. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, 10 June 2020

സ്ത്രീ ശരീരവും സദാചാരവും

"എങ്ങനെയാണ് ഒരാൾ നന്മയും തിന്മയും സ്വായത്തമാക്കുന്നത്...?"

രഹ്ന ഫാത്തിമയുടെ പതിമൂന്ന് വയസ്സുകാരൻ മകനും, അവൻ്റെ അമ്മയുടെ ശരീരത്തിലെ കലാപ്രകടനവും, രഹ്ന തന്നെ സ്രിഷ്ടിച്ച വെറും പബ്ലിസിറ്റി പൊറോട്ടു നാടകത്തിൻ്റെ ഭാഗമാണങ്കിലും, തൻ്റെ മകൻ അമ്മയുടെ ശരീരം കണ്ട് വളരുന്നതിലൂടെ മറ്റുള്ള സ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കും എന്ന അവരുടെ ന്യായീകരണത്തിൽ നിന്നാണ് ഈ ചോദ്യം എന്നിൽ ഉയർന്നത്. നന്മയ്ക്കും തിന്മയ്ക്കും ഒരുവൻ വളർന്നു വരുന്ന വീടും മാതാപിതാക്കളുമായി എന്തെങ്കിലും ബന്ധമുണ്ടോ അല്ലങ്കിൽ അത് മാത്രമാണോ അവൻ്റെ സ്വാധീനശക്തി എന്ന് ചോദിച്ചാൽ, "ഒരു പരിധി വരെ" എന്നേ അതിന് ഉത്തരം നൽകാൻ ആവൂ.

സ്ഥിരമായി കലഹമുണ്ടാക്കുകുന്ന ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ വളരുന്ന ഒരു കുട്ടി വളർന്നു അവരുടെ കുടുംബ ബന്ധങ്ങളിലേക്ക് കടക്കുമ്പോൾ ചിലർ അതീവ കലഹപ്രിയരും മറ്റു ചിലർ അതീവ ശാന്തശീലരും ആയി മാറുന്നത് കാണാറുണ്ട്. മദ്യപന്മാരുടെ കുട്ടികളിൽ ചിലർ പിൽക്കാലത്ത് മദ്യപരും, ചിലർ മദ്യത്തെ പടിക്കൽ പോലും കയറ്റാത്തവരുമായി കണ്ടിട്ടുണ്ട്. സ്ഥിരമായി മറ്റുള്ളവരോട് കള്ളം പറയുന്ന മാതാപിക്കളുടെ മക്കൾ ചിലരൊക്കെ പിൽക്കാലത്ത് കളവിൻ്റെ ഉസ്താദുമാരായും, വേറെ ചിലർ സത്യസന്ധതയിൽ ഹരിഛന്ദ്രന് പോലും ഭീഷണിയായി മാറിയവരും ഉണ്ട്. ചെറുപ്രായത്തിൽ ലൈംഗിക പീഡനമേൽക്കുന്ന കുട്ടികളിൽ ചിലർ പിൽക്കാലത്ത് അമിത ലൈംഗികാസക്തി ഉള്ളവരും മറ്റു ചിലർ ലൈംഗികതയോട് തീരാത്ത വെറുപ്പുള്ളവരായും മാറിയിട്ടുണ്ട്. എന്താണ് മേൽപ്പറഞ്ഞവയ്ക്ക് കാരണം എന്ന് ചോദിച്ചാൽ ഒറ്റനോട്ടത്തിൽ അതിന് ഒരുത്തരം ഇല്ല. എന്നാൽ ശാസ്ത്രിയമായി പറഞ്ഞാൽ മുതിർന്ന ഒരു വ്യക്തിയെ പോലെ കുട്ടികൾക്കും അവൻ്റെ ചെറിയ തലച്ചോറിൽ സമൂഹത്തോടുള്ള, അതിൻ്റെ ചെറു ചലനങ്ങളോടു പോലും ഉള്ള പ്രതികരണ ശേഷി പ്രകടമാണന്നും, അത് ഒരു കുട്ടിയിൽ നിന്നും മറ്റൊരു കുട്ടിയിൽ എത്തുമ്പോൾ വ്യത്യസ്ഥമാണന്നും മനസ്സിലാക്കാം.

എൻ്റെ കുട്ടിക്കാലത്ത് രണ്ടു വ്യക്തികൾ തമ്മിലുണ്ടായ ഒരു സംഘർഷം കാണേണ്ടി വന്ന ഒരേ പ്രായമുള്ള ഞാനും എൻ്റെ കൂട്ടുകാരനും പ്രതികരിച്ചത് രണ്ടു രീതിയിലാണ്. അവൻ തിരിഞ്ഞോടിയപ്പോൾ ഞാൻ അത് കൗതുകത്തോടെ കണ്ടു നിന്നു. എന്നാൽ സാഹചര്യങ്ങൾ വിലയിരുത്തിയാൽ ഞാനും അവനും ഏതാണ്ട് ഒരേ സാഹചര്യത്തിൽ വളർന്നവരും. അമ്മയുടെ വഴിവിട്ട ലൈംഗിക ലീലകൾ കണ്ടു വളർന്ന് അത് ഞങ്ങളോട് വിവരിക്കാറുള്ള ഒരു കൂട്ടുകാരൻ ഞങ്ങൾക്ക് ഉണ്ടായിരുന്നു. സമൂഹത്തിൽ വളരെ മാന്യമായ ഒരു സ്ഥാനം ഇന്നവൻ വഹിക്കുമ്പോൾ അവൻ്റെ അതേ സാഹചര്യത്തിൽ വളർന്ന അനുജൻ ഒരു പബ്ലിക്ക് ന്യൂയിസൻസായി മാറിയ വിവരമാണ് പിന്നീട് കിട്ടിയത്.

