മരണം പലപ്പോഴും എന്റെ ചിന്തകളെ കാടു കയറ്റുന്ന ഒരു പ്രതിഭാസമായി മാറിയിട്ടുമുണ്ട് അതുകൊണ്ട് തന്നെ മരണത്തിന്റെ മറുപുറങ്ങള്‍ ആധാരമാക്കി കഥകളോ സംഭവങ്ങളോ ധാരാളം എനിക്ക് എഴുതാനും കഴിഞ്ഞിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ മരണം അറിഞ്ഞോ അറിയാതെയോ കാലക്രമേണ എന്റെ ഇഷ്ട കഥാപത്രങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു....
അവശ്വസനീയമായ പല മരണങ്ങളും എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. പ്രഹേളിക എന്ന പേരില്‍ എനിക്ക് അത്തരത്തില്‍ അനുഭവിക്കേണ്ടി വന്ന ഒരു അവിശ്വനീയത മുന്‍പ് ഇവിടെ എഴുതിയിട്ടുമുണ്ട്....
യമദേവന്‍ ഒരു അദൃശ്യസാന്നിദ്ധ്യമായി, ഒരു സന്തതസഹചാരിയായി, എന്റെ നിഴലായി എപ്പോഴും എന്നെയും പിന്‍തുടരുന്നതായി എനിക്ക് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും അദ്ധേഹം മരണമാകുന്ന സദ്യാലയത്തിന്റെ കവാടം വരെ എന്നെ കൂട്ടിക്കൊണ്ട് പോയശേഷം ഇന്നത്തെ സദ്യ രുചിയില്ലാത്തതാണ് നിനക്കു നാളെ വിളമ്പാം എന്ന് പറഞ്ഞ് മടക്കി അയച്ചിട്ടുമുണ്ട്. അതില്‍ അതിശയോക്തിയില്ല, കാരണം ഞാനതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നു എന്നതാവാം കാരണം. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ജനിച്ച സെക്കന്റു മുതല്‍ നമ്മുടെ കൂടെയുള്ള നിഴല്‍ തന്നെയാണ് മരണവും....
എന്തായാലും ഇവിടെ എന്റെ വിഷയം മരണം തന്നെയാണ്. ചിലര്‍ പറയും ഇത്തരം വിഷയങ്ങള്‍ എഴുതിയാല്‍ അറംപറ്റും എന്നൊക്കെ. പക്ഷേ അത്തരം വിശ്വാസങ്ങള്‍ക്കപ്പുറത്താണ് എന്റെ മരണവിശ്വാസങ്ങള്‍ എന്നതിനാല്‍ എഴുതുന്നതില്‍ സങ്കോചമൊന്നുമില്ല....
ജനനം മുതല്‍ ഏതൊരു വ്യക്തിയുടെയും നിഴലാണ് മരണം എന്നതിന് അടിവരയിടും വിധം മരണത്തില്‍ നിന്ന് അല്ലെങ്കില്‍ കടുത്ത രീതിയില്‍ സംഭവിച്ചേക്കാമായിരുന്ന പരുക്കുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടാന്‍ എനിക്ക് കഴിഞ്ഞു. ദൈവത്തിന്റെ സാന്നിദ്ധ്യം പലപ്പോഴും തൊട്ടറിഞ്ഞ നിമിഷങ്ങള്‍. അത്തരത്തില്‍ ഞാന്‍ കടന്നുപോയ നിമിഷങ്ങള്‍ ആണ് രാധികേ അതു നീയോ..? എന്ന എന്റെ ബ്ലോഗ്.....
എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ കുസൃതിയായ ഞാന്‍ വീട്ടിലെ അരകല്ലില്‍ ചവുട്ടി മുകളിലെ സ്ലാബിലേക്ക് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ലാബില്‍ നിന്ന് തലയും കുത്തി താഴെ വീണതിനെ തുടര്‍ന്ന് മരണാസനനായി ദിവസങ്ങളോളം കിടക്കേണ്ടി വന്നിട്ടുണ്ട്. മരണത്തിന്റെ പ്രഹരം പോലെ അത് ഇടത്തേ പുരികത്തില്‍ ഒരു കലയായി അവശേഷിക്കുന്നു....
അടുത്തത് സ്കൂളിലെ കളികള്‍ക്കിടയില്‍ ആയിരുന്നു. അന്ന് ഞാന്‍ രണ്ടാം ക്ലാസില്‍. ജീവിതത്തിലെ കള്ളനാണെന്ന് അടുത്ത കൂട്ടുകാര്‍ വിശേഷിപ്പിക്കുന്ന ഞാനാകുന്ന കളികള്ളനെ പിറകെ ഓടിച്ച കളിപോലീസ് കുതികാലു വച്ചു വീഴ്ത്തിയത് മാത്രമേ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. ഉണര്‍ന്നത് ആശുപത്രി കിടക്കയിലായിരുന്നു. സ്കൂള്‍ ടീച്ചറന്മാരുടെ അവസരോചിത ഇടപെടല്‍ എന്റെ ജീവന്‍ രക്ഷിച്ചു എന്ന് പിന്നീടറിഞ്ഞു. നിയന്ത്രണം തെറ്റി ഞാന്‍ വീണത് സ്കൂളിന്റെ സ്റ്റേജിന്റെ പടവുകളിലേക്ക്. ആ മരണ ഓര്‍മ്മകള്‍ മുന്‍ വശത്തെ മൂന്നു വെപ്പു പല്ലുകളുടെ രൂപത്തില്‍ എന്നെ ഇന്നും തൊട്ടു വിളിക്കുന്നു....
മൂന്നാം ക്ലാസില്‍ വച്ചായിരുന്നു അടുത്ത തലോടല്‍. പാഞ്ഞുവന്ന ഒരു സൈക്കിളിന്റെ രൂപത്തിലായിരുന്നു അത്. കുത്തനെയുള്ള ഒരു ഇറക്കത്തില്‍ പാഞ്ഞുവന്ന എന്റെ നാട്ടുകാരനായ ഒരാള്‍ നിയന്ത്രണം വിട്ട സൈക്കിള്‍ ഓടിച്ചു കയറ്റിയത് എന്റെ നെഞ്ചിലേക്ക്. ടാര്‍ റോഡില്‍ പുറകിലേക്ക് തലയടിച്ച് വീണ ഞാന്‍ ഉണര്‍ന്നത് ദിവസങ്ങള്‍ക്ക് ശേഷം. അന്നും രഹസ്യമായ പിറുപിറുക്കലുകള്‍ കേട്ടു. ഇതിവന്റെ പുനര്‍ജന്മം.
