Tuesday, 10 November 2020
കപ്പേള - സിനിമാ അവലോകനം
Wednesday, 28 October 2020
ചോര - സിനിമാ അവലോകനം
Monday, 5 October 2020
നന്മ മരങ്ങള്‍ പൂത്തുലയട്ടെ.
ജോലിയും വരുമാനവുമില്ലാതെ അലയേണ്ടി വരുന്ന സന്ദർഭമുണ്ടായാൽ ഒരു നേരത്തെ പശി അടക്കാൻ, സ്വർണം അരച്ച കഞ്ഞിക്കൊപ്പം, പ്ലാറ്റിനം ചേർത്ത പയറും കഴിക്കാൻ ഒരു മാർഗ്ഗമെന്ന നിലയിൽ കാഷായം, ജ്യോതിഷം അല്ലങ്കിൽ അറ്റകൈക്ക് ഒരു സുവർണ ക്ഷേത്രം എന്നിവയൊക്കെ ആയിരുന്നു എൻ്റെ പ്ലാനിൽ ഉണ്ടായിരുന്നത്. എന്നാൽ അത്രയും പോലും കഷ്ടപ്പാടില്ലാത്ത നന്മമരം ആവുന്നതാണ് കൂടുതൽ അഭികാമ്യം എന്ന ഉറച്ച തീരുമാനത്തിലെത്തി ഞാൻ. 5000 രൂപയുടെ മൊബൈലും, അലക്കി തേച്ച വെള്ളമുണ്ടും ഷർട്ടും, ചുറ്റിന് ഇടയ്ക്കിടെ തല കുലുക്കാൻ നാലു പേരും, അത്യാവശ്യം ദൈന്യത നിറഞ്ഞ ഒരു രോഗിയും ഉണ്ടങ്കിൽ ഒരു സുപ്രഭാതത്തിൽ നന്മമരമാകാൻ എളുപ്പമാണ്. മറ്റുള്ളവരുടെ നിസ്സഹായതയെ വിറ്റ് വേഗത്തിൽ ലക്ഷ്യത്തിൽ എത്താൻ കഴിയും.
ഈയടുത്ത കാലത്ത് വിവാദമായ നന്മമര സംബന്ധിയായ വിഷയങ്ങളെ അൽപ്പം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കുന്ന തരത്തിൽ വമ്പൻ ഉഡായിപ്പുകളുടെ കലവറ തന്നെയാണ് അവർ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ. ഈ കാണുന്ന നന്മ മരങ്ങൾ ആലംബരെ സഹായിക്കുന്നില്ല എന്ന ആരോപണമോ വിമർശനമോ എനിക്കില്ല, എന്നാൽ വാഴ നനയുമ്പോൾ അൽപ്പം ചീര കൂടി, എന്ന സാധാരണ പരിപോഷിപ്പിക്കൽ പ്രക്രിയ മാത്രമേ ഇതിൻ്റെ പിന്നിലുള്ളു എന്ന് ഓർമ്മിപ്പിക്കുന്നു എന്നു മാത്രം.
Wednesday, 9 September 2020
പോരാളി ഷാജി
രാഷ്ട്രീയ പാർട്ടികളിൽ..... അവ്യക്തയുടെ പുകമറയിൽ ഒളിച്ചിരുന്ന് അടിമത്വ ന്യായീകരണങ്ങൾ പടച്ചു വിടുന്ന ഒരു ഒരുവനെയോ, അല്ലെങ്കിൽ ഒരു ഓൺലൈൻ സംഘത്തെയോ വിശേഷിപ്പിക്കുന്ന നാമധേയമായി നാം അതിനെ കാണുന്നു എങ്കിൽ അത് വിഡ്ഡിത്തമാണ്. പോരാളി ഷാജി എന്നത് ആധുനിക രാഷ്ട്രീയത്തിൻ്റെ ആസ്ഥാന നിലപാടുകളായി വിശേഷിപ്പിക്കുകയാണ് അതിനേക്കാൾ യുക്തിഭദ്രം. അടിസ്ഥാനപരമായ പ്രത്യയശാസ്ത്രങ്ങളിൽ നിന്നാേ, വ്യക്തമായ രാഷ്ട്രീയ നിലപാടുകളിൽ നിന്നാേ, നിയമാനുസൃതമായ പ്രവർത്തന മാർഗ്ഗങ്ങളിൽ നിന്നോ വ്യതിചലിക്കപ്പെട്ട ചിന്താഗതികളെ ഇന്ന് രാഷ്ട്രീയ പാർട്ടികൾ കെട്ടിയിടപ്പെട്ടിരിക്കുന്നത് പോരാളി ഷാജിസത്തിലാണ്. സ്വയം അടിപതറപ്പെട്ട നിലയിൽ എത്തി, വിമർശകരെ നിലപാടുകൾ കൊണ്ടും, സുതാര്യതകൊണ്ടും നേരിടാൻ കഴിയാതെ വരുമ്പോൾ, പോരാളി ഷാജിസം സ്വീകരിക്കുക എന്ന പാപ്പരത്വത്തിലേക്ക് രാഷ്ട്രീയം കൂപ്പുകുത്തി എന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല.
ആരാണ് പോരാളി ഷാജി...?