കുട്ടികളായും മുതിർന്നവരായാലും അവൻ്റെ ബുദ്ധി അവൻ കാണുന്ന സംഭവത്തെ ഏത് ആംഗിളിലൂടെയാണ് കാണുന്നത് എന്നത് തന്നെയാണ് പ്രധാനം. ദിവസവും മദ്യപിച്ച് അമ്മയെ അടിക്കുന്നത് കാണുന്ന ഒരു കുട്ടിയുടെ ശ്രദ്ധ, അവൻ്റെ അമ്മയുടെ പ്രയാസത്തിലേക്കാണോ, അതോ അച്ഛൻ്റെ അറുമ്മാദത്തിലേക്കാണോ എന്നതിനെ ആശ്രയിച്ചിരിക്കും അവൻ്റെ ഭാവി. കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ അവരുടെ സൗഹൃദവും സ്വാധീന ഘടകമായി വരുന്നു. ചുരുക്കി പറഞ്ഞാൽ ചിത്രരചന രഹ്നയുടെ മകനെ പോസിറ്റീവായി സ്വാധീനിക്കും എന്നും, നാളെ ഏത് സ്ത്രീയെയും അവൻ ബഹുമാനത്തോടെ മാത്രമേ കാണു എന്നതും ഒരു ദിവാസ്വപ്നമായി അവശേഷിച്ചേക്കും. കുട്ടികളെ സ്വാധീനിക്കാൻ ഇത്തരത്തിൽ ഉള്ള പബ്ലിസിറ്റി ഗിമ്മിക്കുകളേക്കാൾ അഭികാമ്യം മനശാസ്ത്രപരമായ മറ്റു സമീപനങ്ങളാണ്. അല്ലങ്കിൽ നാളെ അവൻ ഒരു സ്ത്രീ ശരീരത്തിലേക്ക് ഒളിഞ്ഞു നോക്കിയാൽ "അവന് സ്ത്രീ ശരീരം അത്ര ലൈംഗിക പ്രചോദനമാകാറില്ല അതുകൊണ്ട് സ്ത്രീയായാലും പുരുഷനായാലും അവൻ ഒളിഞ്ഞു നോക്കും" എന്ന മട്ടിൽ ന്യായീകരണ തള്ളലിൽ എത്തേണ്ടി വരും ശരീരചിത്രരചനാ ഉപഭോക്താക്കൾ...

Tuesday, 2 June 2020

ഞങ്ങളും മലയാളികളാണ്

പ്രിയ കേരള മാധ്യമങ്ങളേ.... നിങ്ങളോട് ഒരപേക്ഷ... ഞങ്ങളെ ഇങ്ങനെ നിർദ്ദാക്ഷണ്യം മലയാളികൾ എന്ന് വിളിച്ച് മലയാളത്തിൻ്റെ മഹിമ കുറയ്ക്കരുതേ, കേരളം എന്ന മഹത്തായ നാടിൻ്റെ കീർത്തിക്കും സൽപ്പേരിനും അതുവഴി നിങ്ങൾ കളങ്കം ചാർത്തരുതേ...

ഞങ്ങൾ വെറും പ്രവാസികൾ ആണ്. ഞങ്ങൾക്ക് മലയാള നാടുമായി നേരിട്ടോ, വളഞ്ഞമ്മാവൻ വഴിയോ, ചിറ്റപ്പൻ്റെ കൊച്ചപ്പൻ വഴിയോ ഒരു ബന്ധവുമില്ലന്ന് സവിനയം അറിയിക്കുന്നു. നിർഭാഗ്യവശാൽ ഇന്ത്യയുടെ തെക്കേയറ്റത്ത് പടവലങ്ങ പോലെ നീണ്ടു കിടക്കുന്ന, രാഷ്ട്രീയത്തിൻ്റെ ത്രികണ്ണുകളിലൂടെ മാത്രം വേദനയേയും മരണത്തേയും കാണുന്ന, രാഷ്ട്രീയ ഹിജഡ കൂട്ടങ്ങളുടെ നാട്ടിലെ, ഭാഷ എങ്ങനെയോ വശമാക്കുകയും ഒരു ഉളുപ്പുമില്ലാതെ ആ ഭാഷ സംസാരിച്ചും നടക്കുന്ന വെറും ഏഴാംകൂലികളായ പ്രവാസികൾ ആണ് ഞങ്ങൾ. അല്ലങ്കിൽ തന്നെ ഊരും പേരും ഇല്ലാത്ത ഞങ്ങളെ കേരളത്തിൻ്റെ ശ്രേഷ്ട ഭാഷയായ മലയാളം സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ "കരള കരള" എന്ന് വിളിച്ചു കളിയാക്കുന്നതിൻ്റെ അതി കഠിനമായ അഭിമാനക്ഷതത്തിനിടയിലും, അതുവഴി കരളുറപ്പിൻ്റെ കേരളത്തിന് കിട്ടുന്ന അപമാനമാേർത്ത് ഗദ്ഗദരായാണ് ഞങ്ങൾ ഇവിടെ കഴിയുന്നത് തന്നെ. അതിനിടയിൽ മലയാളി എന്ന് വിളിച്ച് ഞങ്ങളെ പൊക്കി, ഏമാന്മാർ വാഴുന്ന സെക്രറട്ടറിയേറ്റിൻ്റെ മുകളിൽ ഇരുത്തി, ആ മഹത് ദേശത്തെ വീണ്ടും നാറ്റിക്കരുത്.

