. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, 5 March 2009

മനുഷ്യ മാംസം വില്‍പ്പനക്ക്!



ക്യാ ചാഹിയെ തുംകൊ?

കൊങ്കിണി ചുവയുള്ള ഹിന്ദി!

പരുങ്ങി!!!!, കാരണം ഹിന്ദി അറിയില്ല.

എന്റെ സുഹൃത്ത് ഹരീഷ് അറിയാവുന്ന മുറി ഹിന്ദി തട്ടി വിട്ടു.

ദേഖനേ കേലിയേ....... പിന്നെ കൂടെ ആംഗ്യ ഭാഷയും.

ഇഥര്‍ ക്യാ ദേഖനെക്കാ?? ജാവോ നാ....

അഗര്‍ തുമേ ഖേല്‍നാ ഹേ തോ അന്തര്‍ ജാവോ.... നഹി ഹേതോ...ബാഹര്‍ നിക്കല്‍..

ദൃഡഗാത്രന്‍ പുറത്തേക്കു കൈ ചൂണ്ടി പരുക്കന്‍ ശബ്ദത്തില്‍ അലറി.

വന്ന കാര്യം സാധിക്കാതെ എങ്ങനെ പോകും.... തീര്‍ച്ചയായും സാധിക്കുകതന്നെ വേണം.

ഹരീഷ് സംശയത്തില്‍ മൊഴിഞ്ഞു.....

ഹാം...ഹാജി.. ഹമേ. ഖേല്‍നാ ഹൈ....

അച്ചാ തോ ചല്‍ അന്തര്‍..

സ്ഥലം നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയില്ലല്ലോ....

ഗോവയിലെ പ്രസിദ്ധമായ ബൈനാ ബീച്ച് എന്ന വേശ്യാ തെരുവ്!

ചുവന്നതെരുവുകള്‍ സിനിമകളില്‍ ധാരാളം കണ്ടിട്ടുണ്ട്.... വായിച്ചറിഞ്ഞിട്ടുണ്ട്......പക്ഷെ അതെന്താണെന്നൊന്നു നേരിട്ടു കാണാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സ്റ്റഡി ടൂറിനിടയില്‍ വീണു കിട്ടിയ ചില നിമിഷങ്ങള്‍ ഞങ്ങളെ അവിടേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.

കവാടത്തില്‍ ഞങ്ങളെ എതിരേറ്റത് വടിവാളും സൈക്കിള്‍ ചെയിനും, കഠാരകളും ഏന്തി ദൃഡഗാത്രരായ പത്തോളം ചെറുപ്പക്കാര്‍....

പിന്നെ സംശയത്തിന്റെ ദൃഷ്ടിയിലുള്ള ഒരുപിടി ചോദ്യങ്ങളും.

ഉള്ളിലേക്ക് കടന്നു.

മയക്കുമരുന്നിന്റെയും, മദ്യത്തിന്റെയും രൂക്ഷ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന തെരുവ്....

ഒരു വശത്ത് നോക്കത്താ ദൂരത്തോളം അറബികടല്‍.....

മറുവശത്ത് സോപ്പു പെട്ടികള്‍ അടുക്കി വച്ചിരിക്കുന്നതു പോലെ ചെറിയ കുടിലുകള്‍!

വിവിധതരം ഉറകളുടെ കച്ചവടം മാത്രം നടത്തുന്ന നിരവധി കടകള്‍!

കുടിലുകളുടെ ഇടയിലൂടെ നടക്കുമ്പോള്‍ എഴുപതു കഴിഞ്ഞ വൃദ്ധകള്‍ മുതല്‍ പത്തുവയസ്സു തികയാത്ത കുഞ്ഞുങ്ങള്‍ വരെ!

അധരം കടിച്ചുകൊണ്ടുള്ള കടക്കണ്ണേറുകള്‍! ചിലര്‍ കൈയ്യില്‍ പിടിച്ച് അകത്തേക്ക് വലിച്ചു...

അവോനാ......!!!

തെരുവിലൂടെ നടക്കുക.... അവിടുത്തെ ജീവിതം മനസ്സിലാക്കുക. അതുമാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

കുറെ നടന്നപ്പോള്‍ ഒരു വലിയ ഹാളില്‍ എത്തിപ്പെട്ടു.

അതിന്റെ മദ്ധ്യത്തില്‍ രണ്ടു സുന്ദരികള്‍ പൂര്‍ണ്ണ നഗ്നരായി സിനിമാഗാനങ്ങള്‍ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്നു....

കൂടെ ഒരു പറ്റം ചെറുപ്പക്കാര്‍!

മദ്യലഹരിയില്‍ ഉറക്കാത്ത ചുവടുകള്‍.

കവാടത്തില്‍ നിന്ന ഞങ്ങളെ കനത്ത മുലകള്‍ ഉഴിഞ്ഞു കടന്നു പോയി...

കൂടെ അര്‍ത്ഥം വച്ചുള്ള കടക്കണ്ണേറുകള്‍....

കൈകളില്‍ നുള്ളികൊണ്ട് “ മേരെ സാത് ആവോനാ” എന്ന മൊഴികള്‍!

നാഭിക്കു താഴെ അമര്‍ത്തിയുള്ള തലോടലുകള്‍!

മണിക്കൂറുകള്‍ക്ക് മുന്‍പേ കഴിച്ച ആഹാരം വരെ കഴുത്തോളം വന്നെത്തി നില്‍ക്കുന്നു!!.

അത്ര രൂക്ഷ ഗന്ധം.... ശര്‍ദ്ദിക്കാതിരിക്കാന്‍ നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു ഞങ്ങള്‍!

പച്ച മാംസത്തിനു വിലപറയാന്‍ വരുന്നവര്‍ എങ്ങനെ ഈ രൂക്ഷ ഗന്ധത്തില്‍!!! .... വെറുതെ ഓര്‍ത്തുപോയി!

കാമവെറി തീര്‍ക്കാന്‍ എത്തുന്നവര്‍ക്കെന്തു മണവും നാറ്റവും??!!!

അവിടെ നിന്നിറങ്ങി.

തെരുവിലൂടെ വീണ്ടും യാത്ര തുടര്‍ന്നു....

എന്റെ തലയില്‍ ഇരുന്ന പനയോല തൊപ്പി ആരോ പിറകില്‍ നിന്നു തട്ടിയെടുത്തതറിഞ്ഞു.

തിരിഞ്ഞു നോക്കിയപ്പോള്‍ പതിമൂന്നോ, പതിനാലോ വയസ്സു പ്രായമുള്ള ഒരു കൊച്ചു പെണ്‍കുട്ടി!

ചാഹിയെ തോ മേരെ സാത് ആവോ നാ!!!!

വശ്യമായ ചിരിയില്‍ അവള്‍ മൊഴിഞ്ഞു!

ഞാന്‍ തൊപ്പി തിരിച്ചു തരൂ എന്നു ആഗ്യം കാണിച്ചു അടുത്തേക്ക് ചെന്നു.

അവള്‍ കൂടിലിന്റെ വാതിലില്‍ എത്തി .... അന്തര്‍ ആവോനാ.... ടോപ്പി ജരൂര്‍ വാപ്പസ് കരേഗേ!

ഹരീഷ് പിന്നില്‍ നിന്നു വിളിച്ചു....

ഇങ്ങു പോരെടാ.... വെറുതെ റിസ്ക് എടുക്കണ്ടാ...

വേണ്ട!.... ഞാന്‍ തിരികെ നടന്നു.

അതുവരെ ഒന്നും സംസാരിക്കതെ കുടിലിനു വേളിയില്‍ ഇരുന്ന എഴുപത് വയസ്സോളം പ്രായമുള്ള സ്ത്രീ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി.

“മാഫ് കീജിയെ സാബ്” എന്നു പറഞ്ഞ് പെണ്‍കുട്ടി തൊപ്പി തിരികെ തന്നപ്പോള്‍ ആണ് അവര്‍ പെണ്‍കുട്ടിയെ ശകാരിക്കുകയായിരുന്നു എന്നു മനസ്സിലായത്.

നന്മകള്‍ പൂവിടിവിപ്പിക്കാന്‍ ചുവന്ന തെരുവിനും കഴിയുമെന്നു ഹരീഷിന്റെ ആത്മഗതം!

നമ്മുക്ക് ഒരു കുടിലില്‍ കയറിയാലോ??!!

ഞാന്‍ ഹരീഷിനോട് ചോദിച്ചു.....

റിഷ്കാണിഷ്ടാ.... എന്തെങ്കിലും സംഭവിച്ചാല്‍!!?? ഹരീഷ് പേടിയോടെ കണ്ണുകള്‍ മുഴപ്പിച്ചു.

നമ്മള്‍ ഇവിടെ കയറിയതിന്റെ ഉദ്ദേശം പൂര്‍ണമാവണമെങ്കില്‍ തീര്‍ച്ചയായും അതും കൂടി നമ്മള്‍ അനുഭവിച്ചറിയണം!!

ശ്ശെ...ശ്ശെ...എനിക്കെങ്ങും കഴിയില്ല.... അയ്യെ.... എങ്കില്‍ ഹോസ്റ്റലില്‍ വരുന്ന സുശീലയെ “ആയി“ കൂടാരുന്നോ?? ഹരീഷ് ചോദിച്ചു!

നീ ഇതുവരെ ഇതിനൊന്നും പോകാതെ ഈ ചുവന്ന തെരുവില്‍?? വല്ല അസുഖവും പിടിച്ചാല്‍.... എന്നെ മറുപടി പറയാന്‍ സമ്മതിക്കാതെ ഹരീഷ് പറഞ്ഞു കൊണ്ടിരുന്നു......

അവന്റെ തലക്കിട്ടു തട്ടുകൊടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു.... വൃത്തികെട്ടവനെ ഞാന്‍ അതുദ്ദേശിച്ചല്ല പറഞ്ഞത്....

നമ്മള്‍ ഇവിടെ വരെ വന്നതല്ലെ..... അവിടെ അതിനുള്ളില്‍ എന്താണ് നടക്കുന്നതു കൂടി അറിഞ്ഞിട്ടു പോകാം.... എന്നാലല്ലെ ഈ യാത്രക്ക് ഒരു പൂര്‍ണത വരൂ!

വേണ്ടടാ.... അതു വലിയ റിസ്കാണ്.... പിന്നെ എന്തിനു ഇവിടെ കയറി വന്നൂ എന്ന ചോദ്യം ഉണ്ടാവും!

ഞാന്‍ വരുന്നില്ല.... നീ തന്നെ കയറിയാല്‍ മതി!

എടാ അബദ്ധം ഒന്നും കാണിക്കരുതു കേട്ടോ..... എന്താ ഉണ്ടാകുക എന്നറിയില്ല... രണ്ടും കല്‍പ്പിച്ചു മുന്നോട്ടു നടന്ന എന്നെ ഹരീഷ് പിന്നില്‍ നിന്നു വിളിച്ച് ഓര്‍മ്മിപ്പിച്ചു.

കറുത്ത് ഉന്തിയ പല്ലുകാട്ടി കൃത്രിമ ചിരിയുമായി മുന്നില്‍ നില്‍ക്കുന്ന കൃശഗാത്രന്റെ മുന്നില്‍ എന്റെ യാത്ര അവസാനിച്ചു....

എന്റെ കറുത്തെലുമ്പിച്ച ശരീരവും, മുഖഭംഗിയും കണ്ട് തമിഴനാണെന്നു തെറ്റിദ്ധരിച്ച അയാള്‍ തമിഴില്‍ ചോദിച്ചു.

എന്ന വേണം ഉങ്കള്‍ക്ക്?

“അല്ല അത്“......!!! നിരത്തി വച്ചിരിക്കുന്ന മനുഷ്യ മാംസങ്ങള്‍ക്ക് നേരെ ചൂണ്ടി ഞാന്‍ പറഞ്ഞു.

വേശ്യകള്‍ തോല്‍കുന്ന ഒരു പുഞ്ചിരി മുഖത്തു വരുത്തി അയാള്‍ ചോദിച്ചു.

മലയാളിയാണല്ലെ??

ഹാ..... നിങ്ങളും മലയാളിയാണോ... എന്റെ അത്ഭുതം നിറഞ്ഞ ചോദ്യത്തെ അവഗണിച്ചു കൊണ്ട് അയാള്‍ മറു ചോദ്യം ഉന്നയിച്ചു.

എന്ന സാധനം വേണം ഉനക്ക്!?

ഫ്രെഷ് കെടക്കണമെന്നാ നൂറു രൂപാ.....

ഫ്രഷോ.... അതെന്താണ്.... എനിക്കു കാര്യം പിടികിട്ടിയില്ല...

മണ്ടന്‍ ഫ്രെഷ് എന്നാ ഏഴ്, എട്ട്, പത്ത് വയസ്സുള്ള പുതുസ്സ്....

എന്റെ ദൈവമെ.... ഏഴ് എട്ടു വയസ്സുള്ളതിനെയോ?? മനസ്സിലാകെ കല്ലുമഴ പെയ്തതു പോലെ...

അയാള്‍ തുടര്‍ന്നു.... ഇനി ഒരു പതിനഞ്ച്, പതിനേഴു പോതുമെന്നാ അന്‍പതു റൂപാ....

മുപ്പതു മുപ്പത്തഞ്ച് പോതുമെന്നാ ഇരുപതു രൂപാ....

അന്തമാതിരി ആള്‍ക്കാര്‍ പോതുമെന്നാ അഞ്ചു രൂപാ തന്നാല്‍ മതിയാവും..... അകലെയിരിക്കുന്ന അന്‍പതു വയസ്സിനു മേല്‍ പ്രായമുള്ളവരെ ചൂണ്ടി അയാള്‍ പറഞ്ഞു....

വയസ്സായവര്‍ക്ക് കുടുഃബത്തിലായാലും വേശ്യാതെരുവിലായാലും ചവറു വില!

വിലവിവരപട്ടിക അവതരിപ്പിച്ചതിന്റെ നിര്‍വൃതിയില്‍ അയാള്‍ ഒന്നു ഞെളിഞ്ഞു!