അണികളിൽ.... വ്യക്തമായ രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അതിന് ചുവട്ടിൽ, സത്യത്തിൻ്റെ കണിക പോലും ഇല്ലാത്ത, വ്യക്തി കുടുംബ രാഷ്ട്രീയ ആക്ഷേപങ്ങൾ ഉന്നയിക്കുന്ന ഏതൊരുവനിലും ഷാജിയുണ്ട്. ആശയങ്ങൾക്ക് ആശയങ്ങളിലൂടെ മറുപടി പറയാനും, ആശയങ്ങളെ മറു പ്രത്യയശാസ്ത്ര മികവുകൊണ്ട് ജയിക്കാനും, തറപറ്റിക്കാനും, ആശയങ്ങളെ വ്യക്തമായി അവതരിപ്പിച്ച് ജനാധിപത്യ പ്രക്രിയയിലൂടെ ജനമനസ്സുകൾ പിടിച്ചെടുക്കാനും കഴിയാത്ത കൊതിക്കുറവിൽ, മറുപക്ഷത്തെ ഒരുവന് ഉണ്ടാകുന്ന വാഹനാപകടമോ, മാരക അസുഖങ്ങളാേ പോലും അവൻ്റെ മരണത്തിൽ കലാശിക്കണേ എന്ന മുട്ടിപ്പ് പ്രാർത്ഥന നടത്തുന്നവനിലും, വീണു കടക്കുന്ന ഒരുവൻ്റെ കാൽച്ചുവട്ടിൽ ചെന്ന് കൈകൊട്ടി ആഹ്ലാദനൃത്തം ചെയ്യുന്നവനിലും ഷാജിയുണ്ട്. രാഷ്ട്രീയം എന്തെന്നറിയാതെ, താൻ നിലകൊള്ളുന്ന പാർട്ടിയുടെ അടിസ്ഥാന തത്വശാസ്ത്രം എന്തെന്നറിയാതെ വ്യക്തിപൂജ മാത്രം നടത്തുന്ന ഏതൊരുവനിലും ഒരു പോരാളി ഷാജി ഒളിഞ്ഞിരിക്കുന്നു.
നേതാക്കന്മാരിൽ.... ഏറ്റവും ചെറുപ്രായം മുതൽ ഈ നിമിഷം വരെ തൻ്റെ രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കാത്ത ശ്രീ രമേശ് ചെന്നിത്തല ഉന്നയിക്കുന്ന വിമർശനങ്ങളെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളിൽ ഊന്നിനിന്ന് മറുപടി പറയാൻ കഴിയാതിരുന്ന സി പി എമ്മിൻ്റെ സംസ്ഥാന സെക്രറട്ടറി രമേശിന് എതിരെ പ്രയോഗിച്ച സംഘിബന്ധം തികച്ചും പോരാളി ഷാജിസമാണ്. ജനങ്ങളിൽ ഉള്ള തങ്ങളുടെ പ്രവർത്തന മികവിൽ പ്രതിബദ്ധതയുടെ ജയം ഏറ്റുവാങ്ങുന്നതിന് പകരം എല്ലാ ദുരന്തവും ഭരണപക്ഷത്തിന് അനുകൂലമാകില്ല, ഞങ്ങൾക്കും ഒരു ദുരന്ത ഗുണം കിട്ടാനുണ്ടാവും എന്ന് പ്രസ്താവിച്ച തിരുവഞ്ചൂരും പോരാളി ഷാജിയാണ്. സ്വർണവേട്ട അന്വോഷിക്കുന്നത് താൻ കൂടി പ്രതിനിധീകരിക്കുന്ന കേന്ദ്ര സർക്കാർ ആണന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും, കേരള സർക്കാരിൻ്റെ നീതി ആവശ്യപ്പെട്ട് പാർലമെൻ്റിന് മുന്നിൽ നിരാഹാര പ്രഹസനം നടത്തിയ മുരളീധരനിലും പോരാളി ഷാജിയുണ്ട്. ഇത് കേവലം മൂന്ന് വ്യക്തികളിൽ ഒതുങ്ങുന്നില്ല, മറിച്ച് വ്യക്തികൾക്ക് അതീതമായി, ഇന്നിൻ്റെ നേതാക്കളിൽ ഏറിയ പങ്കും കൈക്കൊള്ളുന്ന ഓരോ രാഷ്ട്രീയ നിലപാടുകളിലും പോരാളി ഷാജിസം വ്യക്തമായി ഗ്രസിച്ചിരിക്കുന്നു.
ആരാണ് പോരാളി ഷാജി...?
ഈ നൂറ്റാണ്ടിൽ.... പോരാളി ഷാജി ഇന്നിൻ്റെ രാഷ്ട്രീയ മുഖമാണ്. ആധുനിക രാഷ്ട്രീയത്തിൻ്റെ തലനേതാക്കൾ മുതൽ വാൽഅണികൾ വരെ തുടർന്നു വരുന്ന നിലപാടില്ലായ്മകളുടെ, നിലവാരമില്ലായ്മയുടെ, ധാർഷ്ട്യത്തിൻ്റെ, മൂല്യച്യുതിയുടെ ആകെത്തുകയെ പോരാളി ഷാജി എന്ന് പേരിട്ട് വിളിക്കാം.....
ഭയപ്പെടരുത്.... ജാഗ്രത....
സത്യത്തിൽ കൊറോണ ഭയപ്പെടേണ്ട ഒരു അസുഖമല്ല. വൈറസ് വ്യാപിച്ച 90% ആളുകൾക്കും ഒരു തുമ്മൽ ലക്ഷണം പോലും ഉണ്ടാക്കാത്ത സാധാരണ ഒരു വൈറൽ ഫീവറിനേക്കാൾ കുറഞ്ഞ മരകശേഷിയുള്ള വൈറസ്, പക്ഷേ അതിൻ്റെ വ്യാപന ശേഷി മറ്റേത് വൈറസിനേക്കാൾ കൂടുതലാണന്ന് മാത്രം. ഇന്ന് രോഗം ക്രമാതീതമായി വ്യാപിക്കുന്നതും അതിൻ്റെ വ്യാപനശേഷിയിയുടെ പ്രത്യേകത കൊണ്ടും ആണ്. ആശാ പ്രവർത്തകർ, പഞ്ചായത്തിലെ മെംബർന്മാർ, ആരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നിങ്ങനെ സർക്കാർ സംവിധാനങ്ങളുടെ അഹാേരാത്രമുള്ള കൃത്യവും സുതാര്യവുമായ പ്രവർത്തനങ്ങൾക്കു പോലും ഇത്തരം ഒരു അവസ്ഥയെ തടയാൻ കഴിഞ്ഞില്ല എങ്കിൽ അത് രോഗത്തിൻ്റെ വ്യാപന സ്വഭാവത്തെ സൂചിപ്പിക്കുന്നു
കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് സർക്കാർ തലത്തിൽ എടുക്കേണ്ട സുപ്രധാന തീരുമാനങ്ങൾ ഉണ്ട്. സമ്പന്നരും അതിസമ്പന്നരും ധാരാളമുള്ള കേരള ജനതയ്ക്ക് മുന്നിൽ സ്വകാര്യ ആതുരാലയങ്ങൾ തുറന്നു പ്രവർത്തിച്ച് കോവിഡ് ചികിൽസയ്ക്ക് അനുമതി കൊടുത്താൽ തന്നെ സർക്കാരിന് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒരു പരിധി വരെ കരകയറാൻ കഴിയും, ഒപ്പം ലോക്ക്ഡൗൺ മുതൽ പ്രതിസന്ധിയിലായിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് അതൊരു ആശ്വാസവുമായേക്കാം. സമ്പന്നരായ രാജ്യങ്ങൾ പോലും ചെയ്യാത്ത തരത്തിൽ, ലക്ഷണങ്ങൾ കാണിക്കാത്ത പോസിറ്റീവ് രോഗികളേയും സർക്കാർ ആശുപത്രികളിൽ കിടത്തി ചികിൽസിക്കുന്ന സമ്പ്രദായമാണ് ഇന്ന് നിലവിൽ ഉള്ളത്. അവർക്ക് ഒരിക്കലും കോവിഡ് ഒരു പ്രശ്നമായി മാറില്ല എന്നും, ആൻ്റിബോഡി സ്വയം ഉൽപ്പാദിപ്പിച്ച് നെഗറ്റീവ് ആയി മാറും എന്നും ഉത്ബോധിപ്പിച്ച്, വിദേശരാജ്യങ്ങളിലേത് എന്ന പോലെ ശക്തമായ ഹൗസ് കോറൻ്റയിൻ നിർദ്ദേശിക്കുന്നതാവും അഭികാമ്യം. ദിവസവും പാരസെറ്റാമോൾ എടുത്ത് കൊടുക്കുന്നതിന് സൗജന്യ സർക്കാർ സംവിധാനങ്ങൾ വേണം എന്ന വാശി പൊതു ജനങ്ങളും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
ഇനി മുതൽ സർക്കാർ സംവിധാനങ്ങൾ പ്രായമായവർക്കും, കുട്ടികൾക്കും സമൂഹത്തിൽ താഴെക്കിടയിൽ നിൽക്കുന്നവർക്കും മാത്രമാണ് എന്ന ഒരു പ്രഖ്യാപനം സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായാൽ പോലും എതിർക്കാൻ പ്രതിപക്ഷം പോലും തയ്യാറാകും എന്ന് വിശ്വസിക്കുന്നില്ല. ഇറ്റലിയിൽ പ്രായോഗിക തലത്തിൽ കൊണ്ടുവന്ന ടെലി മെഡിസിൻ സംവിധാനം കേരളത്തിലെ സാഹചര്യങ്ങൾക്കും സ്വീകരിക്കാവുന്നതാണ്. ഒപ്പം നിലവിലുള്ള കുറച്ച് ആംബുലൻസ് സംവിധാനങ്ങൾ സഞ്ചരിക്കുന്ന ഫാർമസികൾ ആയി മാറ്റിയെടുത്താൽ ജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ഒരു ഫോൺ കോളിൽ വീട്ടിൽ എത്തുന്നത് ആശ്വാസമാകും. വലത് ഇടത് എന്ന വേർതിരിവില്ലാതെ എല്ലാ രാഷ്ട്രീയ മത സാമൂഹിക സാംസ്കാരിക കായിക സംഘടനകളേയും പ്രവർത്തകരേയും ഏകോപിപ്പിച്ച് പഞ്ചായത്ത് വാർഡ് തലങ്ങളിൽ ഒരു കമ്മറ്റിയുണ്ടാക്കി അവരെ അവശ്യമരുന്ന് ഭക്ഷണ വിതരണം ഏൽപ്പിക്കുന്നതും ചിന്തിക്കാവുന്ന കാര്യമാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്, കോവിഡ് വ്യാപനം ഇത്തരത്തിൽ നീങ്ങുകയാണങ്കിൽ സാമ്പത്തിക പരാധീനതകൾ ഉളള ഒരു സർക്കാരിന് പിടിച്ചു നിൽക്കുക പ്രയാസമാകും. അവരുടെ തീരുമാനങ്ങൾ തികച്ചും പോസിറ്റീവായി ഉൾക്കൊണ്ട് അതിനോട് സഹകരിക്കാൻ നാം പൊതുജനം തയ്യാറാവേണ്ടി വരും.
Wednesday, 12 August 2020
വെറുതെ ചില ചോദ്യങ്ങള്‍
വി പി അൻവർ എം എൽ എ ക്ക് എതിരെ വധ ഗൂഡാലോചന നടത്തിയതിന് പ്രമുഖ നേതാവും ആര്യാടൻ മുഹമ്മദിൻ്റെ മകനുമായ ആര്യാടൻ ഷൗക്കത്തിനെതിരെ കേസെടുത്തിരിക്കുന്നു. വധഗൂഡാലോചന അത്ര നിസ്സാരമായ കുറ്റകൃത്യമല്ല, അത് വധശ്രമത്തിലേക്കോ, കൊലപാതകത്തിലേക്കാേ എത്തിപ്പെട്ടാൽ ഉണ്ടാകുന്ന ഭീകരാവസ്ഥയേയും നിസ്സാരമായി കാണാൻ കഴിയില്ല. അതു കൊണ്ട് തന്നെ, ഏത് തരത്തിൽ ചിന്തിച്ചാലും വധ ഗൂഡാലോചന അപലപനീയം തന്നെ. പക്ഷേ ഗൂഡാലോചനകൾ പലതും കേസിലേക്ക് എത്തിപ്പെടുന്നതും, കേസെടുക്കുന്നതും, ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാകുമ്പോൾ അതിലെ നിജസ്ഥിതി മനസ്സിലാക്കാൻ എടുക്കുന്ന കാലമത്രയും പ്രതിസ്ഥാനത്ത് തുടരേണ്ട ബാധ്യതയിലാണ് ഇപ്പോൾ ഷൗക്കത്തിനും, ഇതിന് മുമ്പ് രാഷ്ടീയ ഇരകളായ പലർക്കും ഉണ്ടായിട്ടുള്ളത്. എന്തായാലും ദേശാഭിമാനി പറയുന്നത് പ്രകാരമാണങ്കിൽ, അൻവർ എം എൽ എ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വധഗൂഡാലോചന നടത്തിയതിന് ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുക്കുകയും, വിശദമായ അന്വേഷണത്തിൽ, ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പൊലീസ് പിടികൂടുകയും ചെയ്തിരിക്കുന്നു. പക്ഷേ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മുൻപിൻ നോക്കാതെ എഫ് ഐ ആർ ഇടാനും, അന്വോഷിക്കാനും, പ്രതികളെ പിടിക്കാനും കാണിക്കുന്ന ആർജ്ജവം പലപ്പോഴും കാട്ടാത്ത സർക്കാരിൻ്റെ പോലീസ് ഇത്ര പെട്ടെന്ന് നടപടി ക്രമങ്ങളിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന രണ്ട് ചോദ്യങ്ങൾ ഉണ്ട്. ഒന്ന്, സമാനസ്വഭാവമുള്ളതാേ, ഇതിലും പ്രമാദമായതോ ആയ എത്രയോ സംഭവങ്ങൾക്ക് നേരെ എന്തുകൊണ്ട് മൗനം? രണ്ട്, രാഷ്ട്രീയ പകപോക്കലുകൾക്ക് മാത്രം ഉപയോഗിക്കാനുള്ള ചട്ടുകങ്ങൾ മാത്രമായി സിസ്റ്റത്തെ മാറ്റുന്ന രാഷ്ട്രീയ പാർട്ടികളുടെ തരംതാണ ഇത്തരം നടപടികൾ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?
