. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday, 4 October 2014

കാണാപ്പുറങ്ങളിലെ വദനസുരതം.

വദന സുരതം അഥവാ ഓറൽ സെക്‌സിനെ കുറിച്ചും അതിന്റെ അനിയന്ത്രിതമായ അനുഭൂതിയെ കുറിച്ചും ധാരാളം കുറിപ്പുകൾ സോഷ്യൽ മീഡിയായിൽ കാണാൻ കഴിഞ്ഞു. എനിക്കും ഒറൽ സെക്സിനോട് വിയോജിപ്പില്ല എന്ന് പ്രത്യേകം എടുത്തു പറയട്ടെ. ഇവിടെ ഞാൻ പ്രധാനമായും പറയാനുദ്ദേശിക്കുന്നത് അതിന്റെ അനുഭൂതിയെ കുറിച്ചല്ല, മറിച്ച്  അതിന്റെ കാണാപ്പുറത്തുള്ള ചില റിസ്ക് ഫാക്ടറുകളെ കുറിച്ചാണ്. നെഗറ്റീവ് ചിന്തകൾ എന്ന് ആക്ഷേപം ഉണ്ടാകാം പക്ഷേ എന്റെ നേരിട്ടുള്ള ഒരു അനുഭവമാണ് ഈ കുറിപ്പിന് പിന്നിൽ.

രണ്ടായിരത്തി ഒൻപത് ജൂലൈ മാസത്തിൽ നാട്ടിൽ നിന്ന് വെക്കേഷൻ കഴിഞ്ഞ് തിരികെ വന്ന എന്റെ ഒരു പ്രിയ സുഹൃത്ത് എന്നെ കാണാൻ വരികയുണ്ടായി. സംസാരമദ്ധ്യേ അദ്ദേഹം തന്റെ നാക്കിലെ ഉണങ്ങാത്ത മുറിവിനെ കുറിച്ചും, തൊണ്ടയിൽ അതിനെ തുടർന്നുള്ള വേദനയെ കുറിച്ച് പറയുകയും, തന്റെ വായ തുറന്നു കാട്ടി മുറിവ് കാട്ടിത്തരുകയും ചെയ്തു. അതിന് മുമ്പ് എന്റെ നാട്ടിൽ മുന്നോ നാലോ വായയിലെ ക്യാൻസറിനെ കുറിച്ച് കേട്ടറിവുള്ളതുകൊണ്ടും, അതിൽ ഒരാൾ എന്റെ മറ്റൊരു സുഹൃത്തിന്റെ അമ്മയായതു കൊണ്ടും, ക്യാൻസർ എന്ന മഹാവിപത്ത് ഇന്ന് കോമണായിക്കൊണ്ടിരിക്കുന്നതു കൊണ്ടും ഞാനത് കണ്ട മാത്രയിൽ തന്നെ ഡോക്ടറെ കണ്ട് ചികിൽസിച്ച് മാറ്റണം എന്ന് ഉപദേശിച്ചു എന്ന് മാത്രമല്ല, പിറ്റേന്ന് ഞാൻ തന്നെ മുൻകൈയ്യെടുത്ത് ഒരു ENT ഡോക്ടറുടെ അടുത്ത് പോകുകയും ചെയ്തു.

നാവ് പുറത്തു കാട്ടിയപ്പോൾ തന്നെ ഡോക്ടറുടെ  മുഖഭാവം മാറുന്നത് കണ്ട എനിക്ക് ശരിക്കും ഭയം തോന്നി. അദ്ദേഹം സുഹൃത്തിനോട് ചോദിച്ചു, എന്തെങ്കിലും ദുശ്ശീലങ്ങൾ ഉണ്ടോ എന്ന്. എന്റെ സുഹൃത്ത് മദ്യപിക്കില്ല, പുകവലിക്കില്ല മറ്റു ദുശ്ശീലങ്ങൾ ഒന്നുമില്ല എന്ന് എനിക്കറിയാം, ഡോക്ടറോട് അദ്ദേഹം അത് പറയുകയും ചെയ്തു. പിന്നെ ഡോക്ടർ ബ്ലഡ് ടെസ്റ്റിന് എഴുതി, ഉമിനീര് ശേഖരിച്ചു, ലിംഗാഗ്ര ചർമ്മം നീക്കി അതിൽ ചെറിയ ഗ്ലാസ് പീസ് പ്രസ് ചെയ്ത് അവിടെ നിന്നുള്ള നനവും ശേഖരിച്ചു. പിറ്റേന്ന് വീണ്ടും ഞങ്ങൾ ഡോക്ടറെ കണ്ടു. ഡോക്ടർ പറഞ്ഞത് പുതിയ ഒരു അറിവായിരുന്നു. എന്റെ സുഹൃത്തിന് HPV (ഹ്യൂമൻ പെപ്പലോ വൈറസ്) ബാധ ഉണ്ടന്നായിരുന്നു അദ്ദേഹം ടെസ്റ്റിലൂടെ കണ്ടെത്തിയത്. 