വന്ന കാര്യം നടകണമെങ്കില്‍ തീരെ കൊച്ചുകുട്ടികള്‍ ശരിയാവില്ല.... ധൈര്യം സംഭരിച്ച് അടുത്ത വന്ന ഹരീഷ് എന്റെ കാതില്‍ മൊഴിഞ്ഞു.

ശരിയാണ്.... ഞാന്‍ മനസ്സില്‍ ചിന്തിച്ചു കൊണ്ട് അകലെ ഇരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ നേര്‍ക്ക് ഞാന്‍ കൈചൂണ്ടി.

ശ്യാമാ ....ഇഥര്‍ ആവോനാ.... ഏ ഭായിസാബ് കേ സാത് ജാവോ.... ഞാന്‍ കൊടുത്ത അന്‍പതു രൂപാ നോട്ട് മടക്കി പോക്കറ്റില്‍ വയ്ക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു!

നല്ല ഭംഗിയുള്ള ഒരു പെണ്‍കുട്ടി അടുത്തു വന്നു. മുഖത്ത് റോസ് പൌഡര്‍ ഇട്ടു മിനുക്കി, ചുണ്ടുകളില്‍ ചായം പൂശി. മുടിയില്‍ മുല്ലപ്പൂ വാരി ചുറ്റി അവളുടെ സുന്ദരമുഖത്തെ തനി വേശ്യാമുഖം ആക്കാന്‍ ഒരു വിഭല ശ്രമം നടത്തിയിരിക്കുന്നു.

എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച് അവള്‍ മുന്നില്‍ നടന്നു...

ചേട്ടാ നിങ്ങള്‍ അവള്‍ക്കൊപ്പം പൊയ്ക്കൊള്ളൂ.... “മാമന്‍” എന്നെ നോക്കി പറഞ്ഞു.

എന്റെ ശ്വാസം ഉച്ചസ്ഥായിയില്‍ ആയി..... എന്തു സംഭവിക്കും.... ഉള്ളില്‍ ചെന്നിട്ട് വെറുതെ വന്നതാണെന്നു പറഞ്ഞാല്‍ ഇവള്‍ എങ്ങനെ പ്രതികരിക്കും.... നൂറു നൂറു ചോദ്യങ്ങള്‍ അലട്ടുന്ന മനസ്സുമായി അതിലധികം ആധിയോടെ ഇടുങ്ങിയ വഴി താണ്ടി ശ്യാമക്കൊപ്പം ഞാന്‍ ആ കുടിലിനുള്ളില്‍ പ്രവേശിച്ചു.

ഒരു തികട്ടല്‍.... അതും അമാശയം കലക്കി മറിച്ച്..... ശുക്ലത്തിന്റെ രൂക്ഷ ഗന്ധം!! മൂക്കു പൊത്തിയിട്ടും അതു എല്ലാ അതിരുകളും ലംഘിച്ചു ഉള്ളിലേക്ക് അരിച്ചു കയറുന്നു....

പോക്കറ്റില്‍ നിന്നു കൈലേസ് വലിച്ചെടുത്ത് മൂക്കിനു കുറുകെ കേട്ടി.....

ശ്യാമ വസ്ത്രം ഓരോന്നായി അഴിക്കുകയായിരുന്നു.

ഞാന്‍ മുറി ഹിന്ദി പുറത്തെടുത്തു.... നാ...നാ... മുചേ നഹി പസന്ത്!.... നഹി ചാഹിയെ....

അത്ഭുതത്തോടെ എന്നെ നോക്കി ശ്യാമ ചോദിച്ചു..... ഫിര്‍??

ഞാന്‍ ആംഗ്യത്തിന്റെ അകമ്പടിയോടെ ശര്‍ദ്ദിക്കാന്‍ വരുന്നു എന്നു ശ്യമയെ പറഞ്ഞു മനസ്സിലാക്കി...

അരാം കരോനാ.... ഇതര്‍ മേരെ സാത് ബൈടോനാ.....അര്‍ധ നഗ്നയായി അടുത്തുള്ള കട്ടിലിലേക്കിരുന്നു സ്വന്തം തുടയില്‍ കൈതട്ടി അവള്‍ എന്നെ അരികിലേക്ക് ക്ഷണിച്ചു.

രണ്ടു കൈയ്യും ഉയര്‍ത്തി ഞാന്‍ പറഞ്ഞു ‘വേണ്ട‘....

പിന്നെ ഒരു നിമിഷം ആ മുറിയിലേക്ക് ഒന്നു കണ്ണോടിച്ചു.

ഇടുങ്ങിയ ഒരു മുറി.... അതിന്റെ ഒരറ്റത്ത് ഒരു കക്കൂസ്, അല്ല കക്കൂസ് എന്നു പറയാവുന്ന ഒരു കുഴി..... അതില്‍ നിന്നു മലവും, ജലവും ഒഴുകി പരന്നു മുറിയിലേക്കും വ്യാപിച്ചിരിക്കുന്നു!

മുറിയില്‍ ഒരു ചെറിയ കട്ടില്‍.... അതിനു മുകളില്‍ വലിച്ചു കെട്ടിയിരിക്കുന്ന അയയില്‍ ആരുടെയൊക്കെയോ മുഷിഞ്ഞ വസ്ത്രങ്ങള്‍....

ഒരു മൂലയില്‍ ഒരു വലിയ പൊട്ടിയ ബക്കറ്റ്, അതിന്റെ മുക്കാല്‍ ഭാഗത്തോളം വരുന്ന ഉപയോഗിച്ച ഉറകളുടെ ഒരു കൂമ്പാരം. ബക്കറ്റിന്റെ പൊട്ടിയ വശങ്ങളിലൂടെ ഒഴുകിയിറങ്ങിയ ശുക്ലത്തിന്റെ അംശങ്ങള്‍ തറയില്‍ പടര്‍ന്നു കിടക്കുന്നു.

പുതിയ കസ്റ്റമേര്‍സിനെ കാത്ത് അയയുടെ ഒരറ്റത്ത് നൂറുകണക്കിന് പാക്കറ്റ് പൊട്ടിക്കാത്ത ഉറകള്‍ തൂക്കിയിട്ടിരിക്കുന്നു!

ഒരരികില്‍ ഒരു ചെറിയ മേശയുടെ പുറത്ത് കുറെ പാത്രങ്ങളും, പിന്നെ മുഖം മിനുക്കാനുപയോഗിക്കുന്ന എന്തൊക്കെയോ വസ്തുക്കളും!

മടുപ്പുളവാക്കുന്ന അന്തരീക്ഷം ....

മാനസിക നില അത്രയൊന്നും അപകടപെട്ടിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യനു ഇണ ചേരാന്‍ പോയിട്ട് മൂത്രമൊഴിക്കാന്‍ പോലും ഒരു നിമിഷം അവിടെ കഴിയാന്‍ സാധിക്കില്ല!!

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ പൊതുകക്കൂസില്‍ പോകാന്‍ പോലും മടിക്കുന്ന ഞാന്‍ ആകാംഷയുടെ മുള്‍മുനയില്‍ ആയതു കൊണ്ടു മാത്രം ആ അന്തരീക്ഷട്ടെ മനോധൈര്യത്തോടെ നേരിട്ടു......

പക്ഷെ ഇനി അവിടെ നിന്നാല്‍ ശരിയാവില്ല.....എത്രയും പെട്ടെന്ന് അവിടെ നിന്നു പുറത്തു കടക്കണം.. എന്റെ മനസ്സു മന്ത്രിച്ചു...

ഇനി ഇവളോട് കഥകള്‍ അന്വെഷിക്കാന്‍ നില്‍ക്കുന്നത് ജീവനു തെന്നെ ഭീഷണി ആയേക്കാം....

ഞാന്‍ പുറത്തെക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്യാമ തടഞ്ഞു....

ക്യോം...??. നഹി ചാഹിയെ ???

ഞാന്‍ മൂക്കുപൊത്തി ഗന്ധം സഹിക്കാന്‍ കഴിയുന്നില്ല എന്നു ആംഗ്യം കാണിച്ചു......

സാബ് മുചേ ചോടുക്കെ നഹി ജാനാ..... വോ സാലെ ഹറാമി മുചേ മാരേഗേ!!

എനിക്കൊന്നും മനസ്സിലായില്ല!!

അവള്‍ അകലെക്ക് ചൂണ്ടി മീശ പിരിച്ചു കാണിച്ചു, പിന്നെ സ്വയം മുഖത്തടിച്ചു കാണിച്ചു.....

എനിക്ക് കാര്യം മനസ്സിലായി .....പക്ഷെ ഞാനതിനു ഉത്തരത്തിനായി ആംഗ്യഭാഷ തിരയുന്നതിനിടയില്‍ അവള്‍ ഉച്ചത്തില്‍ വിളിച്ചു...

മുഷ്തഫാക്കാ..... മുഷ്തഫാക്കാ...സരാ ഇതര്‍ ആയിയെ.... ഊരിയ വസ്ത്രങ്ങള്‍ വാരിചുറ്റിക്കൊണ്ട് ശ്യാമ നിലവിളിച്ചു.....

വിലവിവരപട്ടിക നിരത്തിയ കൃശഗാത്രന്‍ പെട്ടെന്ന് ഓടി വന്നു.

എനിക്ക് മുറിയിലെ ഗന്ധം ഇഷ്ടപ്പെടുന്നില്ല എന്നും അതിനാല്‍ പോകുകയാണെന്നും പറഞ്ഞപ്പോള്‍.... മാമാപ്പണിയിലും സത്യസന്ധത സൂക്ഷിക്കുന്ന ആ മനുഷ്യന്‍ പറഞ്ഞു....

എങ്കില്‍ ബീച്ചിലേക്കു പൊയ്ക്കൊള്ളൂ..... വെളിയിലേക്ക് കൊണ്ടു പോകുന്നതി്ന് ഇരുനൂറു രൂപാ!!!

എന്തോ പന്തികേടു മണത്ത ഹരീഷ് അപ്പോള്‍ അവിടെ എത്തിയിരുന്നു....

എടാ എങ്കില്‍ നമ്മുക്കു ഇവളെ ബീച്ചിലേക്ക് കൊണ്ടു പോകാം...... അവിടെയാകുമ്പോള്‍ ഇവളൊട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാമല്ലോ.... ഹരീഷിന്റെ രഹസ്യമൊഴി വീണ്ടും കാതില്‍!!!

എനിക്കും തലയില്‍ റാന്തല്‍ കത്തി!

ഞാനും ഹരീഷും ഓരോ നൂറിന്റെ നോട്ട് മുസ്തഫയുടെ കൈയ്യില്‍ വച്ചുകൊടുത്തു.... മുസ്തഫ പഴയ അന്‍പതു രൂപാ തിരിച്ചു തരാനും മറന്നില്ല...

ശ്യാമക്കു പിറകെ ഞങ്ങള്‍ തൊട്ടടുത്തുള്ള ബീച്ച് ലക്ഷ്യമാക്കി നടന്നു.....

പോകും വഴി ഞങ്ങളെ ആകര്‍ഷിക്കാനായി സ്വന്തം പാവാട പൊക്കി കാണിച്ച ഒരു 8 വയസ്സുകാരിയെ “ ബദ്മാശ്” എന്നു ആക്രോശിച്ചുകൊണ്ട് ശ്യാമ ഓടിച്ചു.....

ബീച്ചിലെത്തി....ചെറുപ്പക്കാരായ ഞങ്ങള്‍ മറ്റൊരു സാഹചര്യത്തിലാണെങ്കില്‍ മനം കുളിര്‍ക്കെ കണ്ടു നില്‍ക്കേണ്ട കാഴ്ച്ചകള്‍ ആയിരുന്നു അവിടെ...

മൃഗങ്ങള്‍ എത്രയോ ഭേദം!!!! കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ബൈനാ ബീച്ചിലെ എതാണ്ട് എല്ലാ ഭാഗത്തും നൂല്‍ബന്ധമില്ലാതെ, ഒരു മറവു പോലും ഇല്ലാതെ പരസ്പരം കെട്ടിമറിയുന്ന മനുഷ്യമൃഗങ്ങള്‍.....

ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അത്ഭുതം കൂറുകയാണ്.... ഒരു ദിവസം അവിടെ നടക്കുന്ന മാംസക്കച്ചവടം എത്ര ലക്ഷങ്ങളുടെതായിരിക്കും!!!???

ചൂടാറാത്ത മനുഷ്യ മലത്തിനു മുകളില്‍ ചവിട്ടാതെ നടക്കാന്‍ കഴിയില്ല..... അതിനിടയിലാണ് പരിസരം മറന്നുള്ള കെട്ടിമറിയലുകള്‍, ശീല്‍ക്കാരങ്ങള്‍!

തിരകള്‍ക്കു പോലും പച്ച മാംസത്തിന്റെ ഗന്ധം!

കുറെ ദൂരം നടന്ന് അത്രയൊന്നും തിരക്കില്ലാത്ത ഒരു സ്ഥലം കണ്ടു പിടിച്ച് ശ്യാമ പറഞ്ഞു

“ഇങ്കെ ഉക്കാറുങ്കോ”

ഞാന്‍ അത്ഭുതം കൂറി..... ശ്യാമക്കു തമിള്‍ അറിയുമോ.....

അവള്‍ നിശ്വാസം ഉയിര്‍ത്ത് ഒരു പുഞ്ചിരി സമ്മാനിച്ചു..... എനക്ക് എല്ലാ ഭാഷയും തെരിയും സാര്‍.... ഉങ്കള്‍ മലയാളത്തില്‍ ശൊല്ലുങ്കോ.... എനക്ക് തിരിയും.... എല്ലാം എല്ലാം തിരിയും!

പിന്നെ അവിടെ വച്ച് ശ്യാമ ഹിന്ദി മാത്രമെ സംസാരിച്ചുള്ളൂ..... ഞാന്‍ ആകാംഷയില്‍ തിരക്കി.

ചിന്ന പ്രശ്നം സാര്‍..... കസ്റ്റമേര്‍സിനോട് ഹിന്ദി അല്ലതെ ഞങ്ങള്‍ പെണ്‍കുട്ടികള്‍ എന്തെങ്കിലും സംസാരിച്ചല്‍ പ്രശ്നം സാര്‍.... അതാണ്!!!!

