. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday, 24 September 2018

കോപ്പിയടി എന്ന ഉത്കൃഷ്ട കല

കാലം 1987. ഞാന്‍ എട്ടാം ക്ലാസ്സില്‍. പൊടിമീശ ഒക്കെ വരാന്‍ തുടങ്ങിയിരിക്കുന്നു. നല്ലതും ചീത്തയും തിരിച്ചറിയാതെ കാണുന്നതെന്തും ചെയ്യാനും അനുകരിക്കാനും തോന്നുന്ന പ്രായം....

എട്ടാം ക്ലാസ്സിലെ ഓണപ്പരീക്ഷ തുടങ്ങി. എക്സാം റൂം ഹെഡ്മാസ്റ്റര്‍ ഓഫീസിന്റെ തൊട്ടുപിറകിലാണ്. ഹെഡ്മാസ്റ്റര്‍ക്ക് ആ റൂമില്‍ നിന്ന് നേരിട്ട് ഞങ്ങള്‍ ഇരിക്കുന്നിടത്തെക്ക് കടക്കാന്‍ വാതില്‍ ഉണ്ട്. ആദ്യ ദിവസം മലയാളം. ബഞ്ചിന്റെ നടുക്ക് ഒരു പത്താംക്ലാസ് ചേട്ടനും രണ്ടു അറ്റങ്ങളിലായി ഞങ്ങള്‍ എട്ടാം ക്ലാസുകാരും. അങ്ങനെ ആയിരുന്നു പരീക്ഷ എഴുത്തിന്റെ സംവിധാനം.... 

യു പി സ്കൂളിന്റെ അറിവില്ലായ്മയില്‍ നിന്നുള്ള ഹൈസ്കൂളിലെക്കുള്ള പറിച്ച് നടീലില്‍ സ്വതവേ ഏതോ ലോകം വെട്ടിപ്പിടിച്ച മനോഭാവത്തില്‍ ആണ് ഞാനും മിക്കവാറും എന്റെ എല്ലാ സുഹൃത്തുക്കളും. മലയാളം പരീക്ഷക്കിടയില്‍ ഞാന്‍ അത്ഭുതത്തോടെ ആ സംഗതി കണ്ടു. എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്ന പത്താംക്ലാസ് ചേട്ടന്‍ നിക്കറിന്റെ പോക്കറ്റിലേക്ക് കൈകടത്തി ഒരു കുഞ്ഞു പേപ്പര്‍ എടുക്കുന്നു, അതില്‍ കുത്തിക്കുറിച്ചിരിക്കുന്ന കുഞ്ഞുകുഞ്ഞു അക്ഷരങ്ങളിലേക്ക് സൂക്ഷ്മമായി നോക്കി അത് പരീക്ഷാപേപ്പറിലെക്ക്  പകര്‍ത്തുന്നു. ഇടക്കിടെ പരിസരങ്ങളെ സാകൂതം വീക്ഷിക്കുന്നു. പിന്നെ അല്‍പ്പം അഹന്തയോടെ തൊട്ടടുത്തുള്ള ഞങ്ങള്‍ കുഞ്ഞു പിള്ളേരെ നോക്കുന്നു. വീണ്ടും എഴുതുന്നു.... 

ആദ്യം സംഗതി മനസ്സിലായില്ല. പിന്നെ സംഗതി കോപ്പിയടി എന്ന ഉത്കൃഷ്ട കലയാണെന്ന് മനസ്സിലായപ്പോള്‍ ആ ചേട്ടനോട് അളവറ്റ ആദരവും ബഹുമാനവും കൊണ്ട് മനസ്സ് നിറഞ്ഞു. പരീക്ഷ കഴിഞ്ഞപ്പോള്‍ പോയി ചേട്ടനെ കണ്ടു കോപ്പിയടിയുടെ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതല്‍ അറിയുകയും മനപ്പാഠം ആക്കുകയും ചെയ്തു.....

പിറ്റേന്ന് ഇംഗ്ലീഷ് പരീക്ഷ. അന്ന് ആ ചേട്ടന്‍ തന്റെ ബ്ലേഡ് പരുവമായ ഹവായ് ചെരുപ്പില്‍ ആയിരുന്നു തന്റെ ഉദാത്തമായ കലാപരീക്ഷണം നടത്തിയത്. കോപ്പിയടിച്ചേ ഉറക്കം വരൂ എന്ന ഘട്ടത്തില്‍ എന്നെ എത്തിച്ചു ആ കാഴ്ച....

