. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 23 September 2009

വിതച്ചത്!!

ടിര്‍ണിം..... ടിര്‍ണിം....

റിമോട്ട് നെഞ്ചത്ത് ഉറപ്പിച്ച് സോഫയില്‍ മലര്‍ന്നു കിടന്ന് ടിവിയിലെ ഫാഷന്‍ ഷോ ആസ്വദിച്ചു കൊണ്ടിരുന്ന അയാളെ ആ ശബ്ദം അലോസപ്പെടുത്തി.

അച്ഛാ ഫോണ്‍......

ഫോണ്‍ ബെല്ലടിച്ചത് കേട്ട് എടുക്കാന്‍ ഓടിയ തന്റെ നാലു വയസുകാരിയെ അയാള്‍ വിലക്കി.

എടീ നിന്നോട് പറഞ്ഞിട്ടില്ലെ മേലില്‍ ഫോണില്‍ തൊട്ടു കളിക്കല്ലെന്ന്.....

പിന്നെ അടുക്കളയുടെ ഭാഗം നോക്കി ഉച്ചത്തില്‍ വിളിച്ചു.

എടീ..... ആ ഫോണ്‍ ഒന്നെടുത്തെ!!!

അടുക്കളയില്‍ നിന്ന് അതിലും ഉച്ചത്തില്‍ പ്രതികരണം.

ഈ മനുഷ്യന് ഇതെന്തിന്റെ കേടാ.... കയ്യെത്തും ദൂരത്തിരിക്കുന്ന ഫോണ്‍ എടുക്കാന്‍ ഞാന്‍!!!

പിന്നെ സ്വയം ശപിച്ച് വന്ന് അവള്‍ ഫോണ്‍ എടുത്തു.

അയാള്‍ കൈകൊണ്ട് ആംഗ്യം കാട്ടി...” ഞാന്‍ ഇവിടെ ഇല്ലെന്നു പറഞ്ഞേക്കു”!

അവള്‍ പെട്ടെന്ന് വാചാലയായി.

അയ്യോ... ജോസഫേട്ടനോ.... എന്താ ജോസഫേട്ടാ വിശേഷം? “ അയ്യോ ഇല്ല കെട്ടോ, ചേട്ടന്‍ പുറത്തു പോയിരിക്കുവാ... വൈകിട്ടെ വരൂ.. ശരി.. ശരി എന്നാല്‍ വെക്കട്ടെ.... ബൈ!!!

കയ്യിലിരിക്കുന്ന തവി ചൂണ്ടി കൊഞ്ഞനം കാട്ടി അവള്‍ തിരിച്ച് അടുക്കളയിലേക്ക്!!!
***************************************************************************************************

പ്ലസ് ടൂവിന് പഠിക്കുന്ന മോള്‍ .....

സമയം അതിക്രമിച്ചിരിക്കുന്നു.... ഇതു വരെ ആയി വീട്ടില്‍ എത്തിയിട്ടില്ല....

മനുഷ്യാ.... ഒന്നു പോയി അന്വേഷിച്ച് വരൂ..... ടി വിയില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന അയാളെ നോക്കി വേവലാതിയോടെ അവള്‍ പറഞ്ഞു....

മോള്‍ വരുമെടീ.... നീ പേടിക്കേണ്ട.... അവള്‍ അച്ഛന്റെ പൊന്നുമൊളാ....

നിസംഗത!!

മോള്‍ പൂമുഖം കടന്നു വന്നപ്പോള്‍ അവള്‍ അട്ടഹസിച്ചു....

എവിടെയായിരുന്നെടീ ഇതുവരെ?

സ്പെഷ്യല്‍ക്ലാസുണ്ടായിരുന്നു....

നെറ്റിയില്‍ പടര്‍ന്നിരുന്ന കുങ്കുമത്തെ ചുരിദാര്‍ ഷാള്‍ കൊണ്ട് ഒപ്പുന്നത്തിനിടയില്‍ അച്ഛന്റെ പൊന്നുമോള്‍ സൌമ്യമായി പറഞ്ഞു.

21 comments:

  1. വിതച്ചു കഴിഞ്ഞാല്‍ വളം ഇടണം. കള പറിക്കണം. ചിലപ്പോള്‍ കീടനാശിനിയും... അതു പോട്ടെ, അങ്ങിനെയൊക്കെ ആണെങ്കിലും വിത്തു ഗുണം പത്തു ഗുണം എന്നല്ലേ... ?

    ReplyDelete
  2. മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.....

    ReplyDelete
  3. ഇതു ഒക്കെ തന്നെയാ ഞാന്‍
    ഇതാ ഇവിടെ പറഞ്ഞത്.

    അമ്മയെ പഴിക്ക്... .. http://maanikyam.blogspot.com/2009/09/blog-post_19.html

    ReplyDelete
  4. ഈ നെറ്റിയില്‍ കുങ്കുമം പടര്‍ന്നത് എങ്ങനെ എന്നു പറഞ്ഞില്ലല്ലോ ചേട്ടാ.. :)

    ReplyDelete
  5. ഒട്ടിക്കുന്ന പൊട്ട് കിട്ടുല്ലേ?
    ചുരുദാറിനു മാച്ചിങ്ങ് ആയിട്ട് അതു പടരൂല്ലല്ലോ ഇപ്പോ പൊട്ട് പടര്‍ന്നതാ പ്രശ്നമെങ്കില്‍ ....

