. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, 27 January 2011

അവസ്ഥാന്തരങ്ങള്‍


കൂകൂകൂകൂകൂയ്...... ആ വിളിക്കൊപ്പം അകലെ അകമ്പടി പോലെ ശ്വാനന്മാരുടെ കുറുകല്‍ നിശബ്ദമായി കിടന്ന രാത്രിക്ക് പെട്ടെന്ന് ഒരു ഭീകര പരിവേഷം ഒരുക്കി.

“ആരാടാ അവിടെ?“ മുറ്റത്തേക്കിറങ്ങിയ അച്ഛന്‍ കണ്ണിനു മുകളില്‍ കൈ വട്ടം വച്ച് ഇരുളിനെ വകഞ്ഞു മാറ്റാന്‍ ശ്രമിച്ചു....

“അമ്പ്രാ ഏനാ... കിട്ടന്‍....” തന്റെ കയ്യിലിരുന്ന ജ്വലിക്കുന്ന ചൂട്ടു കറ്റ(1) ഉയര്‍ത്തി പിടിച്ച് കിട്ടന്‍  തന്റെ മുഖം വ്യക്തമാക്കി....

“എന്താടാ നട്ടപ്പാതിരാത്രിക്ക്‍...?“ അരുതാത്തതെന്തോ സംഭവിച്ചു എന്ന വ്യാകുലതയില്‍ അച്ഛന്‍....

“ഒന്നൂല്ലാമ്പ്രാ..... മഴ പൊയ്ത് ശ്ശി ഊത്ത തള്ളുണ്ട്(2).... വെട്ടാനിറങ്ങിയതാ(3)....?” കിട്ടന്‍ തന്റെ കയ്യിലിരിക്കുന്ന പൂണിയും(4) കൊലപ്പല്ലിയും(5) ഉയര്‍ത്തി കാട്ടി....... “അമ്പ്രാന്‍ വരുന്നോ ആവോ..?”

“തള്ളല്‍ ഒരുപാടുണ്ടോ കിട്ടാ...? വന്നാല്‍ വല്ല ഗുണവും ഉണ്ടോവോ...?” അച്ഛന്‍ പെട്ടെന്ന് ആവേശവാനായി.

“അമ്പ്രാ... ഏന്‍ തൂമ്പിന്റെ(6) ആടെ ദേയിപ്പം പോയിന്നതാ.... എമ്പാടുണ്ട്(7).... അയികം ആരും ആടെ ഇല്ലാനും..” കിട്ടന്റെ വിവരണം അച്ഛനെ മത്തു പിടിപ്പിച്ചു.

“കൊലപ്പല്ലി എടുത്തു വരാം.... നീ അവിടെ നിന്നേ” അച്ഛന്‍ എരുത്തിലിന്റെ(8) മുറിയെ ലക്ഷ്യമാക്കി നടന്നു.

“എന്തിനാ കിട്ടാ ഇപ്പം പിള്ളാരുടെ അച്ഛനെ വിളിച്ചേ...? അസുഖം ഉള്ള ആളാണെന്ന് നിനക്കറിഞ്ഞൂടെ..?” അച്ഛന്റെ അഭാവത്തില്‍ അമ്മയുടെ ശബ്ദം കനത്തു....

“അല്ലമ്പ്രാട്ടീ.... അമ്പ്രാന് കൊളമീന്‍ പെരുത്തിഷ്ടംന്ന് ഏനറിയാം...” കിട്ടന്‍ കൂടുതല്‍ വിനയാന്വീതനായി.

“ലക്ഷ്മിയേ മീന്‍ കൊണ്ടുവന്ന് കറി വച്ചിട്ട് കഴിക്കാംട്ടോ! ചീനി(9) ഉണ്ടെങ്കില്‍ കുഴച്ചു വേവിച്ചു വെക്ക്.....

“ഉവ്വ്..... ദാ ഇപ്പം ഉണ്ടാക്കാം...” അമ്മയുടെ സ്വരം നേര്‍ത്തു....

“സുധാകരോ ഉറങ്ങല്ലേട്ടോ, അച്ഛന്‍ ഇപ്പം വരാം...” കിട്ടന്റെ ചൂട്ടു കറ്റ തീര്‍ത്ത വഴിയിലൂടെ അച്ഛന്‍ ഇറങ്ങി നടന്നു......

“നീലിപ്പെണ്ണേ......നീലിപ്പെണ്ണേ.... നീയേങ്ങോട്ടെ..?
വയലില്‍ കൊയ്ത്തിനു പോകുകയാണേ കൊച്ചമ്പ്രാനെ!
അങ്ങേതിലെ കാളിപ്പെണ്ണും പോകുന്നുണ്ടെ....
ആ കൂട്ടത്തില്‍ ഞാനും പോണു കൊച്ചമ്പ്രാനെ...”

അകലെ കൊയ്ത്തു പാട്ടിന്റെ അലയൊലികള്‍! അതിനു ചെവിയോര്‍ത്ത് ഉമ്മരപ്പടിയില്‍(10) അമ്മ...... ഇരുട്ടിലേക്ക് പ്രതീക്ഷയുടെ കണ്ണും നട്ട്....!

ഇടത്തു കയ്യാല്‍ മുടിയിലൂടെ ഒഴുകുന്ന വിരലുകളുടെ സുഖശീതളയില്‍, വലം കയ്യാല്‍ കൊയ്ത്തുപാട്ടിന്റെ ഈരടികളുടെ ചുവടു പിടിച്ച് തന്റെ തുടയില്‍ തീര്‍ക്കുന്ന താളത്തിന്റെ ആലസ്യതയില്‍, അമ്മയുടെ മടിയില്‍ തലവെച്ച് താനും!

“സുധേ വീണ്ടും സ്വപ്നലോകത്ത് എത്തിയോ? അല്ലെങ്കിലും ചില സമയത്ത് നാടന്‍ ഭക്ഷണം വേണമെന്ന് വാശിപിടിക്കും...ഇതൊന്നും വച്ചു ശീലമില്ലാത്ത ഞാന്‍ എങ്ങനെയെങ്കിലും ഉണ്ടാക്കി വയ്ക്കുമ്പോള്‍ ആവശ്യമില്ലാത്ത ചിന്തകളും” പ്രിയയുടെ ഉച്ചത്തിലുള്ള ശാസന സുധാകരനെ ചിന്തയില്‍ നിന്ന് യാദാര്‍ത്ഥ്യത്തിലേക്ക് മടക്കി കൊണ്ടുവന്നു....

“മഴയുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്, കുട്ടികളെ സ്കൂളില്‍ നിന്ന് നേരത്തെ എടുക്കുന്നതാവും ബുദ്ധി.... കഴിഞ്ഞ വര്‍ഷത്തെ മഴ ഓര്‍മ്മയുണ്ടാവുമല്ലോ അല്ലേ....?”

ജിദ്ദയെന്ന മഹാനഗരത്തില്‍ ആയിരത്തിനടുത്ത് ജീവന്‍ പൊലിച്ച മഴയുടെ നടുക്കുന്ന ഓര്‍മ്മകള്‍ സുധാകരനെ പെട്ടെന്ന് ജാഗരൂഗനാക്കി....


“പോകുമ്പോള്‍ കൈയ്യും മുഖവും നന്നായി കഴികിയിട്ടു പോകണേ, രാഹുലിന് മീനിന്റെ ഉളുമ്പു മണം ഇഷ്ടല്ലാന്ന് അറിയാല്ലോ, അവന്‍ വല്ല ചീത്തയും പറയും” ബഡ്‌റൂമിലേക്ക് നടക്കുന്നതിനിടയില്‍ പ്രിയയുടെ ഓര്‍മ്മപ്പെടുത്തല്‍......


“സുധാ ആ പ്ലേറ്റും കൂടി കഴുകി വച്ചോളൂ, അല്ലെങ്കില്‍ പിള്ളേരു വന്നു കഴിഞ്ഞാല്‍ ഡേര്‍ട്ടി സ്മെല്‍ എന്നു പറഞ്ഞ് ഒന്നും കഴിക്കില്ല, ഞാന്‍ ഒന്നുറങ്ങുകയാണ്, തിരിച്ചു വന്നാലും എന്നെ ശല്യപ്പെടുത്തരുതേ....” പ്രിയ ബ്ലാങ്കറ്റിന്റെ അടിയിലേക്ക് ചുരുണ്ടു......

“മരുഭൂമി മരണഭൂമിയാക്കും ഈ നശിച്ച മഴ” പ്രിയയുടെ പിറുപിറുക്കല്‍  എ സിയുടെ സുഖശീതളയിലേക്ക് അമര്‍ന്നില്ലാതായി.....

തീന്മേശയില്‍ പകുതി കഴിച്ച് തുറന്നു വച്ചിരിക്കുന്ന ചിക്കന്‍ ബ്രോസ്റ്റിന്റെ പരിഹാസച്ചിരി കണ്ടില്ല എന്നു നടിച്ച് സുധാകരന്‍ പാത്രങ്ങള്‍ ഒന്നൊന്നായി കഴുകി വച്ചു, പിന്നെ കൈയ്യും മുഖവും ലിക്യുഡ് സോപ്പിന്റെ സൌമ്യസുഗന്ധത്തിന് വഴിമാറ്റി....

സ്കൂളില്‍ നിന്ന് രാഹുലിനേയും, രാധികയേയും എടുക്കുമ്പോള്‍ ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു....

“ഡാഡി പ്ലീസ് പ്ലേ  എ ഗുഡ് സോങ്ങ് ഫോര്‍ മീ...”

രാഹുലിന്റെ ഇച്ഛക്കനുസരിച്ച് ഒരു ഗാനം കാറിലെ സ്റ്റീരിയോയില്‍ മുഴങ്ങി തുടങ്ങി....

ഹേ ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ ,
തട പോട യാറും ഇല്ലൈ ,
വിളയാടുവോമാ ഉള്ളെ വില്ലാളാ........

കുളിര്‍മ്മ തീര്‍ത്ത് ആദ്യ മഴത്തുള്ളി കാറിന്റെ ഘനമേറിയ ചില്ലും കടന്ന് സുധാകരന്റെ അസ്വസ്ഥമായ മനസ്സിലേക്ക് ആഴ്ന്നിറങ്ങി......

പുതുമഴയുടെ സുഗന്ധം..... അമ്മയുടെ മുടിയിഴയിലുള്ള സ്നേഹ തലോടല്‍.....

അച്ഛന്റെ സ്നേഹമുറ്റിയ ശാസന..... “സുധാകരാ മഴയത്ത് ഇറങ്ങി നനയരുത് ട്ടോ..! പനി പിടിച്ചാല്‍ വൈദ്യന്റെ അടുത്തു കൊണ്ടുപോകും, കൈക്കുന്ന കഷായം കുടിപ്പിക്കും....!”

“ഡാഡീ കുഡ് യു പ്ലീസ് ക്ലോസ് ദ വിന്റോ.... എനിക്കീ മഴയുടെ ഡേര്‍ട്ടി സ്മെല്‍ ഒട്ടും ഇഷ്ടമല്ല.....” രാഹുലിന്റെ ശാസന.....
കാറിന്റെ ഡാഷില്‍ ചില്ലിട്ടു ഉറപ്പിച്ചിരിക്കുന്ന ചെറിയ ചിത്രത്തിലേക്ക് കണ്ണുകള്‍ പാറി..... ജീവനുള്ള നാലു കണ്ണുകള്‍.... തന്റെ അമ്മയും അച്ഛനും നിര്‍ന്നിമേഷരായി തന്നെയും നോക്കി!!!

അവരുടെ മുഖത്ത് പരിഹാസം....? ഇല്ല ഒരിക്കലുമുണ്ടാവില്ല, അവരുടെ പ്രിയപ്പെട്ട സുധാകരനെ അവര്‍ക്ക് എങ്ങനെ പരിഹസിക്കാനാവും......

ഗിയര്‍ ചെയ്ഞ്ചു ചെയ്ത് ആക്സിലേറ്ററിലേക്ക് ഒന്നുകൂടി കാലുകള്‍ അമര്‍ത്തി........

