. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, 28 May 2010

മീനത്തിലെ മഴ.


നഗരവ്യാഭിചാരങ്ങളില്‍ ഭാഗഭാക്കാകാത്ത ഗ്രാമഗന്ധം. ഒറ്റയടിപ്പാത അനന്തതയിലെ ഒരു ചെറു ബിന്ദുവില്‍ അവസാനിച്ച പോലെ.

ജീവിതവീഥിയില്‍ എന്നും ഏകാകിയായ ദേവന്‍ ചരട് പൊട്ടി ലക്ഷ്യമില്ലാതെ പായുന്ന തന്‍റെ മനസ്സെന്ന പായ്ക്കപ്പലിനെ താല്‍ക്കാലികമായെങ്കിലും യാഥാര്‍ത്ഥ്യങ്ങളുടെ ദുരിത തീരത്തേക്ക് മെല്ലെ അടുപ്പിച്ചു.

ഉത്തരങ്ങള്‍ തേടിയുള്ള ദേവന്‍റെ നെടുവീര്‍പ്പിന് മറുപടി എന്നോണം തൊട്ടടുത്ത കര്‍പ്പൂരമാവിന്‍റെ ചില്ലയില്‍ ഇരുന്ന പേരറിയാ പക്ഷിയുടെ മുറുമുറുപ്പിന് ശോകതയുടെ ആര്‍ദ്രത.

ഈ ഒരു പകല്‍ ഇരുണ്ടു വെളുക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ തന്‍റെ മനസാക്ഷിയുടെ മൂകമരണം സംഭവിക്കുകയാണ്. ഇനി ഈ ഗ്രാമമാതാവിന്‍റെ മടിയില്‍ ഒരു പുനര്‍ജനിയാകണമെങ്കില്‍ പ്രവാസമെന്ന തിരുഗര്‍ഭത്തില്‍ ഒരു ചെറുകണമായി നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്.

കുപ്പായക്കീശയുടെ വിശാലതയും കടന്ന് പുറത്തേക്ക് ഉന്തിയിരിക്കുന്ന പാസ്പോര്‍ട്ടിനുള്ളില്‍ നിന്നും ടിക്കറ്റ് സൂക്ഷിച്ചിരിക്കുന്ന ട്രാവല്‍ ഏജന്‍സിയുടെ ബഹുവര്‍ണ കവര്‍ ഞാന്‍ നിന്‍റെ നാളെകളുടെ നിറം കെടുത്താന്‍ പോകുന്നെയ്എന്നുച്ചത്തില്‍ പരിഹസിക്കുന്നുണ്ടോ?

കവര്‍ വലിച്ചെടുത്ത് ദേവന്‍ ഒരിക്കല്‍ കൂടി അതിലൂടെ ഊളിയിട്ടു. കൃത്യമായി പറഞ്ഞാല്‍ നാളെ വൈകുന്നേരം അഞ്ചുമണിക്ക് തനിക്ക് അമ്മയും, അമ്മുവും, ഈ ഒറ്റയടി പാതയും തോടും, തൊടികളും എല്ലാം എല്ലാം നഷ്ടസ്വര്‍ഗങ്ങളുടെ കനേഷുമാരിയിലെ അവസാന കോളത്തില്‍ സ്ഥാനം പിടിക്കും.

ദിനങ്ങളുടെ ഗതിവേഗം അളക്കാന്‍ മനസ്സോളം നല്ലൊരു ഘടികാരം ഇല്ല എന്ന് അമ്മ എപ്പോഴും പറയാറുള്ളത് എത്ര ശരിയാണ്. അവിടെ പ്രവാസ ജീവിതത്തില്‍  ദിനങ്ങള്‍ എണ്ണിയാല്‍ തീരാത്ത തിരമാലകള്‍ പോലെ ഒരു മഹാസമസ്യ ആകുമ്പോള്‍, ഇവിടെ മണ്ണിന്‍റെ ഗന്ധത്തില്‍ ഒരു മിന്നല്‍‌പിണര്‍ പോലെ മിന്നിമായുന്ന ഒന്നായി മാറ്റപ്പെടുന്ന മഹാത്ഭുതം.

നാലുമാസത്തെ അവധി അപേക്ഷ നാല്‍പ്പത് ദിവസമായി ചുരുക്കിയത്തിനു കാരണത്തിനായി വാചാലനായ മുതലാളിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, തന്‍റെതല്ലാത്ത കാരണത്താല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു തടവുപുള്ളി ആരാച്ചാരോട്  ജീവനായി അപേക്ഷിക്കുന്ന മനസ്സിക അവസ്ഥയില്‍ ആയിരുന്നു.

ദേവന്‍.... ഞാന്‍ നാട്ടില്‍ പോയാല്‍ നില്‍ക്കുന്നത് നാലോ അഞ്ചോ ദിവസമാണ്. ഭാര്യാപുത്ര പരാധീനതകളും ഒന്നും ഇല്ലാത്ത തനിക്കെന്തിനാടോ ഈ നാലു മാസം?”

ഉള്ളില്‍ നിന്നും ഒരു ആന്തലോടെ തികട്ടിയ മറുചോദ്യം നിസ്സംഗമായ ഒരു ചിരിയുടെ മൂടുപടം കൊണ്ട് തടുത്തുനിര്‍ത്തി. അനര്‍ത്ഥമായ ചോദ്യങ്ങളുടെ പട്ടികയില്‍ പെടുത്തി മാര്‍ക്കിട്ട് നാല്‍പ്പത് വീണ്ടും വെട്ടിചുരുക്കി നാല് ആകാതിരിക്കാന്‍ മൌനം തന്നെയാണ് നല്ലത്. അത്തരം അനേകം ചോദ്യങ്ങളുടെ പരിണിതഫലമാണ് അര്‍ഹമായ നാല് മാസത്തില്‍ നിന്നും നാല്‍പ്പത് ദിനങ്ങളിലെക്കുള്ള തിരിച്ചോഴുക്ക്.

മാസത്തില്‍ പലതവണ നാട്ടില്‍ പോകുന്ന മുതലാളിയേയും രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍് പോകുന്ന തന്നെയും ഏതു നുകത്തില്‍ കെട്ടിയാലും ഉഴല്‍ നടക്കില്ല എന്നു അദ്ദേഹത്തിനും തനിക്കും അറിയാം.... എന്നിട്ടും!

ഭാര്യയും, കുട്ടികളും മാത്രമാണോ പരാധീനതകള്‍. അല്ലെങ്കില്‍ അവ മാത്രമാണോ സൌഭാഗ്യങ്ങള്‍...? അറിയില്ല.... അമ്മുവിന്‍റെ പഠിപ്പ്, അവളുടെ വിവാഹം, സ്വപ്നങ്ങളില്‍ മാത്രം വിരാജിക്കുന്ന കുഞ്ഞ് വീട്, അങ്ങനെ തനിക്കും എത്രയോ പരാധീനതകള്‍ നിരത്താനുണ്ടാവും....? ഗ്രാമത്തിന്‍റെ നിഷ്കളങ്കത, അമ്മയുടെ സ്നേഹ ശാസനകള്‍, അമ്മുവിന്‍റെ കുസൃതികള്‍ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സൌഭാഗ്യങ്ങള്‍ വേറെ ഇല്ലേ..?

മീ‍നവരള്‍ച്ചയിലെ ജീവവേഴാമ്പലുകള്‍ക്ക് അനുഗ്രഹമായി  തലേന്ന് പെയ്ത മഴ. പുതുവര്‍ഷ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്ക് ഒരുപക്ഷേ ജീവിതമേ ആസ്വദിക്കാന്‍ കഴിയില്ല എന്നാണ് കവിമനസ്സുകള്‍ പറയാറ്. ഇലകളും പുല്‍ച്ചെടികളും പോലും പുതുജലകുളിര്‍മ്മയുടെ ആലസ്യത്തില്‍ മതിമറന്ന് ഉല്ലസിക്കുമ്പോള്‍ ഒരുപക്ഷെ താന്‍ മാത്രമാവാം നാളയെ കുറിച്ചോര്‍ത്ത് വേവലാതികളുമായി....

ദേവാ.... നാളെ ജ്ജ് പൂവാണല്ലെ.... ആട്ടുംകൂട്ടങ്ങളേയും തെളിച്ചുവന്ന ബീവാത്തുമ്മയുടെ ചിലമ്പിച്ച സ്വരം ദേവനെ ഒരു നിമിഷം ചിന്തയില്‍ നിന്നുണര്‍ത്തി.

അതെ ഉമ്മാ.... നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് യാത്ര.തന്‍റെ നെടുവീര്‍പ്പുകള്‍ ആടുകളുടെ ചലപിലകള്‍ക്കിടയില്‍ അലിഞ്ഞുചേര്‍ന്ന് ഇല്ലാതായത് ദേവന് ഒരു അനുഗ്രഹം പോലെ തോന്നി.

മോനെ ചെന്നിട്ട് ഇജ്ജ് ഞമ്മടെ നിശാറിന്‍റെ കാര്യം കൂടി ഒന്നു നോക്കണെ..... പൊരേല് വലിയ കഷ്ടപ്പാടാ മോനെ....

ഉവ്വ് ഉമ്മാ..... നോക്കാം..നിഷ്കളങ്ക ഗ്രാമീണതയുടെ ദൈന്യതപേറുന്ന വൃദ്ധയോട് മറ്റെന്തു പറഞ്ഞ് സമാധാനിപ്പിക്കാന്‍.....

ബ്ബേ..ബ്ബേകൂട്ടത്തില്‍ ഒരു കുഞ്ഞാട് മറ്റുള്ളവയെ പിന്തള്ളി മുന്നിലേക്ക് കടക്കാനുള്ള ശ്രമം... ദേവന്‍റെ ചിന്തകളെ ഉദ്ദീപിപ്പിച്ചു കൊണ്ട് ആന്‍റെണിയുടെ മുഖം കടന്നുവന്നു. മുതിര്‍ന്ന ആടുകളെ വകഞ്ഞു മാറ്റി മുന്നേറാന്‍ ശ്രമിക്കുന്ന ആ കുഞ്ഞാടിന് ആന്‍റെണിയുടെ മുഖഛായയോ?

മലയാളി സ്പടികജാറിലെ ഒരുകൂട്ടം ഞണ്ടുകള്‍ ആണെന്ന ഇതരഭാഷക്കാരുടെ പരിഹസിക്കുന്നതിന് ഉപോത്ബലകമായ ഒരു പേര്‍.

ദേവാ.... നമ്മള്‍ ഉറ്റവരേയും ഉടവരേയും ഉപേക്ഷിച്ച് ഇവിടെ വരുമ്പോള്‍ നമ്മുടെ ലക്ഷ്യം പണം മാത്രമായിരിക്കണം”. ഒരേ വിമാനത്തില്‍ മരുഭൂമിയുടെ മരവിപ്പില്‍ വന്നിറങ്ങിയതിന്‍റെ രണ്ടാം നാള്‍ ആന്റണിയുടെ പ്രസ്ഥാവന.

തന്‍റെ ലക്ഷ്യങ്ങളുടെ ശുഭപര്യവസാനം കാതങ്ങള്‍ക്കിപ്പുറത്ത് നിന്ന് അകക്കണ്ണിലൂടെ കുറിച്ചിട്ട് അതിനു വേണ്ടി കുശാഗ്രബുദ്ധിയുടെ നൂല്‍പ്പാലത്തിലൂടെ സാഹസികയാത്ര നടത്താന്‍ മടിയില്ലാത്തവന്‍.... !

ദേവാ എന്‍റെ വിശാലമായ ലക്ഷ്യപൂര്‍ത്തീകരണത്തില്‍ നീ എന്‍റെ ഉറ്റസതീര്‍ത്ഥ്യന്‍ ആയിരിക്കും”... വിദ്യാഭ്യാസത്തില്‍, വീക്ഷണത്തില്‍, വിഷയഗ്രാഹ്യത്തില്‍ ഒക്കെയും തന്നെക്കാള്‍ ഉപരി മറ്റുപലരേക്കാളും എന്തുകൊണ്ടും ഒരുപടി പിന്നിലാണെങ്കിലും അവരെയെല്ലാം ബഹുദൂരം പിന്നിലാക്കി മാനേജര്‍ പദവിയുടെ കറങ്ങുന്ന കസേരയില്‍ ഇരുപ്പുറപ്പിച്ചപ്പോള്‍ ആന്‍റെണിയുടെ വാഗ്ദാനം.

