. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday, 28 March 2020

കൊറോണയ്ക്ക് സമര്‍പ്പിച്ച ഉത്സവം.

ഇന്ന് ഞങ്ങൾ നീർവിളാകം നിവാസികൾക്ക് ഏറ്റവും പ്രത്യേകതയുള്ള ഒരു ദിനമാണ്. കൊറോണക്കാലമല്ലായിരുന്നു എങ്കിൽ നീർവിളാകത്തിൻ്റെ ഒരേയൊരു ആഘാേഷത്തിന് തുടക്കം കുറിക്കുന്ന ദിനം. അതെ ഇന്നാണ് ഞങ്ങൾ എല്ലാം അപ്പൂപ്പൻ, അച്ഛൻ എന്നൊക്കെ ഭക്ത്യാദരപൂർവ്വം വിളിക്കുന്ന നിർവിളാകേശൻ ശ്രീ ധർമ്മശാസ്താവിൻ്റെ 11 ദിവസത്തെ ഉത്സവ നാളുകൾക്ക് കൊടിയേറുന്ന ദിനം. ഇതേ ദിവസം തന്നെയാണ് ശബരിമലയിലും ഉത്സവത്തിന് കൊടിയേറുക.

ലക്ഷക്കണക്കിന് ഏക്കറിൽ പരന്ന് കിടക്കുന്ന ഇപ്പോഴും സർക്കാർ നേതൃത്വത്തിൽ സജീവമായി കൃഷി ചെയ്യുന്ന നീർവിളാകം പാടശേഖരങ്ങളുടെ വിളവെടുപ്പ് ഉത്സവമായി കൂടി ക്ഷേത്രോത്സവത്തെ വിശേഷിപ്പിക്കാം. നീർവിളാകത്തെ ഏതാണ്ട് എല്ലാ വീടുകൾക്കും നെൽപ്പാടങ്ങൾ ഉണ്ട്. അവിടെ നിന്ന് വിളവെടുക്കുന്ന നെല്ലുകൊണ്ട് നീർവിളാകേശന് മുന്നിൽ നെൽപ്പറയിടുന്നത് ഈ ഉത്സവത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു.

ഉത്സവലഹരിയുടെ സന്തോഷത്തിൽ ഭാഗഭാക്കാകാൻ ഞാനുൾപ്പെടെയുള്ള പ്രവാസി സമൂഹം നിശ്ചയമായും എല്ലാ വർഷവും കാത്തിരുന്ന് നാട്ടിൽ എത്തുന്ന നാളുകൾ. ഞാൻ രണ്ട് മാസം മുന്നെ തന്നെ മാർച്ച് 27 ന് ടിക്കറ്റ് എടുത്ത് വച്ചിരുന്നു, നിർഭാഗ്യവശാൽ കൊറോണ എന്ന ഭീകരൻ എല്ലാവരേയും എന്ന പോലെ എൻ്റെ യാത്രയ്ക്കും താഴിട്ടു.
സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനും, കൊറോണ ഒരു ചർച്ചാ വിഷയവും ആകുന്നതിനും മുന്നെ ഉത്സവം പൂർണമായും ഉപേക്ഷിച്ച് നാടിനും പരിസരങ്ങളിലെ ഗ്രാമങ്ങൾക്കും മാതൃകയായി എൻ്റെ നീർവിളാകം. കഴിഞ്ഞ പ്രളയകാലത്ത് എന്ന പോലെ നാട്ടിലെ യുവജനത സന്നദ്ധ സജ്ജരായി, സജീവമായി രംഗത്തുണ്ടന്ന് എന്നത് എന്നെപ്പോലെയുള്ള പ്രവാസികൾക്ക് തീർച്ചയായും അശ്വാസമാണ്.

ഉത്സവമില്ലായ്മയുടേയും, ആഘോഷമില്ലായ്‌മയുടേയും, യാത്രാവിലക്കുകളുടേയും സന്തോഷ രഹിത ദിനങ്ങൾ കടന്നു പോകുമ്പോഴും നമ്മുടെ സർക്കാർ ജനങ്ങൾക്കിടയിൽ ഇറങ്ങി നിന്ന് ഈ മഹാമാരിക്ക് എതിരെ ചെയ്യുന്ന തീവ്ര യുദ്ധത്തെ അതീവ സന്തോഷത്തോടെ നോക്കിക്കാണുന്നു. പ്രായമായ എൻ്റെ അമ്മ ഉൾപ്പെടെയുള്ള കുടുംബം ഈ വൈതരണിയെ പ്രയാസമൊന്നുമില്ലാതെ മറികടക്കും എന്ന ആത്മവിശ്വാസം, എല്ലാ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം എന്നിൽ പ്രതീക്ഷയുടെ നിറപറകൾ നിറയ്ക്കപ്പെടുന്നു.

അടുത്ത ഉത്സവം ഞങ്ങൾ തകർത്താടും..

Friday, 27 March 2020

കൊറോണ എന്നെ മനുഷ്യനാക്കുമോ ആവോ?

ഒന്ന് രണ്ട് അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി വെളിയിലേക്ക് ഇറങ്ങിയതാണ്. വാച്ച്മാൻ കണ്ടിട്ടും കണ്ടില്ല എന്ന മട്ടിൽ അകത്തേക്ക് കയറിപ്പോയി. വേസ്റ്റ് വെളിയിൽ വയ്ക്കാനായി അപ്പുറത്തെ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയ ഇറങ്ങിയ സഹൃദയൻ ഒരു പുഞ്ചിരി തന്ന് കുശലത്തിന് നിൽക്കാതെ പെട്ടെന്ന് കയറി വാതിലടച്ചു. സ്ഥിരമായി വണ്ടി കഴുകുന്ന വാച്ച്മാൻ കഴിഞ്ഞ ഒരാഴ്ചയായി അതിൽ തൊട്ടിട്ടില്ല എന്ന് മനസ്സിലായി.

പൂട്ടിയിട്ടിരിക്കുന്ന കടകൾ, വിജനമായ വഴികൾ. സൂപ്പർമാർക്കറ്റിൽ സാധനം എടുത്ത് ക്യാഷ് കൊടുത്തപ്പോൾ ക്യാഷ്യർ പെട്ടെന്ന് ഗ്ലൗസ് എടുത്ത് ധരിച്ചു. ക്യാഷ് കൗണ്ടറിൻ്റെ ഒരു മീറ്റർ അകലത്തിൽ വാർണിംഗ് ടേപ്പ് വലിച്ചു കെട്ടിയ ഫാർമസി. ഫാർമസിസ്റ്റ് ആംഗ്യം കൊണ്ടു മാത്രം കാര്യങ്ങൾ സംവേധിക്കുന്നു. പച്ചക്കറി കടയ്ക്ക് ഉള്ളിലേക്ക് പ്രവേശനമില്ല, ഫ്രൂട്ട്സും വെജിറ്റബിൾസും തിരഞ്ഞെടുക്കുന്ന രീതി ഇല്ല. അവിടെ നിൽക്കുന്ന ചുരുക്കം ചില മനുഷ്യർ ഭീതിയോടെ ദൂരം പാലിച്ച് സംസാരിക്കുന്നു.

ഞാൻ അന്യഗ്രഹത്തിൽ അല്ല എന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ ഭീതിയോടെ നോക്കുന്ന, പരസ്പരം ഓടിയൊളിക്കുന്ന കാലം. ഞാൻ തിരിച്ചറിയുന്നുണ്ടാവമോ ആവോ. ഇന്ന് ഞാൻ ഭയക്കുന്നത് മുന്നിൽ നിക്കുന്നവൻ്റെ ജാതിയോ മതമോ നിറമോ അല്ല എന്ന്. അവൻ്റെ രാഷ്ട്രീയത്തെ കുറിച്ച് എനിക്ക് ആശങ്കയില്ലന്ന്. മരിച്ചാൽ സ്വർഗ്ഗം പുൽകുന്നത് ഞാൻ മാത്രമാണന്ന്. അറിയില്ല, പ്രളയകാലം കഴിഞ്ഞപ്പോൾ ഞാൻ മാറിയത് പോലെ കൊറോണക്ക് ശേഷം മാറിയേക്കാം. ഞാൻ ഭയാശങ്കകളോടെ ജീവിച്ച ചരിത്രം വിസ്മരിക്കപ്പെട്ടേക്കാം, കാരണം ഞാനും മനുഷ്യനാണല്ലോ.

ചേച്ചിയമ്മ.

ആപത്തു കാലത്താണ് ആശങ്കയുള്ള അന്വോഷണങ്ങളുടെ സ്നേഹ ആഴം എത്രയെന്ന് നാം തിരിച്ചറിയുക. മുറിയടച്ചിരിക്കുന്ന കൊറോണ ദിനങ്ങളിൽ ആശങ്കകൾ മുഴച്ച അത്തരം ചുരുക്കം ചില അന്വോഷണങ്ങൾക്കിടയിൽ തീവ്ര സ്നേഹാശങ്കയുടെ വേറിട്ട ഒരേേയൊരു ശബ്ദമേ എനിക്ക് അനുഭവച്ചറിയാൻ കഴിഞ്ഞുള്ളു. അതാണ് എൻ്റെ ചേച്ചി. ഓരോ വിളിയിലും സുരക്ഷിതനാണോ എന്ന അതീവ ആശങ്കയുടെ വിഷാദഛായ നിഴലിക്കുന്ന ചോദ്യങ്ങൾ. ഉത്തരങ്ങളിൽ തൃപ്തിവരാതെ മറുചോദ്യങ്ങൾ. അല്ലെങ്കിൽ തന്നെയും നാൽപ്പത്തിയേഴിൽ എത്തി നിൽക്കുന്ന അവളുടെ കൊച്ചുമോന് ഇപ്പഴും പ്രായം ആറു വയസ്സാകാനെ സാധ്യതയുള്ളു. അന്യ ദേശത്ത് ഒറ്റ മുറിയിൽ പരാശ്രയമില്ലാതെ കഴിയുന്ന ആറ് വയസ്സുകാരനെ ഓർത്ത് അവൾ ആശങ്കപ്പെടുന്നതിൽ തെറ്റില്ല.

കൊച്ചുമോൻ.... അതാണ്, ഞാൻ ഇന്നും, അവൾക്കും പരിസരവാസികൾക്കും. കവിളിൽ നുള്ളി കൊഞ്ചിച്ച്, പോറ്റമയുടെ വാത്സല്യമിറ്റിച്ച് കുളിപ്പിച്ച് പാഡറിട്ട് ഒരുക്കി, പിന്നെ ഒക്കത്ത് തൂക്കിയെടുത്ത് ഒരു കൈയ്യിൽ കുഞ്ഞനിയന്‍റെ ബാഗിന്‍റെ ഭാരവും മറുതോളിൽ സ്വന്തം പാഠപുസ്തകവും പേറി പ്രിയപ്പെട്ട ചേച്ചി. അവൾക്ക് അന്ന് പത്ത് വയസ്സ് എനിക്ക് അവളുടെ പകുതി പ്രായവും. മുതുക്കനായി എന്നിട്ടും ഏണിൽ നിന്ന് ഇറങ്ങാറായിട്ടില്ല എന്ന് കാഴ്ചക്കാർ പതം പറഞ്ഞ് കളിയാക്കുമ്പോൾ, "എന്‍റെ കൊച്ചുമോനാ" എന്ന് അഭിമാനത്തോടെ പറഞ്ഞ് ഒക്കത്തേക്ക് ഒന്നുകൂടി ചേർത്തിരുത്തി കിലോമീറ്ററുകൾ താണ്ടിയുള്ള നടത്തം. സ്കൂളിന്‍റെ തൊട്ടടുത്ത പള്ളിമേടയിൽ കുടിയേറിയ പ്രാവുകളുടെ കുറുകൽ, കുഞ്ഞനുജന് പേടിയാണന്ന ചിന്തയിൽ മറ്റു കുട്ടികളും അധ്യാപകരും വരുന്നിടം വരെ എനിക്ക് കാവലിരിക്കുമായിരുന്നു അവൾ. ഞാൻ സുരക്ഷിതനാണന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരോട്ടമാണ്, വീണ്ടും കിലോമീറ്ററുകൾ താണ്ടേണ്ട അവളുടെ സ്കൂളിലേക്ക്. എത്ര നേരത്തെ ഇറങ്ങിയാലും കുഞ്ഞനുജൻ കാരണം അധ്യാപകരുടെ വഴക്ക് കേട്ട് അവസാനം ക്ലാസിൽ കയറുമ്പോഴും സങ്കടം തോന്നാറില്ല എന്ന് അവൾ പറയും, കാരണം വഴക്ക് കേൾക്കുന്നത് കൊച്ചുചുമോന് വേണ്ടിയല്ലേ.

സ്കൂളിൽ പോകുന്നതിന് മുമ്പുള്ള അങ്കമാണ് കാണേണ്ടത്. രാവിലെ ആറ് മണിക്ക് തന്നെ എഴുന്നേൽക്കും. മുറ്റമടിക്കൽ, മുറി തൂത്തുവാരൽ, തൊഴുത്തിലെ പശുക്കൾക്ക് ഭക്ഷണവും വെള്ളവും, വയസ്സായി കിടപ്പിലായ അമ്മൂമ്മയെ ശുശ്രൂഷിക്കൽ എന്നിങ്ങനെ അവളുടെ കയ്യും മനവും ചെല്ലാത്ത ഒരിടവും വീടിന്‍റെ മുറിയിലും തൊടിയിലും ഉണ്ടാവില്ല. ഇതെല്ലാം കഴിഞ്ഞാണ് ഒരുക്കവും അഞ്ചു കിലോമീറ്ററോളം താണ്ടി സ്കൂളിലേക്കുള്ള ഓട്ടവും. സ്കൂളിൽ നിന്ന് തിരികെ വരുമ്പോഴേക്കും അവൾക്ക് വേണ്ട അടുത്ത ജോലികൾ തയ്യാറായിട്ടുണ്ടാവും. പിറ്റേന്നത്തെ കാപ്പിക്കുള്ള അരിയാട്ടൽ, അമ്മൂമ്മയെ കുളിപ്പിച്ചൊരുക്കൽ മുതൽ വൈകുന്നേരത്തെ ഭക്ഷണം വരെ ആ ലിസ്റ്റിൽ കാണും. എല്ലാം കഴിഞ്ഞ് എന്നെ ചേർത്തിരുത്തി അന്നന്നത്തെ പാഠങ്ങൾ പഠിപ്പിച്ചതിന് ശേഷമാണ് അവളുടെ പഠനം പോലും.

എന്‍റെ ഓർമ്മ ഉറയ്ക്കുന്ന കാലം മുതൽ, ഇത് ഞാൻ എഴുതുന്ന നിമിഷം വരെ അവൾ അങ്ങനെയാണ്. എത്ര വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ 41 വർഷത്തിനിടയിൽ ഒട്ടും മാറാൻ കഴിയാത്ത ഒന്നായി ചേച്ചി. പശുവിന് കാടി കൊടുക്കുന്ന വലിയ അലുമിനിയം ചരുവം കമഴ്ത്തി വച്ച്, അതിൽ കയറി നിന്ന്, കറിക്ക് അരയ്ക്കുന്ന കാഴ്ചയിൽ നിന്ന് മിക്സിയിൽ എത്തിയെങ്കിലും രുചിഭേദങ്ങളുടെ നിറക്കൂട്ടുടുകളാണ് അവളടെ കറിക്കൂട്ടുകൾ. ആ കൈ ഒന്ന് പാത്രത്തിന് അടുത്തു കൂടി പോയാൽ ഭക്ഷണത്തിന് രുചി കൂടുമോ എന്ന് അത്ഭുതത്തോടെ ഓർത്ത് പോയിട്ടുണ്ട്. ഇന്ന് കൊറോണക്കാലത്ത് ഉണക്ക കുപ്പൂസ് എൻ്റെ ബാച്ചിലർ ഉള്ളിക്കറിയിൽ മുക്കി നാവിൽ തൊടാതെ തൊണ്ടയിലേക്ക് തള്ളുമ്പോൾ ചേച്ചി വച്ച ഒരു സ്പൂൺ സാമ്പാറിനായി, ഒരു വറ്റ് അവിയലിനായി കൊതിച്ചു പോകുന്നു.

അക്ഷര ഭംഗിയിൽ ഞങ്ങൾ തികച്ചും സഹോദരീ സഹോദരന്മാർ ആയിരുന്നതിനാൽ എൻ്റെ സ്കൂളിലെ ഹോം വർക്കുകളും, കോളേജിലെ റെക്കോഡുകളും നിർദ്ദാക്ഷണ്യം എഴുതാതെ ഞാൻ മാറ്റി വയ്ക്കും. സബ്മിറ്റ് ചെയ്യേണ്ട ദിവസം എനിക്ക് തീരെ ആശങ്കയില്ലങ്കിലും അനുജൻ്റെ പുറം പൊളിയുന്നതിൽ ആശങ്കപ്പെട്ട് ഞാൻ പറഞ്ഞില്ലങ്കിൽ പോലും അവൾ അത് എഴുതി വച്ചിരിക്കും. തനി വെളുപ്പും തനിക്കറുപ്പും എന്ന ഞങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി എന്നെ കളിയാക്കുന്നവർക്ക് അവളുടെ നാവിൻ്റെ ഏഴു നിറങ്ങളും അനുഭവേദ്യമാക്കി കൊടുത്തേ വിടാറുണ്ടായിരുന്നുള്ളു.

വറുതിയുടെ ദിനങ്ങളിലൂടെ കുടുംബം കടന്നു പോയ ദിവസങ്ങളിലായിരുന്നു വളരെ ആകസ്മികമായി അവൾക്ക് അനുയോജ്യനായ ഒരു ആലോചന വരികയും ഒരാഴ്ചക്കുള്ളിൽ വിവാഹം നടത്തേണ്ടിയും വന്നത്. ജീവിതത്തിൽ ഞാൻ തേങ്ങിക്കരഞ്ഞത് രണ്ടു അവസരങ്ങളിൽ മാത്രമാണ്. ഒന്ന് ചേച്ചി വിവാഹശേഷം പടിയിറങ്ങിയപ്പോൾ, രണ്ട് അവൾ ഭർത്താവിനൊപ്പം ഗൾഫലേക്ക് യാത്രയായപ്പോൾ.

എഴുതിയാൽ ഒരു ഖണ്ഡകാവ്യം ഉണ്ടാവുമെന്നതിനാൽ അവസാനിപ്പിക്കുകയാണ്. അവളുടെ രണ്ടു മക്കൾക്ക് അസൂയ ജനിപ്പിക്കുന്ന മൂത്ത മകനായി ഇന്നും എനിക്ക് തുടരാൻ കഴിയുന്നതാണ് എൻ്റെ ജന്മസാഫല്യം. എനിക്ക് അവൾ വെറും മൂത്ത സഹോദരിയല്ല, അവൾ എൻ്റെ ചേച്ചിയമ്മ...

Saturday, 1 February 2020

ദേ കൊറോണ അങ്കിള്‍ എത്തി!

കൊറോണ അങ്കിൾ ചൈനയിൽ നിന്ന് ദുഫായ് വഴി കൊച്ചിയിൽ വന്നിറങ്ങിയിട്ടുണ്ട്. തനി നാറിയാ. കണ്ണിൽ കണ്ടവനെ എല്ലാം വെടിവച്ചിടും. ഞാൻ ഹിന്ദുവാ ക്രിസ്ത്യനാ മുസൽമാനാ എന്നൊന്നും ഊറ്റം കൊണ്ട് മുമ്പിൽ ചെന്ന് നിന്നിട്ട് ഒരു കാര്യവുമില്ല. ഒരു മതവും കൊറവും ഇല്ലാത്ത തനി താന്തോന്നിയാ. മുന്നിൽ നിൽക്കുന്നത് മനുഷ്യ രൂപമാണോ എന്ന് മാത്രമേ നോക്കാറുള്ളു. മനുഷ്യ രൂപം കണ്ടാൽ കലിയിളകും.

വെള്ളം തളിച്ചാലും മുത്തെണ്ണിയാലും മുട്ടുകാലിൽ പ്രാർത്ഥിച്ചാലും ഒരു കാര്യവുമില്ല. അങ്കിൾ വെടിവച്ചിട്ടാൽ സ്വർഗത്തിൽ പോകാനും ചാൻസ് കുറവാണ്. മനുഷ്യമതിലിനും, രഥയാത്രയ്ക്കും ഒന്നും അങ്കിളിനെ തടുക്കാനുള്ള ശേഷി കുറവാണ്. അങ്കിൾ ചൈനീസ് പൗരനായത് കൊണ്ട്, പൗരത്വം കൊടുത്ത് ഒതുക്കിയേക്കാം എന്ന തീരുമാനത്തിനും വലിയ പ്രസക്തിയില്ല.

ഒറ്റ വഴിയേ ഉള്ളു, മതവും ജാതിയും വർഗ്ഗവും വർണവും മറന്ന് മാനം മര്യാദയ്ക്ക് ഒത്തൊരമയോടെ പ്രതിരോധത്തിന്റെ ഒരു മതിലു തീർത്താൽ ചിലപ്പോൾ അങ്കിളിനെ തിരിച്ച് വിമാനം കയറ്റി വിടാൻ ഒത്തേക്കും. അങ്കിൾ പാേയി കഴിഞ്ഞ് നമ്മുക്ക് പരസ്പരം ജാതിയും മതവും പറഞ്ഞ് കല്ലെറിയാൻ ഇഷ്ടം പോലെ സമയം കിടക്കുവല്ലേ. കഴിഞ്ഞ വർഷം പ്രളയ അമ്മായി ചിരവത്തടിയുമായി വന്നപ്പോൾ നമ്മൾ കവളൻ മടലുമായി ഓടിച്ചതും, അമ്മായി ഓടിക്കഴിഞ്ഞപ്പാേൾ, അതേ മടലുമായി നമ്മൾ പരസ്പരം തല്ലിത്തുടങ്ങിയതുമായ പാരമ്പര്യമുള്ളതുകൊണ്ട്, നമ്മുക്കിനി പുതിയൊരു പരിശീലനക്കളരിയുടെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. എന്നാ പിന്നെ തുടങ്ങുവല്ലേ....

ആ നിലവിളി ശബ്ദമിടോടോടോടോടോ.....

Saturday, 25 January 2020

പിന്നോട്ട് ഓടുന്ന അത്യാധുനീകര്‍!

മുന്നോട്ടോടുന്നു എന്നു നാം അഭിമാനിക്കുന്ന 'കാലം' ഒരു ദാക്ഷണ്യവുമില്ലാതെ പിന്നോട്ടോടിക്കൊണ്ടിരിക്കുകയാണ്.

ആധുനികത എന്നത് ഉത്ഘോഷം മാത്രമായി എവിടെയൊക്കെയോ ഒതുങ്ങി കൂടി നിൽക്കുന്നു. കാക്കയിൽ നിന്ന് സംരക്ഷണത്തിനായി സിന്ദൂരവും, കഴുകനിൽ നിന്ന് സംരക്ഷണത്തിനായി ചണച്ചാക്കൂകളും തേടി നടക്കുന്നിടത്തെത്തി നമ്മുടെ സ്ത്രീ ശാക്തികരണം. നവാത്ഥാന മതിലിന്നിടയിൽ മതം തിരിച്ച് മാനവികത വിളമ്പുന്ന നായകന്മാർ. ജനങ്ങളെ ഒന്നിച്ച് കൊണ്ടു പോകേണ്ട ഭരണകൂടം എനിക്കും എന്റെ ദേശീതയിലേക്കും ചുരുങ്ങിയൊതുങ്ങുമ്പോൾ മറുവശത്ത് ഒന്നിച്ച് ഒരുമിച്ച് ഇന്ത്യൻ പതാകയും, ദേശീയതയ്ക്ക് വേണ്ടി പോരാടേണ്ടവർക്കിടയിൽ മതചിഹ്നങ്ങളും പേറി മതസൂക്തങ്ങളും ഉരുവിട്ട് കപട മതേതര മുഖം തീർക്കുന്നു.

കപടതയുടെ മതരാഷ്ട്രീയ മുഖങ്ങൾക്ക് രാഷ്ട്രീയത്തിന് അപ്പുറത്ത് മതഭീകരതയുടെ ചോര മണക്കുന്ന സാന്നിധ്യം. ഇനി വരുന്ന കാലം, നമ്മുടെ ഭാരതവും, ലോകരാജ്യങ്ങളുടെ പല കോണുകളിലും കാണുന്നത് പോലെ, ഒരുവൻ പേറുന്ന പേരുകളിൽ മാത്രമൊതുങ്ങി നിയമവും നീതിയും നിശ്ചയിക്കുന്നിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

രാമൻ എന്നോ റഹിം എന്നോ റോയ് എന്നോ പേരുകളിൽ മാത്രം ഒതുങ്ങി, കഴുത്തിന് കത്തി വയ്ക്കുന്ന, അവരുടെ മറ്റു രാഷ്ട്രീയ നിലപാടുകൾക്ക് ഒരു പ്രസക്തിയുമില്ലാത്ത മതഭ്രാന്തൻമാരുടെ കൊലവിളി കൂട്ടായ്മകൾ അണിയറകളിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്നു സുനിശ്ചയം. എവിടെയൊക്കെയോ ഉള്ളു തിളച്ച് മറിഞ്ഞ് പൊട്ടാനായി വെമ്പുന്ന അഗ്നിപർവ്വതങ്ങൾ ഉണ്ടന്ന തോന്നൽ അരക്ഷിരാവസ്ഥ തീർക്കുന്നു. മനുഷ്യൻ മനുഷ്യനെ സംശയത്തിന്റെ സൂചിക്കുഴലിലൂടെ കടത്തിവിടുന്ന വേദനിപ്പിക്കുന്ന കാഴ്ചകൾ. ആ കാലം ഇങ്ങെത്തിയിരിക്കുന്നു എന്ന് അൽപ്പം ഭീതിയോടെ നമ്മുക്ക് അംഗീകരിച്ചേ മതിയാകു.

പത്രത്താളുകളിൽ കാണുന്ന ഒരു അപകട മരണത്തിൽ പോലും അത് തന്റെ മതക്കാരനല്ലല്ലോ എന്ന് ദീർഘശ്വാസം വിടുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ കാണാനിടയായി. സ്വന്തം അച്ഛനാൽ പീഡിപ്പിക്കപ്പെട്ട മകളുടെ വേദനയും വൈകാരികതയും മനസ്സിലാക്കാതെ അവൻ മറ്റൊരു മതക്കാരനാണന്ന ഒറ്റ കാരണത്താൽ ട്രോളുകൾ തീർത്ത് ആനന്ദ നൃത്തമാടുന്ന സോഷ്യൽ മീഡിയ മതേതര പ്രതികരണ തൊഴിലാളികൾ. തെറ്റാണന്ന പൂർണ തിരിച്ചറിവിൽ നിഷ്പക്ഷമായി ഒരു വിഷയത്തിൽ പ്രതികരിക്കുമ്പോൾ അത് മറുമതക്കാരന് അനുകൂലമായിപ്പോയി എന്ന് വിലപിച്ച് ബന്ധം പോലും മറന്ന് തെറി വിളിക്കുന്ന സൗഹൃദങ്ങൾ. ഇതിനിടയിൽ ഇതിനിടയിലേക്ക് തീ കോരിയിട്ട് വേണ്ടവിധത്തിൽ എണ്ണയൊഴിച്ച് കത്തിക്കാൻ സ്വന്തം സ്വാർത്ഥതക്ക് മാത്രം വിലയിടുന്ന അഭിനവ ആക്ടിവിസ്റ്റുകളും, അവരാൽ നയിക്കപ്പെടുന്ന കുറെ മാധ്യമങ്ങളും.

അങ്ങനെ നമ്മൾ വളരെ അത്യാധുനികമായി പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്, മുന്നോട്ടെന്നുള്ള ഒരു പ്രതീക്ഷയും ഇല്ലാതെ.....