അദൃശ്യമായൊരു കരാംഗുലിയെന്നുടെ
മാനസകിന്നരം തൊട്ടുണര്‍ത്തി.
മൂകരാഗങ്ങളുതിര്‍ത്തൊരാ വീണയില്‍
അനുരാഗഗീതങ്ങള്‍ പിറവികൊണ്ടു.
ആരിവളെന്നുടെ പാഴ്മരക്കൊമ്പില്‍
നല്ലൂഞ്ഞാലുകെട്ടിയിന്നുല്ലസിപ്പൂ.
ആളൊഴിഞ്ഞെന്നുടെ പൂരപ്പറമ്പിലിന്നാ-
യിരം പൂത്തിരിയായ് നിറഞ്ഞൂ.

കാതങ്ങളെത്രയോ അകലെനിന്നവളുടെ
കിളിമൊഴിയാദ്യമായ് കാതിലെത്തി.
നിറമേഘപാളിയില്‍ തട്ടിപ്രതിധ്വനി
ച്ചൊരുകുഞ്ഞുതെന്നലായ് മെല്ലെമെല്ലെ.
“കാത്തിരിക്കുന്നു നിന്‍ പ്രാണനാം പ്രേയസി
കാണുവാന്‍ മിഴികള്‍ തുളുമ്പിനില്‍പ്പൂ.
ഒരു കുഞ്ഞുമുകുളമായ് കാത്തിരിപ്പൂ”.
ഹൃദയമാമാഭേരി ശ്രുതിമീട്ടിമൂളവേ
സങ്കല്‍പ്പമാം തേരിലെറിഞാനും
സപ്താശ്വബന്ധിതമായൊരാ തേരിലായ്
എന്‍സഖി വാമാഭാഗേയിരുന്നു.
സൂര്യനെ വെല്ലുന്ന തേജസ്സ്പെയ്യും നിന്‍
മോഹനഭംഗി ഞാന്‍ നോക്കി നില്‍ക്കെ.
തെന്നല്‍ കടംകൊണ്ട മാസ്മരഗന്ധമെന്‍
സിരകളെ ഉര്‍വിഷ്ടലഹരിയാക്കി.
ഹാ പ്രിയ പ്രേയസി നീയതിമോഹനം
ശതകോടി മഴവില്ലുദിച്ചു നില്‍പ്പൂ.
കനിവിന്‍റെ നൂറുനൂറുറവകള്‍ പെയ്യുന്ന
കരിനീലമിഴിയില്‍ ഞാന്‍ പ്രതിബിംബിച്ചു.
പുലര്‍കാല സരസ്സിലെ മിഴികൂമ്പുമാമ്പലായ്
നാസിക സ്വേദമുതിര്‍ത്തുനിന്നു.
അരുണിമ തീര്‍ത്തു നിന്‍ ചൊടിയിണ-
യെന്നിലേക്കലിവോടെ മധുപാത്രമിറ്റിവച്ചു.
സൌരഭ്യമൂറുന്ന കാര്‍ക്കൂന്തല്‍ കെട്ടിലേ-
ക്കെന്നുടെ ആനനമാഴ്ത്തിവെക്കേ
മണിനാദമൂറുന്ന ചിരിതൂകി നീയെന്‍റെ
ഹൃദയത്തിന്‍ താളത്തെ ത്വരിതമാക്കി.
പരിരംഭണത്തിന്‍റെ മാസ്മരവേളയില്‍
ഞാന്‍ സ്വയം എല്ലാം മറന്നു നില്‍ക്കെ
“കാത്തിരിക്കുന്നു ഞാന്‍ വരിക വേഗം”.
സങ്കല്‍പ്പമായിരുന്നെല്ലാമെന്നാകിലും
എന്‍മനം ഉര്‍വ്വോടെ കാത്തിരിപ്പൂ
ആഴിയിലലിയുവാന്‍ വെമ്പുന്നൊരരുവി
പോല - ലിയുവാനെന്മനം കാത്തിരിപ്പൂ