ഒന്നും വേണ്ട ആന്‍റെണീ.... നീ നിന്‍റെ മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യപ്രാപ്തിയില്‍ എത്തൂ.... എന്‍റെ സ്വപ്നങ്ങള്‍ എന്നും പരിമിതങ്ങള്‍ അല്ലെ..സ്ഥാനക്കയറ്റത്തിനു പിന്നിലേ ചരടുവലിയില്‍ മുതലാളിയുടെ നേര്‍പകുതിയും ഉള്‍പ്പെടുന്നു എന്നത് പതം പറച്ചിലുകള്‍ക്കുപരി ഒരു സത്യമാണെന്ന തിരിച്ചറിവാണ് തന്നെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

നോണ്‍ സെന്‍സ്... എങ്ങനെയാണ് ഒരു കാബിനില്‍ പ്രവേശിക്കുക എന്നു തനിക്കറിയില്ലേ?” പിന്നീടൊരിക്കല്‍ ആന്‍റെണിയുടെ രോഷത്തിന് മാഡത്തിന്‍റെ പുഞ്ചിരികൂടി കൂട്ടായപ്പോള്‍ ദേവന്‍ എന്ന സാധാരണ ചങ്ങാതിയില്‍ നിന്നും ദേവദാസ മേനോന്‍ എന്ന അസാധാരണ കീഴ്‌ജീവനക്കാരനിലേക്കുള്ള ദൂരം എത്രയോ ചെറുതാണെന്ന് തിരിച്ചറിഞ്ഞു.

കൂയ്..... എടാ ദേവാ നാളെ എപ്പോഴാടാ പോകുന്നേ..? ഞാനും കൂടി എയര്‍പോര്‍ട്ടില്‍ വരണോ..?”

നാളെ വൈകുന്നേരമാടാ....ചിന്തയില്‍ നിന്ന് ഉണര്‍ന്ന് ദേവന്‍ പ്രതികരിച്ചു.

എടാ ഇന്ന് എന്‍റെ പൊന്നുമ്മയുടെ പിറന്നാളാ.... നല്ല അരിപ്പത്തിരിയും മട്ടന്‍ കറിയും ഉണ്ട്.... കഴിച്ചിട്ടു പോടാ

കളിക്കൂട്ടുകാരന്‍ സുള്‍ഫി വീടിന്‍റെ ഉമ്മറത്ത്, ഉമ്മയുടെ തോളില്‍ കയ്യിട്ട് തന്നിലേക്കടുപ്പിച്ചുകൊണ്ട് പുഞ്ചിരിച്ചു.

വേണ്ടാടാ...കവലയില്‍ നിന്ന് ഒരു ചായയും കടിയും കഴിച്ചതേയുള്ളു

അത് നിന്‍റെ കടയപ്പമല്ല..... നാളെമുതല്‍ നിനക്ക് ഓര്‍ത്ത് നെടുവീര്‍പ്പിടാന്‍ പറ്റിയ സാധനമാ.... വാ കഴിച്ചിട്ടു പോകാംസുള്‍ഫിയുടേയും ഉമ്മയുടേയും മാറിമാറിയുള്ള സ്നേഹനിര്‍ബന്ധം.

എങ്ങനെയുണ്ടടാ എന്‍റെ ഉമ്മയുടെ കൈപുണ്യം? ഭക്ഷണത്തിനിടെ സുള്‍ഫിയുടെ കുശലം കൂട്ടിക്കൊണ്ടുപോയത് നിഷ്കളങ്കമായ മറ്റൊരു ചിരിയിലേക്കാണ്....

വോ നിങ്ങളൊക്കെ എന്തിര്? വലിയ മേനോന്മാരല്ലെ? നമ്മുടെ കൈകൊണ്ട് വച്ചതു കഴിക്കുമോ എന്തോ?”

പ്രവാസത്താല്‍ തരിശിട്ട തിളങ്ങുന്ന തലയും, മഞ്ഞിച്ച ജീവസ്സുവറ്റിയ കണ്ണുകളും, പ്രാരാബ്ദഭാരത്താല്‍ മരവിച്ച ഇടത്തേ കാലും.... അച്ചായന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാത്തപ്പന്‍ എന്ന അന്‍പത്തഞ്ച് വയസ്സുകാരനായ കമ്പനിയുടെ ആസ്ഥാന കുശിനിക്കാരന്‍.

എങ്ങനെയുണ്ട് ദേവാ കോഴിക്കറി?” ഉണങ്ങിയ ഗോതമ്പ് കുപ്പൂസുകള്‍ക്ക് ഇടയില്‍ ചെറു അരുവികള്‍ തീര്‍ക്കുന്ന കറികളുടെ രുചി തിരക്കി എത്തുന്ന അച്ചായന്‍റെ ചോദ്യമാണ് കഴിച്ചത് കോഴിയോ, മറ്റെന്തെങ്കിലുമോ എന്നു തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം!

വളരെ നന്നായിട്ടുണ്ട് അച്ചായാ!ജീവനില്ലാത്ത കണ്ണുകളില്‍ മിന്നിമറയുന്ന ചിരിതിളക്കം കാണാനായിട്ടു മാത്രം പറയുന്ന തന്‍റെ സ്ഥിരം പല്ലവി.

ഹ...ഹ... ദേവാ നീ മാത്രമേ ഇതു പറയൂ... അതിന്‍റെ ഗുണവും കാണുന്നുണ്ട് നിന്‍റെ ശരീരത്തില്‍”... ഹസനിക്കയുടെ പരിഹാസം ഇടക്കിടെ കേള്‍ക്കുമ്പോള്‍ അച്ചായന്‍ പ്രതികരിക്കും.

വേണമെങ്കില്‍ ഞണ്ണിയിട്ട് എഴുനേറ്റു പോടേ പയലേ..! നാളെ മുതല്‍ നിനക്കു ഞാന്‍ പീലി വച്ചു വിളമ്പാം!!

പത്തിരി ഒന്നുകൂടി ഇടട്ടെ മോനേഉമ്മയുടെ ശബ്ദം ദേവനെ വീണ്ടും ചിന്തകളില്‍ നിന്നു തിരികെ വിളിച്ചു.

മതി ഉമ്മാ...ധാരാളംകൈകഴുകുന്നതിനിടയില്‍ സുള്‍ഫി ഡ്രസ്സ് ചെയ്തു.

ഞാനും അത്രേടം വരെ പോയിട്ടു വരട്ടെ ഉമ്മാ.തന്‍റെ മുപ്പതാം വയസ്സിലും സുള്‍ഫിയുടെ ജീവിതചര്യയില്‍ അത്ഭുതം തോന്നി. നീണ്ട പ്രവാസജീവിതത്തിന്‍റെ ബാക്കിപത്രമായി ഉപ്പ നല്‍കിയ മരണത്തിന്‍റെ മാറാപ്പും പേറി ഉമ്മക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരു മകന്‍ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.

ഏയ്‌ ദേവന്‍..... നിനക്കു നാളെ ലഗേജിനു കൂടുതല്‍ കാശു കൊടുക്കേണ്ടി വരുമെന്നു തോന്നുന്നല്ലോപരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന അച്ചാറുകളുടേയും, വറവിന്‍റെയും സമ്മിശ്ര നിറഞ്ഞ ചിരിയോടെ ശ്വസിച്ച് സുള്‍ഫി....

നാടിന്‍റെ നറുമണവും സ്വാദും ആസ്വദിക്കാനായി അവിടെ പ്രതീക്ഷാ നിര്‍ഭരമായ എത്രെയെത്ര കാത്തിരിപ്പുകള്‍. അവരുടെ പ്രതീക്ഷകള്‍ക്ക് പകരംവെയ്ക്കാന്‍ ഇത് മതിയാവില്ല എങ്കില്‍ പോലും എന്‍റെതായ ഒരു ചെറു തലോടല്‍ദേവന്‍റെ ചുടു നിശ്വാസത്തെ മറികടന്ന് കുളിര്‍മ്മയുള്ള ഒരു കാറ്റ്.....

മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നു തോന്നുന്നു..എതിരെ വന്ന നാരായണേട്ടന്‍ പറയുന്നതിനു മുന്‍പ് തന്നെ മഴ വീണിരുന്നു. കനത്ത മഴ..... പെരുമഴ..... വേനല്‍ മഴ..

നിന്‍റെ കീശയാകെ നനഞ്ഞിരിക്കുന്നല്ലോ...?” ഉമ്മറപ്പടിയിലേക്ക് കയറുമ്പോള്‍ സുള്‍ഫി ചൂണ്ടിക്കാട്ടി.

ആസകലം കുതിര്‍ന്ന കുപ്പായ കീശയില്‍ നിന്ന് ടിക്കറ്റും പാസ്പോര്‍ട്ടും വലിച്ചെടുക്കുമ്പോള്‍ അതിന്‍റെ പലഭാഗങ്ങളും അടര്‍ന്നു വീഴുന്നുണ്ടായിരുന്നു....

ദേവാ..... എന്താ മോനേ... ഇതൊക്കെ ശ്രദ്ധിക്കേണ്ടെ?” ഇനി എന്താ ചെയ്ക.....അമ്മയുടെ പരിദേവനം രസിക്കാത്തത് എന്നപോലെ മിന്നലിനൊപ്പം വന്ന ഒരു ഇടി ആ ശബ്ദത്തെ അലിയിച്ചു കളഞ്ഞു.

ദേവന്‍ തിരികെ മഴയിലേക്കിറങ്ങി ചിരിയോടെ ഓടിയിറങ്ങി.... ആ പുഞ്ചിരി ഉള്‍ക്കൊണ്ട് മഴ തിമിര്‍ത്തു പെയ്തുകൊണ്ടേയിരുന്നു.....

അമ്മയുടേയും, അമ്മുവിന്‍റെയും മുഖത്ത് അപ്പോള്‍ കണ്ടത് ചിതറി തെറിച്ച മഴത്തുള്ളികള്‍ തന്നെയോ?

Thursday, 13 May 2010

മാടനും മാദേവനും.

 “അയ്യോ..... ഈ അപരാധികളെന്നെ കൊല്ലുന്നെ..... ഓടി വായോ”

“നാട്ടുകാരെ ഇതുകാണാനാരുമില്ലിയോ.... ഓടിവായോ......”

സാധാരണഗതിയില്‍ നാട്ടുമ്പുറങ്ങളില്‍ സന്ധ്യാ സമയത്ത് ഇത്തരം ഓരിയിടലുകള്‍ പതിവാണ്.

അന്തിവാറ്റടിച്ച് കൂരയണയുന്ന നാല്‍ക്കാലികള്‍ വാമഭാഗത്തിന്‍റെ മുതുകില്‍ പെരുമ്പറ തിര്‍ക്കുന്നതിന്‍റെ ആഫ്റ്റര്‍ ഇഫക്ടായതിനാല്‍ ആരും ഇത്തരം നിലവിളികള്‍ ശ്രദ്ധിക്കാറില്ല.

ആരെങ്കിലും ഇടപെട്ട് ഉപദേശിച്ചാല്‍ ഉപദേശകന് കരയിലുള്ള പ്രമാണിത്തരം അനുസരിച്ചിരിക്കും വാദ്യോപകരണ പ്രകൃയാകാരിയുടെ പ്രതികരണം.

കരപ്രമാണിമാരില്‍ ആരെങ്കിലും ആണ് ഉപദേശകനെങ്കില്‍ തലയില്‍ റൌഡിത്തതിന്‍റെ സിമ്പലായി, തുമ്പു പിറകിലേക്ക് വലിച്ചിട്ടു കെട്ടിയ മീന്‍‌വലക്ക് തുല്യമായ തന്‍റെ മള്‍ട്ടി കളര്‍ തോര്‍ത്തെടുത്ത് അരയില്‍ കെട്ടി, കുലുക്കാന്‍ കഴിയാത്ത തല അല്‍പ്പം ബലം പ്രയോഗിച്ച് കുലുക്കി “ഉവ്വ് തമ്പ്രാ‍” എന്ന് മൂളി തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കും.

പക്ഷെ പിറ്റേന്ന് പൂര്‍വ്വാധികം ഭംഗിയായി ചെണ്ടകൊട്ടും പടയണിയും വേണമെങ്കില്‍ മേമ്പൊടിക്ക് ഒരു കൊടുങ്ങല്ലൂര്‍ ഭരണിയും കൂടി നടത്തിയെ അവന്‍ കലിയടക്കൂ.

ഇനി പറയുന്നവന്‍ അത്ര പ്രമാണിയല്ലെങ്കില്‍ “നീ പോടാ പുല്ലെ ഞാന്‍ നിന്‍റെ പെണ്ണുമ്പിള്ളയുടെ പുറത്തല്ലല്ലോ” ഇടിച്ചത്....ഞാന്‍ സ്ത്രീധനം വാങ്ങിച്ചു കെട്ടിയ മുതലാ...ഇതിനെ ഇടിക്കാന്‍ എനിക്കല്ലാതെ വേറെ ഒരു പട്ടിക്കും അവകാശമില്ലെടാ” എന്നും പറഞ്ഞ് തുടങ്ങുന്ന കേരള സ്പെഷ്യല്‍ ഡിഷിലേക്ക് ഡിക്ഷ്ണറിയില്‍ കാണാത്ത അതിമനോഹരമായ ഒന്നു രണ്ട് വാക്കുകളുടെ മസാലയും കൂട്ടി ചേര്‍ത്തിളക്കി പറയാന്‍ ചെല്ലുന്നവന്‍റെ മരിച്ചു പോയ അപ്പൂപ്പനും, അമ്മൂമ്മക്കും വരെ വിളമ്പിക്കളയും.

