. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, 27 March 2020

ചേച്ചിയമ്മ.

ആപത്തു കാലത്താണ് ആശങ്കയുള്ള അന്വോഷണങ്ങളുടെ സ്നേഹ ആഴം എത്രയെന്ന് നാം തിരിച്ചറിയുക. മുറിയടച്ചിരിക്കുന്ന കൊറോണ ദിനങ്ങളിൽ ആശങ്കകൾ മുഴച്ച അത്തരം ചുരുക്കം ചില അന്വോഷണങ്ങൾക്കിടയിൽ തീവ്ര സ്നേഹാശങ്കയുടെ വേറിട്ട ഒരേേയൊരു ശബ്ദമേ എനിക്ക് അനുഭവച്ചറിയാൻ കഴിഞ്ഞുള്ളു. അതാണ് എൻ്റെ ചേച്ചി. ഓരോ വിളിയിലും സുരക്ഷിതനാണോ എന്ന അതീവ ആശങ്കയുടെ വിഷാദഛായ നിഴലിക്കുന്ന ചോദ്യങ്ങൾ. ഉത്തരങ്ങളിൽ തൃപ്തിവരാതെ മറുചോദ്യങ്ങൾ. അല്ലെങ്കിൽ തന്നെയും നാൽപ്പത്തിയേഴിൽ എത്തി നിൽക്കുന്ന അവളുടെ കൊച്ചുമോന് ഇപ്പഴും പ്രായം ആറു വയസ്സാകാനെ സാധ്യതയുള്ളു. അന്യ ദേശത്ത് ഒറ്റ മുറിയിൽ പരാശ്രയമില്ലാതെ കഴിയുന്ന ആറ് വയസ്സുകാരനെ ഓർത്ത് അവൾ ആശങ്കപ്പെടുന്നതിൽ തെറ്റില്ല.

കൊച്ചുമോൻ.... അതാണ്, ഞാൻ ഇന്നും, അവൾക്കും പരിസരവാസികൾക്കും. കവിളിൽ നുള്ളി കൊഞ്ചിച്ച്, പോറ്റമയുടെ വാത്സല്യമിറ്റിച്ച് കുളിപ്പിച്ച് പാഡറിട്ട് ഒരുക്കി, പിന്നെ ഒക്കത്ത് തൂക്കിയെടുത്ത് ഒരു കൈയ്യിൽ കുഞ്ഞനിയന്‍റെ ബാഗിന്‍റെ ഭാരവും മറുതോളിൽ സ്വന്തം പാഠപുസ്തകവും പേറി പ്രിയപ്പെട്ട ചേച്ചി. അവൾക്ക് അന്ന് പത്ത് വയസ്സ് എനിക്ക് അവളുടെ പകുതി പ്രായവും. മുതുക്കനായി എന്നിട്ടും ഏണിൽ നിന്ന് ഇറങ്ങാറായിട്ടില്ല എന്ന് കാഴ്ചക്കാർ പതം പറഞ്ഞ് കളിയാക്കുമ്പോൾ, "എന്‍റെ കൊച്ചുമോനാ" എന്ന് അഭിമാനത്തോടെ പറഞ്ഞ് ഒക്കത്തേക്ക് ഒന്നുകൂടി ചേർത്തിരുത്തി കിലോമീറ്ററുകൾ താണ്ടിയുള്ള നടത്തം. സ്കൂളിന്‍റെ തൊട്ടടുത്ത പള്ളിമേടയിൽ കുടിയേറിയ പ്രാവുകളുടെ കുറുകൽ, കുഞ്ഞനുജന് പേടിയാണന്ന ചിന്തയിൽ മറ്റു കുട്ടികളും അധ്യാപകരും വരുന്നിടം വരെ എനിക്ക് കാവലിരിക്കുമായിരുന്നു അവൾ. ഞാൻ സുരക്ഷിതനാണന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരോട്ടമാണ്, വീണ്ടും കിലോമീറ്ററുകൾ താണ്ടേണ്ട അവളുടെ സ്കൂളിലേക്ക്. എത്ര നേരത്തെ ഇറങ്ങിയാലും കുഞ്ഞനുജൻ കാരണം അധ്യാപകരുടെ വഴക്ക് കേട്ട് അവസാനം ക്ലാസിൽ കയറുമ്പോഴും സങ്കടം തോന്നാറില്ല എന്ന് അവൾ പറയും, കാരണം വഴക്ക് കേൾക്കുന്നത് കൊച്ചുചുമോന് വേണ്ടിയല്ലേ.

സ്കൂളിൽ പോകുന്നതിന് മുമ്പുള്ള അങ്കമാണ് കാണേണ്ടത്. രാവിലെ ആറ് മണിക്ക് തന്നെ എഴുന്നേൽക്കും. മുറ്റമടിക്കൽ, മുറി തൂത്തുവാരൽ, തൊഴുത്തിലെ പശുക്കൾക്ക് ഭക്ഷണവും വെള്ളവും, വയസ്സായി കിടപ്പിലായ അമ്മൂമ്മയെ ശുശ്രൂഷിക്കൽ എന്നിങ്ങനെ അവളുടെ കയ്യും മനവും ചെല്ലാത്ത ഒരിടവും വീടിന്‍റെ മുറിയിലും തൊടിയിലും ഉണ്ടാവില്ല. ഇതെല്ലാം കഴിഞ്ഞാണ് ഒരുക്കവും അഞ്ചു കിലോമീറ്ററോളം താണ്ടി സ്കൂളിലേക്കുള്ള ഓട്ടവും. സ്കൂളിൽ നിന്ന് തിരികെ വരുമ്പോഴേക്കും അവൾക്ക് വേണ്ട അടുത്ത ജോലികൾ തയ്യാറായിട്ടുണ്ടാവും. പിറ്റേന്നത്തെ കാപ്പിക്കുള്ള അരിയാട്ടൽ, അമ്മൂമ്മയെ കുളിപ്പിച്ചൊരുക്കൽ മുതൽ വൈകുന്നേരത്തെ ഭക്ഷണം വരെ ആ ലിസ്റ്റിൽ കാണും. എല്ലാം കഴിഞ്ഞ് എന്നെ ചേർത്തിരുത്തി അന്നന്നത്തെ പാഠങ്ങൾ പഠിപ്പിച്ചതിന് ശേഷമാണ് അവളുടെ പഠനം പോലും.

