. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, 8 September 2010

വിദ്യാധനം സര്‍വ്വ ധനാല്‍.....
പുതിയതായി തീര്‍ത്ത മതില്‍ കടക്കുന്നിടം വരെ സുനിലിന് തന്റെ ഓര്‍മ്മകളുടെ കൂടാരമായ വിദ്യാലയത്തിലേക്കാണ് പോകുന്നതെന്ന ഒരു സൂചനയും അദ്ദേഹം തന്നിരുന്നില്ല്ല.

അല്ലെങ്കില്‍ തന്നെ ഇന്നലെ ജോയിന്‍ ചെയ്യുമ്പോള്‍ താന്‍ വിചാരിച്ചത് ആ ചെറിയ ഓഫീസില്‍ ക്വാണ്ടിറ്റി സര്‍വ്വേയര്‍ എന്ന ഓമനപ്പേരില്‍ ഒതുക്കി ഇടുമെന്നായിരുന്നില്ലേ!

പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ തന്നെ മുംബക്ക് വണ്ടി കയറി. പിന്നെ നാലുവര്‍ഷം നീണ്ട മുംബൈ പ്രവാസ ജീവിതം. മാറി മാറി പല കമ്പനികള്‍. ഒടുവില്‍ ചിക്കന്‍പോക്സിന്റെ രൂപത്തില്‍ ഭാഗ്യദേവത കടാക്ഷിച്ചു. മുംബൈയിലെ നരക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വണ്ടി കയറി.

അപ്രതീകഷിതമായി അടുത്ത ബന്ധുവഴി ഈ കമ്പനിയില്‍ ജോലി തരപ്പെട്ടത്.

ഇന്റര്‍വ്യൂ എന്ന പ്രഹസനം കഴിഞ്ഞപ്പോള്‍ തന്നെ മുതലാളിയുടെ വക അനൌണ്‍ന്റ് വന്നു..... “ഇവിടെ അടുത്ത് ഒരു കെട്ടിടം പണിയുന്നുണ്ട്... സുനില്‍ അവിടെ സൈറ്റിന്റെ ചുമതലയിലായിരിക്കും..”

എന്തുമാവട്ടെ... പ്രീഡിഗ്രി കാലത്തെ തന്റെ സന്തത സഹചാരിയായ സൈക്കിളില്‍ ചെന്നെത്താന്‍ കഴിയുന്ന ദൂരം മാത്രം. ശമ്പളം അല്‍പ്പം കുറഞ്ഞാലെന്താ. ദിവസവും മൂന്നു നേരം അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി നഷ്ടപ്പെടില്ലല്ലോ....

ഉച്ചക്ക് അമ്മയോടെ പ്രത്യേകം പറഞ്ഞ് പൊതിച്ചോറ് കെട്ടിക്കണം.... തേങ്ങാ ചമ്മന്തിയും, കടുകുമാങ്ങയും, മുട്ടപൊരിച്ചതും, തോരനും.... ആഹാ.... ലക്ഷങ്ങള്‍ വിലകൊടുത്താലും കിട്ടാത്ത രുചി!

“സുനില്‍ ഇതാണ് നമ്മുടെ സൈറ്റ്. ഇന്നു മുതല്‍ താനാണ് ഇതു നോക്കി നടത്തേണ്ടത്......” കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുതലാളിയുടെ പരിചയപ്പെടുത്തല്‍....

ചിരിച്ചു... “സാര്‍ ഇതെന്റെ വിദ്യാലയമല്ലേ ഞാന്‍ പഠിച്ചു വളര്‍ന്ന, എന്റെ ഗന്ധം വിട്ടുമാറാത്ത, ഒരുപാട് ഓര്‍മ്മകള്‍ അയവിറക്കാനുള്ള എന്റെ വിദ്യാലയം..”

“ഹ...ഹ അതേയോ.... അപ്പോള്‍ ഞാന്‍ തന്ന സസ്പെന്‍സിന് അര്‍ത്ഥമുണ്ടായി....അപ്പോള്‍ കൂടുതല്‍ ശ്രദ്ധകാണുമെന്നു പ്രതീക്ഷിക്കാം..” മുതലാളി അതു ആസ്വദിച്ചു, ഒപ്പം സ്വല്‍പ്പം ബിസിനെസ്സും....

“നീണ്ട” പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിദ്യാലയ മുറ്റത്ത്.... പഴയ കെട്ടിടങ്ങള്‍ക്ക് പുതിയ കൊണ്‍ക്രീറ്റ് മന്ദിരങ്ങള്‍ വഴിമാറിക്കൊണ്ടിരിക്കുന്നു....

തല ഉയര്‍ത്തി നിന്നിരുന്ന ബദാം മരങ്ങളുടെ തണലും തലോടലും ഇനി വരുന്ന തലമുറ വിദ്യാര്‍ത്ഥികള്‍ക്ക് അന്യമാവും. അവയുടെ അസ്ഥി കൂടങ്ങള്‍ അടുത്ത ലോറിയുടെ ഊഴവും കാത്ത് ഒരു മൂലയില്‍ വിശ്രമിക്കുന്നു‍....

ഇന്ന് ബാക്കി നില്‍ക്കുന്നത് പഴയ കുരിശടിയും, മൂത്രപ്പുരയും, ചരിത്രമുറങ്ങുന്ന ഓഡിറ്റോറിയവും, പിന്നെ കരുകരുപ്പിന്റെ മൃദുസ്വരം ഉതിര്‍ക്കുന്ന മുറ്റത്തെ ആറ്റുമണലും മാത്രം....

നാളെ ഒരു പക്ഷേ അതും ഇവിടെ ഉണ്ടാവില്ല.... പൂര്‍ണമായും ആധുനികനാകാനുള്ള വെമ്പലില്‍ ഈ കാണുന്നതൊക്കെയും മണ്മറഞ്ഞേക്കാം.

തരി മണലിലേക്ക് കാല്‍ കുത്തുമ്പോള്‍ അതുവരെ ഇല്ലാത്ത ഒരാവേശം സുനിലേക്ക് സന്നിവേശിക്കപ്പെട്ടുവോ......

“കോവാലാ.... എടാ.....നീ എന്താ അവിടെ നിന്നു കളഞ്ഞത്.... വാ കളിക്കാം...” ആ വിളി അനിലിന്റേതാണോ, അതോ പ്രകാശിന്റെയോ...... അവര്‍ കുരിശും തൊടിയുടെ അപ്പുറത്ത് കാണുന്ന പൂഴിമണലില്‍ തിമിര്‍ക്കുകയാണോ...?

ഒരു നിമിഷം ഉള്‍ത്തരിപ്പോടെ കണ്ണുകള്‍ ആ ഭാഗത്തേക്ക് നീണ്ടു... അവിടെ പ്രകാശില്ല, അനിലില്ല.... കുറെ പുതിയ കുട്ടികള്‍ മണ്ണുവാരി പരസ്പ്പരം എറിയുന്നു...

വലതു കൈ അറിയാതെ തലമുടിനാരുകളെ ഉഴിഞ്ഞു.... ഇല്ല ഒരു തരി മണലുപോലും ഇല്ല.... നഷ്ടപ്പെട്ട ബാല്യമണലരികളെ ഇനി ഒരിക്കലും മുടിനാഴിരകളില്‍ നിന്ന് പെറുക്കി എടുക്കാനൊക്കില്ലല്ലോ!

