. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, 20 January 2010

സംഭവാമി യുഗേ യുഗേ!!

പണിക്കരേട്ടാ.... എഴുനേല്‍ക്കു... രണ്ട് ദിവസമായില്ലെ എന്തെങ്കിലും കഴിച്ചിട്ട്...

നിനക്കങ്ങനെ പറയാം സുധാകരാ.... എന്റെ മകള്‍ എന്നോട് കാണിച്ച നെറികേട് എങ്ങനെ സഹിക്കുമെടാ...

പണിക്കരേട്ടാ.... ഇന്നു ഏതു വീട്ടിലാ ഇതൊക്കെ നടക്കാത്തെ.... നൂറ്റാണ്ട് മാറിയില്ലെ.... ഇന്നത്തെ കുട്ടികള്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ട്.... നമ്മുടെ കാലം പോലെയാണോ?

സുധാകരാ.... നീ എന്താ ഈ പറഞ്ഞു വരുന്നത്.... കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്ക് വാശി പിടിച്ച് അതു വാങ്ങി കൊടുക്കാത്തപ്പോള്‍ കരയുന്നതു പോലെ വെറും നിസ്സാരമാണോ ഇത്?

ഒന്നാന്തരം നായര്‍ തറവാട്ടില്‍ ജനിച്ച എന്റെ മകള്‍ ഒരു നസ്രാണിക്കൊപ്പം!!!....

എല്ലാം നമ്മള്‍ സഹിച്ചേ പറ്റൂ പണിക്കരേട്ടാ.... എഴുനേല്‍റ്റു വന്നു വല്ലതും കഴിക്കൂ....

അവള്‍ക്ക് ഒരു കുട്ടി ജനിക്കുമ്പോഴേക്കും എല്ലാം കലങ്ങി തെളിയും.... അതുമല്ല ഇനി വരുന്ന നൂറ്റാണ്ടില്‍ ഈ ജാതിക്കും മതത്തിനും ഒക്കെ എന്താ പ്രസക്തി?

കാലത്തിനൊപ്പം നമ്മള്‍ കോലം മാറണം പണിക്കരേട്ടാ..... നമ്മുടെ മാറാല പിടിച്ച മനസ്സാണ് ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ക്ക് കാരണം.... വരൂ വല്ലതും കഴിക്കൂ.....

പണിക്കരുടെ മുന്നില്‍ നിവര്‍ത്തി വച്ച പാത്രത്തിലേക്ക് ചോറും കറികളും വിളമ്പുന്നതിനിടയില്‍ ഫോണ്‍ ശബ്ദിച്ചു....

അങ്ങേ തലക്കല്‍ നിന്നും വാമഭാഗത്തിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം.... സുധാകരേട്ടാ പെട്ടെന്നിങ്ങോട്ട് ഒന്നു വരൂ.... വേഗം!!!

എന്താ...എന്താ പ്രശ്നം എന്ന് ചോദിച്ചത് മുഴുവിപ്പിക്കാന്‍ സമ്മതിക്കാതെ അങ്ങേ തലക്കല്‍ ഫോണ്‍ വച്ചു..

പണിക്കരേട്ടാ.... വീട്ടില്‍ എന്തോ പ്രശ്നം... പിന്നെ കാണാം.... സുധാകരന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു....

മുറ്റം നിറയെ ആളുകള്‍, അവര്‍ പര‍സ്പരം പിറുപിറുക്കുന്നു‍... ഭാര്യയുടെ കരച്ചില്‍ അകത്ത് നിന്ന് കേള്‍ക്കാം.... സുധാകരന്‍ ഒറ്റക്കുതുപ്പിന് വീട്ടുനുള്ളില്‍ കടന്നു....

എന്താടീ എന്താ പറ്റിയേ? അയാളുടെ ശബ്ദവും നിലവിളിക്കൊപ്പം എത്തിയിരുന്നു.....

മറുപടി പറയാതെ ഭാര്യ എടുത്തു നീട്ടിയ ഒരു കത്തിലേക്ക് അയാളുടെ കണ്ണുകള്‍ പരതി....

“അച്ഛാ ഞാന്‍ താഴത്തു വീട്ടിലെ അബ്ദുള്‍ മജീദിനൊപ്പം പോകുന്നു.... ഞങ്ങളെ തിരക്കെണ്ട.... അച്ഛന്‍ എന്നോട് ക്ഷമിക്കണം”

പിന്നെ അയാളില്‍ നിന്ന് ഉയര്‍ന്ന നിലവിളി കണ്ടു നില്‍ക്കുന്നവരുടെ കരളലിയിക്കുന്നതായിരുന്നു...

“എന്റെ മോളെ എന്തിനാടീ അച്ഛനോട് ഈ ചതി ചെയ്തത്? നിനക്കു പോകണമെങ്കില്‍ സ്വന്തം ജാതിയിലുള്ള ഒരുത്തന്റെ കൂടെ പോകാമായിരുന്നില്ലെ.... അയ്യോ.....”