പത്തു വയസ്സുള്ളപ്പോള്‍ വീണ്ടും അദ്ദേഹം എന്നെ വിളിച്ചു. ഈ തവണ ബൈക്കിന്റെ രൂപത്തില്‍. സ്കൂള്‍ വിട്ട് എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്കൊപ്പം അവളുടെ ചേട്ടന്റെ സൈക്കിളില്‍ തിരികെ വീട്ടിലേക്ക്. മുന്‍പില്‍ കൂട്ടുകാരി, പിന്നിലെ കാരിയറില്‍ ഞാന്‍. ചെറിയ വളവില്‍ എതിരെ വന്ന ബുള്ളറ്റ് ഒരു നിമിഷം കൊണ്ട് ഞങ്ങള്‍ സഞ്ചരിച്ച സൈക്കിളിനെ ഇടിച്ചു. ബൈക്കു യാത്രക്കരന്‍ ബൈക്കില്‍ നിന്ന് വീണു ഒപ്പം അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ബുള്ളത് റോഡില്‍ മലര്‍ന്നടിച്ചു വീണ എന്റെ നഞ്ചിലേക്കും. കൂട്ടുകാരിയും ചേട്ടനും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടപ്പോള്‍ ഞാന്‍ യമദേവനേയും പ്രതീക്ഷിച്ച് ആശുപത്രിയില്‍. പക്ഷേ അദ്ധേഹത്തിന്റെ കയ്യിലിരുന്ന കയര്‍ എന്റെ കഴുത്തിന് ചേരുന്നതല്ല എന്നും പറഞ്ഞ് അന്നും എന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
അടുത്തതിന് നാലുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ചെറിയ ആ ഗ്യാപ്പ് കിട്ടിയതിന്റെ ആനുകൂല്യം തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ എനിക്ക് തന്ന് അദ്ധേഹം കണക്ക് തീര്‍ത്തു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു അത്. കൃസ്തുമസ് അവധിക്ക് എന്റെ അടുത്ത ബന്ധുവിനൊപ്പം എരുമേലിയില്‍ പോയി. അവിടെ ബന്ധുവിന് അയ്യപ്പ സീസണ്‍ പ്രമാണിച്ച് താല്‍ക്കാലിക ഹോട്ടല്‍ ബിസിനെസ്സ് ഉണ്ടായിരുന്നു. മൂന്നാലു ദിവസം അവിടെ നില്‍ക്കമെന്നു കരുതി പോയതായിരുന്നു. വൈകുന്നേരം അടുത്തുള്ള മണിമലയാറ്റില്‍ കുളിക്കാന്‍ ക്ഷണിച്ചു. പമ്പയാറിന്റെ തൊട്ടടുത്ത് താമസിക്കുന്ന എനിക്ക് നീന്തലറിയാമെന്നായിരുന്നു കൂടെ വന്ന ആളുടെ വിചാരം, പക്ഷേ എനിക്കോ നീന്തല്‍ പോയ്യിട്ട് തുഴയല്‍ പോലും അറിയുകയും ഇല്ല. നദിയിലിറങ്ങിയപ്പോള്‍ അത്ര ആഴം തോന്നിയില്ല. എന്നാല്‍ എന്റെ എല്ലാ പ്രതീക്ഷകളേയും തെറ്റിച്ചു കൊണ്ട് പൊടുന്നനവെ ഞാന്‍ ഒരു കയത്തില്‍ അകപ്പെട്ടു. ആരോ കാലില്‍ പിടിച്ചു വലിക്കുന്ന പോലെ അഗാധത്തിലേക്ക്. പക്ഷേ പകുതിയില്‍ എവിടെ വച്ചോ തിരികെ മുകളിലേക്ക് പൊന്തിവരാന്‍ കഴിഞ്ഞു. പക്ഷേ അധികനേരം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല, വീണ്ടും താഴേക്ക്. പോക്കില്‍ ലിറ്ററുകണ്‍ക്കിന് വെള്ളവും അകത്ത് ചെന്നു. വീണ്ടും ഏതോ ശക്തിയുടെ പിന്‍ബലം പോലെ മുകളില്‍. ഈ തവണ എന്റെ ബോധം പകുതി മറഞ്ഞിരുന്നു. വീണ്ടും താഴേക്ക്. പക്ഷേ പകുതി പോലും ചെല്ലുന്നതിനു മുന്‍പ് എന്റെ മുടിയില്‍ ആരോ പിടിച്ച് മുകളിലേക്ക് വലിക്കുന്നത് തിരിച്ചറിഞ്ഞു. ആ ഓര്‍മ്മകള്‍ക്കപ്പുറം പിന്നീട് ഒന്നും ഓര്‍മ്മയില്ലായിരുന്നു. ഉണര്‍ന്നത് പതിവുപോലെ ആശുപത്രിക്കിടക്കയില്‍. പിന്നെ അറിഞ്ഞു മുങ്ങി ചാകാന്‍ തുടങ്ങുന്നവര്‍ രണ്ട് തവണ ഇങ്ങനെ സ്വാഭാവികമായി പൊങ്ങിവരുമെന്നും, മൂന്നാമത്തെ തവണ താഴേക്കു പോയാല്‍ പിന്നെ ഒരിക്കലും മടങ്ങി വരില്ല എന്നും. ഞാന്‍ മൂന്നാമത്തെ തവണ താഴേക്ക് പോയപ്പോളാണ് തിരിഞ്ഞു നിന്ന് സോപ്പ് തേച്ചു കൊണ്ടിരുന്ന ബന്ധു എന്റെ അസ്വഭാവികമായ പ്രകടനത്തിലെ അപകടം തിരിച്ചറിഞ്ഞത്. സന്ദര്‍ഭോചിതമായ ആ ഇടപെടല്‍ എന്നെ തഴേക്ക് പിടിച്ചു വലിച്ചുകൊണ്ടു പോയ യമദേവനെ പോലും ഒരു നിമിഷം ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കണം!
ആശുപത്രിയില്‍ നിന്ന് എത്തി പിറ്റേന്നു തന്നെ യമദേവന്‍ എന്നെ ഒരുവട്ടം കൂടി ആശ്ലേഷിക്കാന്‍ ശ്രമിച്ചു. ഇത് അല്‍പ്പം കൂടി കടുത്ത രീതിയില്‍. താല്‍ക്കാലിക ഹോട്ടലിന്റെ അടുക്കളയും ചായ അടിക്കുന്ന ഇടവും തമ്മില്‍ ഒരു ചെമ്മണ്‍ നിറമുള്ള കര്‍ട്ടനാല്‍ മറച്ചിരുന്നു. അടുക്കളയില്‍ നിന്ന് പുറമെ ചായ അടിക്കുന്നിടത്തെ കെറ്റിലില്‍ നിറക്കാനായി വലിയൊരു ചരുവത്തില്‍ നിറയെ തിളച്ച പാലുമായി രണ്ട്പേര്‍ കര്‍ട്ടന് അപ്പുറത്തു നിന്ന് വരികയാണ്. ഇതറിയാതെ ഞാന്‍ അടുക്കളയിലേക്ക് ഒരു ഓട്ടം. കര്‍ട്ടന്‍ കടന്നതും എതിരെ വരുകയായിരുന്ന തിളച്ച പാലിന്റെ പാത്രത്തിലേക്ക് ശക്തമായി ഞാന്‍ ചെന്നു ഇടിച്ചു. പാല്‍പാത്രം പിടിച്ചവരുടെ നിയന്ത്രണം വിട്ടു. നിറച്ച തിളച്ച പാല്‍പാത്രം വീണുകിടക്കുന്ന എന്റെ ശരീരത്തിലേക്ക്. പിന്നെയുള്ളത് ഒന്നും വിവരിക്കേണ്ടല്ലോ. മുഖം ഒഴിച്ച് ശരീരഭാഗങ്ങള്‍ മുഴുവനായി പൊള്ളി. മാസങ്ങള്‍ ആശുപത്രിയില്‍. ഡോക്ടേഴ്സ് സമയം മാറി മാറി നല്‍കി. എന്തായാലും ഒടുവില്‍ ഞാന്‍ പിന്നെയും ബാക്കി!!!!