പിറ്റേന്ന്  ഹിന്ദി പരീക്ഷയാണ്. വൈകുന്നേരം വീട്ടില്‍ പോയിരുന്ന് ഗണപതിക്ക് വച്ച് ഞാനും കലാപരിപാടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചു. ഒരു തുണ്ട് പേപ്പര്‍ എടുത്തു. എന്താണ് എഴുതേണ്ടത്? കോപ്പിയടി എന്നത് എനിക്ക് മറ്റ് കുട്ടികളുടെ മുന്നില്‍ അഹന്ത കാണിക്കാനുള്ള, ധൈര്യം പ്രകടിപ്പിക്കാന്‍ മാത്രമുള്ള ഒരു കലയാണെന്ന് തിരിച്ചറിവില്‍ എനിക്ക് ഏറ്റം അറിയാവുന്ന ഒരു ഹിന്ദി പദ്യം തന്നെ കുത്തി കുറിച്ചു.....

മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍ ചൌടീ സീട്ട് ലഗായി..... 

രാവിലെ തന്നെ ക്ലാസ്സില്‍ എത്തി, എന്റെ വീരഗാഥ അടുത്ത കൂട്ടുകാരെ ഒക്കെയും കാണിച്ചു, വിവരിച്ചു. ചിലര്‍ തോളില്‍ തട്ടി എന്റെ ധൈര്യത്തെ അഭിനന്ദിച്ചു, ഭീരുക്കള്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു....

പരീക്ഷ തുടങ്ങി... അതുവരെ ഉള്ള ധൈര്യം ഒന്നും ഇപ്പോള്‍ എനിക്കില്ല, എങ്കിലും അഭിമാനം കാത്ത് സൂക്ഷിക്കേണ്ടത് കടമയാണല്ലോ!!! ചോദ്യപേപ്പറില്‍ പരതി. പദ്യം ചോദിച്ചിട്ടുണ്ട് 18 ആമത്തെ ചോദ്യം. പത്താം ചോദ്യത്തില്‍ എത്തിയപ്പോള്‍ ഞാന്‍ നിക്കറിന് ഇടയില്‍ ഒളിപ്പിച്ച തുണ്ട് പേപ്പര്‍ എടുത്ത് ഡെസ്കിന്റെ ചെറു വിടവിലേക്ക് തിരുകി.... 

ആ കൃത്യം കഴിയുകയും ഹെഡ്മാസ്റ്റര്‍ വാതില്‍ തുറന്നു ക്ലാസിലേക്ക് പ്രവേശിച്ചു. എല്ലാവരും എഴുന്നേല്‍റ്റ് ഒറ്റ സ്വരത്തില്‍ "ഗുഡ് മോര്‍ണിംഗ് സാര്‍" പറഞ്ഞു. അദ്ദേഹം കൈ ഉയര്‍ത്തി എല്ലാവരോടും ഇരിക്കാന്‍ ആഗ്യം കാട്ടി. എല്ലാവരും ഇരുന്നു. ഞാന്‍ ഒഴികെ!!!!

ഹെഡ്മാസ്റ്റര്‍ എന്റെ അരികിലേക്ക് വന്നു. എന്നെ വിയര്‍ത്ത് ഒലിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തോളില്‍ തട്ടിയിട്ടു പറഞ്ഞു "എന്താ പ്രശ്നം....? ഇരിക്കൂ...."

ഒരു യന്ത്ര മനുഷ്യന്‍ ചെയ്യും പോലെ ഡിസ്ക്കിലെ വിടവില്‍ ഒളിപ്പിച്ച ചെറിയ തുണ്ട് പേപ്പര്‍ എടുത്ത് അദ്ദേഹത്തിന്‍റെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് തുറന്നു നോക്കി, പിന്നെ എന്റെ പരീക്ഷാ പേപ്പര്‍ എടുത്ത് നോക്കി. പിന്നെ അദ്ദേഹം തന്നെ എന്റെ പേപ്പറും എല്ലാം എടുത്ത് മുന്നില്‍ നടന്നു. ഞാന്‍ കീ കൊടുത്ത ഒരു പാവയെ പോലെ പിറകെയും.

