മാംസ നിബദ്ധമല്ല രാഗം. പ്രണയത്തെക്കുറിച്ച് പറയുന്ന പല സ്റ്റാറ്റസുകൾക്കും ചുവട്ടിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കമന്‍റാണ് ഇത്, അല്ലങ്കിൽ ഇതിന് സമാനമായ മറ്റു ചില കമന്‍റ്കൾ. യഥാർത്ഥത്തിൽ പ്രണയം മാംസനിബദ്ധമല്ലേ. ഈ ചോദ്യം ഞാൻ എന്നോട് തന്നെ പലപ്പോഴും ചോദിക്കാറുണ്ട്. എന്‍റെ ഈ പ്രായത്തിൽ പോലും എനിക്ക് ഒരു പ്രണയമുണ്ടായാൽ അത് മാംസനിബദ്ധമായിരിക്കില്ലേ? നാനാ വഴികളിലൂടെ ചിന്തകൾ പോയിട്ടും "അതെ" എന്ന് തന്നെയാണ് എനിക്ക് ഉത്തരം കിട്ടിയത്.
മുൻ തലമുറയിൽ നിന്ന് വ്യത്യസ്ഥമായി പരിധിയില്ലാത്ത ആൺപെൺ സൗഹൃദങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇക്കാലത്ത്, ഈ ലോകത്തുള്ള എന്ത് സ്വകാര്യതയും ആണിനും പെണ്ണിനും സൗഹൃദത്തിനുള്ളിൽ നിന്ന് തുറന്നു പറയാൻ സാഹചര്യമുള്ള ഇക്കാലത്ത്, ഞങ്ങൾ പ്രണയത്തിലാണ് എന്ന് ഒരു ആണും പെണ്ണും തീരുമാനിക്കണമെങ്കിൽ തങ്ങളുടെ കറതീർന്ന സ്നേഹ സൗഹൃദത്തിനിടയിലേക്ക് ലൈംഗികത കൂടി കൂട്ടിച്ചേർക്കപ്പെട്ടു എന്ന വ്യത്യാസം മാത്രമേ കാണേണ്ടതുള്ളു. അതു കൊണ്ട് തന്നെ പ്രണയിനികൾക്കിടയിലെ ലൈംഗികതയെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല എന്ന് നിസംശയം പറയാം.
രണ്ടു വ്യാഴവട്ടക്കാലം മുന്നേ വരെയുള്ള പ്രണയം ഇങ്ങനെയായിരുന്നില്ല, അതിന് ഒരു അടുക്കും ചിട്ടയുമുണ്ടായിരുന്നു, വല്ലപ്പോഴും ഒന്നു കണ്ടാലായി, പ്രണയ ലേഖനങ്ങളുടെ പെരുമഴക്കാലം ഇങ്ങനെ നിരവധി രസകരമായ സ്റ്റേറ്റുമെന്റുകൾ പ്രേമിച്ച് കെട്ടിയ എന്‍റെ സതീർത്ഥ്യൻമാരിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്. അവരാണ് മാംസ നിബദ്ധമല്ല രാഗത്തിന്‍റെ പ്രധാന പ്രയോക്താക്കൾ. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിൽ, കൂട്ടുകുടുംബ വ്യവസ്ഥയിൽ, ജാതി മത സ്വാധീനങ്ങളിൽ, ടെക്ക്നോളജിയുടെ അഭാവത്തിൽ, പ്രണയങ്ങളെ മാംസ നിബദ്ധമല്ലാതെ കൊണ്ടു പോകേണ്ട ഗതികേടിലായിപ്പോയി പ്രണയിതാക്കൾ. അതുകൊണ്ട് അതിനെ വലിയ രീതിയിൽ മഹത്വവൽക്കരിക്കേണ്ടതില്ല എന്ന് സാരം.