വീണ്ടും ജീവിതത്തിലേക്ക്! അടുത്ത തലോടലിനായി വീണ്ടും നീണ്ട ഒരു ഇടവേള. അടുത്തത് പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി തെണ്ടി മുംബയില്‍ എത്തിയപ്പോഴായിരുന്നു. എനിക്ക് ഇരുപത്തൊന്ന് വയസ്സ്. ഡോമ്പുവില്ലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്ന എന്നെ പെട്ടെന്ന് സുഹൃത്ത് പുറകിലേക്ക് വലിച്ചിട്ടു. ഞാന്‍ ഊക്കോടെ റെയില്‍വേ സ്തേഷന്റെ മേല്‍ക്കൂര താങ്ങി നിര്‍ത്തിയിരിക്കുന്ന സ്റ്റീല്‍ ബീമില്‍ ഇടിച്ചു. ഇടിച്ച് ഭാഗം വേദനിച്ചു സുഹൃത്തിനോട് തട്ടിക്കേറുമ്പോള്‍ അവന്റെ പ്രതികരണം “ഞാന്‍ നിന്നെ വലിച്ചില്ലായിരുന്നെങ്കില്‍ ആ ട്രയിന്‍ നിന്നെ തട്ടി ഇട്ടേനേം” അവന്റെ വാക്കുകള്‍ അത്ര ഗൌരവമായി എടുത്തു എന്നു മാത്രമല്ല അവനോട് അടങ്ങാത്ത പകയും തോന്നി. പക്ഷേ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ട്രയിന്‍ തട്ടി കണ്മുന്‍പില്‍ ഒരു മരണം കണ്ടപ്പോളാണ് എന്റെ രക്ഷപെടലിന്റെ ആഴം എത്രയുണ്ടെന്ന് എനിക്കു മനസ്സിലായത്. ശരീരത്തിനെ കാര്യമായി ബാധിച്ചില്ലെങ്കിലും മുകളില്‍ എഴുതിയ എല്ലാവിധ രക്ഷപെടീലുകള്‍ക്കും അപ്പുറമുള്ള ഒരു വലിയ രക്ഷപെടീല്‍ തന്നെ ആയിരുന്നു അത്.....
റിയാദില്‍ ഒരു കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായി ജോയ്ന്‍ ചെയ്തത് 1997 മെയ് 27 നായിരുന്നു. എനിക്ക് ഇരുപത്തിനാല് വയസ്സ്. വന്നതിന്റെ അടുത്ത വര്‍ഷം തന്നെ ഒരു വലിയ അപകടത്തില്‍ നിന്ന് ഞാന്‍ അത്ഭുതകരമായി രക്ഷപെട്ട കഥയാണ് രാധികേ അതു നീയോ..? എന്ന പേരില്‍ ഞാന്‍ എഴുതി എന്നു പറഞ്ഞത്. അതിനാല്‍ തന്നെ ഒരിക്കല്‍ കൂടി അത് ഇവിടെ വിവരിക്കുന്നതിലെ അനൌചിത്യം കണക്കിലെടുത്ത് ഇതൊനോട് ചേര്‍ന്ന് ആ ബ്ലോഗും കൂടി വായിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.
രണ്ടായിരത്തില്‍ തന്നെ വീണ്ടും ഞാന്‍ ഒരു വലിയ റോഡ് ആക്സിഡന്റിനെ നേരിടേണ്ടി വന്നു. ദുബായില്‍ നിന്ന് ഓഡര്‍ ചെയ്ത ഫ്ലോര്‍ ടൈലുമായി വന്ന ട്രെയിലര്‍ തിരക്കി ഇറങ്ങിയതായിരുന്നു ഞാനും എന്റെ സുഹൃത്തും. ട്രെയിലര്‍ ഡ്രൈവര്‍ പറഞ്ഞ ലോക്കേഷന്‍ റിയാദ് സിറ്റിയില്‍ നിന്ന് അകന്ന ഒരു സ്ഥലം ആയതിനാല്‍ റോഡിനെ കുറിച്ച് അത്ര പരിചയമില്ല. റിയാദ് ദമാം ഹൈവേയില്‍ സിറ്റി കഴിഞ്ഞുള്ള ഒരു സര്‍വ്വീസ് റോഡാണ് ലക്ഷ്യം. സുഹൃത്ത് വണ്ടി ഓടിക്കുന്നു. ഹൈവേയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് കടന്ന ഞങ്ങളുടെ വണ്ടി പൊടുന്നനവേ ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു. ഏതാണ്ട് 150 കിലോമീറ്റര്‍ സ്പീഡില്‍ ഓടിയ വണ്ടി പെട്ടെന്ന് അത്തരം ഒരു കുഴിയിലേക്ക് വീണത് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയായി. വണ്ടി തിരിഞ്ഞ് ഹൈവേയിലേക്ക് ക്രോസായി കയറി രണ്ടു സൈഡിലേക്കുള്ള ഹൈവേകള്‍ തിരിക്കുന്ന ഡിവൈഡറില്‍ ഊക്കോടെ ഇടിച്ചു നിന്നു. ഞങ്ങള്‍ക്ക് 200 മീറ്റര്‍ അകലെയായി ഒരു ട്രെയിലര്‍ പാഞ്ഞുവരുന്നുണ്ട്. ബ്രൈക്ക് പിടിക്കാന്‍ ഒക്കില്ല എന്ന നിസ്സഹായാവസ്ഥ ട്രിയിലര്‍ ഡ്രൈവര്‍ തന്റെ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് കാണിക്കുന്നുണ്ട്. സ്പീഡില്‍ വരുന്ന ഒരു ട്രെയിലര്‍ പൊടുന്നനവേ ബ്രേക്കിട്ടാന്‍ വരുന്ന ഭവിഷ്യത്ത് നമ്മുക്ക് അറിയാം. എന്റെ സുഹൃത്ത് റിവേഴ്സ് ഗിയര്‍ വലിച്ചിട്ട് ഇടിച്ച ഞങ്ങളുടെ വണ്ടി ഒന്നു പുറകിലേക്കെടുക്കാന്‍ ശ്രമം നടത്തി. പക്ഷേ ശ്രമം വിജയിച്ചില്ല. പിന്നെ നടന്നത് ഞങ്ങളുടെ മനോബലം മാത്രം. പൊടുന്നനവേ ഡോര്‍ തുറന്ന് ഞങ്ങള്‍ ഹൈവേയുടെ ഡിവൈഡറിനപ്പുറത്തേക്ക് ചാടിയതും പാഞ്ഞുവന്ന ട്രെയിലര്‍ ഒരു ഹുങ്കാരവത്തോടെ ഞങ്ങളുടെ കുഞ്ഞു വണ്ടിയെ ഇടിചു തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു. എല്ലാന്‍ നിമിഷങ്ങള്‍ക്കൊണ്ട് സംഭവിച്ചു. പിന്നീട് ചിതറി തെറിച്ച ഞങ്ങളുടെ വണ്ടി ഹൈവേയില്‍ നിന്ന് തൂത്തുവരുമ്പോള്‍ അതില്‍ മനുഷ്യമാംസം ഇല്ല എന്നത് കാഴ്ചക്കാര്‍ക്ക് അല്‍ഭുതവും ഒപ്പം ആശ്വാസവും നല്‍കി എന്നു വേണമെങ്കില്‍ പറയാം.
