. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, 13 May 2010

മാടനും മാദേവനും.

 “അയ്യോ..... ഈ അപരാധികളെന്നെ കൊല്ലുന്നെ..... ഓടി വായോ”

“നാട്ടുകാരെ ഇതുകാണാനാരുമില്ലിയോ.... ഓടിവായോ......”

സാധാരണഗതിയില്‍ നാട്ടുമ്പുറങ്ങളില്‍ സന്ധ്യാ സമയത്ത് ഇത്തരം ഓരിയിടലുകള്‍ പതിവാണ്.

അന്തിവാറ്റടിച്ച് കൂരയണയുന്ന നാല്‍ക്കാലികള്‍ വാമഭാഗത്തിന്‍റെ മുതുകില്‍ പെരുമ്പറ തിര്‍ക്കുന്നതിന്‍റെ ആഫ്റ്റര്‍ ഇഫക്ടായതിനാല്‍ ആരും ഇത്തരം നിലവിളികള്‍ ശ്രദ്ധിക്കാറില്ല.

ആരെങ്കിലും ഇടപെട്ട് ഉപദേശിച്ചാല്‍ ഉപദേശകന് കരയിലുള്ള പ്രമാണിത്തരം അനുസരിച്ചിരിക്കും വാദ്യോപകരണ പ്രകൃയാകാരിയുടെ പ്രതികരണം.

കരപ്രമാണിമാരില്‍ ആരെങ്കിലും ആണ് ഉപദേശകനെങ്കില്‍ തലയില്‍ റൌഡിത്തതിന്‍റെ സിമ്പലായി, തുമ്പു പിറകിലേക്ക് വലിച്ചിട്ടു കെട്ടിയ മീന്‍‌വലക്ക് തുല്യമായ തന്‍റെ മള്‍ട്ടി കളര്‍ തോര്‍ത്തെടുത്ത് അരയില്‍ കെട്ടി, കുലുക്കാന്‍ കഴിയാത്ത തല അല്‍പ്പം ബലം പ്രയോഗിച്ച് കുലുക്കി “ഉവ്വ് തമ്പ്രാ‍” എന്ന് മൂളി തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കും.

പക്ഷെ പിറ്റേന്ന് പൂര്‍വ്വാധികം ഭംഗിയായി ചെണ്ടകൊട്ടും പടയണിയും വേണമെങ്കില്‍ മേമ്പൊടിക്ക് ഒരു കൊടുങ്ങല്ലൂര്‍ ഭരണിയും കൂടി നടത്തിയെ അവന്‍ കലിയടക്കൂ.

ഇനി പറയുന്നവന്‍ അത്ര പ്രമാണിയല്ലെങ്കില്‍ “നീ പോടാ പുല്ലെ ഞാന്‍ നിന്‍റെ പെണ്ണുമ്പിള്ളയുടെ പുറത്തല്ലല്ലോ” ഇടിച്ചത്....ഞാന്‍ സ്ത്രീധനം വാങ്ങിച്ചു കെട്ടിയ മുതലാ...ഇതിനെ ഇടിക്കാന്‍ എനിക്കല്ലാതെ വേറെ ഒരു പട്ടിക്കും അവകാശമില്ലെടാ” എന്നും പറഞ്ഞ് തുടങ്ങുന്ന കേരള സ്പെഷ്യല്‍ ഡിഷിലേക്ക് ഡിക്ഷ്ണറിയില്‍ കാണാത്ത അതിമനോഹരമായ ഒന്നു രണ്ട് വാക്കുകളുടെ മസാലയും കൂട്ടി ചേര്‍ത്തിളക്കി പറയാന്‍ ചെല്ലുന്നവന്‍റെ മരിച്ചു പോയ അപ്പൂപ്പനും, അമ്മൂമ്മക്കും വരെ വിളമ്പിക്കളയും.

