അടുത്ത ജന്മത്തിൽ എനിക്കൊരു പെണ്ണായി ജനിക്കണം...
ജനിച്ചു വീഴുമ്പോൾ ചുറ്റുമുള്ളവരിൽ ഉണ്ടാകുന്ന നിസംഗത നേരിട്ടറിയണം..
'ദൈവം സഹായിച്ചാൽ അടുത്തത് ഒരു ആണായിരിക്കുമെടീ' എന്ന് അയൽവക്കത്തെ പൊങ്ങച്ച ചേച്ചിമാർ അമ്മയെ അശ്വസിപ്പിക്കുന്നത് കേൾക്കണം.
'നീ പെണ്ണാണ് കാലടുപ്പിച്ചിരിക്കടീ' എന്ന ശാസന അറ്റം കൂർത്ത നഖം കയറിയ നീറ്റലായി വലത്തേ തോളിൽ അണമുറിയാതെ പേറണം...
"നീ വല്യ കുട്ടിയായി ഇനി ആൺകുട്ട്യോളുടെ കൂടെയൊന്നും കൂട്ടുകൂടാൻ പാടില്ല" എന്ന മുത്തശ്ശി മൊഴി നിസംഗതയോടെ കേട്ടിരിക്കണം..
അച്ഛന്റെ വിയർപ്പ് മണവും, സ്നേഹമുത്തങ്ങളും ഒരു തീണ്ടാപ്പാട് അകലെയാകുന്നത് സന്തോഷത്തോടെ മനസ്സിലാക്കണം...
തീണ്ടാരിയായി വീടിന്റെ വടക്കേ മൂലയിലെ മുറിയിൽ ഒരു കീറപ്പായയിൽ ക്ഷുദ്രജീവികളോട് മല്ലടിച്ച് ഉറങ്ങുന്നതിന്റെ സുഖമൊന്ന് അനുഭവിക്കണം...
നിതംബവും മാറും അളക്കുന്ന കണ്ണുകളിലെ കാമവും വെറിയും നേരിട്ട് അനുഭവിച്ച് പ്രതികരിക്കാത്ത തല കുമ്പിട്ട് നടക്കുന്ന ഉത്തമ വനിതയാവണം....
ബസ്സിലെ, ബീച്ചിലെ, സിനിമാ കൊട്ടകയിലെ കാമകണ്ണുകളുടെ ആർത്തി പൂണ്ട തോണ്ടലുകളെ നിസംഗതയാടെ ഉൾക്കൊണ്ട് പരാതിയും പരിഭവും ഇല്ലാത്ത ഒരു നല്ല പെണ്ണ് സർട്ടിഫിക്കറ്റിന്റെ ഉടമയാവണം..
പൊതു ഇടങ്ങളിൽ വെറും പെണ്ണെന്ന് ചാപ്പ കുത്തി മാറ്റി നിർത്തലിന്റെ സുഖവും സന്തോഷവും അനുഭവിച്ചറിയണം...
"അവൻ പഠിച്ചോട്ടെ, നീ വല്ലയിടത്തും കയറി ചെല്ലേണ്ടവളല്ലേ നിനക്ക് ഇത്രയും പഠിത്തം മതി" എന്ന പക്ഷം തിരിക്കൽ ശിരസ്സാ വഹിച്ച് ഒരു അടുക്കളപ്പുഴുവായി ജീവിച്ച് കാട്ടണം...
മനസ്സിൽ മൊട്ടിട്ട പ്രണയം പറഞ്ഞാൽ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന മാനനഷ്ടമോർത്ത് മുറി അടച്ചിരുന്ന് തല തുടയ്ക്കുള്ളിൽ അമർത്തി വിതുമ്പി കരയണം....
സ്ത്രീതന്നെ ധനമെന്ന പൊതുഇട ഘോര പ്രാസംഗികന്റെ പെണ്ണുകാണൽ ചടങ്ങിലെ ആർത്തി ചോദ്യങ്ങളോട് ആരാധനയോടെ പ്രതികരിക്കുന്ന ബന്ധുക്കളുടെ കൂടെ നിന്ന് കൈയ്യടിക്കണം..
