. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday, 30 December 2019

ജിപ്സം - ചിന്തിക്കേണ്ട ചില വസ്തുതകള്‍.

ജിപ്സം സീലിംഗ് ചെയ്യുമ്പോൾ വീടിന്‍റെ ഇന്‍റീരിയറിന്‍റെ ഭംഗി കൂടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല, എന്നാൽ ചില കാര്യങ്ങൾ അതോടൊപ്പം ഓർത്തു വയ്ക്കുക.

പ്രകൃതിയിൽ നിന്ന് ഘനനം ചെയ്ത് എടുക്കുന്ന കാൽസ്യം സൾഫേറ്റ് ആണ് ജിപ്സം എന്ന പേരിൽ അറിയപ്പെടുന്നത്.  പ്ലാസ്റ്റർ ഓഫ് പാരീസ് ജിപ്സത്തിന്‍റെ ഒരു ബൈ പ്രോഡക്ട് ആണന്ന് എല്ലാവർക്കും അറിയാം എന്ന് വിചാരിക്കുന്നു. നമ്മൾ സീലിംഗിനും, ഡ്രൈവാൾ പാർട്ടീഷനു ഉപയോഗിക്കുന്ന ജിപ്സം ബോർഡുകൾ നിർമ്മിക്കുന്നതും പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ തന്നെയാണ്. 

ജിപ്സത്തിന് ചൂടിനെ ഒരു പരിധി വരെ ചെറുത്തു നിർത്താൻ കഴിയുമെങ്കിലും ജലവുമായി പൊരുതാൻ ഒട്ടും കഴിവില്ലാത്ത ഒരു മൂലകമാണ്. അതിനാൽ തന്നെ വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളിൽ വൈദഗ്ദ്യമോ, ആത്മാർത്ഥതയോ കാണിക്കാത്തവർക്ക് അഭികാമ്യമായ പ്രോഡക്ടല്ല ജിപ്സം.  ജിപ്സം സീലിംഗുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ റൂഫ് ഒരിക്കലും ലീക്ക് ചെയ്യില്ല എന്ന് ഉറപ്പ് വരുത്തുക. ജിപ്സം ജലത്തെ വളരെയധികം ആഗിരണം ചെയ്യുന്ന ഒരു പ്രോഡക്ട് ആണ്. ഒരു ചെറിയ ലീക്ക് പോലും സീലിംഗ് മുഴുവനായി വീണുപോകാൻ കാരണമായേക്കും. ഇനി അഥവാ വീണില്ല എങ്കിൽ തന്നെ ജലാംശം ആഗിരണം ചെയ്ത അത്രയും ഭാഗം കുതിർന്ന് പോകുകയും ഘനത്തിൽ വ്യത്യാസം ഉണ്ടാകുകയും, സീലിംഗ് മുഴച്ച് കാണപ്പെടുകയും ചെയ്യും. ജലാംശം ആഗിരണം ചെയ്ത അത്രയും ഭാഗം കളർ മാറുകയും പിന്നീട് എത്ര വട്ടം പെയിന്‍റ് ചെയ്താലും അത് മായ്ക്കാൻ കഴിയാതെ വരികയും ചെയ്യും.

പൂർണമായും തണുത്ത കാലാവസ്ഥയിൽ ഉപയോഗിച്ചിരുന്ന ജീൻസ് ഇന്ന് ഹ്യുമിഡിറ്റി കൂടുതൽ ഉള്ളിടങ്ങളിലേ പോലും ഫാഷൻ ട്രൻഡ് ആയത് പോലെയാണ് വർഷം മുഴുവൻ മഴ പെയ്യുന്നതും, ചോർച്ച ഒഴിവാക്കാൻ മല്ലയുദ്ധം നടത്തുകയും ചെയ്യുന്ന നമ്മൾ കേരളീയർ ജിപ്സം  ഉപയോഗിച്ചാലുള്ള അവസ്ഥ എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ജിപ്സം പൂർണമായും ചൂടുകാലാവസ്ഥയുള്ള ഇടങ്ങളിൽ ഉപയോഗിക്കാൻ അഭികാമ്യമായ ഒരു വസ്തുവാണ്. 