ഓഫീസില്‍ ചെന്ന് ഹെഡ്മാസ്റ്റര്‍ തന്റെ കസേര ചൂണ്ടിയിട്ട് പറഞ്ഞു "ഇതില്‍ ഇരുന്ന് എഴുതിക്കൊള്ളൂ". അതികഠിനമായ അപകര്‍ഷതാ ബോധത്തോടെ ആ വലിയ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ കസേരയില്‍ ഇരുന്ന് ഞാന്‍ ഹിന്ദി പരീക്ഷ എഴുതി തീര്‍ത്തു. അവിടെ വരുന്ന അധ്യാപകരും വരാന്തയില്‍ കൂടി നില്‍ക്കുന്ന വിദ്ധ്യാര്‍ത്ഥികളും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... 

എന്റെ ആദ്യത്തെയും അവസാനത്തെയും കോപ്പിയടി, കോപ്പിയടിക്കാതെ അവിടെ പര്യവസാനിച്ചു

--------------------------------

പട്ടി എന്ന് വിളിച്ചതിന് തിരുവനന്തപുരത്ത് ഒരു വിദ്ധ്യാര്‍ത്ഥിനിയേ പട്ടിക്കൂട്ടില്‍ മൂന്നു മണിക്കൂര്‍ പട്ടിയോടൊപ്പം അടച്ചിട്ടു എന്ന് ഒരു വാര്‍ത്ത വന്നിരുന്നു. അങ്ങനെ എങ്കില്‍ ഞാന്‍ കാണിച്ച കുസൃതികള്‍ക്ക്, വിളിച്ച പദപ്രയോഗങ്ങള്‍ക്ക് എന്റെ അദ്ധ്യാപകര്‍ എന്നെ എവിടെയൊക്കെ അടക്കേണ്ടി വരുമായിരുന്നു ദൈവമേ....!!!

Friday, 17 August 2018

ദുരന്തമുണ്ടാകുമ്പോഴെങ്കിലും.



ഒരൊറ്റ മതം - ഹിന്ദുവില്ല, മുസൽമാനില്ല, ക്രിസ്ത്യാനിയില്ല, പാഴ്സിയില്ല....

ഒരൊറ്റ ജാതി - ബ്രാഹ്മണനില്ല, പുലയനില്ല, സുന്നിയില്ല, യാക്കോബയില്ല.....

ഒരൊറ്റ ദൈവം - അള്ളാഹുവില്ല, ക്രിസ്തുവില്ല, ബുദ്ധനില്ല, ശിവനില്ല....

ഒരൊറ്റ ആരാധനാലയം - അമ്പലമില്ല, പള്ളിയില്ല, മസ്ജിദില്ല, സേവാഭവനമില്ല...

ഒരൊറ്റ പുരോഹിതൻ - പൂജാരിയില്ല, ഉസ്താദില്ല,  പള്ളീലച്ചനില്ല, ആൾദൈവങ്ങളില്ല....

ഒരൊറ്റ സങ്കീർത്തനം - നിസ്കാരമില്ല, ഭജനയില്ല, കുർബാനയില്ല, കുമ്പസാരമില്ല.....

ഒരൊറ്റ നാമം - മത്തായി ഇല്ല, മുഹമ്മദില്ല, മുകുന്ദനില്ല, മുജീബില്ല....

ഒരൊറ്റ പ്രായം - ശൈശവമില്ല, കൗമാരമില്ല, യൗവ്വനമില്ല, വാർദ്ധക്യമില്ല....

ഒരൊറ്റ നിറം - കറുപ്പില്ല, വെളുപ്പില്ല, തവിട്ടില്ല, ചുവപ്പില്ല.....

ഒരൊറ്റ ലിംഗം - സ്ത്രീയില്ല, പുരുഷനില്ല, മൂന്നാം ലിംഗമില്ല, നാലാം ലിംഗമില്ല....

ഒരൊറ്റ വർഗ്ഗം - കുബേരനില്ല, കുചേലനില്ല, പണ്ഠിതനില്ല, പാമരനില്ല...

ഒരൊറ്റ ദേശം - ആലുവയില്ല, ആറന്മുളയില്ല, ആലപ്പുഴയില്ല, അംഗമാലിയില്ല....