ഒരു ദാമ്പത്യ ബന്ധത്തിൽ സ്ത്രീയെയും പുരുഷനേയും ഒന്നിച്ച് നിർത്താൻ ലൈംഗികതയോളം പ്രധാന്യമുള്ള പല ഘടകങ്ങളും ഉണ്ടാവാം, എന്നാൽ ലൈംഗിക തീഷ്ണയും, ലൈംഗിക അഭിവാജ്ജയും ഇല്ലാതെ പ്രണയിനികൾക്കിടയിൽ മറ്റ് എന്ത് ഘടകമാണ് അവരെ ചേർത്ത് നിർത്തുന്നത്. ഇന്ന് നടക്കുന്ന വിവാഹ മോചനങ്ങളിൽ ഏറിയ പങ്കും പങ്കാളിയിലെ ലൈംഗിക വീഴ്ചകളെ എടുത്ത് കാട്ടിയാണന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടി വരും.
മേൽപ്പറഞ്ഞ ഘടകങ്ങൾ എന്നോടൊപ്പം നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ നടപ്പാക്കും എന്ന് ഉറപ്പ് വരുത്തണം. അതിന് നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ, ഇപ്പോൾ പ്രണയിതാവാണോ, ഇനി ഒരിക്കലും പ്രണയിക്കാൻ സാധ്യതയില്ല, ഇങ്ങനെയുള്ള വിഷയങ്ങൾ ഒന്നും ബാധകമേയല്ല. പ്രണയത്തിൽ കാമമുണ്ടന്നും, ലൈംഗികതയുണ്ടന്നും, പരസ്പരം ശരീരങ്ങളെ അറിയാനും, പ്രചോദിപ്പിക്കാനും, ലൈംഗികതയിൽ അഭിരമിക്കാനും അടങ്ങാത്ത ആഗ്രഹം അവർക്കിടയിൽ ഉണ്ടാകുമെന്നും തിരിച്ചറിയണം. പലപ്പോഴും നേരിട്ട് അത്തരം അഭിലാഷ സാധ്യതകൾക്ക് സാഹചര്യമില്ലാതാകുമ്പോൾ, ഈ അത്യാധുനിക കാലത്ത് ചിലപ്പോൾ സോഷ്യൽ മീഡിയകളുടെ സാഹചര്യങ്ങളെ (ദുഃരു)ഉപയോഗിച്ച് ചിത്രങ്ങളായോ, വീഡിയോകളായോ, വീഡിയോ കോളുകളായോ അവർ തങ്ങളുടെ ലൈംഗിക സഫലീകരണം നടത്തുന്നത് തെറ്റ് എന്ന് പറയാൻ കഴിയില്ല. അത് അവർക്കിടയിലെ തികച്ചും സ്വകാര്യമായ ഒന്നായി തീരേണ്ടത് മാത്രമാണ്. സോഷ്യൽ മീഡിയയെ ഉപയോഗിച്ചുള്ള ഇത്തരം ലൈംഗിക പ്രയോഗങ്ങൾ പ്രണയിനികളിൽ മാത്രമല്ല, ദമ്പതികളിൽ പോലും നിലവിലുണ്ട് എന്നത് അംഗീകരിക്കപ്പെടേണ്ട ഒരു സത്യമാണ്.
ഈ ഒഴിവാക്കപ്പെടാനാവാത്ത സാഹചര്യത്തിൽ നിന്നാണ് പ്രണയ ബന്ധങ്ങളിലൂടെ വഞ്ചിതരാകുന്ന സ്ത്രീകളെ/പെൺകുട്ടികളെ (വളരെ ചെറിയ അളവിൽ ആണുങ്ങളും) കുറിച്ച് നാം ചിന്തിക്കേണ്ടത്. ചില നരാധമന്മാർ സ്ത്രീകളുടെ സ്വകാര്യതയിലേക്ക് വയ്ക്കുന്ന ഒളിക്യാമറകൾ ഒഴിച്ചാൽ വാട്ട്സാപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകളിൽ 99.99% വും പ്രണയ വഞ്ചനകളുടെ കഥ പറയുന്നവയാണ്. പ്രണയിതാവിനെ വിശ്വസിച്ച് അവൾ തന്നെ ക്യാമറ തന്റെ നഗ്നതയിലേക്ക് തിരിച്ച് വയ്ക്കുമ്പോൾ അവൾ ചിന്തിക്കുക നാളെ വരാനിരിക്കുന്ന വഞ്ചനയെ കുറിച്ചായിരിക്കില്ല, മറിച്ച് ദൂരെയിരുന്നു തന്‍റെ പ്രാണന് താൻ കൊടുക്കുന്ന സന്തോഷത്തെ കുറിച്ചായിരിക്കും, അത് വഴി അവൾ സ്വയം അനുഭവിക്കുന്ന ഉന്മാദത്തെ കുറിച്ച് മാത്രമായിരിക്കും. എത്ര ഉപദേശിച്ചാലും ഇനി വരാനിരിക്കുന്ന എല്ലാ പ്രണയിതാക്കളിൽ എവിടെയെങ്കിലുമൊക്കെ ഇത്തരം വഞ്ചകന്മാർ ഒളിച്ചിരിപ്പുണ്ടാവാം. ഒരു പെൺകുട്ടിക്ക് എത്ര അടുത്തറിഞ്ഞാലും മനസ്സിലാക്കാൻ കഴിയാത്ത കടുത്ത വഞ്ചകന്മാർ.