നിങ്ങൾ കേരളീയർ അവിടെ സസുഖം അറുമാദിക്കുന്നു എന്ന് നിങ്ങളുടെ ലൈവ് ഷോകളിലൂടെയും, പ്രൈം ടൈം ഡ്രാമകളിലൂടെയും തമ്മിലടി വാർത്താ വായ്ത്താരികളിലൂടെയും അറിയുന്നുണ്ട്, വളരെ സന്തോഷം. നിങ്ങളുടെ നാട്ടിലെ നായകൻ്റെ അഞ്ചു മണിക്കത്തെ വായ്ത്താരിയിലും, പ്രതിനായകൻ്റെ രാജാവിനേയും രാജ്ഞിയേയും കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിനിടയിലും 254 എന്ന ഈ വളരെ വലിയ അക്കം കടന്നു വരുന്നില്ല എന്നത് ഞങ്ങൾക്ക് വലിയ അതിശയോക്തിയല്ല. കാരണം ഞങ്ങൾ ഏതാേ രാജ്യത്തിൻ്റെ കൊറോണ ബാഡ്ബുക്കിൽ ഒതുങ്ങി ഒടുങ്ങാനുള്ളവരാണ്. അമ്പതിന് മുകളിൽ ഊഷ്മാവുള്ള ഏതോ മരുഭൂമിയുടെ പന്ത്രണ്ടടി കൊറോണാ കുഴിയിൽ അഴുകി ചേരാനുള്ളവരാണ്. അറബികൾ ചുറ്റും കൂടി ചിരിച്ച് നിൽക്കുന്ന ആശുപത്രി കിടക്കയിൽ കിടന്ന്, കഷ്ടപ്പെട്ടു പഠിച്ച മലയാളത്തിൽ നിലവിളിച്ചാലും നിങ്ങളിൽ ഒരു വിധത്തിലും എത്തില്ല എന്നും നിങ്ങൾക്ക് നിശ്ചയമുണ്ട്.

നിങ്ങൾ, വിദേശ രാജ്യങ്ങളിൽ നിങ്ങളുടെ നായകൻ്റെ പേരും പ്രശസ്തിയും ഉയർത്താനുള്ള ഓട്ടപ്പാച്ചിലിൽ ആണന്നറിയാം. നിങ്ങളുടെ കൊറോണ ഗുഡ്ബുക്കിലേക്ക് ഗൾഫ് പ്രവാസത്തിൻ്റെ 254 ഉം ലോക പ്രവാസത്തിൻ്റെ 350 ഉം കണക്കുകൾ കടന്നു കൂടിയാലുള്ള ഭവിഷ്യത്തും മനസ്സിലാക്കുന്നു. അതിനാൽ വെറും മലയാളം സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഞങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്.

നിങ്ങൾ കേരള ദേശക്കാർ ഞങ്ങൾ പ്രാവാസികളെ വഞ്ചിച്ചത് ഒറ്റത്തീരുമാനത്തിലാണ്. എങ്ങനെയെന്നോ, മലയാളം സംസാരിച്ചു പോയി എന്ന കാരണത്താൽ നാട്ടിൽ നിന്ന് പെണ്ണുകെട്ടാൻ സമ്മതിച്ചതിലൂടെ നിങ്ങൾ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. അതു കൊണ്ടല്ലേ പ്രവാസി അവൻ്റെ കുടുംബം നന്നാക്കാനാണോ നാടു നന്നാക്കാനാണോ മരുഭൂമിയിൽ അട്ടിപ്പേറെടുക്കുന്നത് എന്ന ചർച്ച പ്രൈം ടൈം സ്കിറ്റായി നിങ്ങൾക്ക് അവതരിപ്പിക്കേണ്ടി വന്നത്. പ്രവാസി അവരുടെ കേരളത്തിലെ കുടുംബങ്ങൾക്കായി വലിയ വീടുകൾ വച്ചത് കൊണ്ട് നിങ്ങളുടെ നാടിൻ്റെ പ്രകൃതിയും അതുവഴി നാടു നശിപ്പിച്ചതിൻ്റേയും കനേഷുമാരി കണക്കെടുപ്പ് നടത്തേണ്ടി വരുന്നത്. മലയാളം പറയുന്നു എന്ന ഒറ്റക്കാരണത്താൽ വെറും പ്രവാസികളായ ഞങ്ങളോട് അനുകമ്പയൊന്നും അറിയാതെ പോലും കാട്ടരുതേ. അടുത്ത സ്ഥാനാർത്ഥി ലിസ്റ്റ് നേരത്തെ തന്നാൽ കുഴിയിലേക്ക് പോകും മുമ്പു തന്നെ, നാട്ടിൽ കിടക്കുന്ന കുടുംബാംഗങ്ങളോട് വോട്ട് ചെയ്യുന്ന കാര്യം മുൻകൂട്ടി പറഞ്ഞു വച്ചേക്കാം. ആ ഉത്സവമാണല്ലോ ഇതിലെല്ലാം പരമപ്രധാനം.