ഇനി മൂന്നാമത് ഒരു വിഭാഗം ഉപദേശികള്‍ ഉണ്ട് ... ഈ കൂട്ടര്‍ മാന്‍ പവറിലും മസില്‍ പവറിലും വിശ്വസിക്കുന്നവരാണ്.... കേറി ചെന്നു രണ്ട് പൊട്ടിക്കുന്നവര്‍.... എന്നിട്ട് ഒരു ഡയലോഗും കാച്ചും... “പെണ്ണുങ്ങളുടെ അടുത്താണോടാ തെണ്ടീ സാമര്‍ത്ഥ്യം കാണിക്കുന്നെ, നിനക്ക് ----(ഇവിടം നിങ്ങള്‍ക്കു വേണ്ട രീതിയില്‍ പൂരിപ്പിച്ചോളുക) ഉറപ്പുണ്ടെങ്കില്‍ വാടാ എന്നെ ഒന്നു അടിച്ചു നോക്കടാ”.

ഇത്തരക്കാരെ നേരിടുന്നത് ചെണ്ടകൊട്ടുകാരന്‍റെ ഇന്‍സ്ട്രമെന്റുകള്‍ ആണ്....

“നീ പോടാ എരപ്പെ, എന്‍റെ ചേട്ടന്‍ എന്നെ അടിക്കും, ഇടിക്കും പിന്നെ അങ്ങേര്‍ക്ക് തോന്നുന്നതൊക്കെ ചെയ്യും,നീയാരാടാ ഞങ്ങടെ കുടുഃബ കാര്യങ്ങളില്‍ ഇടപെടാന്‍... കാര്യമൊക്കെ ശരിയാ എന്‍റെ ചേട്ടന്‍റെ മേല്‍ ഇനി നിന്‍റെ കൈ വീണാല്‍ അടുപ്പില്‍ വിറകു കൊള്ളി ഇരുപ്പുണ്ട്...കത്തിക്കും ഞാന്‍” ഡയലോഗ് പ്രസന്‍റെഷനൊപ്പം മുടിയഴിച്ച് ഒരു തുമ്പി തുള്ളലും!....വന്നവന്‍ സ്ഥലം കലിയാക്കും.

ഇത്തരം നാടകങ്ങള്‍ നേരിടാന്‍ കരുത്തില്ലാത്തതിനാല്‍ അല്‍പ്പം മാന്യത ബാക്കിയുള്ളവര്‍ സധാരണയായി നിലവിളികള്‍ക്ക് ചെവികൊടുക്കാറില്ല.

പക്ഷെ ഇത് അത്തരം ഒരു നിലവിളി ആയിരുന്നില്ല.

ഒന്നാമത് ആണ്‍ ശബ്ദം.... പിന്നെ പട്ടാപ്പകലും!.

കൌതുകം അടക്കാനാകാതെ നിലവിളിയുടെ പ്രഭാവ കേന്ദ്രം നോക്കി നാട്ടുകാര്‍ക്കൊപ്പം ഞാനും ഓടി.

ഓട്ടം അവസാനിച്ചത് പേരുകേട്ട പൊന്നുംതോട്ടം തറവാടിന്‍റെ മുറ്റത്തും.

തറവാട്ടു മുറ്റം നാട്ടുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അതിന്‍റെ നടുവില്‍ തറവാട്ടമ്മ സാക്ഷാല്‍ വിശാലാക്ഷിയമ്മ നാട്ടുകാരെ സാക്ഷി നിര്‍ത്തി ദേവീ മാഹാത്മ്യം സീരിയലിലെ ദാരുകാസുര വധം ആടുന്നു. സപ്പോര്‍ട്ടിങ്ങ് റോളുമായി വിശാലാക്ഷിയമ്മയുടെ മൂത്ത സഹോദരി കമലാക്ഷിയമ്മയും.