ഞങ്ങള്‍ക്കും ആശ്വാസമായി.... ഇനി ഭാഷ പറഞ്ഞ് ബുദ്ധിമുട്ടേണ്ടല്ലോ.....

ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് ശ്യാമ പറഞ്ഞു തുടങ്ങി......

ഉങ്കള്‍ റൂമില്‍ വച്ച് പറഞ്ഞതു എനക്ക് തെരിഞ്ഞു..... സാര്‍ ഉങ്കള്‍ പത്രക്കാരാ.....???

ശ്യാമ പേടിയോടെ ചുറ്റും നോക്കി ചോദിച്ചു.

പൊയ് ശൊല്ലക്കൂടാതെ സാര്‍.... ഉങ്കള്‍ നിജമാ പത്രക്കാര്‍ തന്നെ.... ശ്യാമയുടെ മലയാളവും, തമിഴും കലര്‍ന്ന ഭാഷയും, വിഹ്വലത നിറഞ്ഞ നോട്ടവും ഞങ്ങളെ ഒരുവേള ചിരിപ്പിച്ചു.

പത്രക്കാരെന്നാ....പ്രചനം സാര്‍.... ഉങ്കള്‍ ബോഡി നാളെ കാലെയില്‍ കടലില്‍ പൊങ്ങും സാര്‍.... ജാഗ്രതൈ സാര്‍.... അന്ത മാറ്റിരി ഇടം സാര്‍ ഇതു!!!

ഞങ്ങള്‍ ഭയത്തോടെ പരസ്പരം നോക്കി....

ഹരീഷ് പറഞ്ഞു ......”ഞങ്ങള്‍ പത്രക്കാരല്ല ശ്യാമാ“.... സ്റ്റുഡന്റ്സ്...!!!

സ്റ്റുഡെന്‍സാ.... അപ്പൊ.... എന്നെ വേണാ ശൊന്നത് എന്നാ....??

ഇന്ത ലൈഫിലേ മുതല്‍ മുതലാ സംഭവം.... ഇങ്കെ വന്ന് വേണാന്ന് ശൊന്നത്!???

ശ്യാമാ ഞങ്ങള്‍ കോളേജ് സ്റ്റുഡന്റ്സ്.... മാംഗ്ലൂരില്‍ പഠിക്കുന്നു..... വേണമെങ്കില്‍ അവിടെ കിട്ടും.... പിന്നെ ഇവിടെ വരെ വരുന്നതെന്തിനാ..... ഞാന്‍ ചോദിച്ചു!

ശ്യാമ അതെ ചോദ്യം പുരികത്തില്‍ ഉള്‍ക്കൊള്ളിച്ച് മറു ചോദ്യമായി ഞങ്ങള്‍ക്ക് നേരെ വിട്ടു....

അതു മനസ്സിലാക്കിയ ഞാന്‍ തുടര്‍ന്നു..... ഇവിടം ഒന്നു കാണാനും, പറ്റുമെങ്കില്‍ ശ്യാമയെ പോലെയുള്ള ആളുകള്‍ എങ്ങനെ ഇവിടെ എത്തി എന്നു മനസ്സിലാക്കാനും....

പറയൂ ശ്യാമ.... ശ്യാമ സ്വയം ഈ തൊഴില്‍ സ്വീകരിച്ച്താണോ??

എന്തിനാ സാര്‍ അതൊക്കെ അറിയുന്നത്...... ശ്യാമ ഒരു നിമിഷം മൌനയായി...

മുഖം കുനിച്ചിരുന്ന ശ്യാമയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ ബീച്ചിലെ മണലില്‍ വീണലിഞ്ഞു.....

കടലോളം വലിയ കണ്ണുനീരോ!!! പരിഹാസത്തോടെ തിരകള്‍ ആര്‍ത്തല‍ക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ കുറേ നേരത്തെക്ക് നിശബ്ദരായിരുന്നു...ശ്യാമ കരഞ്ഞു തിരും വരെ.

ഒരു നിമിഷം നിശബ്ദതയെ ഭംജിച്ച് ശ്യാമ പറഞ്ഞു തുടങ്ങി......

കര്‍ണാടക്കത്തിലെ ഹൂഗ്ലിക്കടുത്തുള്ള ചെറു ഗ്രാമത്തില്‍ എല്ലാ സൌഭാഗ്യങ്ങളും അനുഭവിച്ച് ജീവിച്ചവളായിരുന്നു ശ്യാമ...

അച്ഛനും അമ്മക്കും, ശ്യാമയെ കൂടാതെ ഒരു മകനും.... കുഞ്ഞനുജനെ കുറിച്ചു പറഞ്ഞ് ശ്യാമ വീണ്ടും തേങ്ങി.

അച്ചന്‍ ദുര്‍ഗ്ഗാപ്പൂര്‍ സ്റ്റീല്‍പ്ലാന്റില്‍ പ്ലാന്റ് ഓപ്പറേറ്റര്‍.....

ശ്യാമക്ക് രണ്ടു വയസ്സായപ്പോള്‍ വീട്ടിലുള്ള പ്രായമായ അമ്മൂമ്മക്ക് അസുഖം കൂടുകയും, ദുര്‍ഗ്ഗാപ്പൂരിലെ ഫ്ലാറ്റ് ജീവിതം മതിയാക്കി അമ്മയും ശ്യാമയും ഗ്രാമത്തിലേക്ക് തിരികെ വരുകയും ചെയ്തു.

പിന്നെ പിന്നെ അച്ഛന്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുന്ന കിട്ടാക്കനിയായി മാറി .....

അവള്‍ക്ക് ആറ് വയസ്സുള്ളപ്പോളാണ് കുഞ്ഞനുജന്‍ പിറക്കുന്നത്.....

കുഞ്ഞനുജന്റെ ജനനത്തോടെ വീട്ടില്‍ സന്തോഷം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി....

അച്ഛന്‍ ഒരിക്കല്‍ പറഞ്ഞു...ഇനി മുതല്‍ എല്ലാ സ്കൂള്‍ വെക്കേഷനും രണ്ട് മാസം നമ്മുക്കു ദുര്‍ഗ്ഗാപ്പൂരില്‍ താമസിക്കാം..... കുട്ടികള്‍ക്ക് ഒരു ചെയിഞ്ചാകുമല്ലോ!

അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ മദ്ധ്യവേനല്‍ അവധി ആഘോഷിക്കുക ദുര്‍ഗ്ഗാപ്പൂരിലെ പ്ലാന്‍ഡ് സിറ്റിയില്‍ ആയിരുന്നു.

അങ്ങനെ അവള്‍ അഞ്ചാംക്ലാസ്സ് പാസ്സായ ആ വെക്കേഷന് അവധി ആഘോഷിക്കാനായി, അച്ഛനും, അമ്മക്കും, അനുജനും ഒപ്പാമുള്ള ഒരു ട്രയിന്‍ യാത്രയില്‍ പരിചയപ്പെട്ട ഒരു ‘അങ്കിള്‍’ അവളുടെ ജീവിതത്തില്‍ എന്നന്നേക്കുമായി കരിനിഴല്‍ വീഴ്ത്തി....

വളരെ വാചാലനായി സംസാരിച്ച അയാള്‍ പെട്ടെന്നാണ് അച്ഛനുമായി സൌഹൃദം സ്ഥാപിച്ചത്.

അയാള്‍ അയാളുടെ കുടുഃബത്തെക്കുറിച്ചും, കുടുഃബ പ്രാരാബ്ദങ്ങളും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു...

“ഇതിനിടയില്‍ ഉച്ചയൂണും, വൈകുന്നേരത്തെ കാപ്പിയും അയാള്‍ക്കും ഞങ്ങളുടെ വകയായിരുന്നു”

രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തുനിഞ്ഞ അച്ഛനെ അയാള്‍ തടഞ്ഞു....

രണ്ടുനേരം നിങ്ങള്‍ വാങ്ങിയ ഭക്ഷണം ഞാന്‍ കഴിച്ചു.... ഇതു എന്റെ ഊഴമാണ് വേണ്ടാ എന്നു പറയരുത്....

അയാളുടെ സ്നേഹോഷ്മളമായ നിര്‍ബന്ധത്തിനു അച്ഛന്‍ വഴങ്ങി.

ഭക്ഷണം കഴിഞ്ഞു അസ്വാഭാവിക ഉറക്കത്തിലേക്കാണ്ട ഞാന്‍ ഉണരുന്നത് ഈ തെരുവിലെ ഒരു ഇടുങ്ങിയ മുറിയിലാണ്.....

എന്തിനാണെന്ന് ആദ്യമൊന്നും മനസ്സിലായില്ല.... ആദ്യമാദ്യം സമൂഹത്തിലെ പ്രമുഖര്‍.... രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, പോലീസ് ഓഫീസറുന്മാര്‍!!! ..... അവരെ തേടി അവരുടെ അടുത്തേക്ക് പോകേണ്ടി വന്നു.

എതിര്‍ത്തപ്പോള്‍ ക്രൂരമായ ശിക്ഷാമുറകള്‍.....

നെഞ്ചിലെ തീകൊണ്ട് കുത്തിയ പാടുകാട്ടിക്കൊണ്ട് ശ്യാമ പറഞ്ഞു.... ഇപ്പോള്‍ എത്രപേര്‍!!.... എണ്ണാറില്ല....

എല്ലാവരും എനിക്കു നഷ്ടമായി എന്റെ അച്ഛന്‍, അമ്മ, കുഞ്ഞനുജന്‍.... ശ്യാമയുടെ തേങ്ങല്‍ ഉച്ചത്തിലായി....

ഇണകളില്‍ പലരും എന്തോ അല്‍ഭുതം നടക്കുന്ന മട്ടില്‍ തലപൊക്കി നോക്കി..... ചുവന്ന തെരുവില്‍ കരച്ചില്‍ നിഷിദ്ധമാണല്ലൊ!

ഞങ്ങള്‍ ഒരക്ഷരം ഉരിയാടിയില്ല..... ശ്യാമ കരഞ്ഞു തീരുവോളം കാത്തിരുന്നു....

പിന്നീട് കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ ഇവിടെ ഇങ്ങനെ കഴിഞ്ഞു കൂടുന്നു.... ശ്യാമ നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി....

അപ്പോള്‍ ശ്യാമക്കിപ്പോള്‍??? ഹരീഷിനു അത്ഭുതം അടക്കാന്‍ കഴിഞ്ഞില്ല.

പതിനാലു വയസ്സു സാര്‍....

ഈ നാലുവര്‍ഷം എന്റെ ശരീരം ആയിരങ്ങള്‍ ഉപയോഗിച്ചു സാര്‍..... ആരും എന്നോട് ചോദിച്ചിട്ടില്ല നീ ആരാണെന്ന്.

നന്ദിയുണ്ട് സാര്‍... ഒരു നിമിഷമെങ്കിലും എന്നെ എന്റെ അച്ഛനും, അമ്മയ്ക്കും, കുഞ്ഞനുജനും ഒപ്പം എത്തിച്ചതിന്.....

ശ്യാമാ ഒരു കൌതുകത്തിന് ചുവന്ന തെരുവിനെ അടുത്തറിയാന്‍ എത്തിയ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇവിടെക്കു വരേണ്ടിയിരുന്നില്ല എന്നു തോന്നുന്നു.... ഞാന്‍ ഗദ്ഗദം അടക്കാന്‍ കഴിയാതെ പറഞ്ഞു....

നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.... എന്റെ സമയം അവസാനിച്ചു ഞാന്‍ പോകുന്നു... അല്ലെങ്കില്‍ അവരെന്നെ......

ശ്യാമ പതിയെ നടന്നു തുടങ്ങിയിരുന്നു...

ശ്യാമാ... വിലാസം തന്നാല്‍ ഞങ്ങള്‍ അച്ചനെയും അമ്മയെയും വിവരമറിയിക്കാം....

ഒരു നിമിഷം തിരിഞ്ഞു നിന്ന് ചെറു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു..... എനിക്ക് വിലാസം അറിയില്ല സാര്‍ ... അറിഞ്ഞ് അവര്‍ വന്നാല്‍ തന്നെ എന്തു ചെയ്യാന്‍ കഴിയും സാര്‍....?? ഇനി ആരു വിചാരിച്ചാലും എനിക്കിവിടെ നിന്നു മോചനമില്ല.... അല്ലെങ്കില്‍ തന്നെ ഈ മലീമസമായ ശരീരവും പേറി ഞാന്‍ ഇനി എന്തിനു അവരുടെ അടുത്തേക്ക് പോകണം....??

പിന്നെ തിരിഞ്ഞു നോക്കതെ നടന്നു മറഞ്ഞു.

ശ്യാമ അങ്ങകലെ മറയുന്നിടം വരെ ഞങ്ങള്‍ നോക്കി നിന്നു......

രൂക്ഷഗന്ധവും, കടക്കണ്ണേറും, അനേകായിരം ശ്യാമമാരുടെ “ആവോനാ“ വിളികളും, കഠാരയുടെ തിളക്കവും കടന്ന് പുറത്തേക്ക്, മറ്റൊരു വിശാലമായ ചുവന്ന തെരുവിലേക്ക് പ്രവേശിക്കുകയായിരുന്നു ഞങ്ങള്‍, ആ മതില്‍ കെട്ടിനു വെളിയിലുള്ള യഥാര്‍ത്ഥ ചുവന്ന തെരുവിലേക്ക്.....

Monday, 2 March 2009

രാധികേ.... അതു നീയോ???

ഇതു നടക്കുന്നത് 2001 ല്‍ ആണ്. ക്രിത്യമായി പറഞ്ഞാല്‍ 2001 ലെ റംസാന്‍ നൊയമ്പ് അവസാനിച്ച് പെരുന്നാള്‍ തുടങ്ങുന്ന ആ ദിവസം.

അന്നു ഞാന്‍ റിയാദില്‍ ഹിമാ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്നു....

സൈറ്റ് എഞ്ചിനീയര്‍ ആയതുകൊണ്ട് ധാരാളം ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ അവധി ദിവസങ്ങള്‍ ആസ്വദിക്കാനോ, ബന്ധുക്കളെയോ, സുഹ്രുത്തുക്കളെയോ കാണുവാനൊ അവസരങ്ങള്‍ കിട്ടുന്നത് വളരെ ചുരുക്കം!!!!

