. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, 19 April 2009

നിശാഗന്ധി

നീയെന്താടാ മെയില്‍ അയക്കാത്തത്?

സ്നേഹപൂര്‍വ്വം

യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍

സംഗീത‍.

നീണ്ട മൂന്നു മാസങ്ങള്‍ക്ക് ശേഷം അവളുടെ വളരെ ചുരുങ്ങിയ മൂന്ന് വാചകങ്ങള്‍ വായിച്ചപ്പോള്‍ ഹരിക്ക് സന്തോഷവും ഒപ്പം അത്ഭുതവുമായിരുന്നു.

സാധാരണയായി നീണ്ട ബോറടിപ്പിക്കുന്ന വാചകപരമ്പര പടച്ചുവിടാറുള്ള ഇവള്‍ക്കിതെന്തു പറ്റി?

പെട്ടെന്നു തന്നെ മറുപടി എഴുതി.....

എടീ സംഗീ.... നീ എവിടുന്നാ ഇപ്പോള്‍ കായംകുളത്തുനിന്നോ അതൊ?

യുവര്‍ ബ്രദര്‍

ഹരി.

കൂടുതല്‍ ഒന്നും എഴുതണ്ട.... അവള്‍ക്ക് തിരിച്ച് അതെ നാണയത്തില്‍ മറുപടി കൊടുക്കാം.... അവളും പഠിക്കട്ടെ.....

പരിചയപെട്ടിട്ട് എട്ടു വര്‍ഷങ്ങള്‍ ആയിട്ടും, ആണൊരുത്തന്‍ തുണയായി വന്നിട്ടും ഈ പെണ്ണിനു മാറ്റമില്ലല്ലോ ദൈവമെ?

ഹരിയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.....

രണ്ടായിരത്തിഒന്ന് ഡിസംബറിലെ ഒരു രാത്രിയില്‍ തന്റെ അമ്മയുടെ ഒരു ഫോണ്‍ കോളാണ് അതിനു നിമിത്തമായത്.

നാട്ടു വിശേഷങ്ങളും, വീട്ടു വിശേഷങ്ങളും കയ്മാറുന്നതിന്നിടയില്‍ തികച്ചും യാദൃശ്ചികമായി അമ്മയുടെ കമന്റ്!

“എടാ വയസ്സ് പത്തിരുപത്തെട്ടായി, ഇനി കല്യാണമൊക്കെ കഴിക്കാം”

ഇരുപത്തെട്ടായി എന്നു കേട്ടപ്പോള്‍ ഒന്നു ഞെട്ടി.

അതുവരെ അമ്മയുടെ ഇള്ളാ കുട്ടിയായിട്ടായിരുന്നു താന്‍ തന്നെ സങ്കല്‍പ്പിച്ചിരുന്നത്.

അമ്മ തുടര്‍ന്നു....

“പണ്ടത്തെപ്പോലെയല്ലല്ലോ നിങ്ങള്‍ക്ക് നിങ്ങളുടേതായ ആഗ്രഹങ്ങളും മറ്റും ഇല്ലെ? ആദ്യം സ്വയം ഒരു പെണ്ണിനെ കണ്ടു പിടിക്കാന്‍ നോക്കൂ.... നിനക്കു കഴിയില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ നോക്കാം..... ഇനി നിന്റെ മനസില്‍ ഏതെങ്കിലും പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ പറയാനും മടിക്കെണ്ട... നമ്മുക്ക് നോക്കാം”

കഴിഞ്ഞ മൂന്നര വര്‍ഷമായി നാട്ടില്‍ പോകാത്തതിനെ ഒരു പക്ഷെ അമ്മ ഈ വിധത്തിലാവുമോ തെറ്റിദ്ധരിച്ചിരിക്കുന്നത്?

പ്രാരാബ്ദ ചൂടിനേക്കാള്‍ വലുതായിരുന്നില്ല തനിക്ക് മരുഭൂമി!