ജയ് വന്ദേ ഭാരത് മിഷൻ

ജയ് ചാർട്ടേഡ് ഫ്ലൈറ്റ് മിഷൻ

Monday, 25 May 2020

തിരിച്ചറിവുകളുടെ കൊറോണ

കൊറോണാ അതിജീവനത്തിന്റെയും തിരിച്ചറിവുകളുടെയും കാലം കൂടിയാണ്. അൻപത് ദിവസം പിന്നിട്ട ഏകാന്ത വാസത്തില്‍ തിരിച്ചറിവുകളുടെ ഒരു വലിയ പാഠം കൂടി സമ്മാനിച്ചു മഹാനായ കൊറോണ. സ്വജീവിതത്തില്‍ പലപ്പോഴും ചിന്തിക്കാതെയും ചർച്ച ചെയ്യാതെയും എടുത്ത തീരുമാനങ്ങള്‍ ഒക്കെയും തെറ്റായിരുന്നു എന്ന തിരിച്ചറിവിനും കൂടി ഈ കൊറോണക്കാലം വഴികാട്ടിയായി. അല്ലെങ്കിൽ തന്നെ, കാലത്തിന്റെ പ്രധാന ഏടുകളില്‍ കൂടി യാത്ര ചെയ്തു എന്റെ ജീവിതത്തെ സമഗ്രമായി അപഗ്രഥിക്കുമ്പോള്‍ അത് ഏറിയ പങ്കും ഒരു പരാജയമായി വിലയിരുത്തപ്പെടേണ്ടി വരും. അതിനു കാരണം ജീവിതത്തില്‍ സ്വയമേവ എന്തെങ്കിലും മോശമായ കാര്യങ്ങളളുടെ ഭാഗമാകേണ്ടി വന്നതു കൊണ്ടോ, ചെയ്ത കാര്യങ്ങളില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചത് കൊണ്ടോ ആയിരുന്നില്ല. സ്നേഹബന്ധങ്ങളുടെ പേരില്‍, കരുതലുകളുടെ പേരില്‍ ചെയ്ത വിട്ടുവീഴ്ചകള്‍ പിന്നീട് ഇരുതലകളുള്ള വാളുകളായി, ആഗ്നയാസ്ത്രങ്ങളായി തിരിച്ചു വരുമ്പോള്‍, പലപ്പോഴും നമ്മള്‍ കരുതലുകള്‍ കൊടുത്തവര്‍ അത് പോലും കണക്കിലെടുക്കാതെ പെരുമാറുമ്പോഴാണ് ജീവിതം ഒരു പരാജയം ആണെന്ന് തോന്നല്‍ ഉണ്ടാകുന്നത്. തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും നികത്താന്‍ കഴിയാത്ത നഷ്ടങ്ങള്‍ തീർത്ത് ജീവിതത്തിനു തന്നെ ഒരു ബാധ്യതയായി വിവിധങ്ങളായ പ്രശ്നങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ടാവും.

അത്തരം വിഷയങ്ങളെ, മുന്നും പിന്നും നോക്കാതെ മുന്നില്‍ നിൽക്കുന്ന ആളുടെ പ്രയാസങ്ങളെ മാത്രം ശ്രദ്ധിച്ച് സ്വയം എടുത്ത് അണിയുന്നതായതിനാല്‍ മറ്റൊരാളെയും ഈ വിഷയത്തില്‍ കുറ്റപ്പെടുത്താനും കഴിയില്ല. എന്തിലും വഴികാട്ടിയായ അച്ഛന്‍ എന്നെ ഉപദേശിച്ചിരുന്ന ഒരു പ്രധാന കാര്യം ഉണ്ടായിരുന്നു. ശരിയായ സമയത്ത് “അതെ” എന്ന്‍ പറയാന്‍ കഴിഞ്ഞില്ല എങ്കിലും, ശരിയായ സമയത്ത് “അല്ല അല്ലെങ്കില്‍ ഇല്ല” എന്ന്‍ പറയുന്നവനാണ് ജീവിത വിജയി എന്ന്. പക്ഷെ അത്തരം മഹത്തരമായ ഒരു ചിന്ത ജീവിതത്തില്‍ പകർത്തി തരാന്‍ വഴികാട്ടിയായി ഒരാള്‍ ഉണ്ടായിട്ടും മനുഷ്യത്വത്തിന്റെ കള്ളികളില്‍ കൂടി മാത്രം കാര്യങ്ങളെ നോക്കി കാണുകയും ഒരിക്കല്‍ പോലും അല്ല എന്നോ ഇല്ല അന്നോ പറയാന്‍ കഴിഞ്ഞിരുന്നില്ല എന്ന് മാത്രമല്ല, കഷ്ടപ്പാടുകളെ ഒരു വശത്തേക്ക് മാറ്റി വച്ച് അതെ എന്ന് പറയുകയും അത് ഏത് വഴിക്കും നിവൃത്തിച്ച് കൊടുക്കുകയും ചെയ്തു എന്നതാണ് പരാജയം. ജീവിതം ഒരു പരാജയം ഉറപ്പിച്ച് പറയാന്‍ കാരണം, അത്തരം സ്വയം തിരിച്ചറിയപ്പെട്ട അനഭിമതങ്ങളായ സംഭവങ്ങളുടെ ഒരു തുടർച്ച ജീവിതത്തില്‍ സംഭവിക്കുക കൂടി ചെയ്യുമ്പോഴാണ്. ഒരു തവണയോ, രണ്ടാം തവണയോ ഒരേ ജനുസ്സില്‍ പേട്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അതിനെ അബദ്ധം എന്ന് പറയാം. എന്നാല്‍ തുടര്‍ പരമ്പരകള്‍ ആകുമ്പോള്‍ അത് തീർത്തും പരാജയം തന്നെയാണ്.