മഴ കനക്കുന്നതിനു മുന്‍പ് വീട്ടിലെത്തണം.......
*****************************************************
  1.  ചൂട്ടുകറ്റ - പണ്ട് ഇന്നത്തെ പോലെ ടോര്‍ച്ചും മറ്റു സൌകര്യങ്ങളും ഇല്ലായിരുന്ന കാലത്ത് ഉണങ്ങിയ തെങ്ങോലകള്‍ കൂട്ടി കെട്ടി കത്തിച്ചായിരുന്നു ആളുകള്‍ രാത്രി കാലങ്ങളില്‍ സഞ്ചരിച്ചിരുന്നത്. ഇതിനെയാണ് ചൂട്ടുകറ്റ എന്നു വിളിക്കുന്നത്.
  2. ഊത്ത തള്ളല്‍ - ആദ്യ മഴ പെയ്യുമ്പോള്‍ ചെറു കുളങ്ങളില്‍ നിന്ന് വെള്ളം പ്രത്യേക ഓവുകള്‍ വഴി പുറത്തു വരും, അതിനോടൊപ്പം കുളത്തില്‍ ഉള്ള മീനുകളും. ഇതാണ് ഊത്ത തള്ളല്‍. ഊത്ത - മീന്‍
  3. വെട്ടുക - കുളത്തില്‍ നിന്ന് ഒഴുക്കിനൊപ്പം പുറത്തേക്കിറങ്ങുന്ന മീനുകളെ ഒരു പ്രത്യേക ഉപകരണം ഉപയൊഗിച്ച് വെട്ടി മുറിവേല്‍പ്പിച്ചാണ് പിടിക്കുക.
  4. പൂണി - കയര്‍ വരിഞ്ഞ് കുടത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു പാത്രം.ഇതിന് കയര്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മൂടിയും ഉണ്ടാവും, പിടിക്കുന്ന മീനുകളെ സൂക്ഷിക്കാനാണ് ഇതുപയോഗിക്കുക. പകുതി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന രീതിയില്‍ അരയില്‍ കയര്‍ കെട്ടി സൂക്ഷിക്കും. കയര്‍ ഉപയോഗിച്ചുള്ള പാത്രമായതിനാല്‍ വെള്ളത്തില്‍ നിന്ന് പൊക്കിയാല്‍ വെള്ളം വാര്‍ന്നു പോകുകയും ചെയ്യും. പിടിക്കുന്ന മീനുകള്‍ കറിക്കത്തിയുടെ അടുത്തെത്തും വരെ ജീവനോടെ വളര്‍ന്ന വെള്ളത്തിന്റെ തന്നെ കഴിയണമെന്ന കരുതലിലാണ് ഇത് വെള്ളത്തില്‍ മുക്കിയിടുന്നത്.
  5. കൊലപ്പല്ലി - ഇതും വളരെ കൌതുകമുണര്‍ത്തുന്ന ഒരു നിര്‍മ്മിതിയാണ്. ഒരു പക്ഷേ മദ്ധ്യതിരുവിതാകൂറില്‍ മാത്രമാവാം ഇതു കാണുക. ചെത്തി മിനുക്കിയ കവുങ്ങിന്റെ ചെറിയ ഒരു തടിയുടെ ഒരറ്റത്ത് നിരത്തി വച്ച ഒരറ്റം കൂര്‍പ്പിച്ച കുടക്കമ്പികള്‍ കയറിനാല്‍ കെട്ടി വരിഞ്ഞെടുക്കുമ്പോള്‍ “കൊലപ്പല്ലി” ആയി. ഒഴുക്കില്‍ പുറത്തേക്കിറങ്ങി വരുന്ന മീനുകളെ പതിയിരുന്ന് വെട്ടുമ്പോള്‍ ഈ കമ്പികള്‍ മീനിന്റെ ശരീരത്തിലേക്ക് തുളച്ചു കയറുകയും കമ്പിയില്‍ കുടുങ്ങുകയും ചെയ്യും. പിന്നെ അവയെ പൂണിയിലേക്ക് മാറ്റും.
  6. തൂമ്പ് - കുളങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സമീപത്തുള്ള പാടങ്ങളിലേക്ക് വറവു സമയത്ത് വെള്ളം എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ്. വെള്ളം കുളത്തില്‍ നിന്ന് പാടത്തിലേക്ക് വെള്ളം എത്തിക്കാന്‍ ഒരു പ്രത്യേക സ്ഥലം ഉണ്ടാവും.പഴയകാലത്ത് ആ പ്രത്യേക ഭാഗത്ത് ചക്രമോ, അല്ലെങ്കില്‍ വെള്ളം തേകാന്‍ ഉപയോഗിക്കുന്ന മറ്റു ഉപകരണങ്ങളോ ഉപയോഗിക്കും. കുളങ്ങളില്‍ കാണുന്ന ഈ പ്രത്യേക ഭാഗത്തെ “തൂമ്പ്” എന്നു വിളിക്കപ്പെടുന്നു. മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയുകയും തൂമ്പുകള്‍ വഴി വെള്ളം പുറത്തേക്ക് സ്വാഭാവികമായി ഒഴുകുകയും ചെയ്യും. മീനുകള്‍ പുറത്തു ചാടുന്നതും ഈ തൂമ്പുകള്‍ വഴി തന്നെ.
  7. എമ്പാടുണ്ട് - വളരെ അധികമുണ്ട് എന്നതിന് മദ്ധ്യതിരുവിതാംകൂറിലെ ഒരു ഭാഷ.
  8. എരുത്തില്‍ - പശു തൊഴുത്തിന് മദ്ധ്യതിരുവിതാംകൂറില്‍ പറയുന്ന പേരാണ് എരുത്തില്‍. പണ്ടു കാലത്തെ എരുത്തിലുകള്‍ക്ക് വീട്ടിലെ കിടപ്പു മുറികളെ ഓര്‍മ്മിപ്പിക്കുന്ന വലുപ്പത്തില്‍ ഒരു സൈഡ് മുറി ഉണ്ടായിരുന്നു. കാര്‍ഷിക വിളകളും, കാര്‍ഷിക ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത് ഈ മുറിയിലായിരുന്നു.
  9. ചീനി - കപ്പ, പൂള , മരച്ചീനി എന്നിങ്ങനെ വ്യത്യസ്ഥ പേരുകളില്‍ അറിയപ്പെടുന്നതിന്റെ മദ്ധ്യതിരുവിതാംകൂറിലെ പേര്‍.
  10. ഉമ്മരപ്പടി- പ്രധാന വാതിലിന്റെ ചുവടിന് പറയപ്പെട്ടിരുന്ന പേര്‍. വൈകുന്നേരങ്ങളില്‍ വീട്ടുകാര്‍ ചേര്‍ന്നിരുന്നു സൊറ പറയാറുള്ള ഈ സ്ഥലം ഇന്നില്ല എന്നു മാത്രമല്ല സൊറപറച്ചില്‍ തന്നെ ഇന്ന് അന്യമായിരിക്കുന്നു.

Sunday, 16 January 2011

മണിയന്‍ മനുഷ്യനായിരുന്നെങ്കില്‍ !



അതെന്റെ വെറും ഒരാഗ്രഹമാണ്..... ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹം.....

കാരണം മണിയന്‍ ഒരു നായയാണ്..... അല്‍പ്പം കൂടി ആലങ്കാരികമായി പറഞ്ഞാല്‍ “വെറും ഒരു നായ”....

നായ ഒരു മനുഷ്യനായിരുന്നു എങ്കില്‍ എന്ന് എന്റെ ആഗ്രഹത്തിന് ഒരു സാധുതയും ഇല്ല എന്ന് ഇപ്പോള്‍ മനസ്സിലായികാണും അല്ലേ....!

പക്ഷേ ഞാന്‍ അങ്ങനെ ആഗ്രഹിച്ചതിന് വ്യക്തമായ കാരണം ഉണ്ട്.... ഈ നൂറ്റാണ്ടിലെ മനുഷ്യനില്‍ ഇല്ലാതെ പോയ സ്നേഹം, നന്ദി, കടപ്പാട് എന്നിവ എന്റെ ഈ ജീവിതത്തിനിടയില്‍ പൂര്‍ണരൂപത്തില്‍ ഞാന്‍ കണ്ടത് ഒരുപക്ഷേ മണിയന്‍ എന്ന നായയില്‍ മാത്രമായിരിക്കും....

അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം, അതു മണിയന്‍ എന്ന നായയില്‍ മാത്രമാണോ ഉള്ളത്, ഞങ്ങള്‍ കാണുന്ന നായകളില്‍ എല്ലാം ഈ വികാരങ്ങള്‍ കണ്ടിട്ടുണ്ടല്ലോ, പിന്നെ മണിയനു മാത്രമായി എന്തു പ്രത്യേകത എന്ന്....

ആ ചോദ്യത്തിനു മുന്നില്‍ ഉത്തരമായി മണിയന്റെ കഥ നിങ്ങളോട് അവതരിപ്പിക്കട്ടെ.  ഈ കഥ (സംഭവം) യുടെ അവസാനം മണിയന്‍ അല്‍പ്പം പ്രത്യേകതയുള്ളവനാണെന്ന് നിങ്ങള്‍ പോലും പറഞ്ഞു പോകും. നിങ്ങളില്‍ അല്‍പ്പം നന്മ ബാക്കിയുണ്ടെങ്കില്‍ നായജന്മം നികൃഷ്ടജന്മം ആണെങ്കില്‍ കൂടി മണിയനെപോലെയുള്ള ഒരു നായയായി ജനിച്ചാല്‍ മതിയായിരുന്നു എന്നു ആഗ്രഹിച്ചു പോയേക്കാം......

മണിയന്‍ യദാര്‍ത്ഥത്തില്‍ വടക്കനാണ്. വടക്കന്‍ എന്നു പറഞ്ഞാല്‍ വടക്കേയിന്ത്യക്കാരന്‍ ... പൂനയാണ് ദേശം. ഞങ്ങളുടെ തൊട്ടയല്‍‌വാസിയും, പൂനയില്‍ സ്ഥിരതാമസക്കാരുമായ കല്യാണിയമ്മയുടെ അരുമപുത്രന്‍. അരുമപുത്രന്‍ എന്നു പറയുന്നത്തില്‍ അതിശയോക്തിയില്ല, വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിക്കാലുകാണാന്‍ ഭാഗ്യം സിദ്ധിക്കാതിരുന്ന കല്യാണിയമ്മയുടെ പുത്രദുഃഖത്തിന് കാലാകാലാകാലങ്ങളില്‍ ഒരളവുവരെ അറുതിവരുത്തിയിരുന്നത് നായകളായിരുന്നു. 

കല്യാണിയമ്മയുടെ പുത്രന്മാരില്‍ അവസാനത്തേതായിരുന്നു മണിയന്‍. കല്യാണിയമ്മയുടെ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി തന്റെ ചിരകാല സമ്പാദ്യമായിരുന്ന രണ്ട് സെന്റ് വസ്തുവില്‍ ഓലമേഞ്ഞ കുടില്‍ കെട്ടി അതിലേക്ക് താമസം ഉറപ്പിക്കുമ്പോള്‍ അവര്‍ക്കൊപ്പം ഒന്നോ രണ്ടോ മാസം പ്രായമുള്ള മണിയന്‍ മാത്രമായിരുന്നു കൂട്ടിന്.

ഒരു നായയെ മടിയില്‍ വച്ച് ഇത്രയും താലോലിക്കുന്നതിലെ, അതിന്റെ മുഖത്ത് ഒരു കുഞ്ഞിനെ എന്നവണ്ണം ഉമ്മവയ്ക്കുന്നതിലെ അരോചകത്വം പലപ്പോഴും ഞങ്ങള്‍ കല്യാണിയമ്മയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരില്‍ വല്ലാത്ത ഒരു വെറുപ്പ് ഉണ്ടാക്കിയിരുന്നു.

കല്യാണിയമ്മ സ്നേഹത്തോടെ വച്ചുനീട്ടുന്ന ഒരു കപ്പ് കട്ടന്‍കാപ്പിയോ, വേവിച്ച ചെണ്ടമുറിയന്‍ കപ്പയോ നാവിലൂറുന്ന കൊതിയെ അടക്കിയും നിഷേധിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് എന്നും മണിയനായിരുന്നു എന്നതായിരുന്നു സത്യം.

പക്ഷേ അതിലപ്പുറം തന്റെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ തന്റെ പെരുമാറ്റത്തിന്റെ മേന്മകൊണ്ട് അയല്‍‌വാസികളുടെ പോലും സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റാന്‍ മണിയനു കഴിഞ്ഞു എന്നത് മറ്റൊരല്‍ഭുതം. “കല്യാണിയമ്മയുടെ മകന്‍ തന്നെ” അല്‍പ്പം പരിഹാസവും അതിലേറെ അതിശയവുമായി ഞങ്ങളുടെ ചര്‍ച്ചയില്‍ മണിയനും കല്യാണിയമ്മയും കടന്നുവരുന്നത് അങ്ങനെയായിരുന്നു. 

മകന്‍ തന്നെ എന്ന് ഉറപ്പിച്ചു പറയാന്‍ ഒന്നു രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നാമത്തേത് കല്യാണിയമ്മയെ പോലെ തന്നെ മണിയനും ഒരു സ്വാത്വികനായിരുന്നു. മണിയന്‍ അല്ലാതെ മറ്റൊരു സമ്പാദ്യവും കല്യാണിയമ്മയ്ക്ക് ഇല്ല എന്ന തിരിച്ചറിവാകാം ഒരാളുടെ നേരെയും തന്റെ സ്വതസിദ്ധ നായശൈലി അവന്‍ പുറത്തെടുത്തിരുന്നില്ല. ശുദ്ധ വെജിറ്റേറിയനായ കല്യാണിയമ്മയുടെ ജീവിതചര്യയില്‍ മാറ്റം വരുത്തേണ്ട എന്ന തോന്നലാവാം, മണിയനും അത്തരം ഭക്ഷണശീലങ്ങളില്‍ സംതൃപ്തി കണ്ടെത്തി. വീട് വിട്ട് അധികമൊന്നും പുറത്തു പോകാത്ത മണിയന്‍, സദാസമയം കല്യാണിയമ്മയുടെ വിളിപ്പുറത്തുണ്ടാകാറുണ്ടായിരുന്നു.

കാലക്രമേണ മണിയനെ പ്രായം  കൂടുതല്‍ പക്വതയുള്ളവനാക്കി മാറ്റുകയായിരുന്നു. പരിശീലനം സിദ്ധിച്ച നായകളെ പോലെ അവന്‍ പെരുമാറുന്നത് കാണുമ്പോള്‍ സത്യത്തില്‍ അല്‍ഭുതം തോന്നുമായിരുന്നു.

