Tuesday, 5 April 2022
കമ്യൂണിസം അഥവാ ഫാസിസം.
Tuesday, 8 March 2022
ഞാന്‍ പേര്‍ഷ്യക്കാരനായ കഥ
ചുവന്ന പ്ലാസ്റ്റിക് കസേരയില്‍ കാലിന്മേല്‍ കാല്‍കയറ്റി ഉപവിഷ്ടനായ സുമുഖനെ അന്വേഷണ കുതുകികളായ ഞങ്ങള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ ഓമനക്കുട്ടന്‍ ഉപചാരപൂര്‍വ്വം പരിചയപ്പെടുത്തി.
ഇത് പ്രഭാകരേട്ടന്‍. വര്‍ക്കല സ്വദേശിയാണ്. ഇവിടെ നമ്മള്‍ നാട്ടുകാര്‍ക്ക് ഒരു വലിയ കാര്യം ചെയ്തു തരാനും, നമ്മുടെ ഗ്രാമത്തെ ആകെ രക്ഷപെടുത്താനും ആണ് ഇദ്ദേഹം വന്നിട്ടുള്ളത്. സ്വാഗത പ്രസംഗകന്‍റെ ഭാവത്തില്‍ ഓമനക്കുട്ടന്‍ എല്ലാവരെയും ഒന്നു ഇരുത്തി നോക്കി.
പ്രഭാകരന്‍ അവറുകള്‍ ചെറു പ്രഭാഷണത്തിനു തുടക്കമിടുന്ന സമയം, എന്‍റെ ശ്രദ്ധ ഓമനക്കുട്ടന്‍റെ അടുക്കളയിലെ ചില്ല് ഭരണിയില്‍ വിരാചിക്കുന്ന ഉണ്ണിയപ്പത്തില്‍ ഉടക്കി അവിടേക്ക് ആകര്‍ഷിച്ചു പോയി. കര്‍മ്മം തീര്‍ത്ത് തിരികെ എത്തുമ്പോള്‍ പ്രഭാഷണവും കഴിഞ്ഞു പൂരപ്പറമ്പ് ഒഴിഞ്ഞു കഴിഞ്ഞിരുന്നു.
ഞാന്‍ സുമുഖനെ നോക്കി വളരെ വിനിയാന്വീതനായി പാല്‍പുഞ്ചിരി പൊഴിച്ചു. എന്‍റെ മുഖത്തേക്ക് ഒരു നിമിഷം കണ്ണെറിഞ്ഞുകൊണ്ട് പ്രഭാകരന്‍ അവറുകള്‍ ഓമനക്കുട്ടനോട് ഒരു അസ്ത്രം എയ്തു. "ഞാന്‍ മുന്നേ പറഞ്ഞ കാര്യത്തിന് ഇയാള് പറ്റില്ല കേട്ടോ". ഞാന്‍ കാര്യം അറിയാതെ പ്രഭാകരന്‍ അവറുകളേയും ഓമനക്കുട്ടനേയും അങ്കലാപ്പോടെ മാറി മാറി നോക്കി.
ഓമനക്കുട്ടന്‍ കാര്യം വിശദീകരിച്ചു. "പ്രഭാകരേട്ടന് പട്ടാള ക്യാമ്പുമായി നല്ല പിടിയാ. നമ്മുടെ നാട്ടില്‍ നിന്നു കുറേപ്പേരെ പട്ടാളത്തില്‍ കെറ്റാമെന്ന് പുള്ളി സമ്മതിച്ചിട്ടുണ്ട്. ഗ്രാമത്തിനു തന്നിലൂടെ വരുന്ന സൌഭാഗ്യവും അതിലൂടെ തനിക്കു കിട്ടുന്ന പ്രശസ്തിയും ഓര്‍ത്താവണം, ഓമനക്കുട്ടന്‍ ഒന്നു വിബ്രിമ്ചിതനായി. ബാലയിലെ രാജാപ്പാര്‍ട്ടിനെ പോലെ പ്രഭാകരന്‍ അവറുകള്‍ ഒന്നു മുരണ്ടു തന്‍റെ ഗര്‍വ്വ് അറിയിച്ചു.
ഇരുപതിന്‍റെ നെറുകയില്‍ ഒരു ജോലി സ്വപ്നം കണ്ട് തുടങ്ങിയ ഞാന്‍ പെട്ടെന്ന് നിരാശനായി
"അതെന്നാ എന്നെ എടുത്താല്‍"
പട്ടാളത്തിലേക്ക് ആളെ എടുക്കും, പക്ഷെ നിങ്ങളെ എടുക്കൂല്ല. പ്രഭാകരന്‍ അവറുകള്‍ ചെറു പുഞ്ചിരിയോടെ ആവര്‍ത്തിച്ചു.
"അതെന്നാ പ്രഭാകരേട്ടാ..." ചങ്ങായിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഷര്‍ട്ടിന്‍റെ കോളര്‍ വലിച്ചിട്ട് സുമുഖന്‍ പറഞ്ഞു..
"ഇയാള്‍ക്ക് മുന്നില്‍ ഒരു പല്ലില്ല" ചിറിയും കടന്ന്‍ വെളിയില്‍ തള്ളി നില്‍ക്കുന്ന എന്‍റെ കോന്ത്രപ്പല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന പാതി ഒടിഞ്ഞ കറുത്ത പല്ലിനേ ചൂണ്ടി സുമുഖന്‍.
ഉള്ളിലേക്ക് അടിച്ചു കയറിയ നിരാശയെ മറയ്ക്കാന്‍, ഉള്ളം കൈകൊണ്ടു വായ പൊത്തി കോന്ത്രപല്ലിനു മുന്നില്‍ ഒരു വിരല്‍ വേലി തീര്‍ത്ത് ഞാന്‍, അഞ്ചാം ക്ലാസിലെ കള്ളനും പോലീസും കളിക്കിടെ കുതികാല് വച്ചു വീഴ്ത്തി എന്‍റെ പല്ല് ഇളക്കിയ ജോസിനെ, ആ നിമിഷത്തില്‍ തികട്ടി വന്ന നാടന്‍ തെറികള്‍ മതിയാവോളം വിളിച്ച് വീട്ടിലേക്ക് നടന്നു.
ഞാന്‍ ഒഴികെ ഗ്രാമത്തിലെ പതിനെട്ടു തികഞ്ഞ എല്ലാവരെയും പട്ടാളക്കാരന്‍ ആക്കാം എന്ന തീരുമാനത്തില്‍ ചങ്ങാതിയും സുമുഖനും വീട് വീടാന്തരം കയറി ഇറങ്ങി ക്യാന്വാസിംഗ് ആരംഭിച്ചു. ഇടവഴിയില്‍ കാണുമ്പോഴെല്ലാം എനിക്കുണ്ടായ ദൌര്‍ഭാഗ്യത്തില്‍ ഓമനക്കുട്ടനും പ്രഭാകരന്‍ അവറുകളും നിരാശ അറിയിച്ചുകൊണ്ടെയിരുന്നു.
എന്‍റെ നിരാശ അനുദിനം വര്‍ദ്ധിച്ച്, അത് ഒടുവില്‍ ഊണുമുറിയും, കിടപ്പുമുറിയും അതിനിടയിലുള്ള ഇടനാഴിയിലേക്കും ചുരുങ്ങി തീര്‍ന്നു. സത്യത്തില്‍ റിക്രൂട്ട്മെന്റിന് തയ്യാറായി നില്‍ക്കുന്ന അഭിനവ പട്ടാളക്കാരെ അഭിമുഖീകരിക്കാന്‍ എനിക്ക് കരുത്തുണ്ടായിരുന്നില്ല.
Friday, 4 March 2022
കുറ്റകൃത്യങ്ങളുടെ വ്യാപാരികള്‍
ഒരു കൊലപാതകമാണ്, അതും മലയാളി കുടുംബം. ഭർത്താവ് തലയ്ക്ക് അടിയേറ്റും, ഭാര്യ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടും, രണ്ടു വയസ്സുള്ള കുട്ടി കസേരയിൽ കെട്ടിവച്ച് വായിൽ തുണി തിരുകി വയ്ക്കപ്പെട്ടും, അതിനീചമായ കൊലപാതകം. മൂന്നാം ദിവസം തൊട്ടയൽവക്കത്തെ പാക്കിസ്ഥാനി ഫ്ലാറ്റിൽ നിന്നും അതികഠിനമായ ദുർഗന്ധം ഉണ്ടാവുന്നു എന്ന് പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പുറംലോകം അത്തരം ഒരു അത്യാഹിതം അറിയുന്നത് തന്നെ. സൗദി അറേബ്യൻ സാഹചര്യത്തിൽ അത്തരം ഒരു സ്ഥലത്ത് അധികനേരം നിന്നാൽ സംഭവിക്കുന്ന നിയമപരമായ പ്രശ്നങ്ങളെ ഓർത്ത് ഞാനും ഡ്രൈവറും അൽപ്പ സമയത്തിനുള്ളിൽ പിൻവാങ്ങി. പക്ഷേ അതിക്രൂരമായ കൊലപാതകം എൻ്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അതിനാൽ തന്നെ പ്രസ്തുത കൊലപാതകത്തെ സംബന്ധിച്ചും അതിൻ്റെ തുടർ നടപടികളെ സംബന്ധിച്ചും എൻ്റെ ദിനേനയുള്ള ഓഫീസ് യാത്രകളിൽ അന്വോഷിച്ചു കൊണ്ടിരുന്നു.
എന്തായാലും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കൊലപാതകിയെ പോലീസ് പിടികൂടി, അത് തൊട്ടടുത്ത ഫ്ലാറ്റിലെ, പോലീസിനെ ഫ്ലാറ്റിലെ ദുർഗന്ധത്തെ കുറിച്ച് അറിയിച്ച അതേ പാക്കിസ്ഥാനി തന്നെ ആയിരുന്നു. ഒരു കൊലപാതകത്തെ കുറിച്ച് വിവരം സദുദ്ദേശത്തോടെ പുറംലോകത്തെ അറിയിക്കുകയും, ആത്മവിശ്വാസത്തോടെ അന്വോഷണ സംഘത്തോട് പരമാവധി സഹകരിക്കുകയും ചെയ്യുക വഴി, അയാളിലേക്കുള്ള സംശയമുനയെ കുറച്ചു ദിവസത്തേക്കെങ്കിലും വഴിതിരിച്ചു വിടാൻ അയാൾക്ക് കഴിഞ്ഞു. അതിസമർത്ഥനായ ഒരു കുറ്റവാളികൾക്ക് മാത്രം കഴിയുന്ന ഒന്ന്.
ആ കുടംബത്തോട് ഏറ്റവും അടുത്തു പെരുമാറുന്ന കൊലയാളി, അവരുടെ വീട്ടിലെ ഒരംഗം തന്നെ ആയിരുന്നു. അന്നേ ദിവസം ഭർത്താവ് ജോലിക്ക് പോയപ്പോൾ കതക് മുട്ടുന്നത് ഭയ്യ ആയത് കൊണ്ട് തുറക്കാൻ വീട്ടമ്മയ്ക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. പ്രണയാഭ്യർത്ഥന തമാശയായി എടുത്ത് പിന്നീട് ശബ്ദം മാറിയപ്പോൾ പുറത്ത് പോകാൻ പറഞ്ഞു എങ്കിലും ഭയ്യ കതക് പൂട്ടുകയാണ് ചെയ്തത്. അമ്മയെ ആക്രമിക്കുന്നത് കണ്ട കുട്ടി നിലവിളിച്ച് കരയാൻ തുടങ്ങിയപ്പോൾ പിഞ്ചുകുഞ്ഞിനെ കസേരയിൽ കെട്ടിവച്ച് വായിൽ തുണി കുത്തിത്തിരുകി, ശേഷം വീട്ടമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നു കളഞ്ഞു. പിന്നെ ഭർത്താവ് വരാനായി റൂമിൽ തന്നെ കാത്തിരുന്നു. ഭർത്താവ് വന്നപ്പോൾ അയാളെയും കൊന്നു. ഭീകരമായ അവസ്ഥ എന്തെന്നാൽ ജീവനോടെ ഒരു രണ്ടു വയസ്സുകാരൻ ഇതെല്ലാം ദൃസാക്ഷിയാകുകയായിരുന്നു. ആ കുഞ്ഞ് മരിച്ചത് പിന്നെയും രണ്ടു ദിവസത്തിന് ശേഷം നിർജ്ജലീകരണം മൂലമായിരുന്നു എന്നതാണ് ഹൃദയം നിന്ന് പോകുന്ന സത്യം. വളരെ അടുത്ത് ഇടപെടുന്ന സ്ത്രീയോട് തോന്നിയ ലൈംഗികാസക്തി ഉണ്ടാക്കിയ അവിശ്വസിനീയമായ സംഭവങ്ങളാണ് ഞാൻ മുകളിൽ വിവരിച്ചത്.
എന്തിനോടും ഉള്ള അമിതാസക്തി ഇത്തരം സാഹചര്യങ്ങളിലേക്ക് ഏത് മനുഷ്യരേയും നയിക്കാം എന്നതാണ് ഈ സംഭവത്തിലെ കാതലായ സന്ദേശമായി ഞാൻ പറയാൻ ആഗ്രഹിച്ചത്. പണത്തോട്, അധികാരത്തോട്, മദ്യത്തോട്, ലൈംഗികതയോട് എന്തിനേറെ സമൂഹം നല്ലത് കെട്ടത് എന്ന് വിലയിരുത്തുന്ന എന്തിനോടുമുള്ള അമിതമായ ആസക്തി ജീവിതത്തെ നേർരേഖയിൽ നിന്ന് വഴിതിരിച്ചു വിടും എന്നതിന് ഇതേ പോലെ നൂറ് ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്.
ഇന്ന് നാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്ന രാഷ്ട്രീയ മത വ്യക്തിപരമായ ഏറിയ പങ്ക് കേസുകളും പണത്തോടും അധികാരത്തോടുമുള്ള ആസക്തിയിലേക്ക് ചേർത്ത് വയ്ക്കാനാണ് എനിക്ക് തോന്നുന്നത്. അല്ലങ്കിൽ അധികാരത്തിൽ ഇരിക്കുന്നവർ, സമൂഹത്തിൽ വിലയും നിലയുമുള്ളവർ, സാമാന്യത്തിൽ കൂടുതൽ ശമ്പളവും വരുമാനവുമുള്ളവർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതിനെ എന്തിനോട് ചേർത്ത് വയ്ക്കും. കൊലപാതകമായാലും. മോഷണമായാലും, അവയില്‍ എല്ലാം മേൽപ്പറഞ്ഞ പാക്കിസ്ഥാനി മുഖങ്ങൾ കാണാൻ കഴിയുന്നുണ്ട്. എല്ലാ രാഷ്ട്രീയ മത പാർട്ടികളുടേയും അതിലെ നേതാക്കന്മാരുടേയും കാര്യത്തില്‍ പ്രത്യേകിച്ചും.
Thursday, 24 February 2022
ആകാശത്തിലെ പാമ്പുകള്‍
എല്ലാവരുടേയും മുഖത്ത് ഭീതി നിഴലിച്ചിരുന്നു. എന്താേ സംഭവിക്കാൻ പോകുന്ന ഒരു മുൻവിധിയിൽ കുട്ടികളും, സ്ത്രീകളും പരമാവധി പരസ്പരം ഇഴുകിയിരുന്ന് പതംപറച്ചിലുകൾ. ഇടയ്ക്കിടെ പൈലറ്റിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്ന അനൌണ്‍സ്മെന്റുകള്‍. ഏതാണ്ട് ഗൾഫ് മേഖല പിന്നിട്ടപ്പാേൾ അന്തരീക്ഷം ഒന്ന് ശാന്തമായി എന്ന വിലയിരുത്തലിൽ എയര്‍ഹോസ്റ്റസ് ഭക്ഷണം വിളമ്പി. യാത്രക്കാരിൽ പലരും അത് കഴിച്ചെന്നു വരുത്തി വീണ്ടും പ്രാര്‍ഥനയില്‍.
അങ്ങനെ വിമാനം ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നു ഗോവന്‍ തീരത്തേക്ക് പ്രവേശിച്ചു. വിമാനത്തിന്റെ കുലുക്കത്തിന് വലിയ ശമനം വന്നു. എങ്കിലും ഒരാള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയുന്ന തരത്തില്‍ ശാന്തമായിരുന്നില്ല. അപ്പോഴാണ് പിറകില്‍ നിന്ന് ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നു തുടങ്ങിയത്. അതു പിന്നെ പലരിലേക്ക് പടരുകയും ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ ആണു അതിന്റെ യഥാര്‍ത്ഥ കാരണം എനിക്ക് മനസ്സിലായത്. സാധാരണയായി വിളമ്പാറുള്ള മദ്യം വിമാനത്തിലെ പ്രത്യേക സാഹചര്യം കാരണം വിളമ്പാന്‍ കഴിഞ്ഞിട്ടില്ല. അതിനു എതിരെയുള്ള പ്രതിഷേധം ആയിരുന്നു അത്.