അടുത്തത് സംഭവിച്ചത് സൈറ്റിലെ ആക്സിഡന്റായിട്ടാണ്. അത് രണ്ടായിരത്തി നാലില്‍. അന്ന് ഞാന്‍ ജിദ്ദയില്‍ തന്നെയാണ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് സൈറ്റിലെ മെയിന്‍ വെല്‍ഡറായ രഘു ഒരഭ്യര്‍ത്ഥനയുമായി വന്നു. “സാര്‍ രാവിലെ സൈറ്റു വരെ ഒന്നു വരണം. ചെറിയ ഒരു സംശയമുണ്ട് അത് വച്ചു പണി തുടരാന്‍ കഴിയില്ല” രാവിലെ 6.30ന് ഞാന്‍ ഹാജര്‍. പണി തീര്‍ന്ന കെട്ടിടത്തിലെ ഫിനിഷിങ്ങ് വര്‍ക്കുകള്‍ നടക്കുകയാണ്. നേരം പുലര്‍ന്നിട്ടില്ല അതിനാല്‍ സൈറ്റില്‍ വെളിച്ചം കുറവ്. രഘു അഞ്ചടിയില്‍ താഴെ നീളമുള്ള ഒരു മനുഷ്യനാണ്. ഞാന്‍ ആറടിയും. രഘു എന്നെ സ്റ്റെപ്പിലൂടെ രണ്ടാം നിലയിലേക്ക് നയിച്ചു. ചുറുചുറുക്കായി പടികള്‍ ഓടി കയറുന്ന രഘുവിനൊപ്പം ഞാന്‍ ഓടിക്കേറുമ്പോള്‍ സ്റ്റെയര്‍കേസില്‍ കൂര്‍ത്തു നില്‍ക്കുന്ന ഒരു കമ്പി എന്റെ ശ്രദ്ധയില്‍ പെടാന്‍ മത്രം വെളിച്ചം അവിടെ ഇല്ലായിരുന്നു. സ്പീഡില്‍ ചെന്ന എന്റെ തലയില്‍ തന്നെ കമ്പി ഇടിച്ചു. ഇടിച്ചതു മാത്രം ഓര്‍മ്മ. പിറകിലേക്ക് മറിഞു. എന്നെ പിന്‍തുടര്‍ന്നു വന്ന മേശരി തമിഴന്‍ പെരുമാള്‍ വീഴുന്നതിനു മുന്‍പ് പിറകില്‍ നിന്ന് താങ്ങി എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. അല്ലേങ്കില്‍ ആ വീഴ്ചയില്‍ എന്റെ ജീവിതം അവസാനിക്കുമായിരുന്നേനേം. ആ ഇടിയുടെ ഫലമായി ശരീരത്തിന്റെ ഒരു വശം 50% ത്തോളം തളര്‍ന്നു. പിന്നെ തുടര്‍ച്ചയായ ചികിത്സകള്‍, പിഴിചിലുകള്‍. ഇന്ന് വീണ്ടും ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും കഴുതിലെ ഡിസ്കിന്റെ പ്രശ്നമായി ആ സംഭവം എന്നെ ഓര്‍മ്മയില്‍ നിന്ന് മാറാതെ സൂക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു.
രണ്ടായിരത്തി പത്ത് ജൂലൈയിലും ഒരു വണ്ടി അപകടത്തെ നേരിട്ടു ഞാന്‍. അതും ജീവനെടുത്തേക്കാവുന്ന ഒന്ന്. ഒരു നിമിഷത്തെ എന്റെ അവസരോചിതമായ പെരുമാറ്റം എന്നെ ആ അപകടത്തില്‍ നിന്നും നൂലിഴ വ്യത്യാസതില്‍ രക്ഷപെടുത്തി. ഞാന്‍ ഓടിച്ചിരുന്ന വണ്ടിയുടെ ഒരു ഭാഗം തകര്‍ന്നു എങ്കിലും ഒരു പോറല്‍ പൊലും ഏല്‍ക്കാതെ എനിക്ക് രക്ഷപെടാന്‍ കഴിഞ്ഞത് ദൃസാക്ഷികളെ പോലും അല്‍ഭുതപ്പെടുത്തി. പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന എന്റെ വാഹനത്തെ തെറ്റായ ദിശയില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. ഇടി കിട്ടിയത് ഡ്രിവറായ ഞാന്‍ ഇരിക്കുന്ന ഡോറിലും. ആ ഭാഗം ഇടിച്ച് ഏതാണ്ട് എന്റെ വണ്ടിയുടെ ഡ്രിവര്‍ സീറ്റും കവിഞ്ഞ് മദ്യഭാഗം വരെ തകര്‍ത്തു കളഞ്ഞു. എന്നിട്ടും ഞാന്‍ രക്ഷപെട്ടത് സേഫ്റ്റിക്ക് വേണ്ടി എപ്പോഴും ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധിക്കാറുള്ള സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതു മൂലവും. പാഞ്ഞുവരുന്ന വണ്ടി എന്നെ ഇടിക്കുമെന്ന് ഉറപ്പായ നിമിഷത്തില്‍ എന്റെ വണ്ടിയുടെ ഓട്ടോമാറ്റിക്ക് ഗിയര്‍ പെട്ടെന്നു തന്നെ പാര്‍ക്കിങ്ങിലേക്ക് മാറ്റാനും, മുന്നിലെ യാത്രക്കാരുടെ സീറ്റിലേക്ക് എനിക്ക് ചാടിമാറാന്‍ കഴിഞ്ഞതും എന്തോ ദൈവഭാഗ്യം മാത്രം. പിന്നീട് ഒരു ട്രയല്‍ എന്ന നിലയില്‍ ആ ചാട്ടം പലതവണ പരീക്ഷിച്ചെങ്കിലും ഒരിക്കല്‍ പോലും എനിക്കതിന് കഴിഞ്ഞിട്ടില്ല. സംഭവം കണ്ട് ആദ്യം ഓടി വന്നവര്‍ ഒരു കുഴപ്പവുമില്ലാതെ നില്‍ക്കുന്ന എന്നെ കണ്ട് പ്രതികരിച്ചത് അല്‍ഭുതം എന്നും.