വിശാലാക്ഷിയമ്മയുടെ കയ്യില്‍ നാട്ടില്‍ കിട്ടുന്ന ഏറ്റവും ഉറപ്പുള്ള കാശാവ് മരത്തിന്‍റെ തായ്‌തടിയില്‍ തന്നെ തീര്‍ത്ത മൂന്നടി നീളമുള്ള ഒരു പത്തലുണ്ട്. കമലാക്ഷിയമ്മയുടെ കയ്യില്‍ ഒരു ഓലമടലും.

മുടി അഴിച്ചിട്ട്, നെറുകയില്‍ ചൂടിയ സിന്ദൂരം മുഖത്തുകൂടി ഒലിപ്പിച്ച്, കയ്യില്‍ പത്തലുമായി നില്‍ക്കുന്ന വിശാലാക്ഷിയമ്മയെ കണ്ടാല്‍ ഏതോ സീരിയല്‍ ദേവി ഷൂട്ടിങ്ങും കഴിഞ്ഞ് തറവാട്ടു മുറ്റത്ത് നേരിട്ടവതരിച്ചതാണോ എന്നു തോന്നിപ്പോകും.

അടുത്ത് അര്‍ദ്ധബോധാവസ്ഥയില്‍ തറവാട്ട് പ്രമാണിയായ, മാദേവന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിശാലാക്ഷിയമ്മയുടെയും, കമലാക്ഷിയമ്മയുടേയും കോമണ്‍ ഭര്‍ത്താവായ മഹാദേവന്‍ എന്ന ആറടി അറുപത്തഞ്ച് ഇഞ്ചുകാരന്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടപ്പുണ്ട്.

മാദേവന്‍ ചേട്ടന്‍റെ പുറത്ത് വിശാലാക്ഷിയമ്മയുടെ കയ്യിലിരിക്കുന്ന പത്തലിന്‍റെയും, സെക്കന്‍റെ വാമഭാഗത്തിന്‍റെ കയ്യിലിരിക്കുന്ന ഓലമടലിന്‍റെയും കളര്‍ സിറോക്സ് കോപ്പികള്‍ കാണാം...ഒന്നല്ല എണ്ണിയാല്‍ ഒടുങ്ങാത്തത്ര!

രംഗത്ത് ഭക്തിപരവശനായി തൊഴുകൈയ്യുമായി നില്‍ക്കുന്ന മാധവിയമ്മൂമ്മയോട് ഞാന്‍ കാര്യം തിരക്കി....

“എന്താ അമ്മൂമ്മെ ഇവിടെ പഞ്ചഗുസ്തി മത്സരം വല്ലതും അരങ്ങേറിയോ?’

“അയ്യോ പതുക്കെ പറ ചെക്കാ.... ദൈവദോഷം പറയല്ലെ.... നമ്മുടെ വിശാലാക്ഷിക്കും, കമലാക്ഷിക്കും ദേവിയുടെ ബാധ കേറി.... ദേ കണ്ടില്ലെ മാദേവനെ അടിച്ചിട്ടിരിക്കുന്നത്.....”

തുള്ളിയുറയുന്ന വിശാല്‍ - കമലാക്ഷി മാരെ നോക്കി മാധവിയമ്മൂമ്മ “ അമ്മേ നാരായണാ, ദേവീ നാരായണ” മന്ത്രം ഉരുവിടുന്നത് കണ്ടപ്പോളാണ് സംഗതിയുടെ സീരിയല്‍നെസ്സ് എനിക്ക് പുടികിട്ടിയത്.

“ദേവിക്കു വെള്ളം വേണം... വെള്ളം.....” ഉച്ച വെയിലത്ത് സീരിയല്‍ നടത്തിയാല്‍ ദേവിക്കല്ല, അതിലും വലിയ ബാധക്കും ദാഹിക്കും എന്ന സിമ്പിള്‍ ലോജിക്ക് മനസിലാക്കിയ ഭക്തരില്‍ ഒരാള്‍ ഒരു കൂജ നിറയെ വെള്ളവുമായി രംഗപ്രവേശം ചെയ്തു.

കരയുന്ന കുഞ്ഞിനേ വെള്ളം കിട്ടൂ എന്ന ആപ്തവാക്ക്യം അറിയാവുന്ന സബ്സിഡറി ദേവിയായ ഓലമടല്‍ ദേവതയും ഉടന്‍ തന്നെ തന്‍റെ ആവശ്യം അറിയിച്ചു...

“ദേവിക്കും വെള്ളം വേണം”

ഒരു കൂജ വെള്ളം ഷെയര്‍ ചെയ്തു കുടിച്ച ദേവിമാര്‍ മാദേവന്‍ ചേട്ടന്‍റെ നടും പുറത്ത് അവശേഷിക്കുന്ന ചില ഭാഗങ്ങള്‍ നോക്കി അഞ്ചാറ് സിറോക്സ് കോപ്പി കൂടി തീര്‍ത്ത് ഉള്ള ബോധം കൂടി തല്ലി ക്കെടുത്തിയ ശേഷം തുള്ളല്‍ വീണ്ടും തുടര്‍ന്നു....

കൂട്ടത്തില്‍ “ഉം.ഉം..ഉം” എന്ന അത്രയൊന്നും ആയാസമില്ലാത്ത ശബ്ദവും.....

ദേവിയാണെങ്കിലും സ്വന്തം തടിയില്‍ ഒരു കണ്ണു വേണമല്ലോ..... ഇനി കൂടുതല്‍ തുള്ളിയാല്‍ നാളെ മാദേവന്‍ ചേട്ടനെ കൊണ്ട് കാലു തിരുമ്മിപ്പിക്കാന്‍ എക്സ്ട്രാ ഒരു തുള്ളല്‍ കൂടി വേണ്ടിവരും എന്ന തിരിച്ചറിവാവാം, വിശാലാക്ഷിയമ്മ കൂടി നിന്ന ആരോഗ്യമുള്ള സ്ത്രീ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറി സ്വന്തം ബോധവും ഉപേക്ഷിച്ചു കളഞ്ഞു....

ബോധം പോകുമ്പോള്‍ കല്ലും മണ്ണും നിറഞ്ഞ നിലത്തു വീണ് തന്‍റെ സെവന്റി എം എം ബോഡിയിലെ സന്തൂര്‍ ചര്‍മ്മത്തിന് ഒരു ഉടവും തട്ടാതിരിക്കാന്‍ അതി ബുദ്ധിമതിയായ ദേവിയുടെ ഒരു ചിന്ന മുന്‍‌കരുതല്‍!

കാശാവു ദേവി വീണു കഴിഞ്ഞപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ ഒറ്റക്കു പെര്‍ഫോം ചെയ്യാനുള്ള ചമ്മല്‍ ആയിരിക്കണം, ഓലമടല്‍ ദേവി ചില സിനിമകളില്‍ മാള കാണിക്കും പോലെ ജിങ്കു ജിക്ക കളിയോടെ അടുക്കള ഭാഗത്തേക്ക് തുള്ളിയുറഞ്ഞു പോയി അവിടെ നിവര്‍ത്തിയിട്ടിരിക്കുന്ന പഴയ കയറു കട്ടിലിലേക്ക് തന്നെ സേഫായി വീഴുകയും ചെയ്തു.

എല്ലാം ശാന്തം..... ഭക്ത ജനങ്ങള്‍ഉടെ “ അമ്മേ നാരായണ” വിളികള്‍ മാത്രം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.

രണ്ട് മിനിറ്റ് കഴിഞ്ഞ് ആരുടേയും ഒരു സമ്മര്‍ദ്ധവും ഇല്ലാതെ ബോധം തിരിച്ചെടുത്ത ദേവി വിശാലാക്ഷി മുന്‍‌കൂര്‍ തയ്യാറാക്കി വച്ച നാടകത്തിന്‍റെ അവസാന രംഗങ്ങളിലേക്ക് കടന്നു.....

