. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, 27 August 2019

വിമർശനം സാഹിത്യമാവണം


വിമർശനം ഒരു കലയാണ്. വിമർശന സാഹിത്യകാരന്മാരിൽ പ്രമുഖനായിരുന്ന ശ്രീ സുകുമാർ അഴീക്കോടിനെ ഓർക്കുക. അദ്ദേഹത്തിന്റെ വാക്കുകളെ ഒരിക്കൽ എങ്കിലും ശ്രവിക്കുക. എന്തിനെയാണോ വിമർശന വിധേയമാക്കാൻ ഉദ്ദേശിക്കുന്നത്, അതിനെ കുറിച്ച് വ്യക്തമായ പഠനം ആവശ്യമായി വരും. വിഷയത്തിലേക്ക് ഇറങ്ങി അതിനെ അപഗ്രഥിക്കുമ്പോളാവും, അതിന്റെ ആഴങ്ങളിലേക്ക് എത്തുമ്പോഴാകും, ഇതുവരെ ഞാൻ ചിന്തിച്ച് വച്ചിരുന്നത് തെറ്റായിരുന്നു എന്നാേ, ഞാൻ ചിന്തിച്ചതിനേക്കാൾ അപകടകാരിയാണ് പ്രസ്തുത വിഷയമെന്നോ തിരിച്ചറിയാൻ കഴിയൂ. അത്തരത്തിൽ സ്വായത്തമാക്കുന്ന അറിവുകളിലൂടെ സ്വയം തിരുത്തലുകൾ സാധിക്കും, കൂടുതൽ അർത്ഥവത്തായ വിമർശനങ്ങളും സാധിക്കും.

പരിഹാസത്തെ വിമർശനത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയില്ല. വിഷയത്തിൽ അറിവുള്ളവൻ എതിരാളിയെ പരിഹസിക്കില്ല, മറിച്ച് എതിരാളി പറഞ്ഞതിനെ ക്ഷമയോട് ശ്രവിച്ച് തന്റെ അറിവിനെ മുന്നിൽ നിർത്തി എതിരാളി പറഞ്ഞതിനെ ഖണ്ഡിക്കാൻ ശ്രമിക്കുക മാത്രമേ ചെയ്യുകയുള്ളു. എതിരാളി അറിവില്ലായ്മയുടെ പുകപടലങ്ങൾക്കിടയിൽ മാത്രം പറക്കാൻ ആഗ്രഹിക്കുന്നവനും, പരിഹസിച്ചും, മോശം വാക്കുകൾ പ്രയോഗിച്ചും വിഷയത്തെ നേരിടാൻ ശ്രമിക്കുന്നവനും ആണന്ന് തിരിച്ചറിയുന്ന ആ നിമിഷം അത്തരം സംവാദങ്ങളിൽ നിന്ന് പിന്മാറുക എന്നതാണ് ഉദാത്തം. കാരണം അത്തരക്കാർ പരാജയത്തിന്റെ ദുർഗന്ധം മണക്കുന്ന സമയം വീട്ടുകാരെയും ബന്ധുക്കളെയും തുമ്മിപ്പിക്കാൻ തുടങ്ങും. നിങ്ങൾ കാരണം അവർ തുമ്മരുത് എന്ന് അതിയായ ആഗ്രഹമുണ്ടങ്കിൽ അവിടെ ഒരു ഫുൾസ്റ്റാേപ്പ് ഇട്ട് നമ്മൾ അറിവില്ലായ്മയുടെ ഗാർബേജാണന്ന് വിനയപൂർവ്വം സമ്മതിച്ച് പിന്മാറിയേക്കുക.

വായനലൂടെ നേടാൻ കഴിയാത്തതായ ഒരറിവും ഈ ലോകത്തില്ല. അറിവു നേടുന്നവനിൽ ഞാൻ എന്ന ഊറ്റം കൊള്ളൽ ഉണ്ടാവില്ല. ഒരു മനുഷ്യനെ വിനയാന്വീതനാക്കും. ഒരുവനെ സ്വതന്ത്ര ചിന്തകനാക്കും. ഈ ലോകത്ത് ഞാൻ മാത്രമല്ല ബോധം ഉണ്ടാക്കും. സ്വയം വിശ്വാസ പ്രമാണങ്ങളിൽ ഊന്നി നിൽക്കുമ്പോഴും അന്യന്റെ വിശ്വസങ്ങളെ ബഹുമാനിക്കാൻ പഠിക്കും. ജാതി മത ചിന്തകൾക്ക് അതീതമായി മനുഷ്യത്വം സ്വായത്തമാകും. എന്തിനേറെ അറിവിലൂടെ ഒരുവൻ കലാകാരനാവും, കാരുണ്യമയനാകും.

