മതോത്ബോധകർ ഒരിക്കലും അംഗീകരിക്കില്ല എങ്കിലും അറിഞ്ഞിരിക്കേണ്ട ഒരു പാഠം ഉണ്ട്. മതം എന്നാൽ വീട്ടിലെ തന്റെ കിടപ്പുമുറി പോലെ നിന്റെ മാത്രം സ്വകാര്യ സ്വത്തായി കാണുക. അവിടെ ഉറങ്ങും ഉണരും അലറും കോട്ടുവാ ഇടും, ലൈംഗികത നടത്തും, നഗ്നനായി നടക്കും. മതത്തെയും ഒരു കിടപ്പുമുറി പോലെ, തികച്ചും നിന്റെ സ്വകാര്യമാണ് തിരിച്ചറിവിൽ അത് മറ്റുള്ളവരുടെ നടുവിൽ തുറന്നിടാനോ അതിലെ കാര്യങ്ങൾ ചർച്ച ചെയ്യാനോ പോകാതിരിക്കുക. സംസ്കാരമുള്ളവനാണ് നിങ്ങളെങ്കിൽ മറ്റുള്ളവരുടെ മതമെന്ന കിടപ്പുമുറിയിലേക്ക് എത്തി നോക്കാതിരിക്കാനുള്ള മൂല്യം ഉണ്ടാക്കിയെടുക്കുക. എന്റെ കാഴ്ചപ്പാടിൽ മതേതരത്വം എന്നാൽ ഇതാണ് ഇത് മാത്രമാണ്.
Thursday, 9 December 2021
മത ഇതരത്വം
Friday, 19 November 2021
പുരുഷൂസ് ലോ ഓഫ് സാമൂഹിക പ്രതിബദ്ധത
നിങ്ങളുടെ പുരുഷു ജിവിതത്തിനിടയിൽ, നിങ്ങൾക്ക് മുന്നിൽ, മുട്ടിൽ ഇഴഞ്ഞ് നമിച്ചു നിന്ന് "ലേലു അല്ലു" വിളിച്ച ഒരാളെയെങ്കിലും ഒരിക്കൽ എങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാവും. നിങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയമാണങ്കിൽ പോലും, നിങ്ങൾ അവൻ്റെ നട്ടപ്പുറവും, ചങ്കും, കരളും, ചെവിക്കുറ്റിയും ഇടിച്ചു കലക്കാൻ, ഒരു കൂട്ടം ആദർശ പുരുഷൻമാർക്കൊപ്പം കൂടെക്കൂടിയുട്ടുണ്ടാവും. എങ്കിൽ ഉറപ്പിച്ചോളു, പ്രത്യേകിച്ചും സ്ത്രീപുരുഷ ബന്ധങ്ങളുടെ കാര്യത്തിൽ ഇത്തരം അനാവശ്യ "പുരുഷൂസ് ലോ ഓഫ് സാമൂഹിക പ്രതിബദ്ധത" നിങ്ങളിൽ അനിയിന്ത്രിതമായി ഉണ്ടങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ "കൊതിക്കുറവേശ്വരൻ" എന്ന കപട സദാചാരബോധം പേറുന്ന ചിത്തരോഗി വിഭാഗത്തിൽ പെടുന്നവനാണ് എന്ന്. ഞാൻ പറയുന്നത് സ്വന്തം വീട്ടിലുള്ള ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്ന അച്ഛൻ, ആങ്ങള, മകൻ വർഗ്ഗത്തിൽ പെടുന്ന പുരുഷ കേസരികളെ കുറിച്ചല്ല. വ്യക്തമായ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആർജ്ജവത്തോടെ വിഷയങ്ങളിൽ ഇടപെടുന്ന പുരുഷന്മാരെക്കുറിച്ചും അല്ല മറിച്ച്, തങ്ങൾക്ക് ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾക്ക് വെറുതെ ഏണി വയ്ക്കുന്ന സദാചാര പുരുഷൂസിനെ കുറിച്ചാണ്.
