ആദ്യമായിട്ടാണ് ഒരു വിഷയത്തെ കുറിച്ച് രണ്ടു തവണ എഴുതേണ്ടി വരുന്നത്. വിഷയം രാജഭരണം തന്നെയാണ്. ഇന്ന് സുപ്രീം കോടതിയിൽ നിന്ന് വന്ന ഒരു പ്രത്യേക ഉത്തരവ് പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ കവർന്ന് മാറ്റാനുള്ള ശ്രമം വിജയിക്കില്ല എന്ന് മനസ്സിലായ സോ കോൾഡ് പുരോഗമനവാദികൾ രാജാവിനേയും രാജകുടുംബത്തേയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്ന് നാടുകടത്തുകയാേ തൂക്കിലേറ്റുകയോ ചെയ്യേണ്ടതായിരുന്നു എന്ന മട്ടിൽ എഴുതുകയും പ്രചരിപ്പിക്കുകയും അതിന് നൂറുകണക്കിന് ആളുകളുടെ പിന്തുണ ലഭിക്കുന്നതും കണ്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, വോട്ടു ചെയ്യുകയും, ജനാധിപത്യ സർക്കാരിൻ്റെ പരമാധികാരത്തെ അംഗീകരിക്കുകയും ഉപ്പിനും കർപ്പൂരം വരെയുള്ള വസ്തുക്കൾക്ക് നികുതി കൊടുക്കുകയും, ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രകൃയയിൽ പങ്കെടുത്ത് വോട്ടു ചെയ്യുകയും, തങ്ങൾ നേടിയെടുത്ത വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസൃതമായി അദ്ധ്വാനിച്ച് അന്നം കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏതൊരു സാധാരണ മനുഷ്യരേയും പോലെ ജീവിക്കുന്ന അവരെ, പഴയകാല രാജപരമ്പരയിൽ പെട്ടവർ ആയതു കൊണ്ടു മാത്രം തൂക്കിക്കൊല്ലണമെന്ന് വിധിക്കുന്നവർ ഇതേ രാജ്യത്തെ നികുതിദായകരായ പെരുമയാർന്ന ജനാധിപത്യവാദികളാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
എന്നാൽ മറുവശത്ത് ഇതേ ജനാധിപത്യവാദികളുടെ സംഗീതാത്മക വാഴ്ത്തിപ്പാടലുകൾക്ക് പാത്രമാകുന്നവർ ആരാണന്ന് പരിശോധിക്കാം. മത രാഷ്ട്രീയ ലേബലുകൾ ഒട്ടിച്ച് താൻപോരിമയിൽ ഏകാധിപത്യഭരണം നടത്തുന്നവർ. അവരുടെ ആരാധനാ പട്ടികയിലുള്ളത് അല്ലങ്കിൽ അവർ രോധിക്കുന്നത് തെറിക്കുത്തരം പിടക്കുന്ന തലയെന്ന് തീർപ്പുകൽപ്പിക്കുന്ന സദ്ദാം ഹുസൈനും, ഗദ്ദാഫിക്കും, കിം ജോങ്ങ് ഉന്നും, സി ജിൻ പിങ്ങിനും ഒക്കെ വേണ്ടിയാണ്. മനുഷ്യാവകാശമോ, സ്ത്രീസ്വാതന്ത്ര്യമോ, പുരോഗമന ചിന്തയോ, ജനാധിപത്യ സംസ്കാരമോ തൊട്ടു തീണ്ടാത്ത ഒന്നും കുടുംബ വാഴ്ചകളാണ് ഇവയെന്നും, ആധുനിക ലോകം നിരന്തരം ചോദ്യമുന്നയിക്കുന്ന ഇത്തരം രാജക്കന്മാരുടെ ഉട്ടാേപ്യൻ പ്രാകൃത ക്രൂര നിയമങ്ങളെ ഒരു ഉളുപ്പും കൂടാതെ വാഴ്ത്തുന്നവരാണ്, രാജഭരണമെങ്കിലും ജനങ്ങളുടെ മനസ്സിൻ്റെ ഇടയിൽ അന്നും ഇന്നും സ്ഥാനമുള്ള, ഒരു നൂറ്റാണ്ടിനപ്പുറം ജനകീയരായ രാജാക്കന്മാരാൽ സമ്പുഷ്ടമായിരുന്ന രാജകുടുംബത്തിനെ തൂക്കിലേറ്റാൻ മൽസരിക്കുന്നത്. കുറ്റമോ ശതകോടികൾ വരുന്ന സ്വത്തുക്കൾ ധൂർത്തടിക്കാതെ സൂക്ഷിച്ചു എന്നതും. മറുനാടൻ ഏകാധിപതികൾക്ക് ജയ് വിളിക്കുന്ന പുരോഗമന വാദികൾക്ക് ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്തെ സാധാരണ സമ്മദിദായകരായി നികുതി ഒടുക്കി, രാഷ്ട്രീയത്തിനതീതമായി, ജനാധിപത്യ രാജ്യത്തെ നിയമത്തെ ഉൾക്കൊണ്ട് കഴിഞ്ഞു കൂടുന്ന തിരുവിതാംകൂർ രാജവംശത്തിലെ പിൻതലമുറകളെ തൂക്കിക്കൊല്ലാൻ പാകത്തിൽ വിദ്വേഷം സൂക്ഷിക്കുന്നു എന്നതാണ് ശ്രദ്ധിക്കപ്പെണ്ടേ വസ്തുത.
ചുരുക്കി വായനയിൽ ഈ വിദ്വേഷത്തെ ജനാധിപത്യമെന്നും, രാജഭരണം എന്നും തട്ടിൽ നിർത്തി കാണണ്ട കാര്യമില്ല, ഇത് വെറും കൊതിക്കുറവ് മാത്രം. കൈയ്യിട്ട് വാരാൻ കിട്ടിയേക്കാമായിരുന്ന ഒരവസരം ബഹുമാനപ്പെട്ട സുപ്രീം കോടതി നിഷേധിച്ചതിൻ്റെ നിരാശ. അതിൻ്റെ പേരിലുള്ള കൊലവിളികൾ തന്നെ ആ വിധിയെ സാധൂകരിക്കുന്നു എന്ന് നിസംശയം പറയാം. തിരുവിതാംകൂറിൻ്റെ പഴയകാല ചരിത്രം വായിച്ചറിഞ്ഞ അനുഭവമേ ഇന്നത്തെ തലമുറയിലെ രാജകുടുംബാംഗങ്ങൾക്ക് പോലും ഉള്ളു. ആനക്കാരൻ്റെ തഴമ്പ് മകൻ്റെ ചന്തിയിൽ അന്വോഷിക്കുന്നത്ര വിവരമില്ലായ്മയാണ് ഈ പിൻതലമുറയുടെ നേരെയുള്ള ആക്രോശങ്ങൾ. സുപ്രീം കോടതിയിൽ പോലും അവർ സൂക്ഷിച്ച സ്വത്തുക്കൾ തിരികെ തരണം എന്ന് വാദിച്ചില്ല എന്നും, അന്യാധീനപ്പെട്ടു പോകുന്ന രീതിയിൽ പുറത്തെടുത്ത് ഇട്ടു കൊടുക്കരുതെന്നും ആയിരുന്നു അവരുടെ അപേക്ഷ എന്നും അറിയാൻ കഴിഞ്ഞു. അതു കൊണ്ടു തന്നെ, ശത കോടികൾ ഇനി എന്നെങ്കിലും വരുന്ന ജനതയ്ക്ക് എങ്കിലും ഉപകാരപ്പെടുമെന്ന കാഴ്ചപ്പാടിൽ പുരോഗമന വാദികൾ അവരെ വെറുതെ വിടും എന്ന് പ്രതീക്ഷിക്കാം.








No comments:
Post a Comment