ഈ ചോദ്യങ്ങൾക്ക് നേരെ പുച്ഛമോ, മൗനമോ അല്ലങ്കിൽ എതിരഭിപ്രായമോ ആണങ്കിൽ അവിടെയും ചില ചോദ്യങ്ങൾ ബാക്കി കിടക്കുന്നു. എങ്കിൽ സ്വർണവേട്ട കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇത്ര ഗുരുതരമായ ആരോപണം ഉണ്ടായിട്ടും പ്രതിപക്ഷത്തിൻ്റെ ആരോപണമേറ്റെടുത്ത് സംശുദ്ധി തെളിയിക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളങ്കൽ എന്തുകൊണ്ട് നിർബാധം വിലസി നടക്കുന്നു. ടി പി ചന്ദ്രശേഖരൻ്റെ വധ ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം എന്തുകൊണ്ട് കാര്യക്ഷമമായി നടക്കുന്നില്ല. ഇതേ വി പി അൻവറിൻ്റെ ഭൂമി കയ്യേറ്റത്തെക്കുറിച്ചും, നിയമ ലംഘനങ്ങളെ കുറിച്ചും ഉള്ള നിരവധി പരാതികൾ കോൾഡ് സ്റ്റോറേജിൽ ഇരിക്കുന്നു. എന്തിനേറെ പറയുന്നു പിന്നാമ്പുറ ധാരണയാണന്ന് ഊട്ടിയുറപ്പിക്കുന്ന രീതിയിൽ സോളാർ കേസുകൾ പോലും ശരിയാം വണ്ണം അന്വേഷിക്കാനോ, തുടർ നടപടിയിലേക്ക് പോകാനോ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇനി എണ്ണിപ്പറയാൻ നിരവധിയുണ്ടങ്കിലും അത് ഈ കുറിപ്പിനെ ദീർഘിപ്പിക്കും എന്നതിനാൽ പറയുന്നില്ല. വധശ്രമത്തെയോ അതിൻ്റെ പിന്നിലെ ഗൂഡാലോചനയേയോ ന്യായീകരിക്കുന്നില്ല. പക്ഷേ പരാതിക്കാരൻ എഴുതിക്കൊടുത്ത പേരുകൾ മറ്റ് അന്വേഷണങ്ങൾ കൂടാതെ ചേർക്കപ്പെടുകയും, അതിന്മേലുള്ള തിടുക്കപ്പെട്ടുള്ള നടപടിക്രമങ്ങളും, സർക്കാരിന് വേണ്ടപ്പെട്ട മറ്റു കേസുകളിൽ ഉണ്ടാവുന്നില്ല എന്ന ആശങ്ക ഉയർത്താതിരിക്കാൻ കഴിയുന്നില്ല. വീണ്ടും പറയുന്നു ഷൗക്കത്തിനെ ഒരു വിധത്തിലും വെള്ളപൂശാൻ ശ്രമിക്കുന്നില്ല. അയാൾ കുറ്റം ചെയ്തിട്ടുണ്ടന്ന് അസന്നിഗ്ദമായി തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടെ.
ഇതിന് താഴെ കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് തിരസ്ക്കരിക്കപ്പെട്ടതും, പാർശ്വവൽക്കരിക്കപ്പെട്ടതുമായ കേസുകളുടെ ഭാണ്ഡം തുറക്കാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുന്നു. അത്തരക്കാരോട് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങൾ വന്നത് എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു, നിങ്ങളുടെ പക്ഷം ജനപക്ഷമാണന്ന വാദമുന്നയിച്ചായിരുന്നു. എവിടെ ആ ശരിയാക്കൽ?, എവിടെ ആ ജനപക്ഷം?
Saturday, 1 August 2020
സാമൂഹിക അകലത്തിന്‍റെ പ്രസക്തി
1. പരമാവധി വെളിയിലേക്ക് ഇറങ്ങരുത്.
2. അടുത്ത ഏതാനും മാസത്തേക്ക് വീട്ടിൽ നിന്ന് എന്താവശ്യത്തിന് ഇറങ്ങിയാലും ഒരാൾ മാത്രം ഇറങ്ങുക.
3. യാത്ര ചെയ്യുന്നത് സ്വന്തം വാഹനത്തിൽ (സൈക്കിൾ ആണങ്കിൽ പോലും) ആണന്ന് ഉറപ്പു വരുത്തുക.
4. പൊതു ഗതാഗത സൗകര്യങ്ങൾ പരമാവധി ഒഴിവാക്കുക.
5. പുറത്ത് പോയാൽ പരമാവധി വേഗത്തിൽ തിരിച്ച് വീട്ടിലെത്താൻ ശ്രമിക്കുക.
