോടെ ചോദ്യം ഉന്നയിച്ചാല്‍ ഉടന്‍ ജീവിതത്തില്‍ ഇതുവരെ വൃത്തിയാക്കിയിട്ടില്ലാത്ത വികൃതമായ പല്ലുകള്‍ കാട്ടി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് പൊട്ടന്‍ ചിരിക്കും.... നിഷ്കളങ്കമായ ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടൂണ്ടാവും.... അതിനാല്‍ തന്നെ ചോദ്യം ചെയ്യാന്‍ വന്നവര്‍ പൊട്ടനെ സഹതാപത്തോടെ നോക്കി മടങ്ങുകയാണ് പതിവ്.

ഗ്രാമത്തിലെ പ്രായഭേദമന്യേ പുരുഷ സമൂഹം പൊട്ടന് അച്ഛനും,സ്ത്രീ സമൂഹം അമ്മയുമാണ്... യദാര്‍ത്ഥത്തില്‍ പൊട്ടന് ഉച്ചരിക്കാന്‍ കഴിയുന്ന വാക്കുകള്‍ അതു മാത്രമാണ്.... വിശക്കുമ്പോള്‍ ഗ്രാമത്തിലെ ഏതൊരു വീട്ടിലും കയറി ചെന്ന് ഭക്ഷണം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഗ്രാമത്തിന്റെ സ്വന്തം നീളാത്തി പൊട്ടനു മാത്രം സ്വന്തം... പൊട്ടന്റെ യദാര്‍ത്ഥ പേര്‍ രാമകൃഷ്ണന്‍ എന്നാണ്... അങ്ങനെ വിളിക്കുന്നത് അവന് ഏറ്റവും സന്തോഷം പകരുന്ന വിഷയവും.... രാമകൃഷ്ണാ എന്നു സംബോധന ചെയ്താല്‍ ചിലപ്പോള്‍ പൊട്ടന്‍ സന്തോഷം കൊണ്ട് തുള്ളിചാടും.... സന്തോഷം അധികരിച്ചാല്‍ അവന്റേതായ ഭാഷയില്‍ പാടും.... ആ പാട്ട് മറ്റുള്ളവര്‍ കേള്‍ക്കുന്നത് ഇങ്ങനെ...

“ഇന്നപ്പ ഹയ്യേ....ഹൂന്താലി ഹയ്യെ.....” എന്താണ് പൊട്ടന്‍ ആ വരികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല... പൊട്ടന് ഏറ്റവും വെറുപ്പുള്ള രണ്ട് വാക്കുകള്‍ “ മഴ വരുന്നു” എന്നും.... “ഇന്ന് ഊണില്ല” എന്നും ആണ്... സ്നേഹത്തോടെ ഇടപെടുന്നവര്‍ പോലും ഈ വാക്കുകള്‍ ഏതെങ്കിലും അറിയാതെ പറഞ്ഞു പോയാല്‍ പൊട്ടന്റെ മുഖത്ത് ക്രൌര്യം നിറയും.... പിന്നെ അവ്യക്തമായ വാക്കുകള്‍ ഉപയോഗിച്ച് ദേഷ്യം പ്രകടിപ്പിക്കും... സമീപത്തു കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ എടുത്ത് എറിയുന്നതായി ആഗ്യം കാണിക്കും... പിന്നെ നടന്നു നീങ്ങും....

സമീപ ഗ്രാമങ്ങളില്‍ എല്ലാം പൊട്ടന്റെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാവും... ഗ്രാമത്തിലേയും സമീപ ഗ്രാമങ്ങളിലേയും കല്യാണം, വാസ്തുബലി പോലുള്ള വിശേഷ അവസരങ്ങളും, ഉത്സവങ്ങളും പൊട്ടന്റെ സജീവ സാന്നിദ്ധ്യം ഇല്ലാതെ നടക്കാറില്ല എന്നതാണ് സത്യം... ആരും ക്ഷണിക്കാതെ, വിളിക്കാതെ പൊട്ടന്‍ കൃത്യമായി ഈ അവസരങ്ങള്‍ മനസ്സിലാക്കി അവിടെ എത്തും... അങ്ങനെ നീളാത്തി പൊട്ടനേയും, അതു വഴി നീര്‍വിളാകം എന്ന ഗ്രാമത്തേയും അറിയാത്തവര്‍ ചുരുക്കം... ഒരു ദിവസം പൊട്ടന്‍ തന്റെ സ്വന്തം ഗ്രാമത്തിലും സമീപ ഗ്രാമങ്ങളിലും നടന്നു തീര്‍ക്കുന്ന ദൂരം ഒരു സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ഉണ്ടാവും എന്നത് സംശയമില്ല...