അങ്ങനെ മണിയന്‍ വന്ന് ഏതാണ്ട് 12 വര്‍ഷം കഴിഞ്ഞപ്പോഴേക്കും കല്യാണിയമ്മയെ പ്രായം മനുഷ്യജന്മത്തിന്റെ അവസാന കാലഘട്ടങ്ങളിലേക്ക് തള്ളിയിട്ടു. കല്യാണിയമ്മ പൂര്‍ണമായും ശയ്യാവശയായി. ഞങ്ങള്‍ അയ്ല്‌വക്കക്കാരുടെ സഹായം മാത്രമായി അവരുടെ ഏക ആശ്രയം. കല്യാണിയമ്മ കിടപ്പിലായതോടെ ചുറ്റുവട്ടത്തുള്ള പലരും അങ്ങോട്ട് തിരിഞ്ഞു നോക്കാതെയായി. വിസര്‍ജ്യങ്ങളുടെ രൂക്ഷ ഗന്ധം പലപ്പോഴും ആഗ്രഹമുണ്ടായിട്ടു കൂടി പലരേയും പിന്തിരിപ്പിച്ചു. 

ഈ ഘട്ടത്തില്‍ മണിയനായിരുന്നു അവര്‍ക്ക് ഏക ആശ്രയം. പക്ഷേ 12 വര്‍ഷം പ്രായമുള്ള നായ ഏതാണ്ട് 90 വയസ്സുള്ള മനുഷ്യനു തുല്യമാണെന്ന് ഓര്‍ക്കണം. അതായത് മണിയനും ഏതാണ്ട് അവന്റെ ആയുസ്സിന്റെ അവസാന ഘട്ടങ്ങളില്‍ തന്നെ ആയിരുന്നു. പ്രായധിക്യം അവനേയും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. എങ്കിലും കല്യാണിയമ്മയുടെ കാര്യങ്ങളില്‍ അവന് അതീവ ശ്രദ്ധയുണ്ടായിരുന്നു എന്നതാണ് അല്‍ഭുതം. 

പ്രായാധിക്യമുള്ള ശരീരവും പേറി മണിയന്‍ അയല്‍‌വക്കത്തെ വീടിന്റെ ഉമ്മറപ്പടിയില്‍ എത്തിയാല്‍ ആതിനര്‍ത്ഥം കല്യാണിയമ്മക്ക് എന്തോ ആവശ്യമുണ്ടെന്നാണ്. കല്യാണിയമ്മ കിടക്കയില്‍ കിടന്ന് ഉണ്ടാക്കുന്ന ചെറുശബ്ദം പോലും എന്ത് ആവശ്യത്തിനാണെന്ന് തിരിച്ചറിയാനുള്ള കഴിവും അവനുണ്ടായിരുന്നിരിക്കാം. മണിയനും, കല്യാണിയമ്മയും തമ്മിലുള്ള ആത്മബന്ധം അത്തരം ഒരു കഴിവ് അവനില്‍ ഉണ്ടാക്കിയിരിക്കാം. എന്തായാലും മണിയനൊപ്പം കല്യാണിയമ്മയുടെ വീട്ടില്‍ എത്തുന്നവര്‍ കാണുക ഒന്നുകില്‍ അവര്‍ വെള്ളത്തിനോ, ഭക്ഷണത്തിനോ വേണ്ടി നാവു നീട്ടുന്നതാവാം, അല്ലെങ്കില്‍ ഗത്യന്തരമില്ലാതെ കിടക്കയില്‍ വിസര്‍ജ്ജനം ചെയ്ത് നിസ്സാഹായായി ശബ്ദം ഉണ്ടാക്കുന്നതായിരിക്കാം.

വെറും നിലത്ത് ഒരു തഴപ്പായയില്‍ അഭയം കണ്ടെത്തിയ കല്യാണിയമ്മയുടെ കാല്‍ചുവട്ടില്‍ തന്റെ ദയനീയമുഖവുമായി മണിയന്‍ എല്ലായ്‌പ്പോഴും ജാഗരൂഗനായിരുന്നു. നായ എന്ന തന്റെ പരിമിതികള്‍ക്ക് അപ്പുറത്ത് തനിക്ക് തന്റെ അമ്മക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് മണിയനിലെ വ്യത്യസ്ഥത.

ദിവസങ്ങള്‍ നീണ്ട കിടപ്പ് പക്ഷേ മണിയനെയാണ് ബാധിച്ചത്. അവന്റെ പൃഷ്ടഭാഗത്ത് ചെറുതായി കണ്ടു തുടങ്ങിയ ഒരു വൃണം ക്രമേണ വലുതാകുകയും, അത് വേണ്ടത്ര ശ്രദ്ധ കിട്ടാഞ്ഞതിനാല്‍ പുഴുവരിച്ച് തുടങ്ങുകയും ചെയ്തു. തന്റെ അനാരോഗ്യത്തിലും മണിയനെ കുളിപ്പിക്കുകയും, അവനെ താലോലിക്കുകയും ചെയ്ത കല്യാണിയമ്മയുടെ പരിലാളനകള്‍ കുറഞ്ഞത് തന്നെയാണ് അതിനു പ്രധാന കാരണം. കല്യാണിയമ്മയുടെ വിസര്‍ജ്യങ്ങളുടെ രൂക്ഷഗന്ധത്തെ കടത്തി വെട്ടി മണിയന്റെ വൃണിത ശരീരം. എങ്കിലും അവന്‍ അമ്മയുടെ പാദങ്ങളില്‍ നിന്ന് കിടപ്പ് മാറ്റിയില്ല എന്നതാണ് സത്യം.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കല്യാണിയമ്മ ലോകത്തോട് വിടപറഞ്ഞു. കല്യാണിയമ്മക്കുള്ള പ്രാതലുമായി ചെന്ന അയല്‍‌വാസിയാണ് അവരുടെ വിയോഗം മറ്റുള്ളവരെ അറിയിച്ചത്. മണിയന്‍ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ അപ്പോഴും അവരുടെ കാല്‍ച്ചുവട്ടില്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ പഴുത്ത ശരീരഭാഗം അവന് അവിടെ നിന്ന് എഴുനേല്‍ക്കാനുള്ള ത്രാണി നഷ്ടപ്പെടുത്തി എന്നു പറയുന്നതാവും കൂടുതല്‍ ശരി. 

കല്യാണിയമ്മയ്ക്ക് അതുവരെ ഇല്ലാത്ത ബന്ധുക്കളുടെ ഒരു വലിയ നിര പ്രത്യക്ഷപ്പെട്ടു. അവരുടെ ചര്‍ച്ചകളില്‍ രണ്ട് സെന്റ് വസ്തുവിന്റെയും, ആ കുടിലിന്റെയും അവകാശത്തെ സംബന്ധിച്ച അസ്വാരസ്യങ്ങള്‍ കടന്നു വന്നു. അതിലൊക്കെ അവരെ അലട്ടിയത് ദുര്‍ഗന്ധം വമിപ്പിച്ച് കല്യാണിയമ്മയുടെ കാല്‍ചുവട്ടില്‍ നിസ്സഹായനായി കിടക്കുന്ന മണിയനായിരുന്നു.

കൂട്ടത്തില്‍ കാരണവര്‍ എന്നു തോന്നിപ്പിക്കുന്ന ഒരു മല്‍മലുമുണ്ടുകാരന്‍ “പോ പട്ടി” എന്നാക്രോശിച്ചു. മണിയനു വിളിച്ചു പറയണമെന്നുണ്ടായിരുന്നിരിക്കാം “ ഹേ മനുഷ്യാ ഇതെന്റെ അമ്മയാണ്, ഇവരുടെ ശവം ഇങ്ങനെ തിന്നു തീര്‍ക്കാതെ എനിക്ക് വിട്ടു തരൂ, ഈ വാര്‍ദ്ധക്യാവസ്ഥയിലും ഞാനവര്‍ക്ക് കാവലിരിക്കാം എന്ന്” അല്ലെങ്കില്‍ വൃദ്ധനും, അവശനും, മൃതപ്രായനുമായ എനിക്ക് ഒരു പട്ടിയുടെ എങ്കിലും നീതി പകരൂ” എന്ന്. പക്ഷേ അവന്റെ നിശബ്ദഗര്‍ജ്ജനം കേള്‍ക്കാന്‍ അയാള്‍ക്ക് മനസ്സില്ലായിരുന്നു. തന്റെ കയ്യിലിരുന്ന ഊന്നു വടി പലവട്ടം അവനു നേരെ പ്രയോഗിച്ചു അയാള്‍.

താഡനം സഹിക്കവയ്യാതെ പഴുത്ത ശരീരവും പേറി അല്‍പ്പ ദൂരം മാറി തന്റെ പ്രിയപ്പെട്ട അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ മറ്റുള്ളവര്‍ കാഴ്ച്ചക്കാര്‍ക്കായി വരുത്തി തീര്‍ക്കുന്നതും, പിന്നീട് ചിതയിലേക്കെടുക്കുന്നതും അവന്‍ ദുഃഖത്തോടെയായിരിക്കാം നോക്കി കണ്ടത്. എല്ലാം കഴിഞ്ഞ് വന്നവര്‍ നാലുവഴിക്ക് പിരിയുമ്പോഴും മണിയന്‍ കിടന്ന കിടപ്പില്‍ നിന്ന് എഴുനേല്‍റ്റില്ല. ആ കിടപ്പില്‍ നാലു ദിവസം കിടന്ന് മണിയനും ലോകത്തോട് വിടപറഞ്ഞു. 

മണിയന്റെ കഥ അതിശയോക്തിയായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാവാം. വിവരണത്തില്‍ അതിശയോക്തി കലര്‍ത്തിയിട്ടില്ല എന്ന് ഞാനും അവകാശപ്പെടുന്നില്ല. പക്ഷേ അതു വിവരണത്തിലെ ഭാഷയില്‍ മാത്രം, സംഭവത്തില്‍ അത്തരം അതിശയോക്തികള്‍ ഒന്നും തന്നെയില്ല. പ്രമുഖ ചാനലിലെ പ്രോഗ്രാമിന്റെ തലക്കെട്ടു പോലെ നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ലേഖനത്തിലൂടെ ഞാന്‍ പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശത്തിന് വ്യത്യാസമുണ്ടാവില്ല.

തന്നെ ജീവനുതുല്യം സ്നേഹിച്ച്, തന്റെ വളര്‍ച്ചയില്‍ അഹോരാത്രം പ്രയക്നിച്ച മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത ഇന്നത്തെ തലമുറക്ക് മണിയന്‍ അത്ര വലിയ പ്രസക്തമായ ഒരു കഥാപാത്രം ആയിരിക്കില്ല. പക്ഷേ അവരെ ഒരു നിമിഷം ചിന്തിപ്പിക്കാന്‍ ഈ ലേഖനത്തിന് കഴിഞ്ഞേക്കും. കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഞാന്‍ മണിയനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മണിയനെ പോലെ ചില ജന്മങ്ങളെ മനുഷ്യരിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്ന്. ജീവിതോപാധി തേടി എന്ന് സമാശ്വസിക്കുമ്പോഴും, മാതാപിതാക്കള്‍ എന്റെ വളര്‍ച്ചാ ഘട്ടങ്ങളില്‍ പകര്‍ന്നു തന്ന വാത്സല്യത്തിന്റെ ചൂരില്‍ അല്‍പ്പം അവരുടെ വാര്‍ദ്ധക്യ കാലത്ത് തിരികെ നല്‍കാന്‍ പ്രവാസിയായ എനിക്ക് കഴിയുന്നില്ലല്ലോ എന്ന ആകുലതയാകാം മണിയന്‍ ഒരു നായ ആണെന്ന തിരിച്ചറിവിലും അവന്‍ ആവണം എന്ന എന്റെ ചിന്തക്കാധാരം. ജീവിക്കാനും, സംരക്ഷിക്കാനും എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും, തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ അവര്‍ യദാര്‍ത്ഥ സംരക്ഷണം മക്കളില്‍ നിന്ന് ആഗ്രഹിക്കുന്ന, അവരുടെ ഏറ്റവും മോശമായ അവസ്ഥയില്‍ വൃദ്ധസദനങ്ങളുടെ നാലുചുവരുകള്‍ക്കുള്ളിലേക്ക് ഉപേക്ഷിക്കുന്ന ഇന്നത്തെ തലമുറയെ ധാരാളം കണ്ടതാവാം അവരില്‍ ഒരു മണിയനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മനസ്സ് അറിയാതെ ആഗ്രഹിച്ചു പോകാന്‍ കാരണം.

Monday, 27 December 2010

സ്നേഹമതം.


സ്നേഹമതം....!

അങ്ങനെയൊരു മതമോ...?

ഹിന്ദു, കൃസ്ത്യന്‍, മുസ്ലീം, ബുദ്ധന്‍, ജൈനന്‍, പാഴ്സി എന്നിങ്ങനെ കാക്കത്തൊള്ളായിരം മതങ്ങളുടെ പെരുങ്കളിയാട്ടത്തിനിടെ ഇത്തരം ഒരു മതത്തെ കുറിച്ച് കേട്ടു കേഴ്വി പോലും ഉണ്ടായിട്ടില്ല....!