തുടർന്ന് ഡോക്ടർ സുഹൃത്തിന്റെ ലൈംഗിക ബന്ധങ്ങളെ കുറിച്ച് ചോദിക്കുകയുണ്ടായി. ആദ്യം മടിച്ചു എങ്കിലും HPV മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് വിശദമായി ഡോക്ടർ പറഞ്ഞതിനു ശേഷം നിങ്ങൾ മനസ്സു തുറന്നാൽ ഒരു പക്ഷേ എന്തെങ്കിലും പ്രധിവിധി ഉണ്ടായേക്കും എന്ന്  പറഞ്ഞപ്പോഴാണ് വളരെ അടുത്ത സുഹൃത്തായ എനിക്ക് പോലും അറിയാത്തത്ര ലൈംഗിക അരാജകത്വം പേറുന്ന ഒരാളാണ് എന്റെ സുഹൃത്ത് എന്ന് എനിക്ക് പോലും മനസ്സിലായത്. 

അദ്ദേഹം തന്റെ അതുവരെയുള്ള ലൈഫിൽ സ്വന്തം ഭാര്യയെ കൂടാതെ ഏതാണ്ട് 40 ൽ പരം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മിക്കപ്പോഴും ആഴ്ചയിൽ ആറും ഏഴും പേരുമായി വേഴ്ചയിൽ ഏർപ്പെടാറുണ്ട്. ഓൺലൈനിന്റെ അനന്ത സാധ്യതകളിലൂടെ കിട്ടിയ പല കാമുകിമാരുമായും ബന്ധപ്പെടാൻ ബിസിനസ്സ് ടൂറിന്റെ പേരു പറഞ്ഞ് യാത്രകൾ പോകാറുണ്ട്. ഇതിൽ ഏറിയ പങ്കുമായും ലൈംഗിക ബന്ധത്തിന് പുറമെ ഓറൽ സെക്സും ചെയ്യാറുണ്ട്. 

തുടർന്ന് സുഹൃത്തിനുണ്ടായ പ്രശ്നങ്ങളിലേക്ക് കടക്കും മുമ്പ് എന്താണ് HPV എന്ന് ഡോക്ടറുടെ അന്നത്തെ വിശദീകരണം ഓർത്തും ഗൂഗിളിൽ നിന്ന് കടമെടുത്തതും ചേർത്ത് വിവരിക്കാൻ ശ്രമിക്കാം. ഹ്യൂമൻ പെപ്പലാേ വൈറസ് ഇന്ന് HIV പോലെ തന്നെ വ്യാപകമായി വരുന്ന ഒരു വൈറസാണ്. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന വായ, തൊണ്ട, ലിംഗം, യോനി, ഗർഭാശയ ക്യാൻസറുകളുടെ ഏറ്റവും പ്രധാന കാരണക്കാരൻ HPV ആണന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ശരീരത്ത് കടന്നാൽ പ്രകടമായ ഒരു രോഗലക്ഷണങ്ങളും കാണിക്കാതെ ഏതാണ്ട് 20 വർഷം വരെ വാഹകരായി കൊണ്ടു നടന്ന ശേഷം ഇവ മേൽപ്പറഞ്ഞ ഇടങ്ങളിൽ ക്യാൻസറായി രൂപാന്തരം പ്രാപിക്കുന്നു. പുരുഷന്മാരിലെ വായ തൊണ്ട ക്യാൻസറുകൾക്ക് പുകയില ഉപയോഗം പോലെ തന്നെ പ്രധാന ഒരു വില്ലനായി HPV മാറിയിട്ടുണ്ട്. അതേ പോലെ സ്ത്രീകളിലെ യോനി, ഗർഭാശയ ക്യാൻസറുകൾക്കും പ്രധാന വില്ലൻ റോളിലേക്ക് HPV കടന്നു വന്നിട്ടുണ്ട്.