സമൂഹത്തിന് ഇക്കാര്യത്തിൽ ഒരു ബാധ്യതയുണ്ടന്ന് വിശ്വസിക്കുന്നു. മനസാക്ഷിയുള്ളവർ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കില്ല എന്ന സത്യം അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ. നിങ്ങളുടെ ആത്മാർത്ഥ സുഹൃത്തുക്കൾ ആരെങ്കിലും ഇത്തരം വീഡിയോകൾ അയച്ചു തരുമ്പോൾ അവരോട് തുറന്നു പറയുക, അവരെ ഉപദേശിക്കുക. എനിക്ക് അയക്കരുതെന്നും, ദയവ് ചെയ്ത് മറ്റൊരാൾക്കും ഫോർവേർഡ് ചെയ്യരുത് എന്നും. നിങ്ങളുടെ മൊബൈലിൽ അത്തരം ഒരു വഞ്ചനാ വീഡിയോ എത്തിയാൽ നിങ്ങൾ ഒരിക്കലും അത് ഫോർവേർഡ് ചെയ്യില്ല എന്ന് പ്രതിജ്ഞ ചെയ്യുക. ഒപ്പം ഇത്തരം ഒരു വഞ്ചനാ വീഡിയോ നിങ്ങളിൽ എത്തിയെങ്കിൽ അവൾ കാണിച്ചിട്ടല്ലേ, അനുഭവിക്കട്ടെ എന്ന മനോഭാവത്തിൽ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക. കാരണം നിങ്ങൾക്ക് ഒരു പ്രണയമുണ്ടങ്കിൽ, ഇനി ഉണ്ടാകുമെങ്കിൽ, കാണുന്ന വീഡിയോയിലെ പോലെ നാളെ നിങ്ങളും ഒരു കഥാപാത്രമായി സോഷ്യൽ മീഡിയകളെ പ്രകമ്പനം കൊള്ളിക്കും എന്നതും മറക്കാതിരിക്കുക.
കാമുകീകാമുകന്മാരോട്. മുകളിൽ എഴുതിയവയെ ഞാൻ തന്നെ ഖണ്ഡിക്കുന്നു എന്ന് തോന്നാമെങ്കിലും ചില കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. ശരീരം പരസ്പരം അറിയാനുള്ള നിങ്ങളുടെ അഭിലാഷത്തെ ചോദ്യം ചെയ്യുന്നില്ല. പെൺകുട്ടികൾ പ്രത്യേകിച്ച്, അകലെയിരിക്കുന്ന കാമുകന് വേണ്ടി വിവസ്ത്രയായി നിന്ന് അത് ചിത്രീകരിക്കാതിരിക്കാൻ കഴിയുമെങ്കിൽ തീർച്ചയായും നിങ്ങൾ വിജയിച്ചു എന്ന് പറയാം. നിങ്ങൾ ചിത്രീകരിച്ചത്, സെന്‍റ ബട്ടണിൽ അമർത്തുന്ന ആ നിമിഷം നിങ്ങളുടെ സ്വകാര്യത മറ്റൊരാളുടെ മാനസികനിലക്കനുസരിച്ച് ഏത് രീതിയിലും തിരിഞ്ഞു കൊത്താവുന്ന ഒരു ബൂമറാങ്ങ് ആയി മാറി എന്ന സത്യം ഓർത്ത് വയ്ക്കുക. പ്രണയിതാക്കൾക്കിടയില ലൈംഗിക ബന്ധങ്ങളിൽ ഞാൻ തെറ്റു പറയില്ല, പക്ഷേ അത് ചിത്രീകരിക്കുന്നത് എന്തിനാണന്ന് മാത്രം ഇന്നേവരെ എനിക്ക് മനസ്സിലായിട്ടില്ല. ചിത്രീകരിക്കുന്നതിന് എന്ത് കാരണം പറഞ്ഞാലും അതിന് പിന്നിൽ ഒരു ചതി ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്നത് ഉറപ്പാണ് എന്ന് മനസ്സിലാക്കി, അതിന് ഒരിക്കലും നിന്നു കൊടുക്കാതിരിക്കുക. കമിതാക്കൾ പ്രണയം മൊട്ടിടുമ്പോൾ തന്നെ സ്വയം ഒരു പ്രതിജ്ഞ ചെയ്യുന്നത് നല്ലതായിരിക്കും. ബന്ധം എത്ര മോശമായി മാറിയാലും, പിരിയേണ്ടി വന്നാലും തങ്ങളുടെ മുൻകാല സ്വകാര്യതകൾ ഒന്നിന്‍റെയും പേരിൽ വഞ്ചനക്കുള്ള മാധ്യമമാക്കില്ല എന്ന് തീരുമാനിച്ചുറപ്പിക്കുക. യഥാർത്ഥത്തിൽ സ്നേഹം ഉള്ള ഒരാൾക്കും തന്‍റെ ഇണയെ ഏത് സാഹചര്യത്തിലും ഒന്നിന്‍റെ പേരിലും വഞ്ചിക്കാനാവില്ല എന്ന പരമസത്യം എന്നും ഉള്ളിൽ ഉണ്ടാവണം.
വായനയുടെ അവസാനം ''ഓ ഇവൻ ഒരു ഹരിഛന്ദ്രൻ" എന്ന ചുളിഞ്ഞ മുഖം ചിലരിലെങ്കിലും ഉണ്ടാകും എന്നുറപ്പാണ്. എന്‍റെ സ്വകാര്യ ജീവിതത്തിൽ ഞാൻ എങ്ങനെയൊക്കെയാണോ അതാണ് എന്‍റെ എഴുത്തുകളും. ഞാൻ പോൺ മൂവീസ് ധാരാളം കണ്ടിട്ടുണ്ട്, ഇന്നും കാണാറുണ്ട്. എന്നോട് അത്തരത്തിൽ സ്വാതന്ത്ര്യമുള്ള സുഹൃത്തുക്കൾ അയച്ചു തരാറുമുണ്ട്. എന്നാൽ ഈ വിഷയത്തിൽ അവരോടൊക്കെ ഞാൻ പറഞ്ഞിട്ടുള്ള ഒറ്റക്കാര്യം മാത്രം "വഞ്ചനാ വീഡിയോകൾ അയക്കരുത്, എനിക്ക് കാണാൻ തീരെ താത്പര്യമില്ല ഒപ്പം നിങ്ങൾ പ്രചരിപ്പിക്കരുത്" എന്ന് തന്നെയാണ്.
ഇതൊരു സന്ദേശമായി ഉൾക്കൊണ്ട് പരമാവധി ഷെയർ ചെയ്യാൻ അപേക്ഷ. ഒരാളിൽ എങ്കിലും മാറ്റമുണ്ടായാൽ നല്ലതല്ലേ...?
ഒരു ദാമ്പത്യ ബന്ധത്തിൽ സ്ത്രീയെയും പുരുഷനേയും ഒന്നിച്ച് നിർത്താൻ ലൈംഗികതയോളം പ്രധാന്യമുള്ള പല ഘടകങ്ങളും ഉണ്ടാവാം, എന്നാൽ ലൈംഗിക തീഷ്ണയും, ലൈംഗിക അഭിവാജ്ജയും ഇല്ലാതെ പ്രണയിനികൾക്കിടയിൽ മറ്റ് എന്ത് ഘടകമാണ് അവരെ ചേർത്ത് നിർത്തുന്നത്. ഇന്ന് നടക്കുന്ന വിവാഹ മോചനങ്ങളിൽ ഏറിയ പങ്കും പങ്കാളിയിലെ ലൈംഗിക വീഴ്ചകളെ എടുത്ത് കാട്ടിയാണന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടി വരും.
ReplyDelete