ചുറ്റും കൂടി നിന്നവരുടെ മുഖത്തേക്ക് അന്ധാളിച്ച് നോക്കി കൊണ്ട് ഒറ്റ ചോദ്യം “ ഞാന്‍ എവിടെയാ? എന്താ ഇവിടെ നടന്നത്?”

കേട്ടു നിന്ന മാധവിയമ്മൂമ്മ ഭക്തിപരവശയായി പതിനാറു വയസ്സുകാരിയെ ഓര്‍മ്മിപ്പിക്കുമ്മ ശബ്ദ സൌകുമാര്യത്തില്‍ ഒരൊറ്റ വിളി... “ദേവീ എല്ലാം അവിടുത്തെ മഹാമായ”

ഈ തുള്ളല്‍ കഥയുടെ തുടര്‍ച്ചയായി മാദേവന്‍ ചേട്ടന്‍ പിന്നീട് രണ്ടു ദിവസം തൊട്ടടുത്ത മള്‍ട്ടിസ്റ്റാര്‍ ഹോസ്പിറ്റലിലെ ഐ സി യു വില്‍ സുഖവാസത്തിലായിരുന്നു.
********************************************************************************************************************************
ഒരു കൊല്ലം മുന്‍പ് നടന്ന ഈ കഥ ഞാനിവിടെ പറയുമ്പോള്‍ പോലും നിങ്ങള്‍ ഫ്ലാഷ് ബാക്ക് അന്വേഷിക്കും എന്ന് എനിക്കറിയാം..... എന്നാല്‍ ദേ പിടിച്ചോ ഫ്ലാഷ് ബാക്ക്.....

മാദേവന്‍ ചേട്ടന്‍ ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമമായ നെല്ലിക്കല്‍ ഗ്രാമത്തിന്‍റെ പ്രോഡക്ടാണ്..... പഠിക്കാന്‍ മിടുക്കനായതു കൊണ്ട് എട്ടാം ക്ലാസില്‍ നാലു വട്ടം ഒരേ ബഞ്ചില്‍ ഇരിക്കേണ്ടി വന്ന സാഹചര്യത്തില്‍ അച്ഛന്‍ പറഞ്ഞു പോലും “ഒന്നിനും കൊള്ളില്ലെങ്കില്‍ നിനക്കു പോയി പട്ടാളത്തിലെങ്കിലും ചേരരുതോ”“ എന്ന്

അന്നുവരെ അച്ഛനെ അനുസരിച്ചു ശീലമില്ലാത്ത മാദേവന്‍ ചേട്ടന്‍ പട്ടാളം എന്ന് കേട്ട മാത്രയില്‍ കവലയില്‍ നിന്ന് ഓട്ടോറിക്ഷാ പിടിച്ച് ഡറാഡൂണില്‍ ചെന്നിറങ്ങി.

തന്‍റെ നെഞ്ചിന്‍റെ വിശാലതയും, തോളിന്‍റെ കരുത്തും കാരണം ഡറാഡൂണില്‍ എത്തി രണ്ടാം ദിവസം മാദേദേവന്‍ ചേട്ടന്‍ ഇന്‍ഡ്യന്‍ പട്ടാളത്തില്‍ ഇന്‍!

ഒന്നാം അവധിക്കാലത്തു തന്നെ ഒറ്റ മകന് ഇടതു വശത്ത് നിര്‍ത്താന്‍ പറ്റിയ സ്ത്രീ രക്നങ്ങളേയും അന്വേഷിച്ച് അലഞ്ഞു നടന്ന മാദേവന്‍ ചേട്ടന്‍റെ അച്ഛന്‍റെ യത്ര അവസാനിച്ചത് പൊന്നും തോട്ടം തറവാട്ടിലെ സ്വീകരണ മുറിയിലായിരുന്നു.