“സാര്‍ ഒരു നിമിഷം” മുതലാളിയുടെ അനുവാദം കാത്തു നില്‍ക്കാതെ മുന്നോട്ട് നടന്നു.... തന്റെ പ്രിയപ്പെട്ട ക്ലാസ് മുറി... 10 ബി.... അടുത്ത ഘട്ട പുനര്‍നിര്‍മ്മിതിക്ക് മുന്നില്‍ പിടഞ്ഞു വീഴാന്‍ മാനസികമായി തയ്യാറെടുത്തതു പോലെ..

പാതി ചാരിയ നീല ചായം തേച്ച വാതിലിലൂടെ ഉള്ളിലേക്ക് നോക്കി.... എവിടെ എന്റെ പ്രിയപ്പെട്ട തോമസ് സാര്‍? പകരം കട്ടിമീശ വച്ച ചെറുപ്പക്കാരന്‍ മാഷ്.

“ആരാ മനസ്സിലായില്ല...?” മാഷിന്റെ ആകാംഷ മുറ്റിയ ചോദ്യം.

“ഞാന്‍ സുനില്‍ ഗോപാലകൃഷ്ണന്‍... ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി” വാക്കുകളില്‍ അല്‍പ്പം അഹന്തയുണ്ടായിരുന്നോ?

നിസംഗമായ ഒരു മൂളലില്‍ മാഷിന്റെ ആകാംക്ഷക്ക് വിരാമമായി....

മുന്‍ ബഞ്ചിലെ മൂന്നാം സ്ഥാനക്കാരനെ ആകാംഷയോടെ നോക്കി... തന്റെ സ്ഥാനം... തന്നെ പോലെ കറുത്തു മെല്ലിച്ച മറ്റൊരുവന്‍.... അപരിചതനെ കണ്ട് അന്തംവിട്ട് നോക്കിയ കുട്ടികളില്‍ തന്റെ കണ്ണുകള്‍ അവനില്‍ ഉടക്കിയപ്പോള്‍ പ്രത്യുപകാരമായി അവന്‍ നിഷ്കളങ്കമായ ഒരു ചിരി മടക്കി.

ക്ലാസ് ‌മുറിയും കടന്ന്, എന്‍ സി സി ഓഫീസും കുരുശു തൊടികും ഇടയിലുള്ള എന്റെ പ്രിയപ്പെട്ട കളി സ്ഥലത്തേക്ക്...

ജിംനാസ്റ്റിക്ക് ബാറുകള്‍ക്കിടയില്‍ വിരിച്ചിരിക്കുന്ന പൂഴി മണലില്‍ പഴയതിലും വലിയ കുഴി രൂപാന്തരപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എത്ര പേരുടെ മുഴിയിടകള്‍ക്കിടയില്‍ ആ മണല്‍ത്തരികള്‍ നനുനനുത്ത ഓര്‍മ്മകളുടെ പൂക്കാലം തീര്‍ത്തിട്ടുണ്ടാവും.

കുരിശുതൊടിയില്‍ മുഖം മുത്തി അല്‍പ്പ നേരം പ്രാര്‍ത്ഥിച്ചു. ഹിന്ദുവിന്റെ പ്രാര്‍ത്ഥന കര്‍ത്താവ് മുഖവിലക്കെടുക്കുമോ അവോ... മുന്‍പ് പരിഗണിച്ചിരുന്നു... ഇന്നത്തെ കൈവെട്ട് സംസ്കാരത്തില്‍ ദൈവങ്ങളും പക്ഷപാതികളായിട്ടുണ്ടാവുമോ?

പമ്പയാറിന്റെ കളകളാരവം കാ‍തുകളില്‍ ഒഴുകിയെത്തി. തന്നെ നാടിനോട് അടുപ്പിക്കുന്ന മറ്റൊരു വൈകാരിക ശബ്ദം. അനേകം മിഴിമുനകളുടെ പ്രഭാവം താങ്ങാനാവാതെ ആവണം, ചുറ്റുമതിലില്‍ അന്നുണ്ടായിരുന്ന ചെറിയ സുഷിരം ഇന്ന് ഒരു കൈപ്പത്തിയോളം വലുതായിരിക്കുന്നു...

മെല്ലിച്ചു വീഴാറായ തൂക്കുപാലത്തിനു മുന്നില്‍ വെള്ള പ്രതലത്തില്‍ ചുവപ്പക്ഷരത്തില്‍ മുന്നറിയിപ്പ് ബോര്‍ഡ് തൂങ്ങുന്നു... “പാലം അപകടത്തില്‍”

പ്രൌഡിയോടെ അതിനു തൊട്ടപ്പുറത്ത് പഴമയെ കല്ലെറിയുന്ന പുത്തന്‍ തലമുറയുടെ പ്രതിനിധി എന്നവണ്ണം പുതു പുത്തന്‍ കോണ്‍ക്രീറ്റ് പാലം.... അവന്‍ നിലം‌പൊത്താറായ തൂക്കു പാലത്തിനു നേരെ പല്ലിളിക്കുന്നുണ്ടാവുമോ..?

പാലത്തിനപ്പുറത്ത് ബേബിച്ചായന്റെ ബേക്കറി ഇരുന്നിടത്ത് ഇരുനില മാളികയുടെ വന്യ ഭംഗി....

കുട്ടനാട്ടിലേക്ക് മണലുമായി പമ്പയറ്റിലൂടെ പോകുന്ന കെട്ടുവള്ളങ്ങളിലെ നാടന്‍ പാട്ടിന്‍ ശീലുകളുടെ അലയൊലികള്‍ ഇന്നും കാതുകള്‍ക്ക് ഇമ്പമയമായി അലയടിക്കുന്നു.... രണ്ടു മുഴുനീളന്‍ മുളകള്‍ ചേര്‍ത്തു കെട്ടിയാലും താഴാത്തത്ര ആഴമുള്ള ചുഴികളാല്‍
വന്യമായ കയത്തിലൂടെ വള്ളവും നിയന്ത്രിച്ചു പോകുന്നവരെ അന്നു കണ്ടിരുന്നത്
എത്രമാത്രം ആരാധനയോടെ ആയിരുന്നു.

ബേബിച്ചായന്‍ പറയുമായിരുന്നു... “അതാണ് അത്തിക്കയം. ഏതാണ്ട് ഒരു കിലോമീറ്റര്‍ ആഴമുണ്ട് കയത്തിന്. മുതലയുള്ള കയമാ... അവിടെ വീണവരുടെ എല്ലു പോലും ബാക്കി ഉണ്ടാവില്ല” ഒരിക്കലും അവസാനിക്കാതെ ബേബിച്ചായന്റെ കഥകള്‍ ... ചുറ്റും മുഴച്ച മിഴികളും പിളര്‍ന്ന വായുമായി കുട്ടികളുടെ നിര....