ഇതിനിടയില്‍ ചെറുതും വലുതുമായ ഒരുപാട് തലോടലുകള്‍ എനിക്ക് യമദേവന്‍ തന്നിട്ടുണ്ട്. ഒരുപക്ഷേ ജീവനെടുക്കാവുന്നവ തന്നെ. പക്ഷേ അതിന്റെ ഭീകരത നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അവയൊക്കെ അത്രമാത്രം തീവ്രമായിരുന്നു എന്നു പറയുക പ്രയാസം. ഇന്ന് ഞാന്‍ ഈ വിഷയം എഴുതാന്‍ തിരഞ്ഞെടുക്കുമ്പോള്‍ മരണദേവന്റെ മറ്റൊരു അനുകമ്പ അതിന്റെ പിന്നിലും കാണാം. ഇന്നൊരുപക്ഷേ ഞാന്‍ ഇത് എഴുതാന്‍ ഭൂമിയില്‍ ഉണ്ടായിരിക്കുമായിരുന്നില്ല. എന്റെ പ്രിയപ്പെട്ട കൂട്ടുകാരനോടൊപ്പം അല്ലെങ്കില്‍ അയാളോടൊപ്പം മരിച്ച മറ്റു മൂന്നു പേര്‍ക്കൊപ്പം മോര്‍ച്ചറിയുടെ മരവിപ്പില്‍ ഞാനും സുഖസുഷുപ്തിയില്‍ ആണ്ടു കിടക്കേണ്ടവന്‍ ആയിരുന്നേനേം. ഭാഗ്യം എന്നെ മരണത്തില്‍ നിന്ന് രക്ഷിച്ചപ്പോള്‍ നിര്‍ഭാഗ്യം എന്റെ പ്രിയ സുഹൃത്തിനെ എന്നില്‍ നിന്ന് വേര്‍പ്പെടുത്തി.
ജിദ്ദയില്‍ നിന്നും 700 കിലോമീറ്റര്‍ അകലെയുള്ള ജിസാനില്‍ ഒരു പ്രോജക്ടിന്റെ ചര്‍ച്ചകള്‍ക്കായി എന്റെ പ്രിയ സുഹൃത്ത് എന്നെ ക്ഷണിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ച ആകുന്നു. ഞാന്‍ പറഞ്ഞു “റോഡ് മര്‍ഗ്ഗം ഞാനില്ല, ഫ്ലിറ്റിനാണെങ്കില്‍ ഞാന്‍ വരാം..” പക്ഷേ അയാള്‍ സമ്മതിച്ചില്ല “അജിത്ത് നമ്മള്‍ അഞ്ചാറ് പേരുണ്ട്, ഇതൊരു പ്ലഷര്‍ ട്രിപ്പായിരിക്കും” പകുതി മനസ്സൊടെ ഞാന്‍ ഞാന്‍ തലയാട്ടി. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച്ച ചര്‍ച്ചയില്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ചൊവ്വഴ്ച്ച രാവിലെ ജിസാനിലേക്ക് പുറപ്പെടുക എന്ന്. എന്നാല്‍ തിങ്കളാഴ്ച രാവിലെ എനിക്ക് റിയാദില്‍ നിന്ന് ഒരു ക്ലയന്റിന്റെ ഫോണ്‍ കോള്‍. “നിങ്ങള്‍ കോട്ട് ചെയ്ത പ്രോജക്ടിന്റെ നെഗോസിയേഷന്‍ മീറ്റിങ്ങിനായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് റിയദില്‍ എത്തുക”... ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ചു റിയാദില്‍ പെട്ടെന്ന് എത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവതരിപ്പിച്ചു. അയാള്‍ പക്ഷേ നിരാശയിലായി. ഒടുവില്‍ അയാള്‍ തന്നെ എന്റെ കുറവിന് ഒരു പരിഹാരം കണ്ടെത്തി “അജിത്ത് ഞങ്ങള്‍ പോയി കാര്യങ്ങള്‍ കണ്ടു വരാം രണ്ടാം യാത്രയില്‍ നി കൂടി വന്നാല്‍ മതിയാകും”.. രണ്ടു കാര്യങ്ങളും ഭംഗിയായി നടക്കുമല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ റിയാദിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് റെഡിയാക്കി. എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോളും സുഹൃത്ത് വിളിച്ചു. “നീ കൂടി ഉണ്ടായിരുന്നെങ്കില്‍ യാത്ര രസകരമായിരുന്നേനേം” ... “അടുത്ത യാത്ര നമ്മുക്ക് അടിപൊളിയാക്കാം” ഞാന്‍ സമാധാനിപ്പിച്ചു. പിറ്റേന്ന് റിയാദില്‍ മീറ്റിങ്ങ് സ്ഥലത്തേക്ക് പോകൂന്നതിനിടയില്‍ സുഹൃത്തിന്റെ വിളി... അട്ടഹാസം പോലെയുള്ള ചിരിക്കു പിന്നാലെ അയാള്‍ പറഞ്ഞു “ അജിത്ത് ഞാന്‍ പറഞ്ഞിരുന്നില്ലേ ഇതൊരു പ്ലഷര്‍ ട്രിപ്പായീരിക്കുമെന്ന്, രസകരമായ യാത്ര” ഞാനും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.
മീറ്റിങ്ങ് റൂമില്‍ ഇരിക്കുമ്പോള്‍ എന്റ്യും ജിസാനിലേക്ക് പോയ സുഹൃത്തിന്റെയും കോമണ്‍ സുഹൃത്തായ മറ്റൊരാളുടെ കോള്‍. മീറ്റിങ്ങില്‍ ആയിരുന്നതിനാല്‍ സൈലന്റില്‍ ഇട്ടിരിക്കുകയായിരുന്നു എങ്കിലും തുടര്‍ച്ചയായി പത്തോളം കോളുകള്‍ ആയപ്പോള്‍ ഞാന്‍ മറ്റുള്ളവരോട് ക്ഷമ പറഞ്ഞ് പുറത്തിറങ്ങി. അങ്ങോട്ട് ഫോണ്‍ വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അടുത്ത കോള്‍. “അജിത്ത് നീ എവിടെയണ്..? ആകംഷ മുറ്റിയ ചോദ്യം... “റിയാദില്‍” മീറ്റിങ്ങിനിടെ ശല്യപ്പെടുത്തിയതിന്റെ അരോചകതയില്‍ എന്റെ മറുപടി..... ദുരാനി (പാക്കിസ്ഥാനിയാ എന്റെ സുഹൃത്തിന്റെ പേര്‍ അങ്ങനെയാണ് ) നിന്റെ കൂടെയുണ്ടോ.... “ഇല്ല..അയാള്‍ ജിസാനില്‍ പോയില്ലേ...?” ഈ തവണ എന്നിലും അല്‍പ്പം ആകാംഷ ഉണ്ടായി..... പൊടുന്നനവെ അങ്ങേ തലക്കല്‍ നിന്നു വന്ന വാര്‍ത്ത കേട്ട് ഞാന്‍ തരിച്ചു പോയി.... “അജിത്ത് ദുരാനി ഈസ് നോ മോര്‍ അല്‍പ്പം മുന്‍പ് നടന്ന ഒരു കാറപകടത്തില്‍ അയാളും കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നു പേരും മരിച്ചു” തരിച്ചിരുന്ന എന്നെ ഞെട്ടിപ്പിച്ചത് ഫോണിന്റെ അങേതലയില്‍ നിന്ന് തുടര്‍ന്നു കേട്ട കാര്യമാണ്... “അജിത്ത് ആ നാലു പേരില്‍ ഒരാള്‍ ഇന്‍ഡ്യക്കാരന്‍ ആണെന്ന് അറിയാന്‍ കഴിഞ്ഞു. അത് നീയാണോ എന്ന് സംശയമായിരുന്നു എനിക്ക്, ദൈവം എന്റെ ഒരു സുഹൃത്തിനെ എങ്കിലും കാത്തല്ലോ..!”