എനിക്ക് ആരെയും കുറ്റപ്പെടുത്താന്‍ അവകാശമില്ല എന്നത് എന്റെ പരാജയത്തിന്റെ ആഴവും പരപ്പും കൂട്ടുന്നു. കാരണം ഈ ബൂമറാങ്ങുകളില്‍ ഒന്നു പോലും എന്റെ അരികില്‍ നിന്ന്‍ മറ്റാരും എറിഞ്ഞത് പോലുമല്ല എന്നത് തന്നെ കാരണം. ഞാന്‍ തേടി പിടിച്ച് പോയി വാങ്ങി കൂട്ടിയവയാണ്. സാധാരണ സ്വാർത്ഥര്‍ കാണിക്കും പോലെ പ്രയാസങ്ങളുടെ നടുവില്‍ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ പിന്തിരിഞ്ഞു നടക്കാന്‍ കഴിയാത്തതാണ് എന്റെ പരാജയം. അഥവാ വാവിട്ടു ചോദിച്ചാല്‍ പോലും ഇല്ല എന്ന്‍ നിഷ്കരുണം പറയുന്നിടത്താണ് അങ്ങോട്ട്‌ ചെന്ന് ഞാന്‍ കൂടെയുണ്ടേ എന്ന് വാഗ്ദാനം ചെയ്യുന്നതും കൂടെ കൂട്ടുന്നതും. എന്നാല്‍ പിന്നീട് നിനക്ക് എന്ത് സംഭവിച്ചു എന്നത് എന്റെ വിഷയമല്ല, എന്ത് ത്യാഗം സഹിച്ചും എന്നെ സംരക്ഷിക്കാന്‍ താന്‍ ബാധ്യസ്ഥന്‍ ആണെന്ന നിലപാടിലേക്ക് അവര്‍ എത്തുമ്പോഴാണ് അതുവരെ സ്നേഹം വിളമ്പിയവരുടെ തനിനിറം തിരിച്ചറിയുക. ഈ മനുഷ്യന്‍ ഞങ്ങളുടെ പ്രയാസ കാലത്ത് കൂടെ നിന്നവന്‍ ആണെന്ന ചിന്തപോലും ഇല്ലാതെ പ്രവർത്തികളും, വാക്കുകകളും സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളും ഒക്കെയായി അതിങ്ങനെ നെഞ്ചിലേക്ക് എയ്തുകൊണ്ടിരിക്കും. വീട്ടിലെ വളർത്തു നായയുടെ ഫോട്ടോ ഇട്ടാല്‍ പോലും ഉയിരിന്റുയിരെ കമന്റും ലവ് സ്മൈലികളും ഇട്ടിരുന്നവര്‍ പ്രൊഫൈല്‍ ഫോട്ടോകളിലെക്കോ, സ്റ്റാട്ടസുകളിലെക്കോ തിരിഞ്ഞു നോക്കാതെയാകും. അതിനൊക്കെ അപ്പുറം ജീവിതത്തിന്റെ ഒരു ഭാഗത്തും ഒരു സൈഡിലും നിൽക്കാരത്തവർക്ക് പോലും നെടുനീളന്‍ മറുപടികളും, സ്മൈലികളും വാരിവിതറുകയും ചെയ്യും. ഇത് വായിക്കുന്നവര്‍ ഒരുപക്ഷെ തെറ്റിദ്ധരിച്ചേക്കാം ഏതോ വ്യക്തികളെ ലക്‌ഷ്യം വച്ച് ആണ് ഞാനിതൊക്കെ എഴുതുന്നത് എന്ന്. ഇത് ഒരിക്കലും ഒരു വ്യക്തിയെ സംബന്ധിച്ഛല്ല എന്ന് പ്രത്യേകം എടുത്ത് പറയുന്നു. ഈ പറയുന്നവര്‍ എല്ലാം ഒന്നുകില്‍ എന്റെ ആത്മാർത്ഥ സൌഹൃദങ്ങളായി ഞാന്‍ കണ്ടവര്‍, അല്ലങ്കില്‍ സ്വന്തം ചോരയില്‍ പിറന്നവരുടെ സ്ഥാനത്തിനു ഒപ്പമൊ അല്ലെങ്കില്‍ അതിനു മേലായോ സ്ഥാനം കൊടുത്തവരാണ്. എന്‍റെ ജീവിതം തികഞ്ഞ പരാജയം ആകുന്നത് അവരെ അവരുടെ മോശം കാലഘട്ടങ്ങളില്‍ എന്നെയും എന്റെ പരിസരങ്ങളെയും മറന്നു കൂടെ നിന്നതുകൊണ്ട് മാത്രമല്ല. എനിക്ക് ഒരു മോശം സമയം ഉണ്ടാവുമ്പോള്‍ അതിനെ കേൾക്കാന്‍ പോലും തയ്യാറാവാത്തത് കൊണ്ടും അല്ല. ആപൽഘട്ടങ്ങളില്‍ പോലും അതിനപ്പുറം തികഞ്ഞ അവഗണനയുടെ പിന്നാമ്പുറങ്ങളിലെക്ക് തള്ളിയിടുന്ന അവരിടെ മനസാന്നിദ്ധ്യത്തിനു മുന്നിലാണ്.

ജീവിതം ഒരു പാഠപുസ്തകമാണ്. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകാത്ത പാഠങ്ങളില്‍ പലതും നിരന്തര സാഥനയിലൂടെ പഠിച്ചു വരുന്നു. ഇനി ഒരബദ്ധം കൂടി ജീവിതത്തില്‍ സംഭവിക്കരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു. ഈ കൊറോണ കാലത്ത് എനിക്ക് അത്രയും ഒക്കെ പഠിക്കാന്‍ സഹായിച്ച എന്റെി “ആത്മാർത്ഥ” സൌഹൃദങ്ങളോട്, സ്വന്തം “ചോര” കളോട് തീർത്താല്‍ തീരാത്ത കടപ്പാടുകള്‍ ഉണ്ട്. നാൽപ്പത്തിയേഴാം വർഷത്തിലെ ഈ തിരിച്ചറിവിന്റെ ആദ്യപടിയായി സോഷ്യല്‍ മീഡിയയില്‍ നിന്നു പൂർണമായും പിന്മാറുന്നു, ഒരുപക്ഷെ ഇനി തിരിച്ചു വരില്ല എന്ന തീരുമാനത്തോടെ തന്നെ. ഇതുവരെ കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.