ജിപ്സം ഉപയോഗത്തെ തടുത്ത് നിർത്താൻ കഴിയാത്ത രീതിയിൽ വ്യാപിച്ചിരിക്കുന്നു. അതിനാൽ തന്നെ അത് ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ചില ജാഗ്രതകളെ കുറിച്ച് പറയാം. അലർജിയോ, ആസ്മയോ, മറ്റ് ശ്വാസകോശ രോഗങ്ങളോ ഉള്ളവർ ജിപ്സം പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്. നമ്മുടെ പ്രകൃതിയുടെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാലക്രമേണ ജിപ്സത്തിന്‍റെ ബോണ്ടിംഗ് കുറയ്ക്കുകയും, വളരെ കൃത്യമായി മെയിന്റ്യിൻ ചെയ്യാത്ത കെട്ടിടങ്ങളിൽ അത് കാൽസ്യം സൾഫേറ്റിന്‍റെ ചെറിയ കണികകൾ സ്രിഷ്ടിക്കാൻ സാധ്യതയുണ്ട്. അത് മേൽപ്പറഞ്ഞ രോഗമുള്ളവർക്ക് അതിന്‍റെ ആക്കം കൂട്ടാൻ കാരണമായി മാറുകയും ചെയ്തേക്കാം. 

ജിപ്സം സീലിംഗിന്‍റെയും വീടിന്‍റെ മേൽക്കൂരയുടേയും ഭാഗങ്ങൾ കാറ്റാേ വെളിച്ചമോ കടക്കാത്ത രീതിയിൽ ടൈറ്റാക്കിയിട്ടുണ്ടന്ന് ഉറപ്പ് വരുത്തുക. ജിപ്സത്തിൽ ലൈറ്റിനോ മറ്റ് ഫീച്ചേഴ്സുകൾക്ക് വേണ്ടിയോ എടുക്കുന്ന ഹോളുകൾ പൂർണമായും സീൽഡാണന്ന് ഉറപ്പു വരുത്തുക. വെളിയിൽ നിന്ന് ഈ ഗ്യാപ്പിലേക്ക് ഒരു ഓപ്പണിംഗും ഇല്ല എന്ന് ഉറപ്പു വരുത്തുക. കാരണം നമ്മുടെ അശ്രദ്ധ ക്ഷുദ്രജീവികൾക്ക് നല്ലൊരു താവളമായി മാറാൻ സാധ്യതയുണ്ട്. എലി മുതൽ പാമ്പു വരെ എത്തിപ്പെടുകയും താവളമാക്കുകയും ചെയ്യാം. ഒപ്പം ഇത്തരം ഹോളുകളിൽ കൂടി പൊടിപടലങ്ങൾ ഉള്ളിൽ കടന്ന് കുമിഞ്ഞു കൂടി പിന്നീട് അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാൽ കഴിയില്ല.

ജിപ്സം ചെയ്യുന്നിടത്ത് റൂഫ് ടോപ്പിൽ നിന്ന് ചോർച്ച ഒട്ടും ഇല്ല എന്ന് ഉറപ്പ് വരുത്തണം. ഒരു തുള്ളി ജലാംശം പോലും ജിപ്സത്തെ സാരമായി ബാധിക്കും. റൂഫിന് മുകളിൽ വാട്ടർപ്രൂഫിംഗ് ചെയ്താൽ ഏറെ അഭികാമ്യം. അല്ലങ്കിൽ ഒരു മീറ്ററിന് മിനിമം ഒരു സെന്റിമീറ്റർ എന്ന നിലയിൽ എങ്കിലും ചരിവ് ഉറപ്പ് വരുത്തി റൂഫ് ഡ്രൈയിൻ ഹോളിലേക്ക് മഴവെള്ളം പൂർണമായും എത്തിക്കുന്ന രീതിയിൽ സിമിന്‍റ പ്ലാസ്റ്റർ ചെയ്ത് ലീക്ക് ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുക.

കാൽസ്യം ശരീരത്തിന് ഒഴിച്ച് കൂടാൻ കഴിയാത്ത  ഒന്നാണ്. ജിപ്സം അഥവാ കാൽസ്യം സൾഫേറ്റ്  പ്രകൃതി നൽകുന്ന ഒരു വരവും. എന്നാൽ കാൽസ്യം സൾഫേറ്റ് മനുഷ്യ ശരീരത്തിന് അത്ര അഭികാമ്യമല്ല എന്ന ചെറിയ ഓർമ്മ സൂക്ഷിച്ചോളുക.

6 comments:

  1. അയ്യോ. കുഴപ്പമാണല്ലോ.

    ReplyDelete
  2. ജിപ്സത്തെ കുറിച്ച് ഇത്രയും നല്ല അറിവ് പകർന്ന് തന്നതിൽ നന്ദി.. ഏജിപ്സം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നവൻ തീർച്ചയായും ഇത് വായിക്കണം

    ReplyDelete
  3. നല്ല അറിവ്..സജീവമായി ഉണ്ടല്ലേ

    ReplyDelete