രസകരം എന്തെന്നാൽ, വിഷയം മദ്യമായത് കൊണ്ട്, നമ്മുടെ ബീവറേജിലെ ക്യൂവിലെ സമത്വവും സാഹോദര്യത്തേയും സോഷ്യലിസത്തേയും ഓർമ്മിപ്പിച്ച് കൊണ്ട്, പ്രതിഷേധ നിരയില്‍ ഗൾഥിലെ ജോസ് പ്രകാശ് പൈപ്പ് ജാഡക്കാർ മുതൽ സാധാരണക്കാരൻ വരെ കട്ടയ്ക്ക് കൂടെ നിന്നു എന്നതാണ്. പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും അതിന്റെ ശബ്ദം ഉച്ചാവസ്ഥയില്‍ ആകുകയും ചെയ്തപ്പോള്‍ എയര്‍ഹോസ്റ്റസ് അമ്മച്ചിമാര്‍ ബേഞ്ചൂത്ത്, മദര്‍ച്ചൂത്ത് എന്നിങ്ങനെയുള്ള മനോഹര പദങ്ങള്‍ പരസ്യമായി ഉരുവിട്ടുകൊണ്ടു ആ കുടുക്കത്തിലും മദ്യം വിളമ്പി. നമ്മുടെ സോഷ്യലിസ്റ്റുകൾ അമ്മക്കും പെങ്ങള്‍ക്കും വിളികേട്ടു ഒരു ഉളുപ്പും ഇല്ലാതെ അതു സേവിച്ച് ഏമ്പക്കവും വിട്ടു.
അന്ന് ആദ്യമായി നമ്മുടെ സമൂഹത്തെ ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നി. മദ്യത്തിനു മുന്നില്‍ കുടുംബത്തെ മറക്കുന്ന എന്നു പലരും ആരോപിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അതാണ് മലയാളി എന്ന് തെളിയിച്ച് കൊടുത്ത സംഭവം.
കുടിച്ച് ബോധം നഷ്ടപ്പെട്ട ഒരുവനെ വീൽ ചെയറിൽ കൊണ്ടുവന്ന് ബന്ധുക്കളെ തേടുന്ന കാഴ്ച ഒരിക്കൽ തിരുവനന്തപുരം എയർപോർട്ടിൽ കാണുകയുണ്ടായി.
Wednesday, 9 February 2022
താനാരാണന്ന് തനിക്കറിയാന്മേലങ്കില്‍........
ഒരു വ്യക്തിക്ക് ആ വ്യക്തിയിൽ തന്നെ തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ കഴിയുക എന്നത് സാങ്കേതികമായി അസാധ്യമായി ഒരു കാര്യമാണന്ന് എനിക്ക് തോന്നുന്നു. ഇനി അറിയാമെങ്കിൽ തന്നെ അത് തുറന്ന മനസ്സോടെ മറ്റൊരാൾക്ക് മുന്നിൽ ഏറ്റുപറയാൻ തയ്യാറാകുന്നവർ തുലോം കുറവാണ് താനും. തന്നിലെ തന്നെ കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നതിൽ മനുഷ്യരിൽ ഏറിയ പങ്കും അമ്പേ പരാജിരാണ്, എന്നാൽ ഇല്ലാത്ത തന്‍റെ നന്മകൾ പോലും സ്വയം പ്രചരിപ്പിക്കുന്നതിൽ ആവനോളം മിടുക്കൻ വേറെ ഇല്ലതാനും.
എന്റെ അഭിപ്രായത്തിൽ ഒരുവനിലെ നന്മതിന്മകൾ അവനു തന്നെയും, അവൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനും വ്യക്തമായി അറിയണമെങ്കിൽ, വിമർശനാത്മക സ്നേഹം കാംക്ഷിക്കുകയും കൊടുക്കാൻ തയ്യാറാകുകയും ചെയ്യുന്ന സൗഹൃദങ്ങൾ അവന് ഉണ്ടാകുമ്പോൾ മാത്രമാണ്. പരസ്പരം നിഷ്കാമമായി സംസാരിക്കുകയും തിരുത്തപ്പെടുക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന സൗഹൃദബന്ധങ്ങൾ ഒരുവന് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. മറ്റേത് ബന്ധങ്ങളെക്കാൾ ഒരു യഥാർത്ഥ സുഹൃത്തിന് മാത്രം സാധിക്കുന്ന ഒന്നാണ് വിമർശനാത്മക സൗഹൃദം. തന്നിലെ തന്നെ, താനായി വളർത്തിയെടുക്കുന്നതിനോടൊപ്പം, അതിനെ അതേ ഗൗരവത്തിൽ അംഗീകരിക്കാൻ തയ്യാറാകുന്ന സൗഹൃദങ്ങൾ കൂടി ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ ജീവിതം ഒരു പരിധി വരെ വിജയകരമായിരിക്കും..
നിങ്ങളുടെ സൗഹൃദങ്ങൾ നിങ്ങളെ കുറിച്ച് സംസാരിക്കട്ടെ...

.jpg)