HPV ക്ക് ഏതാണ്ട് 200ൽ പരം വാകഭേദങ്ങൾ ഉണ്ട്. ഇവയിൽ ഏറിയ പങ്കും വലിയ പ്രശ്നകാരികൾ അല്ല. ചർമ്മത്തിൽ അരിമ്പാറ, പാണ്ട്, ചർമ്മം അഴുക്കുന്ന അവസ്ഥ എന്നിവ ഇവയിൽ പലതും ഉണ്ടാക്കുന്നു. വാസ്തവത്തിൽ HPV എന്നത് ഇന്ന് അമേരിക്കയിലെ ഏറ്റവും സാധാരണമായ ലൈംഗിക രോഗമാണ്.  വളരെ നാൾ ശരീരത്തിലെ വാസത്തിന് ശേഷം HPV സജീവമാകുമ്പോൾ, ഇത് യോനി, സെർവിക്സ്, മലദ്വാരം, വായ, നാവ്, തൊണ്ട എന്നിവയുടെ പാളി മൂടുന്ന ചർമ്മത്തിൽ കടന്നുകയറുന്നു.  HPV അണുബാധ ഈ ടിഷ്യൂകളിലും പരിസരങ്ങളിലും ഉണങ്ങാത്ത മുറിവുകൾക്ക് കാരണമാകും.

HPV ബാധിച്ച മിക്ക ആളുകൾക്കും ഒരിക്കലും രോഗലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ല. ഇനി അഥവാ ചിലരുടെ  ശരീരത്ത് ഉണ്ടാകുന്ന ആദ്യകാല മിക്ക രോഗലക്ഷണങ്ങളും രണ്ടുവർഷത്തിനുള്ളിൽ സ്വയം ഇല്ലാതാകുകയും ചെയ്യും. രോഗലക്ഷണങ്ങൾ ഇല്ലങ്കിലോ, പ്രാധമിക രോഗ ലക്ഷണങ്ങൾ അപ്രത്യക്ഷമായെന്നോ കരുതി അണുബാധ ഇല്ലാതായി എന്ന് കരുതരുത്.  അണുബാധ ശരീരത്ത് നിലനിൽക്കുകയും ദീർഘകാലങ്ങൾക്ക് ശേഷം വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.  സ്ത്രീകളിൽ സെർവിക്കൽ ക്യാൻസർ, പുരുഷന്മാരിലെ ലിംഗ കാൻസർ, മലദ്വാരം, ഓറോഫറിൻജിയൽ ക്യാൻസർ (തൊണ്ടയുടെ പിൻഭാഗത്തുള്ള ക്യാൻസർ, നാവിന്റെ അടിഭാഗവും ടോൺസിലുകളും ഉൾപ്പെടെ) എന്നിവ ഉൾപ്പെടുന്നു.

മുൻകാലങ്ങളിൽ, ഓറോഫറിംഗൽ ക്യാൻസറുകൾ കൂടുതലും പുകവലി അല്ലെങ്കിൽ മദ്യപാനവുമായി ബന്ധപ്പെട്ടിരുന്നു.  ഇന്ന്, പുകവലി, മദ്യം എന്നിവയുമായി ബന്ധപ്പെട്ട ഓറോഫറിംഗൽ ക്യാൻസറുകൾ കുറഞ്ഞുവരികയാണ്, അതേസമയം HPV മൂലമുണ്ടാകുന്ന രോഗങ്ങൾ ഗണ്യമായി വർദ്ധിക്കുന്നു.  സെർവിക്കൽ ക്യാൻസറിനോടൊപ്പം HPV മൂലമുണ്ടാകുന്ന വായ, തൊണ്ടയിലെ അർബുദം ഇന്ന് അതിസാധാരണമായി വരികയാണ്.