ചില അവസരങ്ങളില്‍ ആകാംഷയോടെ മുള്‍മുനയില്‍ നിര്‍ത്തി ബേബിച്ചായന്‍ തന്റെ ബിസിനെസ്സ് തന്ത്രം പുറത്തെടുക്കും....”പപ്സ് ഒന്ന് എടുക്കട്ടേടാ..?” കഥയുടെ ആവേശത്തില്‍ സ്കൂളില്‍ ഫീസിന് കൊണ്ടുവന്ന പൈസ പോലും എടുത്ത് ബേക്കറി വാങ്ങിച്ചു കളയും...”

“ഹ..ഹ“ തന്റെ ചിരി അല്‍പ്പം ഉച്ചത്തിലായോ...? ഇന്നു ബേബിച്ചായനും മണ്മറഞ്ഞിരിക്കുന്നു...

“ആരാ പിള്ളേരെ കിഴുത്തേലൂടെ എത്തി നോക്കുന്നത്...?“

ഡ്രില്‍ മാസ്റ്റര്‍ സദാശിവന്‍ സാറിന്റെ ശബ്ദം... ഞെട്ടി പിന്‍‌തിരിഞ്ഞു.... പെട്ടെന്ന് ആ സത്യം ഉള്‍വിളിയായി എത്തി. മുംബയിലെ ഒരു സായാഹ്നത്തില്‍ അമ്മയുടെ ഒരു ഫോണ്‍ കോളിലൂടെ സദാശിവന്‍ സാറിന്റെ മരണവാര്‍ത്ത അറിഞ്ഞത്.

രൂക്ഷഗന്ധം ഉതിര്‍ത്ത് മൂത്രപ്പുര.... വര്‍ഷങ്ങള്‍ പലതായി കുട്ടികള്‍ നിരന്നു നിന്ന് ഉപ്പുരസം കൊണ്ട് ചിത്ര രചന നടത്തിയതിനാലാവാം, ഭിത്തിയിലെ സിമിന്റിന്റെ ആവരണം അടര്‍ന്ന് ചുവന്ന ഇഷ്ടികകള്‍ തെളിഞ്ഞു നില്‍ക്കുന്നു. മൂത്രപ്പുരയെ രണ്ടായി തിരിക്കുന്ന അരഭിത്തിയില്‍ പണ്ടതേതിനേക്കാള്‍ കൂടുതല്‍ ചോക്കു കഷണങ്ങള്‍. ഭിത്തിയില്‍ പഴയതലമുറയുടെ ചോക്ക് ചിത്രങ്ങളുടേയും, മൂത്രപ്പുര സാഹിത്യത്തിന്റേയും മലേ പുതുതലമുറയുടെ കടന്നു കയറ്റത്തിന്റെ തിരു ശേഷിപ്പുകള്‍. അറിയാതെ ചോക്കില്‍ ഒന്നു കൈയ്യിലെടുത്തു.

പുറകില്‍ നിന്ന് ചെവിയിലൊരു പിടുത്തം..... അറിയാതെ ശ്‌ശ്‌ശ് എന്ന ശബ്ദം പുറപ്പെടുവിച്ചു......

തിരിഞ്ഞു നോക്കി.... അത്ഭുതം അത് ജോര്‍ജ്ജ്കുട്ടി സാര്‍ ആയിരുന്നു..... മുഖം കുനിച്ച് നില്‍ക്കുന്ന ആ പതിനഞ്ച് വയസുകാരന്‍ ഞാന്‍ തന്നെയല്ലേ?

“എന്താടാ ഈ എഴുതിയത്...?“ ഘനഗംഭീരത നിറഞ്ഞ ചോദ്യം.... മൂത്രപ്പുര നിന്റെ ആഭാസം എഴുതി വെക്കാനുള്ള ഇടമാണെന്ന് കരുതിയോ?

“നീ ഏതു ക്ലാസിലേയാ.....?”

“പത്ത് ബി....“ ഞാനെന്ന നിഷേധിയുടെ പക നിറഞ്ഞ മറുപടി.

“ഓഹോ... നീ എന്റെ കൂടെ വരൂ....”. ചെവിയില്‍ നിന്ന് പിടുത്തം ഇപ്പോഴും വിട്ടിട്ടില്ല! എന്‍ സി സി യുടെ ഇടുങ്ങിയ ഓഫീസ് മുറിയിലേക്ക്....

“ഇവിടെയിരിക്കൂ... നിന്നെ മര്യാദ പഠിപ്പിക്കാമോ എന്നു ഞാനൊന്നു നോക്കട്ടെ..” പുറത്തു നിന്നു പൂട്ടിയ മുറിയില്‍ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും വേലിക്കെട്ടുകള്‍ക്ക് വിലക്കല്‍പ്പിക്കാത്ത കൌമാര മനസ്സിന്റെ അസ്വസ്ഥത.

മണിക്കൂറുകള്‍ നീണ്ട ഒറ്റപ്പെടുത്തലിന്റെ വേദന നിഷേധ മനസ്സിനെ പകയുടെ കൊടുമുടിയില്‍ എത്തിച്ചു....

ഇടുങ്ങിയ മുറിക്കുള്ളിലേക്ക് വെളിച്ചത്തിനൊപ്പം പുറത്തെ ശുദ്ധവായുവിന്റെ തള്ളിക്കയറ്റം! ജോര്‍ജ്ജുകുട്ടി സാര്‍ ഒരു മഹാമേരു പോലെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ എന്നു പോലും താന്‍ എന്തുകൊണ്ടാണ് ആശിച്ചത്....

പക്ഷേ കടന്നുവന്ന സാറിന്റെ മുഖം മുന്‍പ് കണ്ടതു പോലെ ക്രൌര്യം നിറഞ്ഞതായിരുന്നില്ല.... അവിടെ സഹതാപത്തിന്റെ ആവരണമിട്ട നിസംഗത!

മുറിയുടെ ഒരു മൂലയില്‍ കിടന്ന, കാലുകളുടെ ബലക്ഷയത്താല്‍ ഉപേക്ഷിക്കപ്പെട്ട ഒരു കസേര, ശ്രദ്ധാപൂര്‍വ്വം വലിച്ച് എന്റെ അടുത്തേക്കിട്ട് അതില്‍ ഉപവിഷ്ടനായി.... പിന്നെ ഒരു സ്വകാര്യം പറയും പോലെ......

“നീ കൊറ്റാത്തൂരെ ഗോപാലകൃഷ്ണന്‍ സാറിന്റെ മകനാണല്ലേ...?” ആ ശബ്ദം നേര്‍ത്തിരുന്നതായി തിരിച്ചറിഞ്ഞു...

“അതെ....“ തന്റെ മറുപടിയിലെ അഹന്തയുടെ ധ്വനി അദ്ദേഹം അവഗണിച്ചത് എന്തിനാണ്..?

തന്റെ ദൃഷ്ടി എതിരെയുള്ള ഭിത്തിയില്‍ തൂക്കിയിരിക്കുന്ന എന്‍ സി സി കേഡറുകളുടെ വസ്ത്രങ്ങളിലേക്ക് പായിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങി.

“നിന്നെ ഞാന്‍ പഠിപ്പിച്ചിട്ടില്ല, ഈ അവസാനവര്‍ഷം അതിനുള്ള അവസരം ഉണ്ടാവുമെന്നും തോന്നുന്നില്ല....പക്ഷേ ഞാന്‍ പഠിപ്പിച്ച മിടുക്കനായ ഒരു വിദ്യര്‍ത്ഥി ഉണ്ടായിരുന്നു.... നിന്റെ ജേഷ്ടന്‍....ഞാന്‍ അവന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്നു, അവന്‍ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയും... അവന്‍ ഈ സ്കൂളിലെ ഏറ്റവും മിടുക്കന്‍ കുട്ടി ആയിരുന്നു. എസ് എസ് എല്‍ സിക്ക് അവന്‍ ഈ സ്കൂളിലെ ഏറ്റവും മികച്ച മാര്‍ക്ക് വാങ്ങിയപ്പോള്‍ അവനെ നിര്‍ബന്ധമായും മെഡിക്കല്‍ എന്‍‌ട്രന്‍സ് എഴുതിപ്പിക്കണമെന്ന് നിന്റെ അച്ഛനോട് ഞങ്ങള്‍ പറഞ്ഞിരുന്നു. നിന്റെ അച്ഛന്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ കഴിഞ്ഞ 3- 4 വര്‍ഷം മുന്‍പ് ചെങ്ങന്നൂരേക്ക് ഒരു ഓട്ടോയില്‍ കയറി ഡ്രൈവറുടെ സീറ്റില്‍ നിന്റെ ജേഷ്ടനെ കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ ഞെട്ടി പോയി. അവനോട് അന്നു ഞാന്‍ ചോദിച്ചു എന്താ നിനക്ക് പറ്റിയതെന്ന്. പക്ഷേ അവനു ഉത്തരമില്ലായിരുന്നു. പിന്നീട് ഞാന്‍ അവനെ കുറിച്ച് അന്വേഷിച്ചു. എനിക്കു കിട്ടിയ വിവരങ്ങള്‍ അവിശ്വസനീയമായിരുന്നു. അവനെ പോലെ മിടുക്കനായ ഒരു കുട്ടി എത്തിപ്പെടാന്‍ പാടില്ലാത്ത ഇടങ്ങളില്‍ അവനെത്തി പെട്ടു എന്നറിഞ്ഞപ്പോള്‍.....! ഇപ്പോള്‍ ഞാന്‍ നിന്നെ കുറിച്ച് നിന്റെ ക്ലാസ് ടീച്ചറിനോട് അന്വേഷിച്ചു. നീയും അവന്റെ പാതയിലേക്കാണെന്ന് എന്റെ മനസ്സു പറയുന്നു. അവന്‍ എസ് എസ് എല്‍ സി എങ്കിലും നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെങ്കില്‍ നീ അതിനും മുന്‍പ്...!”

പറഞ്ഞു മുഴുവിപ്പിക്കാനാവാതെ ജോര്‍ജ്ജുകുട്ടി സാര്‍ കുഴങ്ങി... പിന്നെ മെല്ലെ മുഖം താഴ്ത്തി.....

തന്റെ പാദങ്ങളില്‍ വീണ രണ്ടുതുള്ളി കണ്ണുനീരിന്റെ താപം സഹിക്ക വയ്യാതെ പൊടുന്നനവേ കാലുകള്‍ പിന്‍‌വലിച്ചു.....

അപ്രതീക്ഷിതമായിരുന്നു അത്.... അതും ഒരു പരിചയവുമില്ലാത്ത ഒരദ്ധ്യാപകനില്‍ നിന്ന് പ്രത്യേകിച്ച് .....

തരിച്ചു പോയ നിമിഷങ്ങള്‍.... വലിയ താഡനവും, ഒരുപക്ഷേ സ്കൂളില്‍ നിന്നു തന്നെ പുറത്താക്കലും ഒക്കെ പ്രതീക്ഷിച്ചിരുന്ന തനിക്ക് ആ അദ്ധ്യാപകന്‍ പകര്‍ന്നത് വ്യത്യസ്ഥ അനുഭവമായിരുന്നു.....

ഒരുവനെ ഓര്‍ത്ത് അവന്റെ മാതാപിതാക്കള്‍ വിലപിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഒരു അദ്ധ്യാപകന്‍!

തന്റെ എല്ലാ നിയന്ത്രണവും വിട്ടു പോയ അപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്ന്.... മനസ്സിലേക്ക് ഒരു വിങ്ങല്‍ അരിച്ചു കയറി... അതുപിന്നെ തനിക്കു തന്നെ നിയന്ത്രിക്കാനാവാത്ത ഒരു അലമുറയാതും, മാഷിന്റെ കാല്‍പ്പാദങ്ങളിലേക്ക് സ്രാഷ്ടാംഗം പ്രണാമമായി അവസാനിച്ചതും നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു......

സമാധാനിപ്പിച്ചില്ല.... എത്ര നേരം അങ്ങനെ കിടന്നു എന്നും ഓര്‍മ്മയില്ല..... തേങ്ങലിന്റെ അവസാനം കുളിര്‍മ്മയുള്ള രണ്ടു കൈകള്‍ തന്റെ തമുടിയിഴകളെ തഴുകി ഉണര്‍ത്തി.....

“എഴുനേല്‍ക്കടാ കോവാലാ...!” ജൊര്‍ജ്ജുകുട്ടി സാറിന്റെ അത്രയും നേരം കേള്‍ക്കാത്ത ഒരു വ്യത്യസ്ഥ ശബ്ദം....

നിന്നെ അങ്ങനെയാ ചങ്ങാതിമാരും, മാഷുമാരും വിളിക്കുന്നതെന്ന് ഞാനറിഞ്ഞു.... ഇന്നു മുതല്‍ നീ എനിക്കും കോവാലനാണ്.....

അപ്പോഴും നിലച്ചിട്ടില്ലാത്ത തന്റെ ഏങ്ങലടികളെ നെഞ്ചിലേക്ക് ചേര്‍ത്ത് ആവാഹിച്ച് സമാശ്വാസനത്തിന്റെ മറ്റൊരു കുളിര്‍മഴ കൂടി പെയ്യിച്ചു അദ്ദേഹം.....

ഗതകാലത്തിന്റെ കുളിരോര്‍മ്മയിലേക്ക് മഴത്തുള്ളികള്‍ പൊഴിഞ്ഞു.....

“എടോ സുനിലേ... താനിതെന്തെടുക്കുവാ.... മഴ വരുന്നെന്ന് തോന്നുന്നു..... തന്നെ സൈറ്റ് ഒന്നു കാണിച്ചു തന്നിട്ട് പോകാമെന്ന് കരുതി, ഇനി അതും നടക്കുമെന്ന് തോന്നുന്നില്ല...” മുതലാളിയുടെ നീരസം....

പൊടുന്നനവേ മഴയുടെ ശക്തി കൂടി.... എന്‍ സി സി ഓഫീസിന്റെ അടഞ്ഞു കിടന്നവാതിലിനു ഓരം ചേര്‍ന്ന് നില്‍ക്കുമ്പോള്‍ സുനിലിന്റെ മനസ്സിലേക്ക് ജോര്‍ജ്ജുകുട്ടി സാറിന്റെ മുഖം വീണ്ടും കടന്നു വന്നു....

(തുടരും)

47 comments:

 1. ഒരു എളിയ കഥാ ശ്രമം.... വിലയിരുത്താന്‍ അപേക്ഷ.

  ReplyDelete
 2. മഹാന്മാരായി ജീവിതവിജയം കൊയ്ത പലര്‍ക്കും മനസ്സില്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രതിഷ്ടിച്ച വ്യക്തികള്‍
  തങ്ങളുടെ അദ്ധ്യാപകരായിരിക്കും, പലപ്പോഴും സ്വന്തം മാതാപിതാക്കളെക്കാള്‍ ജീവിതത്തിനു സ്വാധീനം ചെലുത്തിയവര്‍.
  അജിത് ഒഴുക്കോടെ എഴുതിയ ഈ കഥയടെ തുടര്‍ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു...

  "ദിവസവും മൂന്നു നേരം അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി നഷ്ടപ്പെടില്ലല്ലോ....ഉച്ചക്ക് അമ്മയോടെ പ്രത്യേകം പറഞ്ഞ് പൊതിച്ചോറ് കെട്ടിക്കണം...തേങ്ങാ ചമ്മന്തിയും, കടുകുമാങ്ങയും,മുട്ടപൊരിച്ചതും,തോരനും... ആഹാ....
  ലക്ഷങ്ങള്‍ വിലകൊടുത്താലും കിട്ടാത്ത രുചി!.."സത്യം!

  ReplyDelete
 3. എന്തോ മനസ്സില്‍ തട്ടുന്ന ഒരനുഭവമായേ എനിക്കു തോന്നിയുള്ളൂ. ഇതൊരു കഥയാവാന്‍ തരമില്ല. പഴയ സ്കൂളിനെയും കോളേജിനെയും ഞാനും പലപ്പോഴും ഓര്‍ക്കാറുണ്ട്. പക്ഷെ ആ കെട്ടിടങ്ങളിലെ മാറ്റം എന്തോ അംഗീകരിക്കാന്‍ സധിക്കുന്നില്ല!. നമ്മുടെ മനസ്സില്‍ ആ പഴയ കെട്ടിടങ്ങള്‍ക്കു തന്നെ സ്ഥാനം!(എഞ്ചിനീയര്‍ ക്ഷമിക്കുക)

  ReplyDelete
 4. ഇത് ഒരു കഥ ആണെന്ന് വിശ്വസിക്കാൻ വയ്യ. പൊള്ളുന്ന അനുഭവമായി കാണാനാണ് എനിക്കിഷ്ടം. എന്റെ ഒന്നാം ക്ലാസ്സ് അനുഭവം എഴുതാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ ഓർമ്മകളുടെ തീവ്രത കാരണം പൂർത്തിയാവുന്നില്ല. ഇവിടെയും അതുപോലെ മനസ്സിൽ എന്തോ ഒരു വേദന.
  കഴിഞ്ഞ ഓണത്തിന് ഞാൻ പഠിപ്പിച്ച(റിട്ടയേർഡ് ടീച്ചറാണേ) സ്ക്കൂളിൽ പോയപ്പോൾ; ഞാൻ 8വർഷം ക്ലാസ്ടീച്ചറായ 10Aയിൽ പൂക്കളം കാണാനായി കടന്നപ്പോൾ പെട്ടെന്ന് തീവ്രമായ ഓർമ്മകൾ എന്നെ വലയം ചെയ്തു. ഇത് വായിച്ചപ്പോഴും അതുപോലെ ഓർമ്മകളായിട്ടാണ് തോന്നിയത്. ജീവിതം ഒരു കഥയാണല്ലൊ.

  ReplyDelete
 5. കുരിശുതൊടിയില്‍ മുഖം മുത്തി അല്‍പ്പ നേരം പ്രാര്‍ത്ഥിച്ചു. ഹിന്ദുവിന്റെ പ്രാര്‍ത്ഥന കര്‍ത്താവ് മുഖവിലക്കെടുക്കുമോ അവോ... മുന്‍പ് പരിഗണിച്ചിരുന്നു... ഇന്നത്തെ കൈവെട്ട് സംസ്കാരത്തില്‍ ദൈവങ്ങളും പക്ഷപാതികളായിട്ടുണ്ടാവുമോ?

  വര്‍ത്തമാന കാലത്തിനോട് കലഹിക്കുന്ന സുവ്യക്തമായ ചോദ്യം ഈ കഥയുടെ ആത്മാവ് പോലെ പ്രാധാനം

  ReplyDelete
 6. പഠിച്ചു പോന്ന സ്ക്കൂളിലേക്ക് തിരികെ ചെല്ലുമ്പോഴുള്ള വേദനയ്ക്ക് നൊസ്റ്റാള്‍ജിയ എന്ന ഓമനപ്പേര് നല്‍കപ്പെട്ടപ്പോഴും ആ വാക്കിന് അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ധ്വനിപ്പിക്കാനാകുന്നുണ്ടോയെന്ന് സംശയമാണ്.

  പഠിപ്പിക്കുന്ന സ്ക്കൂളിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വരുമ്പോള്‍ ഞാന്‍ അവരോടൊപ്പം കൂടാറുണ്ട്. അവരെ സ്വാധീനിച്ച ഓര്‍മ്മകളറിയാന്‍. ചെറുതും വലുതുമായ, ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ വരെ അവരെ സ്വാധീനിച്ചിട്ടുണ്ടാകും. ഒരുപാട് പഠിക്കാനുണ്ടാകും അതില്‍ നിന്നും. അധ്യാപകജീവിതത്തില്‍ ശ്രദ്ധിക്കേണ്ടവ.
  മിനിടീച്ചര്‍ പറഞ്ഞ പോലെ, ഇതു കഥയല്ല. ഇതു ജീവിതം തന്നെയാണ്.

  കഥയിലൂടെ സ്ക്കൂളിലെ എല്ലാ പ്രധാന കോണുകളിലേക്ക് സഞ്ചാരം നടത്തിയിട്ടുണ്ട്. വര്‍ത്തമാനകാലസാഹചര്യങ്ങളെയും കഥ സ്വാധീനിച്ചിട്ടുണ്ട്.

  "കുരിശുതൊടിയില്‍ മുഖം മുത്തി അല്‍പ്പ നേരം പ്രാര്‍ത്ഥിച്ചു. ഹിന്ദുവിന്റെ പ്രാര്‍ത്ഥന കര്‍ത്താവ് മുഖവിലക്കെടുക്കുമോ അവോ... മുന്‍പ് പരിഗണിച്ചിരുന്നു... ഇന്നത്തെ കൈവെട്ട് സംസ്കാരത്തില്‍ ദൈവങ്ങളും പക്ഷപാതികളായിട്ടുണ്ടാവുമോ?"

  ReplyDelete
 7. ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്ക്...കൊള്ളാം...

  ReplyDelete
 8. This comment has been removed by a blog administrator.

  ReplyDelete
 9. This comment has been removed by a blog administrator.

  ReplyDelete
 10. This comment has been removed by a blog administrator.

  ReplyDelete
 11. This comment has been removed by a blog administrator.

  ReplyDelete
 12. This comment has been removed by a blog administrator.