ദാരിദ്രത്തിന്റെ ചുഴിയില്‍ കിടന്നുഴലുന്ന കുടുഃബത്തെ കരകയറ്റാന്‍ കച്ചിത്തുരുമ്പ് നീട്ടി തന്നത് അജയേട്ടനായിരുന്നു...... ഒരു അകന്ന ബന്ധു.

റിയാദില്‍ മരുവിനോട് പടവെട്ടുമ്പോള്‍ തന്റെ മനസ്സില്‍ പക്ഷെ കുടുഃബത്തിന്റെ പ്രാരാബ്ദം മാത്രമായിരുന്നില്ല. സ്വന്തം ഗ്രാമത്തില്‍ അല്പം നിലയും വിലയും ഉണ്ടാക്കിയെടുക്കണം എന്ന വ്യാമോഹവും.

മോഹങ്ങള്‍ പലതും വ്യാമോഹങ്ങള്‍ക്ക് വഴിമാറുക പതിവാണല്ലോ.

കഴിഞ്ഞ മൂന്നര വര്‍ഷമായി തന്നെ നാട്ടിലേക്ക് വരാന്‍ പ്രേരിപ്പിക്കാത്തത് തന്റെ വ്യാമോഹങ്ങളാണെന്ന് അമ്മയോടെങ്ങനെ പറയും.... പറഞ്ഞാല്‍ തന്നെ അമ്മ വിശ്വസിക്കുമെന്നും തോന്നുന്നില്ല.

അതിനാല്‍ മൌനം വിദ്വാനു ഭൂഷണമാക്കി.

വീട്ടുകാര്യവും, നാട്ടുകാര്യവും സംസാരിച്ച് അവസാനിപ്പിക്കുന്നതിനിടയില്‍ അമ്മ വീണ്ടും ഓര്‍മ്മിപ്പിച്ചു.

“എടാ ഞാന്‍ പറഞ്ഞത് മറക്കണ്ട... ക്രിഷ്ണന്‍ കണിയാന്‍ നോക്കിയപ്പോള്‍ പറഞ്ഞത് നിനക്കിപ്പൊള്‍ മംഗല്യ ഭാഗ്യമുണ്ടായില്ലെങ്കില്‍ പിന്നെ മുപ്പത്തിയേഴു കഴിഞ്ഞേ ഉള്ളെന്നാ....”

നിസ്സംഗത നിറഞ്ഞ ഒരു മൂളലില്‍ ആ സംഭാഷണം അവസാനിപ്പിച്ചു.

പിറ്റേന്ന് അജയെട്ടനോട് കാര്യം പറഞ്ഞു.

പ്രതിവിധി വളരെ പെട്ടെന്നായിരുന്നു.

“എടാ നൂറായിരം മെട്രിമോണിയല്‍ സൈറ്റുകള്‍ ഉള്ളപ്പോള്‍ നീ എന്തിനു ബേജാറാവണം” നാളെതന്നെ പ്രൊഫൈല്‍ അപ് ലോഡ് ചെയ്യു.... നോക്കാമല്ലോ നിനക്കു മംഗല്യ ഭാഗ്യമുണ്ടാവുമോ എന്ന്”

“അല്ല അജയേട്ടാ ഈ ഓണ്‍ലൈന്‍ വിവാഹങ്ങള്‍ ഒക്കെ അത്ര സക്സസ് ആകുമോ,”

“അതിനു നീ പെണ്ണുകാണാതെയാണോ കല്യാണം കഴിക്കാന്‍ പോകുന്നത്? ബ്രോക്കര്‍ ആലോചിച്ചാലും, ഓണ്‍ലൈന്‍ വഴി ആയാലും നമ്മള്‍ പെണ്ണുകാണും, ഇഷ്ടപ്പെട്ടാല്‍ വിവാഹം നടക്കും”

അജയേട്ടനു വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

അന്നു തന്നെ നിര്‍ബദ്ധപൂര്‍വ്വം തന്നെ കൊണ്ട് പ്രൊഫൈല്‍ ഉണ്ടാക്കിപ്പിച്ചിട്ടാണ് അജയെട്ടന്‍ മടങ്ങിയത്.

