ഇന്ന് ഒരു ദിവസം പട്ടിണി കിടക്കാൻ തീരുമാനിച്ചു. വെള്ളവും ഭക്ഷണവുമില്ലാത്ത ഒരു പരിപൂർണ പട്ടിണി. ചില സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ റൂമിലിരിക്കാൻ പറ്റാതിരിക്കുകയും, പുറത്ത് പോകേണ്ടി വരികയും ചെയ്തപ്പോഴൊക്കെ ഫാസ്റ്റിംഗ് എടുത്തിട്ടുണ്ട്, എന്നാലും ഈ കൊറോണക്കാലത്ത് ഒന്ന് പരീക്ഷിക്കുന്നു. അല്ലങ്കിൽ തന്നെ ദിവസവും ഭക്ഷണം കഴിച്ചില്ലങ്കിൽ ഡയബറ്റിക്ക് ദൈവം ഒഴികെ ബാക്കി ആരും ചോദിക്കാൻ വരില്ലാ എന്ന് ഉറപ്പല്ലേ. അവരവരുടെ ശരികളിൽ മാത്രം ഒതുങ്ങിക്കഴിയുന്ന ലോകത്ത് ഒരുവൻ ഭക്ഷണം കഴിച്ചോ എന്നതിനേക്കാൾ, അവൻ്റെ ആരോഗ്യത്തേക്കാൾ, മാനസിക ബുദ്ധിമുട്ടുകളേക്കാൾ പ്രാധാന്യം തൻ്റെ സ്വാർത്ഥതയ്ക്കാണന്ന് കരുതുന്ന ഒരു സമൂഹത്തിൽ ഞാനോ മറ്റൊരാളോ ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ല എങ്കിൽ പോലും ആരും അറിയില്ല എന്നതാണ് സത്യം. താൻ ഭക്ഷണം കഴിച്ചില്ലങ്കിൽ അത് തൻ്റെ കാര്യം എന്ന് കരുതുന്നവരും കുറവല്ല.
എഴുതാൻ ആലോചിച്ചത് മറ്റൊന്നാണങ്കിലും തുടക്കം എൻ്റെ പട്ടിണി കിടക്കലിൽ ആയിപ്പോയത് യാദൃശ്ചികമല്ല. ഇന്ന് നാട്ടിലെ എൻ്റെ സുഹൃത്തുക്കളുടെ വാട്ട്സാപ്പ് മെസ്സേജിലൂടെ, എൻ്റെ നാട് കേന്ദ്രീകരിച്ച് പണിയെടുക്കുന്ന ചില അതിഥി തൊഴിലാളികൾക്ക് കൊറോണ കാലത്ത് നേരിടേണ്ടി വരുന്ന ഭക്ഷ്യക്ഷാമത്തെ കുറിച്ച് അറിയുകയുണ്ടായി. പരിതാപകരമായ അവരുടെ അവസ്ഥയിൽ അവർക്ക് ഒപ്പം നിൽക്കാനും കൊറോണക്കാലത്തോളം അവർക്ക് വേണ്ട ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് നൽകാനും ഞങ്ങൾ ഒരു കൂട്ടായ തീരുമാനത്തിൽ എത്തുകയും ചെയ്തു. ഉള്ള കാലത്ത് നീ നേടിയതിൽ അൽപ്പം ബാക്കി വച്ച് ഇക്കാലം നിനക്ക് നന്നായി കടന്ന് പോകാമായിരുന്നല്ലോ എന്ന സ്വർത്ഥ ചോദ്യത്തിന് പ്രസക്തിയുള്ളിടത്താണ് നാട്ടിലെ ചെറുപ്പക്കാർ അവരുടെ ഇന്നിലെ ഗതികേടിലേക്ക് മാത്രം ശ്രദ്ധിക്കാൻ തയ്യാറായത് എന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്.
വെള്ളപ്പൊക്കം, തീപിടുത്തം, മഹാമാരികൾ എന്നിവയെ ഫലപ്രദമായി എങ്ങനെ നേരിടാം എന്ന പരിശീലനത്തോടൊപ്പം, സമൂഹത്തെ സ്വാർത്ഥതയും താൻപോരിമയും ഇല്ലാതെ എങ്ങനെ സമീപിക്കണം എന്ന ഒരു മാനസിക പരിശീലനം കൂടി അവർക്ക് നൽകിയാൽ കേരളം വീണ്ടും വ്യത്യസ്ഥതയുടെ ഭൂപടത്തിൽ സ്ഥാനം പിടിക്കും എന്ന് നിശ്ചയമായും പറയാൻ കഴിയും.ലാഭേച്ഛ ഇല്ലാത്ത ഇത്തരം ചിന്തകൾ വളർത്തിയെടുക്കാൻ കഴിയുന്നിടത്ത് മാത്രമേ, മറ്റ് ലൌകിക ചിന്തകളായ മതവും ജാതിയും രാഷ്ട്രീയവും വ്യക്തി സ്വാർത്ഥതകളും അലിഞ്ഞ് ഇല്ലാതാവു എന്ന് വ്യക്തം. കൊറോണ കാലത്തേക്ക് രണ്ട് ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരെ സർക്കാരിനെ സഹായിക്കാൻ ആവശ്യമുണ്ടന്ന ഒരു വാർത്ത പത്രമാധ്യമങ്ങളിലൂടെ വായിക്കുകയുണ്ടായി. ഇതൊരു അവസരമാണ്.
മുൻപ് കോഴിക്കോട് നടന്ന ഒരു സ്കൂൾ യുവജനോൽസവത്തിൽ അവിടുത്തെ തിരക്ക് നിയന്ത്രിക്കാൻ നിയമിച്ച കുട്ടികളെ, അതിൻ്റെ നല്ല വശങ്ങളെ മാത്രം മുന്നിൽ കണ്ട് സംസ്ഥാനത്തൊട്ടാകെ, സ്റ്റുഡൻസ് പോലീസ് എന്ന വളരെ വലിയ പദ്ധതിയായി കൊണ്ടുവന്നത് പോലെ, ഇത്തരം അത്യാഹിതങ്ങൾ സംഭവിക്കുന്ന സമയത്ത് എന്നെന്നും മുന്നിട്ടിറങ്ങാൻ കഴിയുന്ന ഒരു ഫോഴ്സായി ഈ യുവാക്കളെ പരിശീലിപ്പിച്ച് മുന്നോട്ട് കൊണ്ടുവരാൻ കഴിഞ്ഞാൽ നന്നായിരിക്കുമെന്ന് തോന്നുന്നു.
എൻ്റെ പട്ടിണി കിടക്കൽ നാളെ രാവിലെ മൃഷ്ടാന്ന ഭക്ഷണത്തോടെ അവസാനിക്കും, എന്നാൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാനില്ലാത്തവരുടെ ലോകത്തിൻ്റെ നടുവിലാണന്ന ബോധം ഓരോ നിമിഷവും ഉള്ളിലുണ്ടങ്കിൽ നമ്മിലെ സ്വാർത്ഥതയുടെ അളവ് കുറഞ്ഞ് അലിഞ്ഞ് ഇല്ലാതായി തീരും. ഈ കൊറോണാ കാലത്ത് എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും അത് സാധ്യമാവട്ടെ
No comments:
Post a Comment