യാത്രക്കിടെ എന്തും വാങ്ങി കഴിക്കുന്ന പ്രകൃതം പൊട്ടനില്ല.... അവന് ഇഷ്ടമുള്ള ചില വീടുകള്‍ കാണും, അവിടെ നിന്നു മാത്രം ഭക്ഷണം.... എന്റെ അമ്മൂമ്മ പൊട്ടനെ കുറിച്ച് പറയുന്ന കഥ ഇങ്ങനെ... ഗ്രാമത്തിലെ പ്രശസ്ഥമായ ഒരു തറവാട്ടില്‍ ജനിച്ച രാമകൃഷ്ണന്റെ ജനനത്തോടെ അച്ഛന്‍ മരണമടഞ്ഞു... അച്ഛന്‍ നഷ്ടമായതോടെ വീട്ടുകാര്‍ അമ്മയേയും, കൈക്കുഞ്ഞായ രാമകൃഷ്ണനേയും നിര്‍ദ്ദാക്ഷ്ണ്യം വീട്ടില്‍ നിന്നു പുറത്താക്കി... അമ്മയുടെ സ്വത്തായി കിട്ടിയ ചെറിയ സ്ഥലത്ത് പരസഹായത്തില്‍ ഒരു കുടില്‍ കെട്ടി കൊച്ചു രാമകൃഷ്ണനും ഒരുമിച്ച് താമസം തുടങ്ങി.... രാമകൃഷ്ണനെ തൊട്ടിലില്‍ ഉറക്കി അന്യവീട്ടുകളില്‍ ജോലി ചെയ്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയ ആ അമ്മ വൈകാതെ മരണമടയുകയും, രാമകൃഷ്ണന്‍ എന്ന പൊട്ടന്‍ തെരുവിന്റെ സന്തതി ആയി മാറുകയും ചെയ്തു....

പല തലമുറയുടെ സന്തത സഹചാരിയായി മാറിയ പൊട്ടന് കുറഞ്ഞത് 120 വയസ്സെങ്കിലും ഉണ്ടാവുമെന്ന് മുതിര്‍ന്നവര്‍ കണക്കുകള്‍ നിരത്തി സാക്ഷ്യപ്പെടുത്തുന്നു.... ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു അപകടത്തില്‍ പെട്ട നീളാത്തി പൊട്ടന് വലത്തെ കാലില്‍ കാര്യമായി പരുക്കു പറ്റുകയും നാട്ടുകാര്‍ ഇടപെട്ട് പല ചികിത്സകള്‍ ചെയ്തിട്ടും ഫലവത്താകാത്ത അവസരത്തില്‍ പരിസരത്തുള്ള ഒരു വൃദ്ധസദനം പൊട്ടനെ ദത്തെടുക്കുകയും ചെയ്തു.... ഇന്ന് ഗ്രാമത്തിന്റെ പ്രിയപ്പെട്ട നീളാത്തി പൊട്ടന്റെ ഉറച്ച കാലടികളുടെ ശബ്ദം കേള്‍ക്കാനില്ല.... അമ്മേ എന്ന അവ്യക്തമായ വിളികള്‍ കേള്‍ക്കാനില്ല, സന്തോഷത്തിന്റെ “ഇന്നപ്പ ഹയ്യേ” മുഴങ്ങാറില്ല.... കുട്ടികള്‍ കലപില വച്ച് പൊട്ടന്റെ ഉരുളന്‍ കല്ലുകളെ ഭയന്ന് ഓടാറില്ല.... ഗ്രാമത്തിന്റെ വിശുദ്ദി അനുദിനം നഷ്ടപ്പെടുന്നതിനൊപ്പം പൊട്ടനും ഗ്രാമത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.... എന്നാല്‍ ഞങ്ങളുടെ പ്രിയപ്പെട്ട നീളാത്തി പൊട്ടന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്ന പരമാര്‍ത്ഥം ഓരോ ഗ്രാമവാസിക്കും സന്തോഷം പകരുന്ന ഒരു വസ്തുത തന്നെ..