എന്നെ തെറി വിളിക്കാൻ ഇതിന്റെ ചുവട്ടിൽ പുരുഷ ശ്രീമാൻമാർ അണിനിരന്നേക്കാം, എങ്കിലും ഒരു കാര്യം വ്യക്തമാക്കാതെ വയ്യ. ഏതാണ്ട് ഏറിയ പങ്ക്, പുരുഷനിലും ഒരു വേലിചാട്ടക്കാരൻ ഒളിഞ്ഞിരിപ്പുണ്ട് (സ്വയം വിമർശനമായി എടുത്തോളു, നീ അങ്ങനെയാണ്, അതു കൊണ്ട് തോന്നുന്നതാണ് എന്നാണ് വാദമെങ്കിൽ അതും അംഗീകരിക്കുന്നു). എന്തെങ്കിലും വിവാഹേതര ബന്ധങ്ങൾ സമൂഹമദ്ധ്യത്തിൽ വെളിവാക്കപ്പെടുമ്പോൾ അതിനെ അപലപിച്ച് എഴുതുന്നവരിൽ ഏറിയ പങ്കും, കപടതയുടെ വികൃത മുഖംമൂടി അണിഞ്ഞവർ തന്നെയാണന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ആദർശം പേറുന്നവർ പോലും, അത്തരം സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പ്രധാനകാരണം അവർ വളർന്ന സംസ്കാരമോ, അവരെ സമൂഹത്തിൽ സ്വയം ഇകഴ്ത്തിക്കാണാൻ ആഗ്രഹമില്ലാത്തത് കൊണ്ടുള്ള മനപ്പൂർവ്വമായ ഒരു പിന്മാറ്റമോ മാത്രമാണ്. അത്തരക്കാർ പോലും, പുറത്ത് വരില്ല എന്ന് ഉറപ്പിച്ച, ചില നിരന്തരം പ്രേരണകളിൽ അടിപതറുന്നതിനും സാക്ഷിയായിട്ടുണ്ട്. വളരെ പവിത്രമെന്ന് കണ്ട ചില ബന്ധങ്ങൾ പോലും പിൽക്കാലത്ത് ലൈംഗികതയിലേക്ക് വഴുതി വീഴുന്നതിന്റെ ഉദാഹരണങ്ങളും ധാരാളം. ഇതൊരു അടിച്ചാക്ഷേപമായി എടുക്കേണ്ടതില്ല. ജൈവശാസ്ത്രപരമായി മനുഷ്യനും ഒരു മൃഗം തന്നെയാണ്. മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യനുള്ള ഏക വ്യത്യാസം അവനിലെ വിവേകം എന്ന മാത്രമാണ്. ചില മനുഷ്യരെയെങ്കിലും മൃഗാവസ്ഥയിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഈ വിവേകമാണ്, അല്ലാതെ അവനിലെ സംശുദ്ധതയാണന്ന് അഭിപ്രായമില്ല.
എന്റെ മകളോട് ചോദിച്ചാൽ ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ ഞാനാവും, എന്റെ അമ്മയ്ക്ക് ഏറ്റവും സത്ഗുണ സമ്പന്നനായ മകൻ ഞാനാവും, എന്റെ പെങ്ങൾക്ക് ഏറ്റവും സ്നേഹസമ്പന്നനായ സഹോദരൻ ഞാനാവും, എന്റെ ഭാര്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ കുടുംബസ്ഥൻ ഞാനാവും, ചിലപ്പോൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികൾക്ക് ഏറ്റവും വിശ്വസിനീയനായ പുരുഷൻ ഞാനാവും. പക്ഷേ അതിന് അപ്പുറത്തുള്ള ഒരു ലോകത്ത് ഞാൻ എങ്ങനെയെന്നത്, എന്റെ മനസ്സിൻ്റെ നിഗൂഡതകൾകളെ നിയന്ത്രിക്കാൻ എനിക്ക് എത്ര മാത്രം ആർജ്ജവം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങളെ നിയന്ത്രിക്കുന്നത് വെറും സാഹചര്യങ്ങൾ മാത്രമാണങ്കിൽ, നിങ്ങൾക്ക് ഒരു കപട സദാചാരവാദി ആകാനേ കഴിയു. മറിച്ച് നിങ്ങളെ നിയന്ത്രിക്കുന്നത് വിവേകമാണങ്കിൽ എല്ലാ വെല്ലുവിളികളേയും സമചിത്തതയാേടെ നേരിടാനും കഴിയും. നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളിലെങ്കിലും വിവേകമതികൾ തുലോം കുറവാണ്. സാഹചര്യങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന തുരുത്തിൽ പെട്ടുപോകുന്ന ഒട്ടുമിക്ക മഹാന്മാരുടേയും സദാചാരബോധം വിവേകത്തിൽ നിന്ന് വികാരത്തിലേക്ക് അടിപതറി വീഴുന്നത് കണ്ടിട്ടുണ്ട്. സാഹചര്യം എന്തു കൊണ്ടോ എത്തിപ്പെടാത്തവർ സ്വയം മഹാനെന്ന് വാഴ്ത്തി സദാചാരവാദി കുപ്പായമണിയുന്നു, പക്ഷേ അത് കൊതിക്കുറവോളജി എന്ന കപട സദാചാരമാണന്ന് മാത്രം. അത്തരക്കാർക്ക് മാത്രമേ, വഴിയിൽ കാണുന്നവനെ തടഞ്ഞു നിർത്തി മുതുകിടിച്ച് പൊളിക്കാൻ കഴിയു.