ഒരൊറ്റ വാസസ്ഥലം - ഒറ്റ നിലയില്ല, ഇരട്ട നിലയില്ല, വൻ സൗധമില്ല, വള്ളിക്കുടിലില്ല.....

ഒരൊറ്റ രാഷ്ട്രീയം - കമ്യൂണിസ്റ്റ് ഇല്ല, ബി ജെ പി ഇല്ല, കോൺഗ്രസ്സില്ല, ലീഗില്ല....

ഒരൊറ്റ പക്ഷം - ഇടത് പക്ഷമില്ല, വലതു പക്ഷമില്ല, ന്യൂനപക്ഷമില്ല, ഭൂരിപക്ഷമില്ല....

ഒരൊറ്റ വാദം - തീവ്രവാദമില്ല, ദേശീയവാദമില്ല, അസ്ഥിത്വ വാദമില്ല, പുരോഗമന വാദമില്ല....

ഒരൊറ്റ നീതി - പീഡനമില്ല, പ്രീണനമില്ല, സ്വജാതിയില്ല, വിജാതിയില്ല...

ഒരൊറ്റ മനുഷ്യൻ - അച്ഛൻ ഇല്ല, അമ്മയില്ല, സഹോദരിയില്ല, സഹാേദരനില്ല....

അതെ..... പ്രകൃതി, പ്രകൃതി, പ്രകൃതി, പിന്നെയും പ്രകൃതി മാത്രം...

Sunday, 10 June 2018

ഇനിയൊരു ജന്മമുണ്ടങ്കിൽ.....


അടുത്ത ജന്മത്തിൽ എനിക്കൊരു പെണ്ണായി ജനിക്കണം...

ജനിച്ചു വീഴുമ്പോൾ ചുറ്റുമുള്ളവരിൽ ഉണ്ടാകുന്ന നിസംഗത നേരിട്ടറിയണം..

'ദൈവം സഹായിച്ചാൽ അടുത്തത് ഒരു ആണായിരിക്കുമെടീ' എന്ന് അയൽവക്കത്തെ പൊങ്ങച്ച ചേച്ചിമാർ അമ്മയെ അശ്വസിപ്പിക്കുന്നത്  കേൾക്കണം.

'നീ പെണ്ണാണ് കാലടുപ്പിച്ചിരിക്കടീ' എന്ന ശാസന അറ്റം കൂർത്ത നഖം കയറിയ നീറ്റലായി വലത്തേ തോളിൽ അണമുറിയാതെ പേറണം...

"നീ വല്യ കുട്ടിയായി ഇനി ആൺകുട്ട്യോളുടെ കൂടെയൊന്നും കൂട്ടുകൂടാൻ പാടില്ല" എന്ന മുത്തശ്ശി മൊഴി നിസംഗതയോടെ കേട്ടിരിക്കണം..

അച്ഛന്റെ വിയർപ്പ് മണവും, സ്നേഹമുത്തങ്ങളും ഒരു തീണ്ടാപ്പാട് അകലെയാകുന്നത് സന്തോഷത്തോടെ മനസ്സിലാക്കണം...

തീണ്ടാരിയായി വീടിന്റെ വടക്കേ മൂലയിലെ മുറിയിൽ ഒരു കീറപ്പായയിൽ ക്ഷുദ്രജീവികളോട് മല്ലടിച്ച് ഉറങ്ങുന്നതിന്റെ സുഖമൊന്ന് അനുഭവിക്കണം...

നിതംബവും മാറും അളക്കുന്ന കണ്ണുകളിലെ കാമവും വെറിയും നേരിട്ട് അനുഭവിച്ച് പ്രതികരിക്കാത്ത തല കുമ്പിട്ട് നടക്കുന്ന ഉത്തമ വനിതയാവണം....

ബസ്സിലെ, ബീച്ചിലെ, സിനിമാ കൊട്ടകയിലെ കാമകണ്ണുകളുടെ ആർത്തി പൂണ്ട തോണ്ടലുകളെ നിസംഗതയാടെ ഉൾക്കൊണ്ട് പരാതിയും പരിഭവും ഇല്ലാത്ത ഒരു നല്ല പെണ്ണ് സർട്ടിഫിക്കറ്റിന്റെ ഉടമയാവണം..