14 comments:

  1. നിഷകളങ്ക മായ ഇത്തരം കഥാപാത്രങ്ങള്‍ ഇല്ലാതെ നാട്ടിന്‍ പുറത്തെ കുറിച്ച് പറയാന്‍ ആവില്യ .
    നല്ല അവതരണം

    ReplyDelete
  2. ഇങ്ങിനെ ഓരോ പ്രത്യേക വ്യക്തികൾ ഓരോ ഗ്രാമത്തിലുമുണ്ടായിരിക്കും. അവർ അങ്ങിനെ ജീവിച്ച് മരിക്കും..പലപ്പോഴും ആരും അവരെപറ്റി കൂടുതൽ ചിന്തിക്കാറില്ലെന്ന് മാത്രം..

    നിളാ‍ത്തിപൊട്ടൻ ഗ്രാമങ്ങളിലൂടെ അനേക കൊല്ലം ജീവിക്കട്ടെ.. ആശംസകൾ

    ReplyDelete
  3. എന്നുമെന്നും ഈ പൊട്ടനും അവനെ സംബന്ധിച്ചുള്ള കഥകളും നിലനിൽക്കട്ടെ;കാരണം ഗ്രാമം നിലനിൽക്കാൻ ഈ പൊട്ടന്മാർ വേണമല്ലോ!!! പൊട്ടന്റെ കഥ ഹൃദ്യമായി പറഞ്ഞതിനു നന്ദി....അഭിനന്ദനങ്ങൾ.

    ReplyDelete
  4. ആശംസകൾ
    അഭിനന്ദനങ്ങൾ.

    ReplyDelete
  5. നിളാത്തി പൊട്ടനും‌ നീർവിളാകം ഗ്രാമത്തിനും‌ ആശൻസകൾ‌

    ReplyDelete
  6. നിളാത്തി പൊട്ടനും‌ നീർവിളാകം ഗ്രാമത്തിനും‌ ആശൻസകൾ‌

    ReplyDelete
  7. നിളാത്തി പൊട്ടനും നീർവിളാകം ഗ്രാമത്തിനും ആശംസകൾ

    ReplyDelete
  8. ഹൃദ്യം..ഇത്തരം ഗ്രാമസ്മരണകൾ വായിക്കുമ്പോൾ എന്റെ ഗ്രാമത്തിലേയ്ക്ക് എന്നെ വലിച്ചടുപ്പിക്കുന്നു. നീളാത്തിപൊട്ടൻ നീണാൾ വാഴട്ടെ.., നീർവിളാകനും..!

    ReplyDelete
  9. enthellam janmanagalaanu ..
    thirichariyunna kazhivinu aashamsakal

    ReplyDelete
  10. ഇത്തരം കഥാപാത്രങ്ങൾ എല്ലാ നാട്ടിൻപുറത്തുമുണ്ടാവും. ഇതു വായിച്ചപ്പോൾ ശരിക്കും ഞങ്ങളുടെ നാട്ടിലുള്ള ഒരാളെ ഓർത്തുപോയി. ഹൃദ്യമായ വിവരണം...

    ReplyDelete
  11. ഇത്തരം കഥാപാത്രങ്ങളാണ് എന്നും എല്ലാ നാട്ടിന്‍പുറങ്ങളുടേയും ജീവന്‍

    ReplyDelete
  12. ഒരു ഗ്രാമത്തിന്റെ നന്മയാണ് ആ മനുഷ്യനില്‍ നിഷ്കളങ്കത കാണുവാന്‍ കഴിയുന്നത്‌ , നഗരത്തില്‍ ഇങ്ങനെ ഒരാള്‍ക് അസ്ഥിത്വം ഉണ്ടോ ?
    നാടിന്പുരങ്ങളിലെ ഈ നന്മകള്‍ പങ്കു വെച്ചതിനു നന്ദി

    ReplyDelete
  13. എന്തു മനോഹരമായി വിവരിച്ചിരിക്കുന്നു ഒരു കഥാപാത്രത്തെ.. നന്നായിട്ടുണ്ട്.

    ReplyDelete
  14. നിളാത്തിപൊട്ടനും നീര്‍വിളാകനും നീര്‍വിളാകം ഗ്രാമത്തിനും ആശംസകള്‍ !!

    ReplyDelete