സുധാകരന്റെ നെഞ്ചത്തിടി പണിക്കരേട്ടനും കേള്‍ക്കാവുന്ന അത്ര ഉച്ചത്തിലായിരുന്നു.

Sunday, 17 January 2010

ഞാനും എന്റെ സൈക്കിളും (ഭാഗം 3)

സൈക്കിള്‍ റിം പോയതിന്റെ വിഷമം തീരുന്നതിനു മുന്‍പേ അത് സംഭവിച്ചു.

വീട്ടില്‍ ശ്രീമാന്‍ സൈക്കിള്‍ തന്നെ തന്റെ വിശ്വരൂപം പൂണ്ട് പ്രത്യക്ഷപ്പെട്ടു.

സൈക്കിള്‍ ദേവനെ കൊടും തപസ്സിനൊടുവില്‍ പ്രത്യക്ഷപ്പെടുത്തിയത് സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയായ എന്റെ ഒരേ ഒരു ജേഷ്ടനും!

സൈക്കിള്‍ ദേവന്‍ അവതരിച്ചത് സ്വര്‍ഗ്ഗത്തില്‍ നിന്ന് നേരിട്ടാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ദുഃര്‍ഗ്ഗാപ്പൂരില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ കല്‍ക്കട്ടയില്‍ നിന്നും എന്റെ അച്ഛന്‍ വാങ്ങിയ ബംഗാള്‍ സുന്ദരന്‍. കടിഞ്ഞൂല്‍ പുത്രന്റെ അഞ്ചു വര്‍ഷത്തെ നിരന്തര പ്രതിഷേധത്തിന്റെയും, സമരത്തിന്റെയും, പ്രാര്‍ത്ഥനകളുടെയും ഫലമായി കനിഞ്ഞനുഗ്രഹിച്ച ഒരു അത്യുഗ്രന്‍ ഹെര്‍ക്കുലീസ് പുലി.

ചെങ്ങന്നൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ പതിവിന് വിപരീതമായി അച്ഛനെ സ്വീകരിക്കാന്‍ എനികും അമ്മക്കും പുറമെ എന്റെ ജേഷ്ടനും കൂടി വന്നത് അച്ഛനോടുള്ള സ്നേഹം മൂത്തിട്ടൊന്നും ആയിരുന്നില്ല.

“ദേ നാളെ വാങ്ങിക്കാം.... ഈ വര്‍ഷത്തെ പരീക്ഷ കഴിഞ്ഞാല്‍ ഉടന്‍ വാങ്ങിക്കാം.... അങ്ങേലെ സറാമ്മയുടെ കടിഞ്ഞൂല്‍ പ്രസവം ഒന്നു കഴിയട്ടെ അതു കഴിഞ്ഞു വാങ്ങിക്കാം..... ഈ വര്‍ഷമല്ലെ നമ്മുടെ പാമ്പനക്കുളം വറ്റിക്കുന്നത്, അതൊന്നു വറ്റിക്കഴിയട്ടെ പിറ്റേന്ന് നിനക്ക് സൈക്കിള്‍ കിട്ടിയിരിക്കും” എന്നിങ്ങനെ സൈക്കിളു വാങ്ങലുമായി ബന്ധമില്ലാത്ത പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് പഠിത്തവും വീട്ടു കാര്യങ്ങളും സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ജേഷ്ടനെ നിര്‍ബന്ധിതനാക്കിയ അമ്മയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പറ്റിക്കല്‍ പ്രസ്ഥാനത്തിന് അച്ഛന്‍ നേരിട്ട് ഇടപെട്ട് വിരാമമിട്ടിരിക്കുന്നു എന്ന സൂചന ജേഷ്ടന് നേരത്തെ തന്നെ കിട്ടിയിരുന്നു.

സൈക്കിള്‍ റെയില്‍വെ പ്ലാറ്റ്ഫോമില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ജേഷ്ടന്‍ തന്റെ സോമാലിയന്‍ മേനിയിലുള്ള പതിനാലേകാല്‍‍ വയസ്സ് പ്രായമായ മസിലുകള്‍ പെരുപ്പിച്ച് നാലുപാടും ഒന്നു നോക്കി. “നോക്കിനടെ ഞാന്‍ ഹെര്‍ക്കുലീസ് സൈക്കളുകളുടെയും മറ്റും ഓണറുകള്‍ ആയടെ”

വീട്ടില്‍ കൊണ്ടുവരും വരെ ഞാന്‍ ശ്വാസമടക്കി ഇരിക്കുകയായിരുന്നു. മഹാനായ ഹെര്‍ക്കുലീസിനെ ഒന്നു അടുത്തു കാണാന്‍.

പക്ഷെ ഇടുത്തീ പോലെ എന്റെ കാതുകളില്‍ ആ വാക്കുകള്‍ വന്നു വീണു.