ഇനി മൂന്നാമത് ഒരു വിഭാഗം ഉപദേശികള്‍ ഉണ്ട് ... ഈ കൂട്ടര്‍ മാന്‍ പവറിലും മസില്‍ പവറിലും വിശ്വസിക്കുന്നവരാണ്.... കേറി ചെന്നു രണ്ട് പൊട്ടിക്കുന്നവര്‍.... എന്നിട്ട് ഒരു ഡയലോഗും കാച്ചും... “പെണ്ണുങ്ങളുടെ അടുത്താണോടാ തെണ്ടീ സാമര്‍ത്ഥ്യം കാണിക്കുന്നെ, നിനക്ക് ----(ഇവിടം നിങ്ങള്‍ക്കു വേണ്ട രീതിയില്‍ പൂരിപ്പിച്ചോളുക) ഉറപ്പുണ്ടെങ്കില്‍ വാടാ എന്നെ ഒന്നു അടിച്ചു നോക്കടാ”.

ഇത്തരക്കാരെ നേരിടുന്നത് ചെണ്ടകൊട്ടുകാരന്‍റെ ഇന്‍സ്ട്രമെന്റുകള്‍ ആണ്....

“നീ പോടാ എരപ്പെ, എന്‍റെ ചേട്ടന്‍ എന്നെ അടിക്കും, ഇടിക്കും പിന്നെ അങ്ങേര്‍ക്ക് തോന്നുന്നതൊക്കെ ചെയ്യും,നീയാരാടാ ഞങ്ങടെ കുടുഃബ കാര്യങ്ങളില്‍ ഇടപെടാന്‍... കാര്യമൊക്കെ ശരിയാ എന്‍റെ ചേട്ടന്‍റെ മേല്‍ ഇനി നിന്‍റെ കൈ വീണാല്‍ അടുപ്പില്‍ വിറകു കൊള്ളി ഇരുപ്പുണ്ട്...കത്തിക്കും ഞാന്‍” ഡയലോഗ് പ്രസന്‍റെഷനൊപ്പം മുടിയഴിച്ച് ഒരു തുമ്പി തുള്ളലും!....വന്നവന്‍ സ്ഥലം കലിയാക്കും.

ഇത്തരം നാടകങ്ങള്‍ നേരിടാന്‍ കരുത്തില്ലാത്തതിനാല്‍ അല്‍പ്പം മാന്യത ബാക്കിയുള്ളവര്‍ സധാരണയായി നിലവിളികള്‍ക്ക് ചെവികൊടുക്കാറില്ല.

പക്ഷെ ഇത് അത്തരം ഒരു നിലവിളി ആയിരുന്നില്ല.

ഒന്നാമത് ആണ്‍ ശബ്ദം.... പിന്നെ പട്ടാപ്പകലും!.

കൌതുകം അടക്കാനാകാതെ നിലവിളിയുടെ പ്രഭാവ കേന്ദ്രം നോക്കി നാട്ടുകാര്‍ക്കൊപ്പം ഞാനും ഓടി.

ഓട്ടം അവസാനിച്ചത് പേരുകേട്ട പൊന്നുംതോട്ടം തറവാടിന്‍റെ മുറ്റത്തും.

തറവാട്ടു മുറ്റം നാട്ടുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അതിന്‍റെ നടുവില്‍ തറവാട്ടമ്മ സാക്ഷാല്‍ വിശാലാക്ഷിയമ്മ നാട്ടുകാരെ സാക്ഷി നിര്‍ത്തി ദേവീ മാഹാത്മ്യം സീരിയലിലെ ദാരുകാസുര വധം ആടുന്നു. സപ്പോര്‍ട്ടിങ്ങ് റോളുമായി വിശാലാക്ഷിയമ്മയുടെ മൂത്ത സഹോദരി കമലാക്ഷിയമ്മയും.

വിശാലാക്ഷിയമ്മയുടെ കയ്യില്‍ നാട്ടില്‍ കിട്ടുന്ന ഏറ്റവും ഉറപ്പുള്ള കാശാവ് മരത്തിന്‍റെ തായ്‌തടിയില്‍ തന്നെ തീര്‍ത്ത മൂന്നടി നീളമുള്ള ഒരു പത്തലുണ്ട്. കമലാക്ഷിയമ്മയുടെ കയ്യില്‍ ഒരു ഓലമടലും.

മുടി അഴിച്ചിട്ട്, നെറുകയില്‍ ചൂടിയ സിന്ദൂരം മുഖത്തുകൂടി ഒലിപ്പിച്ച്, കയ്യില്‍ പത്തലുമായി നില്‍ക്കുന്ന വിശാലാക്ഷിയമ്മയെ കണ്ടാല്‍ ഏതോ സീരിയല്‍ ദേവി ഷൂട്ടിങ്ങും കഴിഞ്ഞ് തറവാട്ടു മുറ്റത്ത് നേരിട്ടവതരിച്ചതാണോ എന്നു തോന്നിപ്പോകും.

അടുത്ത് അര്‍ദ്ധബോധാവസ്ഥയില്‍ തറവാട്ട് പ്രമാണിയായ, മാദേവന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിശാലാക്ഷിയമ്മയുടെയും, കമലാക്ഷിയമ്മയുടേയും കോമണ്‍ ഭര്‍ത്താവായ മഹാദേവന്‍ എന്ന ആറടി അറുപത്തഞ്ച് ഇഞ്ചുകാരന്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടപ്പുണ്ട്.

മാദേവന്‍ ചേട്ടന്‍റെ പുറത്ത് വിശാലാക്ഷിയമ്മയുടെ കയ്യിലിരിക്കുന്ന പത്തലിന്‍റെയും, സെക്കന്‍റെ വാമഭാഗത്തിന്‍റെ കയ്യിലിരിക്കുന്ന ഓലമടലിന്‍റെയും കളര്‍ സിറോക്സ് കോപ്പികള്‍ കാണാം...ഒന്നല്ല എണ്ണിയാല്‍ ഒടുങ്ങാത്തത്ര!

രംഗത്ത് ഭക്തിപരവശനായി തൊഴുകൈയ്യുമായി നില്‍ക്കുന്ന മാധവിയമ്മൂമ്മയോട് ഞാന്‍ കാര്യം തിരക്കി....

“എന്താ അമ്മൂമ്മെ ഇവിടെ പഞ്ചഗുസ്തി മത്സരം വല്ലതും അരങ്ങേറിയോ?’

“അയ്യോ പതുക്കെ പറ ചെക്കാ.... ദൈവദോഷം പറയല്ലെ.... നമ്മുടെ വിശാലാക്ഷിക്കും, കമലാക്ഷിക്കും ദേവിയുടെ ബാധ കേറി.... ദേ കണ്ടില്ലെ മാദേവനെ അടിച്ചിട്ടിരിക്കുന്നത്.....”

തുള്ളിയുറയുന്ന വിശാല്‍ - കമലാക്ഷി മാരെ നോക്കി മാധവിയമ്മൂമ്മ “ അമ്മേ നാരായണാ, ദേവീ നാരായണ” മന്ത്രം ഉരുവിടുന്നത് കണ്ടപ്പോളാണ് സംഗതിയുടെ സീരിയല്‍നെസ്സ് എനിക്ക് പുടികിട്ടിയത്.

“ദേവിക്കു വെള്ളം വേണം... വെള്ളം.....” ഉച്ച വെയിലത്ത് സീരിയല്‍ നടത്തിയാല്‍ ദേവിക്കല്ല, അതിലും വലിയ ബാധക്കും ദാഹിക്കും എന്ന സിമ്പിള്‍ ലോജിക്ക് മനസിലാക്കിയ ഭക്തരില്‍ ഒരാള്‍ ഒരു കൂജ നിറയെ വെള്ളവുമായി രംഗപ്രവേശം ചെയ്തു.

കരയുന്ന കുഞ്ഞിനേ വെള്ളം കിട്ടൂ എന്ന ആപ്തവാക്ക്യം അറിയാവുന്ന സബ്സിഡറി ദേവിയായ ഓലമടല്‍ ദേവതയും ഉടന്‍ തന്നെ തന്‍റെ ആവശ്യം അറിയിച്ചു...

“ദേവിക്കും വെള്ളം വേണം”

ഒരു കൂജ വെള്ളം ഷെയര്‍ ചെയ്തു കുടിച്ച ദേവിമാര്‍ മാദേവന്‍ ചേട്ടന്‍റെ നടും പുറത്ത് അവശേഷിക്കുന്ന ചില ഭാഗങ്ങള്‍ നോക്കി അഞ്ചാറ് സിറോക്സ് കോപ്പി കൂടി തീര്‍ത്ത് ഉള്ള ബോധം കൂടി തല്ലി ക്കെടുത്തിയ ശേഷം തുള്ളല്‍ വീണ്ടും തുടര്‍ന്നു....

കൂട്ടത്തില്‍ “ഉം.ഉം..ഉം” എന്ന അത്രയൊന്നും ആയാസമില്ലാത്ത ശബ്ദവും.....

ദേവിയാണെങ്കിലും സ്വന്തം തടിയില്‍ ഒരു കണ്ണു വേണമല്ലോ..... ഇനി കൂടുതല്‍ തുള്ളിയാല്‍ നാളെ മാദേവന്‍ ചേട്ടനെ കൊണ്ട് കാലു തിരുമ്മിപ്പിക്കാന്‍ എക്സ്ട്രാ ഒരു തുള്ളല്‍ കൂടി വേണ്ടിവരും എന്ന തിരിച്ചറിവാവാം, വിശാലാക്ഷിയമ്മ കൂടി നിന്ന ആരോഗ്യമുള്ള സ്ത്രീ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറി സ്വന്തം ബോധവും ഉപേക്ഷിച്ചു കളഞ്ഞു....

ബോധം പോകുമ്പോള്‍ കല്ലും മണ്ണും നിറഞ്ഞ നിലത്തു വീണ് തന്‍റെ സെവന്റി എം എം ബോഡിയിലെ സന്തൂര്‍ ചര്‍മ്മത്തിന് ഒരു ഉടവും തട്ടാതിരിക്കാന്‍ അതി ബുദ്ധിമതിയായ ദേവിയുടെ ഒരു ചിന്ന മുന്‍‌കരുതല്‍!

കാശാവു ദേവി വീണു കഴിഞ്ഞപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ ഒറ്റക്കു പെര്‍ഫോം ചെയ്യാനുള്ള ചമ്മല്‍ ആയിരിക്കണം, ഓലമടല്‍ ദേവി ചില സിനിമകളില്‍ മാള കാണിക്കും പോലെ ജിങ്കു ജിക്ക കളിയോടെ അടുക്കള ഭാഗത്തേക്ക് തുള്ളിയുറഞ്ഞു പോയി അവിടെ നിവര്‍ത്തിയിട്ടിരിക്കുന്ന പഴയ കയറു കട്ടിലിലേക്ക് തന്നെ സേഫായി വീഴുകയും ചെയ്തു.

എല്ലാം ശാന്തം..... ഭക്ത ജനങ്ങള്‍ഉടെ “ അമ്മേ നാരായണ” വിളികള്‍ മാത്രം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.

രണ്ട് മിനിറ്റ് കഴിഞ്ഞ് ആരുടേയും ഒരു സമ്മര്‍ദ്ധവും ഇല്ലാതെ ബോധം തിരിച്ചെടുത്ത ദേവി വിശാലാക്ഷി മുന്‍‌കൂര്‍ തയ്യാറാക്കി വച്ച നാടകത്തിന്‍റെ അവസാന രംഗങ്ങളിലേക്ക് കടന്നു.....

ചുറ്റും കൂടി നിന്നവരുടെ മുഖത്തേക്ക് അന്ധാളിച്ച് നോക്കി കൊണ്ട് ഒറ്റ ചോദ്യം “ ഞാന്‍ എവിടെയാ? എന്താ ഇവിടെ നടന്നത്?”

കേട്ടു നിന്ന മാധവിയമ്മൂമ്മ ഭക്തിപരവശയായി പതിനാറു വയസ്സുകാരിയെ ഓര്‍മ്മിപ്പിക്കുമ്മ ശബ്ദ സൌകുമാര്യത്തില്‍ ഒരൊറ്റ വിളി... “ദേവീ എല്ലാം അവിടുത്തെ മഹാമായ”

ഈ തുള്ളല്‍ കഥയുടെ തുടര്‍ച്ചയായി മാദേവന്‍ ചേട്ടന്‍ പിന്നീട് രണ്ടു ദിവസം തൊട്ടടുത്ത മള്‍ട്ടിസ്റ്റാര്‍ ഹോസ്പിറ്റലിലെ ഐ സി യു വില്‍ സുഖവാസത്തിലായിരുന്നു.
********************************************************************************************************************************
ഒരു കൊല്ലം മുന്‍പ് നടന്ന ഈ കഥ ഞാനിവിടെ പറയുമ്പോള്‍ പോലും നിങ്ങള്‍ ഫ്ലാഷ് ബാക്ക് അന്വേഷിക്കും എന്ന് എനിക്കറിയാം..... എന്നാല്‍ ദേ പിടിച്ചോ ഫ്ലാഷ് ബാക്ക്.....