നബി: പഠിച്ച് വന്നപ്പോഴേക്കും ഞാന്‍ ചെങ്കോലും കിരീടവും നഷ്ടപ്പെട്ട് എല്ലാ അർത്ഥത്തിലും ഒരു യാചകന്‍ ആയിരിക്കുന്നു. കൊറോണ കാലം കഴിഞ്ഞു ഒരു നല്ല നാളെ ഉണ്ടാകുമെങ്കില്‍ ആ ദിവസങ്ങള്‍ കാലഘട്ടത്തിനു ആവിശ്യമായ സ്വാർത്ഥനായ പുതിയൊരു മനുഷ്യന്‍ പിറവി എടുത്തിരിക്കും എന്ന് ഉറപ്പിച്ചിരിക്കുന്നു.

Wednesday, 22 April 2020

കൌമാരവും ക്രൂരതയും.

ഒരു പതിനാറുകാരൻ മറ്റൊരു പതിനാറുകാരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വാർത്ത ഒരു തരത്തിൽ ഒരു മരവിപ്പാണ് ഉണ്ടാക്കിയത്. കൊറോണാക്കാലത്തെ വാർത്തകൾക്കിടയിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടുകയാേ, സോഷ്യൽ മീഡിയാ ആഘോഷങ്ങൾക്ക് വിധേയമാക്കപ്പെടുകയാേ ചെയ്തില്ല എന്നത് കൊണ്ടു മാത്രം അതിനെ കുറിച്ച് ചർച്ച ചെയ്യപ്പെടാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി. വാട്ട്സാപ്പിൽ കിട്ടിയ ഒരു വീഡിയോയിൽ, കൊല നടത്തിയ ശേഷം മണ്ണിൽ കുഴിച്ചിട്ട മൃതശരീരം പോലീസിൻ്റെ നിർദ്ദേശത്താൽ കുഴി തോണ്ടിയെടുക്കുന്ന പതിനാറുകാരനിൽ, അറിയാതെ കൊല ചെയ്ത് പോയ ഒരുവൻ്റെ മുഖത്ത് സാധാരണ കാണുന്ന നിസംഗതയ്ക്ക് പകരം, നിശ്ചയദാർഢ്യത്തോടെ ഒരു കൊല നടത്തിയ ഒരു പ്രൊഫഷണൽ കില്ലറിൻ്റെ ചേഷ്ടകളും പ്രവർത്തന രീതികളുമായിരുന്നു എന്നത് അത് കണ്ട ആരെയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും. ഒരു മടിയും കൂടാതെ മണ്ണ് മാറ്റി മൃതദേഹം തിരിച്ചും മറിച്ചും ഇടുമ്പോൾ താൻ കാരണം മരണത്തിന് കീഴടങ്ങേണ്ടി വന്ന സ്വന്തം സഹപാഠി എന്ന പരിഗണന പോലും കൊടുക്കാത്തത്ര ക്രൌര്യം അവൻ്റെ മുഖത്ത് കാണാനുണ്ടായിരുന്നു. പിന്നീട് പോലീസിൻ്റെ ചോദ്യം ചെയ്യലിൽ, തൃണവൽക്കരിക്കാൻ കഴിയുന്ന നിസ്സാര പ്രശ്നങ്ങൾക്കാണ് കൊലപാതകം ചെയ്തത് എന്നും, പഫ്ജി പോലുള്ള ത്രില്ലർ ഹൊറർ ഗയിമുകൾ ആണ് കൊലപാതകത്തിന് പ്രചോദനം എന്നും കൊലയാളി കുട്ടികൾ പോലീസിന് മൊഴി നൽകി എന്നും വാർത്തകളിൽ കേട്ടു.

ആധുനിക കാലത്തെ കുട്ടികൾ ഇത്തരം മൊബൈൽ ഗെയിമുകളുടെ മൂട്ടിൽ അടിമകളായി പോകുന്നതിൻ്റെ ഭവിഷ്യത്തിന് ഇതിലും വലിയൊരുദാഹരണമില്ല. നാലു ചുവരുകൾക്കുള്ളിൽ തളച്ചിട്ട് മൊബൈൽ ഗെയിമിലെ വില്ലന്മാരുമായി തല്ലുകൂടി അവരെ കൊന്നൊടുക്കി മുന്നേറുമ്പോൾ അവർ പോലും അറിയാതെ സ്വയം ഒരു ഹീറോ പരിവേഷം എടുത്തണിയുന്നത് മാത്രമല്ല കൊലപാതകം നടത്താൻ പോലും തക്കതായ ഒരു കഠിന ഹൃദയം കുട്ടികളിൽ ഉണ്ടാകാനുള്ള കാരണം, മറിച്ച്, അകത്തും പുറത്തുമുള്ള തങ്ങളുടെ സ്വകാര്യതകളിലെ വില്ലന്മാരായ കുട്ടികളെ കാണുന്ന അസഹനീയരായ മാതാപിതാക്കൾ, കുട്ടികൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും തെറ്റാണന്ന് അറിഞ്ഞാൽ പോലും, സ്വജീവിതത്തിൽ നിന്നും അവരെ അകറ്റി നിർത്താനായി, അവർ ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും പച്ചക്കൊടി കാട്ടുന്ന പ്രവണതയും കൂടി ഇതിന് കാരണമാണ്.

