. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 9 October 2019

നന്മ എന്ന ദൈവം

ദൈവീകത എന്ന് നാം ചിലപ്പോഴൊക്കെ പറയാറില്ലേ.... കടുത്ത നിരീശ്വരവാദികള്‍ പോലും മനസ്സില്‍ എങ്കിലും ദൈവമേ എന്ന് വിളിച്ച് പോകുന്ന അവസരങ്ങള്‍ ഉണ്ടാകാറുണ്ട്....

നാം ചിലപ്പോഴൊക്കെയും അറിഞ്ഞോ അറിയാതയോ അന്യരെ സഹായിക്കാറുണ്ട്... ചിലപ്പോള്‍ നമ്മുക്ക് അതൊരു വലിയ സഹായം ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടാവില്ല പക്ഷെ സ്വീകരിക്കുന്നവന് അത് ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒന്നാവാം.... ചിലപ്പോള്‍ നമ്മള്‍ എന്തോ വലുത് ചെയ്യുന്നു എന്ന ധാരണയില്‍ ചെയ്യുന്നവ സ്വീകരിക്കുന്നവന്‍റെ മനോഭാവത്തിന്‍റെ ഫലമായി നിസ്സാരവല്‍ക്കരിക്കപ്പെട്ടെക്കാം... ചില അവസരങ്ങളില്‍ ദൈവം നേരിട്ട് നമ്മുക്ക് മുന്നില്‍ അവതരിച്ചതോ എന്ന് തോന്നല്‍ ഉളവാക്കുന്ന നിമിഷങ്ങളും നമ്മുക്ക് അനുഭവപ്പെട്ടേക്കാം.... അത്തരം ഒരു അനുഭവം പറയാം... 

ഒരിക്കല്‍ ജോലിയുടെ ആവിശ്യാര്‍ത്ഥം ഒരു യാത്ര ചെയ്യേണ്ടി വന്നു... സൌദിയിലെ പുതിയ റെയില്‍ പ്രോജക്ടിന്‍റെ ഭാഗമായി സൈറ്റ് സന്ദര്‍ശിക്കാന്‍ യാത്ര ചെയ്യേണ്ടി വന്നത് മരുഭൂമിക്ക് നടുവില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഒരു ദുര്‍ഘടമായ പാതയിലൂടെ ആയിരുന്നു... യാത്ര തുടങ്ങുമ്പോള്‍ പോകേണ്ടത് ഇത്ര ദൂരമാണന്നോ, പാത ഇത്ര ദുര്‍ഘടം ആണന്നോ ഒരു സൂചന പോലും ഉണ്ടായിരുന്നും ഇല്ല....നിരന്തരം വാഹനങ്ങള്‍ ഓടി മണ്പാതയിലെ കല്ലുകള്‍ ഇളകി അതിസാഹസികമായി വണ്ടി ഓടിക്കുന്നതിനിടയില്‍ എന്‍റെ വണ്ടിയുടെ ഒരു ടയര്‍ പൊട്ടിത്തകര്‍ന്നു... പുറത്ത് മാര്‍ച്ച് മാസത്തിലെ കൊടും ചൂട്, വിജനമായ പാത ഒപ്പം കുറെ വര്‍ഷങ്ങളായി അധികം ദേഹമിളകി പണി ചെയ്യാത്ത എനിക്ക് സ്വയം ടയര്‍ മാറാന്‍ കഴിയുമോ എന്ന ആശങ്ക, എല്ലാം കൂടി ചിന്തിച്ച് വിഷണ്ണനായി ഡോര്‍ തുറന്ന് വെളിയില്‍ ഇറങ്ങുമ്പോള്‍ എവിടെ നിന്നോ വന്നപോലെ ഒരു വണ്ടി എന്‍റെ തൊട്ട് പുറകില്‍ മണ്ണും പറപ്പിച്ച് ബ്രേക്ക് ചവിട്ടി.... ഞാന്‍ നോക്കുമ്പോള്‍ വളരെ കുലീനമായ വസ്ത്രധാരണം ചെയ്ത അജാനുബാഹുവായ ഒരു സൗദി തന്‍റെ ബി എം ഡബ്ല്യൂ കാറില്‍ നിന്ന് പുറത്തിറങ്ങുകയാണ്.... മനുഷ്യവാസം ഇല്ലാത്ത വിജനമായ സ്ഥലത്ത് എന്നെക്കാള്‍ തടിമിടുക്കുള്ള ഒരാള്‍ എന്‍റെ നേരെ നടന്നടുത്തപ്പോള്‍ സ്വാഭാവികമായും ഭയവിഹ്വലമായി എന്‍റെ മനസ്സ്...

അത് മനസ്സിലാക്കിയ അയാള്‍ പറഞ്ഞു "പേടിക്കേണ്ട"... പിന്നെ എന്‍റെ വണ്ടിയുടെ ഡിക്കിയില്‍ പിടിച്ച് കൊണ്ട് " ഡിക്കി തുറക്കൂ" എന്ന് ആവിശ്യപ്പെട്ടു...

ഡിക്കി തുറന്നതും വണ്ടിയില്‍ നിന്നും ജാക്കിയും ലിവറും, സ്പാനറും വളരെ വേഗം അയാള്‍ തന്നെ എടുത്തു... പിന്നെ സ്റ്റെപ്പിനി ടയറും... കൂടെ അതില്‍ പിടിക്കാന്‍ ചെന്ന എന്‍റെ കൈ നിര്‍ദ്ദാക്ഷ്ണ്യം അയാള്‍ തട്ടി മാറ്റി... എന്നിട്ട് എന്നോട് അല്‍പ്പം കടുത്ത സ്വരത്തില്‍ "നീ അവിടെ മാറി നിന്നോ" എന്നൊരു താക്കീതും....

ഞാന്‍ നോക്കി നില്‍ക്കെ തന്‍റെ തൂവെള്ള വസ്ത്രത്തില്‍ ചെളി പുരളും എന്ന ആശങ്ക തെല്ലും ഇല്ലാതെ നടു റോഡില്‍ കുത്തി ഇരുന്ന് നിമിഷ നേരം കൊണ്ട് എന്‍റെ ടയര്‍ മാറി പൊട്ടിയ ടയറും മറ്റ് ഉപകരണങ്ങളും യദാസ്ഥാനത്ത് വച്ച്, ഡിക്കി ഭദ്രമായി അടച്ചശേഷം സ്തബ്ദനായി നിന്ന എന്‍റെ കൈ പിടിച്ച് ഞാന്‍ പറയേണ്ട നന്ദി തിരിച്ച് എന്നോട് പറഞ്ഞു നിമിഷത്തിനുള്ളില്‍ തന്‍റെ വണ്ടിയില്‍ കടന്നിരുന്നു പൊടിയും പാറിച്ച് കടന്നുപോയി.... 

സത്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന സ്ഥകാലബോധം തിരിച്ച് കിട്ടാന്‍ തന്നെ സമയം എടുത്തു.... അപ്പോളാണ് ഒരു നന്ദി പോലും പറയാന്‍ കഴിഞ്ഞില്ലല്ലോ എന്ന ബോധം എനിക്ക് ഉണ്ടായത്.... ഞാന്‍ വേഗം വണ്ടിയില്‍ കടന്നിരുന്നു എന്‍റെ കഴിവിന്‍റെ പരമാവധി വേഗതയില്‍ വണ്ടി അയാള്‍ പോയ വഴിയെ കുറെ ഓടിച്ചു നോക്കി, പക്ഷെ അയാളെ എന്നല്ല വണ്ടി പോയ പൊടി പോലും എനിക്ക് കണ്ടെത്താന്‍ ആയില്ല..... ഇന്നും ആ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്ക് കൊരിത്തരിപ്പാണ്... ഞാന്‍ ദൈവത്തെ നേരിട്ട് കണ്ട ആ ദിവസം..... ജീവിതത്തില്‍ എന്‍റെ ഓര്‍മ്മ നശിക്കും വരെ ഓര്‍ത്തിരിക്കുന്ന ഒരു ദിവസം......

നാം സഹായിക്കുന്നവരില്‍ നിന്നായിരിക്കില്ല നമ്മുക്ക് തിരിച്ച് സഹായം ലഭിക്കുക, അതിനാല്‍ തന്നെ നാം വേണ്ട സമയത്ത് സഹായിച്ചവര്‍ നമ്മുടെ ആപല്‍ഘട്ടങ്ങളില്‍ കൂടെ നിന്നില്ലല്ലോ എന്ന ആശങ്കയോ സങ്കടത്തിണോ അടിസ്ഥാനമില്ല.... നന്മ ചെയ്തുകൊണ്ടേയിരിക്കൂ, നന്മ മാത്രമേ തിരികെ ലഭിക്കൂ...

2 comments:

  1. തീർച്ചയായും അയാൾ ചിന്തിച്ചത് ദൈവത്തേക്കുറിച്ചാവും.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണല്ലൊ ദൈവവും എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്..

    ReplyDelete
  2. നാം സഹായിക്കുന്നവരില്‍ നിന്നായിരിക്കില്ല നമ്മുക്ക് തിരിച്ച് സഹായം ലഭിക്കുക, അതിനാല്‍ തന്നെ നാം വേണ്ട സമയത്ത് സഹായിച്ചവര്‍ നമ്മുടെ ആപല്‍ഘട്ടങ്ങളില്‍ കൂടെ നിന്നില്ലല്ലോ എന്ന ആശങ്കയോ സങ്കടത്തിണോ അടിസ്ഥാനമില്ല.... നന്മ ചെയ്തുകൊണ്ടേയിരിക്കൂ, നന്മ മാത്രമേ തിരികെ ലഭിക്കൂ...

    ReplyDelete