മാദേവന്‍ ചേട്ടന്‍ ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമമായ നെല്ലിക്കല്‍ ഗ്രാമത്തിന്‍റെ പ്രോഡക്ടാണ്..... പഠിക്കാന്‍ മിടുക്കനായതു കൊണ്ട് എട്ടാം ക്ലാസില്‍ നാലു വട്ടം ഒരേ ബഞ്ചില്‍ ഇരിക്കേണ്ടി വന്ന സാഹചര്യത്തില്‍ അച്ഛന്‍ പറഞ്ഞു പോലും “ഒന്നിനും കൊള്ളില്ലെങ്കില്‍ നിനക്കു പോയി പട്ടാളത്തിലെങ്കിലും ചേരരുതോ”“ എന്ന്

അന്നുവരെ അച്ഛനെ അനുസരിച്ചു ശീലമില്ലാത്ത മാദേവന്‍ ചേട്ടന്‍ പട്ടാളം എന്ന് കേട്ട മാത്രയില്‍ കവലയില്‍ നിന്ന് ഓട്ടോറിക്ഷാ പിടിച്ച് ഡറാഡൂണില്‍ ചെന്നിറങ്ങി.

തന്‍റെ നെഞ്ചിന്‍റെ വിശാലതയും, തോളിന്‍റെ കരുത്തും കാരണം ഡറാഡൂണില്‍ എത്തി രണ്ടാം ദിവസം മാദേദേവന്‍ ചേട്ടന്‍ ഇന്‍ഡ്യന്‍ പട്ടാളത്തില്‍ ഇന്‍!

ഒന്നാം അവധിക്കാലത്തു തന്നെ ഒറ്റ മകന് ഇടതു വശത്ത് നിര്‍ത്താന്‍ പറ്റിയ സ്ത്രീ രക്നങ്ങളേയും അന്വേഷിച്ച് അലഞ്ഞു നടന്ന മാദേവന്‍ ചേട്ടന്‍റെ അച്ഛന്‍റെ യത്ര അവസാനിച്ചത് പൊന്നും തോട്ടം തറവാട്ടിലെ സ്വീകരണ മുറിയിലായിരുന്നു.

പക്ഷെ പെണ്ണുകാണാന്‍ ചെന്ന മാദേവന്‍ ചേട്ടനെ ആകര്‍ഷിച്ചത് തറവാട്ടു മഹിമയോ, കിട്ടാന്‍ പോകുന്ന സ്ത്രീധനത്തിന്‍റെ കണക്കോ ആയിരുന്നില്ല.

അക്ഷരാര്‍ത്ഥത്തില്‍ പുരയും, അതിന്‍റെ വാതിലുകളും നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന വിശാലാക്ഷി മാഡത്തേക്കാള്‍ മാദേവന്‍ ചേട്ടന്‍റെ കണ്ണിലുടക്കിയത് കണക്ഷന്‍ എറര്‍ കാരണം സിം ബ്ലൊക്കായി പിന്നെ സര്‍വ്വീസ് തന്നെ കട്ട് ചെയ്ത് വീട്ടില്‍ ഒറ്റത്തടിയായി നില്‍ക്കുന്ന സ്ലിം ബ്യൂട്ടി കമലാക്ഷി മാഡത്തിലായിരുന്നു.

കല്യാണം ഭംഗിയായി പര്യവസാനിച്ചു.... മാസങ്ങള്‍ കടന്നു പോകവേ തന്‍റെ സ്വതസിദ്ധമായ കഴിവുകള്‍ കൊണ്ട് മാദേവന്‍ ചേട്ടന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആരെയൊക്കയോ കണ്ട് കമാലാക്ഷിയമ്മയുടെ അടുത്തു നിന്ന് മറ്റൊരു ലൈഫ് ലോങ്ങ് പോസ്റ്റ് പെയിഡ് സംഘടിപ്പിക്കുകയും ചെയ്തു.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നു പറഞ്ഞത് കുഞ്ഞുണ്ണി മാഷോ മറ്റോ ആണെന്ന് തോന്നുന്നു.... ആരു പറഞ്ഞാലും മാദേവന്‍ ചേട്ടന്‍റെ കണക്ഷന്‍ വിത്ത് കമലാക്ഷിയമ്മ വിശാലാഷിയമ്മ ഒരു ദിനം കയ്യോടെ പിടികൂടി.

എന്തിനേറെ പറയുന്നു.... കൂലംകഷമായ സമാധാന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മാദേവന്‍ ചേട്ടന്‍ വിശാലാഷി, കമലാക്ഷി സഹോദരിമാരുടെ ഒഫീഷ്യല്‍ ഫര്‍ത്താവായി അവരോധിക്കപ്പെട്ടു... അവധി ദിനത്തില്‍ പകുതി ദിവസം വിശാലാക്ഷിയമ്മക്കും, ബാക്കി പകുതി കമലാക്ഷിയമ്മക്കുമായി പകുത്തു നല്‍കപ്പെട്ടു.

ഇമ്മിണി വലിയ ആ ദാമ്പത്യവല്ലരിയില്‍ വിശാല്‍- കമലാക്ഷിയമ്മമാര്‍ പെറ്റു കൂട്ടിയത് എന്തിനും പോകുന്ന തടിമിടുക്കന്മാരായ പന്ത്രണ്ട് ആണ്‍കുട്ടികളെ.... അതില്‍ പോലും രണ്ടു പേരേയും മാദേവന്‍ ചേട്ടന്‍ നിരാശപ്പെടുത്തിയില്ല എന്നു ചുരുക്കം... ആറ് : ആറ് എന്ന റേഷ്യോയില്‍ രണ്ടു ഭാര്യമാരേയും കൊണ്ട് മത്സരിപ്പിച്ചു മാദേവന്‍ ചേട്ടന്‍!

പട്ടാളത്തില്‍ നിന്നു സലാം പറഞ്ഞ് ദ്വിഭാര്യമാരുടെ ഏകഭര്‍ത്താവായി പൊന്നുംതോട്ടം തറവാട്ടിലേക്ക് കാലെടുത്തു കുത്തിയപ്പോള്‍ തുടങ്ങിയതാണ് ദേവിയുടെ കോപം.... കന്നിമൂലക്ക് സ്ഥിതി ചെയ്യുന്ന തറവാട്ടു ദേവിമാര്‍ക്ക് മാദേവന്‍ ചേട്ടന്‍റെ പട്ടാള ചിട്ടകള്‍ സഹിക്കുന്നില്ല പോലും... നേരത്തെ ആയിരുന്നെങ്കില്‍ ഇടക്കിടെ അവധിക്കു മാത്രം വന്നിരുന്ന മാദേവന്‍ ചേട്ടന്‍റെ പട്ടാള ചിട്ടകള്‍ ദേവിമാരെ അത്ര കാര്യമായി ബാധിച്ചിരുന്നില്ല.

മുന്‍പ് സൂര്യന്‍റെ ചൂട് എവിടെയൊക്കയോ അടിക്കും വരെ കിടന്നുറങ്ങിയിരുന്ന, തോന്നുമ്പോള്‍ ഭക്ഷണം കഴിച്ചിരുന്ന, തറവാട്ട് ദേവിമാര്‍ക്ക്, രാവിലെ ഉണരണം, കൃത്യസമയത്ത് ഭക്ഷണം വിളമ്പണം, ഉറങ്ങുന്നത് കൃത്യ സമയത്തായിരിക്കണം എന്നിങ്ങനെ കര്‍ക്കശ നിയമങ്ങള്‍ വരുകയും അതു പാലിക്കാതെ വരുമ്പോള്‍ കിട്ടുന്ന മോശമല്ലാത്ത താഡനങ്ങളും കൂടി ആയപ്പോള്‍ എങ്ങനെയാണ് മാദേവന്‍ ചേട്ടന്റെ നേരെ കോപം വരാതിരിക്കുക?

ദേവിമാര്‍ പരസ്പരം ആലോചിച്ച് തീരുമാനമെടുത്തു.... എല്ലാ ആഴ്ച്ചയിലും ഒരു ദേവീമാഹാത്മ്യം സീരിയല്‍!!!
*******************************************************************************************************************
ആ മെഗാസീരിയലിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത എപ്പിസോഡുകളിലെ ഇതുവരെ നമ്പര്‍ ഇട്ടിട്ടില്ലാത്ത ഒരു എപ്പിസോഡാണ് നമ്മള്‍ ആദ്യം കണ്ടത്! അതൊരു തുടര്‍ച്ചയായി....ആദ്യമൊക്കെ ദേവീമാഹാത്മ്യം വളരെ കൌതുകത്തോടെ കണ്ടു നിന്ന നാട്ടുകാര്‍ പിന്നെ കഥയില്‍ ഒരു പുതുമയില്ല എന്ന തിരിച്ചറിവില്‍ ശ്രദ്ധിക്കാതായി!

ഇന്നു സീരിയലിന്‍റെ ആയിരത്തില്‍ പരം എപ്പിസോഡില്‍ ഒന്നും ഇല്ലാത്ത ഒരു പുതുമ ഇന്ന് വന്നിരിക്കുന്നതിനാലാണ് എന്നോടൊപ്പം ഈ കാണുന്ന നാട്ടുകാര്‍ എല്ലാം പൊന്നുംതോട്ടം തറവാട്ടില്‍ വീണ്ടും ഒത്തുകൂടിയിരിക്കുന്നത്....

മാദേവന്‍ ചേട്ടനില്‍ മാടന്‍റെ ബാധ കയറിയിരിക്കുന്നു.....കമലാക്ഷിയമ്മ കന്നിമൂലയില്‍ തളര്‍ന്നു കിടക്കുന്നു... വിശാലാക്ഷിയമ്മ തന്‍റെ എടുത്താല്‍ പൊങ്ങാത്ത ബോഡിയും വഹിച്ചു കൊണ്ട് തറവാടിനു ചുറ്റും ഓട്ടത്തിലാണ്.... പിറകെ മാദേവന്‍ ചേട്ടനും... പത്തലുകളുടെ പിന്‍ബലം ഇല്ലാതെ സ്വന്തം കൈകള്‍കൊണ്ടാണ് മാടന്‍റെ അലക്ക്!!!

എപ്പിസോഡ് തുടരട്ടെ അല്ലെ?.... നമ്മുക്ക് നല്ല കാഴ്ച്ചക്കാരായി ഈ തറവാട്ട് മുറ്റത്ത് തന്നെ നില്‍ക്കാം!!!

Friday, 23 April 2010

കുറ്റിക്കാട്ടില്‍ ഡോട്ട് കോം.

സമയം അര്‍ദ്ധരാത്രിയോടടുത്തു..... എന്‍റെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ ക്ഷേത്രമുറ്റത്താണ് ഞാന്‍... ഞാന്‍ മാത്രമല്ല എന്‍റെ ആത്മമിത്രമായ അനിയനും....

മീനത്തിലെ കൊടും ചൂടില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന പ്രകൃതി..... കിണറുകളായ കിണറുകളും, കുളങ്ങളായ കുളങ്ങളും എല്ലാം വറ്റി വരണ്ട് “ദാഹ ജലം തരുമൊ“ എന്ന പാട്ടും പാടി വലയുന്ന സമയം..... പക്ഷെ അമ്പലക്കുളത്തില്‍ മാത്രം നിറയെ വെള്ളം.....

ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കെട്ടി ഉയര്‍ത്തിയ സ്റ്റേജില്‍ കംസവധം ബാലെ അരങ്ങു തകര്‍ക്കുന്നു..... ബാലെക്കു ശേഷം പാലാ കമ്മ്യൂണിക്കേഷന്‍റെ ഗാനമേളയാണ്.....

ബാലെ വിരോധിയായ അനിയന്‍ ഗാനമേളക്കുള്ള തയ്യാറെടുപ്പിനായി തന്‍റെ നെടുവരയന്‍ അണ്ടര്‍വെയര്‍ ഊരി ചുരുട്ടി തലയിണക്കു പകരമായി വച്ചു സുഖമായി കിടന്നുറങ്ങുന്നു...

എട്ടു നില അമിട്ടുകള്‍ പൊട്ടും പോലെയുള്ള കംസന്‍റെ ചിരിയോ, അതുകേട്ട് അമ്പലമുറ്റത്തെ പൈതങ്ങളെല്ലാം കൂടി നടത്തുന്ന കോറസ് കരച്ചിലുകളോ മുട്ടിനിടയില്‍ കയ്യും കയറ്റി മാസങ്ങളായി വെള്ളം കാണാത്ത അണ്ടര്‍വെയറിന്‍റെ സുഗന്ധവും അനുഭവിച്ചുറങ്ങുന്ന അനിയന് ഒരുവിധത്തിലുള്ള അലോസരങ്ങളും ഉണ്ടാക്കിയില്ല.....

ബാലെ അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്...... കംസന്‍ തന്‍റെ ജീവനായി യാചിക്കാന്‍ തുടങ്ങി..... “കൊല്ലരുതെ...കൊല്ലരുതെ.... കൃഷ്ണാ കൊല്ലരുതെ....”