ഒരു പക്ഷേ എന്റെ ഈ രചനയുടെ അവസാനം നിങ്ങള്‍ക്ക് തോന്നിയേക്കാം അങ്ങനെയൊന്നുണ്ട് എന്ന്, അല്ലെങ്കില്‍ ഇനിയും അങ്ങനെ ഒന്നു സ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ അതിന്റെ സാദ്ധ്യതകള്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചേക്കാം....

ഒരു മാസമോളമായി, വിട്ടുമാറാത്ത പനിയുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കും, ഡോക്ടറന്മാരില്‍ നിന്ന് ഡോക്ടന്മാരിലേക്കും ഞാന്‍ പറന്നു നടക്കുന്നു. പലര്‍ക്കും പല അഭിപ്രായങ്ങള്‍, വിശകലനങ്ങള്‍, വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍.... പക്ഷേ പനിക്കു മാത്രം ശമനമില്ല.....

ഇന്നലെ വൈകുന്നേരം പുതുതായി ഒരു ഡോക്ടറെ കൂടി കാണാന്‍ ഊഴം കാത്തിരിക്കുമ്പോഴാണ് എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് നാസറിന്റെ ഫോണ്‍ കോള്‍....

(നാസറിനെ കുറിച്ച് അല്‍പ്പം :-നാസര്‍ പാക്കിസ്ഥാനിയാണ്.... പാക്കിസ്ഥാനിലെ കറാച്ചിക്കടുത്തുള്ള ഒരു കുഗ്രാമവാസി. ഭാര്യ 4 ആണ്‍കുട്ടികള്‍ (അതില്‍ രണ്ടു കുട്ടികളും മന്ധബുദ്ധികള്‍)... ഇവിടെ ഒരു അലൂമിനിയം/ഗ്ലാസ്/സ്റ്റേന്‍ലെസ്സ് സ്റ്റീല്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നു...  നമ്മള്‍ മലായാളികള്‍ “പച്ച” എന്ന് അല്‍പ്പം പുശ്ചത്തോടെ വിളിക്കുന്ന, ദേശീയ വസ്ത്രമായ പൈജാമയും കുര്‍ത്തയും ധരിച്ച് ഗള്‍ഫിലെ തെരുവോരങ്ങളില്‍ കാണപ്പെടുന്ന സാധാരണക്കാരായ പാക്കിസ്ഥാനികളില്‍ ഒരാള്‍, അതിനപ്പുറം നാസറിന് ഒരു വിവരണം നല്‍കാന്‍ അവനില്‍ ഒന്നുമില്ല.....)

നാസറിന്റെ കോള്‍ വളരെ ആകസ്മികമായിട്ടാണ് എനിക്കു വന്നത്..... “അജിത്ത് ഭയ്യാ നീ എവിടെയാണ്...?”

“ഞാന്‍ ആശുപത്രിയിലാണ്” ഒഴുക്കന്‍ മട്ടില്‍ ഒരു മറുപടി കൊടുത്തു.....

പക്ഷേ നാസര്‍ എന്റെ അത്തരം മറുപടിയില്‍ തൃപ്തനാകുന്നവനല്ല എന്ന് എനിക്ക് നന്നായി അറിയാം....!

“ഏതാശുപത്രിയില്‍.... ഞാനിപ്പോള്‍ വരാം....” നാസര്‍ തന്റെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതും, ബല്‍റ്റ് ധരിക്കായ്കയാല്‍ ഉണ്ടാകുന്ന ബീപ്പ് ശബ്ദവും അയാള്‍ പുറപ്പെട്ടു കഴിഞ്ഞു എന്നതിന് സൂചന നല്‍കി...
“നാസര്‍ ഭയ്യാ വരേണ്ടതില്ല... ഇവിടെ ഞാന്‍ എല്ലാം കഴിഞ്ഞ് ആശുപത്രിക്ക് വെളിയിലിറങ്ങി, ഇനി ഞാന്‍ വീട്ടില്‍ പോയി അല്‍പ്പം വിശ്രമിക്കാം...!” ഡോക്ടറെ കാണാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും അന്‍പത് കിലോമീറ്ററിലധികം ഓടി ജിദ്ദയിലെ എയര്‍പ്പോര്‍ട്ടിനടുത്തുള്ള സനയായില്‍ നിന്നും ഷെറഫിയായിലുള്ള ആശുപത്രി വരെ അതും വാഹന ബാഹുല്യത്തിന്റെ തിക്തത അനുഭവിക്കുന്ന വൈകുന്നേരങ്ങളില്‍ നാസറിനെ ഒരു സുഹൃത്തെന്ന നിലയില്‍ വിഷമിപ്പിക്കേണ്ട എന്നു കരുതി ഒരു കള്ളം പറയുകയായിരുന്നു...

ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ട്രിപ്പ് ഇട്ട് ഒരു മണിക്കൂറോളം കിടക്കേണ്ടി വന്നു.... പിന്നെ അവിടെ നിന്ന് ഇറങ്ങി പലയിടങ്ങളില്‍ കറങ്ങി തിരികെ വീട്ടില്‍ എത്തിയത് അര്‍ദ്ധരാത്രി 12 മണി കഴിഞ്ഞിരുന്നു.... താഴെ ഫ്ലാറ്റിന്റെ ഗേറ്റില്‍ തന്റെ കറുത്ത ടയോട്ട പിക്കപ്പ് പാര്‍ക്ക് ചെയ്ത് അതിനു വെളിയില്‍ നാസര്‍ എന്നെയും കാത്ത് നില്‍പ്പുണ്ടായിരുന്നു....

തന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ നാസര്‍ എന്നോട് ചോദിച്ചു.. “ ഭയ്യാ എന്നോട് കള്ളം പറഞ്ഞു അല്ലേ...? ഞാന്‍ എട്ടു മണി മുതല്‍ ഇവിടെ കാത്ത് നില്‍ക്കുന്നു.... ഭയ്യായുടെ വണ്ടി കാണാഞ്ഞതിനാല്‍ ഞാന്‍ വീട്ടിലേക്ക് കയറിയില്ല... ഞാന്‍ ചെന്ന് അന്വേഷിക്കുമ്പോള്‍ മറ്റു വല്ലതും തെറ്റിദ്ധരിച്ച് ഭാഭിജീ പേടിച്ചാലോ....”

എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി.... വാക്കുകള്‍ പുറത്തേക്ക് വന്നില്ല... അതുമനസ്സിലാക്കിയ നാസര്‍ എന്നെ ഒന്നു പുണര്‍ന്നുകൊണ്ട്.... “ഭയ്യാ എന്തായാലും കുഴപ്പമൊന്നുമില്ലല്ലോ.... ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഒരാശങ്ക, അതാണ് ഇവിടെ കാത്തു നിന്നത്... ഏതാശുപത്രി ആണെന്ന് ചോദിക്കാന്‍ മറന്നു, അല്ലെങ്കില്‍ അവിടേക്ക് വരുമായിരുന്നു...”

“എങ്കില്‍ ഞാന്‍ പോകുന്നു അജിത്ത് ഭയ്യാ.... നാളെ കാണാം..” എന്റെ മൌനം കുറ്റബോധത്തില്‍ നിന്നുളവായതാണെന്ന് കണ്ണുകളിലെ ദയനീയതയില്‍ നിന്നും മനസ്സിലാക്കിയിട്ടാവണം, അവനിലേക്ക് അരിച്ചു കയറിയ അസ്വസ്ഥത ഞാനാല്‍ തിരിച്ചറിയപ്പെടാതിരിക്കാന്‍ ഒരു വിഫലശ്രമം നടത്തി വിജയിക്കാതെ വന്നപ്പോള്‍ പെട്ടെന്ന് യാത്ര പറഞ്ഞ് തന്റെ കറുത്ത പിക്കപ്പ് വേഗത്തില്‍ ഓടിച്ച് അകന്നു പോയി....

എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.... പലപ്പോഴും എന്നിലേക്ക് ഞാന്‍ എയ്തുകൂട്ടിയ ചോദ്യ ശരങ്ങള്‍ മതിയാവാതെ ഇന്നലെ ഒന്നുകൂടി ഉറക്കെ ഞാന്‍ ചോദിച്ചു....

ഈ മനുഷ്യന്‍ എനിക്കാരാണ്.....? ചോദ്യങ്ങള്‍ ഒരിക്കലും ലക്ഷ്യത്തില്‍ എത്തിയില്ല എന്നുമാത്രമല്ല,  പ്രതിദ്ധ്വനികളായി അത് എന്നിലേക്ക് തന്നെ തിരിച്ചു വന്നുകൊണ്ടിരുന്നു... ഉത്തരം കിട്ടാത്ത സമസ്യകളില്‍ ഒന്ന്.....

സമാന മനസ്കര്‍ അതിവേഗം അടുക്കും എന്നാണല്ലോ വിദഗ്ദമതം...! ഞാനും നാസറും തമ്മില്‍ എന്തൊക്കെ സാമാനതകള്‍ ഉണ്ട്.....?

ഞാനൊരു ഇന്‍ഡ്യക്കാരനും നാസര്‍, ഇന്ത്യക്കാരനെ കണ്ടാല്‍ അല്‍പ്പം പുശ്ചത്തോടെ ചിറികോട്ടി ചിരിക്കാന്‍ മറക്കാത്ത (തിരിച്ചും) പാക്കിസ്ഥാനികളുടെ ഒരു പ്രതിനിധിയും ആണെന്ന സമാനത....!?

ഞാനൊരു ഹിന്ദുവും, നാസര്‍ കറകളഞ്ഞ ഒരു ഭക്ത മുസ്ലീമും.... ഹിന്ദുവും മുസ്ലീമും പരസ്പരം കൊന്നു വിശപ്പു തീര്‍ക്കാനായി ദൈവത്താല്‍ സ്രിഷ്ടിക്കപ്പെട്ടവരാണെന്ന അധമവിചാരം നിലനില്‍ക്കുന്ന ഇന്നിന്റെ ലോകത്തെ വിവിധ ധ്രുവങ്ങളുടെ പ്രതിനിധികള്‍ എന്ന സമാനത...!?

ഞാന്‍ വിക്കിയും വിഴുങ്ങിയും ഉറുദു പറയുന്ന ഒരുവനും, നാസര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മലയാളം കേട്ടിട്ടു പോലും ഇല്ലാത്ത ഒരാളും ആണെന്ന സമാനത....?

ഇതില്‍ ഏതു സമാനതയാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്...!? അറിയില്ല.... പക്ഷേ നാസറിന്റെ സ്നേഹം സമാനതകളില്ലാത്തതായിരുന്നു.... അനുഭവിക്കുന്തോറും തീവ്രത ഏറി വരുന്ന തികച്ചും വ്യത്യസ്ഥമായ ഒന്ന്....

രണ്ടായിരത്തിന്റെ തുടക്കത്തില്‍ വളരെ യാദൃശ്ചികമായിട്ടാണ് നാസറിനെ ഞാന്‍ പരിചയപ്പെടുന്നത്... അന്ന് ജിദ്ദയിലെ എന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു പ്രോജക്ടിലേക്ക് ഏതാണ്ട് മുന്നോറോളം അലൂമിനിയം ഡോറുകള്‍ നിര്‍മ്മിച്ചു നല്കാന്‍ പ്രാപ്തമായ ഒരു വര്‍ക്ക്ഷോപ്പ് / കമ്പനി തിരക്കി സനയയിലൂടെ കറങ്ങുമ്പോള്‍ വാളരെ യാദൃശ്ചികമായി ഒരു പുതുപുത്തന്‍ ബോര്‍ഡ് ശ്രദ്ധയില്‍ പെടുകയായിരുന്നു....

“അല്‍ ദഹ്‌ലവി അലൂമിനിയം..” അതിലെ ഇംഗീഷ് അക്ഷരങ്ങളാണ് എന്നെ അവിടേക്ക് ആകര്‍ഷിച്ചത് (സാധാരണ ഗതിയില്‍ സനയയില്‍ ഇംഗ്ലീഷ് ബോര്‍ഡുകള്‍ വളരെ കുറവാണ്)
നാസറിനെ പോലെ ശാരീരിക വലിപ്പമുള്ള മനുഷ്യന് കഷ്ടിച്ചിരിക്കാനുള്ള സ്ഥലം പോലും ഉണ്ടോ എന്നു സംശയിക്കുന്ന തരത്തിലുള്ള ഒരു ചെറിയ വര്‍ക്ക്ഷോപ്പ്.....

ആവശ്യം പറഞ്ഞപ്പോള്‍ വളരെ ആവേശത്തോടെ പ്രതികരണം... രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വലിയ അലുമിനിയം കമ്പനികളെ തോല്‍പ്പിക്കുന്ന വിധത്തില്‍ ഗുണനിലവാരമുള്ള രണ്ട് സാമ്പിള്‍ ഡോറുകള്‍ റെഡി...!

ഞങ്ങള്‍ തമ്മിലുള്ള ബന്ധം മുറുകാന്‍ പ്രധാന കാരണം നാസറിന്റെ കൃത്യനിഷ്ടതയായിരുന്നു.... ബാങ്ക് വിളിച്ചാല്‍ മറ്റെന്തും മാറ്റി വച്ച് പള്ളിയങ്കണത്തില്‍ ഹാജരാകുന്ന നാസര്‍ അതേ കൃത്യനിഷ്ടത തന്റെ എല്ലാ പ്രവര്‍ത്തികളിലും പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു....

രണ്ടായിരത്തി അഞ്ചില്‍ ഞാന്‍ കമ്പനി ജോലി മടുത്തു എന്നും സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നും ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ നാസറിന്റെ ആദ്യ പ്രതികരണം ഇങ്ങനെ...” അജിത്ത് ഭയ്യാ എന്റെ വര്‍ക്ക് ഷോപ്പ് എടുത്തോളൂ.... താങ്കള്‍ നിശ്ചയിക്കുന്ന ശമ്പളത്തില്‍ താങ്കളുടെ ജോലിക്കാരനായി ഞാനിവിടെ നിന്നുകൊള്ളാം..”

ആത്മാര്‍ത്ഥമായ ആ ഓഫര്‍ ഞാന്‍ അടിമുടി നിരസിച്ചപ്പോള്‍ നാസര്‍ എതിര്‍ത്തില്ല... പക്ഷേ കൃത്യം നാലു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ അത്ഭുതത്തില്‍ ആഴ്ത്തിക്കൊണ്ട് നാസറിന്റെ ഫോണ്‍ കോള്‍ വന്നു... “ അജിത്ത് ഭയ്യാ വിസ തയ്യാര്‍..”

വിസയുമായി നാട്ടില്‍ എത്തിയ എനിക്ക് നാട്ടില്‍ സൌദി എമ്പസിയില്‍ നിന്ന് അതുമായി ബന്ധിപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി സ്പോണ്‍സറെ നേരിട്ട് മുംബയില്‍ അയച്ച് അതിനു പരിഹാരം കണ്ടെത്തി നാസര്‍ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി...

ഞാന്‍ നാട്ടില്‍ നിന്നും ജിദ്ദയില്‍ ഇറങ്ങുന്ന ദിവസം. എന്തിനും ഏതിനും സാസര്‍ എന്ന പാവപ്പെട്ടവനെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ എന്ന ചിന്തയില്‍ എന്റെ അടുത്ത മലയാളി കുടുഃബ സുഹൃത്ത് സുകുമാരനെ നേരത്തെ വിവരമറിയിച്ചിരുന്നു.... ജിദ്ദ എയര്‍പോര്‍ട്ടില്‍ ക്ലിയറന്‍സ് എല്ലാം കഴിഞ്ഞ് പുറത്ത് കടക്കുമ്പോള്‍ സുകുമാരന്‍  സുഹൃത്തിന്റെ ചിരിക്കുന്ന മുഖം പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് നിരാശയായിരുന്നു.... അവിടെ ആരും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ഒരു പക്ഷേ റോഡിലെ വാഹനക്കുരുക്കില്‍ അകപ്പെട്ട് എത്തിപ്പെടാന്‍ താമസിച്ചതാണെന്ന് കരുതി മൊബൈലിലേക്ക് വിളിച്ച എനിക്ക് നിരാശ സമ്മാനിച്ചു കൊണ്ട് “ഹാ അജീ നീ വന്നോ.... ഞാന്‍ വരണോ, നിനക്കു പോകേണ്ടിടത്തോട്ട് ഒരു ടാക്സി പിടിച്ച് പൊയ്ക്കൂടേ..?” എന്ന നിസംഗമായ മറുപടിയിലൂടെ സുകുമാരന്‍ ബുദ്ധിമാനായ മലയാളിയുടെ അതിലും ബുദ്ധിപൂര്‍വ്വമായ ഒരു സന്ദേശം കൈമാറി..... “നീ എന്നെ കണ്ട് എന്തെങ്കിലും വേവിക്കാന്‍ വെള്ളം തിളപ്പിക്കുന്നു എങ്കില്‍ അതങ്ങു വാങ്ങിയേരെ” എന്ന സന്ദേശം...

വിഷണ്ണനായി ഇനി എന്ത് എന്ന ചിന്തയില്‍ നിന്ന എന്റെ മനസ്സിലേക്ക് കുളിര്‍ക്കാറ്റ് പോലെ ഒരു ആശ്ലേഷം... അതു നാസര്‍ ആയിരുന്നു... “അജിത്ത് ഭയ്യാ പറഞ്ഞില്ലെങ്കിലും നിങ്ങള്‍ ഇന്നാണ് വരുന്നതെന്ന് എനിക്കറിയാമായിരുന്നു... ഞാന്‍ താമസിച്ചുവോ..?”
ദൈവത്തിന്റെ അദൃശ്യകരങ്ങള്‍, അല്ലെങ്കില്‍ ആ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ദിവസം അതായിരുന്നു.... വെറും കയ്യോടെ ഇറങ്ങിയ സുഹൃത്ത് തനിക്കൊരു ബാദ്ധ്യതയാകുമോ എന്ന ചിന്തയില്‍ എയര്‍പൊര്‍ട്ടില്‍ പോലും വരാന്‍ കൂട്ടാക്കാഞ്ഞ എന്റെ മലയാളി സുഹൃത്തെവിടെ...? നാസര്‍ എന്ന സാധാരണ പാക്കിസ്ഥാനി എവിടെ...?

എന്റെ പെട്ടിയും തൂക്കി മുന്നില്‍ നടന്ന നാസര്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല നിനക്ക് എവിടെയാ പോകേണ്ടതെന്ന്.... കറുത്ത പിക്കപ്പ് നാസറിന്റെ നിറം മങ്ങിയ ഫ്ലാറ്റിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഒന്നും മനസ്സിലാകാത്തവനെ പോലെ പുരികം വളച്ച് മനസ്സില്‍ ഒരു ചോദ്യം ഉന്നയിച്ചു....

അതു വായിച്ചിട്ടെന്നവണ്ണം നാസര്‍ പ്രതികരിച്ചു.. “ അജിത്ത് ഭയ്യാ സൌകര്യങ്ങള്‍ തീരെ കുറവാണ് എങ്കിലും ഭയ്യാക്ക് എന്റെ കൂടെ താമസിക്കാം..... ആഗ്രഹിക്കുന്ന അന്നുവരെ...”

അതു നിഷേധിക്കാന്‍ എന്റെ മുന്നില്‍ മറ്റു വഴികളില്ലായിരുന്നു... തികട്ടി വന്ന സങ്കടക്കടല്‍ മനസ്സില്‍ അടക്കിക്കൊണ്ട് നിസ്സഹായനായി നാസറിന്റെ വാക്കുകളെ അനുസരിക്കേണ്ടി വന്നു....

മുന്നേ തീരുമാനിച്ചതു പോലെ ആകെയുള്ള രണ്ട് മുറികളില്‍ ഒന്ന് എനിക്കുവേണ്ടി തുടച്ചു വൃത്തിയാക്കിയിട്ടിരുന്നു.... നാസറും സുഖമില്ലാത്ത മക്കള്‍ ഉള്‍പ്പെടുന്ന കുടുഃബവും വളരെ ചെറിയ വൃത്തിഹീനമായ മുറിയിലേക്ക് ഒതുങ്ങിക്കൊണ്ട് നാം മലയാളികള്‍ പുട്ടിനു തേങ്ങാ പോലെ വേണ്ടിടത്തും വേണ്ടാത്തിടങ്ങളിലും പ്രയോഗിക്കുന്ന “അതിഥി ദേവോ ഭവ” എന്ന വാക്കിന്റെ യദാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് എന്നെ പഠിപ്പിച്ചു അയാള്‍.....

അഥിതി മാംസാഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവനല്ല എന്നറിയാവുന്ന നാസര്‍, തന്റെ വീട്ടിലെ മാംസാഹാരം പാചകം ചെയ്യുന്നതു പോലും നിര്‍ത്തി വച്ചു....

പിറ്റേന്നു തന്നെ ടയോട്ടയില്‍ കൂട്ടിക്കൊണ്ടു പോയി ഡൌണ്‍ പേമെന്റ്  കൊടുത്ത് ഒരു വാഹനവും എനിക്കായി ശരിയാക്കി, യുദ്ധകാലാടിസ്ഥാനത്തില്‍ എന്റെ പുതിയ്യ കമ്പനിയുടെ റജിസ്ട്രേഷന്‍ നടപടികള്‍ ചെയ്തെടുത്തു... ജിദ്ദയിലെ ഒരു പ്രധാന വഴിയില്‍ തന്നെ സാമാന്യം മോശമല്ലാത്ത ഒരു ഓഫീസ് എനിക്കുവേണ്ടി തയ്യാറാക്കി.... എല്ലാം സ്വന്തം പോക്കറ്റില്‍ നിന്ന് നിര്‍ലോഭമായി  ചിലവാക്കി തന്നെ....

ദോഷൈകദൃക്‌കുകളായ എന്റെ മറ്റു ചില സുഹൃത്തുക്കള്‍ ഒരുകൈ സഹായിച്ചില്ലെങ്കിലും നാസറിന്റെ ഇത്തരം പ്രവര്‍ത്തികള്‍ കണ്ട് എനിക്ക് എന്നെ ചിലപ്പൊഴൊക്കെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല.... “ അജീ നാസര്‍ നിന്നെ കണ്ട് എന്തൊക്കയോ ബിസിനെസ്സ് മോഹങ്ങള്‍ നെയ്യുന്നുണ്ട്, അല്ലാതെ ആരും ഇങ്ങനെയൊന്നും ചെയ്യില്ല”

ചില വേളകളില്‍ നാസറിന്റെ അത്യാത്മാര്‍ത്ഥത കണ്ട് ഞാനും തെറ്റിദ്ധരിച്ചു, പക്ഷേ എനിക്ക് ആദ്യമായി ഒരു വര്‍ക്ക് കിട്ടി (അത് നാസറിന്റെ അലൂമിനിയം വര്‍ക്കുമായി ബന്ധപ്പെട്ടതായിരുന്നു) അതുമായി നാസറിനെ സമീപിച്ചപ്പോള്‍ എന്നെ ഞെട്ടിക്കുകയും അതിശയിപ്പിക്കുകയും ചെയ്തുകൊണ്ട് നാസര്‍ പ്രതികരിച്ചു.... “അജിത്ത് ഭയ്യാ താങ്കള്‍ക്ക് കിട്ടുന്ന ഒരു വര്‍ക്കുകളും എനിക്ക് വേണ്ട, അത് തെറ്റിദ്ധാരണക്കിടയാക്കും. എനിക്ക് താങ്കള്‍ സഹോദരന്‍ മാത്രമാണ്, നമ്മള്‍ തമ്മില്‍ ബിസിനെസ്സ് ചെയ്ത് ഒരിക്കലും പിണങ്ങാന്‍ ഇടയാകരുത്....”

എന്റെ നിരന്തരമായ നിര്‍ബന്ധങ്ങള്‍ പോലും സാമാന്യം വലിയ തുകക്കുള്ള ആ വലിയ വര്‍ക്ക് “വെറും” സൌഹൃദത്തിന്റെ പേരില്‍ നിര്‍ദ്ദാക്ഷണ്യം വലിച്ചെറിയാന്‍ നാസറിന് തെല്ലും സങ്കോചമുണ്ടായില്ല....

മാസങ്ങള്‍ ചിലതു കഴിഞ്ഞപ്പോള്‍ എന്റെ കുടുഃബം എത്തുകയും നാസറിന്റെ വീട്ടില്‍ നിന്ന് ഞാന്‍ താമസം മാറുകയും ചെയ്തു... എന്റെ കുടുഃബത്തിലെ നിത്യ സന്ദര്‍ശകര്‍ മാത്രമല്ല, എന്റെ കുട്ടികള്‍ക്ക് “മാമ” ആണ് നാസര്‍....

ഒരിക്കല്‍ നാസര്‍ സഹായിച്ചു എന്നു കരുതിയ ഒരു തുക കണക്കു കൂട്ടി അത് ഒരു കവറില്‍ ഇട്ട് ഞാന്‍ അയാളെ ഏല്‍പ്പിച്ചൂ... അതു കയ്യില്‍ വാങ്ങി ഒരു നിമിഷം കണ്ണടച്ചിരുന്നു, പിന്നെ പ്രതികരിച്ചു... “ അജിത്ത് ഭയ്യാ ഈ തുക ഞാന്‍ കൈപറ്റുമ്പോള്‍ ഞാനും താങ്കളും തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിച്ചു എന്നു കരുതണോ...?”

എന്നില്‍ ഞെട്ടല്‍ ഉളവാക്കിയ ചോദ്യം.... ഞാന്‍ പെട്ടെന്ന് പറഞ്ഞു “അല്ല....അല്ല...”

എന്നെ തുടരാന്‍ അനുവദിക്കാതെ നാസര്‍ ആ കവര്‍ തിരീകെ ഏല്‍പ്പിച്ചുകൊണ്ട് പറഞ്ഞു.... “ അജിത്ത് ഭയ്യാ അങ്ങ് എന്റെ പൊന്നനുജന്‍ ആണ്.... ആ സ്ഥാനം എനിക്ക് തരണം..”  ജീവിതത്തില്‍ മക്കളുടേതുള്‍പ്പെടെ ഉണ്ടായ എല്ലാ വിഷമതകളും ദൈവം അധികം ഇഷ്ടം കൊണ്ട് തന്നതാണെന്ന് വിശ്വസിക്കുന്ന നാസര്‍, എന്തു വലിയ പ്രതിബന്ധങ്ങളേയും പുഞ്ചിരിയോടെ നേരിടുന്ന നാസറിന്റെ കണ്ണുകള്‍ ഈറനണിയുന്നത് അന്നാദ്യമായി ഞാന്‍ കണ്ടു.....