കുട്ടികളിൽ തങ്ങൾക്കുള്ള സ്നേഹത്തിൻ്റെ അളവുകോൽ അവർ ആവശ്യപ്പെടുന്നത് എന്തും സാധിച്ചു കൊടുക്കുക എന്ന പ്രവണത പുലർത്തുന്ന മാതാപിതാക്കൾ, നേർവഴിക്ക് നടത്തുക എന്ന ലക്ഷ്യത്തോടെ ചെറിയ ശിക്ഷകൾ കൊടുക്കുന്ന ഗുരുക്കന്മാരെ പോലും പരസ്യമായി ചോദ്യം ചെയ്യുകയും, കുട്ടികൾക്ക് വേണ്ടി അവർക്ക് മുന്നിലിട്ടു തന്നെ രണ്ടെണ്ണം കൊടുക്കാനും തയ്യാറാകുന്ന കാലം കൂടിയാണിത്. അതിനാൽ തന്നെ ചോദ്യം ചെയ്യാൻ പാടില്ലാത്ത, അപ്രമാദിത്യ രാജാക്കന്മാരായി വളർന്നു വരുന്ന തലമുറ തങ്ങൾക്ക് മുന്നിലുള്ള ഏത് പ്രതിബന്ധങ്ങളേയും പഫ്ജി കളിക്കുന്ന ലാഘവത്തോടെ തച്ചുടയ്ക്കുന്നതിൽ അവരെ മാത്രം പ്രതിസ്ഥാനത്ത് നിർത്തേണ്ട കാര്യമില്ല.

കുട്ടികളെ മുറ്റത്തേക്ക്, പ്രകൃതിയിലേക്ക് ധൈര്യപൂർവ്വം ഇറക്കിവിടുക. മഴയും വെയിലും, പുഴുവും പൂച്ചയും, മണവും നാറ്റവും, ഗുണവും ദോഷവും, അടിയും തലോടലും, പുഴയും പാടവും, ചക്കയും മാമ്പഴവും ആസ്വദിച്ച് അവർ വളരട്ടെ. ശിക്ഷിക്കേണ്ടടിത്ത് തെറ്റിൻ്റെ തീവ്രത അളന്ന് വേണ്ട ശിക്ഷ കൊടുക്കുമ്പോൾ തന്നെ തലോടലും ചുംബനവും വേണ്ടിടത്ത് അത് നിർലോഭം നൽകാനും മറക്കാതിരിക്കുക. മാതാപിതാ ഗുരു ദൈവം എന്ന സങ്കൽപ്പത്തിൽ നിന്ന് ഗുരുവിനെയും ദൈവത്തേയും അകറ്റി നിർത്തി തങ്ങളും തട്ടാനും എന്ന സങ്കൽപ്പത്തിലേക്ക് നടന്നടുക്കുന്ന ലോകത്ത് നിന്ന് തീർച്ചയായും തിരിച്ച് പോക്ക് അത്യന്താപേക്ഷിതമാണ്, അല്ലങ്കിൽ പതിനാറ് കാരൻ സഹപാഠിക്കു നേരെ ചൂണ്ടിയ ആ കോടാലി, നാളെ ഒരു പക്ഷേ മാതാപിതാക്കൾക്ക് നേരെ വീശുന്ന കാലം വിദൂരമല്ല.

Friday, 3 April 2020

കൊറോണ കാലത്തെ ഒഫീഷ്യല്‍ പിച്ചചട്ടികള്‍.

കൊറോണാ മഹാമാരി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പ്രതിസന്ധികൾ തീർത്ത് മുന്നേറിയപ്പോൾ ആണ് മുഖ്യമന്ത്രിയുടെ ഇരുപതിനായിരം കോടിയും പിറകെ പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം കോടിയും ദുരിതാശ്വാസ പ്രഖ്യാപനം ഉണ്ടായത്. പോക്കറ്റിൽ വീഴാൻ പോകുന്ന പുത്തൻ മണമുള്ള നോട്ടുകളെ ഓർത്ത് ജനം അതിരാവിലെ നെടുവീർപ്പിടാൻ തുടങ്ങിയ ഏതാണ്ട് ഉച്ചര ഉച്ചേമുക്കാൽ ആയപ്പോൾ മുഖ്യമന്ത്രി നാട്ടുകാരുടെ നേരെ പിച്ചപ്പാത്രം എടുത്ത് നീട്ടിയതിന് പിന്നാലെ പ്രധാനമന്ത്രി ലോക രാജ്യങ്ങൾക്ക് നേരെ അമ്മ തായേ കാപ്പാത്തുങ്കോ വിളി തുടങ്ങി. ചുരുക്കം പറഞ്ഞാൽ കൊറാണാ കൊണ്ട് ജനങ്ങൾക്ക് ദുരിതവും ഭരിക്കുന്നവർക്ക് ആശ്വാസവും എന്നതായി കഥ.

കേരള ഖജനാവിലെ പുട്ടടിയുടെ കഥ അങ്ങാടിപ്പാട്ടാണങ്കിലും വെറുതെ രസത്തിന് ഒന്ന് അവലോകിച്ച് പോകുന്നത് നല്ലതാണ്. തൊഴിലാളി വർഗ്ഗം ഭരണത്തിലേറിയ ശേഷം മുണ്ടു മുറുക്കിയുടുത്ത് ജനസേവനം നടത്തുന്നതിന് നൂറ് ഉദാഹരണങ്ങൾ നിരത്തി വച്ചാലും പിന്നെയും പാണന്മാർക്ക് പാടി നടക്കാൻ എമ്പാടും ബാക്കി ഉണ്ടാവും. അൻപത്താറ് ഇഞ്ച്, മൂന്നു ചങ്ക് തള്ളലുകളിൽ തളർന്നിരിക്കുന്നവർക്ക് ആശ്വാസമേകാൻ ചില സംസ്ഥാന നേരംപോക്കുകൾ ആദ്യം അവതരിപ്പിക്കാം.