“കൊല്ലെടാ അവനെ.... വിടരുതവനെ..... നിനക്കു വയ്യായെങ്കില്‍ ഇങ്ങൊട്ട് മാറി നില്‍ക്കെടാ.... ഞാന്‍ കൊല്ലാം...!“

ഉറക്കത്തില്‍ നിന്നും ചാടി എഴുനേല്‍റ്റ അനിയന്‍ അലറിവിളിച്ചു...

ബാലെയും വീക്ഷിച്ച് നിന്നിരുന്ന എന്‍റെ ഗ്രാമത്തിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായ കുഞ്ഞിരാമന്‍ ചേട്ടനും അനിയന്‍റെ അട്ടഹാസം കേട്ട് അവിടെക്കു പാഞ്ഞു വന്നു.....

“എന്താ അനിയാ സംഭവം...?” കുഞ്ഞിരാമന്‍ ചേട്ടന്‍ ആകാംഷയോടെ ചോദ്യം......

“ഓ... അനിയന്‍ ഒരു സ്വപ്നം കണ്ടതാ......” ഞാന്‍ മറുപടി പറഞ്ഞു....!!!

പരിസര ബോധം വന്ന് തലയും കുമ്പിട്ടു നില്‍ക്കുന്ന അനിയന്‍റെയും എന്‍റെയും മുന്നിലേക്ക് ഒരു ലക്കി ഗോള്‍ഡന്‍ ഓഫര്‍ കുഞ്ഞിരാമന്‍ ചേട്ടന്‍ വച്ചു.....

“എന്തായാലും ഉറക്കച്ചടവല്ലെ ഒരു കട്ടന്‍‌കാപ്പി കുടിക്കാം അല്ലെ...?”

വേണ്ടാ എന്നു പറഞ്ഞാല്‍ അത് ഗോള്‍ഡന്‍ ഓഫറിന് തടസ്സമാകുമോ.... മുമ്പെ നടന്നു തുടങ്ങിയ കുഞ്ഞിരാമന്‍ ചേട്ടന്‍റെ പുറകെ അനുസരണയുള്ള കുഞ്ഞാടുകളായി ഞാനും അനിയനും....

“ഒരു പരിപ്പുവട കൂടി ആയാലോ......” മറുപടി വരുന്നതിനു മുന്‍പ് കുഞ്ഞിരാമന്‍ ചേട്ടന്‍ ഓര്‍ഡറും ചെയ്തു......

“എടാ മക്കളെ ബാലെ കഴിഞ്ഞാല്‍ ഞാന്‍ അങ്ങു പോകും, നമ്മുക്ക് ഈ ഗാനമേളയൊന്നും അത്ര പത്യമല്ല എന്നാല്‍ നമ്മുക്ക് നാളെ കാണാം.....“ പരിപ്പുവടയുടെയും ചായയുടെയും നന്ദി അറിയിക്കുനതിനിടയില്‍ കുഞ്ഞിരാമന്‍ ചേട്ടന്‍ പറഞ്ഞു.....

മുട്ടക്കറിയില്ലല്ലൊ അതിടാന്‍ കോഴി അനുഭവിക്കുന്ന വേദന!!! എന്നു പറയും പോലെയായി അനിയന്‍റെ കാര്യം....

വീട്ടില്‍ സ്ഥിരമായി ഉറക്കമുണര്‍ന്നാല്‍ കുടിക്കുന്ന കട്ടന്‍ കാപ്പിയും അതു കഴിഞ്ഞാല്‍ പ്രകൃതിയുടെ സ്ഥിരം നിയമം അനുസരിച്ച് വീടിനു താഴെയുള്ള കുറ്റിക്കാട്ടില്‍ ഡോട്ട് കോമിലേക്കുള്ള ഓട്ടവും ശീലമാക്കിയ അനിയന്‍ സ്വന്തം ശരീരത്തോട് എത്ര അപേക്ഷിച്ചിട്ടും ശരീരം ആ ‍‍അപേക്ഷ സ്വീകരിച്ചില്ല......

ശരീരം പറഞ്ഞു സമയം രാത്രി രണ്ട് മണി ആയാലും, വെളുപ്പിനെ ഏഴു മണി ആയാലും ഉറക്കം എഴുനേല്‍റ്റ് കട്ട‌ന്‍കാപ്പി കുടിച്ചാല്‍ ഉടന്‍ തന്നെ കുറ്റിക്കാട്ടിലേക്ക് ഓടിയാലെ മതിയാവൂ.....

അനിയന്‍ പരമ രഹസ്യമായി സംഭവം എന്‍റെ കാതില്‍ മൊഴിഞ്ഞു.....

“അനിയാ കുറ്റിക്കാട് നമ്മുക്ക് തരപ്പെടുത്താം..... പക്ഷെ അതിനു ശേഷമുള്ള കാര്യങ്ങള്‍...?!” വരണ്ടു കീറിയ തോടുകളും പാടങ്ങളും ഓര്‍ത്ത് ഞാന്‍ നെടുവീര്‍പ്പിട്ടപ്പോഴേക്കും അനിയന്‍റെ പ്രഖ്യാപനം വന്നു.....

“അതൊക്കെ രണ്ടാമത്തെ കാര്യം.... എനിക്കു കുറ്റിക്കാട്ടില്‍ പോയാലെ ഒക്കൂ.....”

സംഗതി താമസിച്ചാല്‍ അമ്പലമുറ്റം കുറ്റിക്കാടിനു സമം ആകുമോ എന്ന എന്‍റെ പേടി അനിയന്‍റെ മുഖഭാവം കണ്ടപ്പോള്‍ അധികരിച്ചു.....

അമ്പലമുറ്റത്ത് ഉപേക്ഷിച്ച അണ്ടര്‍വെയറിനെ പോലും തിരിഞ്ഞു നോക്കാത അനിയന്‍ പി എസ് എല്‍ വി യെ ഒര്‍മ്മിക്കും വിധം കുതിച്ചു...

അനിയനെ പരതി പിന്നാലെ ഞാനും!... പൊടി പോലുമില്ല കണ്ടു പിടിക്കാന്‍...!!

തിരച്ചിലിനൊടുവില്‍ അനിയനെ അരക്കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി.... പി എസ് എല്‍ വി ലക്ഷ്യം തെറ്റി പതിച്ചത് അവിടെ എവിടെയോ ആണെന്ന് വ്യക്തം.... വെടി മരുന്നിന്‍റെ രൂക്ഷ ഗന്ധം...

വിക്ഷേപണം കഴിഞ്ഞിട്ടും വിഷണ്ണനായി നില്‍ക്കുന്ന അനിയന്‍റെ മനമറിയും പോലെ എന്‍റെ ചോദ്യം...

“ അല്ല അനിയാ സംഗതി ഇത്രയൊക്കെ ആയ സ്ഥിതിക്ക് വിക്ഷേപണ തറ കഴുകി വൃത്തിയാക്കണ്ടെ...?”

“ അതാണ് എന്‍റെയും ആലോചന...... മീനമാസത്തില്‍ അല്‍പ്പം വെള്ളം കണ്ടു പിടിക്കാന്‍ എന്താ വഴി..... ആകെയുള്ളത് അമ്പലക്കുളം.... പക്ഷെ അവിടെ....?”

“അനിയാ..... അടുത്ത് ഒരു പഞ്ചായത്തു കിണറില്ലെ..... അവിടെ ഒരു ഭാഗ്യപരീക്ഷണം നടത്തിയാലോ...?“

മുന്‍സിപ്പാലിറ്റി ഗാര്‍ബേജ് വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ അവസ്ഥയിലായിരുന്നു ഞാന്‍.....

പരിപ്പുവടയുടെ ആഘാതം എത്രയുണ്ടെന്നു അനിയന്‍റെ നടത്ത തെളിയിച്ച....

കിണറ്റിന്‍കരയില്‍ നിന്ന് നിരാശനായി മടങ്ങുമ്പോള്‍ അനിയന്‍റെ ലക്ഷ്യത്തില്‍ അമ്പലക്കുളം ആണെന്ന് വ്യക്തം....

പക്ഷെ ഞാന്‍ ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.... “ അനിയാ ഭദ്രകാളീ ക്ഷേത്രം ആണ്.... അഭവൃതസ്നാനത്തിന് വേണ്ടി വൃത്തിയാക്കിയിട്ടിരിക്കുകയാണ്.... ദേവീ കോപം..?”

“എടാ ദേവീ കോപം എന്നു പറഞ്ഞാല്‍ ഇതെവിടെ എങ്കിലും ഒന്ന് ശരിയാക്കേണ്ടെ.... ദേവിക്ക് അല്‍പ്പമെങ്കിലും എന്നൊട് സ്നേഹമൂണ്ടായിരുന്നെങ്കില്‍ ഈ സമയത്ത് ഇതു തോന്നിപ്പിക്കുമോ..?”

അനിയന്‍റെ യുക്തി ചിന്തക്കു മുന്നില്‍ എന്‍റെ ഭക്തിക്ക് ഒരു വിലയുമില്ലാതായി....

മനം പോലെ മാംഗല്യം!!!.... പൊട്ടി മുളച്ചതു പോലെ പോലെ ഒരു ദേഹം.... പനംകുറ്റി പോലെ നീണ്ടുനിവര്‍ന്ന് ഒരു അജാനുബാഹു..... ഒരു കുഴപ്പം മാത്രം.... മുട്ടിനു മുകളില്‍ ബാലന്‍സ് നഷ്ടപ്പെട്ട് അങ്ങനെ ആടി നില്‍ക്കുകയാണ്.... ഒരു മിനി അയ്യപ്പബൈജു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല

ആരോ എപ്പോഴോ കീ കൊടുത്ത ഒരു പഴയ ക്ലൊക്കിന്‍റെ പെന്‍ഡുലം പോലെയുള്ള ആട്ടത്തിനിടയില്‍ തനിക്കു പോലും ഉയര്‍ത്താന്‍ കഴിയാത്ത തന്‍റെ കൈ പ്രയാസപ്പെട്ടുയര്‍ത്തി അയാള്‍ ഞങ്ങളെ അടുത്തേക്ക് വിളിച്ചു....

“ അല്ല എന്താ പ്രസനം..?”

അനിയന്‍ അത്യുത്സാഹിയായി..... “ചേട്ടാ ഇവിടെ വെള്ളം കിട്ടാന്‍ എന്തെങ്കിലും ഒരു വഴിയുണ്ടോ..?”

“ ഹി...ഹി...ഹി ഇതു നിസാര പ്രസനം അല്ലെ.... അല്യേടാ മക്കളെ.....” അയാള്‍ എന്നെ നോക്കി...

“അതെ ചേട്ടന്‍ വിചാരിച്ചാല്‍ ഇതു നിസാരമായി തീര്‍ക്കാന്‍ കഴിയുന്ന ഒരു പ്രശ്നമാണ്.... ഒന്നു സഹായിക്കുമോ?....” ഞാന്‍ ഈ കാര്യത്തില്‍ അനിയന്‍റെ പേര്‍സണല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു....

“ എന്നാല്‍ എന്‍റെ കൂടെ വന്നോന്നോന്നോന്നോ.....” ഉറക്കാത്ത കാലുകളുമായി ബൈജു മുന്നിലും ഗാര്‍ബേജു വണ്ടിയുമായി അനിയനും, ഒപ്പം ഞാനും....

“നീ വെള്ളമല്ലേ ചോചോചോദിച്ചത്..... പകരം നീ എനിക്കെന്തു തരുരുരുരും....?” ആട്ടത്തിനു കടിഞ്ഞാണിടാന്‍ ഒരു വിഫലശ്രമം നടത്തിക്കൊണ്ട് ബൈജു തിരിഞ്ഞു നിന്നു....

കണ്ണില്‍ ഷക്കീല സിനിമ കാണുന്ന എഴുപത്തഞ്ച് കടന്ന യുവാവിന്‍റെ ഭാവം..... കൂടുതല്‍ ശ്രിംഗാരം വരുത്താനായി ഇടക്ക് മേല്‍ചുണ്ടു ഒന്നു വിറപ്പിച്ചു ബൈജു.....

“ചേട്ടന്‍ ചോദിക്കുന്ന എന്തും തരും...!” ഉള്ള കിടപ്പാടവും പത്ത് സെന്‍റ സഥലവും പോലും എഴുതി കൊടുക്കാന്‍ റെഡിയായിരുന്നു അനിയന്‍....

“ഹി...ഹി.. ഹി... നീ ഇങ്ങു വന്നെ... നിന്നെ എനിക്കങ്ങു ബോധിച്ചു... നീ എന്‍റെ സ്വന്തമാ......” അനിയന്റെ തോളില്‍ കയ്യിട്ടായി പിന്നെ ബൈജുവിന്‍റെ നടത്തം....

“നിനക്കു വെള്ളം വേണോ..?” അമ്പലക്കുളത്തിനു മുന്നില്‍ എത്തിയപ്പോള്‍ ബൈജു വീണ്ടും തിരിഞ്ഞു നിന്നു എന്നോട് ചോദ്യമെറിഞ്ഞു....