  ReplyDelete
 13. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ക്ലാസ്സ് ടീച്ചർ പറഞ്ഞു നീ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണെന്ന്, പരീക്ഷ അടുത്ത വർഷം എഴുതിയാൽ മതി എന്നും. പക്ഷേ ഒരു വർഷം കൂടി ദിവസവും 14 കിലോമീറ്റർ നടന്നു വന്നു പഠിക്കാൻ കഴിയാത്തതിനാൽ വഴക്കിട്ട് ഞാൻ പരീക്ഷയെഴുതി. കഷ്ടിച്ച് ജയിച്ചു കയറി. പിന്നീട് വർഷങ്ങൾക് ശേഷം അതേ സ്കൂളിൽ പത്താം ക്ലാസ്സിന്റെ പേപ്പർ വാലുവേഷനു ചെന്നപ്പോൾ ഞാൻ പഴയ ക്ലാസ്സിൽ കയറി നിന്നു മണത്തു നോക്കി, എന്റെ ഗന്ധം അവിടെയുണ്ടോ എന്ന്.

  ഓരോരുത്തർക്കും കാണൂം ഇത്തരം നിരവധി ഓർമ്മകൾ.

  ഒരു കഥ എന്ന നിലയിൽ വായിച്ചാൽ ഞാൻ തീരെ നിരാശനാണ്. പ്രയോഗങ്ങളെല്ലാം പഴയത്. നിരീക്ഷണങ്ങൾ കുറവ്, എഡിറ്റിംഗ് ഒട്ടും നടന്നിട്ടില്ല . മനസ്സിലുള്ളത് അതുപോലെ പകർത്തിയിരിക്കുന്നു. നദിയിലിറങ്ങാൻ വളരെ ദൂരെനിന്നേ ഉടുതുണി ഉയർത്തിപ്പിടിക്കുന്ന പോലെ കഥ അതിന്റെ തീക്ഷ്ണതയിൽ തുടങ്ങുന്നതിനു പകരം വലറെ വിദൂരമായ ബോംബെയിൽ നിന്നൊക്കെ തുടങ്ങേണ്ട കാര്യമില്ല. നദിയുടെ കളകളാരവം എന്നൊക്കെ ഇപ്പോൾ ആരും എഴുതാറില്ല. അതും കേരളത്തിലെ മരിക്കുന്ന നദിയായ പമ്പയെക്കുറിച്ച്. ഒരുപാട് മാംസളമായതിനാൽ വായനക്കാരനിലേക്ക് നമ്മുടെ അനുഭവ തീക്ഷണത വരാൻ സാധ്യത മങ്ങും.

  പക്ഷേ ഇത് ഒരു ഓർമ്മക്കുറിപ്പാകുമ്പോൾ നമുക്ക് വിലക്കുകളില്ലാതെ ഓർത്തെടുക്കാം. മനസ്സിലുള്ള വളരെ ചെറിയ നിക്ഷേപങ്ങൾ പോലും കുറിച്ചു വയ്ക്കാം. അതിനാൽ ഞാൻ ഇതിനെ ഒരു കഥയായി കാണുന്നില്ല.

  ReplyDelete
 14. വായനക്കാര്‍ അഭിപ്രായപ്പെട്ട പോലെ ഇതൊരു ആനുഭാവ കഥ ത്തന്നെയാണ്... ആ രീതിയില്‍ എഴുതി മുഴുവിപ്പിക്കുകയും ചെയ്തിരുന്നു... എന്നാല്‍ ഒരു തുറന്നെഴുത്ത് ചിലപ്പോള്‍ പലരേയും വിഷമിപ്പിക്കാന്‍ ഇടയുണ്ടെന്ന തിരിച്ചറിവ് കഥാരൂപത്തിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ചു... അനുഭവം എഴുതി തീര്‍ത്തതിന്റെ ഇറ്റയിലേക്ക് ചില ഫ്ലേവറുകള്‍ കുത്തി തിരുകി ഈ അവസ്ഥയില്‍ എത്തിച്ചതാണെന്നും തുറന്നു സമ്മതിക്കുന്നു... എന്‍ ബി സുരേഷ് പറഞ്ഞ ഒരു കാര്യത്തോട് എനിക്കു വിയൊജിപ്പുണ്ട്.... കഥയുടെ ചട്ടക്കൂടുകള്‍ ഇപ്രകാരം ആ‍യിരിക്കണം എന്ന് ഒരു ലക്ഷമണ രേഖയും ആരും വരച്ചു വച്ചിട്ടില്ല... കളകളാരവമൂറും എന്ന് ഇന്നാരും എഴുതാറില്ല എന്ന കാരണത്താല്‍ ഞാന്‍ എഴുതാന്‍ പാടില്ല എന്നു ശഠിക്കുന്നതിലും അര്‍ത്ഥമൂണ്ടെന്ന് തോന്നുന്നില്ല... കാരണം എന്റെ മനസ്സിലെ പമ്പ ഇന്നും കളകളാരവമൂറി നില്‍ക്കുന്ന മരണമില്ല്ലത്ത പമ്പ തന്നെയാണ്... അതുമാത്രമല്ല, കഥയുടെ പശ്ചാത്തലം വരുന്ന ഭാഗത്ത് പമ്പ അന്നും ഇന്നും ഒരുപൊലെ തന്നെയാണ്....

  കഥയുടെ നിലവാരത്തില്‍ എത്തിയില്ല എന്ന അഭീപ്രായത്തോട് ഞ്ഞാനും യോജിക്കാം.. ഞാന്‍ ഒരു പക്ഷേ എത്ര ശ്രമിച്ചാലും ഒരു കഥയായി മാ‍റാന്‍ സാദ്ധ്യതയില്ലാത്ത തീവ്രമായ ഊരു അനുഭവക്കുറിപ്പ് തന്നെയാണിത്... അതുകൊണ്ട് തന്നെ പരാജയം സന്തോഷപൂര്‍വ്വം അംഗീകരിക്കുന്നു

  ReplyDelete
 15. ഇതൊരു കഥയ്ക്കപ്പുറം
  ജീവിതത്തില്‍ നിന്നൊരേട്,ഗൃഹാതുരതയുടെ കൈയൊപ്പ് ഇതിന്‍റെ മുകളില്‍ കാണുന്നു......
  അടുത്ത ഭാഗത്തിനായി........

  ReplyDelete
 16. Katha valare nannayittundu...swantham anubhavamalle...really touching

  ReplyDelete
 17. ആത്മാശംസമുള്ള കഥ; അതുതന്നെയാണ് ഈ കഥയുടെ സവിശേഷതയുമെന്ന് കരുതുന്നു.. സ്വന്തം വിദ്യാലയത്തിലെത്തുമ്പോള്‍ നമ്മളിലൂടെ കടന്നുപോകുന്ന ചിന്തകള്‍, അത് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. എല്ലാവിധ ആശംസകളും...

  സ്നേഹത്തോടെ..
  അനില്‍

  ReplyDelete
 18. ഇതുവായിച്ചപ്പോള്‍ അറിയാതെ പഴയസ്ക്കൂള്‍ വരെ പോയി വന്നു.നന്നായി എഴുതിയിരിക്കുന്നു..ഓര്‍മ്മക്കുറിപ്പായാല്‍ മതി.
  ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് നോക്കുക.പുതിയപോസ്റ്റിടുമ്പോള്‍
  ഇതുപോലെ മെസ്സേജ് തരുക

  ReplyDelete
 19. ഓർമ്മകൾ പിടിവിടാത്തൊരു കഥ....
  തുടരട്ടെ...

  (ഒരു പൊതിച്ചോറിനകത്ത് തേങ്ങാ ചമ്മന്തിയും, കടുകുമാങ്ങയും,മുട്ടപൊരിച്ചതും,തോരനും ഇത്രയൊക്കെ കാണുമോ...? ഭാഗ്യവാനായിരുന്നൂല്ലെ...!!?)

  ആശംസകൾ....

  ReplyDelete
 20. പഴയ ഓര്‍മകളിലേക് ഒരിക്കല്‍ കൂടി. ഹൃദ്യമായി.
  സുരേഷേട്ടന്റെ അനുഭവക്കുറിപ്പും നന്നായി.
  കാണാം. കാണും

  ReplyDelete
 21. എന്‍.ബി സുരേഷ് പറയുന്ന മാതിരി തന്നെ കഥയെഴുതണമെന്ന അഭിപ്രായം എനിക്കുമില്ല. അതു പോലെ അദ്ദേഹം കമന്റ് ബോക്സ് സ്വന്തം കമന്റ് കൊണ്ട് നിറച്ചതും ശരിയായില്ല(ക്ലിക്കി,ക്ലിക്കി നിറഞ്ഞതാവും!)

  ReplyDelete
 22. ഞാനും ഒരു 10 ബി.ക്കാരന്‍ ആയിരുന്നു. ഇംഗ്ലീഷിലെ ഏറ്റവും മനോഹരമായ പദം ആണോ നൊസ്റ്റാള്‍ജിയ..!

  ReplyDelete
 23. ഓര്‍മ്മകളുടെ നദിയിലൂടെ ഞാനും ഒഴുകി, എന്‍റെ സ്കൂള്‍ലേക്ക്...അതിനു ആദ്യം നന്ദി.
  വായിച്ചതത്രയും ഞാന്‍ ആസ്വദിച്ചു വായിച്ചു. തീര്‍ച്ചയായും ബാക്കിക്കായി കാത്തിരിക്കുന്നു.

  എന്‍റെ കോളേജ്നു പുറകില്‍ കൂടിയും നിറ സമൃദ്ധമായാണ് ഇന്നും പമ്പ ഒഴുകുന്നത്‌ :-)

  ReplyDelete
 24. ആദ്യഭാഗങ്ങളിലെ വൈരസ്യം അവസാനഭാഗങ്ങളിൽ വൈകാരികതയുടെ അമ്ലതീക്ഷ്ണതയ്ക്ക് വഴിമാറി, ഹ്ര്‌ദ്യമായി. ജീവിതത്തിന്റെ ചാലുകൾ നന്മയിലേയ്ക്ക് വഴിതിരിച്ചു വിടുന്നതിൽ അധ്യാപകനോ അയൽ‌വാസിയോ ആദ്ധ്യാത്മികഗുരുവോ ഒക്കെ നിമിത്തമാകുന്ന അനുഭങ്ങൾ‌.... നല്ല വായന നൽകി ആത്മാംശം സ്പന്ദിക്കുന്ന ഈ കുറിപ്പ്. നന്ദി.

  ReplyDelete
 25. അരിച്ചിറങ്ങിയ ഓര്‍മ്മകളിലേക്ക് വഴുതിവീഴുന്നത് നല്ല ഒഴുക്കോടെ പറഞ്ഞു. ഓര്‍മ്മകളില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ചെറിയ സംഭവം പോലും വ്യക്തമായി വരക്കുന്നുണ്ട്. എപ്പോഴും മാതാപിതാക്കലെക്കാള്‍ മനസ്സില്‍ തങ്ങുന്നത് പഴയകാല അദ്ധ്യാപകര്‍ ആണെന്നാണ്‌ എനിക്ക് തോന്നുന്നത്. സ്കൂളിലെ പഴയ ഇരിപ്പിടം വരെ (പറയാതെ തന്നെ)മനസ്സിലൂടെ കടന്നുപോയി.
  ഭാവുകങ്ങള്‍.

  ReplyDelete
 26. കഥയെക്കാളുപരി ഒരു ഓര്‍മ്മക്കുറിപ്പായി തോന്നി..... എന്നാലും കൊള്ളാം... അഭിനന്ദനങ്ങള്‍

  ReplyDelete
 27. ഓർമ്മകൾ വീണ്ടും എന്റെ പഴയ വിദ്യാലയമുറ്റത്തേക്ക് കൂട്ടിക്കൊണ്ടുപോയി...
  കഥയാണെങ്കിലും അനുഭവമാണെങ്കിലും അനുഭവിച്ചറിഞ്ഞവനുമാത്രമേ ഇങ്ങനെയെഴുതാനാ‍വൂ. നന്നായി.

  ആശംസകൾ!

  ReplyDelete
 28. ആത്മാംശത്തിന്റെ ഒരേട്...
  നന്നായി...
  ഓർമ്മകളുണ്ടായിരിക്കണം....


  മിനു...

  ReplyDelete
 29. വായിക്കാൻ തുടങ്ങിയപ്പോൾ ഒരു നല്ല അനുഭവം നൽകുന്ന കുറിപ്പാവുമന്നാണ്‌ കരുതിയത്. പക്ഷേ നാടകീയതയും സാഹിത്യവും കുത്തിതിരുകി, ഒരുവിധം പുളിപ്പിച്ചു കളഞ്ഞു. സ്കൂളിലേ ഓർമ്മകളിലേക്കും ആ പുളിപ്പ് പടർത്തി. പറഞ്ഞുവന്നപ്പോൾ യാഥാർഥ്ത്യങ്ങൾക്കപ്പുറമുള്ള ഒരു വികലതയാർന്ന കുറിപ്പ്. ഈ കഥയിലെ കേന്ദ്രകഥാപാത്രത്തിന്റെ പേരുള്ള ഒരു ബ്ളോഗറുണ്ട്. സുനിൽ അഥവാ ഉപാസന. അനുഭവകുറിപ്പുകൾ വെള്ളിതിരയിലെന്നപോലെ വായനക്കാരനെ പിടിച്ചിരുത്തുന്ന സർഗ്ഗാത്മകത. എന്തങ്കിലും ഒക്കെ എഴുതി പിടിപ്പിച്ചിട്ട് അനുഭവത്തിന്റെ വികാരവിക്ഷോഭത്തിൽ എഴുതിവന്നപ്പോൾ എന്നൊക്കെ പറയുമ്പോൾ കഥവായിക്കുന്നവനും അത് യാഥാർത്ഥ്യമാണാന്ന് തോന്നണം. ഊതിപെരുപ്പിച്ച് നൊസ്റ്റാൽജിയ ഉണ്ടാക്കി വായനക്കാരനെ കൂട്ടാമന്ന് കരുതിയങ്കിൽ തെറ്റിപോയി എന്ന് പറയാതെ വയ്യ.