മനുഷ്യരോളം കപടത പേറുന്ന ഏത് ജീവിയുണ്ട് ഈ ലോകത്ത്.
Friday, 29 October 2021
മാദ്ധ്യമരാഷ്ട്രീയം
രാഷ്ട്രീയ പാർട്ടികൾ അവരുടെ സാധാരണ അണികൾ ചെയ്യുന്ന നിസ്സാര കുറ്റങ്ങളെ പോലും ന്യായീകരിക്കാനോ, മൂടിവയ്ക്കാനോ, മറ്റു ചിലപ്പാേൾ മഹത്വവൽക്കരിക്കാനോ ശ്രമിക്കുന്നത് കാണാം. അണികളുടെ കഥ ഇതാണങ്കിൽ നേതാക്കളുടെ അഴിമതിയോ, കുറ്റകൃത്യമോ അവരുടെ അവകാശമായി തീറെഴുതി വയ്ക്കപ്പെട്ടിരിക്കുന്നു. രസകരമായ വിഷയമെന്തെന്നാൽ, ഇതേ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പ്രതിപക്ഷ പാർട്ടികൾ ആണങ്കിൽ അത് അക്ഷന്തവ്യമായ കുറ്റമായി വിധിക്കുകയും, കല്ലെറിയുകയും, പൊതുജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യപ്പെടുന്നു എന്നതാണ്. ഭരണപക്ഷവും പ്രതിപക്ഷവും കിളിത്തട്ട് കളിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഓരോ അഞ്ചു വർഷം കൂടുമ്പോൾ നായകനും, വില്ലനും കഥാപാത്രങ്ങളെ പരസ്പരം കൈമാറുന്നു എന്നതൊഴിച്ചാൽ, ഒരേ ഗുണവും മണവുമുള്ള വീഞ്ഞ് പുതിയ കുപ്പിയിലേക്ക് പകർത്തപ്പെട്ടത് ഒഴിച്ചാൽ, കുറ്റവും ശിക്ഷയും അതിനിടയ്ക്കുള്ള ഗ്വോ ഗ്വോ വിളികളുടെ ഉറവിടങ്ങളും അതിൻ്റെ അലയൊലികൾ പോലും ഒന്നു തന്നെയാണ്.