ഓറൽ സെക്‌സും ആഴത്തിലുള്ള ചുംബനവും ഉൾപ്പെടെയുള്ള ലൈംഗിക സമ്പർക്കം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് HPV പകരുന്നതിനുള്ള ഒരു രീതിയാണ്.  ഓറൽ സെക്സ് വഴി HPV ബാധിക്കാനുള്ള സാധ്യത ഒരു വ്യക്തിക്ക് ഉണ്ടായിരുന്ന ലൈംഗിക പങ്കാളികളുടെ എണ്ണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഓറൽ സെക്സ് പങ്കാളികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് HPV പകരാനുള്ള സാധ്യത കൂടുന്നു മാത്രമല്ല,  ഓറൽ സെക്സിൽ എന്റെ സുഹൃത്തിനുണ്ടായത് പോലെ നിരവധി പാർട്ട്ണറുമാർ ഉണ്ടങ്കിൽ അവരിൽ രണ്ടാേ മൂന്നോ പേർക്ക് HPV ഉണ്ടങ്കിൽ, അത് വിവിധ ജനുസ്സിൽ ഉള്ള HPV കൾ ആണങ്കിൽ റിസ്ക് ഫാക്ടർ വിചാരിക്കുന്നതിലും മേലെ ആയിരിക്കും എന്നർത്ഥം.

HPVക്ക് ഇന്ന് ഫലപ്രദമായ വാക്സിനുകൾ ഉണ്ട്. കുട്ടികൾ മുതൽ 22 വയസ്സിൽ താഴെയുള്ള കൗമാരക്കാർക്ക് വരെ ആണിനും പെണ്ണിനും വാക്സിനേഷൻ ഉണ്ട്. ലഭ്യമായ വാക്സിനുകൾ ലൈംഗികമായി പകരുന്ന HPV യിൽ നിന്ന് മികച്ച പരിരക്ഷ നൽകുന്നു. പ്രതിരോധ കുത്തിവയ്പ്പ് 22 വയസ്സിന് മേൽ പ്രായമായവരെയോ ഇതിനകം HPV ബാധിച്ച ആളുകൾക്കോ ഗുണം ചെയ്യുകയില്ല.  കോണ്ടം ഉപയോഗിക്കുന്നത് പെനൈൽ-യോനി, പെനൈൽ-അനൽ, അല്ലെങ്കിൽ പെനൈൽ-ഓറൽ സെക്സ് സമയത്ത് വൈറസ് പടരുന്നത് തടയാൻ കഴിയും.  സ്ത്രീകളിൽ പുരുഷന്മാർ ചെയ്യുന്ന ഓറൽ സെക്സിൽ നിന്ന്  വൈറസ് പടരാതിരിക്കാൻ ഇന്ന് നമ്മുടെ നാട്ടിൽ മാർഗ്ഗങ്ങളില്ല. അതു കൊണ്ടു തന്നെ മറ്റെല്ലാ HPV ക്യാൻസറുകളെക്കാൾ കൂടുതൽ പുരുഷന്മാരിലെ തൊണ്ട, വായ ക്യാൻസറുകൾക്ക് സാധ്യത കൂടുതലാണ്.

നിങ്ങൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ, HPV സംബന്ധമായ ഓറൽ ക്യാൻസർ എത്രയും വേഗം നിർണ്ണയിക്കുന്നത് രോഗശമനത്തിനുള്ള സാധ്യതയെ വളരെയധികം മെച്ചപ്പെടുത്തുന്നു.  രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ ഈ ലക്ഷണങ്ങളിൽ ഒന്നോ അതിലധികമോ ഉണ്ടെങ്കിൽ ഡോക്ടറെ കാണുക. അതു കൊണ്ടു തന്നെ നിരവധി പങ്കാളികളുമായി ഓറൽ സെക്സും, കോണ്ടം പോലുള്ള പ്രൊട്ടക്ഷൻ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരും കുറഞ്ഞത് ഒരു വർഷത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ശരീരത്തിൽ HPV ബാധ ഇല്ലന്ന് ഉറപ്പു വരുത്താനായുള്ള ടെസ്റ്റുകൾ ചെയ്യണം എന്ന് ഡോക്ടറന്മാർ നിർദ്ദേശിക്കുന്നു.

നിങ്ങളുടെ വായിലോ നാവിലോ സുഖപ്പെടാത്ത ഒരു വ്രണം, ഭക്ഷണം വിഴുങ്ങുമ്പോഴോ, ഉമിനീരിറക്കുമ്പോഴോ തൊണ്ടക്ക് സ്ഥിരമായി നിലനിൽക്കുന്ന വേദന, കഴുത്തിൽ പുറമെ നിന്ന് തൊട്ടു നോക്കിയാൽ പല സ്ഥലങ്ങളായി കാണുന്ന ലിംഫ് ലോയിഡുകൾ (കഴലകൾ അഥമാ ചെറിയ മുഴകൾ) ഇവ രോഗലക്ഷണങ്ങൾ ആണ്. ഇവയിൽ ഏതെങ്കിലും അലട്ടുന്നു എങ്കിൽ ഡോക്ടറെ കാണാൻ വൈകരുത്.