പ്രൊഫൈല്‍ പോസ്റ്റ് ചെയ്തത് തനിക്ക് കിട്ടിയ മറുപടി മെയിലുകളുടെ കൂട്ടത്തില്‍ തികച്ചും വ്യത്യസ്ഥമായ ഒന്ന്....

“ഭാര്യ ആകാനായിരുന്നു ക്ഷണം പക്ഷെ ഞാന്‍ ഒരു സുഹൃത്ത് ആകാന്‍ ആഗ്രഹിക്കുന്നു.... സ്വീകരിക്കുമോ?“

സ്നേഹപൂര്‍വ്വം

സംഗീത.

ഏതൊരു ചെറുപ്പക്കാരനും തോന്നുന്ന ആവേശം!

ഒരു പെണ്‍കുട്ടി സുഹൃത്താകാന്‍ ആഗ്രഹിക്കുക, അതും ഇങ്ങോട്ടേക്ക് സുഹൃത് ബന്ധം ആവശ്യപ്പെടുക!

മറുപടി എഴുതുവാന്‍ ഒട്ടും അമാന്തിച്ചില്ല.

“തീര്‍ച്ചയായും സംഗീത..... ഞാന്‍ എന്നും താങ്കളുടെ ഉത്തമ സുഹൃത്തായിരിക്കും”

എത്ര പെട്ടെന്നാണ് അവള്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത്.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ദുബായ് ശാഖയുടെ തലപ്പത്തിരിക്കുന്ന സമ്പന്നനായ അച്ഛന്‍....

ജനിച്ചതും വളര്‍ന്നതും ദുബായില്‍ തന്നെ.... ഇപ്പോള്‍ ബാംഗ്ലൂരില്‍ മൈക്രോബയോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്നു...... ഇളയവരായി രണ്ട് സഹോദരങ്ങള്‍.

ദുബായില്‍ ജനിച്ചു വളര്‍ന്നു എങ്കിലും മലയാളത്തെയും, മലയാണ്മയേയും സ്നേഹിക്കുന്നവള്‍!

ഒരിക്കല്‍ അവളോട് ചോദിച്ചു.

“എന്താണ് നിന്നെ എന്നിലേക്ക് ആകര്‍ഷിച്ചത്?“

നിശബ്ദമായ ഏതാനും നിമിഷങ്ങള്‍.....

“എന്റെ മരിച്ചു പോയ മുതിര്‍ന്ന സഹോദരന്‍..... അവന്റെയും പേര്‍ ഹരി എന്നായിരുന്നു....അവന്‍ കാഴ്ച്ചക്കും ഏതാണ്ട് നിന്നെ പോലെ തന്നെ..... ഞാന്‍ നിന്നെ അങ്ങനെ കാണട്ടെ ഹരീ”

നിരാശയല്ല സന്തോഷമാണ് തോന്നിയത്.... തനിക്കും ഒരു സഹോദരി അതും അഞ്ജാത ലോകത്ത്......

പിന്നെ സംഗിയുടെ മെയിലുകള്‍ക്കു ചുവട്ടില്‍ “സ്നേഹപൂര്‍വ്വം നിന്റെ കുഞ്ഞു പെങ്ങള്‍” എന്ന വരികള്‍ സ്ഥാനം പിടിച്ചു....

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു....

“എടാ നിനക്കെന്റെ അച്ഛനേയും, അമ്മയേയും സഹോദരങ്ങളേയും പരിചയപ്പെടെണ്ടെ?”

അവളെക്കാള്‍ ആവേശമായിരുന്നു അവരുടെ കുടുഃബത്തിന്.....

അവരുടെ സ്നേഹോഷ്മളമായ ഇടപെടീലുകളില്‍ നിന്നു തന്നെ മനസ്സിലാവും തന്നെ ഏതു രീതിയിലാണ് അവള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന്.....

പിന്നെ ഒരിക്കല്‍ അമ്മ തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ താന്‍ താലി ചാര്‍ത്തൂമ്പോള്‍ അവള്‍ക്കു പിറകില്‍ കതിര്‍മണ്ഡപത്തില്‍ തന്റെ നേര്‍ പെങ്ങള്‍ക്കൊപ്പം സംഗീതയും ഉണ്ടായിരുന്നു എന്നുള്ളത് കാലത്തിന്റെ കളി!!