ജോലിത്തിരക്കിനിടയില്‍ വീണു കിട്ടിയ പെരുന്നാള്‍ അവധി ദമാമില്‍ ഉള്ള എന്റെ ചേച്ചിക്കും കുടുഃബത്തിനും ഒപ്പം ആസ്വദിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അതൊരു വെള്ളിയാഴ്ച്ച ആയിരുന്നു. പെരുന്നാള്‍ അവധിയും, വെള്ളിയാഴ്ച്ചയും ഒന്നിച്ചു വന്നതിനാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല്ലാതെ കാലത്തു തന്നെ യാത്രതിരിക്കാമല്ലൊ എന്ന ആലോചനയില്‍ തലേന്നു തന്നെ, പുറപെടാനുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കി വച്ചിരുന്നു.

അന്ന് എനിക്ക് കമ്പനി വാഹന സൌകര്യം അനുവദിച്ചിരുന്നില്ല.... സൈറ്റില്‍ പോയിരുന്നതു പോലും കമ്പനി അനുവദിക്കുന്ന മറ്റു സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയായിരുന്നു....

അതിനാല്‍ തലേന്നു വ്യാഴാഴ്ച്ച സാപ് കോ ( ഇവിടുത്തെ സര്‍ക്കാര്‍ ബസ്സ് സര്‍വ്വീസിന്റെ പേര്‍ അങ്ങനെയാണ് ) ബസ്സ് സ്റ്റേഷനില്‍ പോയി ദമ്മാമിലേക്ക് ഒരു ടിക്കറ്റ് ബുക്കു ചെയ്യാന്‍ ഞാന്‍ മറന്നില്ല!!!!

വെള്ളിയാഴ്ച്ച രാവിലെ10 മണിക്കാണ് ബസ്സിന്റെ സമയം. ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് തിരികേ വന്നപ്പോള്‍ എന്റെ കമ്പനിയിലെ റിസപ്ഷനിസ്റ്റ് ശ്രീ: മുരളി എന്നൊട് പറഞ്ഞു

“ അജിത്തെ ദമ്മാമില്‍ പോകാന്‍ ആയിരുന്നു എങ്കില്‍ എന്തിനാ ബസ്സിനു പോകുന്നത് ബൈജുവും, അല്‍ഫോണ്‍സും കൂടി കാര്‍ റെന്റിന് എടുത്തു പോകുന്നുണ്ടല്ലോ. തനിക്കും അതില്‍ പൊയ്ക്കൂടെ” എന്ന്

ഞാന്‍ ആലോചിച്ചപ്പോല്‍ സംഗതി ശരിയാണ് ഒത്താല്‍ 135 റിയാല്‍ ( റിയാദ്, ദമ്മാം ബസ്സ് ചാര്‍ജ്ജ് ) ലാഭിക്കുകയും ചെയ്യാം കഥകള്‍ പറഞ്ഞ് പോകുകയും ചെയ്യാം!!!

ഉടന്‍ തന്നെ ഞാന്‍ സാപ് കൊ സ്റ്റാന്റില്‍ തിരിച്ചു പോയി ടിക്കറ്റ് ക്യാന്‍സല്‍ ആക്കാന്‍ ശ്രമിച്ചു എങ്കിലും അവിടെ നിന്നു കിട്ടിയ മറുപടി എന്നെ നിരാശനാക്കുന്നതായിരുന്നു.

അവര്‍ പറഞ്ഞത് ടിക്കറ്റ് ക്യാന്‍സല്‍ ആക്കണമെങ്കില്‍ സാപ് കോയുടെ ഹേഡ് ഒഫ്ഫീസ്സില്‍ പോകണമെന്നും, പെരുന്നാള്‍ അവധി ആയതിനാല്‍ അവധി കഴിഞ്ഞെ അവിടം പ്രവര്‍ത്തിക്കൂ എന്നുമാണ്!!!! അവരുടെ മറുപടി എന്നെ നിരാശനക്കിയെങ്കിലും ചങ്ങാതിമാരുമൊത്ത് കളിച്ചു ചിരിച്ചു പോകാമല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ ബസ്സ് യാത്ര, കാര്‍ യാത്രയാക്കി മാറ്റി!!!!!

വെള്ളിയാഴ്ച്ച രാവിലെ 8 മണിക്കു തന്നെ പുറപ്പെട്ടു. കാര്‍ ഡ്രൈവ് ചെയ്യുന്നത് ബൈജു ആയിരുന്നു. മുന്‍സീറ്റില്‍ അല്‍ഫോണ്‍സും സ്ഥാനം പിടിച്ചു.

ഞാന്‍ കാറിന്റെ പുറകു സീറ്റില്‍ വലത്തു വശത്തായി ചേര്‍ന്നിരുന്ന് നഗരക്കാഴ്ച്ചകള്‍ ആസ്വദിച്ചിരിക്കുകയാണ്.

കാര്‍ ഏതാണ്ട് 130 കിലോമീറ്റര്‍ സ്പീഡില്‍ ആദ്യ ട്രാക്കില്‍ കൂടി പായുകയാണ്

അല്‍ഫോണ്‍സിന്റെ തമാശയും പൊട്ടിച്ചിരിയും മുഴങ്ങുന്നതിനിടയിലും കാരണമില്ലാത്ത എന്തോ ഒന്നു എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു!!!!

റിയാദ് നഗരം പിന്നിട്ട് കാര്‍ മുന്‍പോട്ട് പാഞ്ഞുകൊണ്ടിരുന്നു.... നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലേക്ക് നിര്‍ജ്ജീവമായി കണ്ണും നട്ടിരുന്ന എന്നേ ചിരിപ്പിക്കാന്‍ അല്‍ഫോണ്‍സ് തെറി കലര്‍ന്ന തമാശകള്‍ ത്രിശൂര്‍ ഭാഷയില്‍ തട്ടി വിട്ടുകൊണ്ടെയിരുന്നു.

പക്ഷെ ഞാന്‍ അതിനൊന്നും ചെവി കൊടുക്കുന്നുണ്ടായിരുന്നില്ല.

റിയാദ് നഗരം പിന്നിട്ട് 100 കിലോമീറ്ററിലധികം ആയി കാണില്ല.....

എന്നെ പിറകില്‍ നിന്നാരോ വിളിക്കുന്നതായി ഒരു ഉള്‍വിളി.... അതൊരു സ്ത്രീ ശബ്ദമായിരുന്നു.

ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി!!!!

ഒരു പഴയ ജി. എം. സി എനിക്കു നേരെ പാഞ്ഞു വരുന്നു. അതിന്റെ മുന്‍ വശം ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചെറിയ കൊറോളാ കാറിനു അടുത്തെത്തിക്കഴിഞ്ഞിരുന്നു.

പെട്ടെന്ന് ഒരു ഉള്‍ക്കിടലത്തോടെ ഞാന്‍ ഇരുന്ന വലത്തു വശത്തു നിന്നും തെന്നി ഇടത്തുവശത്തെക്ക് മാറിയതും വലിയ ഒരു ഹുങ്കാരവത്തോടെ ആ ജി. എം സി ഞാനിരുന്ന വശം തകര്‍ത്തുതും ഒരു നിമിഷത്തില്‍ സംഭവിച്ചു!!!!!

കാറിനെ മുഴുവനായും റോഡിന്റെ ഡിവൈഡറില്‍ ചേര്‍ത്ത് വച്ചു ഇടിച്ചു തകര്‍ത്തിരുന്നു.... എന്തോ ഒന്നു സംഭവിച്ചു... എന്താണെന്ന് ഒരു നിമിഷത്തെക്ക് മനസ്സിലായില്ല!!!!

ഞാന്‍ എന്നെ തന്നെ പരിശോധിച്ചു.... ഒരു പോറലു പോലും ഇല്ല!!!! അല്‍ഫോണ്‍സിനെയും, ബൈജുവിനേയും വിളിച്ചു ഒരു അനക്കവും ഇല്ല!!!! ഞാന്‍ നിലവിളിച്ചു, ഡോര്‍ തുറക്കാന്‍ നോക്കി.... ഒരു രക്ഷയും ഇല്ല!!!!

അപ്പോഴെക്കും അവിടം ജനസാഗരമായി!!!!

ഒരാള്‍ ഞാനിരുന്ന ഡോറിന്റെ ഗ്ലാസ്സ് പോട്ടിച്ചു എന്നെ വലിച്ചു പുറത്തിട്ടു. പിന്നെ അല്‍ഫോണ്‍സിനെയും, ബിജുവിനേയും.

ഞാന്‍ വിചാരിച്ചതു അവര്‍ രണ്ടും മരിച്ചിരിക്കാം എന്നാണ്.... പക്ഷെ ബോധക്ഷയം മാത്രമേ സംഭവിച്ചുള്ളൂ.....

ബൈജുവിന്റെ മുന്‍ നിരയിലുള്ള 8 പല്ലുകള്‍ പോയി , അല്‍ഫോണ്‍സിന്റെ ഒരു കാലും ഒരു കയ്യും ഒടിയുകയുണ്ടായി.....

ഒരു പരുക്കും ഇല്ലാതെ നില്‍ക്കുന്ന എന്റെ അടുത്ത് ഒരു ടാക്സി ഡ്രൈവര്‍ വന്നു കിശലം ചോദിച്ചു... അയാള്‍ക്കറിയില്ലായിരുന്നു ഞാന്‍ ആ വാഹനത്തിലെ യാത്രക്കാരനായിരുന്നു എന്ന്.

അയാള്‍ ആത്മഗതം പറഞ്ഞതു കേട്ടു ഞാന്‍ ശരിക്കും ഞെട്ടി. “ആ വലത്തു വശത്ത് ആരെങ്കിലും ഇരുന്നിരുന്നു എങ്കില്‍ അയാള്‍ ----------!!!!!”

ദൈവമെ എന്ന് പ്രാര്‍ഥനയോടെ നില്‍ക്കുമ്പോള്‍ എന്റെ മൊബൈലിലേക്കു വീട്ടില്‍ നിന്നും ഒരു കോള്‍ !!!!!

മറുവശത്ത് എന്റെ അനിന്തിരവന്‍ ആയിരുന്നു......

“അമ്മാവാ” അവന്റെ ശബ്ദം പതറിയിരിക്കുന്നതായി എനിക്കു തോന്നി!!!

അപകടത്തിന്റെ തീവ്രതയില്‍ നിന്നിരുന്ന എന്റെ ശബ്ദം കരച്ചിലിനു വക്കത്തോളം എത്തി.

നിലവിളി പോലെ ഞാന്‍ ചോദിച്ചു “എന്താ മോനെ”

അമ്മാവാ നമ്മുടെ കരുവറ്റായിലുള്ള അപ്പൂപ്പന്റെ മകള്‍ രാധിക അല്പം മുന്‍പ് മരണമടഞ്ഞു!!!! ഒരു അപകടമരണമായിരുന്നു. അവര്‍ യാത്ര ചെയ്തിരുന്ന സ്കൂട്ടറില്‍ ഒരു ലോറി വന്നിടിക്കുകയായിരുന്നു. അവന്‍ അങ്ങനെ പറഞ്ഞുകൊണ്ടെയിരുന്നു... പിന്നെ ഞാന്‍ ഒന്നും കേട്ടില്ല. ഒരു അബോധാവസ്ഥയിലേക്ക്!!!!!!

ഉണരുമ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു...... മണിക്കൂറുകള്‍ അബോധാവസ്ഥയില്‍ !!!!!

എന്നെ വിളിച്ചത് രാധിക തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവളുടെ ആത്മാവ് അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്നതിനു മുന്‍പ് കണ്ട ഒരു ദുരന്തത്തില്‍ നിന്നും എന്നെ അവള്‍ രക്ഷിക്കുകയായിരുന്നോ???

ഞങ്ങളുടെ കാറിനെ ഇടിച്ച ജി. എം. സി യുടെ മുന്‍ വശത്തെ ടയര്‍ പൊട്ടിയതാണ് അപകടത്തിനു കാരണം!!!!

എന്റെ ചങ്ങാതിമാര്‍ പറയുന്നു ടയര്‍ പൊട്ടിയ ശബ്ദമാണ് എനിക്ക് സ്ത്രീ ശബ്ദമായി അനുഭവപ്പെട്ടതെന്ന്.
പക്ഷെ ഈ രണ്ട് അപകടങ്ങള്‍ രണ്ട് ധ്രുവങ്ങളില്‍ ഏതാണ്ട് ഒരെ സമയത്ത്!!!!! വിശ്വസിക്കാന്‍ കഴിയുന്നില്ല!!!!!

ഞങ്ങളെ ഇടിച്ച ജി. എം. സി നടു റോഡില്‍ മറിയുകയും നിമിഷത്തില്‍ തീ പിടിക്കുകയും അതില്‍ ഉണ്ടായിരുന്ന 2 അറബികള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു!!!!!

ഉത്തരം കിട്ടാത്ത പല സമസ്യകളില്‍ ഒന്ന്.... ഇന്നും എന്റെ മനസ്സിനെ അലട്ടുന്ന ഒന്ന്.... നിങ്ങളുമായി പങ്കു വച്ചു എന്നു മാത്രം!!!!!

Tuesday, 24 February 2009

കര്‍ക്കിടകത്തിലെ കറുത്തവാവ്

അന്ന് കര്‍ക്കിടകത്തിലെ കറുത്തവാവു ദിനം.

കര്‍ക്കിടകത്തിലെ കറുത്തവാവിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് നമ്മുക്കെല്ലാം അറിയാം.

അന്നെദിവസം ആണല്ലോ നമ്മള്‍ പരേതാത്മാക്കള്‍ക്ക് ബലി അര്‍പ്പിക്കുക.

മദ്ധ്യതിരുവിതാംകൂറിലേ ഹിന്ദുക്കളുടെ ഇടയില്‍ മറ്റൊരു ആചാരവും നിലനില്‍ക്കുന്നു. കര്‍ക്കിടക വാവിനു ആത്മാക്കള്‍ക്ക് അന്നം കൊടുക്കുക എന്ന സങ്കല്‍പ്പം.