    ReplyDelete
  6. ആ വരയിട്ടിരിക്കുന്നതിന്റെ മുകളിലോട്ടും താഴോട്ടും രണ്ടു കാലങ്ങളാണല്ലേ പറഞ്ഞു പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്..
    അതു മനസ്സിലായപ്പോൾ കഥയും മനസ്സിലായി..

    ആശംസകൾ..

    ReplyDelete
  7. ഇതൊരു മിനിക്കഥ...
    പക്ഷേ ഇതിലടങ്ങിയിരിയ്ക്കുന്നതോ
    വളരെ വലിയ ഗുണപാഠം !
    ഇന്നു സമൂഹത്തില്‍ നമ്മുടെ കുട്ടികള്‍ എങ്ങിനെയാണോ ജീവിയ്ക്കുന്നത് അവര്‍ അങ്ങനെയാകുന്നത് സ്വന്തം വീട്ടിലുള്ളവര്‍ എങ്ങിനെയാണെന്നതിനെ ആശ്രയിച്ചാണ്. ഇവിടെ ഈ കഥ ഒരു ഉദാഹരണം മാത്രമാണ്. ഒരു കുറ്റവും കണ്ടുപിടിയ്ക്കാന്‍ കഴിയാത്ത പലകുടുംബങ്ങളിലും കുട്ടികള്‍ വഴിപിഴയ്ക്കുന്നതും കാണാറുണ്ട്. പക്ഷേ അവരുടെ കുടുംബത്തിനകത്ത് കുട്ടികള്‍ എങ്ങിനെയായിരുന്നെന്നോ കുട്ടികളോട് എങ്ങിനെയായിരുന്നെന്നോ അധികംപേരും അന്വേഷിയ്ക്കാറില്ല. അതുകൊണ്ടുതന്നെ പല നല്ല കുടുംബങ്ങളില്‍ നിന്നും കുട്ടികള്‍ വഴിപിഴയ്ക്കുന്നതു കാണാനാകും. നേരേ തിരിച്ചും ഉണ്ടാകാറുണ്ട്. പക്ഷേ ഈ മിനിക്കഥയില്‍ ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നതു പോലെയാണ് മിയ്ക്കപ്പോഴും സംഭവിയ്ക്കുന്നതെന്ന് നമ്മള്‍ കാണാതെ പോകരുത്.

    നന്ദി നീര്‍വിളാകന്‍, വളരെ നന്നായിട്ടുണ്ട്. കൃത്രിമത്വം തീരെയില്ലാതെ എഴുതിയിരിയ്ക്കുന്നു.

    ReplyDelete
  8. കണ്ണന്റെ ചുവട്ടില്‍ കദളി കുലക്കുമോ? ഇനി ഇപ്പോള്‍ പൊട്ടു പടര്‍ത്തിയവന്‍ ആരാണന്നു കണ്ടുപിടിച്ച് അങ്ങ് കെട്ടിച്ച് കൊടുക്കുക. ചെക്കനെ അന്വഷിച്ച് ബുദ്ധിമുട്ടണ്ടല്ലോ. കാര്യങ്ങള്‍ എളുപ്പമായില്ലേ?

    ReplyDelete
  9. കുഞ്ഞു കഥ..... എങ്കിലും ഇമ്മിണി വലിയ "കഥ" ആശംസകള്‍

    ReplyDelete
  10. ഇപ്പോള്‍ എല്ലാവര്‍ക്കും എല്ലാം സ്പെഷ്യല്‍ ക്ലാസ്സാണല്ലോ ദൈവമേ...

    ReplyDelete
  11. അപ്പോ വിതച്ചോ??
    നല്ല കഥ:)

    ReplyDelete
  12. അതേ വിതച്ചതേ കൊയ്യൂ.. എന്നു മാത്രമല്ല വിതച്ചതു കൊയ്തേ തീരൂ.
    വളരെയധികം കാര്യങ്ങള്‍ ചെറിയ വാക്കുകളിലൊതുക്കിയിരിക്കുന്ന കഥ(കള്‍)..
    ഇഷ്ടമായി..

    ReplyDelete
  13. പാവം കൊച്ച് , അതു വല്ല വിയര്‍പ്പും തുടച്ചപ്പോള്‍ പൊട്ട് മാഞ്ഞതായിരിക്കുമെന്നെ .

    ReplyDelete
  14. കല്ലുവച്ച നുണ പറയുന്നത് ഒരു തെറ്റല്ല എന്നു മോള്‍ കുഞ്ഞിലേ മനസ്സിലാക്കി.

    അച്ഛന്റെ പൊന്നുമോള്‍ എന്ന ആ വിശ്വാസം കാത്തുരക്ഷിക്കട്ടേ.

    കഥ നല്ലത്.

    ReplyDelete
  15. അമ്മ തോടുചാടിയാ മോള് കടലു ചാടുമന്നാ. അമ്മയെത്ര സ്പെഷ്യല്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തിട്ടുണ്ടന്ന് ചോദിച്ചിട്ടുണ്ടോ?

    ReplyDelete
  16. സ്പെഷിലായ ക്ലാസും +സ്പെഷില്‍ അലസിപ്പിക്കലും = വര്‍ത്തമാനം

    ReplyDelete
  17. ഇത്‌ 'വെറുതെ ഒരു ഭാര്യ'
    എന്ന സൂപ്പർ ഹിറ്റ്‌ സിനിമയുടെ
    കഥയല്ലേ..?
    ആ സിനിമ ഇറങ്ങുന്നതിനു
    മുൻപെഴുതിയതാണോ..?

    ReplyDelete