ഇന്ന് ഞാന്‍ വീണ്ടും മരണത്തിനു അപ്പുറത്തെ ഒരു സമസ്യയായി നിലകൊള്ളുന്നു. എന്റെ പ്രിയ സുഹൃത്ത് ഇതെഴുതുമ്പോളും മോര്‍ച്ചറിയിലെ മരവിപ്പില്‍.... ഇതുവരെ എനിക്കു തന്ന എല്ലാ സൌഭാഗ്യങ്ങള്‍ക്കൂം ദൈവത്തോട് കടപ്പാടും നന്ദിയും മാത്രം. ഒപ്പം എന്റെ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍ പൂക്കള്‍.....
ഇന്നലയോളം എന്തെന്നറിഞ്ഞില്ല.....
ഇനി നാളെയും എന്തെന്നറിഞ്ഞില്ല.....
ഇന്നി കണ്ട തടിക്കു വിനാശവും
ഇന്ന നേരമെന്നേതും അറിഞ്ഞില്ല!
എന്റെ ചില മരണചിന്തകള്‍..... വായിച്ച് അഭിപ്രായം പങ്കുവെക്കണമെന്ന് അപേക്ഷിക്കുന്നു....
ReplyDeleteകൂട്ടത്തില്‍ വായിച്ചു.
ReplyDeleteസമയം ആകുമ്പോളെവിടെയായിരുന്നാലും
വന്നു കൊണ്ടു പോകും.ഇങ്ങനെ ഓരോ പ്രഹേളിക എനിയ്ക്കും ഉണ്ടായിട്ടുണ്ട്.അതിനൊന്നും ഉത്തരം എവിടുന്നു കിട്ടാനാണ്.കൂടുതലാരോടെങ്കിലും പറഞ്ഞാല്‍
വട്ടായി എന്നുപറയും
നീര്‍വിളാകന്‍,
ReplyDeleteദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തും എന്ന ചൊല്ലില്‍ ഞാന്‍ വിശ്വസിക്കുന്നില്ല (!!!) പകരം ദൈവം നിങ്ങളെ വല്ലാതെ ഇഷ്ടപ്പെടുന്നു എന്നാണു എനിക്ക് തോന്നുന്നത്. മരണത്തിന്റെ പല മുഖങ്ങളില്‍ നിന്നും ദൈവം നിങ്ങളെ രക്ഷപ്പെടുത്തി. ഓരോ അനുഭവവും ഓരോ പോസ്റ്റായി ഇട്ടിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ. സമാനമായ ഒന്ന് രണ്ടു അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. താങ്കളുടെ കുറിപ്പുകള്‍ അതെല്ലാം വീണ്ടും ഓര്‍മിപ്പിച്ചു. അല്ലാഹുവിനു സ്തുതി..
അത്ഭുതകരമായ സംഭവങ്ങള്‍ തന്നെ എല്ലാം. ഒരാള്‍ക്ക് ഇത്രയും മരണാനുഭവങ്ങള്‍ ഞാന്‍ ആദ്യമായാണ് അറിയുന്നത്. അതും അധികം ഇടവേളകില്ലാതെ. ഇത് വായിച്ച് കൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ വന്നത് കഴിഞ്ഞ ദിവസം ഏതോ ടീവിയില്‍ കാണിച്ച ഒരു സംഭവമായിരുന്നു. എവിടെ ഇറങ്ങിയാലും ഉടനെ പാമ്പ് കടിക്കുന്ന ഒരു വ്യക്തിയെ പരിചയപ്പെടുത്തിയത് ആയിരുന്നു. നിരന്തരമല്ലെന്കിലും ചിലപ്പോഴൊക്കെ ഇത്തരത്തില്‍ മരണത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെട്ട ചിലരെയൊക്കെ സംഭവമടക്കം നേരിട്ട് കണ്ടിട്ടുണ്ട്.
ReplyDeleteഓരോരുത്തര്‍ക്കും ഓരോ സമയം ദൈവം നിശ്ചയിച്ചിട്ടുണ്ടാവും. ആ സമയം വരെ നമ്മള്‍ ജീവിക്കുന്നു. പക്ഷെ , മരണം അനിവാര്യമാണെന്ന ചിന്തയുള്ളത് എപ്പോഴും നല്ലതാണ്.
ReplyDeleteദൈവം അനുഗ്രഹിക്കട്ടെ, ദീർഘായുസ് തരട്ടെ
ReplyDeleteThis comment has been removed by the author.
ReplyDeleteഅജിത്,ശരിക്കും നിറഞ്ഞ ആകാംക്ഷയോടെ അവസാനം വരെ വായിച്ചു.ദൈവം നമ്മോടൊപ്പമുണ്ടെന്ന തോന്നല്‍ പിന്നെയും ശക്തമാകുന്നു.
ReplyDeleteഎല്ലാം ആ ശക്തിക്കു വിടുക...എന്തായാലും ഈ ശൈലി തികച്ചും അഭിനന്ദനീയം....ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാം പക്ഷെ ഇത്രയും വ്യക്തമായി അതു മറ്റുള്ളവരിലേയ്ക്കു പകരാന്‍ കഴിഞ്ഞു എന്നതാണ് അജിതിനെ വേറിട്ടു നിര്‍ത്തുന്നത്.ദൈവം ദീർഘായുസ് തരട്ടെ
ആ സുഹൃത്തിന്റെ വേര്‍പാടു
മനസ്സിനെ സ്പര്‍ശിച്ചു.
മുകളിൽ കൊടുത്ത ചിത്രം കണ്ടപ്പോൾ തന്നെ പേടിച്ചുപോയി. ഇത്തരം അപകടങ്ങളിൽ ഒരിക്കൽ മാത്രം പങ്കാളി ആയിട്ടുണ്ട്. പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ReplyDeleteപിന്നെ അപകടം ആല്ലെങ്കിലും മരണം എന്നെയും കീട്ടിക്കൊണ്ടു പോയിട്ടുണ്ട്. ദിവസങ്ങളോളം മരണത്തിന്റെ കൂടെനടന്ന് പിന്നീട് ഉറങ്ങി എഴുന്നേറ്റതുപോലെ തിരിച്ചുവന്ന സംഭവങ്ങൾ എന്റെ ജീവിതത്തിലുള്ളത്; ഡിലീറ്റ്’ ചെയ്യപ്പെട്ട എന്റെ ദിവസങ്ങൾ
ഇവിടെ വന്നാൽ
വായിക്കാം.