മദ്ധ്യതിരുവിതാംകൂര്‍ ഭാഗത്തു മാത്രം നിലനില്‍ക്കുന്ന ഒരു പ്രത്യേക ആചാരമാണെന്നു തോന്നുന്നു പ്രസ്തുത വാവൂട്ടല്‍

വവൂട്ടലിനു പ്രധാനമായും ഉണ്ടാക്കുന്നത് വാവടയാണ്. അരി, ശര്‍ക്കര, തേങ്ങ, ഏലക്ക, ചുക്ക് എന്നിങ്ങനെ പ്രധാന ചേരുവകകള്‍ ആയുള്ള വാവട അത്യന്തം രുചികരം തന്നെ.

അട കഴിക്കാന്‍ വേണ്ടി മാത്രം കര്‍ക്കിടക വാവ് കാത്തിരിക്കുന്ന ഒരു വിഭാഗം ഉണ്ട്... കുട്ടികള്‍ !!!!

സംഭവത്തിലേക്കു കടക്കുന്നതിനു മുന്‍പ് ഇത്തരം ഒരു വിവരണം തന്നത് ആ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ്.

വാവു ദിവസത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്... അത്മാക്കള്‍ ഇറങ്ങുന്ന ദിനമാണു എന്നാണ് പൊതുവെയുള്ള വിശ്വാസം!!!!! അവര്‍ ഭൂമിയില്‍ ഇറങ്ങി തങ്ങളുടെ ഉറ്റവരേയും ഉടവയരേയും കാണുന്ന ദിനമാണു പോലും!!!!

ഞങ്ങളുടെ നാട്ടിലെ ആസ്ഥാന പേടിച്ചുതൂറിയായ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ മൂത്രമൊഴിക്കാന്‍ പോലും വെളിയിലിറങ്ങാത്ത ദിവസം കൂടിയാണിത്!!!

ക്യഷ്ണചന്ദ്രന്‍ ചേട്ടനെ കുറിച്ച് പറഞ്ഞാല്‍ ബഹുരസം. 50 വയസെത്തിയ പഴയ പട്ടാളക്കാരന്‍ ... അതും കഴിഞ്ഞ് കുവൈററ്റില്‍ 5 വര്‍ഷം.

കുവൈറ്റ് യുദ്ധസമയത്ത് ഏതൊക്കെയോ വഴിയിലൂടെ എങ്ങനെയൊക്കെയോ നാട്ടില്‍ തിരിച്ചെത്തിയ മാന്യദേഹം.

പറഞ്ഞിട്ടു കാര്യമില്ല പ്രേതം എന്നു വെറുതെ പറഞ്ഞാല്‍ മതി നിന്ന നില്‍പ്പില്‍ മുള്ളും!!!!

ഇനി അലപ്പം ഫ്ലാഷ് ബാക്ക്.

ക്യഷ്ണചന്ദ്രന്‍ ചെട്ടന് രണ്ട് സഹോദരങ്ങള്‍ രാമചന്ദ്രന്‍, ശിവചന്ദ്രന്‍. രണ്ട് പേരും ഓരോവയസ്സിനു മാത്രം ഇളയതാണ്. അച്ഛന്‍ നാരായണപിള്ള. എല്ലാവരും പരസ്പരം സഹകരിക്കുന്നത് ചങ്ങാതികളെപ്പോലെ.

ഒരു ഫുള്‍ കൊണ്ടു വച്ച് അച്ചനും സഹോദരങ്ങളും കൂടി ഒന്നിച്ചിരുന്നടിച്ച് ‘പാമ്പായി‘ കാട്ടുന്ന വിക്രിയകള്‍ നാട്ടുകാരില്‍ അമ്പരപ്പും, അതിലുപരി അല്‍പ്പം കുശുമ്പും ഉണ്ടാക്കിയിരുന്നു.

അങ്ങനെ ക്രിഷ്ണരാമശിവ ചന്ദ്രന്മാര്‍ നാട്ടുകാര്‍ക്കിടയിലും സ്വന്തം ഭാര്യമാരുടെ പോലും കണ്ണിലേ കരടാകുകയും ഒരുദിനം വാമഭാഗങ്ങള്‍ എല്ലാം കൂടി വട്ടമേശസമ്മേളനം കൂടി ഇവരെ തമ്മില്‍ അടിപ്പിക്കാന്‍ തീരുമാനം എടുത്തു എന്നുമാണ് പിന്നമ്പുറ സംസാരം.

എന്തുതന്നെ ആയാലും ഒരു ദിവസം കൂടിയിരുന്നു കുപ്പിപൊട്ടിക്കുന്ന അവസരത്തില്‍ സ്വത്തിനെ ചൊല്ലി എന്തോ തര്‍ക്കം ഉണ്ടാകുകയും അച്ഛന്‍റെ മുന്‍പില്‍ വച്ചു തന്നെ സഹോദരങ്ങള്‍ തല്ലുകൂടുകയും, പിണങ്ങിപിരിയുകയും ചെയ്തു.

അതുവരെ ചങ്ങാതിമാരെക്കാള്‍ ആത്മാര്‍ഥമായി തോളില്‍ കയ്യിട്ടു നടന്നിരുന്ന തന്‍റെ മക്കള്‍, പരസ്പരം പോരടിക്കുന്നത് കാണേണ്ടി വന്ന  നാരായണപിള്ള ചേട്ടനെ, പിറ്റേന്നു വെളുപ്പിന് ക്യഷ്ണ ചന്ദ്രന്‍ ചേട്ടന്‍റെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മനോവിഷമം നിമിത്തമുള്ള ആത്മഹത്യ!

വെളുപ്പിനേ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴാന്‍ എഴുന്നെല്‍റ്റ ക്യഷ്ണചന്ദ്രന്‍ ചേട്ടനെ വരവേല്‍റ്റത് കിണറ്റില്‍ ചത്തു മലച്ച് കിടക്കുന്ന സ്വന്തം അച്ഛന്‍റെ ശരീരമാണ്.

ഈ സംഭവം നടക്കുന്നത് ഞാന്‍ മുന്‍പു പറഞ്ഞ കര്‍ക്കിടകവാവിനും ഏതാണ്ട് പത്തുമാസം മുന്‍പാണ്.

പൊതുവേ പേടിതൊണ്ടനായ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ ആ സംഭവത്തോടെ സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍നിന്ന് ഇറങ്ങാതായി.

ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍റെ മൂത്തമകളുടെ കല്യാണം കഴിഞ്ഞിരുന്നു. അതിനും ഇളയതായി കല്യാണപ്രായമായി നില്‍കുന്ന മറ്റു രണ്ട് പെണ്‍കുട്ടികളും ഉണ്ട്.

അച്ഛന്‍റെ മരണശേഷം അഞ്ചു ബെഡ് റൂമും മറ്റു സൌകര്യങ്ങളുമുള്ള അദ്ധേഹത്തിന്‍റെ വീട്ടിലെ ഏറ്റവും മദ്ധ്യത്തിലുള്ള ഒരു മുറിയിലേക്ക് അവരുടെ രാത്രിവാസം ചുരുങ്ങി.

ബാത്ത് അറ്റാച്ചഡ് സൌകര്യങ്ങള്‍ ഒന്നും ഇല്ലാത്ത പഴയവീട്ടില്‍ രാത്രിയിലെ മൂത്രശങ്ക തീര്‍ക്കാന്‍ വലിയ ഒരു പാത്രം മുറിയുടെ ഒരു മൂലയില്‍ സ്ഥാനം പിടിച്ചു.

ഇത്രയൊകെ ഉണ്ടായിട്ടും രാത്രിയുടെ രണ്ടാം യാമത്തില്‍ ഒരു എലി അനങ്ങിയാല്‍ പോലും ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ കിടക്കയില്‍ മുള്ളൂക പതിവുമായി.

കൂട്ടത്തില്‍ അല്‍പ്പമെങ്കിലും ധൈര്യമുള്ളത് ചേട്ടന്‍റെ സഹധര്‍മ്മിണിക്കു മാത്രം. എങ്കിലും അമ്മാവന്‍റെ മരണത്തിനു താനും കാരണക്കാരിയോ എന്ന തോന്നല്‍ ആവാം, അവര്‍ക്കും ഭയം കൂടാന്‍ കാരണമായി.

ഇനി വീണ്ടും നമ്മുക്ക് കര്‍ക്കിടകവാവു ദിവസത്തിലേക്ക് തിരിച്ചു വരാം.

അന്നെ ദിവസം മണക്കല്‍ തോട്ടില്‍ (പമ്പയാറിന്‍റെ കയ്‌വഴി) പ്രഭാത കുളിക്കിറങ്ങിയ എന്‍റെ സുഹൃത്തുക്കളായ മണിയനും, മനോജിനും സഹകുളിയനായി കിട്ടിയത് നമ്മുടെ ക്യഷ്ണചന്ദ്രന്‍ ചേട്ടനെയാണ്.

കുളിക്കിടയില്‍ കര്‍ക്കിടകവാവിനെ കുറിച്ചും വാവിന്‍റെ പ്രത്യേകതകളെ കുറിച്ചും, തന്‍റെ അച്ഛന്‍റെ മരണത്തെക്കുറിച്ചും എല്ലാം ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ വാചാലനായി.

സംസാരമദ്ധ്യേ തന്‍റെ വീട്ടില്‍ ഇന്നു അച്ഛനു ബലിതര്‍പ്പണം ഉണ്ടെന്നും, വൈകുന്നേരം വാവൂട്ട് നടത്തുന്നുണ്ടെന്നും ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ പറയുകയും ചെയ്തു. പിന്നെ ഒരു ആത്മഗതവും “വാവൂട്ടുമ്പോള്‍ അച്ഛന്‍റെ ആത്മാവ് വരുമോ ആവോ???”

ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍റെ സ്വരം ഭയത്തിനു അടിമപ്പെടുന്നത് മണിയനും, മനോജും പരസ്പരം നോക്കി ആസ്വദിച്ചു.

എന്തായാലും അന്നെദിവസം വൈകുന്നേരം ചേട്ടന്‍ തക്രിതിയായി വാവടയുണ്ടാക്കി, ത്രിസന്ധ്യക്ക് വിളക്കിനു മുന്‍പില്‍ ആത്മാക്കള്‍ക്കെന്നു സങ്കല്‍പ്പിച്ച് അട രണ്ടെണ്ണം വയ്ക്കുകയും ചെയ്തു. കര്‍ക്കിടക വാവായതിനാല്‍ ഉറക്കം വന്നില്ലെങ്കില്‍ പോലും എട്ടുമണികു തന്നെ വിളക്കണച്ച് മദ്ധ്യ മുറിയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

ഏതാണ്ട് പതിനൊന്നു മണിയായപ്പോള്‍ അടുക്കള ഭാഗത്തെ കതകില്‍ ശക്തമായ മുട്ടല്‍ കേട്ട് ഞെട്ടിയുണര്‍ന്ന ക്യഷ്ണചന്ദ്രന്‍ ചേട്ടനും കുടുഃബവും മുട്ടിനോടൊപ്പം കേട്ട ചിലമ്പിച്ച ശബ്ദം കേട്ട് ഞേട്ടി.

ക്യഷ്ണചന്ദ്രോ..... എടാ ക്യഷ്ണചന്ദ്രോ....... എടാ ഞാനാടാ നിന്‍റെ അച്ഛന്‍ !!!!

അകത്ത് കനത്ത നിശബ്ദത

വീണ്ടും പുറത്തു നിന്ന് അതെ ചിലമ്പിച്ച ശബ്ദം

എടാ ക്യഷ്ണചന്ദ്രാ ആത്മാക്കള്‍ക്ക് കതകും ജനലും ഒരു ബാധ്യതയല്ലെന്നു നിനക്കറയില്ലെ??? നീ വിളികേള്‍ക്കുന്നോ അതോ ഞാന്‍ അകത്തെക്കു കയറി വരണോ??

ഈ തവണ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ അറിയാതെ മൂത്രമൊഴിച്ചു പോയി. അദ്ധേഹത്തിനു തൊണ്ട വരണ്ടിട്ടു വാക്കുകള്‍ വെളിയിലേക്കു വരുന്നില്ലായിരുന്നു.

ചോദ്യത്തിനു മറുപടി പറഞ്ഞതു ചേട്ടന്‍റെ സഹധര്‍മ്മിണി.

അമ്മാവാ എന്തിനാ ഞങ്ങളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്. അമ്മാവനെ ഞങ്ങള്‍ വേണ്ട ശേഷക്രിയകള്‍ ചെയ്ത് എവിടെയെങ്കിലും കുടിയിരുത്തിക്കൊള്ളാം.

“നീ എന്താടീ സുമംഗലീ (ക്യഷ്ണ ചന്ദ്രന്‍ ചേട്ടന്റെ സഹധര്‍മ്മിണിയുടെ പേരങ്ങനെയാണ്) ഈ പറയുന്നത് എനിക്കു വിശക്കുന്നെടീ പത്തുമാസമായി നേരാംവണ്ണം എന്തെങ്കിലും കഴിച്ചിട്ട്” ചിലമ്പിച്ച ശബ്ദം കൂടുതല്‍ ദയനീയമായി.

"അമ്മാവാ അതിനിവിടെയൊന്നുമില്ലെല്ലോ!" ഭയംനിറഞ്ഞ വാക്കുകള്‍ അകത്തു നിന്ന്.

“കള്ളം പറയാതെടീ സുമംഗലീ. അവിടെ ഇന്നുണ്ടാക്കിയ അട ഇരുപ്പുണ്ടെന്ന് എനിക്കറിയാം”

വീണ്ടും കനത്ത നിശബ്ദത!

“സുമംഗലീ ഞാന്‍ അകത്തു വന്ന് ഞാന്‍ എടുത്തു കഴിക്കട്ടോ” നിശബ്ദതയെ ഭേദിച്ചുകൊണ്ട് ചിലമ്പിച്ച ശബ്ദം വെളിയില്‍നിന്നും വീണ്ടും ഉയര്‍ന്നു.

“വേണ്ട അമ്മാവാ ഞങ്ങള്‍ എവിടാണെന്നു വച്ചാല്‍ കൊണ്ടു വയ്കാം അമ്മാവന്‍ പറയൂ എവിടെ കൊണ്ടുത്തരണമെന്ന്.”