മാദ്ധ്യമങ്ങൾ പൂർണമായും കച്ചവട സ്ഥാപനങ്ങളായി അധപ്പതിച്ചിരിക്കുന്നു. പരസ്പര പുറംചൊറിയൽ കുതിരക്കച്ചവടങ്ങളുടെ രാഷ്ട്രീയ വശങ്ങളുടെ മറുവശം കൈകാര്യം ചെയ്യുന്നത് മാദ്ധ്യമങ്ങൾ ആകുമ്പോൾ കച്ചവടം പൊടിപൊടിക്കും എന്ന് ഉറപ്പല്ലേ. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വേണ്ടി വെറും ശൂന്യതയിൽ നിന്ന് രാജ്യരക്ഷയെ തന്നെ അപമാനത്തിലാക്കിയ ചാരക്കേസ് ചമഞ്ഞെടുത്ത മനോരമ പോലെയുള്ള ഒരു മാദ്ധ്യമ സ്ഥാപനത്തിന് ഒരു തുള്ളി ചോര പോലും നഷ്ടപ്പെടാതെ ഇന്നും ഈ സമൂഹത്തിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്നുണ്ടങ്കിൽ അത് അധമ രാഷ്ട്രീയവും കച്ചവട മാദ്ധ്യമ പ്രവർത്തനവും തമ്മിലുള്ള അവിശുദ്ധ ബന്ധം എത്ര തീവ്രവും സുദൃഡവും ആണന്ന് മനസ്സിലാക്കണം. കേരള പ്രബുദ്ധതയെ മൂക്കോളം മുക്കി ചാരക്കേസ് അവിശുദ്ധമായി ചമച്ച് സത്യമെന്ന പേരിൽ അടിച്ചേൽപ്പിക്കാമെങ്കിൽ ഇന്ന് നമ്മുക്ക് മുന്നിലൂടെ സ്ക്രോൾ ചെയ്യപ്പെടുന്ന എത്ര വാർത്തകളിൽ അത് ആവർത്തിക്കപ്പെടുന്നുണ്ടാവും.
സത്യം എന്നത് സാധാരണ ജനങ്ങളുടെ തീണ്ടാപ്പാട് അകലെയാണ്. വരേണ്യ രാഷ്ട്രീയമാധ്യമ അവിശുദ്ധ ജന്മികൾ പത്ര ചാനൽ പറമ്പുകളിൽ കുഴികുഴിച്ച് ഇലയിട്ട് വിളമ്പുന്ന വാർത്താ അമേദ്ധ്യങ്ങളെ സത്യത്തിൻ്റെ ഉപ്പിട്ട കഞ്ഞിയായി കണ്ട് മൃഷ്ടാന്നം ഭോജിക്കുക മാത്രമാണ് സാധാരണക്കാരൻ്റെ വിധി. ചോദ്യങ്ങൾ ചോദിക്കാനും, നല്ലവയെ ആവശ്യപ്പെടാനും തുനിഞ്ഞാൽ, കീഴാള ചുട്ടി കുത്താനും, ചലിച്ച നാവു പിഴാനും പ്രാപ്തിയുള്ള രാഷ്ട്രീയ മാദ്ധ്യമ പ്രജാപതികളും, അവരുടെ അന്തം കുഴലൂത്തുകാരും ഉള്ളിടത്ത്, ഭൂരിപക്ഷ സാധാരണ ജനവും, അറിയാതെ ഉയർത്തിയ ചെറു ചൂണ്ടുവിരൽ പോലും മടക്കി അവൻ്റെ കുടുംബ പരാധീനതകളിലേക്ക് വലിയും. അതാണ് ഈ അവിശുദ്ധരുടെ വിജയവും.
ഇപ്പാേൾ കേരള രാഷ്ട്രീയത്തിൽ നടക്കുന്ന നാടകങ്ങളും മുകളിൽ പറഞ്ഞ തരത്തിൽ പെടുന്ന ചില അവിശുദ്ധതയുടെ ഭാഗമാണന്നതിൽ ഒരു തർക്കവുമില്ല. ഈ നാടകത്തിൻ്റെ അവസാനം പരസ്പരം കടിച്ചു കീറിയ ഭരണ പ്രതിപക്ഷ മാധ്യമ നടന്മാർ കർട്ടന് പിന്നിൽ നിന്ന് പരസ്പരം ഹസ്തദാനം പുഞ്ചിരിക്കുന്നുണ്ടാവും, അപ്പോൾ നാം പൊതുജനം ആവേശത്തോടെ പോളിംഗ് ബൂത്തിലേക്ക് ഓടുന്നുണ്ടാവും, മാദ്ധ്യമത്തിൽ നിറഞ്ഞു നിന്ന നല്ലവനായ സ്ഥാനാർത്ഥിയെയും, അവൻ്റെ മുന്നണിയേയും വിജയിപ്പിക്കാൻ.