താങ്കൾക്ക് ദീർഘായുസ് ആശംസിക്കുന്നു.
ഒരുതരത്തിലല്ലങ്കിൽ മറ്റൊരുതരത്തിൽ ഓരോ ജീവിതത്തിലും സംഭവിക്കുന്നത് .
ReplyDeleteജീവിക്കുക മരണം വരേക്കും ; നന്മയിൽ നിറഞ്ഞ്.
ഒരുതരത്തിലല്ലങ്കിൽ മറ്റൊരുതരത്തിൽ ഓരോ ജീവിതത്തിലും സംഭവിക്കുന്നത് .
ReplyDeleteജീവിക്കുക മരണം വരേക്കും ; നന്മയിൽ നിറഞ്ഞ്.
നീര്‍വിളാക....മൌനമല്ലാതെ മറ്റൊന്നും .......ഇനിയും ഭാഗ്യം കൂടെ ഉണ്ടാവട്ടെ........സസ്നേഹം
ReplyDeleteഅത്ഭുതകരമായിരിക്കുന്നു ഓരോ അനുഭവങ്ങളും. ദൈവം കൂടെയുണ്ടെന്നതില്‍ സമാധാനിക്കുക, നന്ദി പറയുക. ദീര്‍ഘയുസ്സായിരിക്കട്ടെ.
ReplyDeleteതീവ്രമായിതന്നെ അനുഭവങ്ങള്‍ വായനക്കാരിലെത്തിച്ചു ഈ എഴുത്ത്.
ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പലരും അനുഭവിച്ചിട്ടുള്ളതായിരിക്കും എന്നു തോന്നുന്നു.
ReplyDeleteഎനിക്കും ഉണ്ട് ചെറുതായ രണ്ടനുഭവങ്ങള്‍.
ജീവിതത്തിന്റെ കുറച്ചു സമയം ഹാര്‍ഡ് ഡിസ്കില്‍ stored അല്ല.
പക്ഷെ അതോടു കൂടി മരണത്തെ കുറിച്ചുണ്ടായിരുന്ന ഭയം ഇല്ലാതായി.
ജനനവും മരണവും സത്യങ്ങൾ ഇടക്കുള്ളാതെല്ലാം കടങ്കഥകൾ...എന്നാ ഗാനം ഓർമ്മ വന്നു. വല്ലാത്തൊരു ആകാംഷയോടെയാണു വായിച്ചു തീർത്തത്..എല്ലാ നന്മകളും ഉണ്ടാകട്ടെ...
ReplyDeleteനീര്‍വിളാകന്‍: അനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി, ഉത്തരം കിട്ടാത്ത അസ്തിത്വചിന്തയെ മരണത്തെ പോലെ ജനനത്തോടും കൂട്ടിവായിക്കുമ്പോള്‍ മരണത്തെ നമ്മള്‍ സ്നേഹിച്ച് തുടങ്ങും.
ReplyDelete@തെച്ചിക്കോടന്‍: മരിക്കണം. എങ്കിലും ദൈവം കൂടെയില്ലാതാവുമ്പോഴാണ് മരണം സംഭവിക്കുകയെന്ന തമാശ ദൈവത്തിന് രസിച്ചിരിക്കണം.
എനിക്ക് ജീവിതത്തില്‍ ഏറ്റവും ഭയമുള്ളതാണ് മരണം....അതിനെപ്പറ്റി താങ്കള്‍ എത്ര നിസ്സാരമായി എഴുതിയിരിക്കുന്നു....അസാമാന്യ ധൈര്യം തന്നെ...
ReplyDeleteപാത്തും പതുങ്ങിയും,യാദൃഛികമായുമൊക്കെ നമ്മെത്തേടിയെത്തുന്ന മരണത്തെ ഭയക്കുന്നതെന്തിനാ..?
ReplyDeleteസമയമാവുമ്പോള്‍ വന്നെത്തട്ടെ..ഇരു കരങ്ങളും നീട്ടി അതിനെ ആലിംഗനം ചെയ്യാം,എന്തായാലും ഒരുനാള്‍ പുല്‍കിയ്റ് ഒക്കൂ..!
എനിക്ക് നോ ഭയം..വരട്ടെ,കാണാം.അതുവരെ സ്വസ്ഥമായി നടക്കാം.ആരോഗ്യത്തോടെ ജീവിച്ച്പോവാന്‍ സൌഭാഗ്യം തുണക്കട്ടെ.
മരണം ഒരു നാൾ നമ്മെ തേടിയെത്തും എന്ന് എപ്പോഴും ഓർത്തുവെക്കേണ്ടതാണ്. ദൈവം ദീർഘായുസ്സ് താങ്കൾക്ക് ഇനിയും ഏകട്ടെ.
ReplyDeleteJeevitham thirichu vilicha anubavangal...
ReplyDeleteAll the Best
ഇനി അപകടമൊന്നും കൂടാതെ ദീഘായുസ്സായി കഴിയാന്‍ പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteദീർഘായുസ് തരട്ടെ.
ReplyDeleteഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണുും നന്‍മ നല്‍കിക്കൊണുും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (quran - 21:35)
ReplyDeleteso dont worry.. one day, we shall be called back. but just on time only.. not before or after.
ഏറെ അപകടങ്ങൾ ഒഴിവായത് ശ്വാസം പിടിച്ചിരുന്നു വായിച്ചു.
ReplyDeleteവിസ (ആയുസ്) തീരുന്നത് വരെ അങ്ങിനെ കഴിയാം. ആയുസ് അവധിയെത്തിയാൽ പിന്നെ ആരും തുണയുണ്ടാകില്ല. അപ്പോൾ വെറുമൊരു ആനകുത്തിയാലും മരിക്കും :)
മരണത്തെകുറിചുള്ള ചിന്ത, മരിക്കുമെന്ന ചിന്ത മനുഷ്യനെ സംസ്കരിക്കാൻ നല്ലതാണ്. ചിലർക്കെങ്കിലും ആ ഓർമ്മയില്ലാതാവുന്നതാണ് ഇന്നിന്റെ കുഴപ്പം
ആശ്ചര്യകരമായ അനുഭവവിവരണം.. ഇത്രയധികം മാരകാനുഭവങ്ങൾ ഈ പ്രായത്തിനിടയിൽ കഴിഞ്ഞുപോയല്ലോ...!!ഓരോ തവണയും രക്ഷ കനിഞ്ഞു നൽകിയ ഈശ്വരന്റ്റെ ക്ര്‌പാകടാക്ഷങ്ങൾക്ക് നന്ദിയോതാം..