എടാ സൈക്കിളില്‍ വല്ലതും തൊട്ടെന്നറിഞ്ഞാല്‍ നിന്റെ കൈ ഞാന്‍ തല്ലിയൊടിക്കും. ചേട്ടന്റെ ഉഗ്ര ശാസനം!

കൂട്ടുകാര്‍ക്ക് ഞാന്‍ ഒരു പുലിയാണെങ്കിലും ചേട്ടനു മുന്നില്‍ കടലാസ് പുലിയാണ്.. ചേട്ടന്‍ ഒന്നിരുത്തി നോക്കിയാല്‍ നിന്നിടം നനയും.... അത്ര പേടി!!! അതിനാല്‍ തന്നെ സൈക്കിളില്‍ തൊടാന്‍ പോയിട്ട് അതിനെ പത്ത് മീറ്റര്‍ അകലെ നിന്നു വീക്ഷിക്കാന്‍ പോലും എനിക്ക് പേടിയായി.

പിന്നെ സ്വയം ആശ്വസിച്ചു.... ചാക്കോ മാപ്പിളയുടെ ഹീറോയുടെ അത്ര വരില്ല ഈ സാധനം.... അതിന്റെ ഡൈനോമാ ലൈറ്റ് കത്തുന്നത് കാണാന്‍ എന്തു രസമാ.... ഇതിന്റെ ലൈറ്റ് കണ്ടില്ലെ... രണ്ട് ബാറ്ററിയിടുന്ന ചുവന്ന കളറുള്ള അത്രയൊന്നും പ്രകാശമില്ലാത്ത ഒരു ലൈറ്റ്... ശ്ശെ, ശ്ശെ.... എനിക്കിതില്‍ തൊടുക പോലും വേണ്ട... മുന്തിരിയുടെ പുളി!!!

എങ്കിലും പതിവായുള്ള ഒരു സൈക്കിള്‍ യാത്ര തരപ്പെട്ടു എന്നത് സന്തോഷം പകരുന്ന ഒന്നായി മാറി. എന്റെ ബാല്യകാല സുഹൃത്തും, സഹപാഠിയും, അയല്‍ക്കാരിയും സര്‍വ്വോപരി എന്റെ ബന്ധുവുമായ ബിന്ദുവും ഞാനും പരസ്പരം കൈകോര്‍ത്ത് റോഡിന്റെ അരികു ചേര്‍ന്നു താണ്ടിയിരുന്ന സ്കൂളിലേക്കുള്ള മൂന്നു കിലോമീറ്റര്‍ ദൂരവും തിരിച്ചുള്ള മൂന്നു കിലോമീറ്റര്‍ ദൂരവും എന്റെ ചേട്ടന്റെ സൈക്കിളിന്റെ മുന്നിലും പിമ്പിലേക്കും ആയി മാറി.....

ഞങ്ങളെ സ്കൂളിലാക്കി ചേട്ടന്‍ തൊട്ടടുത്ത ഹൈസ്കൂളിലേക്ക് പോകും, തിരികെ വരുമ്പോള്‍ ഞങ്ങളേയും കൂട്ടും... പക്ഷെ അധികനാള്‍ അതു നീണ്ടു നിന്നില്ല. ആ യാത്ര അവസാനിച്ചത് ഒരു ബുള്ളറ്റിന്റെ മുന്നില്‍.... ഒരിക്കല്‍ സ്കുളില്‍ നിന്നു എന്നെ ക്രോസ്‌ബാറില്‍ പിടിപ്പിച്ച ചെറു സീറ്റിലും, ബിന്ദുവിനെ പിറകിലെ കാര്യറിലും വച്ച് വളരെ ലാഘവത്തോടെ ചവിട്ടി വന്ന ചേട്ടന്റെ സൈക്കിളിലേക്ക് പൊടുന്നനവെ ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇടിച്ചു കയറി. ഭാഗ്യവശാല്‍ പരിക്കുകളോട് ഞങ്ങള്‍ മൂവരും രക്ഷപെട്ടു. പക്ഷെ ആ ദിവസം അമ്മയുടെ പ്രഖ്യാപനം വന്നു.

ഇനി മുതല്‍ നീയും ബിന്ദുവും പഴയ പോലെ ചേച്ചിയുടെ കൂടെ നടന്ന് സ്കൂളില്‍ പോയാല്‍ മതി.... വീണുണ്ടായ പരുക്കുകളേക്കാള്‍ എന്നെ വിഷമിപ്പിച്ചത് ആ പ്രഖ്യാപനമായിരുന്നു. ചേട്ടന്റെ സൈക്കിള്‍ യാത്രയും മുടങ്ങി. അങ്ങനെ മഹാനായ ഹെര്‍ക്കുലീസ് എന്റെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ ശ്വാസം പോലും കിട്ടാനില്ലാതെ വീര്‍പ്പുമുട്ടി തുടങ്ങി. ചേട്ടന് സൈക്കിളുമായി പരമാവധി കറങ്ങാന്‍ അനുമതി കിട്ടിയത് വീടിന്റെ മുറ്റത്തിനുള്ളില്‍ മാത്രം!

തുടരും......

Wednesday, 4 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 2)

സൈക്കിള്‍ സ്വപ്നം കണ്ട് നടന്ന് എന്റെ അക്കാലത്തെ പ്രധാന ഹീറോകള്‍ പറങ്കിയണ്ടിയും, പഴയ പേപ്പറും തൂക്കി വാങ്ങാന്‍ വരുന്ന ചാക്കോ മാപ്പിളയും, ഐസുകാരന്‍ “അളിയനും” ആയിരുന്നു.

ചക്കോ മാപ്പിള പറുങ്കിയണ്ടി തുക്കുന്നതിനിടയില്‍ കിട്ടുന്ന അല്‍പ്പ സമയം അദ്ധേഹത്തിന്റെ പഴയ ഹീറോ സൈക്കിളിനെ അടിമുടി ഒന്നു തഴുകി തലോടാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. ഡൈനോമാ ഇട്ട് പെഡല്‍ ചവുട്ടി ഹെഡ് ലൈറ്റ് കത്തുന്നത് കണ്ട് ആസ്വദിച്ചിരുന്നു. ബെല്ലിന്റെ മുകളില്‍ കൈ അമര്‍ത്തി ശബ്ദം അധികം പുറത്തു വരാത്ത വിധത്തില്‍ ബെല്ലടിക്കും. എന്റെ കളികള്‍ അധികം ആകുന്നു എന്നു കാണുമ്പോള്‍ ചാക്കോ മാപ്പിള സ്നേഹപൂര്‍വ്വം മുധരം കലര്‍ന്ന ശബ്ദത്തില്‍ ശാസിക്കും... “ മോന്‍ കുട്ടാ കുഴപ്പിക്കല്ലെ... ചക്കോമാപ്പിളയുടെ കഞ്ഞികുടി മുട്ടിക്കല്ലെ!!”

എല്ലാ ശനിയാഴ്ച്ചകളും ഞാറാഴ്ച്ചകളും വരുന്ന മറ്റൊരു ഹീറോയാണ് ഐസുകാരന്‍ അളിയന്‍. മോഹനന്‍ എന്നു പേരുള്ള അദ്ധേഹം ഞങ്ങള്‍ കുട്ടികളെ പേരു വിളിക്കാതെ “അളിയന്‍” എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. അതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ തിര്‍ച്ച് അദ്ധേഹത്തെയും “അളിയാ” എന്നായിരുന്നു വിളിക്കുക. അളിയന്റെ സൈക്കിള്‍ വലിയ പഴക്കം ഉള്ളതായിരുന്നില്ല. അളിയന്റെ സൈക്കിളിനുള്ള പ്രത്യേകത അതിന്റെ മിഡില്‍ ബാറില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പു കഷണം ആണ്. അതില്‍ മറ്റൊരു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുട്ടി ശബ്ദമുണ്ടാക്കിയാണ് അളിയന്‍ ഐസ് വാങ്ങാനായി കുട്ടികളെ പ്രേരിപ്പിക്കുന്നത്. ചുവപ്പും, മഞ്ഞയും, പച്ചയും കളറുകള്‍ കലര്‍ത്തിയ ആ ഐസുകളുടെ രുചി ഇന്നും നാക്കിന്റെ തുമ്പില്‍ തത്തിക്കളിക്കുന്നു. ഐസുകള്‍ കഴിച്ചു കഴിഞ്ഞാല്‍ നാക്കില്‍ അവശേഷിക്കുന്ന കടുത്ത കളറുകള്‍ പരസ്പരം കാട്ടി അതിന്റെ മനോഹാരിത വിലയിരുത്തുന്നത് അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഒരു ഹരം തന്നെ ആയിരുന്നു.

അളിയന്റെ സൈക്കിള്‍ വരുമ്പോള്‍ ഇരുമ്പു ദണ്ഡ് ചോദിച്ചു വാങ്ങി മണിയില്‍ ഒന്നു മുട്ടി ശബ്ദം ഉണ്ടാക്കിയില്ലെങ്കില്‍ എന്തോ ഒരു കുറവു പോലെയാണ്. കുട്ടിക്കാലത്ത് ശനിയും, ഞായറും വരാനായി കാത്തിരിക്കുന്നത് അളിയന്റെ രുചിയേറിയ ഐസ് കഴിക്കാനും പിന്നെ ഫ്രീ ആയി അനുവദിച്ച് കിട്ടുന്ന “മണിയടി” യും പ്രതീക്ഷിച്ചു മാത്രമായിരുന്നു. ശനിയാഴ്ച്ച് ആകുമ്പോഴേക്കും ഐസ് വാങ്ങാനുള്ള 10 പൈസ ആരെയെങ്കിലും മണിയടിച്ച് ഉണ്ടാക്കി വച്ചിരിക്കും, അതായിരുന്നു എന്റെ രീതി.

ചക്കോ മാപ്പിളക്കും, അളിയനും പുറമെ മീന്‍‌കാരന്‍ കരുണാകരന്‍ പുലയന്‍, അലുമിനിയം പാത്രം വില്‍കുന്ന തമിഴന്‍, സോപ്പ് വില്‍ക്കുന്ന മിലിട്ടറി വാസു എന്നിവരൊക്കെ സൈക്കിള്‍ യാത്രക്കാര്‍ ആയിരുന്നു എങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല, അതിനാല്‍ തന്നെ അവരൊന്നും ഞങ്ങളുടെ(എന്റെ) ഹീറോ ലിസ്റ്റില്‍ പെട്ടിരുന്നില്ല.

ഇന്ന് കാലം പുരോഗമിച്ചപ്പോള്‍ ഐസുകാരനും, പറുങ്കിയണ്ടി കച്ചവടക്കാരനും, മീന്‍‌കാരനും, അലുമിനിയം പാത്രം വില്‍പ്പനക്കാരനും, സോപ്പു വില്‍പ്പനകാരനും എല്ലാം സൈക്കിളുകള്‍ക്കൊപ്പം ഗ്രാമ വീഥികളില്‍ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് ഈ അടുത്ത കാലത്ത്‍ “എം 80” എന്ന ആധുനിക ശകഠത്തില്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഐസുകാരന്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടു. അതുപക്ഷെ ഞങ്ങളുടെ പ്രിയപ്പെട്ട അളിയനായിരുന്നില്ല. ചക്കോ മാപ്പിളയും, അളിയനും എല്ലാം കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. ഐസിന്റെ പഴയകാല്‍ രുചി ഓര്‍ത്ത് വാങ്ങാന്‍ തുനിഞ്ഞ എന്നെ എന്റെ അമ്മ തടഞ്ഞു.

“എടാ ഇതൊന്നും വാങ്ങി കഴിക്കരുത്... എവിടുന്നൊക്കെയോ എടുക്കുന്ന ചീത്ത വെള്ളവും ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങളാ.... കഴിച്ചാല്‍ എന്തൊക്കെ അസുഖങ്ങള്‍ വരുമെന്ന് ആര്‍ക്കറിയാം!!?”

സത്യം പറഞ്ഞാന്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. പണ്ട് ഐസു കഴിക്കുമ്പോള്‍ അമ്മ ഒരിക്കല്‍ പോലും വിലക്കിയതായി ഓര്‍മ്മയില്ല. കാലത്തിന്റെ മാറ്റം... പഴയ തലമുറയിലെ ആള്‍ക്കാര്‍ക്ക് പോലും ചിന്തകളില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. അമ്മയുടെ വാക്കുകള്‍ അവഗണിച്ചും ഞാന്‍ ഒരു ഐസ് വാങ്ങി കഴിച്ചു. പക്ഷെ അത് എന്റെ പ്രിയപ്പെട്ട “അളിയന്‍” തന്നിരുന്ന ഐസിന്റെ രുചിയുടെ അടുത്തു പോലും എത്തുന്നതായിരുന്നില്ല.

ചാക്കോ മാപ്പിളയും, അളിയനും മാത്രമല്ല അവരുടെ ജീവിതോപാധി ആയിരുന്ന സൈക്കിളുകളും എന്റെ ഓര്‍മ്മകള്‍ക്ക് കണ്ണീരിന്റെ നനവ് പലപ്പോഴും സമ്മാനിക്കാറുണ്ട്.

(തുടരും)

Monday, 2 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 1)

സൈക്കിള്‍.....

ഈ ഇരുചക്രവാഹനം കൈകാര്യം ചെയ്യാത്ത ഒരു കേരളീയന്‍ ഉണ്ടാവാന്‍ സാദ്ധ്യത കുറവാണ്.

ഇന്ന് സൈക്കിള്‍ ബൈക്കുകകള്‍ക്കും പുത്തന്‍ തലമുറ വാഹനങ്ങള്‍ക്കും മുന്നില്‍ തലതാഴ്ത്തി നില്‍ക്കുമ്പോള്‍ അതിന് ഒരു പ്രതാപകാലം ഉണ്ടായിരുന്നത് വിസ്മരിക്കുക പ്രയാസം.

ഒരുപക്ഷെ പുതു തലമുറക്ക് അന്യമായ സൈക്കിളിന്റെ ആ പ്രതാപകാലം എന്റെ ഓര്‍മ്മകളിലൂടെ ഒന്നു പുനര്‍ശ്രിഷ്ടിക്കാനുള്ള ശ്രമത്തിലാണ്.

എന്റെ ഓര്‍മ്മയില്‍ കടന്നു വരുന്ന ആദ്യ സൈക്കിളിന് മൂന്നു ചക്രങ്ങള്‍ ഉണ്ടായിരുന്നു.

എനിക്ക് ഏഴ് വയസുള്ളപ്പോള്‍ ഒരിക്കല്‍ അച്ഛനമ്മമാരോടൊപ്പം എന്റെ ഒരു ബന്ധുവീട് സന്ദര്‍ശിക്കവെ അവിടെ കണ്ട മുച്ചക്രവാഹനം കണ്ട് വിസ്മയം പൂണ്ട് അതില്‍ കയറി, ആഗ്രഹം തീരാതെ അവിടെ നിന്ന് പോരുമ്പോള്‍ സൈക്കിളും കൂടി കൊണ്ടുപോകാം എന്നു നിലവിളിച്ച് ഒടുവില്‍ അച്ഛന് വടി എടുക്കേണ്ടി വന്നു.

പിന്നെ അച്ഛന്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയപ്പോള്‍ അമ്മയുടെ മുന്നില്‍ ഒരു പുതിയ മുച്ചക്ര സൈക്കിള്‍ എന്ന ആവശ്യം ഉന്നയിച്ച് നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമരമുറകള്‍ പയറ്റി നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.

എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ചെങ്ങന്നൂര്‍ ഠൌണില്‍ അമ്മക്കൊപ്പം പോകുമ്പോള്‍ സൈക്കിളുകള്‍ നിരത്തി വച്ചിരിക്കുന്ന കടയുടെ അടുത്ത് എത്തുമ്പോള്‍ അമ്മയുടെ സാരിത്തുമ്പില്‍ വലിച്ച് നിര്‍ത്തും. പിന്നെ അത് ചൂണ്ടിക്കാട്ടി ചിണുങ്ങാന്‍ തുടങ്ങും. നാരങ്ങാ മിഠായി അല്ലെങ്കില്‍ കുപ്പിയെ നിറമുള്ള, മധുരമുള്ള വെള്ളം എന്ന മോഹനവാഗ്ദാനം നടത്തി എന്റെ ശ്രദ്ധ തിരിച്ച് എന്റെ കൌശലക്കാരി അമ്മ അവിടെയും എന്നെ പരാജയപ്പെടുത്തി.

ക്രമേണ സൈക്കിള്‍ എന്ന മോഹം ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അല്ലെങ്കില്‍ അത് കിട്ടില്ല എന്ന് എനിക്ക് മനസ്സിലായതോടെ അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നു എന്നു പറഞ്ഞാലും തെറ്റില്ല.

ഞാന്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ എന്റെ ജേഷ്ടന്‍ കൊണ്ടുവന്നു തന്ന ഒരു സൈക്കിള്‍ റിമ്മാണ് എന്റെ രണ്ടാമത്തെ സൈക്കിള്‍ ഓര്‍മ്മ. അത്യാവശ്യം എല്ലാ കമ്പികളും ഉള്ള ഒന്ന്, കൂടാതെ നടുക്ക് ആക്സില്‍ ഫിറ്റ് ചെയ്യാന്‍ ഉള്ള ഇടവും എല്ലാം ഉള്‍പ്പെടുന്ന ഒരു സൈക്കിള്‍ റിം. ജേഷ്ടന്‍ തന്നെ ഒരു കമ്പി വളച്ച് ആക്സില്‍ ഹോളില്‍ ഇട്ടു തന്നു. പിന്നെ അത് ഉരുട്ടുന്ന വിധം കാണിച്ചു തന്നു.

ഭിക്ഷക്കാരന് ലോട്ടറി അടിച്ചതുപോലെ ആയിരുന്നു എന്റെ അവസ്ഥ. കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ നിമിഷങ്ങള്‍ക്കകം താരമായി മാറി. കാരണം അവരില്‍ പലരും ഉരുട്ടി നടക്കുന്നത് സൈക്കിള്‍ ടയറുകളാണ്. അതില്‍ നിന്നു വ്യത്യസ്ഥമായ ഒന്ന്. അതൊന്നു ഉരുട്ടാന്‍ ആഗ്രഹം പ്രകടിച്ചവരെ ഞാന്‍ നിഷ്കരുണം “നോ” പറഞ്ഞ് ഒഴിവാക്കി. രാവിലെ സ്കൂളില്‍ പോകുന്നതു വരെയും, വൈകുന്നേരം സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞും എന്റെ ശ്രദ്ധ സൈക്കിള്‍ റിം ഉരുട്ടുന്നതിലായി. ഇടക്ക് വന്ന ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ അമ്മയ്ക്ക് മനസ്സിലായി എന്റെ നാലാം ക്ലാസ് തന്നെ സൈക്കിള്‍ റിമ്മിന് അടിയില്‍ പെട്ട് ചതഞ്ഞ് അരയുമെന്ന്.

ഒരു ദിവസം പൊടുന്നനെ എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായി. ഞാന്‍ നിലവിളിച്ചു. അമ്മ നിസംഗയായി പറഞ്ഞു... “ സുക്ഷിച്ച് വെക്കാന്‍ പഠിക്കണം.... ഇന്നലെ പാട്ട പെറുകുന്ന തമിഴന്മാര്‍ ഇതുവഴി നടക്കുന്നതു കണ്ടു.. അതുങ്ങളു വല്ലതും എടുത്തുകൊണ്ട് പോയതാവും”.... പലദിവസങ്ങളിലെ അന്വേഷണം എങ്ങും എത്തിയില്ല.... എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായ സത്യം ഞാന്‍ അംഗിക്കരിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം വെക്കേഷന് നാട്ടില്‍ ചെന്നപ്പോള്‍ എന്തോ ആവിശ്യത്തിന് എന്റെ വീട്ടിലെ മച്ചില്‍ കയറേണ്ടി വന്നു... അവിടെ എന്റെ സൈക്കിള്‍ റിമ്മിന്റെ തുരുമ്പെടുത്ത അസ്ഥികൂടം എനിക്ക് കാണാന്‍ കഴിഞ്ഞു.... അമ്മയെന്ന കള്ളിയെ കയ്യോട് പിടിച്ചതിന്റെ ആവേശത്തില്‍ അതുമായി മുന്നില്‍ ചെന്നപ്പോള്‍ മാതൃത്വത്തിന്റെ അവസരപരമായ ഇടപെടലുകളും അത് മൂലം ഒരു വ്യക്തിയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും വെറും ഒരു വരിയില്‍ ഒതുക്കി അമ്മ ഇങ്ങനെ പ്രതികരിച്ചു.

“അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു”

(തുടരും)

Sunday, 18 October 2009

നാടകമേ ഉലകം!



ഗ്രാമ മക്കള്‍ നീര്‍വിളാകേശന് പകരം വെക്കുന്നവന്‍..... ദൈവോപാസകന്‍... ഗ്രാമവാസികളുടെ കണ്ണിലുണ്ണി. തൂക്കു വിളക്കിലെ തീഷ്ണമായ ജ്വാലകള്‍ക്കു മാറ്റ് കുറക്കാന്‍ കഴിയാത്ത മുഖശ്രീക്ക് ഉടമ.വലം‌പിരി ശംഖിന്റെ ഓംകാര നാദത്തിനു പൊലിമകുറക്കുന്ന ശബ്ദ സൌകുമാര്യം. എല്ലാത്തിനുമുപരി സത്സ്വഭാവി. ഒരു കുറവു മാത്രം ഇടത്ത് കാലിലെ ചട്ട്! ഇതാണ് മേല്‍ശാന്തി സത്യനാരായണ ഭട്ടതിരി. ഗ്രാമവാസികള്‍ അത്യധികം സ്നേഹത്തോടെയും, വാത്സല്യത്തോടെയും എല്ലാത്തിനുമുപരി ബഹുമാനത്തോടെയും “നാരായണന്‍ കുഞ്ഞ്” എന്ന് വിളിക്കുന്ന അവരുടെ സ്വന്തം ശാന്തിക്കാരന്‍.

നെഞ്ചിനു കുറുകെ വലിച്ച് കെട്ടിയിരിക്കുന്ന പൂണൂലില്‍ വലതു കയ്യിലെ പെരുവിരല്‍ ചേര്‍ത്ത് വച്ച് എപ്പോഴും മന്ത്രങ്ങള്‍ ഉരുവിടുന്ന അദ്ദേഹം ദൈവ ഭക്തനാണെന്ന് ആരെയും പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് തന്റെ മനസ്സും, ഭക്തിയും പൂര്‍ണമായും അര്‍പ്പിക്കുന്ന അദ്ദേഹം സദാ സുസ്മേര വദനനായി കാണപ്പെടും.

ഭക്തിക്ക് ഒട്ടും കുറവില്ല കഴകക്കാരന്‍ നാരായണന്‍ മാരാര്‍ക്കും. പരമ്പരാഗതമായി നീര്‍വിളാകേശനെ സേവിക്കാന്‍ അവസരം കിട്ടിയ കുടുഃബത്തിലെ ഇപ്പോഴത്തെ പ്രതിനിധി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ശംഖനാദമുതിര്‍ത്ത് പള്ളിയുണര്‍ത്തുന്നതു മുതല്‍ അത്താഴ പൂജ കഴിഞ്ഞ് നട അടക്കും വരെ ക്ഷേത്രവും, ക്ഷേത്ര പരിസരവും ആണ് അദ്ദേഹത്തിന് വീട്. തികഞ്ഞ ഉപാസകന്‍.

ഇവര്‍ രണ്ടും അല്ലാതെ മൂന്നാമതൊരാള്‍ ക്ഷേത്രത്തില്‍ കടക്കില്ല, എന്നിട്ടും ഭഗവാന്റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.

അന്നേ ദിവസം പള്ളിയുണര്‍ത്താന്‍ എത്തിയ നാരായണന്‍ മാരാര്‍ ആണ് ക്ഷേത്ര നട തുറന്ന് കിടക്കുന്നത് കണ്ടത്. പഞ്ച ലോഹ വിഗ്രഹം അപ്രത്യക്ഷമായെന്ന അറിവ് അയാളെ വല്ലാതെ നാടുക്കി കളഞ്ഞു.

കുഞ്ഞേ നമ്മുടെ ഭഗവാനെ ആരോ കൊണ്ടു പോയിരിക്കുന്നു... വേഗം വരിക!! കിതച്ചു ഓടി വന്ന നാരായണന്‍ മാരാര്‍ക്കു പുറകെ മേല്‍ശാന്തിയും ക്ഷേത്രത്തിലേക്ക്.

ജനം ക്ഷേത്ര പരിസരത്ത് തടിച്ചു കൂടി........ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.

നീര്‍വിളാകേശാ..... നിനക്കും ഈ ഭൂമിയില്‍ സംരക്ഷണമില്ലാതായോ?.... പലരും പതം പറഞ്ഞ് പരിതപിച്ചു.

പിന്നെ പതിവ് നാടകങ്ങള്‍......പോലീസ്, പോലീസ് നായ അങ്ങനെ പലവിധ അലങ്കാരങ്ങള്‍. പക്ഷെ ഒന്നിനും പഞ്ചലോഹ വിഗ്രഹത്തിന്റെ പൊടി പൊലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

പക്ഷെ കൂട്ടത്തിലെ ഒരു കൊണ്‍സ്റ്റബിളിന്റെ കൂര്‍മ്മബുദ്ധിക്കു മുന്നില്‍ അസാധാരണമായ ഒരു കാല്‍‌പാദം തെളിവായി പ്രത്യക്ഷപ്പെട്ടു.

ആ പാദത്തില്‍ ഒന്ന് പൂര്‍ണമായും തറയില്‍ അമര്‍ന്നതും, മറ്റൊന്നിന്റെ മുന്‍ ഭാഗം മാത്രം തറയില്‍ അമര്‍ന്നതുമായ എണ്ണയില്‍ മുങ്ങിയ പാടുകള്‍!

ഒരു കാലിനു നീളം കുറവുള്ള ആരെ അറിയാം നിങ്ങള്‍ക്ക്? എസ് ഐ യുടെ ചോദ്യം ജനങ്ങള്‍ക്ക് നേരെ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ കണ്ണുകള്‍ തങ്ങളുടെ പ്രിയപ്പെട്ട ശാന്തിക്കാരനില്‍ ആയിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സത്യനാരായണ ഭട്ടതിരിയുടെ കൈകളില്‍ വിലങ്ങണിയിക്കപ്പെട്ടു. തൊണ്ടിക്കു വേണ്ടിയുള്ള ചോദ്യം ചെയ്യലീനിടയില്‍ കൂടി നിന്ന ജനങ്ങള്‍ക്കിടയില്‍ വച്ചു തന്നെ ഭേദ്യം ചെയ്യപ്പെട്ടു. പിന്നെ പോലീസ് ജീപ്പിലേക്ക്.....

ഒരാഴ്ച്ചക്ക് ശേഷം ജാമ്യത്തിലിറങ്ങിയ സത്യനാരായണ ഭട്ടതിരി ഒരു മുഴം കയറില്‍ ജീവനൊടുക്കി... മരണക്കുറുപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.

“ ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.... ഭഗവാനെയും ഭക്തരേയും വഞ്ചിച്ചത് ഞാനല്ല എന്നു മാത്രം അറിയിക്കാന്‍ ആഗ്രഹിക്കുന്നു”

തൊട്ടു പിറ്റേന്ന് നാരായണന്‍ മാരാര്‍ വിഷം കഴിച്ച് ക്ഷേത്ര പരിസരത്തു തന്നെ ജീവനൊടുക്കി... മരണക്കുറിപ്പ് ഇപ്രകാരമായിരുന്നു.

“ മനപ്പൂര്‍വ്വം അങ്ങനെ ഒരു കാല്‍പ്പാട് സ്രിഷ്ടിച്ചതില്‍ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ മരണം ആഗ്രഹിച്ചിരുന്നില്ല. കുറ്റബോധം എന്റെ വിധി നിര്‍ണയിക്കുന്നു. ഭഗവാന്‍ വീട്ടിലെ നെല്ലറയില്‍ സുരക്ഷിതനാണ്”
************************************************************************************************************************
സമര്‍പ്പണം:- തെറ്റിദ്ധാരണകൊണ്ട് മാത്രം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ജനതയ്ക്ക്.