  ReplyDelete
 30. തീക്ഷ്ണമായ അനുഭവങ്ങളെ നല്ലൊരു കഥയാക്കാൻ കുറച്ചു പണിയുണ്ട്...മനസ്സിൽ തട്ടിയ കാര്യങ്ങൾ എഡിറ്റിംഗിന് എളുപ്പം വഴങ്ങില്ല..പൊഞ്ഞാറുണ്ടാക്കിയ കഥ...

  ReplyDelete
 31. നന്നായി..
  പക്ഷേ ആ തുടരും എന്നുള്ളത് എന്നെ ഭയപ്പെടുത്തി.. ഇനിയും???

  ReplyDelete
 32. സുരേഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു . ഇത് ഒരു കഥയായില്ല. കഥയുടെ ശില്പമോ രൂപമോ ഭാഷയോ കാണാന്‍ കഴിയുന്നില്ല. [പല വാക്കുകളും വാചകങ്ങളും ക്ലീഷേ ആയോ എന്ന് സംശയം.
  ഓര്‍മ്മക്കുറിപ്പ് ആണെങ്കില്‍ ഒന്ന് കൂടി ആസ്വദിച്ച് വായിക്കാമായിരുന്നു . മാത്രവുമല്ല പരത്തി പറയാതെ ഒതുക്കി പറയാന്‍ ശ്രമിചിരുന്നേല്‍ കുറെ കൂടി നന്നായിരുന്നു.
  നല്ല ശ്രമം ആണ്. അഭിനന്ദനങ്ങള്‍ ..!

  ReplyDelete
 33. ഇത്തിരി ചുരുക്കിയെഴുതിയാല്‍
  മികവേറും,കഥയോ കഥനമൊ
  അനുഭവങ്ങളൊ എന്നിങ്ങനെ ഏതിനത്തിലും
  ഉള്‍പ്പെടുത്താം...ഓര്‍മ്മകള്‍ നന്ന്.

  എന്‍.ബി സുരേഷിന്‍റെ തുരുതുരെ കമന്‍റുകള്‍
  അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല,ഒരെണ്ണം
  നിലനിര്ത്തി ബാക്കി ഡിലിറ്റിയേക്ക്.

  ReplyDelete
 34. ഗതകാലത്തിന്റെ കുളിരോര്‍മ്മയിലേക്ക് മഴത്തുള്ളികള്‍ പൊഴിഞ്ഞു.....എന്റെ മനസ്സിലും.
  ഇതിനെ വെറും ഒരു കഥ എന്ന ലേബലില്‍ ഇടാതെ.ഇതു വായിക്കുന്ന എല്ലവരുടെയും ആത്മകഥയാണ്.

  വരാന്‍ വൈകി. ഇന്നാണ് മെയില്‍ കണ്ടത്. പുതിയപോസ്റ്റ് ഇടുമ്പോള്‍ അറിയിക്കണേ.

  ReplyDelete
 35. ഓർമ്മയുടെ ചെപ്പ്‌ വിദ്യാലയത്തിൽ വെച്ച്‌ തുറന്നു ഞങ്ങളെയെല്ലാം അനുഭവിപ്പിച്ച എഴുത്തിനു അഭിനന്ദനങ്ങൾ

  ReplyDelete
 36. കൂടുതല്‍ വളച്ചുകെട്ടില്ലാതെ നേരിട്ട് സംവദിക്കുന്ന കഥ പറച്ചില്‍ നന്നായി.

  ReplyDelete
 37. ഒരു കഥയുടെ രൂപഭാവങ്ങള്‍ തോന്നിയില്ല. കഥയെഴുത്തില്‍ എഴുത്തുകാരന്‍ പരാജയപ്പെട്ടു എന്നാണ് ഈ പോസ്റ്റില്‍ അനുഭവപ്പെട്ടത്.
  സുരേഷിന്റെ കമന്റിനോട് യോജിക്കുന്നു,

  (സുരേഷിന്റെ ആവര്‍ത്തന കമന്റുകള്‍ ഡെലിറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു. അതല്ല കമന്റുകളുടെ എണ്ണമാണേങ്കില്‍ ഓക്കെ.)

  ReplyDelete
 38. (സുരേഷിന്റെ ആവര്‍ത്തന കമന്റുകള്‍ ഡെലിറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു. അതല്ല കമന്റുകളുടെ എണ്ണമാണേങ്കില്‍ ഓക്കെ.)

  @നന്ദകുമാര്‍.... സുരേഷിന്റെ കമന്റുകള്‍ ഞാന്‍ വളരെ മുന്നേ ഡിലീറ്റിയതാണ്.... എനിക്കിവിടെ കാണുന്നുമില്ല... എങ്കിലും കമന്റിട്ടവര്‍ എല്ലാം അത് കാണുന്നതായി പറായുന്നു... കാരണം അറിയില്ല.... കമന്റുകള്‍ കിട്ടുന്നഥില്‍ തീര്‍ച്ചയായും താല്‍പ്പര്യം ഉണ്ട്.... ഓരോ ബ്ലോഗര്‍ക്കും എഴുതാനുള്ള താല്‍പ്പര്യം തന്നെ കമന്റുകള്‍ ആണെന്നാണെന്റെ വിശ്വാസം... പക്ഷേ റിപ്പീറ്റ് കമന്റുകള്‍ കാണിച്ച് എന്റെ വലുപ്പം കാണിക്കാ‍നും മാത്രം അല്‍പ്പനല്ല എന്നും കൂടി അറിയിക്കട്ടെ....

  ReplyDelete
 39. സത്യന്ധമായി അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും നന്ദി....

  ReplyDelete
 40. ബാക്കി ഉടനെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. എന്റെ ഒരു വിദ്യാലയ അനുഭവം പങ്ക് വെക്കാൻ
  ഇവിടെ
  തുറക്കുക,

  ReplyDelete
 41. സുനിലിനു അജിയുടെ മുഖം.... എന്റെ തോന്നലല്ലല്ലോ .....ആ സാഷ്ടാംഗ പ്രണാമം കണ്ണ് നനയിച്ചു.
  ഓര്‍മ്മകളില്‍...ഇത് പോലെ സങ്കടവും ആനന്ദവും ഇടകലര്‍ന്ന എത്ര നനവുകള്‍....
  തുടരുക....എല്ലാ നന്മകളും നേരുന്നു....

  ReplyDelete
 42. നമ്മള്‍ ഇതിനു മുന്‍പ് പരിചയം ഉണ്ടോ വായിച്ചിട്ടുണ്ടൊ എന്നറിയില്ല, താങ്കളുടെ പേര് വളരെ പരിചയം, സന്തോഷം ഈ കഥ വായിക്കാന്‍ കഴിഞ്ഞതില്‍

  ReplyDelete
 43. നല്ലൊരു അനുഭവക്കുറിപ്പ് വായിക്കാന്‍ കഴിഞ്ഞു .

  ReplyDelete
 44. സുനില്‍ ഇതാണ് നമ്മുടെ സൈറ്റ്. ഇന്നു മുതല്‍ താനാണ് ഇതു നോക്കി നടത്തേണ്ടത്..
  ഞാനോ.....?
  നീറണ്ണാ.... കലക്കി

  ReplyDelete