ReplyDeleteഅപ്പോള്‍ പുലിജന്മം തന്നെ...
ReplyDeleteവല്ലാത്ത അനുഭവങ്ങള്‍ തന്നെ മാഷേ... ശ്വാസമടക്കിപ്പിടിച്ചാണ് പല അനുഭവങ്ങളും വായിച്ചത്.
ReplyDeleteതീര്‍ച്ചയായും ദൈവാനുഗ്രഹം തന്നെ. ഇനിയെങ്കിലും ദൈവം മാഷിനെ ഇതു പോലെ പരീക്ഷിയ്ക്കാതിരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.
വായിച്ചു തീര്‍ത്തു.എന്തു കമന്റ് പറയാന്‍ കുഞ്ഞേ ഇതിന്. ആ മഹാശക്തിക്കു മുന്നില്‍ നിന്നേപ്പോലെ ഞനും നമിക്കട്ടെ.
ReplyDeleteഎല്ലാ നന്മകളും വരട്ടെ......
``എന്തായാലും ഇവിടെ എന്റെ വിഷയം മരണം തന്നെയാണ്. ചിലര്‍ പറയും ഇത്തരം വിഷയങ്ങള്‍ എഴുതിയാല്‍ അറംപറ്റും എന്നൊക്കെ. പക്ഷേ അത്തരം വിശ്വാസങ്ങള്‍ക്കപ്പുറത്താണ് എന്റെ മരണവിശ്വാസങ്ങള്‍.....`` എനിക്കും അങ്ങനെ തന്നെ.....
ReplyDeleteജീവിതം ശരിക്കും നൂല്പാലത്തിലൂടെയുള്ള യാത്രയാണ്. ദിവസവും എത്രയെത്ര അപകട സാദ്ധ്യതകലെയാണ് നാം അതിജീവിച്ചു പോകുന്നത്. ഉദാഹരണത്തിന് തിരക്കുള്ള റോഡിലൂടെ നടന്നുപോകുമ്പോൾ നമ്മുടെ ജീവൻ നമ്മെ കടന്നുപോകുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കൈയ്യിലാണ് !
മരണം നിഴല്‍ പോലെ എല്ലാവരുടെയും കൂടെയുണ്ട്..
ReplyDeleteദീര്‍ഘായുസ്സായിരിക്കട്ടെ.
എല്ലാ നന്മകളും ആശംസിക്കുന്നു.
ReplyDeleteella nanmakalum, mangalangalum aashamsikkunnu............
ReplyDeleteഅനിവാര്യമായ മരണം നമുക്കുമുന്നിലുണ്ട് നമ്മുടെ വ്യക്തമായ കരുതലിൽ അതു അകന്നു പൊകുന്നു .എന്നാലും ഒരിക്കൽ അതിനു നമ്മേ സ്വീകരിച്ചേ മതിയാകൂ നമുക്കു ഒഴിഞ്ഞു മറാനും കഴിയില്ല. നന്മകൾ മാത്രം ഭവിക്കട്ടെ
ReplyDeleteജീവന്‍ ഒരിക്കലും നമ്മുടെ സ്വന്തമല്ലല്ലോ! അപ്പോള്‍പ്പിന്നെ, അത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കക്ക് വകയില്ലല്ലോ!
ReplyDeleteനമ്മുടെ ആഗ്രഹ പ്രകാരമല്ല, നമ്മള്‍ ജനിച്ചത്. മരണവും ആഗ്രഹിക്കാതെ തന്നെ, സമയമാകുമ്പോള്‍ വന്നു കൊള്ളും.
മേടിച്ചാല്‍ കൊടുക്കേണ്ടേ?!!!നീര്‍വിളാകന്‍?
ഇതൊക്കെ ജീവിതത്തിന്റെ സാധാരണ സംഭവങ്ങളായി എടുക്കുക. പലര്‍ക്കും പലതരത്തിലുള്ള അനുഭവങ്ങളുണ്ട്. അതിനെ മനസെങ്ങനെ എടുക്കുന്നതല്ലേ പ്രശ്നം.ഇതെന്റെ തോന്നലാണ് കേട്ടോ
ReplyDeleteബ്ലോഗ് വായനയില്‍ ഇത്ര ആകാംക്ഷ നല്‍കിയ പോസ്റ്റ് ഇതാദ്യമായാണ്. എല്ലാം ഒരു അദ്ഭുതമായി തോന്നുന്നു. വല്ലാത്തൊരു ജന്മം തന്നെ താങ്കളുടേത്. എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. വാഹനം ചുക്കിച്ചുളിഞ്ഞെങ്കിലും അതിലുണ്ടായിരുന്ന ഞാനടക്കമുള്ള പന്ത്രണ്ടു പേര്‍ക്ക് പോറല്‍ പോലുമേറ്റില്ല. ജീവിതം ഒരു പിടി കിട്ടാ സമസ്യ തന്നെ.
ReplyDeletehelo, ningaludey manassintey nalla chindakalkk orikkalum yeman aduthu varan kurey yerey thamasam edukkum.. athukondu...munneruka!!
ReplyDeleteKasim, Oman
hai,aji..i strongly believe that ayyappan is with u.take care.jini
ReplyDeleteതികച്ചും പ്രവചനാതീതമായ മരണത്തെപ്പറ്റി ഹൃദയസ്പര്‍ശിയായ താങ്കളുടെ ഈ ലേഖനം ഒരിക്കലും മറക്കില്ല. മരണം നിഴ്യലായി കൂടെയുള്ള ഓരോരുത്തരും മരന്നുകൂടാത്ത കാര്യങ്ങള്‍ ആണ് താങ്കള്‍ വരച്ചിട്ടത്. അതും അനുഭവത്തിന്റെ പൊള്ളുന്ന മഷികൊണ്ട്. കണ്ണുകളെ ഈറനണിയിക്കുന്ന താങ്കളുടെ ലേഖനനം ഒന്നിലേറെ ആവര്‍ത്തി വായിച്ചു.
ReplyDeleteഅത്ഭുതമായിരിക്കുന്നു ...... !!!!!!!
ReplyDeleteനീരൂ... വായിച്ചിട്ട് അന്തിചിരിക്കുകയാണ് ഞാന്‍.
ReplyDeleteഇത്രയധികം അനുഭവങ്ങള്‍ ഒരാള്‍ക്കോ? അത്ഭുദം.
ദൈവം കൂടെ ഉണ്ടെന്നു സമാധാനിക്കാം. വായിച്ചിട്ട് ഒരു തരാം ശൂന്യത ആണ് തോന്നിയത്.
പ്രിയ സുഹുര്‍ത്തിന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ഥിക്കുന്നു.
കൂടുതല്‍ പറയാന്‍ ഒന്നുമില്ല.
മരന്ത്തിന്റെ വക്കോളം കൊണ്ടു ചെന്നെത്തിച്ചതും ദൈവൻ..
ReplyDeleteഅവിടെനിന്ന് രക്ഷിച്ച് കൊണ്ടുവന്നതും ദൈവൻ...
അവന്റെ ഓരോ തരികിടകളേയ്...