എങ്കില്‍ എന്‍റെ കുഴിമാടത്തിങ്കലേക്ക് നാല് അട വച്ചെക്കൂ. എന്‍റെ കൂടെ നമ്മുടെ പാങ്ങോട്ടെ ചന്ദ്രന്‍പിള്ളയുമുണ്ട് (പാങ്ങോട്ടെ ചന്ദ്രന്‍ പിള്ള - നാരായണപിള്ള ചേട്ടന്‍റെ ഉറ്റ സുഹ്രുത്തായിരുന്നു. മരണപെട്ടിട്ട് ഏതാണ്ട് രണ്ട് വര്‍ഷമായിക്കാണും)

"ശരിയമ്മാവാ അങ്ങനെയായിക്കോട്ടെ". വിറയാര്‍ന്ന സ്വരം ഭയം അധികരിച്ച് നേരത്ത്‌ പോയിരുന്നു അപ്പോള്‍.

“മോളെ ഞങ്ങള്‍ അങ്ങോട്ടു മാറി നില്‍ക്കാം അല്ലെങ്കില്‍ ഞങ്ങളെ കണ്ട് നീ പേടിക്കും”

വീണ്ടും നിശബ്ദത.... പിന്നെയും ഒരു പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍റെ വീട്ടിലേ തെക്കോട്ടുള്ള വാതില്‍ പതിയെ തുറന്നു

ചേട്ടനും, ചേച്ചിയും രണ്ട് പെണ്മക്കളും പരസ്പരം കൈകോര്‍ത്ത് പരിസരം സാകൂതം വീക്ഷിച്ച് പുറത്തു വന്നു.

ചേച്ചിയുടെ കയ്യില്‍ ഒരു ചെറിയ പാത്രത്തില്‍ അട.

വളരെ പെട്ടെന്നു തന്നെ നാരായണപിള്ള ചേട്ടന്‍റെ കുഴിമാടത്തില്‍ അതു വച്ച് ഒറ്റ ഓട്ടത്തിനു വീട്ടില്‍ കയറി കതകടച്ചു.

പിന്നെ എല്ലാം നിശബ്ദം..... കുറ്റാകുറ്റിരുട്ടുമാത്രം.

പിറ്റേന്നു രാവിലെ ശരീരം മുഴുവന്‍ കനത്ത മുറിവുകളുമായി പേടിച്ച് പനിച്ച് മണിയനേയും മനോജിനേയും അടുത്തുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായാണ് ഞാനും ഒപ്പം എന്‍റെ ഗ്രാമവും കണ്ണുതുറന്നത്!

അതിലോക്കെ രസകരമായ സംഭവം ക്യഷ്ണചന്ദ്രന്‍ ചേട്ടനും കുടുഃബത്തിനും അതിനു ശേഷം ഭയം എന്നു പറഞ്ഞാല്‍ എന്താണ് എന്ന് അറിയുകപോലും ഇല്ല എന്ന സ്ത്ഥിതിയില്‍ ആയി!

രാത്രി 11 മണിക്കുപോലും കൂളായി ഇന്ന് എവിടെയും അദ്ധേഹം പോകും!

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ മണിയനും, മനോജിനും രാത്രി എന്നു കേള്‍ക്കുന്നതെ പേടിയായി... രാത്രി ആയാല്‍ പുറത്തിറങ്ങാത്ത അവസ്ഥയുമായി!

എന്താണ് സംഭവിച്ചത്.

സംഭവിച്ചത് നിങ്ങള്‍ ഊഹിച്ചതിനും ഒരു പടി മുന്നില്‍ .

നമ്മുടെ കൃഷണചന്ദ്രന്‍ ചേട്ടന്‍റെ ഉറ്റ ചങ്ങാതിയുണ്ട്. കഥാനായകന്റെ പേര് സുരേന്ദ്രന്‍. ആറടിയില്‍ കൂടുതല്‍ ഉയരവും അതിനൊപ്പം തടിയുമുള്ള കറുത്തിരുണ്ട ഒരു മനുഷ്യന്‍. മുഖത്ത് പണ്ടെങ്ങോ വന്ന വസൂരിയുടെ ശേഷിപ്പുകള്‍.

നിര്‍ദ്ദോഷിയാണെങ്കിലും അപാര ധൈര്യശാലിയാണ്.

കൃഷ്ണചന്ദ്രന്‍ ചേട്ടന്‍റെ തൊട്ടടുത്ത വീട് (അയല്‍ വക്കം എന്നു പറയാന്‍ കഴിയില്ല എങ്കിലും പരിസരങ്ങളില്‍ മറ്റു വീടില്ലാത്തതിനാല്‍ അങ്ങനെ വേണമെങ്കിലും പറയാം) പത്മാവതി ചേച്ചിയുടെതാണ്. പത്മാവതി ചേച്ചിയുടെ ഭര്‍ത്താവ് ഒരു മകന്‍റെ ജനനത്തോടു കൂടി മരണപ്പെട്ടിരുന്നു. പ്രായമായ അവന്‍ ഇപ്പോള്‍ വിദേശത്താണ്.

സുരേന്ദ്രന്‍ ചേട്ടന്‍ കല്യാണം കഴിച്ചിട്ടില്ല. അതിനാല്‍ തന്നെ പത്മാവതി ചേച്ചിയുമായി ഒരു വരത്തുപോക്കുണ്ട്. നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. രണ്ടു പേരുടെയും അവസ്ഥ അറിയാവുന്ന നാട്ടുകാര്‍ അതു അത്ര ഗൌനിക്കാറില്ല...

എന്നിരിക്കിലും ഇരുട്ടില്‍ പതുങ്ങി പോകുക എന്നുള്ളത് സുരേന്ദ്രന്‍ ചേട്ടന്‍റെ ഒരു ശീലമായിപ്പോയി. ഇരുട്ടില്‍ തിരിച്ചറിയാതിരിക്കാന്‍ ഇദ്ദേഹം പതിവായി കറുത്തമുണ്ടും, കറുത്ത ഷര്‍ട്ടുമാണ് ധരിക്കാറ്!

അന്നേ ദിവസം പത്മാവതി ചേച്ചിയുടെ വീട്ടില്‍ നിന്നും തിരിച്ചു വരികയായിരുന്ന സുരേന്ദ്രന്‍ ചേട്ടന്‍, കൃഷ്ണചന്ദ്രന്‍ ചേട്ടന്‍റെ വീടിന്‍റെ പരിസരത്ത് അസമയത്തുള്ള നിഴലനക്കം കണ്ട് വെറുതെ എത്തി നോക്കിയതാണ്.

കണ്ടത് കുഴിമാടത്തിന്‍റെ പരിസരത്ത് ഇരുന്ന് അട കഴിക്കുന്ന മണിയനെയും, മനോജിനേയും.

"ആരടാ അത്???" സുരേന്ദ്രന്‍ ചേട്ടന്‍ തന്‍റെ സ്വതസിദ്ധമായ പരുപരുത്ത ശബ്ദത്തില്‍ ചോദിച്ചു.

ഞെട്ടിത്തിരിഞ്ഞു നോക്കിയ മണിയനും, മനോജും കണ്ടത് തൊട്ടുമുന്‍പില്‍ നില്‍ക്കുന്ന കറുത്ത രൂപം!!

യുക്തിവാദികളായ മണിയനും, മനോജും ഒരു നിമിഷം തങ്ങളുടെ യുക്തിയും ബുദ്ധിയും അടിയറവു വച്ചു.

അതു നാരായണപിള്ള ചേട്ടന്‍റെ പ്രേതം തന്നെ എന്നു തെറ്റിദ്ധരിച്ചു നൂറേനൂറില്‍ പറന്നു!

തൊട്ടടുത്ത പറമ്പിലെ കുപ്പിമുറിയും, തകര‍വും നിക്ഷേപിക്കുന്ന പൊട്ടക്കിണറ്റിലായിരുന്നു ആ ഓട്ടം അവസാനിച്ചത്.

ഒരുകണക്കില്‍ അവിടെ നിന്നു രക്ഷപെട്ട അവര്‍ ചെന്നെത്തിയതു ശരീരം മുഴുവന്‍ മുറിവും വേദനയുമായി ആശുപത്രി കിടക്കയിലും!

ആദ്യം കാര്യം ഒന്നും പിടികിട്ടിയില്ലെങ്കിലും പിറ്റേന്ന് ഇവര്‍ ആശുപത്രിയില്‍ ആയി എന്ന വാര്‍ത്ത കേട്ട സുരേന്ദ്രന്‍ ചേട്ടന്‍ നിജസ്ഥിതി അറിയാന്‍ കൃഷ്ണചന്ദ്രന്‍ ചേട്ടനെ സമീപിച്ചു.

കാര്യം മനസ്സിലാക്കിയ കൃഷ്ണചന്ദ്രന്‍ ചേട്ടന്‍റെ പേടി അതോടുകൂടി പമ്പ കടന്നു!

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മണിയനും, മനോജും വിവരം അറിഞ്ഞത്. ശരിയായ വിവരം അറിയുന്നതു വരെ അവര്‍ വിശ്വസിച്ചിരുന്നത് അന്നു കണ്ടത് നാരായണന്‍ ചേട്ടന്‍റെ പ്രേതം തന്നെയാണ് തങ്ങള്‍ ആ ദിവസം കണ്ടത് എന്നാണ്.

ഇന്നും മണിയന്‍ എന്നെ കാണുമ്പോള്‍ ഈ സംഭവം പറഞ്ഞു ചിരിക്കാറുണ്ട്.

മണിയന്‍റെ തുടയില്‍ ഓപ്പറേഷനില്‍ പോലും നീക്കപ്പെടാനാകാത്ത രീതിയില്‍ ആ സംഭവത്തിന്‍റെ തിരുശേഷിപ്പെന്നോണം കുപ്പിയുടെ ഒരു ചെറിയ കഷ്ണം ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.

Friday, 20 February 2009

മടക്കയാത്ര.

നേരം പുലര്‍ന്നു വരുന്നു....

അമ്മിണിയമ്മ പതിവു പോലെ ഉറക്കമുണര്‍ന്ന് കാല്‍ നിലത്തു തൊടുവിക്കാതെ കിടക്കയില്‍ ചമ്രം പിടഞ്ഞിരുന്നു.

പിന്നെ കൈകൾ രണ്ടും മലർത്തി അതിലേക്ക്‌ നോക്കികൊണ്ട്‌ മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചു.

കരാഗ്രേ വസതേ ലക്ഷ്മിഃ
കരമധ്യേ സരസ്വതീഃ
കരമൂലേ തു ഗോവിന്ദഃ
പ്രഭാതേ കരവന്ദനം.

ചെറുപ്പത്തില്‍ അച്ഛന്‍ പഠിപ്പിച്ചതാണ്... അന്നതിന്റെ അര്‍ത്ഥമറിയില്ലായിരുന്നു. എങ്കിലും അതു ദിനചര്യയുടെ ഭാഗമായി മാറി.

പ്രയാസപ്പെട്ട് നടുവളച്ചു... ഭൂമീദേവിയെ വന്ദിച്ചു തിരുനെറ്റിയില്‍ വച്ചു ആരാധിച്ചു.

സമയം 5 മണി... ഇനി പതിവു നിര്‍മ്മാല്യ ദര്‍ശനം. അതുമല്ല ഇന്നു തിരുവോണ നാളാണ്, നിര്‍മ്മാല്യ ദര്‍ശനം കൂടുതല്‍ പുണ്യമാണ്.

ദൈവാനുഗ്രഹത്താല്‍ എഴുപത്തിരണ്ടിന്റെ നിറവിലും ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നുമില്ല.

ഒരുവേള കിടക്കേണ്ടി വന്നാല്‍ ആരു നോക്കും ദൈവമെ! അമ്മിണിയമ്മ ആശങ്കയൊടെ പിറുപിറുത്തുകൊണ്ട് എഴുനേല്‍റ്റു.

പ്രിയതമന്റെ ചില്ലിട്ട ചിത്രത്തിനു മുന്നില്‍ മൌനിയായി കണ്ണുകള്‍ ഇറുകെ അടച്ചു ഒരു നിമിഷം നിന്നു.

കഴിഞ്ഞ ഏഴര വര്‍ഷമായി അതും ദിനചര്യ!

നിറഞ്ഞു തുളുമ്പിയ കണ്ണുകളില്‍ നിന്നു പ്രവഹിച്ചത് ചുടുരക്തമായിരുന്നോ?

ദൈവത്തിന് ഇത്രയും ക്രൂരനാകുവാന്‍ സാധിക്കുമോ? ഒരു ഹാര്‍ട്ടട്ടാക്കിന്റെ രൂപത്തില്‍. എന്നില്‍ നിന്നു അദ്ധേഹത്തെ അകറ്റാന്‍ ദൈവത്തിനു എന്തു കാരണമാണ് പറയാനുള്ളത്?

എന്നാണ് ദൈവമെ എനിക്കുള്ള വിളി... അതുടനെ ഉണ്ടാവണെ...!

സമയം പോകുന്നു. ഇപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ തിരുമേനിയാണ് ക്ഷേത്ര മേല്‍ശാന്തി. നടതുറക്കുന്നതും, അടക്കുന്നതിനും ഒന്നും ഒരു നിഷ്ടയുമില്ല! വേഗം ചെന്നില്ലെങ്കില്‍ നിര്‍മ്മാല്യം കാണാന്‍ സാധിച്ചേക്കില്ല! ഇന്നു തിരുവോണമായിട്ട് നിര്‍മ്മാല്യം ദര്‍ശിച്ചില്ലെങ്കില്‍ അതൊരു കുറവായി മനസ്സില്‍ കിടക്കും.

കിടപ്പുമുറിയുടെ വാതില്‍ തുറന്ന അമ്മിണിയമ്മയെ വരവേല്‍റ്റത് പതിവില്ലാത്ത കാഴ്ച!

തന്റെ ചെറുമകള്‍ രാവിലെ തന്നെ ഉണര്‍ന്നിരിക്കുന്നു....

പൂമുഖത്ത് ....കാലുകള്‍ രണ്ടും സോഫായുടെ രണ്ടറ്റങ്ങളില്‍!!! പതിനഞ്ചു വയസുള്ള കുട്ടിയാണ്. അടിവസ്ത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഇത്തരം ഇരുപ്പ് പാടില്ല എന്ന് പലപ്പോഴും പറയാറുള്ളതാണ്. പറഞ്ഞിട്ട് പ്രയോജനമില്ല.

അതുകൊണ്ടു തന്നെ അതിന് അധികം ഗൌരവം കൊടുത്തില്ല.

തന്റെ കുട്ടിക്കാലത്ത് പൂമുഖത്തേക്ക് വരാന്‍ പോലും ഭയമായിരുന്നു. ഈ കാലത്ത് അത്രയും വേണ്ട എങ്കിലും ഇത്തരം പ്രദര്‍ശനമെങ്കിലും ഒഴിവാക്കിയിരുന്നെങ്കില്‍!

ഹാ എന്തെങ്കിലും ആവട്ടെ....എങ്കിലും ഓണമായിട്ട് രാവിലെ എഴുനേല്‍ക്കാനെങ്കിലും അവള്‍ക്ക് തോന്നിയല്ലോ!!!

സന്തോഷം തോന്നി അമ്മിണിയമ്മക്ക്!

ചിഞ്ചൂ.... നീ രാവിലെ തന്നെ എഴുനേല്‍റ്റല്ലോ.... കുളിച്ചിട്ടു വരൂ അച്ചാമ്മക്കൊപ്പം നിര്‍മ്മാല്യം തൊഴാം.

ഹും.... പിന്നെ നിര്‍മ്മാല്യത്തിനും കിര്‍മ്മാല്യത്തിനും അല്ലെ എനിക്കു സമയം... ഒന്നു പോ കിളവീ!

ചിഞ്ചു ചാടി എഴുനേല്‍റ്റു.

ഇന്നു തിരുവോണം പ്രമാണിച്ച് ടിവിയില്‍ എന്തെല്ലാം പ്രോഗ്രാമുകള്‍ ആണെന്നോ!! അതെല്ലാം കണ്ടു തീര്‍ക്കണം... ഇന്നു രാവിലെ പ്രിത്ഥ്വിരാജിന്റെ അഭിമുഖമുണ്ട്.... അതു കാണാന്‍ എഴുനേല്‍റ്റതാ.... അല്ലതെ........

ശല്യപ്പെടുത്താതെ ഒന്നു പോയി തരുമോ??

പതിവു ശൈലിയാണ് പ്രത്യേകിച്ചു തന്നോട്....

അതിനാല്‍ അമ്മിണിയമ്മയില്‍ അത് ഒരു ഭാവ വ്യത്യാസവും ഉണ്ടാക്കിയില്ല.

ബഹുമാനം പുസ്തകത്തില്‍ നിന്നു പഠിക്കുന്ന കാലമല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി!

അവടെ പേരിനു ചേരുന്ന സ്വഭാവം... പൂച്ചക്കും, പട്ടിക്കും ഇടുന്ന പേരല്ലെ?? മനുഷ്യനു എങ്ങനെ യോജിക്കും??

കുളിക്കാനായി കുളിമുറി ലക്ഷ്യമാക്കി നടക്കുമ്പോള്‍ അമ്മിണിയമ്മയുടെ മനസ്സില്‍ ചിഞ്ചുവിന്റെ പേരിടീല്‍ ചടങ്ങു തേളിഞ്ഞു വന്നു.

അന്നു ഭാര്‍ഗ്ഗവേട്ടന്‍ ഒരു ചെവിയില്‍ വെറ്റില പൊത്തി മറു ചെവിയില്‍ വിളിച്ച പേര്... എത്ര നല്ല അര്‍ത്ഥവത്തായ പേരായിരുന്നു അത്! “ദര്‍ശന”..... അതു ഒരു പോരായ്മയായി തോന്നിയതാവാം ചിഞ്ചു എന്നു മാറ്റിയത്....

സ്കൂളില്‍ ചേര്‍ക്കാനായി പേരു ചിഞ്ചു എന്നാക്കുന്നു എന്നറിഞ്ഞപ്പോള്‍ ഭാര്‍ഗ്ഗവേട്ടന്‍ എത്രമാത്രം എതിര്‍ത്തു... ഒരു പ്രയോജനവും ഉണ്ടായില്ല.

അതിനി ഓര്‍ത്തിട്ട് എന്തു കാര്യം.....

കുളിക്കിടയില്‍ പോലും കാരണമൊന്നുമില്ലാതെ അമ്മിണിയമ്മ അസ്വസ്ഥയായിരുന്നു.

കുളികഴിഞ്ഞ് പതിവു വേഷമായ നേര്യതും മുണ്ടും ഉടുത്തു. ഭാര്‍ഗ്ഗവേട്ടന്റെ ഇഷ്ടവേഷം. അദ്ധേഹം തന്നെ എന്നും ഈ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നു.

നഗ്നപാദയായി മുറ്റത്തേക്ക് ഇറങ്ങി..

ആള്‍പെരുമാറ്റമില്ലാത്ത വീടിനെ ഓര്‍മ്മിപ്പിക്കുന്ന മുറ്റവും, തൊടികളും!

അടിച്ചു വാരിയിട്ട് ദിവസങ്ങളായിരിക്കുന്നു!

തിരുവോണമായിട്ട് ഇന്നും അടിച്ചുവാരാനുള്ള തീരുമാനമില്ലെന്നു തോന്നുന്നു!!!??

തന്റെ ചറുപ്പകാലത്ത് തങ്ങള്‍ ആഘോഷിച്ചിരുന്ന തിരുവോണം!!!!

കര്‍ക്കിടകത്തിലെ പിള്ളേരോണം മുതല്‍ തുടങ്ങുന്ന ഒരു മാസം നീളുന്ന ഓണാഘോഷം. വീടും പരിസരവും ചെത്തിവാരി വൃത്തിയാക്കാന്‍ തുടക്കമിടുന്നതും അന്നു തന്നെയാണ്.

ചെത്തി വെടുപ്പാക്കിയ തൊടികളിലും, മുറ്റത്തും തിരുവോണവും കഴിഞ്ഞ് ഉത്രട്ടാതി നാള്‍ വരെ പുല്ലിന്റെ വളരെ ചെറിയ ഒരു കിളിര്‍പ്പോ, ഒരു കരിയിലയോ കാണാതിരിക്കാന്‍ ഏറ്റവും അധികം ശ്രദ്ധിക്കുന്നത് വീട്ടിലെ മുതിര്‍ന്ന സ്ത്രീകളായിരുന്നു.

അത്തത്തിനു തലേ ദിവസം ചുവരുകളില്‍ കക്ക നീറ്റി കുമ്മായം പൂശലും, ചാണകവും കരിയും സമം ചേര്‍ത്തുള്ള തറ മെഴുകലും തകൃതിയായി നടക്കും.

അത്തം പുലരുന്ന ദിനം വീട് ഒരു ക്ഷേത്രത്തിനു തുല്യമായിരിക്കും... അന്നുമുതല്‍ അടുത്ത പത്തു ദിവസങ്ങളില്‍ അവിടുത്തെ നിഷ്ടകള്‍ പൂജകള്‍ക്ക് തുല്യവും.

നീലനിലാവ് പാലാഴി വിരിച്ചു നില്‍ക്കുന്ന രാവുകള്‍ ചെറുപ്പക്കാര്‍ പകലാക്കി മാറ്റും.

ആര്‍പ്പൂവിളികളാല്‍ മുഖരിതമായ അന്തരീക്ഷം.

തിരുവാതിരപാട്ടിന്റെ അലയൊലികള്‍.

തുമ്പിതുള്ളലിന്റെ രൌദ്രത!

മേളവും, തോക്കും കമ്പുമായി ആര്‍ത്തലച്ചു വരുന്ന പുലികളി കണ്ട് പേടിയോടെ നെല്ലറക്കുള്ളില്‍ താന്‍ ഒളിക്കുമായിരുന്നു... അമ്മിണിയമ്മ ചെറുപുഞ്ചിരിയോടെ ഓര്‍ത്തു.

പൂക്കളമിടാന്‍ പൂക്കള്‍ തേടി തൊടികളും, കുറ്റിക്കാടുകളിലും മത്സരിച്ചു പായുന്ന അത്തരം ഒരു ഓണനാളിലാണ് തന്റെ ഭാര്‍ഗ്ഗവേട്ടനെ ആദ്യമായി കണ്ടുമുട്ടിയതും, പ്രണയം മൊട്ടിട്ടതും.

പ്രണയം നിഷിദ്ധമായ ആ നാളുകളില്‍ വീടുവിട്ട് ഭാര്‍ഗ്ഗവേട്ടനൊപ്പം ഇറങ്ങി തിരിച്ച താന്‍ പിന്നീട് ഒരിക്കലും തന്റെ വീടിന്റെ ഉമ്മറത്ത് കാല്‍കുത്തിയിട്ടില്ല.

തന്റെ ഭതൃഭവന ഗ്രഹപ്രവേശനവും അത്തരം ഒരു ഓണ നാളിലായിരുന്നല്ലോ.... അമ്മിണിയമ്മ വീണ്ടും നെടുവീര്‍പ്പിട്ടു

കണ്ണുകള്‍ നനഞ്ഞുവോ?? മുണ്ടിന്റെ തോമ്പലകൊണ്ട് കണ്ണുകള്‍ അമര്‍ത്തി തുടച്ചു.

അമ്മിണിയമ്മ മരുമകളെ വിളിച്ചു.

“ലീലേ...മോളേ ലീലേ”??

മരുമകള്‍ എന്തോ ചടങ്ങു തീര്‍ക്കും പോലെ പൂമുഖപ്പടിയില്‍ വന്നു നിന്നു.

ആഴിച്ചിട്ട മുടി!!ഉറക്കച്ചടവുള്ള കണ്ണുകള്‍.... ഓണനാളിലെ മലയാളി മങ്ക!!!!...

അതിരാവിലെ കുളിച്ചൊരുങ്ങി ഓണപ്പുടവയുമുടുത്ത് സുസ്മേരവദനകളായി ക്ഷേത്രദര്‍ശനത്തിനു പോകാറുള്ള പഴയ മലയാളിമങ്കമാരുടെ സ്ഥാനത്ത് തന്റെ മരുമകളെ സങ്കല്‍പ്പിച്ചോള്‍ അമ്മിണിയമ്മയുടെ ഉള്ളില്‍ പുശ്ചവും അമര്‍ഷവും മുളപൊട്ടി.

ദേഷ്യം മുഖത്തു പ്രതിഭലിക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ട് അമ്മിണിയമ്മ ചോദിച്ചു.

‘ലീലേ ഇന്നെങ്കിലും മുറ്റവും തൊടിയും ഒന്നു അടിച്ചുവൃത്തിയാക്കി കൂടെ?’

മറുപടി ഒരു അട്ടഹാസമായിരുന്നു.

‘എനിക്ക് നടുവിനു വേദനയാണെന്ന് അറിയില്ലെ തള്ളെ?... അത്രക്ക് അത്യാവശ്യമാണെങ്കില്‍ നിങ്ങള്‍ തന്നെ അടിച്ചു വാരിയാല്‍ മതി’

ഉറഞ്ഞു തുള്ളി ലീല അകത്തേക്ക് നടന്നു....

‘ഓണമല്ലെ മുറ്റം ഒന്നു അടിച്ചു വാരിയേക്കാം എന്നു കരുതി ആ നങ്ങേലി കുറത്തിയോട് പറഞ്ഞിരുന്നു, അവളു വന്നാല്‍ അടിച്ചു വാരും, ഇല്ലെങ്കില്‍ ഇങ്ങനെ കിടക്കുകയെ നിവൃത്തിയുള്ളു’ ലീല പിറുപിറുത്തു...

പൂവിളിയുടെ ഗതകാല സ്മരണകളുമായി അമ്മിണിയമ്മ ക്ഷേത്രത്തിലേക്ക് നടന്നു.

വഴിയില്‍ ഓലമേഞ്ഞ ഒരു ചെറിയ ഷെഡ്.

കുറേ ചെറുപ്പക്കാര്‍ അതിനുള്ളില്‍ വട്ടംകൂടിയിരുന്നു സൊറ പരയുന്നുണ്ട്.

ആ ഷെഡിനു മുകളിലായി വലിച്ചു കെട്ടിയ ഒരു ബാനര്‍.

സ്മ്രിതി ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പൂക്കളം.

ഇപ്പോള്‍ പൂക്കളങ്ങള്‍ വീട്ടുമുറ്റത്തു നിന്ന് പൊതു നിരത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.

അതെങ്കിലും ഉണ്ടല്ലോ ആശ്വാസം!

കൌതുകം അടക്കാന്‍ എത്തി നോക്കി.

പൂക്കള്‍ക്ക് പകരം കല്ലുപ്പില്‍ വിവിധ ചായങ്ങള്‍ ചാലിച്ച് ഒരു “ഉപ്പളം”

ചിരിക്കാതിരിക്കുന്നതെങ്ങനെ?

ക്ഷേത്രത്തിനടുത്തത്തിയ അമ്മിണിയമ്മ അങ്ങകലെ മുഴങ്ങുന്ന ആരവങ്ങള്‍ കേട്ട് സന്തോഷത്തോടെ ആര്‍പ്പു വിളികള്‍ക്കായി കാതു വട്ടം പിടിച്ചു.

നല്ല തെറിപ്പാട്ട്!!

ഓണാഘോഷം ഇപ്പോള്‍ ചെറുപ്പക്കാര്‍ക്ക് മദ്യോത്സവം ആണല്ലോ! പഴയ വഞ്ചിപ്പാട്ടുകള്‍ക്ക് തെറിയുടെ മേമ്പൊടി!!

ക്ഷേത്രത്തില്‍ മനസ്സ് ഏകാഗ്രമാക്കാന്‍ ശ്രമിച്ച അമ്മിണിയമ്മയെ ചന്ദനം അരക്കുന്ന വലിയ യന്ത്രത്തിന്റെ നിലക്കാത്ത ശബ്ദം അസ്വസ്ഥയാക്കി.

നടതുറന്നു. പഴയ പഞ്ചലോഹ വിഗ്രഹത്തിനു മങ്ങലൊട്ടുമില്ല.