എവിടെ വച്ചോ പരിചയപ്പെട്ട മുഖമില്ലാത്ത എന്റെ പെങ്ങള്‍ക്ക് മനോഹരമായ ഒരു മുഖം ദര്‍ശിച്ച ദിനവും അന്നായിരുന്നു.

അവള്‍ സമ്മാനിച്ച നിലവിളക്ക് തന്റെ മനസ്സില്‍ പ്രതിഷ്ടിച്ച് അതില്‍ ഒരു തിരി കൊളുത്തി അണയാതെ ഇന്നും താന്‍ സൂക്ഷിക്കുന്നു!

വാമഭാഗത്തിന്റെ വിശ്വസനീയയായ ചങ്ങാതിയായി അവള്‍!

തന്റെ അമ്മയ്ക്ക് ‘എനിക്കു പിറന്നില്ലല്ലോ‘ എന്നു പേര്‍ത്തും, പേര്‍ത്തും പരിതപിക്കാന്‍ ഒരു നിറ സാന്നിദ്ധ്യം ആയി അവള്‍!

തനിക്ക് ഇരട്ടകുട്ടികള്‍ പിറന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവളായിരുന്നോ......

എടാ എന്റെ അവകാശമാണ് അവരുടെ പേരുകള്‍..... അതു ഞാന്‍ കണ്ടെത്തും..... നീ സ്വീകരിക്കണം....

താന്‍ അനുവാദം ഒരു മൂളലില്‍ ഒതുക്കി.....

അവളുടെ സന്തോഷം ഉത്തും‌ഗതയില്‍ എത്തിയോ?

അര്‍ത്ഥവത്തായ പേരുകള്‍..... നിഷേധിക്കാന്‍ കഴിഞ്ഞില്ല!

എന്റെ കുട്ടികള്‍ക്ക് അവള്‍ അപ്പച്ചി (അച്ഛന്‍ പെങ്ങള്‍) യായി!

നീണ്ട മൌനം..... ഫോണ്‍കോളുകള്‍ ഇല്ല, മെസ്സേജുകള്‍ ഇല്ല!!!

കാരണം അന്വേഷിച്ച തനിക്ക് അവളില്‍ നിന്നു കിട്ടിയത് തണുത്ത പ്രതികരണം!

തന്റെ സംഗിയുടെ നിഴല്‍!

പിന്നെ തന്റെ നിര്‍ബന്ദത്തിനു മുന്നില്‍ മുട്ടു മടക്കി....

“എടാ എനിക്കൊരു ഇഷ്ടം..... നീ എന്നെ സഹായിക്കുമോ?”

“ഹ...ഹ ഇഷ്ടമോ? അതും നിനക്ക്?”

തന്റെ പ്രതികരണം അവളെ തെല്ലോന്നുമല്ല വേദനിപ്പിച്ചത്....

അടക്കിയ തേങ്ങലായിരുന്നു മറുപടി.....

“സംഗീ നീ കരയുന്നോ?” വിഷമമല്ല, അത്ഭുതം!!!

എന്തിനേയും ചിരിച്ചുകൊണ്ടു നേരിടുന്നവള്‍, താന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുന്ന റോള്‍ മോഡല്‍!!!

“എന്താ എനിക്ക് ചങ്കും, കരളും ഒന്നുമില്ലെ? കരയാതിരിക്കാന്‍?”

ചോദ്യം ഹൃദയത്തില്‍ തറച്ചു.....

“എന്താടീ മോളെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാം”

തന്റെ ഉറച്ച വാക്കുകള്‍ക്കു മുന്നില്‍ അവള്‍ ഹൃദയം തുറന്നു....