ഇന്ന് നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും നാസര്‍ എന്ന എന്റെ സുഹൃതിന്റെ, സഹോദരന്റെ നിര്‍ലോഭമായ സ്നേഹ വാത്സല്യങ്ങള്‍ വളരെയധികം സംതൃപ്തിയോടെ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു......

നാസര്‍ എന്ന അക്ഷരാഭ്യാസമില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പാക്ക് പൌരന്‍ നിങ്ങളില്‍ എന്തുമാറ്റത്തെയാണ് ഉണ്ടാക്കിയത്, അയാള്‍ എന്തു സന്ദേശമാണ് നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്...?

നിന്റെ മതം ഏതെന്ന് ഒരിക്കല്‍ പോലും എന്നോട് ചോദിച്ചിട്ടില്ലാത്ത, നീ എങ്ങനെയാണ് ദൈവത്തെ ഭജിക്കുന്നത് എന്ന് ചോദിച്ചിട്ടില്ലാത്ത, എന്റെ മതം വലുത് എന്ന് പരസ്പരം ഘോഷിക്കുന്ന ഈ ലോകത്ത് അതിനു വേണ്ടി പോരിടാന്‍ ചാവേറുകളെ വരെ സ്രിഷ്ടിച്ചു വിടുന്ന ഒരു നാട്ടില്‍ നിന്ന് വരുന്ന ഈ സാധാരനക്കാരന്‍ സ്നേഹ മതത്തിന്റെയല്ലാതെ പിന്നെ എന്തിന്റെ പ്രതിനിധിയാണ്...?

നാസര്‍ ഇന്നിന്റെ, നാളെയുടെ, ഭാവിയുടെ പ്രതീക്ഷയല്ലേ.... തിരികെ ഒന്നും പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകമായ നാസര്‍, നിങ്ങളെ പോലെയുള്ളവരാണ് ഇനി ഇവിടെ ആവശ്യം..... സ്നേഹമതം ഒരു യാദാര്‍ത്ഥ്യമാവാന്‍ അങ്ങു വിദൂരതയില്‍ തെളിയുന്ന ഇത്തിരി വെളിച്ചത്തിന്റെ പ്രതിനിധി.....

Saturday, 20 November 2010

മരണം വാതില്‍ക്കലൊരുനാള്‍......?


മരണം പലപ്പോഴും എന്റെ ചിന്തകളെ കാടു കയറ്റുന്ന ഒരു പ്രതിഭാസമായി മാറിയിട്ടുമുണ്ട് അതുകൊണ്ട് തന്നെ മരണത്തിന്റെ മറുപുറങ്ങള്‍ ആധാരമാക്കി കഥകളോ സംഭവങ്ങളോ ധാരാളം എനിക്ക് എഴുതാനും കഴിഞ്ഞിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ മരണം അറിഞ്ഞോ അറിയാതെയോ കാലക്രമേണ എന്റെ ഇഷ്ട കഥാപത്രങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു....

അവശ്വസനീയമായ പല മരണങ്ങളും എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. പ്രഹേളിക എന്ന പേരില്‍ എനിക്ക് അത്തരത്തില്‍ അനുഭവിക്കേണ്ടി വന്ന ഒരു അവിശ്വനീയത മുന്‍പ് ഇവിടെ എഴുതിയിട്ടുമുണ്ട്....

യമദേവന്‍ ഒരു അദൃശ്യസാന്നിദ്ധ്യമായി, ഒരു സന്തതസഹചാരിയായി, എന്റെ നിഴലായി എപ്പോഴും എന്നെയും പിന്‍‌തുടരുന്നതായി എനിക്ക് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും അദ്ധേഹം മരണമാകുന്ന സദ്യാലയത്തിന്റെ കവാടം വരെ എന്നെ കൂട്ടിക്കൊണ്ട് പോയശേഷം ഇന്നത്തെ സദ്യ രുചിയില്ലാത്തതാണ് നിനക്കു നാളെ വിളമ്പാം എന്ന് പറഞ്ഞ് മടക്കി അയച്ചിട്ടുമുണ്ട്. അതില്‍ അതിശയോക്തിയില്ല, കാരണം ഞാനതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നു എന്നതാവാം കാരണം. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ജനിച്ച സെക്കന്റു മുതല്‍ നമ്മുടെ കൂടെയുള്ള നിഴല്‍ തന്നെയാണ് മരണവും....


എന്തായാലും ഇവിടെ എന്റെ വിഷയം മരണം തന്നെയാണ്. ചിലര്‍ പറയും ഇത്തരം വിഷയങ്ങള്‍ എഴുതിയാല്‍ അറം‌പറ്റും എന്നൊക്കെ. പക്ഷേ അത്തരം വിശ്വാസങ്ങള്‍ക്കപ്പുറത്താണ് എന്റെ മരണവിശ്വാസങ്ങള്‍ എന്നതിനാല്‍ എഴുതുന്നതില്‍ സങ്കോചമൊന്നുമില്ല....

ജനനം മുതല്‍ ഏതൊരു വ്യക്തിയുടെയും നിഴലാണ് മരണം എന്നതിന് അടിവരയിടും വിധം മരണത്തില്‍ നിന്ന് അല്ലെങ്കില്‍ കടുത്ത രീതിയില്‍ സംഭവിച്ചേക്കാമായിരുന്ന പരുക്കുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടാന്‍ എനിക്ക് കഴിഞ്ഞു. ദൈവത്തിന്റെ സാന്നിദ്ധ്യം പലപ്പോഴും തൊട്ടറിഞ്ഞ നിമിഷങ്ങള്‍. അത്തരത്തില്‍ ഞാന്‍ കടന്നുപോയ നിമിഷങ്ങള്‍ ആണ് രാധികേ അതു നീയോ..? എന്ന എന്റെ ബ്ലോഗ്.....

എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ കുസൃതിയായ ഞാന്‍ വീട്ടിലെ അരകല്ലില്‍ ചവുട്ടി മുകളിലെ സ്ലാബിലേക്ക് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ലാബില്‍ നിന്ന് തലയും കുത്തി താഴെ വീണതിനെ തുടര്‍ന്ന് മരണാസനനായി ദിവസങ്ങളോളം കിടക്കേണ്ടി വന്നിട്ടുണ്ട്. മരണത്തിന്റെ പ്രഹരം പോലെ അത് ഇടത്തേ പുരികത്തില്‍ ഒരു കലയായി അവശേഷിക്കുന്നു....

അടുത്തത് സ്കൂളിലെ കളികള്‍ക്കിടയില്‍ ആയിരുന്നു. അന്ന് ഞാന്‍ രണ്ടാം ക്ലാസില്‍. ജീവിതത്തിലെ കള്ളനാണെന്ന് അടുത്ത കൂട്ടുകാര്‍ വിശേഷിപ്പിക്കുന്ന ഞാനാകുന്ന കളികള്ളനെ പിറകെ ഓടിച്ച കളിപോലീസ് കുതികാലു വച്ചു വീഴ്ത്തിയത് മാത്രമേ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. ഉണര്‍ന്നത് ആശുപത്രി കിടക്കയിലായിരുന്നു. സ്കൂള്‍ ടീച്ചറന്മാരുടെ അവസരോചിത ഇടപെടല്‍ എന്റെ ജീവന്‍ രക്ഷിച്ചു എന്ന് പിന്നീടറിഞ്ഞു. നിയന്ത്രണം തെറ്റി ഞാന്‍ വീണത് സ്കൂളിന്റെ സ്റ്റേജിന്റെ പടവുകളിലേക്ക്. ആ മരണ ഓര്‍മ്മകള്‍ മുന്‍ വശത്തെ മൂന്നു വെപ്പു പല്ലുകളുടെ രൂപത്തില്‍ എന്നെ ഇന്നും തൊട്ടു വിളിക്കുന്നു....

മൂന്നാം ക്ലാസില്‍ വച്ചായിരുന്നു അടുത്ത തലോടല്‍. പാഞ്ഞുവന്ന ഒരു സൈക്കിളിന്റെ രൂപത്തിലാ‍യിരുന്നു അത്. കുത്തനെയുള്ള ഒരു ഇറക്കത്തില്‍ പാഞ്ഞുവന്ന എന്റെ നാട്ടുകാരനായ ഒരാള്‍ നിയന്ത്രണം വിട്ട സൈക്കിള്‍ ഓടിച്ചു കയറ്റിയത് എന്റെ നെഞ്ചിലേക്ക്. ടാര്‍ റോഡില്‍ പുറകിലേക്ക് തലയടിച്ച് വീണ ഞാന്‍ ഉണര്‍ന്നത് ദിവസങ്ങള്‍ക്ക് ശേഷം. അന്നും രഹസ്യമായ പിറുപിറുക്കലുകള്‍ കേട്ടു. ഇതിവന്റെ പുനര്‍ജന്മം.

പത്തു വയസ്സുള്ളപ്പോള്‍ വീണ്ടും അദ്ദേഹം എന്നെ വിളിച്ചു. ഈ തവണ ബൈക്കിന്റെ രൂപത്തില്‍. സ്കൂള്‍ വിട്ട് എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്കൊപ്പം അവളുടെ ചേട്ടന്റെ സൈക്കിളില്‍ തിരികെ വീട്ടിലേക്ക്. മുന്‍പില്‍ കൂട്ടുകാരി, പിന്നിലെ കാരിയറില്‍ ഞാന്‍. ചെറിയ വളവില്‍ എതിരെ വന്ന ബുള്ളറ്റ് ഒരു നിമിഷം കൊണ്ട് ഞങ്ങള്‍ സഞ്ചരിച്ച സൈക്കിളിനെ ഇടിച്ചു. ബൈക്കു യാത്രക്കരന്‍ ബൈക്കില്‍ നിന്ന് വീണു‍ ഒപ്പം അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ബുള്ളത് റോഡില്‍ മലര്‍ന്നടിച്ചു വീണ എന്റെ നഞ്ചിലേക്കും. കൂട്ടുകാരിയും ചേട്ടനും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടപ്പോള്‍ ഞാന്‍ യമദേവനേയും പ്രതീക്ഷിച്ച് ആശുപത്രിയില്‍. പക്ഷേ അദ്ധേഹത്തിന്റെ കയ്യിലിരുന്ന കയര്‍ എന്റെ കഴുത്തിന് ചേരുന്നതല്ല എന്നും പറഞ്ഞ് അന്നും എന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.


അടുത്തതിന് നാലുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ചെറിയ ആ ഗ്യാപ്പ് കിട്ടിയതിന്റെ ആനുകൂല്യം തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ എനിക്ക് തന്ന് അദ്ധേഹം കണക്ക് തീര്‍ത്തു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു അത്. കൃസ്തുമസ് അവധിക്ക് എന്റെ അടുത്ത ബന്ധുവിനൊപ്പം എരുമേലിയില്‍ പോയി. അവിടെ ബന്ധുവിന് അയ്യപ്പ സീസണ്‍ പ്രമാണിച്ച് താല്‍ക്കാലിക ഹോട്ടല്‍ ബിസിനെസ്സ് ഉണ്ടായിരുന്നു. മൂന്നാലു ദിവസം അവിടെ നില്‍ക്കമെന്നു കരുതി പോയതായിരുന്നു. വൈകുന്നേരം അടുത്തുള്ള മണിമലയാറ്റില്‍ കുളിക്കാന്‍ ക്ഷണിച്ചു. പമ്പയാറിന്റെ തൊട്ടടുത്ത് താമസിക്കുന്ന എനിക്ക് നീന്തലറിയാമെന്നായിരുന്നു കൂടെ വന്ന ആളുടെ വിചാരം, പക്ഷേ എനിക്കോ നീന്തല്‍ പോയ്യിട്ട് തുഴയല്‍ പോലും അറിയുകയും ഇല്ല. നദിയിലിറങ്ങിയപ്പോള്‍ അത്ര ആഴം തോന്നിയില്ല. എന്നാല്‍ എന്റെ എല്ലാ പ്രതീക്ഷകളേയും തെറ്റിച്ചു കൊണ്ട് പൊടുന്നനവെ ഞാന്‍ ഒരു കയത്തില്‍ അകപ്പെട്ടു. ആരോ കാലില്‍ പിടിച്ചു വലിക്കുന്ന പോലെ അഗാധത്തിലേക്ക്. പക്ഷേ പകുതിയില്‍ എവിടെ വച്ചോ തിരികെ മുകളിലേക്ക് പൊന്തിവരാന്‍ കഴിഞ്ഞു. പക്ഷേ അധികനേരം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല, വീണ്ടും താഴേക്ക്. പോക്കില്‍ ലിറ്ററുകണ്‍ക്കിന് വെള്ളവും അകത്ത് ചെന്നു. വീണ്ടും ഏതോ ശക്തിയുടെ പിന്‍‌ബലം പോലെ മുകളില്‍. ഈ തവണ എന്റെ ബോധം പകുതി മറഞ്ഞിരുന്നു. വീണ്ടും താഴേക്ക്. പക്ഷേ പകുതി പോലും ചെല്ലുന്നതിനു മുന്‍പ് എന്റെ മുടിയില്‍ ആരോ പിടിച്ച് മുകളിലേക്ക് വലിക്കുന്നത് തിരിച്ചറിഞ്ഞു. ആ ഓര്‍മ്മകള്‍ക്കപ്പുറം പിന്നീട് ഒന്നും ഓര്‍മ്മയില്ലായിരുന്നു. ഉണര്‍ന്നത് പതിവുപോലെ ആശുപത്രിക്കിടക്കയില്‍. പിന്നെ അറിഞ്ഞു മുങ്ങി ചാകാന്‍ തുടങ്ങുന്നവര്‍ രണ്ട് തവണ ഇങ്ങനെ സ്വാഭാവികമായി പൊങ്ങിവരുമെന്നും, മൂന്നാമത്തെ തവണ താഴേക്കു പോയാല്‍ പിന്നെ ഒരിക്കലും മടങ്ങി വരില്ല എന്നും. ഞാന്‍ മൂന്നാമത്തെ തവണ താഴേക്ക് പോയപ്പോളാണ് തിരിഞ്ഞു നിന്ന് സോപ്പ് തേച്ചു കൊണ്ടിരുന്ന ബന്ധു എന്റെ അസ്വഭാവികമായ പ്രകടനത്തിലെ അപകടം തിരിച്ചറിഞ്ഞത്. സന്ദര്‍ഭോചിതമായ ആ ഇടപെടല്‍ എന്നെ തഴേക്ക് പിടിച്ചു വലിച്ചുകൊണ്ടു പോയ യമദേവനെ പോലും ഒരു നിമിഷം ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കണം!

ആശുപത്രിയില്‍ നിന്ന് എത്തി പിറ്റേന്നു തന്നെ യമദേവന്‍ എന്നെ ഒരുവട്ടം കൂടി ആശ്ലേഷിക്കാന്‍ ശ്രമിച്ചു. ഇത് അല്‍പ്പം കൂടി കടുത്ത രീതിയില്‍. താല്‍ക്കാലിക ഹോട്ടലിന്റെ അടുക്കളയും ചായ അടിക്കുന്ന ഇടവും തമ്മില്‍ ഒരു ചെമ്മണ്‍ നിറമുള്ള കര്‍ട്ടനാല്‍ മറച്ചിരുന്നു. അടുക്കളയില്‍ നിന്ന് പുറമെ ചായ അടിക്കുന്നിടത്തെ കെറ്റിലില്‍ നിറക്കാനായി വലിയൊരു ചരുവത്തില്‍ നിറയെ തിളച്ച പാലുമായി രണ്ട്പേര്‍ കര്‍ട്ടന് അപ്പുറത്തു നിന്ന് വരികയാണ്. ഇതറിയാതെ ഞാന്‍ അടുക്കളയിലേക്ക് ഒരു ഓട്ടം. കര്‍ട്ടന്‍ കടന്നതും എതിരെ വരുകയായിരുന്ന തിളച്ച പാലിന്റെ പാത്രത്തിലേക്ക് ശക്തമായി ഞാന്‍ ചെന്നു ഇടിച്ചു. പാല്‍‌പാത്രം പിടിച്ചവരുടെ നിയന്ത്രണം വിട്ടു. നിറച്ച തിളച്ച പാല്‍‌പാത്രം വീണുകിടക്കുന്ന എന്റെ ശരീരത്തിലേക്ക്. പിന്നെയുള്ളത് ഒന്നും വിവരിക്കേണ്ടല്ലോ. മുഖം ഒഴിച്ച് ശരീരഭാഗങ്ങള്‍ മുഴുവനായി പൊള്ളി. മാസങ്ങള്‍ ആശുപത്രിയില്‍. ഡോക്ടേഴ്സ് സമയം മാറി മാറി നല്‍കി. എന്തായാലും ഒടുവില്‍ ഞാന്‍ പിന്നെയും ബാക്കി!!!!

വീണ്ടും ജീവിതത്തിലേക്ക്! അടുത്ത തലോടലിനായി വീണ്ടും നീണ്ട ഒരു ഇടവേള. അടുത്തത് പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി തെണ്ടി മുംബയില്‍ എത്തിയപ്പോഴായിരുന്നു. എനിക്ക് ഇരുപത്തൊന്ന് വയസ്സ്. ഡോമ്പുവില്ലി റെയില്‍‌വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്ന എന്നെ പെട്ടെന്ന് സുഹൃത്ത് പുറകിലേക്ക് വലിച്ചിട്ടു. ഞാന്‍ ഊക്കോടെ റെയില്‍‌വേ സ്തേഷന്റെ മേല്‍ക്കൂര താങ്ങി നിര്‍ത്തിയിരിക്കുന്ന സ്റ്റീല്‍ ബീമില്‍ ഇടിച്ചു. ഇടിച്ച് ഭാഗം വേദനിച്ചു സുഹൃത്തിനോട് തട്ടിക്കേറുമ്പോള്‍ അവന്റെ പ്രതികരണം “ഞാന്‍ നിന്നെ വലിച്ചില്ലായിരുന്നെങ്കില്‍ ആ ട്രയിന്‍ നിന്നെ തട്ടി ഇട്ടേനേം” അവന്റെ വാക്കുകള്‍ അത്ര ഗൌരവമായി എടുത്തു എന്നു മാത്രമല്ല അവനോട് അടങ്ങാത്ത പകയും തോന്നി. പക്ഷേ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ട്രയിന്‍ തട്ടി കണ്മുന്‍പില്‍ ഒരു മരണം കണ്ടപ്പോളാണ് എന്റെ രക്ഷപെടലിന്റെ ആഴം എത്രയുണ്ടെന്ന് എനിക്കു മനസ്സിലായത്. ശരീരത്തിനെ കാര്യമായി ബാധിച്ചില്ലെങ്കിലും മുകളില്‍ എഴുതിയ എല്ലാവിധ രക്ഷപെടീലുകള്‍ക്കും അപ്പുറമുള്ള ഒരു വലിയ രക്ഷപെടീല്‍ തന്നെ ആയിരുന്നു അത്.....

റിയാദില്‍ ഒരു കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായി ജോയ്ന്‍ ചെയ്തത് 1997 മെയ് 27 നായിരുന്നു. എനിക്ക് ഇരുപത്തിനാല് വയസ്സ്. വന്നതിന്റെ അടുത്ത വര്‍ഷം തന്നെ ഒരു വലിയ അപകടത്തില്‍ നിന്ന് ഞാന്‍ അത്ഭുതകരമായി രക്ഷപെട്ട കഥയാണ് രാധികേ അതു നീയോ..? എന്ന പേരില്‍ ഞാന്‍ എഴുതി എന്നു പറഞ്ഞത്. അതിനാല്‍ തന്നെ ഒരിക്കല്‍ കൂടി അത് ഇവിടെ വിവരിക്കുന്നതിലെ അനൌചിത്യം കണക്കിലെടുത്ത് ഇതൊനോട് ചേര്‍ന്ന് ആ ബ്ലോഗും കൂടി വായിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.

രണ്ടായിരത്തില്‍ തന്നെ വീണ്ടും ഞാന്‍ ഒരു വലിയ റോഡ് ആക്സിഡന്റിനെ നേരിടേണ്ടി വന്നു. ദുബായില്‍ നിന്ന് ഓഡര്‍ ചെയ്ത ഫ്ലോര്‍ ടൈലുമായി വന്ന ട്രെയിലര്‍ തിരക്കി ഇറങ്ങിയതായിരുന്നു ഞാനും എന്റെ സുഹൃത്തും. ട്രെയിലര്‍ ഡ്രൈവര്‍ പറഞ്ഞ ലോക്കേഷന്‍ റിയാദ് സിറ്റിയില്‍ നിന്ന് അകന്ന ഒരു സ്ഥലം ആയതിനാല്‍ റോഡിനെ കുറിച്ച് അത്ര പരിചയമില്ല. റിയാദ് ദമാം ഹൈവേയില്‍ സിറ്റി കഴിഞ്ഞുള്ള ഒരു സര്‍വ്വീസ് റോഡാണ് ലക്ഷ്യം. സുഹൃത്ത് വണ്ടി ഓടിക്കുന്നു. ഹൈവേയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് കടന്ന ഞങ്ങളുടെ വണ്ടി പൊടുന്നനവേ ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു. ഏതാണ്ട് 150 കിലോമീറ്റര്‍ സ്പീഡില്‍ ഓടിയ വണ്ടി പെട്ടെന്ന് അത്തരം ഒരു കുഴിയിലേക്ക് വീണത് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയായി. വണ്ടി തിരിഞ്ഞ് ഹൈവേയിലേക്ക് ക്രോസായി കയറി രണ്ടു സൈഡിലേക്കുള്ള ഹൈവേകള്‍ തിരിക്കുന്ന ഡിവൈഡറില്‍ ഊക്കോടെ ഇടിച്ചു നിന്നു. ഞങ്ങള്‍ക്ക് 200 മീറ്റര്‍ അകലെയായി ഒരു ട്രെയിലര്‍ പാഞ്ഞുവരുന്നുണ്ട്. ബ്രൈക്ക് പിടിക്കാന്‍ ഒക്കില്ല എന്ന നിസ്സഹായാവസ്ഥ ട്രിയിലര്‍ ഡ്രൈവര്‍ തന്റെ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് കാണിക്കുന്നുണ്ട്. സ്പീഡില്‍ വരുന്ന ഒരു ട്രെയിലര്‍ പൊടുന്നനവേ ബ്രേക്കിട്ടാന്‍ വരുന്ന ഭവിഷ്യത്ത് നമ്മുക്ക് അറിയാം. എന്റെ സുഹൃത്ത് റിവേഴ്സ് ഗിയര്‍ വലിച്ചിട്ട് ഇടിച്ച ഞങ്ങളുടെ വണ്ടി ഒന്നു പുറകിലേക്കെടുക്കാന്‍ ശ്രമം നടത്തി. പക്ഷേ ശ്രമം വിജയിച്ചില്ല. പിന്നെ നടന്നത് ഞങ്ങളുടെ മനോബലം മാത്രം. പൊടുന്നനവേ ഡോര്‍ തുറന്ന് ഞങ്ങള്‍ ഹൈവേയുടെ ഡിവൈഡറിനപ്പുറത്തേക്ക് ചാടിയതും പാഞ്ഞുവന്ന ട്രെയിലര്‍ ഒരു ഹുങ്കാരവത്തോടെ ഞങ്ങളുടെ കുഞ്ഞു വണ്ടിയെ ഇടിചു തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു. എല്ലാന്‍ നിമിഷങ്ങള്‍ക്കൊണ്ട് സംഭവിച്ചു. പിന്നീട് ചിതറി തെറിച്ച ഞങ്ങളുടെ വണ്ടി ഹൈവേയില്‍ നിന്ന് തൂത്തുവരുമ്പോള്‍ അതില്‍ മനുഷ്യമാംസം ഇല്ല എന്നത് കാഴ്ചക്കാര്‍ക്ക് അല്‍ഭുതവും ഒപ്പം ആശ്വാസവും നല്‍കി എന്നു വേണമെങ്കില്‍ പറയാം.

അടുത്തത് സംഭവിച്ചത് സൈറ്റിലെ ആക്സിഡന്റായിട്ടാണ്. അത് രണ്ടായിരത്തി നാലില്‍. അന്ന് ഞാന്‍ ജിദ്ദയില്‍ തന്നെയാണ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് സൈറ്റിലെ മെയിന്‍ വെല്‍ഡറായ രഘു ഒരഭ്യര്‍ത്ഥനയുമായി വന്നു. “സാര്‍ രാവിലെ സൈറ്റു വരെ ഒന്നു വരണം. ചെറിയ ഒരു സംശയമുണ്ട് അത് വച്ചു പണി തുടരാന്‍ കഴിയില്ല” രാവിലെ 6.30ന് ഞാന്‍ ഹാജര്‍. പണി തീര്‍ന്ന കെട്ടിടത്തിലെ ഫിനിഷിങ്ങ് വര്‍ക്കുകള്‍ നടക്കുകയാണ്. നേരം പുലര്‍ന്നിട്ടില്ല അതിനാല്‍ സൈറ്റില്‍ വെളിച്ചം കുറവ്. രഘു അഞ്ചടിയില്‍ താഴെ നീളമുള്ള ഒരു മനുഷ്യനാണ്. ഞാന്‍ ആറടിയും. രഘു എന്നെ സ്റ്റെപ്പിലൂടെ രണ്ടാം നിലയിലേക്ക് നയിച്ചു. ചുറുചുറുക്കായി പടികള്‍ ഓടി കയറുന്ന രഘുവിനൊപ്പം ഞാന്‍ ഓടിക്കേറുമ്പോള്‍ സ്റ്റെയര്‍കേസില്‍ കൂര്‍ത്തു നില്‍ക്കുന്ന ഒരു കമ്പി എന്റെ ശ്രദ്ധയില്‍ പെടാന്‍ മത്രം വെളിച്ചം അവിടെ ഇല്ലായിരുന്നു. സ്പീഡില്‍ ചെന്ന എന്റെ തലയില്‍ തന്നെ കമ്പി ഇടിച്ചു. ഇടിച്ചതു മാത്രം ഓര്‍മ്മ. പിറകിലേക്ക് മറിഞു. എന്നെ പിന്‍‌തുടര്‍ന്നു വന്ന മേശരി തമിഴന്‍ പെരുമാള്‍ വീഴുന്നതിനു മുന്‍പ് പിറകില്‍ നിന്ന് താങ്ങി എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. അല്ലേങ്കില്‍ ആ വീഴ്ചയില്‍ എന്റെ ജീവിതം അവസാനിക്കുമായിരുന്നേനേം. ആ ഇടിയുടെ ഫലമായി ശരീരത്തിന്റെ ഒരു വശം 50% ത്തോളം തളര്‍ന്നു. പിന്നെ തുടര്‍ച്ചയായ ചികിത്സകള്‍, പിഴിചിലുകള്‍. ഇന്ന് വീണ്ടും ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും കഴുതിലെ ഡിസ്കിന്റെ പ്രശ്നമായി ആ സംഭവം എന്നെ ഓര്‍മ്മയില്‍ നിന്ന് മാറാതെ സൂക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു.