മനസ്സിൽ വച്ചാരാധിച്ച വിഗ്രഹത്തെ ഉടച്ച്, ഉറ്റവർ ചൂണ്ടിക്കാട്ടിയ കളിമൺ പ്രതിമയ്ക്ക് മുന്നിൽ തലകുനിച്ച് അവരുടെ മാനം കാത്ത് നീതിമതി ആവണം..
ആ രാത്രിയിൽ പുരുഷ വന്യതയ്ക്ക് ചുവട്ടിൽ ആദ്യ വേദനയുടെ ഒരു ഭാവവും കാട്ടാതെ അവന്റെ സങ്കൽപ്പ നായികയായി അഭിനയിച്ച് തകർക്കണം....
കിടക്കയിലും പുറത്തും അവനാണ് നായകൻ എന്ന് തിരിച്ചറിഞ്ഞ് അവൻ പറയുന്ന എന്തും അനുസരിച്ചും അംഗീകരിച്ചും ഒരു ആഫ്രിക്കൻ അടിമ അനുഭവിക്കുന്ന സന്തോഷം അനുഭവിച്ചറിയണം....
ഉപ്പു കുറഞ്ഞതും, മുളകു കൂടിയതും പറഞ്ഞുള്ള അവന്റെ കൈക്കരുത്തിനെ, സ്നേഹത്തലോടുകളായി ഏറ്റെടുത്ത് അടുക്കള മൂലയിലയിലെ കൂറകൾക്ക് സന്തോഷത്തോടെ കൂട്ടാകണം....
വയറ്റിനുള്ളിൽ ഗർഭചുമട് കൊണ്ടു നടക്കുമ്പോഴും, അവന്റെ കഷ്ടപ്പാടുകളെ, ജോലിയിലെ ആത്മാർത്ഥതയെ കുറിച്ചുള്ള വാചാലതകൾ കൗതുകത്തോടെ കേട്ടിരിക്കണം...
"നിനക്ക് ഈ വീട്ടിൽ എന്താണ് ഇത്ര പണി" എന്ന ഗർവ്വേറിയ ചോദ്യശരങ്ങൾ, മുഖത്തെ വിയർപ്പു കണങ്ങളെ എന്നപോല്‍ സാരിത്തുമ്പാൽ അമർത്തി തൂത്ത് കളഞ്ഞ് "എനിക്കിവിടെ പരമസുഖം" എന്ന് പറയാൻ പഠിക്കണം....
തുടയെല്ലുകൾ തകർക്കുന്ന വേദന തീർത്ത് മകൻ പുറത്തു വരുമ്പോൾ എന്നിലെ വേദനയേക്കാൾ അവന്റെ കീറ്റലിൽ ആശങ്കപ്പെട്ട് മാറോട് ചേർത്ത് സ്നേഹപ്പാൽ ചുരത്തണം....
മകന്റെ ഗുണങ്ങളെ എല്ലാം അച്ഛന്റെ കഴിവുകളായും, ദോഷങ്ങളെ എല്ലാം അമ്മയുടെ കഴിവുകേടുകളായും ചിത്രീകരിക്കുമ്പോള്‍ അത് കേട്ട് തലകുലുക്കി ഒരു പരാതിയും പറയാത്ത ഉത്തമ കുടുംബിനി ആവണം....
മകന്റെയും മരുമകളുടെയും കുത്തുവാക്കുകള്‍ സന്തോഷത്തോടെ നഞ്ചിലേറ്റി അവരുടെ താളത്തിനു ഒത്തു നൃത്തം ചവിട്ടുന്ന നന്ദിയുള്ള ഒരു നാടന്‍ പട്ടിയാവണം....
പിന്നെ സുഗന്ധം പേറുന്ന വൃദ്ധ സദനത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതത്തില്‍ പറയാന്‍ മറന്നു പോയ എല്ലാ തമാശകളും സഹമുറിയരോട് പകര്‍ന്ന്‍ ആര്‍ത്തട്ടഹസിച്ച് ചിരിക്കണം.....
ഒടുവില്‍ ആരോ തീര്‍ത്ത ചാണക വറളിയുടെ പട്ടടയില്‍ ചൂടറിയാതെ നീറി നീറി വെന്തു തീരണം....
പെണ്ണായി പിറന്നതിൻ വ്യഥകൾ ...
ReplyDelete