എന്‍റെ ഓർമ്മ ഉറയ്ക്കുന്ന കാലം മുതൽ, ഇത് ഞാൻ എഴുതുന്ന നിമിഷം വരെ അവൾ അങ്ങനെയാണ്. എത്ര വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ 41 വർഷത്തിനിടയിൽ ഒട്ടും മാറാൻ കഴിയാത്ത ഒന്നായി ചേച്ചി. പശുവിന് കാടി കൊടുക്കുന്ന വലിയ അലുമിനിയം ചരുവം കമഴ്ത്തി വച്ച്, അതിൽ കയറി നിന്ന്, കറിക്ക് അരയ്ക്കുന്ന കാഴ്ചയിൽ നിന്ന് മിക്സിയിൽ എത്തിയെങ്കിലും രുചിഭേദങ്ങളുടെ നിറക്കൂട്ടുടുകളാണ് അവളടെ കറിക്കൂട്ടുകൾ. ആ കൈ ഒന്ന് പാത്രത്തിന് അടുത്തു കൂടി പോയാൽ ഭക്ഷണത്തിന് രുചി കൂടുമോ എന്ന് അത്ഭുതത്തോടെ ഓർത്ത് പോയിട്ടുണ്ട്. ഇന്ന് കൊറോണക്കാലത്ത് ഉണക്ക കുപ്പൂസ് എൻ്റെ ബാച്ചിലർ ഉള്ളിക്കറിയിൽ മുക്കി നാവിൽ തൊടാതെ തൊണ്ടയിലേക്ക് തള്ളുമ്പോൾ ചേച്ചി വച്ച ഒരു സ്പൂൺ സാമ്പാറിനായി, ഒരു വറ്റ് അവിയലിനായി കൊതിച്ചു പോകുന്നു.

അക്ഷര ഭംഗിയിൽ ഞങ്ങൾ തികച്ചും സഹോദരീ സഹോദരന്മാർ ആയിരുന്നതിനാൽ എൻ്റെ സ്കൂളിലെ ഹോം വർക്കുകളും, കോളേജിലെ റെക്കോഡുകളും നിർദ്ദാക്ഷണ്യം എഴുതാതെ ഞാൻ മാറ്റി വയ്ക്കും. സബ്മിറ്റ് ചെയ്യേണ്ട ദിവസം എനിക്ക് തീരെ ആശങ്കയില്ലങ്കിലും അനുജൻ്റെ പുറം പൊളിയുന്നതിൽ ആശങ്കപ്പെട്ട് ഞാൻ പറഞ്ഞില്ലങ്കിൽ പോലും അവൾ അത് എഴുതി വച്ചിരിക്കും. തനി വെളുപ്പും തനിക്കറുപ്പും എന്ന ഞങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി എന്നെ കളിയാക്കുന്നവർക്ക് അവളുടെ നാവിൻ്റെ ഏഴു നിറങ്ങളും അനുഭവേദ്യമാക്കി കൊടുത്തേ വിടാറുണ്ടായിരുന്നുള്ളു.

വറുതിയുടെ ദിനങ്ങളിലൂടെ കുടുംബം കടന്നു പോയ ദിവസങ്ങളിലായിരുന്നു വളരെ ആകസ്മികമായി അവൾക്ക് അനുയോജ്യനായ ഒരു ആലോചന വരികയും ഒരാഴ്ചക്കുള്ളിൽ വിവാഹം നടത്തേണ്ടിയും വന്നത്. ജീവിതത്തിൽ ഞാൻ തേങ്ങിക്കരഞ്ഞത് രണ്ടു അവസരങ്ങളിൽ മാത്രമാണ്. ഒന്ന് ചേച്ചി വിവാഹശേഷം പടിയിറങ്ങിയപ്പോൾ, രണ്ട് അവൾ ഭർത്താവിനൊപ്പം ഗൾഫലേക്ക് യാത്രയായപ്പോൾ.

എഴുതിയാൽ ഒരു ഖണ്ഡകാവ്യം ഉണ്ടാവുമെന്നതിനാൽ അവസാനിപ്പിക്കുകയാണ്. അവളുടെ രണ്ടു മക്കൾക്ക് അസൂയ ജനിപ്പിക്കുന്ന മൂത്ത മകനായി ഇന്നും എനിക്ക് തുടരാൻ കഴിയുന്നതാണ് എൻ്റെ ജന്മസാഫല്യം. എനിക്ക് അവൾ വെറും മൂത്ത സഹോദരിയല്ല, അവൾ എൻ്റെ ചേച്ചിയമ്മ...

No comments:

Post a Comment