രണ്ടായിരത്തി പത്ത് ജൂലൈയിലും ഒരു വണ്ടി അപകടത്തെ നേരിട്ടു ഞാന്‍. അതും ജീവനെടുത്തേക്കാവുന്ന ഒന്ന്. ഒരു നിമിഷത്തെ എന്റെ അവസരോചിതമായ പെരുമാറ്റം എന്നെ ആ അപകടത്തില്‍ നിന്നും നൂലിഴ വ്യത്യാസതില്‍ രക്ഷപെടുത്തി. ഞാന്‍ ഓടിച്ചിരുന്ന വണ്ടിയുടെ ഒരു ഭാഗം തകര്‍ന്നു എങ്കിലും ഒരു പോറല്‍ പൊലും ഏല്‍ക്കാതെ എനിക്ക് രക്ഷപെടാന്‍ കഴിഞ്ഞത് ദൃസാക്ഷികളെ പോലും അല്‍ഭുതപ്പെടുത്തി. പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന എന്റെ വാഹനത്തെ തെറ്റായ ദിശയില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. ഇടി കിട്ടിയത് ഡ്രിവറായ ഞാന്‍ ഇരിക്കുന്ന ഡോറിലും. ആ ഭാഗം ഇടിച്ച് ഏതാണ്ട് എന്റെ വണ്ടിയുടെ ഡ്രിവര്‍ സീറ്റും കവിഞ്ഞ് മദ്യഭാഗം വരെ തകര്‍ത്തു കളഞ്ഞു. എന്നിട്ടും ഞാന്‍ രക്ഷപെട്ടത് സേഫ്റ്റിക്ക് വേണ്ടി എപ്പോഴും ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധിക്കാറുള്ള സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതു മൂലവും. പാഞ്ഞുവരുന്ന വണ്ടി എന്നെ ഇടിക്കുമെന്ന് ഉറപ്പായ നിമിഷത്തില്‍ എന്റെ വണ്ടിയുടെ ഓട്ടോമാറ്റിക്ക് ഗിയര്‍ പെട്ടെന്നു തന്നെ പാര്‍ക്കിങ്ങിലേക്ക് മാറ്റാനും, മുന്നിലെ യാത്രക്കാരുടെ സീറ്റിലേക്ക് എനിക്ക് ചാടിമാറാന്‍ കഴിഞ്ഞതും എന്തോ ദൈവഭാഗ്യം മാത്രം. പിന്നീട് ഒരു ട്രയല്‍ എന്ന നിലയില്‍ ആ ചാട്ടം പലതവണ പരീക്ഷിച്ചെങ്കിലും ഒരിക്കല്‍ പോലും എനിക്കതിന് കഴിഞ്ഞിട്ടില്ല. സംഭവം കണ്ട് ആദ്യം ഓടി വന്നവര്‍ ഒരു കുഴപ്പവുമില്ലാതെ നില്‍ക്കുന്ന എന്നെ കണ്ട് പ്രതികരിച്ചത് അല്‍ഭുതം എന്നും.

ഇതിനിടയില്‍ ചെറുതും വലുതുമായ ഒരുപാട് തലോടലുകള്‍ എനിക്ക് യമദേവന്‍ തന്നിട്ടുണ്ട്. ഒരുപക്ഷേ ജീവനെടുക്കാവുന്നവ തന്നെ. പക്ഷേ അതിന്റെ ഭീകരത നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അവയൊക്കെ അത്രമാത്രം തീവ്രമായിരുന്നു എന്നു പറയുക പ്രയാസം. ഇന്ന് ഞാന്‍ ഈ വിഷയം എഴുതാന്‍ തിരഞ്ഞെടുക്കുമ്പോള്‍ മരണദേവന്റെ മറ്റൊരു അനുകമ്പ അതിന്റെ പിന്നിലും കാണാം. ഇന്നൊരുപക്ഷേ ഞാന്‍ ഇത് എഴുതാന്‍ ഭൂമിയില്‍ ഉണ്ടായിരിക്കുമായിരുന്നില്ല. എന്റെ പ്രിയപ്പെട്ട കൂട്ടുകാരനോടൊപ്പം അല്ലെങ്കില്‍ അയാളോടൊപ്പം മരിച്ച മറ്റു മൂന്നു പേര്‍ക്കൊപ്പം മോര്‍ച്ചറിയുടെ മരവിപ്പില്‍ ഞാനും സുഖസുഷുപ്തിയില്‍ ആണ്ടു കിടക്കേണ്ടവന്‍ ആയിരുന്നേനേം. ഭാഗ്യം എന്നെ മരണത്തില്‍ നിന്ന് രക്ഷിച്ചപ്പോള്‍ നിര്‍ഭാഗ്യം എന്റെ പ്രിയ സുഹൃത്തിനെ എന്നില്‍ നിന്ന് വേര്‍പ്പെടുത്തി.

ജിദ്ദയില്‍ നിന്നും 700 കിലോമീറ്റര്‍ അകലെയുള്ള ജിസാനില്‍ ഒരു പ്രോജക്ടിന്റെ ചര്‍ച്ചകള്‍ക്കായി എന്റെ പ്രിയ സുഹൃത്ത് എന്നെ ക്ഷണിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ച ആകുന്നു. ഞാന്‍ പറഞ്ഞു “റോഡ് മര്‍ഗ്ഗം ഞാനില്ല, ഫ്ലിറ്റിനാണെങ്കില്‍ ഞാന്‍ വരാം..” പക്ഷേ അയാള്‍ സമ്മതിച്ചില്ല “അജിത്ത് നമ്മള്‍ അഞ്ചാറ് പേരുണ്ട്, ഇതൊരു പ്ലഷര്‍ ട്രിപ്പായിരിക്കും” പകുതി മനസ്സൊടെ ഞാന്‍ ഞാന്‍ തലയാട്ടി. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച്ച ചര്‍ച്ചയില്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ചൊവ്വഴ്ച്ച രാവിലെ ജിസാനിലേക്ക് പുറപ്പെടുക എന്ന്. എന്നാല്‍ തിങ്കളാഴ്ച രാവിലെ എനിക്ക് റിയാദില്‍ നിന്ന് ഒരു ക്ലയന്റിന്റെ ഫോണ്‍ കോള്‍. “നിങ്ങള്‍ കോട്ട് ചെയ്ത പ്രോജക്ടിന്റെ നെഗോസിയേഷന്‍ മീറ്റിങ്ങിനായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് റിയദില്‍ എത്തുക”... ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ചു റിയാദില്‍ പെട്ടെന്ന് എത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവതരിപ്പിച്ചു. അയാള്‍ പക്ഷേ നിരാശയിലായി. ഒടുവില്‍ അയാള്‍ തന്നെ എന്റെ കുറവിന് ഒരു പരിഹാരം കണ്ടെത്തി “അജിത്ത് ഞങ്ങള്‍ പോയി കാര്യങ്ങള്‍ കണ്ടു വരാം രണ്ടാം യാത്രയില്‍ നി കൂടി വന്നാല്‍ മതിയാകും”.. രണ്ടു കാര്യങ്ങളും ഭംഗിയായി നടക്കുമല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ റിയാദിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് റെഡിയാക്കി. എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോളും സുഹൃത്ത് വിളിച്ചു. “നീ കൂടി ഉണ്ടായിരുന്നെങ്കില്‍ യാത്ര രസകരമായിരുന്നേനേം” ... “അടുത്ത യാത്ര നമ്മുക്ക് അടിപൊളിയാക്കാം” ഞാന്‍ സമാധാനിപ്പിച്ചു. പിറ്റേന്ന് റിയാദില്‍ മീറ്റിങ്ങ് സ്ഥലത്തേക്ക് പോകൂന്നതിനിടയില്‍ സുഹൃത്തിന്റെ വിളി... അട്ടഹാസം പോലെയുള്ള ചിരിക്കു പിന്നാ‍ലെ അയാള്‍ പറഞ്ഞു “ അജിത്ത് ഞാന്‍ പറഞ്ഞിരുന്നില്ലേ ഇതൊരു പ്ലഷര്‍ ട്രിപ്പായീരിക്കുമെന്ന്, രസകരമായ യാത്ര” ഞാനും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.

മീറ്റിങ്ങ് റൂമില്‍ ഇരിക്കുമ്പോള്‍ എന്റ്യും ജിസാനിലേക്ക് പോയ സുഹൃത്തിന്റെയും കോമണ്‍ സുഹൃത്തായ മറ്റൊരാളുടെ കോള്‍. മീറ്റിങ്ങില്‍ ആയിരുന്നതിനാല്‍ സൈലന്റില്‍ ഇട്ടിരിക്കുകയായിരുന്നു എങ്കിലും തുടര്‍ച്ചയായി പത്തോളം കോളുകള്‍ ആയപ്പോള്‍ ഞാന്‍ മറ്റുള്ളവരോട് ക്ഷമ പറഞ്ഞ് പുറത്തിറങ്ങി. അങ്ങോട്ട് ഫോണ്‍ വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അടുത്ത കോള്‍. “അജിത്ത് നീ എവിടെയണ്..? ആകംഷ മുറ്റിയ ചോദ്യം... “റിയാദില്‍” മീറ്റിങ്ങിനിടെ ശല്യപ്പെടുത്തിയതിന്റെ അരോചകതയില്‍ എന്റെ മറുപടി..... ദുരാനി (പാക്കിസ്ഥാനിയാ എന്റെ സുഹൃത്തിന്റെ പേര്‍ അങ്ങനെയാണ് ) നിന്റെ കൂടെയുണ്ടോ.... “ഇല്ല..അയാള്‍ ജിസാനില്‍ പോയില്ലേ...?” ഈ തവണ എന്നിലും അല്‍പ്പം ആകാംഷ ഉണ്ടായി..... പൊടുന്നനവെ അങ്ങേ തലക്കല്‍ നിന്നു വന്ന വാര്‍ത്ത കേട്ട് ഞാന്‍ തരിച്ചു പോയി.... “അജിത്ത് ദുരാനി ഈസ് നോ മോര്‍ അല്‍പ്പം മുന്‍പ് നടന്ന ഒരു കാറപകടത്തില്‍ അയാളും കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നു പേരും മരിച്ചു” തരിച്ചിരുന്ന എന്നെ ഞെട്ടിപ്പിച്ചത് ഫോണിന്റെ അങേതലയില്‍ നിന്ന് തുടര്‍ന്നു കേട്ട കാര്യമാണ്... “അജിത്ത് ആ നാലു പേരില്‍ ഒരാള്‍ ഇന്‍ഡ്യക്കാരന്‍ ആണെന്ന് അറിയാന്‍ കഴിഞ്ഞു. അത് നീയാണോ എന്ന് സംശയമായിരുന്നു എനിക്ക്, ദൈവം എന്റെ ഒരു സുഹൃത്തിനെ എങ്കിലും കാത്തല്ലോ..!”

ഇന്ന് ഞാന്‍ വീണ്ടും മരണത്തിനു അപ്പുറത്തെ ഒരു സമസ്യയായി നിലകൊള്ളുന്നു. എന്റെ പ്രിയ സുഹൃത്ത് ഇതെഴുതുമ്പോളും മോര്‍ച്ചറിയിലെ മരവിപ്പില്‍.... ഇതുവരെ എനിക്കു തന്ന എല്ലാ സൌഭാഗ്യങ്ങള്‍ക്കൂം ദൈവത്തോട് കടപ്പാടും നന്ദിയും മാത്രം. ഒപ്പം എന്റെ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍ പൂക്കള്‍.....

ഇന്നലയോളം എന്തെന്നറിഞ്ഞില്ല.....
ഇനി നാളെയും എന്തെന്നറിഞ്ഞില്ല.....
ഇന്നി കണ്ട തടിക്കു വിനാശവും
ഇന്ന നേരമെന്നേതും അറിഞ്ഞില്ല!

Thursday, 14 October 2010

തെമ്മാടിക്കുഴി



രാമാ.... എങ്കിലും നീ.....!

അമ്പ്രാ.... ഓര് ഏന് മാസത്തില് പത്തീശ കിലോ അരി തരും, ഏന്റെ കുടിയിലേക്ക് മേണ്ട എല്ലാം തരും, മകാളെ കല്യാണം കയിപ്പിക്കും.... ങ്ങള് ഏന് എന്തു തരും?

അല്ല .... ഞാന്‍ നിനക്ക് ഇത്രയും നാളും വേല ചെയ്ത് ജീവിക്കാനുള്ള വക തന്നില്ലേ.... അതിനെ തള്ളിപ്പറയരുത് രാമാ..!

അമ്പ്രാ.... ഇനി ഏന് ഇങ്ങടെ വേല മാണ്ട.... വേല ശെയ്യാണ്ട് സുകായി കയ്യാന്ന് ഓര് പറഞ്ഞ്...!

പട്ടിണി മരണം രാമനെ തെമ്മാടിക്കുഴിയില്‍ എത്തിച്ചു...!