6. സാധനങ്ങൾ വാങ്ങാൻ ഇറങ്ങുമ്പോൾ വീട്ടിലേക്ക് ആവശ്യമുള്ള മുഴുവൻ സാധനങ്ങളുടേയും ലിസ്റ്റ് ഉണ്ടന്ന് ഉറപ്പു വരുത്തുക.
7. ഒരുപാട് ഇടങ്ങളിൽ കയറാതെ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ ഒന്നായി വാങ്ങാൻ കഴിയുന്ന ഏതെങ്കിലും സ്ഥാപനങ്ങൾ ഉണ്ടങ്കിൽ അവിടെ പോകുക.
8. ഏത് സ്ഥലത്തും സാമൂഹിക അകലം പാലിച്ചിരിക്കണം. സ്ഥാപനങ്ങളിൽ തിരക്കില്ലാത്ത സമയം തിരക്കെടുക്കുക.
9. പുറത്തു കുശലം പറയാൻ, പ്രത്യേകിച്ച് പരിചയമില്ലാത്തവരോട്, ശ്രമിക്കരുത്. അഥവാ പറയണമെങ്കിൽ രണ്ടു മീറ്റർ എങ്കിലും അകലത്ത് നിന്ന് മാത്രം സംസാരിക്കുക.
10. ഹസ്തദാനം ചെയ്യാനോ, ഇടുങ്ങിയ ഇടങ്ങളിൽ പരസ്പരം ഉരയുന്ന തരത്തിൽ കടന്നു പോകാനോ പാടില്ല.
11. ചുമയോ തുമ്മലോ ഉള്ളവരെ ആരെയെങ്കിലും പൊതു ഇടങ്ങളിൽ കണ്ടാൽ, അത് എത്ര വേണ്ടപ്പെട്ടവർ ആയാലും, സാമൂഹിക പ്രതിബദ്ധത എന്ന നിലയിൽ സർക്കാർ സംവിധാനങ്ങളിൽ അറിയിക്കാൻ മറക്കരുത്.
12. സാധനം വാങ്ങി വീട്ടിൽ വന്ന ശേഷം, ഏതെങ്കിലും ഒരു സാധനം വിട്ടു പോയി എന്ന് മനസ്സിലായാൽ, അത് ഒഴിവാക്കി ആ മാസം കടത്തി വിടാൻ ശ്രമിക്കുക.
13. പണത്തിൻ്റെ ലഭ്യത അനുസരിച്ച് പരമാവധി കാലത്തേക്കുള്ള സാധനങ്ങൾ വാങ്ങി സൂക്ഷിക്കാൻ ശ്രമിക്കുക.
14. വേഗത്തിൽ ചീഞ്ഞു പോകാത്ത കിഴങ്ങ്, ഉള്ളി പോലുള്ള പച്ചക്കറികളും, ആട്ട അരി പോലുള്ള അവശ്യസാധനങ്ങളും, പയർ കടല പോലുള്ള ധാന്യങ്ങളും കൂടുതൽ വാങ്ങാൻ ശ്രമിക്കുക. വേഗത്തിൽ ചീഞ്ഞ് പോകുന്നവ അളവിൽ കുറച്ച് വാങ്ങുക.
15. പുറത്തു പോയി വരുന്നവർ വീട്ടിലെ മറ്റംഗങ്ങളുമായി ഇടപെടുന്നത്, വൃത്തിയായി കുളിച്ച് പുതിയ വസ്ത്രങ്ങൾ ധരിച്ച ശേഷമാണന്ന് ഉറപ്പു വരുത്തണം.
16. വീട്ടിലാണങ്കിൽ കൂടി, അംഗങ്ങൾ തമ്മിൽ പരമാവധി അകലം പാലിക്കുകയും, കുട്ടികളെ താലോലിക്കുന്നതും അവർക്ക് മുഖത്തും ചുണ്ടിലും ഉമ്മ കൊടുക്കുന്നതും ഒഴിവാക്കാൻ ശ്രമിക്കുക.
17. ഗേറ്റിൽ പോലും സ്പർശിക്കാതിരിക്കാൻ ശ്രമിക്കണം, കാരണം വഴിയാത്രക്കാരോ കച്ചവടക്കാരോ അതിൽ സ്പർശിച്ചിരിക്കാൻ സാധ്യതയുണ്ട്. അഥവാ പിടിച്ചാൽ തന്നെ, ഉടൻ കൈ കഴുകാൻ മറക്കാതിരിക്കുക.
18. വീടിന് വെളിയിൽ എവിടെയും പോയിട്ടില്ല എങ്കിലും ഓരോ മുപ്പത് മിനിറ്റിലും കൈ സോപ്പിട്ട് കഴുകിയ ശേഷം, മുഖവും സോപ്പിട്ട് കഴുകാൻ മറക്കരുത്.
19. പുറത്ത് പോകുമ്പോൾ സാനിട്ടെെസർ നിർബന്ധമായും കരുതുക.
20. സ്ഥാപനങ്ങളിൽ നിന്ന് ഇറങ്ങുമ്പോഴും, വണ്ടിയിൽ കയറുന്നതിന് മുമ്പും ഇറങ്ങിയ ശേഷവും സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി എന്ന് ഉറപ്പ് വരുത്തുക.
21. വില കൂടുതൽ ആണങ്കിലും N95 മാസ്ക്കുകൾ ആണ് ഫലപ്രദം എന്ന് വിദഗ്ദർ പറയുന്നു.
22. പുറത്തിറങ്ങുമ്പോൾ മാസ്കുകൾ നിർബന്ധമായും ധരിക്കുക. യാത്രയിൽ ഒരിടത്തും മാസ്ക്കൂകളിൽ സ്പർശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
23. മുഖമോ, കണ്ണുകളാേ, മൂക്കോ, ഗുഹ്യഭാഗങ്ങളിലോ തൊടുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി എന്ന് ഉറപ്പു വരുത്തുക. അതിന് സൗകര്യമില്ലാത്തിടത്ത് സാനിട്ടെെസർ ഉപയോഗിച്ച് എങ്കിലും കൈകൾ വൃത്തിയാക്കിയിരിക്കണം.
24. ഗ്ലൗസുകൾ ഉപയോഗിക്കുന്നത് ഫലപ്രദമാണന്ന് വിദഗ്ദർ പറയുന്നു. എന്നാൽ പുറത്ത് പോകുമ്പോൾ ഇടുന്ന ഗ്ലൗസ് സാധനം വാങ്ങി അത് വണ്ടിക്കുള്ളിൽ വച്ചശേഷം ഇട്ടത് മാറ്റി പുതിയത് ഉപയോഗിക്കണം. അതേപോലെ വീട്ടിൽ വന്ന ശേഷം ഗ്ലൗസ് ശരിയായ സ്ഥലത്ത് ഡിസ്പോസ് ചെയ്യണം.
25. ദീർഘയാത്ര പോകുന്നവർ ഒരു മണിക്കൂറിനിടയിൽ മസ്ക്കും ഗ്ലൗസും മാറ്റി പുതിയത് ഉപയോഗിക്കണം എന്ന് വിദഗ്ദർ പറയുന്നു.
26. പുറത്ത് പോയി സാധനം വാങ്ങി വരുന്നവർ എല്ലാ സാധനങ്ങളും പുറത്ത് പൈപ്പിൻ ചുവട്ടിൽ വച്ച് സോപ്പ് കൊണ്ട് നന്നായി കഴുകുക.
27. പച്ചക്കറികളും, പഴവർഗ്ഗങ്ങളും സോപ്പിൻ്റെ അംശം പോകും വരെ പരമാവധി എട്ടോ പത്തോ തവണ കഴുകിയാലും കുഴപ്പമില്ല.
28. വെള്ളം അകത്ത് കയറില്ല എന്നുറപ്പുള്ള പാക്കറ്റ് ഫുഡുകൾ സോപ്പിൽ നന്നായി കഴുകി, വെയിൽ കൊള്ളിച്ച് ഉണക്കി സൂക്ഷിക്കുക.
29. വെള്ളം കയറാൻ സാധ്യതയുള്ളവയെ പൊട്ടിച്ച് കവർ കളഞ്ഞ് വെയിലത്ത് വച്ച ശേഷം കുപ്പികളിൽ അടച്ചു സൂക്ഷിക്കുക.
30. പുറത്ത് പോകുമ്പോൾ പരമാവധി പ്രോപ്പർട്ടികൾ കുറച്ച് ഉപയോഗിക്കാൻ ശ്രമിക്കുക.
31. വാച്ച്, മാല, കമ്മൽ, മോതിരം, പോലെയുള്ളവയിൽ ഒഴിവാക്കാൻ പറ്റിയത് എന്തും പോകുന്നതിന് മുമ്പ് വീട്ടിൽ ഊരി വച്ച ശേഷം പോകുക.
32. സോപ്പ് ഉപയോഗിച്ച് കഴുകാൻ കഴിയാത്ത മൊബൈൽ, പഴ്സ്, ആഭരണങ്ങൾ എന്നിവ സാനിട്ടെെസർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കി അൽപ്പനേരം വെയിൽ കൊള്ളിച്ച് അകത്തേക്ക് എടുക്കുക.
33. പുറത്ത് പോയി വന്നവർ കൊണ്ടുവന്ന സാധനങ്ങൾ കഴുകി അകത്തേക്ക് എടുക്കും മുമ്പ് നേരെ ബാത്ത് റൂമിൽ കയറി കുളിക്കുക. വസ്ത്രങ്ങൾ ഡിറ്റർജൻ്റിൽ മുക്കിവയ്ക്കണം.
34. മാറിയിടാനുള്ള വസ്ത്രങ്ങളോ, തോർത്തോ പോലും കുളി കഴിഞ്ഞന്ന് ഉറപ്പു വരുത്തിയ ശേഷം കുടുംബാംഗങ്ങളോട് ആരെയെങ്കിലും കൊണ്ട് എടുപ്പിക്കുന്നതാണ് ഉത്തമം. അല്ലങ്കിൽ പുറത്ത് പോകുന്നതിന് മുമ്പ് മുൻകൂട്ടി ബാത്ത് റൂമിൽ എല്ലാം എടുത്ത് വച്ച ശേഷം പോകുകയും ആവാം.
35. അടുത്ത വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പാൽ പോലും അപ്പോൾ തന്നെ അടുപ്പിൽ വച്ച് തിളപ്പിച്ച് ആറ്റി സൂക്ഷിക്കുക.
36. അടുത്ത വീട്ടിൽ നിന്ന് കൊണ്ടു വരുന്ന സാധനങ്ങൾ അടങ്ങുന്ന പാത്രങ്ങൾ അപ്പോൾ തന്നെ സോപ്പിട്ട് കഴുകുക, ഒപ്പം നിങ്ങളുടെ കൈകളും കഴുകാൻ മറക്കരുത്
37. കുഞ്ഞുങ്ങളെയോ പ്രായമായവരെയോ, കൊറോണാ നമ്മുടെ ഏരിയായിൽ നിന്ന് പോയി എന്ന് ഉറപ്പു വരും വരെ ഗേറ്റിന് വെളിയിൽ പോകാൻ എത്ര നിർബന്ധം പിടിച്ചാലും അനുവദിക്കരുത്.
38. മീൻ, പച്ചക്കറി എന്നിവ വീട്ടുമുറ്റത്ത് കൊണ്ടുവരുന്നവരിൽ നിന്ന് വാങ്ങാതിരിക്കുക. പലയിടങ്ങളിൽ ചുറ്റിക്കറങ്ങി വരുന്നവരാണ് അവർ.
39. പത്രം തൽക്കാലം ഒഴിവാക്കാം. പേപ്പറിൽ ആണ് കൊറോണാ വൈറസിന് ആയുസ്സ് കൂടുതൽ എന്ന് വിദഗ്ദർ പറയുന്നു.
40. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, മറ്റ് ചടങ്ങുകൾ എന്നിവയിൽ അടുത്ത കുറച്ചു നാളത്തേക്ക് പങ്കെടുക്കുന്നില്ല എന്ന് ഉറപ്പിക്കുക.
41. ഭവന സന്ദർശനത്തിന് വരുന്ന ഏറ്റവും അടുത്ത ബന്ധുക്കളേ പോലും കാര്യം പറഞ്ഞ് സ്നേഹപൂർവ്വം പിന്തിരിപ്പിക്കുക
42. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. എപ്പോഴും അടുത്ത പെരുമാറുന്ന ഡോർ ലോക്കുകൾ, ഗ്രില്ലുകൾ, കിച്ചൻ ക്യാബിനറ്റുകൾ, ബാത്ത് റൂം ഫിറ്റിംഗുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങൾ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കാൻ മറക്കരുത്.
43. കഴുകി വച്ചു എന്ന് ഉറപ്പാണങ്കിലും ഭക്ഷണം പാകം ചെയ്യാൻ എടുക്കുന്നതിന് മുമ്പ് പാത്രങ്ങളും, പച്ചക്കറികളും വീണ്ടും നന്നായി കഴുകി ഉപയോഗിക്കണം. ഭക്ഷണം വിളമ്പുന്ന പാത്രം നന്നായി കഴുകി എന്ന് ഉറപ്പു വരുത്തണം.
44. പകുതി വേവിച്ച ആഹാരസാധനങ്ങൾ തീർച്ചയായും ഡയറ്റിൽ നിന്ന് ഒഴിവാക്കണം.
45. തുളസിയോ, ജീരകമാേ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ പാകത്തിൽ ചൂടോടെ ഉപയോഗിക്കുക.
46. ചുക്കുകാപ്പി, നാരങ്ങയും മഞ്ഞളും കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച വെള്ളം, തേൻ നെല്ലിക്ക, എന്നിങ്ങനെ പരമ്പരാഗതമായി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുപയോഗിക്കുന്ന മറ്റു സൈഡ് എഫക്ടുകൾ ഇല്ലാത്ത നാടൻ പൊടികൈകൾ ജീവിതചര്യയാക്കുക.
47. കുരുമുളക്, ചുക്ക്, ഏലക്ക, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താൻ വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്.
48. വൈറ്റമിൻ ഡി ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കുമെന്നത് കൊണ്ടും, കോവിഡ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലും രാവിലെ 11 മണിക്ക് ശേഷമുള്ള വെയിൽ ദിവസവും അരമണിക്കൂർ ഏൽക്കുന്നത് രോഗ കാഠിന്യം കുറയ്ക്കാൻ നല്ലതാണന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
49. വൈറ്റമിൻ സി അടങ്ങിയതും, ഫൈബർ അടങ്ങിയതുമായ ഭക്ഷണ വസ്തുക്കൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
50. ഡയബറ്റിക്സ്, പ്രഷർ, കൊളസ്ട്രോൾ, ഹൃദയം, വൃക്ക, കരൾ സംബന്ധിയായ രോഗങ്ങളും ഉള്ളവർ ക്രിത്യമായി മരുന്ന് കഴിച്ച് അത്തരം രോഗങ്ങളെ നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്. കോവിഡ് ഒരു മരണകാരണമാകുന്നത് പ്രധാനമായും മേൽപ്പറഞ്ഞ രോഗങ്ങൾ ഉള്ളവരിൽ ആണന്നാണ് വിദഗ്ദാഭിപ്രായം.
51. ശരിയായ ഉറക്കം, പോഷക സമുദ്ധമായ ഭക്ഷണം, നല്ല വ്യായാമം, ആവശ്യത്തിന് വിശ്രമം എന്നിവ നല്ല പ്രതിരോധ ശേഷിക്ക് ഏറ്റവും അത്യാവശ്യ ഘടകങ്ങൾ ആണ്. ഇതൊക്കെ ക്രിത്യമായി പാലിക്കാൻ സമ്മർദ്ദമില്ലാത്ത ജീവിതം അതിലേറെ ആവശ്യം. ഏറ്റവും പരമപ്രധാനം സമ്മർദ്ദത്തിന് അടിമപ്പെടാത്ത ഒരു മനസ്സ് സൂക്ഷിക്കുക എന്നത് തന്നെ.
മുകളിൽ പറഞ്ഞ 51 പോയിൻ്റുകൾ എവിടെ നിന്നും കോപ്പിയടിച്ചതോ, ഏതെങ്കിലും വിദഗ്ദർ എന്നോട് നേരിട്ട് നിർദ്ദേശിച്ചതോ അല്ല. എൻ്റെ സാധാരണ ലോജിക്കും, സോഷ്യൽ മീഡിയാ, പത്ര, ചാനൽ വാർത്തകളിൽ നിന്ന് മനസ്സിലാക്കിയതും ചേർത്ത് എൻ്റേതായ വീക്ഷണത്തിൽ എഴുതിയതാണ്. ഇത് എല്ലാം ശരിയാണ് എന്ന് അഭിപ്രായമില്ല എങ്കിലും തെറ്റ് പറഞ്ഞ് മിസ് ലീഡ് ചെയ്യാൻ പാകത്തിലുള്ളത് ഒന്നും ഈ ലിസ്റ്റിൽ ഉണ്ടാവില്ല എന്ന് ഉറപ്പ് തരുന്നു. കോവിഡ് വരില്ല എന്ന് ഉറപ്പിച്ച് ജീവിക്കാം, അഥവാ കോവിഡ് ബാധിച്ചാൽ ഭയപ്പെടാതിരിക്കുക. സാധാരണ ഒരു വൈറൽ ഫീവറിന് അപ്പുറത്തേക്ക് അതിനെ കൊണ്ടു പോകുന്നത് ഭയവും, അതുമൂലമുണ്ടാകുന്ന സമ്മർദ്ദവുമാണ്. വളരെ ചെറിയ രോഗലക്ഷണങ്ങളുമായി സാധാരണ രീതിയിൽ കടന്നു പോകുന്ന ഒരു ജലദോഷപ്പനി മാത്രമാണ് കോവിഡും.
Tuesday, 28 July 2020
ഇന്ത്യയും റാഫേലും
രാജ്യത്തിൻ്റെ വിഭവശേഷിയെ കണ്ടെത്താനും, പ്രായോഗിക തലത്തിൽ അവയെ പ്രയോജനപ്പെടുത്താനും ഉള്ള ആർജ്ജവവും കർമ്മശേഷിയും ഭരിക്കുന്നവർക്ക് ഉണ്ടാവണം. അതിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടേയും വിശ്വാസവും, പിന്തുണയും നേടിയെടുക്കാനുള്ള വിശാലമായ ഉൾക്കാഴ്ച കൂടി ഭരണകർത്താക്കൾക്ക് ഉണ്ടാവണം. രാജ്യം എന്നാൽ ജനാധിപത്യമാണ്, സമഭാവനയാണ്, സാഹോദര്യമാണ്, സഹവർത്തിത്വമാണ്. അത് സ്കൂൾ അസംബ്ലിയിൽ വായിച്ചു തള്ളേണ്ട, പാഠപുസ്തകങ്ങളിലെ ആമുഖത്താളുകളിലെ വെറും പ്രതിജ്ഞാ വാചകങ്ങൾ അല്ല, മറിച്ച് ഭരണകർത്താക്കൾ തങ്ങളുടെ ജനതയ്ക്ക് തങ്ങളുടെ പ്രവർത്തികളിലൂടെ പഠിപ്പിച്ച് കൊടുക്കേണ്ട ഇച്ഛാശക്തിയുള്ള നിലപാടുകളാണ്. കെട്ടുറപ്പുള്ള ഒരു രാജ്യത്തിന്, ജനപിന്തുണയുള്ള ഭരണകൂടമാണ് ആവശ്യം, അവിടെ ശത്രുരാജ്യത്തിനെ നേരിടാൻ ആയുധങ്ങൾ പോലും വേണ്ടി വരില്ല. ഇന്ത്യ, ഉള്ളെരിയുന്ന ഒരു അഗ്നിപർവ്വതമാണന്ന ചിന്തയാണ് ശത്രുരാജ്യങ്ങളുടെ കയ്യിലെ ഏറ്റവും പ്രതീക്ഷയുള്ള ആയുധം. അവിടെ റാഫേൽ ഒരു പ്രത്യക്രമണ ആയുധമേയല്ല. അവർക്ക് മുന്നിൽ നാം ഉയർത്തിപ്പിടിക്കേണ്ട പ്രധാന ആയുധം നമ്മുടെ കെട്ടുറപ്പാണ്. അത് കോടികൾ ചിലവഴlച്ചാൽ കിട്ടില്ല, മറിച്ച് നിലപാടുകളുടെ സമഗ്രമായ മാറ്റം മാത്രം മതിയാവും.
Tuesday, 14 July 2020
ബി നിലവറയിലെ അത്യാധുനിക പുരോഗമന ചിന്തകള്‍!
Monday, 13 July 2020
പത്മനാഭാ നിനക്ക് നീ തന്നെ തുണ!
Sunday, 5 July 2020
ഗോ കൊറോണ... ഗോ ഗോ കൊറോണ
Saturday, 4 July 2020
കൊമ്പുള്ള ഇറ്റാലിയന്‍ മറൈന്‍
Thursday, 2 July 2020
പെട്രോളിയം ഭീകരന്‍
Sunday, 28 June 2020
ഞാഞ്ഞൂലുകള്‍ക്ക് വിട
Saturday, 20 June 2020
ബോയിക്കോട്ട് ചൈന
Wednesday, 10 June 2020
സ്ത്രീ ശരീരവും സദാചാരവും
Tuesday, 2 June 2020
ഞങ്ങളും മലയാളികളാണ്
Monday, 25 May 2020
തിരിച്ചറിവുകളുടെ കൊറോണ
അത്തരം വിഷയങ്ങളെ, മുന്നും പിന്നും നോക്കാതെ മുന്നില് നിൽക്കുന്ന ആളുടെ പ്രയാസങ്ങളെ മാത്രം ശ്രദ്ധിച്ച് സ്വയം എടുത്ത് അണിയുന്നതായതിനാല് മറ്റൊരാളെയും ഈ വിഷയത്തില് കുറ്റപ്പെടുത്താനും കഴിയില്ല. എന്തിലും വഴികാട്ടിയായ അച്ഛന് എന്നെ ഉപദേശിച്ചിരുന്ന ഒരു പ്രധാന കാര്യം ഉണ്ടായിരുന്നു. ശരിയായ സമയത്ത് “അതെ” എന്ന് പറയാന് കഴിഞ്ഞില്ല എങ്കിലും, ശരിയായ സമയത്ത് “അല്ല അല്ലെങ്കില് ഇല്ല” എന്ന് പറയുന്നവനാണ് ജീവിത വിജയി എന്ന്. പക്ഷെ അത്തരം മഹത്തരമായ ഒരു ചിന്ത ജീവിതത്തില് പകർത്തി തരാന് വഴികാട്ടിയായി ഒരാള് ഉണ്ടായിട്ടും മനുഷ്യത്വത്തിന്റെ കള്ളികളില് കൂടി മാത്രം കാര്യങ്ങളെ നോക്കി കാണുകയും ഒരിക്കല് പോലും അല്ല എന്നോ ഇല്ല അന്നോ പറയാന് കഴിഞ്ഞിരുന്നില്ല എന്ന് മാത്രമല്ല, കഷ്ടപ്പാടുകളെ ഒരു വശത്തേക്ക് മാറ്റി വച്ച് അതെ എന്ന് പറയുകയും അത് ഏത് വഴിക്കും നിവൃത്തിച്ച് കൊടുക്കുകയും ചെയ്തു എന്നതാണ് പരാജയം. ജീവിതം ഒരു പരാജയം ഉറപ്പിച്ച് പറയാന് കാരണം, അത്തരം സ്വയം തിരിച്ചറിയപ്പെട്ട അനഭിമതങ്ങളായ സംഭവങ്ങളുടെ ഒരു തുടർച്ച ജീവിതത്തില് സംഭവിക്കുക കൂടി ചെയ്യുമ്പോഴാണ്. ഒരു തവണയോ, രണ്ടാം തവണയോ ഒരേ ജനുസ്സില് പേട്ട സംഭവങ്ങള് ഉണ്ടായാല് അതിനെ അബദ്ധം എന്ന് പറയാം. എന്നാല് തുടര് പരമ്പരകള് ആകുമ്പോള് അത് തീർത്തും പരാജയം തന്നെയാണ്.