“അയ്യേ ഞാന്‍ ആ ടൈപ്പല്ല....” തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറും എന്ന പഴയ ആപ്തവാക്യം ഓര്‍ത്തപ്പോള്‍ എന്‍റെ കലി മുഴുവന്‍ അനിയനോടായി.....

“എങ്കില്‍ നീ ഇവീടെ നില്ല്ല്ല്ല്ല്ല്... ഞാ‍നിവനു വെള്ളം കൊടുത്തിട്ടു ഇപ്പം വരാം”..... അനിയനും, ബൈജുവും റോഡിന്‍റെ വീതി അളന്നു ഇരുട്ടിലേക്ക് നീങ്ങുന്നത് തെല്ലാശ്വസത്തോടെ ഞാന്‍ നോക്കി നിന്നു.....

പിന്നെ അടുത്തുള്ള കാണിക്കവഞ്ചിയുടെ മുന്നിലെ പടിയിലിരുന്നു..... അറിയാതെ ഒന്നു മയങ്ങി പോയി....

അമ്പലക്കുളത്തിലേക്ക് ഘനമുള്ള എന്തോ വന്നു വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്.... ഞെട്ടലില്‍ നിന്നു വിമുക്തമാകുന്നതിനു മുന്നെ ബൈജു മുന്നില്‍ പ്രത്യക്ഷപ്പെട്ടു......

“എവിടെ നിന്‍റെ കൂട്ടുകാരന്‍...?“ അല്‍പ്പം ഗൌരവത്തിലായിരുന്നു ബൈജു.....

“അതു ശരി വെള്ളം കൊടുക്കാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ട് പോയിട്ട് എന്നോട് ചോദിക്കുന്നോ..?” എനിക്ക് മനസ്സില്‍ അല്‍പ്പം ഭീതി തോന്നിത്തുടങ്ങിയിരുന്നു.....

“അവനു ഒരു നൂറു ഒഴിച്ചു കൊടുത്തു..... അപ്പോള്‍ വേണ്ട എന്ന് ഒരു നിര്‍ബന്ധം.... എന്നാല്‍ വേണ്ട എന്തും ചെയ്യാമെന്നു പറഞ്ഞിരുന്നില്ലെ അതിനായി ചോദിച്ചപ്പോള്‍ അതും അവനു വയ്യ....”

“അയ്യേ...ഇതായിരുന്നോ ഇയാള്‍ വെള്ളം കൊടുക്കാമെന്നു പറഞ്ഞത്“ മനസ്സില്‍ ഓര്‍ത്തുകോണ്ട് ഉന്നയിച്ച ചൊദ്യം വേറെ ആയിരുന്നു....

“എന്തും ചെയ്യാമെന്നു പറഞ്ഞതിന് ചേട്ടന്‍ എന്താ ചോദിച്ചത്...?”

“ഒന്നും പറയണ്ടടെ... അവന്‍ നെയ്യും പുരട്ടി എല്ലാ രീതിയിലും തയ്യാറായാ വന്നത്... പക്ഷെ ശ്രമിക്കുന്നതിനിടയില്‍ ഓടി കളഞ്ഞു...ദുഷ്ടന്‍..... മോഹിപ്പിച്ചിട്ട്!!!” പിന്നെ ബൈജു പറഞ്ഞ തെറി.... ഹോ.....

പുറകില്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്ന രൂപം..... “ അളിയാ.... അമ്പലം കമ്മറ്റിയോട് പറഞ്ഞു ഒരു കലശം കഴിപ്പിക്കുന്നതാ നല്ലത്..... അമ്പലക്കുളവും ഈ പരിസരവും വൃത്തികേടായീ‍ീ‍ീ...?”

അനിയനു ഏഴാം നാളാണ് ബോധം വീണത്.... അതിനു കാരണമായി അനിയന്‍ പറയുന്നത് ദേവീ കൊപം ആണെങ്കിലും ഇരുളില്‍ അസാധാരണമായ എന്തോ കണ്ട് പേടിച്ചതാണെന്ന് എനിക്കു വ്യക്തമായറിയാം.....

Tuesday, 20 April 2010

മുത്തേ..... നിനക്കു വേണ്ടി...

മുഖം ഒരു കരിമ്പടത്താല്‍ മറയ്ക്കപ്പെട്ട്.... കൈകള്‍ പിന്നിലേക്ക് കൂട്ടികെട്ടി..... ഏതാണ്ട് മൃതപ്രായമായ മനസ്സും പേറി അയാള്‍.....

ഏതൊരാളുടെ കഴുത്തിനും തലക്കും ചേരും വിധം വ്യക്തമായ അളവുകോല്‍ കൊടുത്തുണ്ടാക്കിയ മനോഹരമായ ആ മാര്‍ബിള്‍ ശിലയുടെ മുന്നില്‍ ‍.....

നൌഷാദ്..... ഊഴവും കാത്തു നില്‍ക്കുന്ന അറവുമാടിന്റെ പ്രതിനിധി.....

എന്തിനാണ് താന്‍ ഇവിടെ?

ക്രൂരതയുടെ ഭദ്രകാളീരൂപം തന്നിലേക്ക് ആവേശിക്കുമ്പോള്‍ ... “മോനെ കൊല്ലല്ലേടാ“ എന്ന മുനീറിന്റെ നിലവിളി എന്തേ താന്‍ കേട്ടില്ല....?

“മച്ചാ അരുതേ... എന്നെ ഓര്‍ത്ത് ചെയ്യരുതേ” എന്ന തന്റെ സൈനബയുടെ ഉള്‍വിളിയായി എത്തിയ ആര്‍ദ്രതയേറിയ ശബ്ദം എന്തേ താന്‍ തിരിച്ചറിഞ്ഞില്ല?

ഒരു ജന്മം മുഴുവന്‍ തനിക്കുവേണ്ടി അന്യരുടെ ആട്ടും, തുപ്പും വിഴുപ്പും ചുവന്ന തന്റെ വാപ്പച്ചിയുടെ നിഷ്കളങ്ക മുഖം ഓര്‍ത്തില്ല....?

എന്തിന്, മരണത്തിനു പകരം മരണം എന്ന ശരിയത്തിന്റെ നാട്ടിലാണ് താന്‍ എന്ന സത്യം എങ്കിലും തനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍......?

മനസ്സില്‍ തന്റെ പൊന്നുംകുടത്തിന്റെ മുഖം മാത്രമായിരുന്നു.... ഏഴുവയസുള്ള തന്റെ മുത്തിന്റെ മുഖം മാത്രം....

“അള്ളാഹു അക്ബര്‍......” നൌഷാദിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി കരിമ്പടം നനഞ്ഞു......

മുനീര്‍ തന്നോട് എന്തു പാപമാണ് ചെയ്തത്..... അവനെ ക്രൂരമായി കൊലപ്പെടുത്താന്‍ മാത്രം എന്തു പാപമാണ് അവന്‍ തന്നോട് ചെയ്തത്?

പാവം... അന്നന്നത്തെ അന്നത്തിനു വേണ്ടി ആഹോരാത്രം അവന്‍ ചീന്തുന്ന വിയര്‍പ്പുതുള്ളികളില്‍ നിന്നും ഒരുതുള്ളി കനിവോടെ തന്റെ കയ്യിലേക്ക് ഇറ്റിച്ചതോ?

“നൌഷാദ്...... നൌഷാദ്.....“ ആരാണത്? മുനീറിന്റെ ശബ്ദമല്ലെ... ഒരു നിമിഷം നിന്നിടത്തു നിന്നു ഞെട്ടലോടെ പിന്നിലേക്കു മാറി.......

ഒരു തേങ്ങല്‍..... എന്തിനു നീ എന്നോടിതു ചെയ്തു നൌഷാദ്...... എന്തിനു നീ എനിക്കൊപ്പം നിന്റെയും ജീവിതം ഇങ്ങനെ? എന്തിനായിരുന്നു നൌഷാദ്....?

എന്തിനാണ് താന്‍ അതു ചെയ്തത്...... ഒരു ദുര്‍ബല നിമിഷത്തില്‍ തോന്നിയ ഒരു കൈപ്പിഴ?

“മച്ചാ.... കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്.... മുത്തിന്റെ ഓപ്പറേഷന്‍ ഉടന്‍ നടത്തണം എന്നാണ് ഇന്നലേയും ഡോക്ടര്‍ പറഞ്ഞത്”

സൈനബയുടെ കത്തിലെ വരികളില്‍ തന്റെ മുത്തിന്റെ നിഷ്കളങ്കമായ മുഖം തെളിഞ്ഞു വന്നു.....

നീണ്ട നാലു വര്‍ഷങ്ങള്‍ കാത്തിരുന്ന് ഉണ്ടായ പൊന്നുംകുടം.... പക്ഷെ ജന്മനാ രണ്ട് വൃക്കകള്‍ക്കും ക്ഷതം സംഭവിച്ചിരുന്നു..... ഓപ്പറേഷന്‍ വേണമെന്നും ഒരു വൃക്കയേങ്കിലും മാറ്റി വെക്കേണ്ടി വരുമെന്നും അന്നേ ഡോക്ടര്‍ പറഞ്ഞിരുന്നു.....

“നൌഷാദ് ....ആറു വയസ്സിനു ശേഷം ഓപ്പറേഷന്‍ ചെയ്യുന്നതാവും നല്ലത്” ഡോക്റ്ററുടെ വാക്കുകള്‍ തെല്ലു ആശ്വാസം പകര്‍ന്നു...

മാസം ഒരു വലിയ തുക ഡയാലിസിനു ചിലവാകാന്‍ തുടങ്ങിയപ്പോള്‍ ക്ലീനിങ്ങ് കമ്പനിയിലെ അറുനൂറു റിയാല്‍ ശമ്പളക്കാരനായ തനിക്ക് നാടും, വീടും, സൈനബയും, മുത്തും എല്ലാം കിട്ടാക്കനികളുടെ പട്ടികയില്‍ ഇടം കണ്ടെത്തി....

“എന്താടാ ഇത്ര ആലോചന......” സൈനബയുടെ കത്തില്‍ മുഖം പൂഴ്ത്തിയിരുന്ന തന്നോട് മുനീറിന്റെ കുശലം.......

ക്ലീനിങ്ങ് കമ്പനിയിലെ അക്കുണ്ടന്റ് ആണെങ്കിലും വന്ന നാള്‍ മുതല്‍ ഒന്നിച്ചാണ് മുനീറും താനും...... വലിപ്പച്ചെറുപ്പമില്ലാത്ത ഒരു സൌഹൃദം.....

“മുത്തിനു എങ്ങനെയുണ്ടു മൊനെ.......” ഓപ്പറേഷനുള്ള പൈസക്ക് എന്തെങ്കിലും വഴി ഒത്തുവോ? മുനീറിന്റെ ആര്‍ദ്രത മുറ്റിയ ചോദ്യത്തിനു മറുപടിയായി രണ്ടു തുള്ളി കണ്ണീര്‍ കത്തില്‍ വീണുടഞ്ഞു.......

“എടാ എല്ലാം ശരിയാകും..... ഞാന്‍ ബീവിയോട് നമ്മുടെ മുത്തിനു വേണ്ടി അവളുടെ സ്വര്‍ണം വില്‍ക്കാം അപേക്ഷിച്ചു നോക്കി..... പക്ഷെ അവള്‍ വഴങ്ങുന്നില്ല...... “വല്ലോര്‍ക്കും വേണ്ടി എന്തിനാ” എന്നാ അവളുടെ ചോദ്യം..... അവള്‍ക്കറിയില്ലല്ലോ നമ്മളുടെ ബന്ധം......”

“വേണ്ട മുനീര്‍.... അതൊന്നും വേണ്ട..... എന്റെ മുത്തിനു അള്ളാഹു ആയുസു നിശ്ചയിച്ചുണ്ടെങ്കില്‍ അവള്‍ ജീവിക്കും.... എന്റെ മുത്തിനു ഒന്നും സംഭവിക്കില്ല......”

“നീ എന്തെങ്കിലും കഴിച്ചുവോ....”

“ഇല്ല..... കയ്യിലുള്ള അവസാന ഹലാലയും എണ്ണിപ്പെറുക്കി ഇന്നു നാട്ടിലേക്കയച്ചു...... ഈ മാസത്തെ ഡയാലിസിസിനു അതു തികയില്ല എങ്കിലും...”

“നീ പോയി എന്തെങ്കിലും കഴിക്കൂ.....“ കീശയില്‍ കയ്യിട്ട് ഇരുനൂറു റിയാലിന്റെ രണ്ടു കെട്ടുകള്‍ മുനീര്‍ പുറത്തെടുത്തു... പിന്നെ അതില്‍ നിന്ന് ഒരു നോട്ടെടുത്തു തനിക്കു നേരെ നീട്ടി....

“വേണ്ട മുനീര്‍.... നിന്നോടുള്ള ഈ കടം എങ്ങനെ ഞാന്‍ വീട്ടും..... അതിനും മാത്രം എന്തു ബന്ധമാണു മൊനെ നമ്മള്‍ തമ്മില്‍ ഉള്ളത്?” തന്റെ ഗദ്ഗദം നിറഞ്ഞ വാക്കുകളെ ചെറു പുഞ്ചിരിയോടെയാണ് മുനീര്‍ നേരിട്ടത്....

“ഇതു നീ തിരിച്ചു തരിക തന്നെ വേണം..... തൊഴിലാളികളുടെ ഓവര്‍ ടൈം കാശാണ്...... ഉച്ചക്ക് ബ്രക്ക് ടൈമില്‍ പൂട്ടില്ലാത്ത ആ മേശവലിപ്പില്‍ വച്ചിട്ടു പോരാന്‍ പേടി ആയതുകൊണ്ട് കൂടെ എടുത്തു എന്നു മാത്രം.... നിന്റെ അടുത്ത മാസം സാലറിയില്‍ ചിലപ്പോള്‍ ഞാനിതു കട്ട് ചെയ്തേക്കും.... ഇപ്പോള്‍ അതൊന്നും ആലോചിക്കേണ്ട, നീ പോയി വല്ലതും കഴിക്കൂ......”

അടുത്തുള്ള ബൂഫിയയില്‍ നിന്നും ഒരു സാന്റ്വിച്ച് കഴിച്ചു തിരികെ വരുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു........ സൈനബയുടെ നമ്പര്‍.....

“മച്ചാ.....” ഭയം കലര്‍ന്ന ആ വിളിയില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു.......

“മുത്തിനു അസുഖം കൂടി മച്ചാ....... ഇപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നതേയുള്ളൂ..... ഐ സി യു വിലാണ്... നമ്മള്‍ എന്തു ചെയ്യും മച്ചാ.... ഞാന്‍ ഡോക്ടറുടെ അടുത്ത് ചെന്നു നിന്നിട്ട് വിളിക്കാം..... ഒന്നു സംസാരിക്കുമോ.... എന്റെ സമാ‍ധാനത്തിന്....”

“നൌഷാദ്... ഞാന്‍ ഡോക്ടര്‍ സെബാസ്ട്യന്‍..... മകളുടെ കണ്ടീഷന്‍ വളരെ വളരെ മോശമാണ്..... ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ തീര്‍ച്ചയായും ഓപ്പറേഷന്‍ നടത്തണം.... അമ്മയുടെയും മകളുടെയും രക്തഗ്രൂപ്പ് ഒന്നായതുകൊണ്ട് നമ്മുക്ക് വൃക്ക ദാതാവിനെ തേടേണ്ടതില്ല....“

പക്ഷെ ഡോക്ടര്‍..... ഓപ്പറേഷന്‍ എന്നു പറയുമ്പോള്‍....!

“അതാണ് നൌഷാദ് ഞാന്‍ പറഞ്ഞു വരുന്നത്.....ഓപ്പറേഷന്‍ കഴിഞ്ഞാല്‍ മുത്ത് പൂര്‍ണമായും അസുഖാവസ്ഥയില്‍ നിന്നു മോചിതയാവും..... പക്ഷെ ഓപ്പറേഷന് ഏതാണ്ട് നാലു ലക്ഷം രൂപയോളമാകും..... സൈനബയോട് സംസാരിച്ചപ്പോള്‍ അതിനുള്ള വഴികള്‍ കുറവാണെന്ന് പറയുന്നു..... ആശുപത്രിയൂടെ വകയായി ഒരു അമ്പതിനായിരം രൂപാ കുറച്ചു തരാന്‍ കഴിയും.... പക്ഷെ മൂന്നര ലക്ഷം രൂപാ ഇല്ലാതെ ഓപ്പറേഷനെ കുറിച്ച് ചിന്തിക്കുക പ്രയാസം.... നിങ്ങള്‍ ഗള്‍ഫില്‍ അല്ലെ നൌഷാദ്..... എങ്ങനെയെങ്കിലും ശ്രമിച്ചാല്‍ ....?”

റൂമില്‍ എത്തി കട്ടിലേക്കു വീഴുമ്പോള്‍ മനസ്സ് നിറയെ മുത്തും അവളുടെ നിഷ്കളങ്കമായ മുഖവും മാത്രമായിരുന്നു..... ആകെയുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ പോലും ത്രാണിയില്ലാത്ത താന്‍ ഒരു വാപ്പയോ?.... എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്...?

ഒരു മിന്നല്‍ പിണര്‍ പാഞ്ഞു...... “മുനീറിനോട് ചോദിച്ചാലോ......? അവന്റെ കയ്യിലിരിക്കുന്ന ആ നോട്ടുകെട്ടുകള്‍ മുഴുവന്‍ കൊടുക്കേണ്ടി വരില്ല തന്റെ മുത്തിന്റെ ജീവന്റെ വിലയായി......”

“പക്ഷെ തൊഴിലാളികലുടെ ശമ്പളപൈസ അവന്‍ എങ്ങനെ തരും......?!! ചോദിച്ചാല്‍ തരാന്‍ ഒരു വഴിയും ഇല്ല.... ചോദിക്കാതെ എടുത്താലോ...?!”

“വേണ്ട.... വിശ്വാസ വഞ്ചനയോളം വലിയ ഒരു പാപമില്ല..... തന്റെ കൂടെ പിറപ്പാണവന്‍.... അവനോട് ഒരിക്കലും...?!”

“പക്ഷെ തന്റെ മുത്ത്.... ആറ്റു നോറ്റുണ്ടായ അവളിലും വലുതാണോ ചങ്ങാതിയും, അവനോടുള്ള വിശ്വാസവും....?! തന്റെ മുത്തിന്റെ ജീവന്റെ വിലയേക്കാള്‍ വലുതോ തന്റെ ചങ്ങാതി...?!”

കിടക്കയില്‍ നിന്ന് എഴുനേല്‍റ്റ് ഹാങ്ങറില്‍ തൂങ്ങുന്ന മുനീറിന്റെ വസ്ത്രങ്ങളുടെ അടുത്തേക്ക് നടക്കുമ്പോള്‍ നേര്‍ത്ത മര്‍മ്മരം പോലും ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.....

നോട്ട്കെട്ടുകള്‍ കയ്യില്‍ കിട്ടുമ്പോള്‍ അതുമായി അടുത്ത മണി എക്സ്ചേഞ്ചില്‍ എത്തുന്നതിനെ കുറിച്ചു മാത്രമായിരുന്നു ചിന്തകള്‍.....

മൊബൈല്‍ ചില അവസരങ്ങളില്‍ ഉപകാരി ആയേക്കാം... പക്ഷെ ചില അവസരങ്ങളില്‍ അതിലേറെ ഉപദ്രവകാരിയും..... ആകസ്മികമായി ചിലച്ച മൊബൈല്‍ മുനീറിനെ ഉണര്‍ത്തുമ്പോള്‍ കയ്യിലിരിക്കുന്ന നോട്ട്കെട്ടുകളുമായി തരിച്ച് നില്‍ക്കാനേ സാധിച്ചുള്ളൂ.....

‘എന്താടാ മോനെ നീയീ കാണിക്കുന്നത്”..... മുനീറിന് അസ്വഭാവികമായ തന്റെ ആ പ്രവര്‍ത്തികണ്ട് അല്‍ഭുതം തോന്നിയതില്‍ ആശ്ചര്യമില്ല.....

“മുനീര്‍ മുത്തിനെ ഐ സി യു വില്‍ അഡ്മിറ്റാക്കി..... ഡോക്ടര്‍ പറയുന്നത് രണ്ട് ദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ വേണമെന്ന്.... എനിക്കീ പൈസ നാട്ടില്‍ അയക്കണം..... നിനക്ക് ഞാന്‍ ഇതെങ്ങനെയെങ്കിലും തിരിച്ചു തരാം..... എന്റെ മുത്തിനെ ഓര്‍ത്ത് നീ അനുവദിക്കണം.....”

“മോനെ ഇത് തൊഴിലാളികളുടെ ശമ്പളമല്ലേടാ..... നിന്റെ മുത്ത് എന്റെതും അല്ലെ... നമ്മുക്ക് ഇന്നു തന്നെ വഴി കണ്ടു പിടിക്കാം.... ഒന്നും ഒത്തില്ലെങ്കില്‍ പലിശക്കു വാങ്ങാം..... നീ ആ പൈസ അവിടെ തിരിച്ചു വച്ചേക്കൂ.....”

“വേണ്ട മുനീര്‍..... ഈ പൈസ ഞാന്‍ അയക്കാം എന്നിട്ടു നാളെ തന്നെ നമ്മുക്കതു തിരിച്ചു കൊടുക്കാം......”

എപ്പോഴാണ് ആ തര്‍ക്കം പിടിവലിയിലേക്ക് നീണ്ടത്..... എപ്പോഴാണ് തന്റെ കയ്യില്‍ ആ കത്തി എത്തപ്പെട്ടത്..... അറിയില്ല.... മനസ്സില്‍ നിറയെ “മുത്ത്” മാത്രമായിരുന്നു.... മുത്തിന്റെ ജീവനു വിലങ്ങുതടി തീര്‍ക്കുന്ന എന്തിനേയും വെട്ടി മാറ്റി മുന്നൊട്ട് പോകുക എന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍.....

“കൊല്ലല്ലേടാ മോനെ“ എന്ന ആര്‍ത്തനാദം താന്‍ കേട്ടുവോ, അതോ കേട്ടില്ല എന്നു നടിച്ചുവോ....?!

കറിക്കത്തി തന്റെ എല്ലാമെല്ലാമായ കൂടപ്പിറപ്പിന്റെ ചങ്കിലേക്ക് ആഴ്ത്തുമ്പോള്‍ തന്റെ കൈ വിറച്ചിരുന്നുവോ...?!

അറിയില്ല പക്ഷെ ലക്ഷ്യം മുത്ത് മാത്രമായിരുന്നു..... ചോര നിറഞ്ഞ വസ്ത്രങ്ങള്‍ മാറി പുതിയത് ധരിക്കുമ്പോഴും..... പുറത്തെ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പൊഴും അവസാന പ്രാണനായി പിടഞ്ഞു കൊണ്ടിരുന്ന തന്റെ ആത്മസുഹൃത്തിനെ തിരിഞ്ഞൊന്നു നോക്കാന്‍ പൊലും കനിവില്ലാത്ത ക്രൂരന്‍...?!

പൈസ അയച്ച് സൈനബയെ ഫോണ്‍ വിളിക്കുമ്പോള്‍ “എവിടെ നിന്ന് ഇത്ര പെട്ടെന്ന് കിട്ടി മച്ചാ” എന്ന ചോദ്യത്തിന് മൌനം മറുപടി പറഞ്ഞു......

തിരികെ റൂമിലേക്ക് നടക്കുമ്പോള്‍ മനസ്സ് പതിയെ തന്നിലേക്ക് മടങ്ങി വന്നത്.....

“മുനീര്‍.... തന്റെ മുനീര്‍.... അള്ളാ.... “ ഓടുകയായിരുന്നു......

“പുരുഷാരത്തിനു നടുവില്‍, കാക്കി കുപ്പായക്കാര്‍ക്കിടയില്‍ തൂവെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് തന്റെ മുനീര്‍.....“

പിന്നെ എല്ലാം മുറപോലെ നടന്നു..... ഒന്നും നിഷേധിച്ചില്ല....... അല്ലെങ്കില്‍ തന്നെ ദൈവത്തിന്റെ കോടതിയില്‍ തനിക്കു കാത്തിരിക്കുന്ന ശിക്ഷകള്‍ തുലനം ചെയ്യുമ്പോള്‍ ഇവിടുത്തെ ശിക്ഷ തൃണം.....

ഇന്ന് അര്‍ഹമായതിനു വേണ്ടി ഒരു കാത്തു നില്‍പ്പ്.....

ഒരു വാഹനം വന്നു നിന്നതിന്റെ ഇരമ്പല്‍..... കനത്ത ബൂട്ടുകളുടെ ഒച്ച..... അത് അടുത്തു വന്നു.....

“ഇന്ത നൌഷാദ് അലി സുള്‍ഫിക്കാര്‍...?“ (നൌഷാദ് അലി സുള്‍ഫിക്കര്‍ എന്നണോ നിന്റെ പേര്‍)ആഗതന്റെ ചോദ്യം....

“ഐവ..... “ (അതെ) കനത്ത ശബ്ദത്തില്‍ മറുപടി.....

“താല്‍ ഗുദ്ദാം......” (മുന്നോട്ട് കയറി നില്‍ക്കൂ)

ആരോ തന്റെ കയ്യില്‍ പിടിച്ചിരിക്കുന്നല്ലോ..... ഒരു തണുത്ത സ്പര്‍ശം..... കാതില്‍ മുനീറിന്റെ സ്വരം “മോനെ ഞാന്‍ ഇവിടെയുണ്ടടാ..... നിനക്കു കൂട്ടായി.... പോന്നോളൂ“

അള്ളാഹു അക്ബര്‍..... അള്ളാഹു അക്ബര്‍.........!

Tuesday, 26 January 2010

നീളാത്തി പൊട്ടന്‍.

എന്റെ ഗ്രാമമായ നീര്‍വിളാകത്തില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിത്വം......

ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്ന നൂറു കണക്കിന് വ്യക്തികളില്‍ നീളാത്തിപൊട്ടന് എന്തു പ്രസക്തി എന്നു ചിന്തിക്കാം...... പക്ഷെ ആ ചോദ്യം ഈ വായനയുടെ അവസാനം നിങ്ങള്‍ക്ക് ഉന്നയിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

നീളാത്തിപൊട്ടന് പ്രായം എത്രയായി.... അറിയില്ല... എന്റെ അമ്മയോട്, എന്തിന് 1992 ല്‍ മരണമടഞ്ഞ് എന്റെ അമ്മൂമ്മ ജീവിച്ചിരിക്കുമ്പോള്‍ പോലും ഞാന്‍ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്... പക്ഷെ “ആ” എന്നു ഉച്ചരിച്ചു കൊണ്ട് കൈ മലര്‍ത്തി കാണിക്കുക മാത്രമാണ് ഉത്തരമായി കിട്ടുക.

ഒരു ഗ്രാമത്തിന്റെ പ്രശസ്തി ഒരു പൊട്ടനിലൂടെ!!.... വിശ്വസിക്കാന്‍ പ്രയാസം ഉണ്ടാവും അല്ലെ?.... എന്നാല്‍ അതാണ് പരമാര്‍ത്ഥം.... നീര്‍വിളാകം എന്റെ ഗ്രാമം ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും, ചെങ്ങന്നൂര്‍, കോഴഞ്ചേരി പോലുള്ള ടൌണുകളിലും അറിയപ്പെടുന്നത് നീളാത്തിപൊട്ടന്‍ എന്ന എന്റെ ഗ്രാമത്തിന്റെ സ്വന്തം പൊട്ടനിലൂടെയാണ്.

നീര്‍വിളാകം ഇന്നും ഏതാണ്ട് കുഗ്രാമം തന്നെയാണ്.... ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദേശം... ഒരു വലിയ പേമാരി വന്നാല്‍ ഒറ്റപ്പെട്ടു പോകുന്ന ദേശം... പൊടിമണ്ണിന്റെ മണം വമിക്കുന്ന പാതകള്‍... സര്‍ക്കാര്‍ സ്ഥാപനമായി ഒരു പോസ്റ്റാഫീസ് മാത്രം... നല്ല ഒരു വണ്ടി കാണണമെങ്കില്‍ ഇന്നും അടുത്തുള്ള ടൌണില്‍ പോകണം... പ്രശസ്തര്‍ എന്നു എടുത്തു പറയാന്‍/ചൂണ്ടിക്കാണിക്കാന്‍ ആരും തന്നെയില്ലാത്ത ഈ ദേശം പ്രശസ്തി നേടിയതിനു പ്രധാന കാരണം നീളാത്തി പൊട്ടന്‍ മാത്രം.

കുട്ടികള്‍ക്ക് കളിത്തോഴനും എന്നാല്‍ അതേ അളവില്‍ പേടി സ്വപ്മവുമാണ്.... കുട്ടികളെ ജീവനു തുല്യം സ്നേഹിക്കുന്ന പൊട്ടന്‍ എന്നാല്‍ അവരുടെ അതിരു കടന്നുള്ള കുസൃതികളെ നേരിടുന്നത് ഉരുളന്‍ കല്ലുകളുമായാണ്.... ഒരുപറ്റം കുട്ടികള്‍ ഒന്നിച്ച് നിലവിളിച്ച് കൊണ്ട് ഓടി വരുന്നുണ്ടെങ്കില്‍ അതിനു പുറകെ പൊട്ടനും ഉണ്ടാവും എന്നത് തീര്‍ച്ച.... പക്ഷെ ഒരിക്കല്‍ പോലും ആ കല്ലുകള്‍ കുട്ടികള്‍ക്ക് നേരെ പ്രയൊഗിക്കപ്പെടാറില്ല.... കല്ലുകള്‍ പൊട്ടന് കുട്ടികളെ അവനു സഹിക്കാന്‍ കഴിയാത്ത കുസൃതികളില്‍ നിന്ന് പിന്‍‌തിരിപ്പിക്കാനുള്ള നിര്‍ജ്ജീവമായ ഒരു ആയുധം മാത്രമാണ്....

കുട്ടികളെ ഇമ്മാതിരി പേടിപ്പിക്കുന്നതിന് മാതാപിതാക്കളില്‍ ആരെങ്കിലും ദേഷ്യത്തോടെ ചോദ്യം ഉന്നയിച്ചാല്‍ ഉടന്‍ ജീവിതത്തില്‍ ഇതുവരെ വൃത്തിയാക്കിയിട്ടില്ലാത്ത വികൃതമായ പല്ലുകള്‍ കാട്ടി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് പൊട്ടന്‍ ചിരിക്കും.... നിഷ്കളങ്കമായ ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടൂണ്ടാവും.... അതിനാല്‍ തന്നെ ചോദ്യം ചെയ്യാന്‍ വന്നവര്‍ പൊട്ടനെ സഹതാപത്തോടെ നോക്കി മടങ്ങുകയാണ് പതിവ്.

ഗ്രാമത്തിലെ പ്രായഭേദമന്യേ പുരുഷ സമൂഹം പൊട്ടന് അച്ഛനും,സ്ത്രീ സമൂഹം അമ്മയുമാണ്... യദാര്‍ത്ഥത്തില്‍ പൊട്ടന് ഉച്ചരിക്കാന്‍ കഴിയുന്ന വാക്കുകള്‍ അതു മാത്രമാണ്.... വിശക്കുമ്പോള്‍ ഗ്രാമത്തിലെ ഏതൊരു വീട്ടിലും കയറി ചെന്ന് ഭക്ഷണം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഗ്രാമത്തിന്റെ സ്വന്തം നീളാത്തി പൊട്ടനു മാത്രം സ്വന്തം... പൊട്ടന്റെ യദാര്‍ത്ഥ പേര്‍ രാമകൃഷ്ണന്‍ എന്നാണ്... അങ്ങനെ വിളിക്കുന്നത് അവന് ഏറ്റവും സന്തോഷം പകരുന്ന വിഷയവും.... രാമകൃഷ്ണാ എന്നു സംബോധന ചെയ്താല്‍ ചിലപ്പോള്‍ പൊട്ടന്‍ സന്തോഷം കൊണ്ട് തുള്ളിചാടും.... സന്തോഷം അധികരിച്ചാല്‍ അവന്റേതായ ഭാഷയില്‍ പാടും.... ആ പാട്ട് മറ്റുള്ളവര്‍ കേള്‍ക്കുന്നത് ഇങ്ങനെ...

“ഇന്നപ്പ ഹയ്യേ....ഹൂന്താലി ഹയ്യെ.....” എന്താണ് പൊട്ടന്‍ ആ വരികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല... പൊട്ടന് ഏറ്റവും വെറുപ്പുള്ള രണ്ട് വാക്കുകള്‍ “ മഴ വരുന്നു” എന്നും.... “ഇന്ന് ഊണില്ല” എന്നും ആണ്... സ്നേഹത്തോടെ ഇടപെടുന്നവര്‍ പോലും ഈ വാക്കുകള്‍ ഏതെങ്കിലും അറിയാതെ പറഞ്ഞു പോയാല്‍ പൊട്ടന്റെ മുഖത്ത് ക്രൌര്യം നിറയും.... പിന്നെ അവ്യക്തമായ വാക്കുകള്‍ ഉപയോഗിച്ച് ദേഷ്യം പ്രകടിപ്പിക്കും... സമീപത്തു കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ എടുത്ത് എറിയുന്നതായി ആഗ്യം കാണിക്കും... പിന്നെ നടന്നു നീങ്ങും....

സമീപ ഗ്രാമങ്ങളില്‍ എല്ലാം പൊട്ടന്റെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാവും... ഗ്രാമത്തിലേയും സമീപ ഗ്രാമങ്ങളിലേയും കല്യാണം, വാസ്തുബലി പോലുള്ള വിശേഷ അവസരങ്ങളും, ഉത്സവങ്ങളും പൊട്ടന്റെ സജീവ സാന്നിദ്ധ്യം ഇല്ലാതെ നടക്കാറില്ല എന്നതാണ് സത്യം... ആരും ക്ഷണിക്കാതെ, വിളിക്കാതെ പൊട്ടന്‍ കൃത്യമായി ഈ അവസരങ്ങള്‍ മനസ്സിലാക്കി അവിടെ എത്തും... അങ്ങനെ നീളാത്തി പൊട്ടനേയും, അതു വഴി നീര്‍വിളാകം എന്ന ഗ്രാമത്തേയും അറിയാത്തവര്‍ ചുരുക്കം... ഒരു ദിവസം പൊട്ടന്‍ തന്റെ സ്വന്തം ഗ്രാമത്തിലും സമീപ ഗ്രാമങ്ങളിലും നടന്നു തീര്‍ക്കുന്ന ദൂരം ഒരു സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ഉണ്ടാവും എന്നത് സംശയമില്ല...

യാത്രക്കിടെ എന്തും വാങ്ങി കഴിക്കുന്ന പ്രകൃതം പൊട്ടനില്ല.... അവന് ഇഷ്ടമുള്ള ചില വീടുകള്‍ കാണും, അവിടെ നിന്നു മാത്രം ഭക്ഷണം.... എന്റെ അമ്മൂമ്മ പൊട്ടനെ കുറിച്ച് പറയുന്ന കഥ ഇങ്ങനെ... ഗ്രാമത്തിലെ പ്രശസ്ഥമായ ഒരു തറവാട്ടില്‍ ജനിച്ച രാമകൃഷ്ണന്റെ ജനനത്തോടെ അച്ഛന്‍ മരണമടഞ്ഞു... അച്ഛന്‍ നഷ്ടമായതോടെ വീട്ടുകാര്‍ അമ്മയേയും, കൈക്കുഞ്ഞായ രാമകൃഷ്ണനേയും നിര്‍ദ്ദാക്ഷ്ണ്യം വീട്ടില്‍ നിന്നു പുറത്താക്കി... അമ്മയുടെ സ്വത്തായി കിട്ടിയ ചെറിയ സ്ഥലത്ത് പരസഹായത്തില്‍ ഒരു കുടില്‍ കെട്ടി കൊച്ചു രാമകൃഷ്ണനും ഒരുമിച്ച് താമസം തുടങ്ങി.... രാമകൃഷ്ണനെ തൊട്ടിലില്‍ ഉറക്കി അന്യവീട്ടുകളില്‍ ജോലി ചെയ്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയ ആ അമ്മ വൈകാതെ മരണമടയുകയും, രാമകൃഷ്ണന്‍ എന്ന പൊട്ടന്‍ തെരുവിന്റെ സന്തതി ആയി മാറുകയും ചെയ്തു....

പല തലമുറയുടെ സന്തത സഹചാരിയായി മാറിയ പൊട്ടന് കുറഞ്ഞത് 120 വയസ്സെങ്കിലും ഉണ്ടാവുമെന്ന് മുതിര്‍ന്നവര്‍ കണക്കുകള്‍ നിരത്തി സാക്ഷ്യപ്പെടുത്തുന്നു.... ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു അപകടത്തില്‍ പെട്ട നീളാത്തി പൊട്ടന് വലത്തെ കാലില്‍ കാര്യമായി പരുക്കു പറ്റുകയും നാട്ടുകാര്‍ ഇടപെട്ട് പല ചികിത്സകള്‍ ചെയ്തിട്ടും ഫലവത്താകാത്ത അവസരത്തില്‍ പരിസരത്തുള്ള ഒരു വൃദ്ധസദനം പൊട്ടനെ ദത്തെടുക്കുകയും ചെയ്തു.... ഇന്ന് ഗ്രാമത്തിന്റെ പ്രിയപ്പെട്ട നീളാത്തി പൊട്ടന്റെ ഉറച്ച കാലടികളുടെ ശബ്ദം കേള്‍ക്കാനില്ല.... അമ്മേ എന്ന അവ്യക്തമായ വിളികള്‍ കേള്‍ക്കാനില്ല, സന്തോഷത്തിന്റെ “ഇന്നപ്പ ഹയ്യേ” മുഴങ്ങാറില്ല.... കുട്ടികള്‍ കലപില വച്ച് പൊട്ടന്റെ ഉരുളന്‍ കല്ലുകളെ ഭയന്ന് ഓടാറില്ല.... ഗ്രാമത്തിന്റെ വിശുദ്ദി അനുദിനം നഷ്ടപ്പെടുന്നതിനൊപ്പം പൊട്ടനും ഗ്രാമത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.... എന്നാല്‍ ഞങ്ങളുടെ പ്രിയപ്പെട്ട നീളാത്തി പൊട്ടന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്ന പരമാര്‍ത്ഥം ഓരോ ഗ്രാമവാസിക്കും സന്തോഷം പകരുന്ന ഒരു വസ്തുത തന്നെ..