. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday, 5 June 2010

രാമന്റെ വാള്‍!

എന്റെ ഗ്രാമ ക്ഷേത്രത്തിലെ ഉത്സവം നടക്കുകയാണ്.... രണ്ട് ദിവസം മാത്രം ആയുര്‍ഃദൈര്‍ഘ്യമുള്ള ഉത്സവം ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക് ത്രിശൂര്‍പൂരത്തിനു തുല്യമാണ്... ഗ്രാമത്തില്‍ അന്നു ജനിച്ചു വീണ കുട്ടി വരെ ഈ രണ്ട് ദിവസം സെക്കന്റുകള്‍ പോലും കളയാതെ അമ്പലമുറ്റത്തെ ചരലുകള്‍ എണ്ണാന്‍ അവിടെ കാണും.

മീനമാസത്തിലെ ഉത്രം ആണ് പ്രധാന ഉത്സവം. അന്ന് രാത്രിയിലെ പുരാണ ബാലെയാണ് അന്നും ഇന്നും ഞങ്ങളുടെ ക്ഷേത്രത്തിലെ ക്ലൈമാക്സ്.

മലമോടിയില്‍ താമസിക്കുന്ന കിട്ടനാശാന്‍ മുതല്‍ തോട്ടു വക്കത്തു താമസിക്കുന്ന സാവിത്രി അമ്മ വരെ ബാലെ പ്രേമികളാ‍ണ്.

അന്നേ ദിവസം പരിസരത്തുള്ള ഏതെങ്കിലും കള്ളന്മാര്‍ കളവ് ലേലത്തിനെടുത്താല്‍ പോലും ബാലേ തീരുന്ന നാലുമണിക്കൂര്‍ മതിയാകും ഏതാണ്ട് അന്‍പത് ശതമാനം വീടുകള്‍ കവറു ചെയ്യാന്‍!

1988 ലെ ഒരു രാത്രി.... വെളുത്ത വാവായതിനാല്‍ പൂര്‍ണ ചന്ദ്രന്‍ പകല്‍ പോലെ വെളിച്ചം പരത്തി വിലസി
നില്‍ക്കുന്നു....

ഉത്സവത്തിന്റെ ക്ലൈമാക്സായ ബാലെ ദിനമാണ് അന്ന്.

ഞാന്‍ ഗ്രാമത്തിനു പുറത്തുള്ള എം എച്ച് എസ് പുത്തങ്കാവ് എന്ന വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാര്‍ച്ച് മാസം ആയതിനാലും ലാസ്റ്റ് ടേം പരീക്ഷ ഉത്സവത്തിനിടക്ക് നടക്കുന്നതിനാലും ആ പരീക്ഷാ ഫലം അടുത്ത വര്‍ഷത്തെ എസ് എസ് എല്‍ സി ബുക്കില്‍ വെണ്ടക്ക വെലുപ്പത്തില്‍ വരുമെന്ന് അമ്മക്കറിയാവുന്നതിനാലും പകല്‍ നടന്ന പല ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയാഞ്ഞില്ല, അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി. അതിന്റെ പാപ ഭാരവും പേറിയാണ് അമ്മക്കൊപ്പം ഞാനും ബാലേക്ക് അന്നേ ദിവസം വന്നത്.

സീതാപഹരണം. കോട്ടയത്തെ ഒരു പ്രമുഖ ബാലേ ട്രൂപ്പായ “ചെല്ലപ്പന്‍, ഭാവാനി” ടീമിന്റെ ബാലേയാണ്...

രാമരാവണ യുദ്ധത്തിനിടക്ക് രാമന്‍ രാവണനെ വധിക്കാനായി വാള്‍ ഉറയില്‍ നിന്ന് വലിച്ചൂരുന്നതിനെ ശീല്‍ക്കാര ശബ്ദത്തിനിടയില്‍ എന്റെ പൂറത്ത് ഒരു തലോടല്‍....

അമ്പലമുറ്റത്തെ പ്രകാശത്തില്‍ പാറി നടക്കുന്ന ജീവികളില്‍ ഏതെങ്കിലും ഒന്ന് എന്റെ പുറം താല്‍ക്കാലിക ഇരിപ്പിടമാക്കിയതാണെന്ന് തെറ്റിദ്ധരിച്ച് ആദ്യം കൈകൊണ്ട് ഒന്നു തട്ടി നോക്കി....

അടുത്ത നിമിഷം തലോടലിനൊപ്പം “എടാ” എന്ന അടക്കി പിടിച്ച ശബ്ദവും.

തിരിഞ്ഞു നോക്കി.... “ അനിയന്‍” ... ചൂണ്ടു വിരല്‍ ചുണ്ടില്‍ ചേര്‍ത്തു വച്ച് മിണ്ടരുതെന്ന ആഗ്യം!!

“ വാ... വാ...” ഇത്രയും ശബ്ദം കുറച്ച് ആ അട്ടഹാസങ്ങള്‍ക്കിടയില്‍ വിളിക്കാന്‍ കഴിയില്ല....!!!!

“എന്താ...?” അടുത്തിരിക്കുന്ന അമ്മയേയും ബന്ധുക്കളില്‍ ചിലരേയും മാറി നോക്കി ഞാന്‍ ചോദിച്ചു....

അനിയനു ദേഷ്യം കയറി.... കഴുത മുക്രയിടും പോലെ ഒരു ശബ്ദം ഉണ്ടാക്കി... എന്നിട്ട് ആംഗ്യത്തില്‍ ഒരു ചോദ്യവും... “വരുന്നുണ്ടോ അതോ ഞാന്‍ പോട്ടോ...?”

എന്നിലെ ആകാംഷയും, അനിയന്റെ ദേഷ്യവും അമ്മയുടെ കണ്ണു വെട്ടിച്ച് എന്നെ അനിയന്റെ അടുത്ത് എത്തിച്ചു എന്നതാണ് സത്യം!

മൈക്കിന്റെ ശബ്ദം കുറഞ്ഞിടത്ത് എത്തിയപ്പോള്‍ ഞാന്‍ അനിയനോട് ചോദിച്ചു “ എന്താടാ വിഷയം..?”

തിരിഞ്ഞു നിന്ന് ചുണ്ടൊന്ന് വക്രിച്ച് ഒരു ശ്രിഗാര ഭാവം വരുത്തി ഒറ്റക്കണ്ണിറുക്കി അനിയന്റെ പ്രതികരണം..” നീ ബാ... അതൊക്കെ പിന്നാലെ മനസ്സിലാകും..”

അനിയന്‍ തെളിച്ച വഴിയിലൂടെ ഇരുട്ടിന്റെ മറയും പറ്റി ഞങ്ങള്‍ എത്തിയത് എന്റെ സഹപാഠിയും, സുഹൃത്തുമായ ജയന്റെ വീട്ടു മുറ്റത്ത്....

“എന്താടാ അനിയാ...?” എന്നിലെ ആകാംഷ അടക്കി നിര്‍ത്താന്‍ കഴിഞ്ഞില്ല...

“നീ ബാടേ... എല്ലാം മനസ്സിലാക്കി തരാം”

പൂമുഖത്തേക്ക് കടന്നപ്പോള്‍ സഹപാഠികളും, സമപ്രായക്കാരുമായ ഒരു ഡസന്‍ ആള്‍ക്കാര്‍ വേറെയും....

“ഹാ എത്തിയോ.... നിന്നേയും നോക്കിയിരിക്കുകയായിരുന്നു ഞങ്ങള്‍.....” ജയന്‍ കണ്ടപ്പോള്‍ തന്നെ ഉത്ഘണ്ട അറിയിച്ചു.

“അതെങ്ങനാ പത്തുപതിനാലു വയസ്സായെന്ന വല്ല വിചാരവും ഉണ്ടോ ഇവന്.... അമ്മയുടെ അടുത്തു നിന്നു മാറുമോ ‍.... പൊക്കാന്‍ കുറച്ചു ബുദ്ധി മുട്ടി” അനിയന്റെ മറുപടി.

“എന്നാല്‍ തുടങ്ങാം..” ഗ്രാമത്തിലെ ഏക ഡയനോരാ ബ്ലാക്ക് & വൈറ്റ് ടി വിയുടെ ഉടമസ്ഥന്റെ എല്ലാ ജാഡയും തലയിലേറ്റി ഉത്സവം പ്രമാണിച്ച് വാടകക്കെടുത്ത വീഡിയോ പ്ലയറും കക്ഷത്തില്‍ വച്ച് ജയന്‍ പ്രത്യക്ഷപ്പെട്ടു.

ഞാനൊഴികെ എല്ലാവരും എന്തോ വലിയ കാര്യം കാണാനെന്ന നിലയില്‍ ടി വി യുടെ ഏറ്റവും മുന്നില്‍ തന്നെ സ്ഥാനം പിടിച്ചു.

പുതിയ ഏതോ സിനിമ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന എന്നെ ഞട്ടിച്ചുകൊണ്ടും, അനിയനുള്‍പ്പെടുന്ന മാര്‍ജ്ജാരന്മാരെ ആനന്ദ ലബ്ദിയില്‍ ആറാടിച്ചു കൊണ്ടും, ബ്ലാക്ക് & വൈറ്റ് സ്ക്രീനില്‍ വെള്ളതൊലിയുള്ള നീല ചിത്രങ്ങള്‍ തെളിഞ്ഞു വന്നു.

അക്കാലത്ത് കറി വച്ച ചിക്കന്‍ പോലും അടുത്തിരുന്ന് മറ്റുള്ളവര്‍ കഴിക്കുന്നതു കണ്ടാല്‍ ശര്‍ദ്ദിക്കുമായിരുന്ന എനിക്ക് സായിപ്പിന്റെ ആദ്യപാപത്തിലെ ആദ്യ ഐറ്റം കണ്ടപ്പോള്‍ അതുവരെ അടക്കി വച്ചിരുമ്മ ആകാംഷയേയും കവര്‍ന്ന് അന്ന് ഉച്ചക്കുണ്ട 28 കൂട്ടിയുള്ള സദ്യയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ മുന്നിലിരിക്കുന്ന മാര്‍ജ്ജാരന്മാരുടെ തലയിലേക്ക് തന്നെ പ്രവഹിപ്പിച്ചു.

ഒരു തവണയല്ല... പലതവണ.... പിന്നെ വെട്ടിയിട്ട ചക്ക പോലെ എങ്ങും തൊടാതെ മൂക്കും കുത്തി നിലത്തേക്ക്.

പിറ്റേന്ന് ആശുപത്രിയില്‍ കടുത്ത പനിക്കൊപ്പം പിച്ചും പേയും പുലമ്പുന്ന എന്റെ അടുത്ത് നില്‍ക്കുന്ന അനിയനോട് എന്റെ അമ്മയുടെ ചോദ്യം....

“അല്ല അനിയാ ഇന്നലെ ഞങ്ങളുടെ ഒപ്പം ഇരുന്ന ഇവനെങ്ങനാ അമ്പലക്കുളക്കരയില്‍ എത്തിയത്...?”

“അത് അമ്മേ ഞങ്ങള്‍ അല്‍പ്പം കപ്പലണ്ടി വാങ്ങിക്കാന്‍ പോയതല്ലേ!!!”

“അതു ശരി.... അപ്പോള്‍ ഇവനെങ്ങനാ ഇങ്ങനെ ബോധം കെട്ടത്..?”

“അതമ്മേ ഇവന് ധൈര്യം തീരെ കുറവാണന്ന് അറിയില്ലേ..... രാമന്‍ ഉറയില്‍ നിന്ന് വാളൂരുന്നതു കേട്ടു ഞെട്ടിയതാ..!!”

പാവം എന്റെ അമ്മ!!!

Sunday, 30 May 2010

അഹം ബ്രഹ്മാസ്മി.

അമ്മേ..... മഹാമായേ.... ശരണം....

ദര്‍ശന പുണ്യത്തിന് ഊഴം കാത്തുനിന്ന ഭക്തന്റെ മുന്നില്‍ ആ കണ്ണുകള്‍ ഒരു മിന്നല്‍പിണര്‍ പോലെ തുറന്നടഞ്ഞു...

സ്വാമിനി സരസ്വതീ ചൈതന്യ

സിംഹാസന തുല്യമായ ഇരിപ്പിടത്തില്‍ സ്വാത്വിക ഭാവത്തില്‍ വിരാചിച്ചിരുന്ന സന്യാസിനീ ശ്രേഷ്ട പിന്നെ പുരികമുയര്‍ത്തി തന്റെ തൊട്ടടുത്തുനിന്ന ശിഷ്യര്‍ക്ക് ആഞ്ജ നല്‍കി...

കൃശഗാത്രന്റെ അരികിലേക്ക് നടന്നടുത്ത തൂവെള്ള വസ്ത്രധാരി അയാള്‍ക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ പറഞ്ഞു...

“നാരായണ..... മാഹനുഭാവന്‍.... മാഹാമായയെ ദര്‍ശിക്കുവാന്‍ ചില ആചാരാനുഷ്ടാനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ.... ആശ്രമ മര്യാദകള്‍ ലംഘിക്കാതെ അമ്മയുടെ പാദാരവിന്ദങ്ങളില്‍ നമസ്കരിച്ചാലും....”

എനിക്ക് മുന്‍പ് ദര്‍ശിച്ചവര്‍ക്ക് അങ്ങനെ ഒരു പ്രത്യേക ആരാധനരീതി നിഷ്കര്‍ഷിച്ച് കണ്ടില്ല.... പിന്നെ ഈയുള്ളവനു മാത്രമായി എന്തെങ്കിലും പ്രത്യേകത??!!!... ആഗതന്‍ ശങ്കിച്ചു....

“നാരായണ“.....അതെ മഹാനുഭാവന്‍.... ലക്ഷങ്ങളില്‍ ഒരുവനു കിട്ടുന്ന മഹാഭാഗ്യം.... മുഞ്ജന്മ സുകൃതമാവാം.... മഹാമായ താങ്കളെ അത്രയധികം ഇഷ്ടപ്പെടുന്നുണ്ടാവാം...... പാദങ്ങള്‍ ഉപേക്ഷിച്ച് മുട്ടില്‍ ആ കാണുന്ന ദൂരം താണ്ടി അരികില്‍ ചെന്ന് ദര്‍ശന ഭാഗ്യം നേടിയാലും... മഹാമായയുടെ പാദാരവിന്ദങ്ങളിലഭിഷേകം ചെയ്തെടുത്ത ജലം തീര്‍ത്ഥമായി പാനം ചെയ്താലും....

ഒരു നിമിഷം ശങ്കിച്ചു നിന്ന ആഗതനെ അഞ്ജാരൂപത്തില്‍ നോക്കി സന്യാസിനീ ശിഷ്യന്‍ വീണ്ടും പറഞ്ഞു.......

“നാരായണ”..മഹാനുഭാവന്‍ ആചാരങ്ങള്‍ വേഗം അവസാനിപ്പിച്ച് പിന്‍‌വാങ്ങുക.... അങ്ങയെ പോലെ പതിനായിരങ്ങള്‍ ദര്‍ശനപുണ്യത്തിനായി കാത്തു നിക്കുന്നത് അങ്ങ് കാണുന്നില്ലെ?

തീര്‍ത്ഥം പാനം ചെയ്ത് നിവര്‍ന്ന ആഗതനെ ആശ്ലേഷിച്ച് സന്യാസിനി അയാളുടെ കാതില്‍ ഇങ്ങനെ മൊഴിഞ്ഞു.....

“ വരിക എനിക്കു പിന്‍‌പേ നീ”

അറിഞ്ഞു കേട്ടവരില്‍ നിന്നും മനസ്സിലാക്കിയതനുസരിച്ച് കാതില്‍ “നാരായണ” എന്ന ദൈവനാമം പ്രതീക്ഷിച്ചിരുന്ന ആഗതനിലെ ഞെട്ടലും ആശ്ചര്യവും കാര്യമാക്കാതെ സിംഹാസം വിട്ട് സന്യാസിനി എഴുനേല്‍റ്റു....

പിന്നെ കാത്തു നില്‍ക്കുന്ന പതിനായിരങ്ങളെ നിര്‍ദ്ധാക്ഷണ്യം പിന്നില്‍ ഉപേക്ഷിച്ച് കൊട്ടാര സദൃശ്യമായ ബഹുനില ആശ്രമ സമുച്ചയത്തിലേക്ക് നടന്നു... പിറകെ ആശങ്കപേറിയ മനസ്സുമായി ആഗതനും....

കാര്യം മനസ്സിലാവാതെ ആഗതനെ തടയാന്‍ ശ്രമിച്ച ശിഷ്യന്മാരെ ക്രൂദ്ധമായ നോട്ടം എറിഞ്ഞ് സന്യാസിനി തടഞ്ഞു...”നാരായണ”

പഴയകാല കൊട്ടാര അന്തപ്പുരങ്ങള്‍ക്ക് പകരം വെക്കാവുന്ന മുറിയിലേക്ക് പ്രവേശിച്ച സന്യാസിനി, മുറിയുടെ ഒത്ത നടുവില്‍ കൊത്തുപണികളാല്‍ തീര്‍ത്ത സപ്രമഞ്ച സിംഹാസനത്തില്‍ അനന്തശയനത്തിലേക്ക് അമരുന്നതിനിടയില്‍ അവരുടെ മുഖത്ത് നേരത്തെ കണ്ട സ്വാത്വിക ഭാവത്തിന്റെ സ്ഥാനത്ത് മറ്റെന്തെകിലും വികാരം!?

അറിയില്ല... പക്ഷെ ആഗതന്റെ മുഖത്തെ ആശ്ചര്യഭാവത്തിന് പ്രഭാവം പലമടങ്ങ് വര്‍ദ്ധിപ്പിച്ചു സന്യാസിനി....

ത്രിവിക്രമാ..... നിനക്ക് സുഖം തന്നെയല്ലെ....

ആഗതന്റെ ആശ്ചര്യം ഭയത്തിന് വഴിമാറി.... പിന്നെ സ്വയം ആശ്വസിച്ചു..... സന്യാസിനിയുടെ ദിവ്യഞ്ജാനത്തില്‍ ഭയഭക്തി ബഹുമാനവും ഒപ്പം ആരാധനയും തോന്നി.....

അമ്മേ മഹാമായെ..... അങ്ങയുടെഅതീന്ദ്രഞ്ജാനത്തില്‍ അടിയന്‍ അത്ഭുതപരവശനായിരിക്കുന്നു..... അനുഗ്രഹിച്ചാലും.... ആഗതന്‍ സാഷ്ടാംഗ പ്രണാം നടത്തി.... കണ്ണുനീര്‍ തൂകി....

“ഹ...ഹ...ഹ.....അതീന്ദ്രഞ്ജാനമോ..... ത്രിവിക്രമന്‍ എന്ന ചേലക്കരക്കാരനെ മനസ്സിലാക്കാന്‍ അതിന്റെ ആവശ്യമുണ്ടോ...?” ദിക്കു പിളര്‍ക്കുന്ന ചിരിയില്‍ ആഗതന്‍ നടുങ്ങി.....

“ആട്ടെ..... എന്താണാവോ ബോധിപ്പിക്കാനുള്ള ആവലാതി....”

മഹാമായെ.... അടിയന്‍ ജീവിത പാന്ഥാവില്‍ ഏകനായിരിക്കുന്നു... ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു....

അതേയോ..... അപ്പോള്‍ തൃവിക്രമന്‍ ഒറ്റപ്പെടലിന്റെ വേദന ഇപ്പോള്‍ അനുഭവിക്കുന്നു അല്ലെ....?

അടിയന്‍..... ഭാര്യ നിര്‍ദ്ദാക്ഷണ്യം കഴുത്തിന് പിടിച്ച് പുറംതള്ളി.... മക്കള്‍ മുഖത്ത് കാറിതുപ്പി....

“എന്താണ് തൃവിക്രമാ കുടുഃബം അപ്രകാരം പെരുമാറാന്‍ കാരണം.....?

അറിയില്ല മഹാമായേ... സത്യമായും അറിയില്ല.....”

ഇപ്പോള്‍ കഴിയുന്നത്...?

തെരുവിലാണ് മഹാമായെ..... അന്യര്‍ വിളമ്പിയേക്കാവുന്ന അപ്പത്തിന്റെ രുചിയും പ്രതീക്ഷിച്ച്....!”

ഹും.... നാം എല്ലാം മനസ്സിലാക്കുന്നു തൃവിക്രമന്‍.... ഒരു കാരണവുമില്ലാതെ ഒരാളെ ആട്ടി പുറത്താക്കുമോ? ഒരിക്കലുമില്ല..... അമ്മയോട് ഒന്നും ഒളിക്കാന്‍ ശ്രമിക്കേണ്ട....

മഹാമായേ..... അടിയന് ഒരു അബദ്ധം സംഭവിച്ചു..... അടിയന്‍ ഇന്ന് പശ്ചാത്താപ വിവശനാണ്....

“ ഹ...ഹ...ഹ” പുറത്ത് നില്‍ക്കുന്ന ശിഷ്യ ഗണങ്ങളിലും, ഒരു പക്ഷേ അതിനപ്പുറവും നില്‍ക്കുന്ന പതിനായിരങ്ങളിലും ആ ചിരിയുടെ അലയൊലികള്‍ എത്തിയേക്കാമെങ്കിലും സന്യാസിനിക്ക് നിയന്ത്രിക്കാനായില്ല.

“സ്വന്തം മകളുടെ നേര്‍ക്ക് കാമവെറി എറിഞ്ഞിട്ട് പശ്ചാത്താപ വിവശനാകുന്നു തൃവിക്രമന്‍ അല്ലേ.... തൂ...” സന്യാസിനി ഒരു നിമിഷം പരിസരം മറന്നുവോ?

ആഗതന്റെ ഭയത്തോടെ ചുറ്റും വീക്ഷിച്ചു

“ അമ്മേ അടിയനോട് ക്ഷമിക്കൂ.... ഒരു ദുര്‍ബല നിമിഷത്തില്‍, ചങ്ങാതിമാര്‍ വിളമ്പിയ മദ്യ ലഹരിയില്‍ അങ്ങനെ സംഭവിച്ചു പൊയി മഹാമായെ.... പൊറുക്കണേ....”

ആഗതന്‍ വീണ്ടും സന്യാസീ ശ്രേഷ്ടയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പണം ചെയ്തു.

“എഴുനേല്‍ക്കൂ തൃവിക്രമാ.... പക്ഷേ നിനക്കിത് ആദ്യമായി സംഭവിക്കുന്നതല്ലല്ലോ.... പലപ്പോഴും പശ്ചാത്തപിച്ച നീ വീണ്ടും ആവര്‍ത്തിക്കുകയല്ലേ...?”

മുട്ടില്‍ കുത്തിയിരുന്ന ആഗതന്‍ ആശ്ചര്യത്തില്‍ സന്യാസിനിയുടെ മുഖത്തേക്ക് വീണ്ടും നോക്കി....

“നിനക്ക് ഒരു സഹോദരി ഉണ്ടായിരുന്നില്ലേ തൃവിക്രമന്‍... അമ്മിണി എന്നു പേരുള്ള ഒരു പാവം പെണ്ണ്...... അവള്‍ ഇന്ന് എവിടെയാണ്...?”

“അറിയില്ല”.....ഞെട്ടലില്‍ നിന്ന് കരകയറിയ ആഗതന്‍ നിര്‍വ്വികാരതയോടെ പ്രതികരിച്ചു.

“ഹ...ഹ... എങ്ങനെ അറിയാന്‍..... അവള്‍ക്ക് ഒരു ജോലി കിട്ടി യാത്ര അയക്കാന്‍ പൊന്നാങ്ങളയോടൊപ്പം പറഞ്ഞയക്കുമ്പോള്‍ മാതാപിതാക്കള്‍ പോലും ആ ചതി മനസ്സിലായിട്ടുണ്ടാവില്ലല്ലോ.... അല്ലേ തൃവിക്രമാ!!”

“മഹാമായേ...... തെറ്റുപറ്റി...ക്ഷമിക്കൂ“...... ആഗതന്റെ ശബ്ദം നേര്‍ത്തു വന്നു.

“എന്തായിരുന്നു തൃവിക്രമാ തെറ്റ്.... കൂടപ്പിറപ്പാണെന്ന് മറന്ന് നീ അവളെ അനുഭവിച്ചതോ, അതോ കിട്ടിയ ചില്ലി കാശിനു അവളെ വിറ്റതോ...?”

സന്യാസിനിയുടെ സ്വാത്വിക ഭാവം വികാരവിക്ഷോഭങ്ങള്‍ക്ക് അടിയറവു പറയുന്നോ?

“തിരികെ വന്ന് കൂടെപിറപ്പിന്റെ മരണവിവരം അറിയിക്കുമ്പോള്‍ തെല്ലും കുറ്റബോധം തോന്നാത്തിടത്ത് ഇന്നെങ്ങനെ നീ പശ്ചാത്തപിക്കും തൃവിക്രമാ..?”

“ജീവിതത്തിന്റെ ഈ സായാഹ്ന വേളയില്‍ പശ്ചാത്താപ വിവശനായി അവിടുത്തെ മുന്നില്‍ എത്തി നില്‍ക്കുന്ന അടിയന് അഭയം തന്നാലും മഹാമായേ.... മറ്റൊന്നും ഈയുള്ളവനു വേണ്ട..”

“തീര്‍ച്ചയായും വത്സാ..... ഇന്നലെ നിന്റെ മകളും ഭാര്യയും ഇവിടെ വന്നിരുന്നു.... ജീവിതത്തിന്റെ പച്ചപ്പിലേക്ക് കാല്‍ വെയ്ക്കാന്‍ തുടങ്ങിയ നിന്റെ മകളും എന്നില്‍ നിന്ന് അഭയവും, സംരക്ഷണവും മാത്രമാണ് ആവശ്യപ്പെട്ടത്..!”

അനന്തരം തന്റെ കൈകള്‍ ഉയര്‍ത്തി സ്വാമിനി ശിഷ്യഗണങ്ങളില്‍ ഒരുവനെ ക്ഷണിച്ചു. തൂവെള്ള വസ്ത്രധാരിയായ ഒരു അജാനുബാഹു ഉള്ളിലേക്ക് കയറിവന്നു.

“നാരായണ.... എന്റെ ഈ മകന്‍ എന്നില്‍ നിന്ന് അഭയം ആവശ്യപ്പെടുന്നു...നല്‍കിയാലും!”

കടന്നു വന്ന തൂവെള്ള വസ്ത്രധാരിയുടെ കൈകള്‍ തൃവിക്രമന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു.....

“എനിക്ക് നിന്റെ മകള്‍ക്ക് അഭയം നല്‍കണം സരസ്വതീ ചൈതന്യ എന്ന സ്വാമിനിയുടെ സ്ഥാനത്ത് നിന്നല്ല, മറിച്ച് അമ്മിണി എന്ന അവളുടെ അമ്മായിയുടെ സ്ഥാനത്ത് നിന്ന്...” സ്വാമിനി മെല്ലെ തൃവിക്രമന്റെ കാതില്‍ മൊഴിഞ്ഞു.

തൃവിക്രമന്റെ ദൃഷ്ടികള്‍ അപ്പോഴും സ്വാമിനിയുടെ സ്വാത്വികഭാവം വീണ്ടെടുത്ത കണ്ണുകളില്‍ തന്നെ ആയിരുന്നു.... ചലനമില്ലാതെ!

Friday, 28 May 2010

മീനത്തിലെ മഴ.


നഗരവ്യാഭിചാരങ്ങളില്‍ ഭാഗഭാക്കാകാത്ത ഗ്രാമഗന്ധം. ഒറ്റയടിപ്പാത അനന്തതയിലെ ഒരു ചെറു ബിന്ദുവില്‍ അവസാനിച്ച പോലെ.

ജീവിതവീഥിയില്‍ എന്നും ഏകാകിയായ ദേവന്‍ ചരട് പൊട്ടി ലക്ഷ്യമില്ലാതെ പായുന്ന തന്‍റെ മനസ്സെന്ന പായ്ക്കപ്പലിനെ താല്‍ക്കാലികമായെങ്കിലും യാഥാര്‍ത്ഥ്യങ്ങളുടെ ദുരിത തീരത്തേക്ക് മെല്ലെ അടുപ്പിച്ചു.

ഉത്തരങ്ങള്‍ തേടിയുള്ള ദേവന്‍റെ നെടുവീര്‍പ്പിന് മറുപടി എന്നോണം തൊട്ടടുത്ത കര്‍പ്പൂരമാവിന്‍റെ ചില്ലയില്‍ ഇരുന്ന പേരറിയാ പക്ഷിയുടെ മുറുമുറുപ്പിന് ശോകതയുടെ ആര്‍ദ്രത.

ഈ ഒരു പകല്‍ ഇരുണ്ടു വെളുക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ തന്‍റെ മനസാക്ഷിയുടെ മൂകമരണം സംഭവിക്കുകയാണ്. ഇനി ഈ ഗ്രാമമാതാവിന്‍റെ മടിയില്‍ ഒരു പുനര്‍ജനിയാകണമെങ്കില്‍ പ്രവാസമെന്ന തിരുഗര്‍ഭത്തില്‍ ഒരു ചെറുകണമായി നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്.

കുപ്പായക്കീശയുടെ വിശാലതയും കടന്ന് പുറത്തേക്ക് ഉന്തിയിരിക്കുന്ന പാസ്പോര്‍ട്ടിനുള്ളില്‍ നിന്നും ടിക്കറ്റ് സൂക്ഷിച്ചിരിക്കുന്ന ട്രാവല്‍ ഏജന്‍സിയുടെ ബഹുവര്‍ണ കവര്‍ “ഞാന്‍ നിന്‍റെ നാളെകളുടെ നിറം കെടുത്താന്‍ പോകുന്നെയ്” എന്നുച്ചത്തില്‍ പരിഹസിക്കുന്നുണ്ടോ?

കവര്‍ വലിച്ചെടുത്ത് ദേവന്‍ ഒരിക്കല്‍ കൂടി അതിലൂടെ ഊളിയിട്ടു. കൃത്യമായി പറഞ്ഞാല്‍ നാളെ വൈകുന്നേരം അഞ്ചുമണിക്ക് തനിക്ക് അമ്മയും, അമ്മുവും, ഈ ഒറ്റയടി പാതയും തോടും, തൊടികളും എല്ലാം എല്ലാം നഷ്ടസ്വര്‍ഗങ്ങളുടെ കനേഷുമാരിയിലെ അവസാന കോളത്തില്‍ സ്ഥാനം പിടിക്കും.

ദിനങ്ങളുടെ ഗതിവേഗം അളക്കാന്‍ മനസ്സോളം നല്ലൊരു ഘടികാരം ഇല്ല എന്ന് അമ്മ എപ്പോഴും പറയാറുള്ളത് എത്ര ശരിയാണ്. അവിടെ പ്രവാസ ജീവിതത്തില്‍  ദിനങ്ങള്‍ എണ്ണിയാല്‍ തീരാത്ത തിരമാലകള്‍ പോലെ ഒരു മഹാസമസ്യ ആകുമ്പോള്‍, ഇവിടെ മണ്ണിന്‍റെ ഗന്ധത്തില്‍ ഒരു മിന്നല്‍‌പിണര്‍ പോലെ മിന്നിമായുന്ന ഒന്നായി മാറ്റപ്പെടുന്ന മഹാത്ഭുതം.

നാലുമാസത്തെ അവധി അപേക്ഷ നാല്‍പ്പത് ദിവസമായി ചുരുക്കിയത്തിനു കാരണത്തിനായി വാചാലനായ മുതലാളിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, തന്‍റെതല്ലാത്ത കാരണത്താല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു തടവുപുള്ളി ആരാച്ചാരോട്  ജീവനായി അപേക്ഷിക്കുന്ന മനസ്സിക അവസ്ഥയില്‍ ആയിരുന്നു.

“ദേവന്‍.... ഞാന്‍ നാട്ടില്‍ പോയാല്‍ നില്‍ക്കുന്നത് നാലോ അഞ്ചോ ദിവസമാണ്. ഭാര്യാപുത്ര പരാധീനതകളും ഒന്നും ഇല്ലാത്ത തനിക്കെന്തിനാടോ ഈ നാലു മാസം?”

ഉള്ളില്‍ നിന്നും ഒരു ആന്തലോടെ തികട്ടിയ മറുചോദ്യം നിസ്സംഗമായ ഒരു ചിരിയുടെ മൂടുപടം കൊണ്ട് തടുത്തുനിര്‍ത്തി. അനര്‍ത്ഥമായ ചോദ്യങ്ങളുടെ പട്ടികയില്‍ പെടുത്തി മാര്‍ക്കിട്ട് നാല്‍പ്പത് വീണ്ടും വെട്ടിചുരുക്കി നാല് ആകാതിരിക്കാന്‍ മൌനം തന്നെയാണ് നല്ലത്. അത്തരം അനേകം ചോദ്യങ്ങളുടെ പരിണിതഫലമാണ് അര്‍ഹമായ നാല് മാസത്തില്‍ നിന്നും നാല്‍പ്പത് ദിനങ്ങളിലെക്കുള്ള തിരിച്ചോഴുക്ക്.

മാസത്തില്‍ പലതവണ നാട്ടില്‍ പോകുന്ന മുതലാളിയേയും രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍് പോകുന്ന തന്നെയും ഏതു നുകത്തില്‍ കെട്ടിയാലും ഉഴല്‍ നടക്കില്ല എന്നു അദ്ദേഹത്തിനും തനിക്കും അറിയാം.... എന്നിട്ടും!

ഭാര്യയും, കുട്ടികളും മാത്രമാണോ പരാധീനതകള്‍. അല്ലെങ്കില്‍ അവ മാത്രമാണോ സൌഭാഗ്യങ്ങള്‍...? അറിയില്ല.... അമ്മുവിന്‍റെ പഠിപ്പ്, അവളുടെ വിവാഹം, സ്വപ്നങ്ങളില്‍ മാത്രം വിരാജിക്കുന്ന കുഞ്ഞ് വീട്, അങ്ങനെ തനിക്കും എത്രയോ പരാധീനതകള്‍ നിരത്താനുണ്ടാവും....? ഗ്രാമത്തിന്‍റെ നിഷ്കളങ്കത, അമ്മയുടെ സ്നേഹ ശാസനകള്‍, അമ്മുവിന്‍റെ കുസൃതികള്‍ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സൌഭാഗ്യങ്ങള്‍ വേറെ ഇല്ലേ..?

മീ‍നവരള്‍ച്ചയിലെ ജീവവേഴാമ്പലുകള്‍ക്ക് അനുഗ്രഹമായി  തലേന്ന് പെയ്ത മഴ. പുതുവര്‍ഷ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്ക് ഒരുപക്ഷേ ജീവിതമേ ആസ്വദിക്കാന്‍ കഴിയില്ല എന്നാണ് കവിമനസ്സുകള്‍ പറയാറ്. ഇലകളും പുല്‍ച്ചെടികളും പോലും പുതുജലകുളിര്‍മ്മയുടെ ആലസ്യത്തില്‍ മതിമറന്ന് ഉല്ലസിക്കുമ്പോള്‍ ഒരുപക്ഷെ താന്‍ മാത്രമാവാം നാളയെ കുറിച്ചോര്‍ത്ത് വേവലാതികളുമായി....

“ദേവാ.... നാളെ ജ്ജ് പൂവാണല്ലെ....” ആട്ടുംകൂട്ടങ്ങളേയും തെളിച്ചുവന്ന ബീവാത്തുമ്മയുടെ ചിലമ്പിച്ച സ്വരം ദേവനെ ഒരു നിമിഷം ചിന്തയില്‍ നിന്നുണര്‍ത്തി.

“അതെ ഉമ്മാ.... നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് യാത്ര.” തന്‍റെ നെടുവീര്‍പ്പുകള്‍ ആടുകളുടെ ചലപിലകള്‍ക്കിടയില്‍ അലിഞ്ഞുചേര്‍ന്ന് ഇല്ലാതായത് ദേവന് ഒരു അനുഗ്രഹം പോലെ തോന്നി.

“മോനെ ചെന്നിട്ട് ഇജ്ജ് ഞമ്മടെ നിശാറിന്‍റെ കാര്യം കൂടി ഒന്നു നോക്കണെ..... പൊരേല് വലിയ കഷ്ടപ്പാടാ മോനെ....”

“ഉവ്വ് ഉമ്മാ..... നോക്കാം..” നിഷ്കളങ്ക ഗ്രാമീണതയുടെ ദൈന്യതപേറുന്ന വൃദ്ധയോട് മറ്റെന്തു പറഞ്ഞ് സമാധാനിപ്പിക്കാന്‍.....

“ബ്ബേ..ബ്ബേ” കൂട്ടത്തില്‍ ഒരു കുഞ്ഞാട് മറ്റുള്ളവയെ പിന്തള്ളി മുന്നിലേക്ക് കടക്കാനുള്ള ശ്രമം... ദേവന്‍റെ ചിന്തകളെ ഉദ്ദീപിപ്പിച്ചു കൊണ്ട് ആന്‍റെണിയുടെ മുഖം കടന്നുവന്നു. മുതിര്‍ന്ന ആടുകളെ വകഞ്ഞു മാറ്റി മുന്നേറാന്‍ ശ്രമിക്കുന്ന ആ കുഞ്ഞാടിന് ആന്‍റെണിയുടെ മുഖഛായയോ?

മലയാളി സ്പടികജാറിലെ ഒരുകൂട്ടം ഞണ്ടുകള്‍ ആണെന്ന ഇതരഭാഷക്കാരുടെ പരിഹസിക്കുന്നതിന് ഉപോത്ബലകമായ ഒരു പേര്‍.

“ദേവാ.... നമ്മള്‍ ഉറ്റവരേയും ഉടവരേയും ഉപേക്ഷിച്ച് ഇവിടെ വരുമ്പോള്‍ നമ്മുടെ ലക്ഷ്യം പണം മാത്രമായിരിക്കണം”. ഒരേ വിമാനത്തില്‍ മരുഭൂമിയുടെ മരവിപ്പില്‍ വന്നിറങ്ങിയതിന്‍റെ രണ്ടാം നാള്‍ ആന്റണിയുടെ പ്രസ്ഥാവന.

തന്‍റെ ലക്ഷ്യങ്ങളുടെ ശുഭപര്യവസാനം കാതങ്ങള്‍ക്കിപ്പുറത്ത് നിന്ന് അകക്കണ്ണിലൂടെ കുറിച്ചിട്ട് അതിനു വേണ്ടി കുശാഗ്രബുദ്ധിയുടെ നൂല്‍പ്പാലത്തിലൂടെ സാഹസികയാത്ര നടത്താന്‍ മടിയില്ലാത്തവന്‍.... !

“ദേവാ എന്‍റെ വിശാലമായ ലക്ഷ്യപൂര്‍ത്തീകരണത്തില്‍ നീ എന്‍റെ ഉറ്റസതീര്‍ത്ഥ്യന്‍ ആയിരിക്കും”... വിദ്യാഭ്യാസത്തില്‍, വീക്ഷണത്തില്‍, വിഷയഗ്രാഹ്യത്തില്‍ ഒക്കെയും തന്നെക്കാള്‍ ഉപരി മറ്റുപലരേക്കാളും എന്തുകൊണ്ടും ഒരുപടി പിന്നിലാണെങ്കിലും അവരെയെല്ലാം ബഹുദൂരം പിന്നിലാക്കി മാനേജര്‍ പദവിയുടെ കറങ്ങുന്ന കസേരയില്‍ ഇരുപ്പുറപ്പിച്ചപ്പോള്‍ ആന്‍റെണിയുടെ വാഗ്ദാനം.

“ഒന്നും വേണ്ട ആന്‍റെണീ.... നീ നിന്‍റെ മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യപ്രാപ്തിയില്‍ എത്തൂ.... എന്‍റെ സ്വപ്നങ്ങള്‍ എന്നും പരിമിതങ്ങള്‍ അല്ലെ..” സ്ഥാനക്കയറ്റത്തിനു പിന്നിലേ ചരടുവലിയില്‍ മുതലാളിയുടെ നേര്‍പകുതിയും ഉള്‍പ്പെടുന്നു എന്നത് പതം പറച്ചിലുകള്‍ക്കുപരി ഒരു സത്യമാണെന്ന തിരിച്ചറിവാണ് തന്നെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

“നോണ്‍ സെന്‍സ്... എങ്ങനെയാണ് ഒരു കാബിനില്‍ പ്രവേശിക്കുക എന്നു തനിക്കറിയില്ലേ?” പിന്നീടൊരിക്കല്‍ ആന്‍റെണിയുടെ രോഷത്തിന് മാഡത്തിന്‍റെ പുഞ്ചിരികൂടി കൂട്ടായപ്പോള്‍ ദേവന്‍ എന്ന സാധാരണ ചങ്ങാതിയില്‍ നിന്നും ദേവദാസ മേനോന്‍ എന്ന അസാധാരണ കീഴ്‌ജീവനക്കാരനിലേക്കുള്ള ദൂരം എത്രയോ ചെറുതാണെന്ന് തിരിച്ചറിഞ്ഞു.

“കൂയ്..... എടാ ദേവാ നാളെ എപ്പോഴാടാ പോകുന്നേ..? ഞാനും കൂടി എയര്‍പോര്‍ട്ടില്‍ വരണോ..?”

“നാളെ വൈകുന്നേരമാടാ....“ ചിന്തയില്‍ നിന്ന് ഉണര്‍ന്ന് ദേവന്‍ പ്രതികരിച്ചു.

“എടാ ഇന്ന് എന്‍റെ പൊന്നുമ്മയുടെ പിറന്നാളാ.... നല്ല അരിപ്പത്തിരിയും മട്ടന്‍ കറിയും ഉണ്ട്.... കഴിച്ചിട്ടു പോടാ”

കളിക്കൂട്ടുകാരന്‍ സുള്‍ഫി വീടിന്‍റെ ഉമ്മറത്ത്, ഉമ്മയുടെ തോളില്‍ കയ്യിട്ട് തന്നിലേക്കടുപ്പിച്ചുകൊണ്ട് പുഞ്ചിരിച്ചു.

“വേണ്ടാടാ...കവലയില്‍ നിന്ന് ഒരു ചായയും കടിയും കഴിച്ചതേയുള്ളു”

“അത് നിന്‍റെ കടയപ്പമല്ല..... നാളെമുതല്‍ നിനക്ക് ഓര്‍ത്ത് നെടുവീര്‍പ്പിടാന്‍ പറ്റിയ സാധനമാ.... വാ കഴിച്ചിട്ടു പോകാം” സുള്‍ഫിയുടേയും ഉമ്മയുടേയും മാറിമാറിയുള്ള സ്നേഹനിര്‍ബന്ധം.

എങ്ങനെയുണ്ടടാ എന്‍റെ ഉമ്മയുടെ കൈപുണ്യം? ഭക്ഷണത്തിനിടെ സുള്‍ഫിയുടെ കുശലം കൂട്ടിക്കൊണ്ടുപോയത് നിഷ്കളങ്കമായ മറ്റൊരു ചിരിയിലേക്കാണ്....

“വോ നിങ്ങളൊക്കെ എന്തിര്? വലിയ മേനോന്മാരല്ലെ? നമ്മുടെ കൈകൊണ്ട് വച്ചതു കഴിക്കുമോ എന്തോ?”

പ്രവാസത്താല്‍ തരിശിട്ട തിളങ്ങുന്ന തലയും, മഞ്ഞിച്ച ജീവസ്സുവറ്റിയ കണ്ണുകളും, പ്രാരാബ്ദഭാരത്താല്‍ മരവിച്ച ഇടത്തേ കാലും.... അച്ചായന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാത്തപ്പന്‍ എന്ന അന്‍പത്തഞ്ച് വയസ്സുകാരനായ കമ്പനിയുടെ ആസ്ഥാന കുശിനിക്കാരന്‍.

“എങ്ങനെയുണ്ട് ദേവാ കോഴിക്കറി?” ഉണങ്ങിയ ഗോതമ്പ് കുപ്പൂസുകള്‍ക്ക് ഇടയില്‍ ചെറു അരുവികള്‍ തീര്‍ക്കുന്ന കറികളുടെ രുചി തിരക്കി എത്തുന്ന അച്ചായന്‍റെ ചോദ്യമാണ് കഴിച്ചത് കോഴിയോ, മറ്റെന്തെങ്കിലുമോ എന്നു തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം!

“വളരെ നന്നായിട്ടുണ്ട് അച്ചായാ!” ജീവനില്ലാത്ത കണ്ണുകളില്‍ മിന്നിമറയുന്ന ചിരിതിളക്കം കാണാനായിട്ടു മാത്രം പറയുന്ന തന്‍റെ സ്ഥിരം പല്ലവി.

“ഹ...ഹ... ദേവാ നീ മാത്രമേ ഇതു പറയൂ... അതിന്‍റെ ഗുണവും കാണുന്നുണ്ട് നിന്‍റെ ശരീരത്തില്‍”... ഹസനിക്കയുടെ പരിഹാസം ഇടക്കിടെ കേള്‍ക്കുമ്പോള്‍ അച്ചായന്‍ പ്രതികരിക്കും.

“വേണമെങ്കില്‍ ഞണ്ണിയിട്ട് എഴുനേറ്റു പോടേ പയലേ..! നാളെ മുതല്‍ നിനക്കു ഞാന്‍ പീലി വച്ചു വിളമ്പാം!!”

“പത്തിരി ഒന്നുകൂടി ഇടട്ടെ മോനേ” ഉമ്മയുടെ ശബ്ദം ദേവനെ വീണ്ടും ചിന്തകളില്‍ നിന്നു തിരികെ വിളിച്ചു.

“മതി ഉമ്മാ...ധാരാളം” കൈകഴുകുന്നതിനിടയില്‍ സുള്‍ഫി ഡ്രസ്സ് ചെയ്തു.

“ഞാനും അത്രേടം വരെ പോയിട്ടു വരട്ടെ ഉമ്മാ.” തന്‍റെ മുപ്പതാം വയസ്സിലും സുള്‍ഫിയുടെ ജീവിതചര്യയില്‍ അത്ഭുതം തോന്നി. നീണ്ട പ്രവാസജീവിതത്തിന്‍റെ ബാക്കിപത്രമായി ഉപ്പ നല്‍കിയ മരണത്തിന്‍റെ മാറാപ്പും പേറി ഉമ്മക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരു മകന്‍ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.

“ഏയ്‌ ദേവന്‍..... നിനക്കു നാളെ ലഗേജിനു കൂടുതല്‍ കാശു കൊടുക്കേണ്ടി വരുമെന്നു തോന്നുന്നല്ലോ” പരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന അച്ചാറുകളുടേയും, വറവിന്‍റെയും സമ്മിശ്ര നിറഞ്ഞ ചിരിയോടെ ശ്വസിച്ച് സുള്‍ഫി....

“നാടിന്‍റെ നറുമണവും സ്വാദും ആസ്വദിക്കാനായി അവിടെ പ്രതീക്ഷാ നിര്‍ഭരമായ എത്രെയെത്ര കാത്തിരിപ്പുകള്‍. അവരുടെ പ്രതീക്ഷകള്‍ക്ക് പകരംവെയ്ക്കാന്‍ ഇത് മതിയാവില്ല എങ്കില്‍ പോലും എന്‍റെതായ ഒരു ചെറു തലോടല്‍” ദേവന്‍റെ ചുടു നിശ്വാസത്തെ മറികടന്ന് കുളിര്‍മ്മയുള്ള ഒരു കാറ്റ്.....

“മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നു തോന്നുന്നു..” എതിരെ വന്ന നാരായണേട്ടന്‍ പറയുന്നതിനു മുന്‍പ് തന്നെ മഴ വീണിരുന്നു. കനത്ത മഴ..... പെരുമഴ..... വേനല്‍ മഴ..

“നിന്‍റെ കീശയാകെ നനഞ്ഞിരിക്കുന്നല്ലോ...?” ഉമ്മറപ്പടിയിലേക്ക് കയറുമ്പോള്‍ സുള്‍ഫി ചൂണ്ടിക്കാട്ടി.

ആസകലം കുതിര്‍ന്ന കുപ്പായ കീശയില്‍ നിന്ന് ടിക്കറ്റും പാസ്പോര്‍ട്ടും വലിച്ചെടുക്കുമ്പോള്‍ അതിന്‍റെ പലഭാഗങ്ങളും അടര്‍ന്നു വീഴുന്നുണ്ടായിരുന്നു....

“ദേവാ..... എന്താ മോനേ... ഇതൊക്കെ ശ്രദ്ധിക്കേണ്ടെ?” ഇനി എന്താ ചെയ്ക.....” അമ്മയുടെ പരിദേവനം രസിക്കാത്തത് എന്നപോലെ മിന്നലിനൊപ്പം വന്ന ഒരു ഇടി ആ ശബ്ദത്തെ അലിയിച്ചു കളഞ്ഞു.

ദേവന്‍ തിരികെ മഴയിലേക്കിറങ്ങി ചിരിയോടെ ഓടിയിറങ്ങി.... ആ പുഞ്ചിരി ഉള്‍ക്കൊണ്ട് മഴ തിമിര്‍ത്തു പെയ്തുകൊണ്ടേയിരുന്നു.....

അമ്മയുടേയും, അമ്മുവിന്‍റെയും മുഖത്ത് അപ്പോള്‍ കണ്ടത് ചിതറി തെറിച്ച മഴത്തുള്ളികള്‍ തന്നെയോ?