പൊതു ഇടങ്ങളിൽ വെറും പെണ്ണെന്ന് ചാപ്പ കുത്തി മാറ്റി നിർത്തലിന്റെ സുഖവും സന്തോഷവും  അനുഭവിച്ചറിയണം...

"അവൻ പഠിച്ചോട്ടെ, നീ വല്ലയിടത്തും കയറി ചെല്ലേണ്ടവളല്ലേ നിനക്ക് ഇത്രയും പഠിത്തം മതി" എന്ന പക്ഷം തിരിക്കൽ ശിരസ്സാ വഹിച്ച് ഒരു അടുക്കളപ്പുഴുവായി ജീവിച്ച് കാട്ടണം...

മനസ്സിൽ മൊട്ടിട്ട പ്രണയം പറഞ്ഞാൽ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന മാനനഷ്ടമോർത്ത് മുറി അടച്ചിരുന്ന് തല തുടയ്ക്കുള്ളിൽ അമർത്തി വിതുമ്പി കരയണം....

സ്ത്രീതന്നെ ധനമെന്ന പൊതുഇട ഘോര പ്രാസംഗികന്റെ പെണ്ണുകാണൽ ചടങ്ങിലെ ആർത്തി ചോദ്യങ്ങളോട് ആരാധനയോടെ പ്രതികരിക്കുന്ന ബന്ധുക്കളുടെ കൂടെ നിന്ന് കൈയ്യടിക്കണം..

മനസ്സിൽ വച്ചാരാധിച്ച വിഗ്രഹത്തെ ഉടച്ച്, ഉറ്റവർ ചൂണ്ടിക്കാട്ടിയ കളിമൺ പ്രതിമയ്ക്ക് മുന്നിൽ തലകുനിച്ച് അവരുടെ മാനം കാത്ത്  നീതിമതി ആവണം..

ആ രാത്രിയിൽ പുരുഷ വന്യതയ്ക്ക് ചുവട്ടിൽ ആദ്യ വേദനയുടെ ഒരു ഭാവവും കാട്ടാതെ അവന്റെ സങ്കൽപ്പ നായികയായി അഭിനയിച്ച് തകർക്കണം....

കിടക്കയിലും പുറത്തും അവനാണ് നായകൻ എന്ന് തിരിച്ചറിഞ്ഞ് അവൻ പറയുന്ന എന്തും അനുസരിച്ചും അംഗീകരിച്ചും ഒരു ആഫ്രിക്കൻ അടിമ അനുഭവിക്കുന്ന സന്തോഷം അനുഭവിച്ചറിയണം....

ഉപ്പു കുറഞ്ഞതും, മുളകു കൂടിയതും പറഞ്ഞുള്ള അവന്റെ കൈക്കരുത്തിനെ, സ്നേഹത്തലോടുകളായി ഏറ്റെടുത്ത് അടുക്കള മൂലയിലയിലെ കൂറകൾക്ക് സന്തോഷത്തോടെ കൂട്ടാകണം....

വയറ്റിനുള്ളിൽ  ഗർഭചുമട് കൊണ്ടു നടക്കുമ്പോഴും, അവന്റെ കഷ്ടപ്പാടുകളെ, ജോലിയിലെ ആത്മാർത്ഥതയെ കുറിച്ചുള്ള വാചാലതകൾ കൗതുകത്തോടെ കേട്ടിരിക്കണം...

"നിനക്ക് ഈ വീട്ടിൽ എന്താണ് ഇത്ര പണി" എന്ന ഗർവ്വേറിയ ചോദ്യശരങ്ങൾ, മുഖത്തെ വിയർപ്പു കണങ്ങളെ എന്നപോല്‍ സാരിത്തുമ്പാൽ അമർത്തി തൂത്ത് കളഞ്ഞ് "എനിക്കിവിടെ പരമസുഖം" എന്ന് പറയാൻ പഠിക്കണം....

തുടയെല്ലുകൾ തകർക്കുന്ന വേദന തീർത്ത് മകൻ പുറത്തു വരുമ്പോൾ എന്നിലെ വേദനയേക്കാൾ അവന്റെ കീറ്റലിൽ ആശങ്കപ്പെട്ട് മാറോട് ചേർത്ത് സ്നേഹപ്പാൽ ചുരത്തണം....

മകന്റെ ഗുണങ്ങളെ എല്ലാം അച്ഛന്റെ കഴിവുകളായും, ദോഷങ്ങളെ എല്ലാം അമ്മയുടെ കഴിവുകേടുകളായും ചിത്രീകരിക്കുമ്പോള്‍ അത് കേട്ട് തലകുലുക്കി ഒരു പരാതിയും പറയാത്ത ഉത്തമ കുടുംബിനി ആവണം....

മകന്റെയും മരുമകളുടെയും കുത്തുവാക്കുകള്‍ സന്തോഷത്തോടെ നഞ്ചിലേറ്റി അവരുടെ താളത്തിനു ഒത്തു നൃത്തം ചവിട്ടുന്ന നന്ദിയുള്ള ഒരു നാടന്‍ പട്ടിയാവണം....

പിന്നെ സുഗന്ധം പേറുന്ന വൃദ്ധ സദനത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതത്തില്‍ പറയാന്‍ മറന്നു പോയ എല്ലാ തമാശകളും സഹമുറിയരോട്‌ പകര്‍ന്ന്‍ ആര്‍ത്തട്ടഹസിച്ച് ചിരിക്കണം.....

ഒടുവില്‍ ആരോ തീര്‍ത്ത ചാണക വറളിയുടെ പട്ടടയില്‍ ചൂടറിയാതെ നീറി നീറി വെന്തു തീരണം....

Monday, 12 June 2017

മാട്രിമോണിയല്‍


ഹൈവേയിലെ ബീവറേജിന് താഴു വീണത് കൊണ്ട് മൂന്നു കിലോമീറ്റര്‍ താണ്ടേണ്ടി വന്നു തൊട്ടടുത്ത ഓട്ട്ലറ്റ് വരെ പോകാന്‍....

വരിനില്‍പ്പ് തൊഴിലാളിക്ക് 300 രൂപാ കൊടുത്താല്‍ എന്ത്, വീശിനുള്ള ഇഷ്ട സാധനം റെഡി. ഇനി സഹമുറിയന്മാര്‍ കൂടി വന്നാല്‍ ആഘോഷം പൊടിപൂരം..

അല്ലെങ്കില്‍ തന്നെ ഇവന്മാര്‍ക്ക് ഒരു ക്രിത്യനിഷ്ടതയില്ല.. ഷെയറിന്റെ ആവേശം എങ്കിലും കാണിക്കണ്ടേ...

അവന്മാര്‍ വരുമ്പോള്‍ വരട്ടെ...

അല്‍പ്പം മദ്യം പകര്‍ന്ന് അതിലേക്ക് ഐസ്ക്യൂബുകള്‍ ഒന്നൊന്നായി ഇട്ടുകൊണ്ടിരിക്കുമ്പോള്‍ ആണ് ഫോണ്‍ റിംഗ് ചെയ്തത്....

"അമ്മെ... ഞാന്‍ രണ്ടു ദിവസം കഴിഞ്ഞ് എത്തില്ലേ.... അപ്പോള്‍ ചെയ്യാമല്ലോ.... അല്ലേല്‍ വേണ്ട ഇപ്പോള്‍ തന്നെ ചെയ്തേക്കാം..." അല്‍പ്പം നീരസത്തില്‍ മൊബൈല്‍ കിടക്കയിലേക്ക് എറിഞ്ഞു.... ഒഴിച്ചു വച്ചിരുന്ന മദ്യം ആവേശത്തില്‍ അകത്താക്കി...

ഈ അമ്മയുടെ ഒരു കാര്യം.... ദേഷ്യത്തില്‍ പിറുപിറുത്തു കൊണ്ട് ലാപ്പ്ടോപ്പ് കയ്യില്‍ എടുത്ത് മാട്രിമോണിയല്‍ സൈറ്റിലെ ഒഴിഞ്ഞു കിടക്കുന്ന സൈന്‍ അപ്പ് കോളങ്ങളില്‍ തന്റെ വിവരങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങി....

പേര് - ശ്യാം

വയസ്സ് - 32

ഡ്രിങ്ങ്കിംഗ് ഹാബിറ്റ്‌ - ഇല്ല

സ്മോക്കിംഗ് ഹാബിറ്റ്‌ - ഇല്ല
.....................................................................