“ശ്രീജേഷ് ...... ദുബായില്‍ ഒരു ഗവണ്മെന്റ് സ്ഥാപനത്തില്‍ എഞ്ചിനീയര്‍..... നിന്നെ പോലെ ഓണ്‍ലൈന്‍ പരിചയം.... ഞങ്ങള്‍ അടുത്തു പോയെടാ.... പിരിയാന്‍ കഴിയില്ല..... നീ സഹായിക്കുമോ?”

ഏതു പെണ്ണിനും ഏതു നിമിഷത്തിലും സംഭവിക്കാവുന്ന പിഴവ്.... തന്റെ അനിയത്തികുട്ടിക്കും?

“എടീ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ഒരിക്കലും ശ്വാശ്വതമല്ല..... നീ അതിന് പിറകെ പോകരുത്”

“ഇല്ലടാ ഇതു അതുപോലെയല്ല.... ശ്രീജേഷ് നല്ലവനാണ്”

പ്രേമത്തില്‍ കാലിടറി വീണ പെണ്‍കുട്ടികള്‍ പുലമ്പാറുള്ള പതിവു പല്ലവി!!

അതില്‍ കഴമ്പു തോന്നിയില്ല......

പക്ഷെ ഒന്നു മനസ്സിലായി ഇത് പിന്മാറ്റമില്ലാത്ത ഒരു ബന്ധമായി കലാശിച്ചിരിക്കുന്നു....

“സംഗീ.... എനിക്ക് ഈ രക്തത്തില്‍ പങ്കില്ല.... നീ അച്ഛന്റെ സമ്മതം വാങ്ങൂ....”

“എടാ എന്റെ കല്യാണം ഉറപ്പിച്ചു.... കായംകുളം കീരിക്കാട് ക്ഷേത്രത്തില്‍.... നീ സുമയേയും, കുഞ്ഞുങ്ങളേയും കൂട്ടി തീര്‍ച്ചയായും വരണം”

നീണ്ട ഇടവേളക്കു ശേഷമുള്ള ഒരു സുപ്രഭാതം ഉണര്‍ത്തിയത് സംഗീതയുടെ ഫോണ്‍കോള്‍....

തന്റെ പെങ്ങള്‍ മംഗല്യവതിയാവുന്നത് കണ്ട് മനസ്സു നിറഞ്ഞു.....

തിരക്കിനിടയില്‍ ശ്രീജേഷിനെ പരിചയപ്പെടുത്താന്‍ സംഗീതക്കോ, സ്വയം പരിചയപ്പെടാന്‍ തനിക്കോ സാധിച്ചില്ല!

സാരമില്ല ദിനങ്ങള്‍ ഇനി എത്രകിടക്കുന്നു..... ദൂരെ നിന്നു കൈ ഉയര്‍ത്തി വിട പറയുമ്പോള്‍ മനസ്സ് നിറഞ്ഞിരുന്നു....

നീണ്ട മൂന്നുമാസങ്ങള്‍ക്കു ശേഷം ഇന്ന് അവളുടെ ഒരു മെയില്‍ ‍!!!

“നീയെന്താടാ മെയില്‍ അയക്കാത്തത്?

സ്നേഹപൂര്‍വ്വം

യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍

സംഗീത‍.“

സന്തോഷം..... തന്റെ സംഗിയെ, കുഞ്ഞിപെങ്ങളെ മാറ്റൊട്ടും കുറയാതെ തിരിച്ചു കിട്ടിയല്ലോ!!!

മെസ്സേജ് അലേര്‍ട്ട് “യു ഹാവ് എ മെസ്സേജ് ഫ്രം സംഗീത”

ഇത്ര പെട്ടെന്ന്...?? സംഗീ യു ആര്‍ ഗ്രേറ്റ്...