പക്ഷെ ദീപാരാധനക്കൊപ്പം മുഴങ്ങിയ ശഖും, ചേങ്ങിലയും, മണിനാദവും ഒരുപോലെ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രത്തിന്റെ അപസ്വരത്തില്‍ ഭഗവനെ പോലും മറന്നു പോയി!.

ഇനി എന്നാണാവോ യന്ത്രങ്ങള്‍ക്ക് ശാന്തിക്കാരന്‍ വഴിമാറുക.

തിരികെ വന്ന മാത്രയില്‍ മുറ്റവും, തൊടികളും അടിച്ചു വാരാന്‍ തീരുമാനിച്ചു. നാല്പത്തിയഞ്ചുകാരി മരുമകള്‍ക്ക് നടുവേദന. തനിക്ക അത്തരം വേദനകള്‍ നിഷിദ്ധമാണ്... അല്ലെങ്കില്‍ തന്നെ ഭാര്‍ഗ്ഗവേട്ടന്റെ വിയോഗത്തെക്കാള്‍ ഒരു വേദന തനിക്കെന്തിനി വരാന്‍!

ഇടക്ക് മരുമകള്‍ എത്തി നോക്കി ഊറിയ ചിരിയോടെ കടന്നു പോകുന്നത് കണ്ടില്ലെന്നു നടിച്ചു.

മുറ്റം വെടിപ്പാക്കി, ചാണക വെള്ളം തലിച്ചി ശുദ്ധി വരുത്തി.

ഇനി ജീവജാലങ്ങളെ ഓണം ഊട്ടിപ്പിക്കണം.

ആദ്യ കര്‍മ്മം ഗോമാതാവിനെ ഓണം ഊട്ടലാണ്...

പണ്ട് പശുക്കള്‍ എത്രയായിരുന്നു... ഇന്നിപ്പോള്‍ പശു നിന്നിടത്ത് തൊഴുത്തു പോലും ഇന്നില്ല.... ഇപ്പോള്‍ ‘മില്‍മ’ യാണ് നാട്ടിലെ പശു.

പല്ലിക്കും, ഉറുമ്പിനും ഓണം ഊട്ടാം... അവയെ ആര്‍ക്കും വില്‍ക്കാന്‍ അധികാരമില്ലല്ലോ!

അടുക്കളയില്‍ കയറി ശര്‍ക്കരയും, അരിപ്പൊടിയും, സമം ചേര്‍ത്ത് വെള്ളം ചേര്‍ത്ത് കുഴച്ച് നെല്ലറയുടെ അടുത്തേക്ക് നടക്കുമ്പോള്‍ മരുമകള്‍ പിറകെ കൂടിയത് തിരിച്ചറിഞ്ഞു.

കൈവെള്ള അരിപ്പൊടിയില്‍ മുക്കി ഭിത്തിയില്‍ പതിക്കാന്‍ തുടങ്ങുമ്പോള്‍ മരുമകള്‍ കയ്യില്‍ കടന്നു പിടിച്ചു.

പിന്നെ ബലമായി പാത്രം പിടിച്ചു വാങ്ങി മുറ്റത്തേക്ക് എറിഞ്ഞു.

‘തള്ളക്കു വേറെ തൊഴിലൊന്നുമില്ലെ? വീട്ടിലെ ക്ഷുദ്രജീവികളെ എങ്ങനെ നശിപ്പിക്കാം എന്നു ആലോചിച്ചു മനസ്സു പുകക്കുമ്പോളാണ് തള്ളയുടെ ഒരു ഓണമൂട്ട്.... വെറുതെ വീട് വൃത്തികേടാക്കാന്‍!.

വെറെ പണിയൊന്നുമില്ലെങ്കില്‍ അവിടെയെങ്ങാനും പോയി അടങ്ങിയിരിക്ക് തള്ളെ’

ആറ്റു നോറ്റുണ്ടായ ഒരേയൊരു മകനെ മനസ്സാ ശപിച്ചു.

വര്‍ഷങ്ങളായി മക്കളുണ്ടാകാതിരുന്ന താനും ഭാര്‍ഗ്ഗവേട്ടനും വഴിപാടുകളും ഉരുളി കമഴ്ത്തലും, ചികിത്സയുമായി നീണ്ട പത്തുവര്‍ഷം തപസ്സിരുന്നുണ്ടായ മകന്‍.

അവന്‍ ഇന്നു ദുബായില്‍ മണലാരിണ്യത്തില്‍ കഴിയുന്നു... ഭാര്യയും, മകളും അവനുണ്ടാക്കുന്നതെങ്ങനെ ധൂര്‍ത്തടിക്കാം എന്ന ചിന്തയില്‍ നാട്ടിലും.

എല്ലാം തന്റെ വിധി.... അങ്ങനെ ആശ്വസിക്കാം.

വിഷമം ഉള്ളിലൊതുക്കി പൂമുഖത്ത് ചെന്നിരുന്നു.

ടിവിയില്‍ ആഭാസ നൃത്ത പരമ്പര... ഓണം സ്പെഷ്യല്‍ ആണു പോലും.... ആസ്വദിക്കാന്‍ ചിഞ്ചു.... ഇതേവരെ പല്ലു പോലും തേച്ചിട്ടില്ല എന്നു മുഖഭാവത്തില്‍ വ്യക്തം.

തന്റെ ബാല്യകാലത്ത് ഓണനാളില്‍ ചങ്ങാതിമാരുമൊത്ത് കളികളുമായി തൊടിയിലും പറമ്പിലുമായിരിക്കും... ഇന്നത്തെ തലമുറ ടിവിക്കു മുന്‍പില്‍ തളക്കപ്പെട്ടിരിക്കുന്നു.

ടിവിയില്‍ ശ്രദ്ധിച്ചുകൊണ്ട് ചെവിയോട് ചേര്‍ത്ത് വച്ചിരിക്കുന്ന മൊബൈല്‍ ഫോണില്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുകയാണ് ചിഞ്ചു.

കാതോര്‍ത്തപ്പോള്‍ അതില്‍ ആഭാസത്തിന്റെ അംശങ്ങള്‍!

‘എന്താടീ ചിഞ്ചൂ... നീ ആരോടാണീ സംസാരിക്കുന്നത്”

ഒരു കാര്യവുമില്ലെങ്കിലും ഉള്ളിലെ സ്നേഹത്തിന് ചോദ്യത്തെ തടയാന്‍ കഴിഞ്ഞില്ല.

അവള്‍ രൂക്ഷമായി അമ്മിണിയമ്മയെ നോക്കി.

എന്റെ ഒരു ഫ്രണ്ടിന് ഓണം ആശംസിക്കുകയാണ് കിളവീ...

ഒപ്പം അടുക്കളയിലേക്ക് നോക്കി ചിഞ്ചു ഒച്ച വച്ചു.

‘അമ്മേ ഈ അച്ചമ്മ എന്നെ ശല്യപ്പെടുത്തുന്നു’

അടുക്കളയില്‍ നിന്നും മറുപടിയായി ശകാരവര്‍ഷം.

‘എന്തിന്റെ കേടാണ്.... ആ കൊച്ച് അവിടെ ഇരുന്നോട്ടെ.... നിങ്ങള്‍ അവിടെയെങ്ങാനും പോയിരിക്കു തള്ളെ’

കേട്ടില്ലെന്നു നടിച്ചു.... അഥവാ എന്തെങ്കിലും പറഞ്ഞാലും പ്രയോജനമില്ല.

കാപ്പി കുടിച്ചിട്ട് അങ്ങേലെ സര‍സ്വതിയമ്മയുടെ അടുത്തു വരെ പോകാം... അവളോട് മനസ്സു തുറന്നാല്‍ സ്വല്പം ആശ്വാസം ലഭിക്കും. ജീവിച്ചിരിക്കുന്ന തന്റെ ഏക ചങ്ങാതി!

അടുക്കള ശൂന്യം... ഒരു വിഭവങ്ങളും ഇല്ല.... ഉണ്ടാക്കാനുള്ള ശ്രമവും ഇല്ല!

ലീല പ്രത്യക്ഷപ്പെട്ടു....

‘അമ്മേ ഇന്നു രാവിലെ എനിക്കും, ചിഞ്ചുവിനും, ന്യൂഡിത്സ്.... അമ്മക്കു ഇന്നലത്തെ പഴംകഞ്ഞി ഇരുപ്പുണ്ടല്ലോ ... അതുകൊണ്ട് ഞാന്‍ ഒന്നും ഉണ്ടാക്കിയില്ല, ഓണം പ്രമാണിച്ച് ഉച്ചക്ക് ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്”

പൊട്ടിക്കരയണമെന്നു തോന്നി....

കഴിഞ്ഞ വര്‍ഷം ഓണത്തിന് “ഓണക്കിറ്റ്” എന്ന അപര നാമധേയത്തില്‍ അറിയപ്പെടുന്ന റെഡിമേയ്ഡ് സദ്യയെങ്കിലും ഉണ്ടായിരുന്നു.... ഈ ഓണത്തിന് കോഴി ബിരിയാണി!!!!

‘ലീലെ... കോഴി ബിരിയാണൊയ്യോ?? അതും ഓണത്തിന്?’

‘സൌകര്യം ഉണ്ടെങ്കില്‍ കഴിച്ചാല്‍ മതി.... അല്ലെങ്കില്‍ കുഴിയിലായ കിളവനെ വിളിച്ചുകൊണ്ടു വാ...ഓണ സദ്യ ഉണ്ടാക്കി തരാന്‍’

വെള്ളിടി പോലെയാണ് ആ വാക്കുകള്‍ അമ്മിണിയമ്മയില്‍ പതിഞ്ഞത്.

നോട്ടം കൊണ്ടുപോലും പ്രതികരിച്ചില്ല.

മുറിയില്‍ കയറി പതിയെ വാതില്‍ ചാരി.

കട്ടിലില്‍ നിവര്‍ന്നു കിടന്നു. എതിര്‍വശത്തുള്ള ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന പ്രിയതമന്റെ ജീവസുറ്റ ചിത്രത്തിലേക്കു നോക്കി നിശബ്ദം കണ്ണീരൊഴുക്കി.

പിന്നെ ചോദിച്ചു... ഭാര്‍ഗ്ഗവേട്ടാ ഒരു ഓണ സദ്യകൂടി ഉണ്ണാന്‍ എന്റെ കൂടെ വരുമോ.... ഒരിക്കല്‍ കൂടി?

ചിത്രം മറുപടി പറഞ്ഞു... ഇല്ല പ്രിയേ ഈ അഞ്ജാത ലോകത്തില്‍ നിന്നും ഒരിക്കലും മടക്കയാത്രയില്ല... നീ എന്നിലേക്കു വരൂ.... ഇവിടെ നമ്മുക്കു ഒന്നിച്ച് ഓണം ആഘോഷിക്കാം!

ശരി ഭാര്‍ഗ്ഗവേട്ടാ....എങ്കില്‍ ഞാനെന്റെ ഭാര്‍ഗ്ഗവേട്ടന്റെ അരികിലേക്കു വരാം.... എനിക്ക് ആ കൈകൊണ്ട് ഓണസദ്യയുണാന്‍ കൊതിയായി.

പിന്നെ ഉറക്കം വരാത്ത രാത്രികളില്‍ ക്രിത്രിമ താരാട്ടുകാരനാകാന്‍ വിധിക്കപെട്ട ഉറക്കഗുളികളുടെ കുപ്പിയിലെക്ക് അമ്മിണിയമ്മയുടെ കൈകള്‍ നീണ്ടു.

പിന്നെ ആ കുപ്പി ഒന്നായി വായിലേക്ക് കമഴ്ത്തി.

കിടക്കയില്‍ അമര്‍ന്നു കിടന്നു.

ഇപ്പോള്‍ അമ്മിണിയമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത ആശ്വാസം ഉണ്ടായിരുന്നു..... ഒരു പുഞ്ചിരി ആ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു.

Wednesday, 18 February 2009

അമ്മ വിലപിക്കുന്നു.


ചിത്തം ഉരുകിയൊലികുന്നു ജ്വാലയായ്
ചിത്തഭ്രമം പൂണ്ടോരെന്‍ മക്കള്‍ തന്‍ ചെയ്തിയാല്‍
ദീന ഭയാനക ദ്യശ്യങ്ങള്‍ കണ്ടെന്റെ
നേത്രപടങ്ങള്‍ തിമിര സമാനമായ്
കര്‍ണ്ണങ്ങള്‍ വെട്ടിപ്പിളര്‍ക്കുന്നു കാഹള-
ഭേരി മുഴക്കുന്ന ആഹ്ലാദ ജാഥകള്‍
അക്ഷരക്ഷീരം ചുരത്തിയെന്‍ മാറിടം
സംസ്കാര ശൂന്യര്‍ തന്‍ വേദിയായ് മാറുന്നു!!!
എന്‍ മകന്‍ ബാപ്പുജി താണ്ടിയ വീഥികള്‍
കല്ലറയാക്കിയീ കോമാളി രാഷ്ട്രീയം
ഞാന്‍ പിച്ച വയ്കാന്‍ പഠിപ്പിച്ച പാദങ്ങള്‍
വെട്ടിയെടുത്തെനിക്കന്നം വിളമ്പുന്നു!!!
എന്‍ പാനപാത്രങ്ങള്‍ ആരുമറിയാതെ
വിഷപങ്കിലമാക്കി എനിക്കു നീട്ടീടുന്നു
പീഡനമാമാങ്കം ആടി തിമിര്‍ക്കുന്നു
സോദരി തന്‍ ദീന രോദനം കേള്‍ക്കാതെ
ഗുരുവിനെ തെരുവില്‍ വലിച്ചു കീറീടുന്നു
ഗുരുവചനങ്ങള്‍ തെരുവിലൊഴുക്കുന്നു
എന്തിനെന്‍ മക്കളെ ഈ ഹീനവ്യത്തികള്‍
എന്തിനെന്‍ അന്തസ്സു കാറ്റില്‍ പറത്തുന്നു!!!
പിന്തിരിഞ്ഞീടുക എന്‍ പൊന്നു മക്കളെ
അമ്മതന്‍ ഈ ദീന രോദനം കേള്‍ക്കുക!!!