കാലം 1987. ഞാന്‍ എട്ടാം ക്ലാസ്സില്‍. പൊടിമീശ ഒക്കെ വരാന്‍ തുടങ്ങിയിരിക്കുന്നു. നല്ലതും ചീത്തയും തിരിച്ചറിയാതെ കാണുന്നതെന്തും ചെയ്യാനും അനുകരിക്കാനും തോന്നുന്ന പ്രായം....
എട്ടാം ക്ലാസ്സിലെ ഓണപ്പരീക്ഷ തുടങ്ങി. എക്സാം റൂം ഹെഡ്മാസ്റ്റര്‍ ഓഫീസിന്റെ തൊട്ടുപിറകിലാണ്. ഹെഡ്മാസ്റ്റര്‍ക്ക് ആ റൂമില്‍ നിന്ന് നേരിട്ട് ഞങ്ങള്‍ ഇരിക്കുന്നിടത്തെക്ക് കടക്കാന്‍ വാതില്‍ ഉണ്ട്. ആദ്യ ദിവസം മലയാളം. ബഞ്ചിന്റെ നടുക്ക് ഒരു പത്താംക്ലാസ് ചേട്ടനും രണ്ടു അറ്റങ്ങളിലായി ഞങ്ങള്‍ എട്ടാം ക്ലാസുകാരും. അങ്ങനെ ആയിരുന്നു പരീക്ഷ എഴുത്തിന്റെ സംവിധാനം....
യു പി സ്കൂളിന്റെ അറിവില്ലായ്മയില്‍ നിന്നുള്ള ഹൈസ്കൂളിലെക്കുള്ള പറിച്ച് നടീലില്‍ സ്വതവേ ഏതോ ലോകം വെട്ടിപ്പിടിച്ച മനോഭാവത്തില്‍ ആണ് ഞാനും മിക്കവാറും എന്റെ എല്ലാ സുഹൃത്തുക്കളും. മലയാളം പരീക്ഷക്കിടയില്‍ ഞാന്‍ അത്ഭുതത്തോടെ ആ സംഗതി കണ്ടു. എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്ന പത്താംക്ലാസ് ചേട്ടന്‍ നിക്കറിന്റെ പോക്കറ്റിലേക്ക് കൈകടത്തി ഒരു കുഞ്ഞു പേപ്പര്‍ എടുക്കുന്നു, അതില്‍ കുത്തിക്കുറിച്ചിരിക്കുന്ന കുഞ്ഞുകുഞ്ഞു അക്ഷരങ്ങളിലേക്ക് സൂക്ഷ്മമായി നോക്കി അത് പരീക്ഷാപേപ്പറിലെക്ക് പകര്‍ത്തുന്നു. ഇടക്കിടെ പരിസരങ്ങളെ സാകൂതം വീക്ഷിക്കുന്നു. പിന്നെ അല്‍പ്പം അഹന്തയോടെ തൊട്ടടുത്തുള്ള ഞങ്ങള്‍ കുഞ്ഞു പിള്ളേരെ നോക്കുന്നു. വീണ്ടും എഴുതുന്നു....
ആദ്യം സംഗതി മനസ്സിലായില്ല. പിന്നെ സംഗതി കോപ്പിയടി എന്ന ഉത്കൃഷ്ട കലയാണെന്ന് മനസ്സിലായപ്പോള്‍ ആ ചേട്ടനോട് അളവറ്റ ആദരവും ബഹുമാനവും കൊണ്ട് മനസ്സ് നിറഞ്ഞു. പരീക്ഷ കഴിഞ്ഞപ്പോള്‍ പോയി ചേട്ടനെ കണ്ടു കോപ്പിയടിയുടെ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതല്‍ അറിയുകയും മനപ്പാഠം ആക്കുകയും ചെയ്തു.....
പിറ്റേന്ന് ഇംഗ്ലീഷ് പരീക്ഷ. അന്ന് ആ ചേട്ടന്‍ തന്റെ ബ്ലേഡ് പരുവമായ ഹവായ് ചെരുപ്പില്‍ ആയിരുന്നു തന്റെ ഉദാത്തമായ കലാപരീക്ഷണം നടത്തിയത്. കോപ്പിയടിച്ചേ ഉറക്കം വരൂ എന്ന ഘട്ടത്തില്‍ എന്നെ എത്തിച്ചു ആ കാഴ്ച....
പിറ്റേന്ന് ഹിന്ദി പരീക്ഷയാണ്. വൈകുന്നേരം വീട്ടില്‍ പോയിരുന്ന് ഗണപതിക്ക് വച്ച് ഞാനും കലാപരിപാടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചു. ഒരു തുണ്ട് പേപ്പര്‍ എടുത്തു. എന്താണ് എഴുതേണ്ടത്? കോപ്പിയടി എന്നത് എനിക്ക് മറ്റ് കുട്ടികളുടെ മുന്നില്‍ അഹന്ത കാണിക്കാനുള്ള, ധൈര്യം പ്രകടിപ്പിക്കാന്‍ മാത്രമുള്ള ഒരു കലയാണെന്ന് തിരിച്ചറിവില്‍ എനിക്ക് ഏറ്റം അറിയാവുന്ന ഒരു ഹിന്ദി പദ്യം തന്നെ കുത്തി കുറിച്ചു.....
മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍ ചൌടീ സീട്ട് ലഗായി.....
രാവിലെ തന്നെ ക്ലാസ്സില്‍ എത്തി, എന്റെ വീരഗാഥ അടുത്ത കൂട്ടുകാരെ ഒക്കെയും കാണിച്ചു, വിവരിച്ചു. ചിലര്‍ തോളില്‍ തട്ടി എന്റെ ധൈര്യത്തെ അഭിനന്ദിച്ചു, ഭീരുക്കള്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു....
പരീക്ഷ തുടങ്ങി... അതുവരെ ഉള്ള ധൈര്യം ഒന്നും ഇപ്പോള്‍ എനിക്കില്ല, എങ്കിലും അഭിമാനം കാത്ത് സൂക്ഷിക്കേണ്ടത് കടമയാണല്ലോ!!! ചോദ്യപേപ്പറില്‍ പരതി. പദ്യം ചോദിച്ചിട്ടുണ്ട് 18 ആമത്തെ ചോദ്യം. പത്താം ചോദ്യത്തില്‍ എത്തിയപ്പോള്‍ ഞാന്‍ നിക്കറിന് ഇടയില്‍ ഒളിപ്പിച്ച തുണ്ട് പേപ്പര്‍ എടുത്ത് ഡെസ്കിന്റെ ചെറു വിടവിലേക്ക് തിരുകി....
ആ കൃത്യം കഴിയുകയും ഹെഡ്മാസ്റ്റര്‍ വാതില്‍ തുറന്നു ക്ലാസിലേക്ക് പ്രവേശിച്ചു. എല്ലാവരും എഴുന്നേല്‍റ്റ് ഒറ്റ സ്വരത്തില്‍ "ഗുഡ് മോര്‍ണിംഗ് സാര്‍" പറഞ്ഞു. അദ്ദേഹം കൈ ഉയര്‍ത്തി എല്ലാവരോടും ഇരിക്കാന്‍ ആഗ്യം കാട്ടി. എല്ലാവരും ഇരുന്നു. ഞാന്‍ ഒഴികെ!!!!
ഹെഡ്മാസ്റ്റര്‍ എന്റെ അരികിലേക്ക് വന്നു. എന്നെ വിയര്‍ത്ത് ഒലിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തോളില്‍ തട്ടിയിട്ടു പറഞ്ഞു "എന്താ പ്രശ്നം....? ഇരിക്കൂ...."
ഒരു യന്ത്ര മനുഷ്യന്‍ ചെയ്യും പോലെ ഡിസ്ക്കിലെ വിടവില്‍ ഒളിപ്പിച്ച ചെറിയ തുണ്ട് പേപ്പര്‍ എടുത്ത് അദ്ദേഹത്തിന്‍റെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് തുറന്നു നോക്കി, പിന്നെ എന്റെ പരീക്ഷാ പേപ്പര്‍ എടുത്ത് നോക്കി. പിന്നെ അദ്ദേഹം തന്നെ എന്റെ പേപ്പറും എല്ലാം എടുത്ത് മുന്നില്‍ നടന്നു. ഞാന്‍ കീ കൊടുത്ത ഒരു പാവയെ പോലെ പിറകെയും.
ഓഫീസില്‍ ചെന്ന് ഹെഡ്മാസ്റ്റര്‍ തന്റെ കസേര ചൂണ്ടിയിട്ട് പറഞ്ഞു "ഇതില്‍ ഇരുന്ന് എഴുതിക്കൊള്ളൂ". അതികഠിനമായ അപകര്‍ഷതാ ബോധത്തോടെ ആ വലിയ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ കസേരയില്‍ ഇരുന്ന് ഞാന്‍ ഹിന്ദി പരീക്ഷ എഴുതി തീര്‍ത്തു. അവിടെ വരുന്ന അധ്യാപകരും വരാന്തയില്‍ കൂടി നില്‍ക്കുന്ന വിദ്ധ്യാര്‍ത്ഥികളും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു....
എന്റെ ആദ്യത്തെയും അവസാനത്തെയും കോപ്പിയടി, കോപ്പിയടിക്കാതെ അവിടെ പര്യവസാനിച്ചു
--------------------------------
പട്ടി എന്ന് വിളിച്ചതിന് തിരുവനന്തപുരത്ത് ഒരു വിദ്ധ്യാര്‍ത്ഥിനിയേ പട്ടിക്കൂട്ടില്‍ മൂന്നു മണിക്കൂര്‍ പട്ടിയോടൊപ്പം അടച്ചിട്ടു എന്ന് ഒരു വാര്‍ത്ത വന്നിരുന്നു. അങ്ങനെ എങ്കില്‍ ഞാന്‍ കാണിച്ച കുസൃതികള്‍ക്ക്, വിളിച്ച പദപ്രയോഗങ്ങള്‍ക്ക് എന്റെ അദ്ധ്യാപകര്‍ എന്നെ എവിടെയൊക്കെ അടക്കേണ്ടി വരുമായിരുന്നു ദൈവമേ....!!!
No comments:
Post a Comment