“പ്രിയ ഹരീ.... ഞാന്‍ സംഗീതയുടെ ഭര്‍ത്താവ്.... ശ്രീജേഷ്..... താങ്കള്‍ സംഗീതക്ക് അയച്ച ആദ്യ മെസ്സേജു മുതല്‍ കുറച്ചു മുന്‍പയച്ചതു വരെ കാണുകയുണ്ടായി..... എനിക്കതില്‍ അത്ര വലിയ തീവ്രത ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.... ഇനി അഥവാ അത്തരം തീവ്രത ഉണ്ടെങ്കില്‍ തന്നെ ഓണ്‍ലൈന്‍ ബന്ധങ്ങളിലെ ചതിയും, കുഴിയും തിരിച്ചറിയാന്‍ കഴിവുള്ള ഒരാള്‍ എന്ന നിലയിലും, അവളുടെ ഭര്‍ത്താവെന്ന നിലയിലും അത്തരം ഒരു ബന്ധത്തിന് പച്ചക്കൊടി കാട്ടാന്‍ എനിക്കു സാധിക്കില്ല എന്നറിയിക്കട്ടെ.... നിങ്ങള്‍ ഇതുവരെ സംഗീതക്ക് നല്‍കിയ എല്ലാ സപ്പോര്‍ട്ടുകള്‍ക്കും നന്ദി.... ഇതിനൊരു മറുപടി ആഗ്രഹിക്കുന്നുമില്ല

സ്നേഹപൂര്‍വ്വം ശ്രീജേഷ്.”

നിശാഗന്ധി നീ എത്ര ധന്യ...... നിശാഗന്ധി നീ എത്ര ധന്യ.....

ഓ എന്‍ വി യുടെ കവിത അകലെ എവിടെയോ നിന്നു ഒഴുകി എത്തുന്നുണ്ടായിരുന്നു....

13 comments:

  1. കഴിഞ്ഞ 2 വര്‍ഷമായി എന്റെ ഹൃദയത്തെ മധിക്കുന്ന ചില സത്യങ്ങള്‍ ഈ കഥയില്‍ ഒളിഞ്ഞിരിക്കുന്നു.... കഥയില്‍ എല്ലാം സത്യമല്ല എങ്കിലും എനിക്കങ്ങനെ ഒരു സഹോദരിയുണ്ടായിരുന്നു....

    ReplyDelete
  2. ഞാനും ന്റെ കെട്ടിയോളും തട്ടാനും മാത്രമുള്ള ലോകത്ത് ജീവിക്കുന്ന ആളുകള്‍ ഇന്നും ഉണ്ട് കൂട്ടുകാരാ. സൌഹൃദങ്ങള്‍ പലപ്പോഴും പലര്‍ക്കും അസ്വസ്ഥതകള്‍ ജനിപ്പിക്കാറുണ്ട്,ചിലപ്പോള്‍ അസൂയയും! അങ്ങിനോയൊക്കെ കണ്ടാ മതിയെടോ,നീര്‍വിളാകാ ..എന്താ?

    ReplyDelete
  3. അച്ഛന്‍ മാത്രം
    അച്ഛനെ പോലെ എന്നില്ല.
    ആങ്ങള അല്ലതെ ആങ്ങളെ പോലെ എന്നില്ല
    സഹോദരിയെന്നല്ലാതെ
    സഹോദരിയെ പോലെ എന്നില്ലാ
    എത്ര പുരോഗമനം പറയുന്ന പുരുഷനും
    അതൊന്നും ഉള്‍കൊള്ളാനാവില്ല.
    ഒരു പരിധിവരെ സ്നേഹത്തിന്റെ പേര്‍ സ്വാര്‍ത്ഥതയെന്നാണ്.........

    നല്ല കുറിപ്പ് നന്നായി കുറിച്ചിട്ടത്,
    ഇത്രയും എഴുതിയപ്പോള്‍ മനസ്സൊന്ന് അയഞ്ഞില്ലെ?

    ReplyDelete
  4. ആ പെണ്‍കുട്ടിയുടെ ഒരു ഭാഗ്യമേ;...

    നീരു എന്നെ തല്ലാന്‍ വരണ്ടാ..

    ReplyDelete
  5. ഭർത്താവ് വേഷക്കാരന്റെ സ്വർത്ഥത.
    സ്നേഹം ത്യാഗമാണ്.