Wednesday, 1 July 2015

പ്രണയ പ്രതീക്ഷകള്‍


 

അദൃശ്യമായൊരു കരാംഗുലിയെന്നുടെ
മാനസകിന്നരം തൊട്ടുണര്‍ത്തി.
മൂകരാഗങ്ങളുതിര്‍ത്തൊരാ വീണയില്‍
അനുരാഗഗീതങ്ങള്‍ പിറവികൊണ്ടു.
ആരിവളെന്നുടെ പാഴ്മരക്കൊമ്പില്‍
നല്ലൂഞ്ഞാലുകെട്ടിയിന്നുല്ലസിപ്പൂ.
ആളൊഴിഞ്ഞെന്നുടെ പൂരപ്പറമ്പിലിന്നാ-
യിരം പൂത്തിരിയായ് നിറഞ്ഞൂ.

 



കാതങ്ങളെത്രയോ അകലെനിന്നവളുടെ
കിളിമൊഴിയാദ്യമായ്‌ കാതിലെത്തി.
നിറമേഘപാളിയില്‍ തട്ടിപ്രതിധ്വനി
ച്ചൊരുകുഞ്ഞുതെന്നലായ്‌ മെല്ലെമെല്ലെ.
“കാത്തിരിക്കുന്നു നിന്‍ പ്രാണനാം പ്രേയസി
കാണുവാന്‍ മിഴികള്‍ തുളുമ്പിനില്‍പ്പൂ.
നീയാകും വണ്ടിനായ്‌, വിരിയുവാനെന്മനം
ഒരു കുഞ്ഞുമുകുളമായ്‌ കാത്തിരിപ്പൂ”.




ഹൃദയമാമാഭേരി ശ്രുതിമീട്ടിമൂളവേ
സങ്കല്‍പ്പമാം തേരിലെറിഞാനും
സപ്താശ്വബന്ധിതമായൊരാ തേരിലായ്‌
എന്‍സഖി വാമാഭാഗേയിരുന്നു.
സൂര്യനെ വെല്ലുന്ന തേജസ്സ്പെയ്യും നിന്‍
മോഹനഭംഗി ഞാന്‍ നോക്കി നില്‍ക്കെ.
തെന്നല്‍ കടംകൊണ്ട മാസ്മരഗന്ധമെന്‍
സിരകളെ ഉര്‍വിഷ്ടലഹരിയാക്കി.



ഹാ പ്രിയ പ്രേയസി നീയതിമോഹനം
ശതകോടി മഴവില്ലുദിച്ചു നില്‍പ്പൂ.
കനിവിന്‍റെ നൂറുനൂറുറവകള്‍ പെയ്യുന്ന
കരിനീലമിഴിയില്‍ ഞാന്‍ പ്രതിബിംബിച്ചു.
പുലര്‍കാല സരസ്സിലെ മിഴികൂമ്പുമാമ്പലായ്‌
നാസിക സ്വേദമുതിര്‍ത്തുനിന്നു.
അരുണിമ തീര്‍ത്തു നിന്‍ ചൊടിയിണ-
യെന്നിലേക്കലിവോടെ മധുപാത്രമിറ്റിവച്ചു.



 



സൌരഭ്യമൂറുന്ന കാര്‍ക്കൂന്തല്‍ കെട്ടിലേ-
ക്കെന്നുടെ ആനനമാഴ്ത്തിവെക്കേ
മണിനാദമൂറുന്ന ചിരിതൂകി നീയെന്‍റെ
ഹൃദയത്തിന്‍ താളത്തെ ത്വരിതമാക്കി.
പരിരംഭണത്തിന്‍റെ മാസ്മരവേളയില്‍
ഞാന്‍ സ്വയം എല്ലാം മറന്നു നില്‍ക്കെ
കാതരയായവള്‍ എന്‍ കാതില്‍ മന്ത്രിച്ചു
“കാത്തിരിക്കുന്നു ഞാന്‍ വരിക വേഗം”.






സങ്കല്‍പ്പമായിരുന്നെല്ലാമെന്നാകിലും
എന്‍മനം ഉര്‍വ്വോടെ കാത്തിരിപ്പൂ
ആഴിയിലലിയുവാന്‍ വെമ്പുന്നൊരരുവി
പോല - ലിയുവാനെന്മനം കാത്തിരിപ്പൂ