പക്ഷെ പെണ്ണുകാണാന്‍ ചെന്ന മാദേവന്‍ ചേട്ടനെ ആകര്‍ഷിച്ചത് തറവാട്ടു മഹിമയോ, കിട്ടാന്‍ പോകുന്ന സ്ത്രീധനത്തിന്‍റെ കണക്കോ ആയിരുന്നില്ല.

അക്ഷരാര്‍ത്ഥത്തില്‍ പുരയും, അതിന്‍റെ വാതിലുകളും നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന വിശാലാക്ഷി മാഡത്തേക്കാള്‍ മാദേവന്‍ ചേട്ടന്‍റെ കണ്ണിലുടക്കിയത് കണക്ഷന്‍ എറര്‍ കാരണം സിം ബ്ലൊക്കായി പിന്നെ സര്‍വ്വീസ് തന്നെ കട്ട് ചെയ്ത് വീട്ടില്‍ ഒറ്റത്തടിയായി നില്‍ക്കുന്ന സ്ലിം ബ്യൂട്ടി കമലാക്ഷി മാഡത്തിലായിരുന്നു.

കല്യാണം ഭംഗിയായി പര്യവസാനിച്ചു.... മാസങ്ങള്‍ കടന്നു പോകവേ തന്‍റെ സ്വതസിദ്ധമായ കഴിവുകള്‍ കൊണ്ട് മാദേവന്‍ ചേട്ടന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആരെയൊക്കയോ കണ്ട് കമാലാക്ഷിയമ്മയുടെ അടുത്തു നിന്ന് മറ്റൊരു ലൈഫ് ലോങ്ങ് പോസ്റ്റ് പെയിഡ് സംഘടിപ്പിക്കുകയും ചെയ്തു.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നു പറഞ്ഞത് കുഞ്ഞുണ്ണി മാഷോ മറ്റോ ആണെന്ന് തോന്നുന്നു.... ആരു പറഞ്ഞാലും മാദേവന്‍ ചേട്ടന്‍റെ കണക്ഷന്‍ വിത്ത് കമലാക്ഷിയമ്മ വിശാലാഷിയമ്മ ഒരു ദിനം കയ്യോടെ പിടികൂടി.

എന്തിനേറെ പറയുന്നു.... കൂലംകഷമായ സമാധാന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മാദേവന്‍ ചേട്ടന്‍ വിശാലാഷി, കമലാക്ഷി സഹോദരിമാരുടെ ഒഫീഷ്യല്‍ ഫര്‍ത്താവായി അവരോധിക്കപ്പെട്ടു... അവധി ദിനത്തില്‍ പകുതി ദിവസം വിശാലാക്ഷിയമ്മക്കും, ബാക്കി പകുതി കമലാക്ഷിയമ്മക്കുമായി പകുത്തു നല്‍കപ്പെട്ടു.

ഇമ്മിണി വലിയ ആ ദാമ്പത്യവല്ലരിയില്‍ വിശാല്‍- കമലാക്ഷിയമ്മമാര്‍ പെറ്റു കൂട്ടിയത് എന്തിനും പോകുന്ന തടിമിടുക്കന്മാരായ പന്ത്രണ്ട് ആണ്‍കുട്ടികളെ.... അതില്‍ പോലും രണ്ടു പേരേയും മാദേവന്‍ ചേട്ടന്‍ നിരാശപ്പെടുത്തിയില്ല എന്നു ചുരുക്കം... ആറ് : ആറ് എന്ന റേഷ്യോയില്‍ രണ്ടു ഭാര്യമാരേയും കൊണ്ട് മത്സരിപ്പിച്ചു മാദേവന്‍ ചേട്ടന്‍!

പട്ടാളത്തില്‍ നിന്നു സലാം പറഞ്ഞ് ദ്വിഭാര്യമാരുടെ ഏകഭര്‍ത്താവായി പൊന്നുംതോട്ടം തറവാട്ടിലേക്ക് കാലെടുത്തു കുത്തിയപ്പോള്‍ തുടങ്ങിയതാണ് ദേവിയുടെ കോപം.... കന്നിമൂലക്ക് സ്ഥിതി ചെയ്യുന്ന തറവാട്ടു ദേവിമാര്‍ക്ക് മാദേവന്‍ ചേട്ടന്‍റെ പട്ടാള ചിട്ടകള്‍ സഹിക്കുന്നില്ല പോലും... നേരത്തെ ആയിരുന്നെങ്കില്‍ ഇടക്കിടെ അവധിക്കു മാത്രം വന്നിരുന്ന മാദേവന്‍ ചേട്ടന്‍റെ പട്ടാള ചിട്ടകള്‍ ദേവിമാരെ അത്ര കാര്യമായി ബാധിച്ചിരുന്നില്ല.

മുന്‍പ് സൂര്യന്‍റെ ചൂട് എവിടെയൊക്കയോ അടിക്കും വരെ കിടന്നുറങ്ങിയിരുന്ന, തോന്നുമ്പോള്‍ ഭക്ഷണം കഴിച്ചിരുന്ന, തറവാട്ട് ദേവിമാര്‍ക്ക്, രാവിലെ ഉണരണം, കൃത്യസമയത്ത് ഭക്ഷണം വിളമ്പണം, ഉറങ്ങുന്നത് കൃത്യ സമയത്തായിരിക്കണം എന്നിങ്ങനെ കര്‍ക്കശ നിയമങ്ങള്‍ വരുകയും അതു പാലിക്കാതെ വരുമ്പോള്‍ കിട്ടുന്ന മോശമല്ലാത്ത താഡനങ്ങളും കൂടി ആയപ്പോള്‍ എങ്ങനെയാണ് മാദേവന്‍ ചേട്ടന്റെ നേരെ കോപം വരാതിരിക്കുക?

ദേവിമാര്‍ പരസ്പരം ആലോചിച്ച് തീരുമാനമെടുത്തു.... എല്ലാ ആഴ്ച്ചയിലും ഒരു ദേവീമാഹാത്മ്യം സീരിയല്‍!!!
*******************************************************************************************************************
ആ മെഗാസീരിയലിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത എപ്പിസോഡുകളിലെ ഇതുവരെ നമ്പര്‍ ഇട്ടിട്ടില്ലാത്ത ഒരു എപ്പിസോഡാണ് നമ്മള്‍ ആദ്യം കണ്ടത്! അതൊരു തുടര്‍ച്ചയായി....ആദ്യമൊക്കെ ദേവീമാഹാത്മ്യം വളരെ കൌതുകത്തോടെ കണ്ടു നിന്ന നാട്ടുകാര്‍ പിന്നെ കഥയില്‍ ഒരു പുതുമയില്ല എന്ന തിരിച്ചറിവില്‍ ശ്രദ്ധിക്കാതായി!

ഇന്നു സീരിയലിന്‍റെ ആയിരത്തില്‍ പരം എപ്പിസോഡില്‍ ഒന്നും ഇല്ലാത്ത ഒരു പുതുമ ഇന്ന് വന്നിരിക്കുന്നതിനാലാണ് എന്നോടൊപ്പം ഈ കാണുന്ന നാട്ടുകാര്‍ എല്ലാം പൊന്നുംതോട്ടം തറവാട്ടില്‍ വീണ്ടും ഒത്തുകൂടിയിരിക്കുന്നത്....

മാദേവന്‍ ചേട്ടനില്‍ മാടന്‍റെ ബാധ കയറിയിരിക്കുന്നു.....കമലാക്ഷിയമ്മ കന്നിമൂലയില്‍ തളര്‍ന്നു കിടക്കുന്നു... വിശാലാക്ഷിയമ്മ തന്‍റെ എടുത്താല്‍ പൊങ്ങാത്ത ബോഡിയും വഹിച്ചു കൊണ്ട് തറവാടിനു ചുറ്റും ഓട്ടത്തിലാണ്.... പിറകെ മാദേവന്‍ ചേട്ടനും... പത്തലുകളുടെ പിന്‍ബലം ഇല്ലാതെ സ്വന്തം കൈകള്‍കൊണ്ടാണ് മാടന്‍റെ അലക്ക്!!!

എപ്പിസോഡ് തുടരട്ടെ അല്ലെ?.... നമ്മുക്ക് നല്ല കാഴ്ച്ചക്കാരായി ഈ തറവാട്ട് മുറ്റത്ത് തന്നെ നില്‍ക്കാം!!!

14 comments:

  1. ഒരു നര്‍മ്മ കഥാ ശ്രമം

    ReplyDelete
  2. പട്ടാളത്തില്‍ നിന്നു സലാം പറഞ്ഞ് ദ്വിഭാര്യമാരുടെ ഏകഭര്‍ത്താവായി പൊന്നുംതോട്ടം തറവാട്ടിലേക്ക് കാലെടുത്തു കുത്തിയപ്പോള്‍ തുടങ്ങിയതാണ് ദേവിയുടെ കോപം....

    മാടനും മറ്റുമായി നര്‍മ്മം നന്നായി.

    ReplyDelete
  3. നല്ല കാഴ്ച്ചക്കാരായി ഈ തറവാട്ട് മുറ്റത്ത് തന്നെ നില്‍ക്കാം

    ReplyDelete
  4. മാടന്റെ അലക്കും
    ദേവിമാരുടെ കോപവും കൊള്ളാം ..........
    .നല്ല കാഴ്ച്ചക്കാരായി ഈ തറവാട്ട് മുറ്റത്ത് തന്നെ നില്‍ക്കാം. എന്നും ചിരിക്കാനുള്ള വക ഉണ്ടാകുമല്ലോ

    ReplyDelete
  5. കുമ്മന്‍ ഇടിയാരിക്കും അല്ലെ മാടന്‍ ഇടിച്ചു കൂട്ടുന്നത്‌ ?

    കാഴ്ചക്കാരനായി ഇവിടെ തന്നെ ഉണ്ടാവും

    ReplyDelete
  6. ഹ..ഹ.. കൊള്ളാം.. നല്ല നർമ്മഭാവന..

    ReplyDelete
  7. എക്സ് പട്ടാളക്കാരനായ മാടന്റെ കൈകള്‍ക്ക് ഒരു മയമുണ്ടാവില്ല. അതുകൊണ്ടിനി ദേവീമാഹാത്മ്യം എപ്പിസോഡ് ഉണ്ടാവാന്‍ വഴിയില്ല.

    ReplyDelete
  8. നര്‍മ്മ ഭാവന കൊള്ളാം

    ReplyDelete
  9. അതെ നല്ല കാഴ്ച്ചക്കാരായി ഈ തറവാട്ട് മുറ്റത്ത് തന്നെ നില്‍ക്കാം

    ReplyDelete
  10. അപ്പൊ ഇനി ദേവീമാഹാത്മ്യം പിൻവലിച്ച് പൊന്നുംതോട്ടത്ത് മാടനാർ ആയിരിക്കും പ്രൈം ടൈമിൽ അല്ലേ നല്ല കാഴ്ച്ച

    ReplyDelete
  11. വേഗം ഓടിയേയ്ക്കാം.. ഇല്ലേൽ ആ മാടനോ മറുതയോ ഒക്കെ നമ്മടെ ദേഹത്ത് കേറി ആവേശിച്ചൂ‍ന്നു വരും

    ReplyDelete
  12. നര്‍മം കുറച്ചു കുറഞ്ഞുപോയോ ...?ഞാന്‍ പ്രതീക്ഷിച്ചത്ര ചിരി വന്നില്ല ട്ടോ .

    ReplyDelete
  13. നര്‍മ്മം കുറച്ചു കുറഞ്ഞു പോയോ ...?ഞാന്‍ പ്രതീക്ഷിച്ചത്രക്ക് ചിരി വന്നില്ല ട്ടോ

    ReplyDelete