എന്തിനേയും എതിരിടുന്നതിന് മുമ്പ് അതിൽ കഴിയുന്നത്ര അറിവ് ആർജ്ജിക്കുക എന്നത് നിങ്ങളെ ശ്രവിക്കുക, വായിക്കുന്ന സമൂഹത്തോടുള്ള കടപ്പാടും കടമയും കൂടിയാണ്. നിങ്ങൾ എഴുതുന്നതും പറയുന്നതുമായ കാര്യങ്ങൾ സമൂഹത്തിൽ ഒരാളുടെ എങ്കിലും മനം മാറ്റുന്നു എങ്കിൽ അതിൽ പൂർണ ഉത്തരവാദി നിങ്ങൾ തന്നെ ആയിരിക്കും. അത് അൽപ്പ ജ്ഞാനമാണങ്കിൽ അപകടവും, പൂർണ്ണ ജ്ഞാനമാണങ്കിൽ സമൂഹ നന്മയും ആണന്ന തിരിച്ചറിവുണ്ടാകുമെങ്കിൽ വിഷയത്തെ കുറിച്ച് പഠിക്കാൻ നിങ്ങൾ മടിക്കില്ല. ദൈവത്തെ പരിഹസിച്ച എത്രയോ നിരീശ്വരവാദികൾ നിരന്തരമായ വായനയുടെ ഫലമായി ദൈവഭക്തരായിരിക്കുന്നു. മറ്റു മതത്തെക്കുറിച്ച് കിട്ടുന്ന വ്യക്തമായ അറിവുകൾ ഒരാളെ മതം മാറാൻ പ്രേരിപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇതെല്ലാം അറിവുകളുടെ അനന്തര ഫലങ്ങൾ ആണ്.

ഇനി വായനയിലുമുണ്ട് ചില നിബന്ധനകൾ. ഒരു വിഷയത്തെയും മുൻവിധിയോടെ സമീപിക്കരുത് എന്നത് വായനയുടേയും അറിവിന്റേയും മാത്രം കാര്യത്തിൽ അല്ല പ്രാവർത്തികമാക്കേണ്ടത്, മറിച്ച് ജീവിതത്തിൽ നാം നേരിടുന്ന ഓരോ ചെറിയ സംഭവങ്ങളേയും മുൻവിധികളോടെ നേരിടാതിരിക്കുക എന്നതാണ് ആ വിഷയത്തിൽ വളരെ സന്തോഷകരമായ ഒരു ക്ലൈമാക്സ് ഉണ്ടാവാൻ ഏറ്റവും അഭികാമ്യം. വായനയുടെ കാര്യം എടുക്കുകയാണങ്കിൽ ഭഗവത്ഗീഥ വായിക്കാൻ എടുക്കുന്ന ഒരുവൻ അത് ഒരു അന്യ മതസ്ഥന്റെ പുസ്തകമാണ്, അല്ലങ്കിൽ ഇല്ലാത്ത ദൈവത്തെ കുറിച്ച് എഴുതി വച്ചിരിക്കുന്ന ഒന്നാണന്ന മുൻവിധിയിൽ വായിക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് വേണ്ട
നെഗറ്റീവുകൾ മാത്രമേ അതിൽ കണ്ടെത്താൻ കഴിയു എന്ന് ചുരുക്കം. എന്നാൽ ഭഗവത്ഗീഥയെ ഒരു സാഹിത്യസ്രിഷ്ടി എന്ന നിലയിൽ, ജീവിതത്തിൽ ചില നന്മകൾ പറഞ്ഞു തരാൻ ഉതകുന്ന സ്രിഷ്ടി എന്ന നിലയിൽ സമീപിച്ചാൽ നിങ്ങൾ ചിന്തിച്ച് കൂട്ടിയിരിക്കുന്ന നെഗറ്റീവുകൾക്ക് അപ്പുറം കുറെയധികം പോസിറ്റീവുകളും അതിൽ നിന്ന് കണ്ടെത്താൻ കഴിയും. പറഞ്ഞു വന്നത് നിങ്ങളുടെ ഓരോ ചിന്തകളും ചുവടു വയ്പ്പുകളും, വായനയും അറിവു നേടലും എല്ലാം ഒരു പോസിറ്റീവ് ചിന്തയുടെ അടിത്തറയിൽ നിന്നാവട്ടെ. ഈ ഉലകത്തിൽ തിന്മ പ്രദാനം ചെയ്യുന്ന ഒന്നുമില്ല എന്നും അതിനെ നമ്മൾ സമീപിക്കുന്ന രീതിയിലുള്ള വ്യത്യാസം കൊണ്ടും ആണന്ന് ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടാവട്ടെ.

വിമർശിക്കൂ അനുകൂലിക്കൂ, പക്ഷേ പഠിച്ചിട്ട് മാത്രം. വായുവിൽ നിന്ന് കിട്ടുന്ന അറിവുകളുടെ വെളിച്ചത്തിൽ പരിഹസിക്കുന്നവർ മനുഷ്യത്വമില്ലാത്തവരാണ് അതെ പോലെ വിഷയത്തിന്റെ സ്വഭാവം അറിയാതെ വെറും പുറം ചൊറിയൽ കർമ്മമായി അനുകൂലിക്കുന്നവരും അതേ വിഭാഗത്തിൽ പെടും. എന്തിലും ഏതിലും നന്മ ഉണ്ടന്ന തിരിച്ചറിവുണ്ടാവട്ടെ, ചിന്തകളെ പോസിറ്റീവാക്കി വയ്ക്കാൻ മനസ്സിന് ദൃഡതയുണ്ടാവട്ടെ.

3 comments:

  1. ഈ എഴുതിലുണ്ട് ഈ വിഷയത്തിന്റെ ചൂണ്ടു വിരൽ.. അത് കാണിക്കുന്ന വഴിയേ സഞ്ചരിച്ചാൽ ആ വഴിയിൽ ഈ വിഷയം പ്രദാനം ചെയ്യുന്ന അതിന്റെ അന്തഃസതയിൽ എത്തിച്ചേരാൻ സാധിക്കും...
    ഓരോ വരിയും പുതിയ അറിവുകൾ പരത്തട്ടെ..
    നല്ല വാക്കുകൾ, പക്വതയുള്ള ചിന്ത...അതിനു നന്ദി..

    ReplyDelete