ഇനി എന്റെ സുഹൃത്തിലേക്ക് തിരിച്ച് വരാം. ഞാനും ഡോക്ടറും ഭയപ്പെട്ടതു പോലെ അവന് ക്യാൻസർ തന്നെ ആയിരുന്നു. സെക്കന്റ് സ്റ്റേജിലേക്ക് കടക്കുന്നതേ ഉണ്ടായിരുന്നു എന്നുള്ളതിനാൽ ചികിൽസയിലൂടെ ജീവൻ നിലനിർത്താൻ സാധിച്ചു. ചികിൽസയുടെ ഭാഗമായി നാവ് നഷ്ടപ്പെട്ടു. മാർക്കറ്റിംഗ് ഹെഡായിരുന്ന അവൻ അവന്റെ സംസാരത്തിലൂടെ ആയിരുന്നു ക്ലയന്റിനെ ആകർഷിച്ചിരുന്നത്. ധാരാളം സംസാരിച്ചിരുന്ന അവൻ ഇന്ന് ഞാൻ കാണാൻ ചെല്ലുമ്പോൾ കണ്ണീർ പൊഴിച്ച്  നിസ്സഹായതയോടെ മുഖത്ത് നോക്കിയിരിക്കുന്നു. ഒരുപാടു സ്ത്രീ സുഹൃത്തുക്കളെ തന്റെ നാവുകൊണ്ട് ലൈംഗികതയുടെ പരമോന്നതിയിൽ എത്തിച്ച അവന് അതേ നാവ് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന് സുഹൃത്തുക്കൾ ഇല്ല, ചികിൽസാ സംബന്ധമായി സമ്പാദ്യങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.  എല്ലാ പ്രതാപങ്ങളും നഷ്ടപ്പെട്ട്, ഭാര്യയും രണ്ടു കുട്ടികളുടേയും സംരക്ഷണയിൽ ഒതുങ്ങി ജീവിക്കുന്നു.

വീണ്ടും പറയട്ടെ, ഇത് ആരിലും ഭയമോ നെഗറ്റീവ് ചിന്താഗതികൾ പകരാനോ ഉദ്ദേശിച്ചുള്ള ഒരു കുറിപ്പല്ല. ഓറൽ സെക്സിന്റെ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതുമാണ്. ലൈംഗികതയിൽ ഒരാൾക്കും ഒഴിച്ചു നിർത്താൻ കഴിയാത്ത ഒന്നായി അതിനെ വിശേഷിപ്പിക്കാം. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടങ്കിൽ തീർച്ചയായും സുരക്ഷിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുക, ഒപ്പം പങ്കാളി സ്വീകരിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. ഒന്നിലധികം പങ്കാളികൾ ഉള്ളവർ എല്ലാ വർഷവും തീർച്ചയായും HPV ബാധ ഇല്ല എന്ന് ഉറപ്പിക്കുന്ന ലാബ് ടെസ്റ്റുകൾ ചെയ്യാൻ മറക്കാതിരിക്കുക.

ജീവിതം ഒന്നേയുള്ളു. തീർച്ചയായും അത് ഓരോരുത്തരുടേയും ഇച്ഛക്ക് അനുസരിച്ച് ആഘോഷിക്കപ്പെടേണ്ടതാണ്. അതേ പോലെ ജീവിതം ഒന്നേയുള്ളു, ആരോഗ്യത്തോടെ ജീവിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.

2 comments:

  1. നമിച്ചു.കേട്ടുകേൾവിപോലുമില്ലാത്ത(എന്റെ വിവരക്കേടാവാം)ഒരു അപകടമേഖലയെ പരിചയപ്പെടുത്തി.വയിക്കുകയായിരുന്നേൽ ഒരു പാട് പേർക്ക് ഉപകാര പെട്ടേനെ.

    ReplyDelete
  2. എന്നെകൊണ്ടാവും വിധം ഞാൻ ഷെയർ ചെയ്യുന്നുണ്ട്.

    ReplyDelete