    ReplyDelete
  6. ഏതാണ്ടിത് പോലെ ഒക്കെയുള്ള ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് . പക്ഷെ ക്ലൈമാക്സ് ഇങ്ങനെ അല്ലായിരുന്നു . തനിച്ചു കണ്ടാല്‍ അവളുടെ ഭര്‍ത്താവെന്ന മാന്യ ദേഹം എന്നെ മൈന്‍ഡ് ചെയ്യില്ല . അവള്‍ കൂടെയുണ്ടെങ്കില്‍ വല്യ ഹൃദയ വിശാലത കാണിക്കും . അത്ര തന്നെ . ഓരോ കൊമ്പ്ലെക്സുകള്‍ ..

    ReplyDelete
  7. കഥയാണെങ്കിലും ഒന്ന് ചോദിച്ചോട്ടെ ,കല്യാണത്തിന് ശേഷം ഭര്‍ത്താവിനു സംഗീത മനസ്സും ,ശരീരവും അര്‍പിച്ചതിനോടൊപ്പം ഇ മെയില്‍ പാസ്സ്‌വേര്‍ഡ്‌ കൂടി അര്‍പ്പിച്ചുവോ .

    ReplyDelete
  8. കഥയാണെങ്കിലും ഒന്ന് ചോദിച്ചോട്ടെ ,കല്യാണത്തിന് ശേഷം ഭര്‍ത്താവിനു സംഗീത മനസ്സും ,ശരീരവും അര്‍പിച്ചതിനോടൊപ്പം ഇ മെയില്‍ പാസ്സ്‌വേര്‍ഡ്‌ കൂടി അര്‍പ്പിച്ചുവോ .

    ഫെമിനിസം പ്രസംഗിക്കുന്ന പെണ്ണുങ്ങള്‍ പോലും താന്‍ പതിവൃതയാണെന്നു തെളിയിക്കാന്‍ ഇപ്പോള്‍ ആദ്യം പ്രയൊഗിക്കുന്ന മാര്‍ഗം അതാണല്ലോ?... മെയില്‍ പാസ്സ്‌വേര്‍ഡ് വരെ കൊടുത്ത് താന്‍ സത്യസന്ധയാണെന്ന് തെളിയിക്കുക!

    ReplyDelete
  9. ഫെമിനിസം പ്രസംഗിക്കുന്ന പെണ്ണുങ്ങള്‍ പോലും താന്‍ പതിവൃതയാണെന്നു തെളിയിക്കാന്‍ ഇപ്പോള്‍ ആദ്യം പ്രയൊഗിക്കുന്ന മാര്‍ഗം അതാണല്ലോ?... മെയില്‍ പാസ്സ്‌വേര്‍ഡ് വരെ കൊടുത്ത് താന്‍ സത്യസന്ധയാണെന്ന് തെളിയിക്കുക!
    ഹരിയുടെ പെങ്ങള്‍ സംഗീത മുകളില്‍ പറഞ്ഞവളുമാരുടെ കൂട്ടത്തില്‍ പെടുന്നവളനെന്നു വായിച്ചിട്ട് തോന്നിയില്ല ,

    ReplyDelete
  10. പെൺകുട്ടികൾക്കുണ്ടാകുന്ന ആൺ സൌഹൃദങ്ങളെ അതിന്റെ നല്ല അർത്ഥത്തിൽ മാത്രം കാണുന്ന ഹൃദയവിശാലതയൊന്നും നമ്മുടെ സമൂഹത്തിനുണ്ടെന്നു പ്രതീക്ഷിക്കണ്ട.

    ReplyDelete
  11. എല്ലാം അത്രയൊക്കെയേ ഉള്ളൂ. കൂടുതല്‍ പ്രതീക്ഷിക്കാതിരിക്കാന്‍ സാധിച്ചാല്‍ നല്ലതു്.

    ReplyDelete
  12. സ്നേഹം ത്യാഗമാണ്... അങ്ങനെ ചിന്തിക്കു ..
    ഇത്ര സ്വർത്ഥനായ അയാളുടെ കൂടെ ആ കുട്ടി എങ്ങെനെ കഴിയുന്നു

    ReplyDelete
  13. ആരെയും കുറ്റം പറയാന്‍ പറ്റില്ല. :)

    ReplyDelete