ചങ്ക് മൂന്നുണ്ടെങ്കിലും പിഞ്ചു കുഞ്ഞിനെ കുളിപ്പിക്കാനും തോർത്താനും ഭക്ഷണം ഊട്ടാനും മുള്ളിപ്പിക്കാനും മുഖം മിനുപ്പിക്കാനും ഭൃത്യരുടെ ഒരു നിര ചുറ്റിനും ഉണ്ട്. ആറു പേരാണ് പിടിച്ച് നിർത്തി ഉപദേശിക്കാനും വേണമെങ്കിൽ ചന്തിക്ക് രണ്ടെണ്ണം കൊടുത്ത് നേർവഴിക്ക് നടത്താനും.

രമൺ ശ്രീവാസ്തവ (ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ്), സി എസ് രഞ്ജിത്ത് (വികസന ഉപദേഷ്ടാവ്), എ കെ ജയകുമാർ (നിയമോപദേഷ്ടാവ്), എം ചന്ദ്രദത്തൻ: (ശാസ്ത്ര ഉപദേഷ്ടാവ്), ജോൺ ബ്രിട്ടാസ്: (മാധ്യമ ഉപദേഷ്ടാവ്), പ്രഭാവർമ്മ (പ്രസ് അഡ്വൈസർ), ആർ മോഹൻ (പ്രൈവറ്റ് സെക്രട്ടറി), പി എം മനോജ് (മാധ്യമ ചുമതലയുള്ള അഡി: പ്രൈവറ്റ് സെക്രട്ടറി), പുത്തലത്ത് ദിനേശൻ (പൊളിറ്റിക്കൽ സെക്രട്ടറി), ഇതിനും പുറമേ ഐ എ എസ് കാരനായ ഒരു പ്രൈവറ്റ് സെക്രട്ടറിയും 30 ഓളം പേരടങ്ങുന്ന പഴ്സണൽ സ്റ്റാഫ് വേറെയും.

തീരുന്നില്ല, ഐ ടി രംഗത്ത് മുഖ്യമന്ത്രിയെ സഹായിക്കാൻ, രാജ്യത്തിനകത്തും പുറത്തുമുള്ള മുൻനിര മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ ഒന്നിലധികം മാനേജ്മെന്റ് വിദഗ്ദ്ധരെ ലക്ഷങ്ങൾ ശമ്പളം നൽകി "സി എംസ് ഫെല്ലോ" എന്ന തസ്തികയിൽ നിയമിക്കുകയും ചെയ്തിരിക്കുന്നു.

ഇനി രസകരമായ കമ്മീഷനുകളിലൂടെ ഒരു ജൈത്രയാത്ര നടത്താം. വി എസിനെ ഉറക്കി കിടത്താൻ സൃഷ്ടിച്ച ഭരണപരിഷ്കാര കമ്മീഷൻ, ചെറിയാൻ്റെ ചൊറിച്ചിലിന് മരുന്നായി മിഷൻ കോഡിനേറ്റർ, തീപ്പൊരി ചിന്തകൾക്ക് മേൽ തണുത്ത വെള്ളം കോരിയ ജുവജന കമ്മീഷൻ, മൊത്തത്തിൽ ഉണങ്ങിയെങ്കിലും പണം കോരി ഹരിതാഭമാക്കാൻ ടി എൻ സീമ. ഇരുമ്പിൻ്റെ അസുഖം ഭേദമാക്കാൻ മാത്രമായി ബാലകൃഷ് പിള്ളയ്‌ക്ക് മുന്നോക്ക കമ്മീഷൻ. ഡൽഹിയിൽ നിന്ന് പാത്രം നിറച്ച് തരുന്ന സമ്പത്ത് മുഴുവൻ കേരളത്തിലേക്ക് ചുമന്ന് കൊണ്ടു വരാൻ പ്രതിമാസം അൻപത് ലക്ഷം ചിലവുള്ള എം പി അല്ലാത്ത എ സമ്പത്ത്. യു ഡി എഫിനെ പുച്ഛിച്ച് മതിയാകും മുന്നെ നിയമിച്ച ചീഫ് വിപ്പ് കെ രാജൻ. ഇവയെല്ലാം ക്യാബിനറ്റ് പദവികൾ എന്നു മാത്രമല്ല, പാർട്ടി പ്രവർത്തകരെ കുത്തി നിറച്ച കുറെ സ്റ്റാഫുകൾ ഇവർക്ക് പാദസേവകരായി വേറെ. ഇതെല്ലാം കഴിഞ്ഞാണ് മരുന്ന് വാങ്ങിക്കാൻ രണ്ടു കോടി മാസവാടകയിൽ ഹെലിക്കോപ്റ്ററിൽ പറന്ന് നടക്കാൻ തീരുമാനിച്ചിരിക്കുന്നത്.

തിരിമറികളിലേക്കും, അഴിമതിയിലേക്കും കടന്നാൽ ഇരുനൂറ് പേജിൻ്റെ ബുക്ക് മതിയാകില്ല. ഈ വിഷയത്തിലെ ചെറിയ ഒരു ഓലപ്പടക്കം എന്ന നിലയിൽ പ്രളയ ഫണ്ട് മാത്രം ഒരു രസത്തിന് പറഞ്ഞ് നിർത്താം. കൊറോണാ സാലറി ചലഞ്ചുമായി സർക്കാർ മുന്നോട്ട് വരുമ്പോൾ സംശയ ദൃഷ്ടിയോടെ അതിനെ സമീപിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും.