. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday, 2 May 2009

ജീവിതം ഒരു നഷ്ടം.

മരുവിന്റെ ഘോരമാം ചുടുതാപമേറ്റിന്നു
ഉരുകുകയാണെന്റെ ഉള്ളം.
അകലെയെങ്ങോഎന്റെ കൊച്ചു ഗ്രാമം
അതോര്‍ത്ത് അറിയാതെ മനമൊന്നു തേങ്ങി.
ഉറ്റവര്‍ കരുണാര്‍ദ്ര വദനങ്ങള്‍ എന്നുടെ
വിരഹാര്‍ദ്ര വേദന അധികമാക്കി.
പിന്നിട്ട എന്റെ ഈ ജീവിത വീഥിയില്‍
നഷ്ടത്തിന്‍ ഗുണിതങ്ങള്‍ മാത്രം.
അമ്മതന്‍ മടിത്തട്ടും, വാത്സല്യവും
ഇന്നെന്റെ സ്വപ്നത്തില്‍ മാത്രം.
സ്നേഹത്തിന്‍ പായസ പാലാഴി തീര്‍ത്ത
എന്‍ താതന്‍ - എനിക്കിന്ന് നഷ്ടം
മാറതില്‍ ചേര്‍ത്തെന്നെ ചുംബിച്ചുറക്കിയ
മുത്തശ്തി - ആ താരാട്ട് ഇന്നെവിടെ?
മനുഷ്യ സ്നേഹത്തിന്‍ അര്‍ത്ഥം പഠിപ്പിച്ച - എന്‍
കൂടെപിറപ്പ് ഇന്നു ഒരോര്‍മ്മ !!!!
അറിവിന്റെ നിറകുടം കനിവോടെ ഇറ്റിച്ച
ഗുരുനാഥന്‍ മണ്ണോടു മണ്ണായ്‌ !!
ചിത്തത്തിനുള്ളില്‍ ഞാന്‍ ചിത്രമായ് സുക്ഷിച്ച
കാമുകി - ഇന്നാര്‍ക്കോ ഭാര്യ.
അമ്പലമുറ്റത്തെ എന്‍ കാല്‍പ്പാടിന്‍ മേലെയായ്
യുവത്വങ്ങള്‍ കാല്‍പ്പാടു തീര്‍ത്തു
നഷ്ട്ടങ്ങള്‍ മാത്രമെന്‍ ജീവിത യാത്രയില്‍
ലാഭത്തിന്‍ താളുകള്‍ ശു‌ന്യം.
ദിനങ്ങള്‍ ഓരോന്നായ് ഉരുകി അമരുന്നു
ഓരോ നിമിഷവും നഷ്ടം.
തിരികെ ഗമിക്കുവാന്‍ വൃഥാ ശ്രമിച്ചു ഞാന്‍
ചിറകറ്റ ഈയലിന്‍ പാഴ്ശ്രമം പോല്‍
കാലത്തിന്‍ പിന്‍പില്‍ നിന്നാരോ പറഞ്ഞു
പോകാന്‍ കഴിയില്ല കുഞ്ഞേ നീ
നിന്നുടെ മാനസക്കോണില്‍ ചുരുങീടുക

Sunday, 26 April 2009

ഞെക്കിയാല്‍ പൊട്ടും!

രംഗം ഒന്ന്

പ്രസിദ്ധമായ ചെങ്ങന്നൂര്‍ റേയില്‍‌വേ സ്റ്റേഷന്‍.....

തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രസ്സ് ഏതാനും നിമിഷങ്ങള്‍ക്കകം രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നു.

വെടിവച്ചാന്‍ കോവിലിലെ പതിവ് വെടിവഴിപാട് അനൌണ്‍സ്മെന്‍റ്

ഭാര്‍ഗ്ഗവന്‍ പിള്ള, മൂലം നക്ഷത്രം..... ചെറിയ വെടി 25 വലിയ വെടി 30.

പണം കൊടുക്കുമ്പോള്‍ വഴിപാട് കഴിച്ചവന്‍റെ മൂലത്തില്‍ ഒരു വെള്ളിടി വെട്ടുന്നതൊഴിച്ചാല്‍ എത്ര പൊട്ടി എന്ന് വഴിപാട് കഴിച്ച പിള്ളക്കും, വെടി വിട്ടവനും എന്തിന് പൊട്ടിയ വെടിക്കു പോലും അറിയില്ല.

ഇന്‍ഡ്യന്‍ റെയില്‍‌വേയും, വെടിവച്ചാന്‍ കോവിലും ഏതാണ്ട് ഒരേ ജനുസ്സില്‍ പെടുത്താവുന്നതു കൊണ്ട് ടിക്കറ്റ് എടുത്ത് യാത്രക്ക് തയ്യാറായി നില്‍ക്കുന്നവരില്‍ പ്രത്യേകിച്ച് ഒരു ഭാവ വത്യാസവും ഉണ്ടാക്കിയില്ല.

പൊട്ടിയാലായി, ഇല്ലെങ്കിലായി!!!

വെടിവച്ചാന്‍ കോവിലില്‍ ഇതുവരെ വെടി വഴിപാട് നടത്തിയിട്ടില്ലാത്തതിനാലും, കയ്യിലിരിക്കുന്ന ടിക്കറ്റ് വെറും ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ഇടികൊള്ളാനായി കരുതിക്കൂട്ടി റെയില്‍‌വെ തന്നതാണെന്ന ബോധം ഉള്ളതുകൊണ്ടും ഞാന്‍ പ്ലാറ്റ് ഫോമിലിന്‍റെ ഡേയിഞ്ചര്‍ സോണിലേക്ക് നീങ്ങി നിന്നു.

ചേട്ടാ ചാകണമെങ്കില്‍ ഒരു ഉറുമ്പിന്‍ കൂട്ടിയില്‍ കയ്യിട്ടാല്‍ പോരെ എന്തിനാ ട്രേയിന്‍.....

മംഗലാപുരത്തെ സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ചുള്ളന്‍റെ ചെക്കന്‍റെ കമന്‍റ് കേട്ട് അടുത്തു നിന്ന പരാശ്രയമില്ലാതെ നടക്കാന്‍ പോലും ശേഷിയില്ലാത്ത അപ്പൂപ്പന്‍ എന്നെ നോക്കി ഇങ്ങനെ പ്രതികരിച്ചു.

“മോനെ അല്പ നിമിഷം എന്നു പറഞ്ഞാല്‍ രണ്ടു മണിക്കൂറാ നമ്മുടെ റെയില്‍‌വേയുടെ കണക്ക് മോന്‍ അവിടെ നിന്നോ ഒന്നും സംഭവിക്കില്ല....”

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക!!!?? വെറുതെ....!!! ഇന്നത്തെ ചെറുപ്പക്കാര്‍ പറയുന്നതു പോലെ ആ നെല്ലിക്കായ്ക്ക് അത്ര വലിയ മധുരം ഇല്ലെന്ന് എനിക്കും മനസ്സിലായി....

അപ്പൂപ്പന്‍റെ നിഗമനങ്ങള്‍ അമ്പേ പരാജയം ആണെന്ന് വിളിച്ചറിയിച്ചുകൊണ്ട് മലബാര്‍ “എക്സ്പ്രസ്സ്” ഒച്ചിന്‍റെ വഗത്തില്‍ സ്റ്റേഷനെ കുലുക്കി വന്നു നിന്നു.

ചെമ്മരിയാടിന്‍റെ കാറല്‍ പോലെ “ക്യാപ്പിയേയ്” വിളികളും “ച്യായയേയ്” വിളികളും!

ഇണചേരാന്‍ കഴിയാതെ നിരാശനായ കണ്ടന്‍ പൂച്ചയുടെ സ്വരമാധുരിയോടെ “മീല്‍‌സ്” വിളികള്‍!

ഒറ്റാലില്‍ കുടുങ്ങിയ ബ്രാലിനെ പോലെ ഞാന്‍ ഊളിയിട്ട് ട്രേയിനുള്ളില്‍ കടന്നു...

കുതിച്ചു വാതിലിന്ന് അരികിലുള്ള ആദ്യ ക്യാബിനില്‍ തന്നെ ഇടിച്ചു കയറി....

നാലുപേര്‍ ഇരിക്കുന്ന സീറ്റിന്‍റെ നടുവിലേക്ക് പ്രതിഷ്ടിച്ച് ഒന്നു കുലുക്കി! അതവിടെ ഉറപ്പിച്ചു!

പരിസര വാസികള്‍ അല്പം നീരസം പ്രകടിപ്പിച്ചു എങ്കിലും മൈന്‍‌ഡാന്‍ പോയില്ല.....

ട്രേയിന്‍ ഒന്നു മുരണ്ട് കുലുങ്ങി നീങ്ങാന്‍ തുടങ്ങി!

ഞാനും ഒപ്പം കുലുങ്ങി!

രംഗം രണ്ട്

അര്‍ദ്ധനിദ്രയിലാരുന്ന എന്നെ ഉണര്‍ത്തിയത് ശാരദേ എന്ന വിളി!!

നീ ഇങ്ങു പോരടീ...ഇവിടെ ധാരാളം സ്ഥലം ഊണ്ട്....

ചങ്ങനാശ്ശേരി സ്റ്റേഷന്‍!

തട്ടമിട്ട് മുടി മറച്ച ഒരു മലപ്പുറം താത്ത തന്‍റെ ചങ്ങാതിയെ ഉപവിഷ്ടയാക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുന്നു...

കഷ്ടി 4 പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ അഞ്ചാമതായി താത്ത വന്നിരുന്ന് നിറച്ചു കഴിഞ്ഞിരിക്കുന്നു....

ഇനി ഒരാള്‍ ഇരുന്നാല്‍ അതു കവിഞ്ഞൊഴുകുമെന്നു സ്പഷ്ടം..... എങ്കിലും താത്ത തന്‍റെ ചങ്ങാതി ശാരദയെ കുലുക്കി കൊള്ളിച്ചു!!

പ്രതീക്ഷിച്ചത് സംഭവിച്ചു.... കവിഞ്ഞ് ഒഴുകുക തന്നെ ചെയ്തു!

ഒരറ്റത്തിരുന്ന നവദമ്പതികളില്‍ മന്മദന്‍ ആ ഒഴുക്കില്‍ പെട്ട് താഴെ വീണു.... കൂടുതല്‍ ഒഴുകുന്നതിനു മുന്‍പെ രതീ ദേവി അദ്ധേഹത്തെ കടന്നു പിടിച്ച് ഒരു ചന്തി വയ്ക്കനുള്ള സ്ഥലം തീറെഴുതി!!

തന്‍റെ പ്രിയതമനെ ഒഴുക്കി കളഞ്ഞ ശാരദയേയും, താത്തയെയും രതീ ദേവി ഉഴിഞ്ഞൊന്നു നോക്കിയെങ്കിലും ആ സമയം ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണാ എന്ന ഭാവത്തില്‍ അവര്‍ അകലെ നക്ഷത്രം എണ്ണുകയായിരുന്നു!

അതുവരെ നിര്‍വികാരനായിരുന്ന ഞാന്‍ ആ ക്യാബിനിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി!

എന്‍റെ നേരെ എതിരെയുള്ള സീറ്റില്‍ ഇപ്പോള്‍ ആറു പേര്‍!

ജനലിനോട് ചേര്‍ന്ന് അന്‍പത് വയസ്സിനു മേല്‍ പ്രായമുള്ള ഒരു ചുള്ളന്‍!! ഇട്ടിരിക്കുന്ന ടീ ഷര്‍ട്ടില്‍ നിന്നും മനുഷ്യന്‍റെ ഏറ്റവും വീതി കൂടിയ മസ്സിലുകളില്‍ ഒന്നായ ഊളവയര്‍ വെളിയില്‍ ചാടാന്‍ ഊഴം കാത്ത് നില്‍ക്കുന്നു...

പഴുതാര മീശക്കുമേല്‍ പഴയ ഹേമമാലിനി മോഡല്‍ കൂളിങ് ഗ്ലാസ്സ് ഫിറ്റ് ചെയ്ത് താന്‍ അര്‍ദ്ധരാത്രി പോയിട്ട് പട്ടാപ്പകല്‍ പോലും കുടപിടിക്കാത്തവനാണെന്ന് വ്യക്തമാക്കുന്നു ടീയാന്‍!

തൊട്ടടുത്തായി പഴയ വട്ടു സോഡാകുപ്പിയുടെ മൂട് ഒരു ഫ്രയിമില്‍ ഫിറ്റ് ചെയ്ത് അതും മുഖത്ത് വച്ച് മറ്റൊരുവന്‍... പ്രായം പക്ഷെ മധുര പതിനേഴ്.....

ഞാന്‍ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയതുകൊണ്ടാവാം ഉന്തിയ പല്ലുകള്‍ കാട്ടി മനോഹരമായ ഒരു ചിരി സമ്മാനിച്ചു....

കുട്ടിച്ചാത്തന്‍ സിനിമയിലെ ത്രീഡീ കണ്ണട മുഖത്തു വച്ചവനെ പോലെ ഞാന്‍ പുറകിലേക്ക് തല വെട്ടിച്ചു..... സോഡാ കണ്ണടയിലൂടെ അയാളുടെ കണ്ണുകള്‍ എന്‍റെ തൊട്ടടുത്ത് വന്നു നില്‍ക്കുന്നതായി തോന്നി....

അടുത്തത് നമ്മുടെ കഥാനായിക ശാരദ.... 40 വയസ് കഴിഞ്ഞതിന്‍റെ നിരാശയൊന്നും മുഖത്തില്ല!... ഉഷാ ഉതുപ്പിനെ തോല്‍പ്പിക്കുന്ന വട്ട പൊട്ടും, ആടയാഭരണങ്ങളും.... ഉടുത്തിരിക്കുന്ന കടും പച്ച സാരിയിലൂടെ ബാല്യവും, കൌമാരവും എന്തിന് യവ്വനം വരെ പകുതിയില്‍ കൂടുതല്‍ വെളിയില്‍ ചാടി നില്‍ക്കുന്നു!!

125 സെന്റീമീറ്റര്‍ വീതിയുള്ള തന്‍റെ അരക്കെട്ട് ഇപ്പോള്‍ പൂര്‍ണമായും സീറ്റില്‍ കടത്തി ഒരു മയക്കത്തിനുള്ള കോപ്പുകൂട്ടുകയാണ് ഡിയര്‍ ശാരദേച്ചി!!

അടുത്ത് വര്‍ണിക്കാന്‍ കഴിയാത്തരീതിയില്‍ മുടി തൊട്ട് പാദം വരെ കറുത്ത പര്‍ദ എന്തിന് കയ്യുറയും, കാലുറയും വരെ ധരിച്ച് കാണികളെ നിരാശപ്പെടുത്തി താത്ത....

അതിനും അപ്പുറത്ത് മന്മദനും, രതീ ദേവിയും.... വീണ്ടും ഒരു ഒഴുക്കില്‍ തന്‍റെ പ്രിയപ്പെട്ടവന്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ അരക്കെട്ടില്‍ കയ്യ് ചുറ്റി മുറുക്കി പിടിച്ച് മയങ്ങുകയാണ് രതി....

മന്മദനാവട്ടെ ചന്തി ഇടക്കിടെ തെന്നി പോകുന്നതിന്‍റെയും ഉറക്കം നഷ്ടപ്പെട്ടതിന്‍റെയും നിരാശയിലും....

എങ്കിലും ചുറ്റിപ്പിടുത്തത്തിന്‍റെ ആലസ്യത്തില്‍ രതീദേവിക്ക് ഇടക്കിടെ ആരും കാണാതെ ചില തലോടലുകള്‍ സമ്മാനിക്കാനും മറക്കുന്നില്ല!

എന്‍റെ തൊട്ടപ്പുറത്ത് ജനലിനോട് ചേര്‍ന്നിരുന്ന് ഒരുവന്‍ മൊബൈലില്‍ ചെറുകെ പിറുപിറുക്കുന്നുണ്ട്!... മണിക്കൂറുകളായി വ്യായാ‍മം തുടങ്ങിയിട്ട്!

ഭാര്യയെ വീട്ടില്‍ ഉറക്കി കിടത്തി പഴയ കാമദേവന്‍ ബാലെയിലെ മദാലസയാമം തേടി പോകുകയാണ് ടീയാന്‍ എന്ന് വ്യക്തമാക്കുന്ന മന്മദരാസാ ഗാനാലാപനം അപ്പുറത്തെ തലക്കല്‍ നിന്നും അത്ര വ്യക്തമല്ലാതെ കേള്‍ക്കാം!

ഇനി എനിക്കും അപ്പുറത്ത്, മംഗലാപുരത്തെ പരാശ്രയ കോളേജുകാര്‍ രണ്ട് കൌമാരകര്‍.... തങ്ങളുടെ മൊബൈല്‍ സെറ്റുകളില്‍ എഫ് എം ജോക്കികളുമായി സല്ലാപത്തില്‍!

പഴയ യുവതുര്‍ക്കിയും, ഇപ്പോള്‍ കവിതയെ മറന്ന് സീരിയലിന്‍റെ മായാ പ്രപഞ്ചത്തില്‍ അകപ്പെട്ടു നാട്ടുകാരെ നട്ടം തിരിക്കുന്നവനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതയും വായിച്ച് നീട്ടിയ മുടിയും ജഡപിടിച്ച താടിയുമായി ഒരു ബുജി അതിനും അപ്പുറത്ത്!

ഇതിനെല്ലാം ഉപരി നില്‍പ്പന്മാരായും കിടപ്പന്മാരായും എണ്ണിയാല്‍ ഒടുങ്ങാത്ത പുരുഷാരം വേറെ!

പിന്നെ തലങ്ങും വിലങ്ങും കുറുകെയും ഒരു ഡസന്‍ കാലുകള്‍ മുകളിലത്തെ ബര്‍ത്തില്‍ നിന്നും താഴേക്ക്!!

ചുരുക്കം പറഞ്ഞാല്‍ പാവങ്ങളെ പറ്റിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പണിത ലക്ഷം വീട് കോളണിയിലെ കുടിലുകള്‍ പോലെ അടുക്കി വച്ചിരിക്കുന്ന പുരുഷാരത്തിനിടയില്‍ ശ്വാസം എടുക്കാന്‍ ഒരു ഗ്യാപ്പ് തപ്പി ഞാന്‍ വിഷണ്ണനായി!

ട്രേയിന്‍ വീണ്ടും ചലിച്ചു തുടങ്ങി....

മന്മദരാസായ്യ്ക്ക് ചെവികൊടുക്കാതെ ഞാന്‍ വീണ്ടും മയക്കത്തിലേക്ക്!

രംഗം മൂന്ന്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരടുത്ത ബന്ധുവിന്‍റെ വിവാഹ ചടങ്ങുകള്‍ ഗംഭീരമായി നടക്കുന്നു.

വകയില്‍ ഒരു അനിന്ദ്രവനായ കല്യാണചെറുക്കന്‍ മാമനായ എനിക്ക് ദക്ഷിണ തന്നിട്ട് കാലില്‍ തൊട്ടു വന്ദിച്ചു!

“ദീര്‍ഘസുമംഗലന്‍ ഭവ” ദക്ഷിണ കിട്ടിയ വെറ്റിലയുടെ തളിര്‍ നുള്ളി തലയി വച്ച് അനുഗ്രഹിച്ചു!

ഇതെന്താടാ നീ കുളിച്ചില്ലെ?? തലമുടിയെല്ലാം ഒരുമാതിരി “ചപ്രിച്ച്” കിടക്കുന്നല്ലോ?

“ഇല്ല ചേട്ടാ ഇന്നു രാവിലെ കുളിച്ചതാ.....”

അസ്വഭാവികമായ മറുപടി കേട്ട് ഞാന്‍ ഞെട്ടി.... സ്വപ്നമായിരുന്നു....

ട്രെയിനില്‍ തന്നെ.....

എന്‍റെ പാദാരവിന്തങ്ങളില്‍ തൊട്ട് നമസ്കരിക്കുകയാണ് വട്ടു സോഡാ!

പെട്ടെന്ന് കാല്‍ വലിച്ചു!

“എന്താ...എന്താ....” സ്വല്പം പേടിയോടെ അവനോട് ചോദിച്ചു!

“ചേട്ടാ ഞാന്‍ അറിയാതെ ഒന്നു ചവിട്ടി.... ചേട്ടന്‍ എന്നെക്കാള്‍ മുതിര്‍ന്നതല്ലെ? പാപം കിട്ടണ്ട”

“ഹും ശരി...ശരി....” സ്വപ്നത്തിലെ അനിന്ദ്രവന്‍റെ തലയില്‍ വച്ച കൈ ഞാനൊന്നും അറിഞ്ഞില്ലെ എന്ന ഭാവത്തില്‍ പിന്‍‌വലിച്ചു!

“സുഖമാണല്ലോ ചേട്ടാ....” അസ്വഭാവികമായ ചോദ്യം!

“അതേല്ലൊ.....” ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി സുഖവിവരം ചോദിച്ചാല്‍ ബിന്‍ലാദനും, ബുഷിനും എന്തിന് അജിത്തിനു വരെ ഒരേ വികാരമായിരിക്കുമല്ലോ?

അതിര്‍ത്തി ലംഘിച്ചു വന്ന കൂത്തിപട്ടിക്കു നേരെ സ്ഥലത്തെ പ്രധാന നായ പയ്യന്‍സ് മുരളും പോലെ ഒരു മുരളലില്‍ എന്‍റെ പ്രതിഷേധം അറിയിച്ച് വീണ്ടും കണ്ണടക്കാന്‍ തുടങ്ങുമ്പോഴാണ് മറ്റൊരു അസ്വഭാവികതയില്‍ എന്‍റെ കണ്ണുടക്കിയത്!!

കയ്യിലിരിക്കുന്ന വലിയ വീതിക്കൂടിയ പ്ലാസ്റ്റിക്ക് കവര്‍ ഹര്‍ത്താലിനിടയില്‍ ഏറുകൊള്ളാതിരിക്കാന്‍ വേണ്ടി നമ്മുടെ പോലീസ് ഏമാന്മാര്‍ പിടിക്കുന്ന മുറിച്ച ചൂരല്‍ കസേര പോലെ നെഞ്ചും കടന്ന് മുഖത്തിന്‍റെ ഏതാണ്ട് പകുതി വരെയും മറച്ച് സോഡാകുപ്പി എന്തോ വലിയ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്...

ഇപ്പോള്‍ ടീയാന്‍റെ മുഖം കണ്ടാല്‍ എവറസ്റ്റ് കീഴടക്കുന്ന പ്രതീതി.....

വണ്ടി എവറ്സ്റ്റോളം പോന്ന ഒരു കുന്ന് കയറുന്നതു കൊണ്ടാവാം ഇടക്കിടെ തന്‍റെ ടൈറ്റ് പാന്റ്സിന്‍റെ സെന്‍റെര്‍ പോയിന്റില്‍ കയ്യമര്‍ത്തി ഗിയര്‍ മാറ്റാന്‍ ടീയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും അത് എത്രത്തോളം വിജയപ്രദമാണെന്ന് പറഞ്ഞറിയിക്കുക പ്രയാസം!

പ്ലാസ്റ്റിക്ക് കവറിലൂടെ അദ്ധേഹത്തിന്‍റെ രണ്ടാം ഹസ്തം എവിടെയോ ഡ്രൈവ് ചെയ്യുന്നുണ്ട് എന്നു വ്യക്തം...!

ഞാന്‍ ഊഹിച്ചതു പോലെ അത് നമ്മുടെ ശാരദേച്ചിയുടെ സെവന്റി എം.എം മേനിയിലായിരുന്നു.....

തന്നെ മറ്റൊരാള്‍ സ്ലൈറ്റായി ഡ്രൈവ് ചെയ്യുന്ന വിവരം ശാരദേച്ചി പോയിട്ട് ശാരദേച്ചിയുടെ തടിച്ചുരുണ്ട ശരീരം പോലും അറിയുന്നുമില്ല....അതിനു തെളിവായി ഹിപ്പോപൊട്ടാമസിന്‍റെ എന്ന പോലെ തുറന്നിരിക്കുന്ന വായും, അതില്‍ നിന്നും മുല്ലപ്പെരിയാര്‍ ഡാമിലെ എന്ന പോലെ ശക്തമായ ലീക്കും!

ഡാമില്‍ നിന്ന് ലീക്ക് ചെയ്യുന്ന വെള്ളം എല്ലാം പഞ്ചാമൃതം പോലെ തന്‍റെ സ്വന്തം ചുമലില്‍ ഏറ്റുവാങ്ങുകയാണ് സോഡാകുപ്പി......!!!

പിന്നെ തന്‍റെ വണ്ടിയുടെ ഗിയര്‍ ഫിഫ്ത്തില്‍ നിന്നും ഫോര്‍ത്തിലേക്ക് ഡൌണ്‍ ചേയ്ത് എന്‍റെ മുഖത്തേക്ക് ഒന്നു ഊളിയിട്ടു!

“ചേട്ടന്‍ ജിദ്ദയിലാണോ ജോലി ചെയ്യുന്നത്” എന്റെ കയ്യിലിരിക്കുന്ന “ സിറ്റി പ്ലാസ,ജിദ്ദ” പ്രിന്റ് ചെയ്ത കവറില്‍ നോക്കി ഒരു കുശലം!

“അതെല്ലോ...”

“ഏതു കമ്പനിയിലാ ചേട്ടാ.....”

“ഞാന്‍ ഒരു പടക്ക കമ്പനിയിലാ......”

“പടക്ക കമ്പനിയോ... ജിദ്ദയിലോ” അവന്‍റെ കണ്ണുകള്‍ സോഡാഗ്ലാസും കഴിഞ്ഞ് ഞാനിരിക്കുന്ന സീറ്റില്‍ വന്ന് ഇടിച്ചു നിന്നു.

“കമ്പനിയുടെ പേരെന്താ ചേട്ടാ.....”

“ഞെക്കിയാല്‍ പൊട്ടും......” എന്‍റെ മറുപടി കേട്ട് ടീയാന്‍ ഞെട്ടി.....

“അങ്ങനെയൊരു കമ്പനി പേരോ??”

“ഹും.... അതെ...ഇതൊരു മലയാളി നടത്തുന്ന കമ്പനിയാ ഇഷ്ടാ.... കമ്പനി പ്രോഡക്ടിനു ചേരുന്ന പേരു വേണ്ടെ..... അതാണ് ഇങ്ങനെയൊരു പേര്‍!!”

അവന്‍ സംശയത്തോടെ എന്‍റെ മുഖത്തേക്ക് തുറിച്ചു നോക്കി......

ഞാന്‍ പാവം ക്രൂരന്‍... എന്നെ എന്തിനാ ഇങ്ങനെ സംശയിക്കുന്നത് എന്ന മുഖഭാവത്തിലും!

പിന്നെ നീണ്ട മൌനം..... ഞാന്‍ നോക്കുന്നില്ല എന്നുറപ്പുവരുത്തി വട്ടുസോഡാ ഗിയര്‍ ഫോര്‍ത്തില്‍ നിന്നും തേഡിലേക്ക് നൈസായി ഷിഫ്റ്റ് ചെയ്തു!!

ഇപ്പോള്‍ ഡ്രൈവിങ്ങ് ഹാന്‍ഡ് താഴെ നിന്നും കുറച്ചുകൂടി മുകളിലേക്ക് കയറി.... ശാരദേച്ചി ഒന്നു ഞരങ്ങി..... സോഡകുപ്പി ഞാനൊന്നും അറിഞ്ഞില്ലെ രാമനാരായണാ എന്ന മട്ടില്‍ നിദ്രയിലേക്ക് കൂപ്പുകുത്തി!

പിന്നെ ശാര‍ദേച്ചിയുടെ ഞരക്കം അവസാനിപ്പിച്ചപ്പോള്‍ വീണ്ടും ഒളികണ്ണിട്ട് എന്നെ ഒന്നു നോക്കി!

കുറുക്കന്‍റെ കണ്ണ് കോഴിക്കൂട്ടിലാണെന്ന് തിരിച്ചറിഞ്ഞ ടീയാന്‍ വീണ്ടും കുശലം എറിഞ്ഞു!

“എവിടെ പോകുന്നു ചേട്ടാ.....?”

ഗുരുവായൂരില്‍ വരെ പോകുന്നു അനിയാ.....

“എന്താ വിശേഷിച്ച്....?”

ഒരു കല്യാണത്തിന് പങ്കെടുക്കാന്‍ പോകുകയാണിഷ്ടാ.....

“ഗുരുവായൂര്‍ ക്ഷേത്രത്തിലാണോ ചേട്ടാ.....?”

അല്ലനിയാ ഇതു അടുത്തുള്ള ഒരു ഓഡിറ്റോറിയത്തിലാ.....

“ഏത് ഓഡിറ്റോറിയം......??”

“ഞെക്കിയാല്‍ പൊട്ടും”

“ഹേ.... അങ്ങനെ ഒരു ഒഡിറ്റോറിയമോ?? ഞാന്‍ കേട്ടിട്ടില്ലല്ലോ! അതെവിടെ?”

തന്നെ ഇയാള്‍ മനപ്പൂര്‍വ്വം കളിയാക്കുകയാണോ എന്ന സംശയം അവന്‍റെ ഉള്ളില്‍ ഉണ്ടായി എന്ന് അവന്‍റെ തത്തച്ചുണ്ടന്‍ പുരികത്തില്‍ നിന്നും പിടികിട്ടി!

“അതു കിഴക്കെനടയില്‍ ഈ അടുത്തു തുടങ്ങിതാ ഇഷ്ടാ..... എന്‍റെ സൌദിയിലെ കമ്പനി മുതലാളിയുടെത് തന്നെയാണ്..... അതല്ലെ കമ്പനിയുടെ അതെ പേര്‍ ഈ ഓഡിറ്റോറിയത്തിനും ഇട്ടത്!”

സോഡാകുപ്പി എന്നെ അടിമുടി ഒന്നു നോക്കി.... കൊട്ടേഷന്‍ സംഘത്തിനിടയില്‍ പെട്ടവനെ പോലെ ഞാന്‍ വിരണ്ടു! പിന്നെ ഒന്നും അറിയാത്തവനെ പോലെ ഉറക്കം നടിച്ചു!

ഗിയര്‍ ഡൌണ്‍ ചെയ്ത് സെക്കന്റില്‍ ആക്കി കയറ്റത്തിന്‍റെ അടുത്ത ഘട്ടം കടക്കുകയായിരുന്നു സോഡാകുപ്പി അപ്പോള്‍!

സെക്കന്റില്‍ വീണിട്ടും യഥാര്‍ത്ഥ ലക്ഷ്യം എത്തിയില്ല എന്നു മനസ്സിലാക്കിയ ടീയാന്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല... അടുത്ത ഗിയറും ഡൌണ്‍ ചെയ്ത് കയറ്റത്തിന്റെ മുകളില്‍ എത്തി ഒന്നും നോക്കാതെ ഡ്രൈവിങ്ങിന്‍റെ പാരമ്യതയിലേക്ക് എത്തി!

പിന്നെ ഗിയറിടണോ, കുന്നു കയറണോ, ഡ്രൈവ് ചെയ്യണോ എന്തെന്നറിയാതെ ഒരു പരക്കം പാച്ചില്‍... എല്ലാം തകര്‍ക്കുന്ന മട്ടില്‍....!!! നിയന്ത്രണം വിട്ട മട്ടില്‍......!!

ആ വണ്ടി ഉടനെ എവിടെയെങ്കിലും ഇടിച്ചു നില്‍ക്കും.... ഞാന്‍ മനസ്സില്‍ പറഞ്ഞു!

ഹേമമാലിനി നിദ്രയില്‍ നിന്നും ഞെട്ടിയുണര്‍ന്നു.....!!!!

മന്മദരാസ ബാലെ നിര്‍ത്തി ജാഗരൂഗനായി.....!!!

ചുള്ളിക്കാടിനെ വിറകു പുരയില്‍ ഉപേഷിച്ച് ബുജി ജോറായിരുന്നു...!!!!

ജോക്കികളോട് അതിലും വലിയ ഒരു ജോക്ക് ഉടനെ തന്നെ ഇവിടെ സംഭവിക്കാന്‍ പോകുന്നു എന്ന് നിശബ്ദ പ്രഖ്യാപനം നടത്തി സ്വശ്രയന്മാര്‍ പരസ്പരം നോക്കി....!!

താത്ത “എന്തെ ശാരദ ഉണരുന്നില്ലാ....എന്നിട്ടും, എന്നിട്ടും ഉണരുന്നീല്ലാ‍.....“ എന്നു നീട്ടി മനസ്സില്‍ പാടി സോഡാകുപ്പി അറിയാതെ ശാരദേച്ചിയെ തോണ്ടി ഉണര്‍ത്താന്‍ ശ്രമം തുടങ്ങി....!!!!

മന്മദനും രതിയും അടുത്ത് വരാനിരിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ കണ്ട് ഞെട്ടാനെന്ന വ്യാജേന പരസ്പരം കെട്ടിപ്പിടിച്ചു....!!!!

അതുവരെ നിദ്രയിലായിരുന്ന ശാരദേച്ചി ഞെട്ടിയുണര്‍ന്നു....

മുല്ലപ്പെരിയാറിലെ ലീക്ക് വലതുകയ്യാല്‍ തുടച്ചു......

പിന്നെ ആ നനഞ്ഞ കയ്യാല്‍ അടുത്തു ചൂടായിരിക്കുന്ന അമിട്ടിനു തീ കൊടുത്തു.....

കയ്യുടെ നനവും കൂടി ചേര്‍ന്നപ്പോള്‍ ഗുണ്ടിന് അസ്വാഭാവികമായ ശബ്ദം....!!!

വല്ലാത്ത ഒരു പൊട്ടല്‍...... ശാരദേച്ചി കണ്ണൂര്‍ കാരിയാവാം.....!!!

അത്ര കിടുക്കന്‍ ഒരു പൊട്ടല്‍.... അതും ഇടത്തെ ചെകിട്ടില്‍ തന്നെ!!

തെറിച്ച സോഡാകുപ്പി കൊണ്ട് ഹേമമാലിനിയുടെ മസ്സില്‍ തരിച്ചു! ശ്‌ശ്‌ശ് എന്ന ശബ്ദം വെളിയില്‍ വന്നു!!!

ഒരു നിമിഷം നിശബ്ദത...!!! ബാര്‍ബര്‍ ഷോപ്പില്‍ കട്ടിങ്ങിനും ഷേവിങ്ങിനും ചെന്ന ഒരാളുടെ മുടി കട്ടു ചെയ്ത ശേഷവും, ഷേവിങ്ങ് തുടങ്ങുന്നതിനു മുന്‍പേയും ഉണ്ടാവുന്ന ഒരു പ്രത്യേക നിശബ്ദതയില്ലെ?? അതന്നെ!!!

ശാരദേച്ചി ഇത്രയും വലിയ ഒരു ഗുണ്ട് പൊട്ടിച്ചിട്ട് “ഞാന്‍ കണ്ണൂര്‍ കാരിയല്ലടെ ഇറാക്കുകാരിയാണെടെ” എന്ന മുഖഭാവത്തില്‍ അടുത്ത “മുല്ലപ്പെരിയാര്‍“ താത്തയുടെ തട്ടത്തിലാവട്ടെ എന്നു തീരുമാനിച്ച് അവിടേക്കു ചാഞ്ഞു!!!

അവധിക്കു വിട്ട മന്മദ രാസ വീണ്ടും തുടങ്ങി, ജോക്കികള്‍ വീണ്ടും ചിലച്ചു, ബുജി വിറകു പുരയില്‍ നിന്നും ചുള്ളിക്കമ്പ് വീണ്ടും എടുത്തു, മന്മദനും രതിയും അരക്കെട്ടില്‍ പിടി മുറുക്കി.... എല്ലാം പഴയതു പോലെ!!

“ഇതെന്തിര് ഈ പയലുകള്‍ക്കൊന്നും ഗുണ്ടു പൊട്ടിയതിന്‍റെ കാരണങ്ങലും മറ്റും അറിയണ്ടടെ??” റസലിങ്ങ് റിങ്ങില്‍ അടികിട്ടി വീണ ഹോഗന്‍റെ മുഖഭാവത്തില്‍ സോഡാകുപ്പി എല്ലാവരിലേക്കും കടക്കണ്ണേറിഞ്ഞു!!

എല്ലാം നിശബ്ദം, ശാന്തം!! മലബാര്‍ എക്സ്പ്രസ്സിന്റെ ഞരക്കവും ,മൂളലും മാത്രം ബാക്കി....

മുഖത്ത് നിന്ന് തെറിച്ചു പോയ സോഡാകുപ്പി തപ്പിയെടുത്ത് കണ്ണില്‍ ഫിറ്റ് ചെയ്യുന്നതിനിടയില്‍ എന്നെ ഒന്നു കൂടി ഒളികണ്ണിട്ടു.....

“ഞെക്കിയാല്‍ പൊട്ടും” ഞാന്‍ അവനു മാത്രം കേള്‍ക്കാവും ശബ്ദത്തില്‍ പറഞ്ഞു!

ഇത്രയും ദയനീയമായ ഒരു നോട്ടം ജീവിതത്തില്‍ ആദ്യമായി ഞാന്‍ ദര്‍ശിക്കുകയായിരുന്നു അപ്പോള്‍!

Sunday, 19 April 2009

നിശാഗന്ധി

നീയെന്താടാ മെയില്‍ അയക്കാത്തത്?

സ്നേഹപൂര്‍വ്വം

യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍

സംഗീത‍.

നീണ്ട മൂന്നു മാസങ്ങള്‍ക്ക് ശേഷം അവളുടെ വളരെ ചുരുങ്ങിയ മൂന്ന് വാചകങ്ങള്‍ വായിച്ചപ്പോള്‍ ഹരിക്ക് സന്തോഷവും ഒപ്പം അത്ഭുതവുമായിരുന്നു.

സാധാരണയായി നീണ്ട ബോറടിപ്പിക്കുന്ന വാചകപരമ്പര പടച്ചുവിടാറുള്ള ഇവള്‍ക്കിതെന്തു പറ്റി?

പെട്ടെന്നു തന്നെ മറുപടി എഴുതി.....

എടീ സംഗീ.... നീ എവിടുന്നാ ഇപ്പോള്‍ കായംകുളത്തുനിന്നോ അതൊ?

യുവര്‍ ബ്രദര്‍

ഹരി.

കൂടുതല്‍ ഒന്നും എഴുതണ്ട.... അവള്‍ക്ക് തിരിച്ച് അതെ നാണയത്തില്‍ മറുപടി കൊടുക്കാം.... അവളും പഠിക്കട്ടെ.....

പരിചയപെട്ടിട്ട് എട്ടു വര്‍ഷങ്ങള്‍ ആയിട്ടും, ആണൊരുത്തന്‍ തുണയായി വന്നിട്ടും ഈ പെണ്ണിനു മാറ്റമില്ലല്ലോ ദൈവമെ?

ഹരിയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.....

രണ്ടായിരത്തിഒന്ന് ഡിസംബറിലെ ഒരു രാത്രിയില്‍ തന്റെ അമ്മയുടെ ഒരു ഫോണ്‍ കോളാണ് അതിനു നിമിത്തമായത്.

നാട്ടു വിശേഷങ്ങളും, വീട്ടു വിശേഷങ്ങളും കയ്മാറുന്നതിന്നിടയില്‍ തികച്ചും യാദൃശ്ചികമായി അമ്മയുടെ കമന്റ്!

“എടാ വയസ്സ് പത്തിരുപത്തെട്ടായി, ഇനി കല്യാണമൊക്കെ കഴിക്കാം”

ഇരുപത്തെട്ടായി എന്നു കേട്ടപ്പോള്‍ ഒന്നു ഞെട്ടി.

അതുവരെ അമ്മയുടെ ഇള്ളാ കുട്ടിയായിട്ടായിരുന്നു താന്‍ തന്നെ സങ്കല്‍പ്പിച്ചിരുന്നത്.

അമ്മ തുടര്‍ന്നു....

“പണ്ടത്തെപ്പോലെയല്ലല്ലോ നിങ്ങള്‍ക്ക് നിങ്ങളുടേതായ ആഗ്രഹങ്ങളും മറ്റും ഇല്ലെ? ആദ്യം സ്വയം ഒരു പെണ്ണിനെ കണ്ടു പിടിക്കാന്‍ നോക്കൂ.... നിനക്കു കഴിയില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ നോക്കാം..... ഇനി നിന്റെ മനസില്‍ ഏതെങ്കിലും പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ പറയാനും മടിക്കെണ്ട... നമ്മുക്ക് നോക്കാം”

കഴിഞ്ഞ മൂന്നര വര്‍ഷമായി നാട്ടില്‍ പോകാത്തതിനെ ഒരു പക്ഷെ അമ്മ ഈ വിധത്തിലാവുമോ തെറ്റിദ്ധരിച്ചിരിക്കുന്നത്?

പ്രാരാബ്ദ ചൂടിനേക്കാള്‍ വലുതായിരുന്നില്ല തനിക്ക് മരുഭൂമി!

ദാരിദ്രത്തിന്റെ ചുഴിയില്‍ കിടന്നുഴലുന്ന കുടുഃബത്തെ കരകയറ്റാന്‍ കച്ചിത്തുരുമ്പ് നീട്ടി തന്നത് അജയേട്ടനായിരുന്നു...... ഒരു അകന്ന ബന്ധു.

റിയാദില്‍ മരുവിനോട് പടവെട്ടുമ്പോള്‍ തന്റെ മനസ്സില്‍ പക്ഷെ കുടുഃബത്തിന്റെ പ്രാരാബ്ദം മാത്രമായിരുന്നില്ല. സ്വന്തം ഗ്രാമത്തില്‍ അല്പം നിലയും വിലയും ഉണ്ടാക്കിയെടുക്കണം എന്ന വ്യാമോഹവും.

മോഹങ്ങള്‍ പലതും വ്യാമോഹങ്ങള്‍ക്ക് വഴിമാറുക പതിവാണല്ലോ.

കഴിഞ്ഞ മൂന്നര വര്‍ഷമായി തന്നെ നാട്ടിലേക്ക് വരാന്‍ പ്രേരിപ്പിക്കാത്തത് തന്റെ വ്യാമോഹങ്ങളാണെന്ന് അമ്മയോടെങ്ങനെ പറയും.... പറഞ്ഞാല്‍ തന്നെ അമ്മ വിശ്വസിക്കുമെന്നും തോന്നുന്നില്ല.

അതിനാല്‍ മൌനം വിദ്വാനു ഭൂഷണമാക്കി.

വീട്ടുകാര്യവും, നാട്ടുകാര്യവും സംസാരിച്ച് അവസാനിപ്പിക്കുന്നതിനിടയില്‍ അമ്മ വീണ്ടും ഓര്‍മ്മിപ്പിച്ചു.

“എടാ ഞാന്‍ പറഞ്ഞത് മറക്കണ്ട... ക്രിഷ്ണന്‍ കണിയാന്‍ നോക്കിയപ്പോള്‍ പറഞ്ഞത് നിനക്കിപ്പൊള്‍ മംഗല്യ ഭാഗ്യമുണ്ടായില്ലെങ്കില്‍ പിന്നെ മുപ്പത്തിയേഴു കഴിഞ്ഞേ ഉള്ളെന്നാ....”

നിസ്സംഗത നിറഞ്ഞ ഒരു മൂളലില്‍ ആ സംഭാഷണം അവസാനിപ്പിച്ചു.

പിറ്റേന്ന് അജയെട്ടനോട് കാര്യം പറഞ്ഞു.

പ്രതിവിധി വളരെ പെട്ടെന്നായിരുന്നു.

“എടാ നൂറായിരം മെട്രിമോണിയല്‍ സൈറ്റുകള്‍ ഉള്ളപ്പോള്‍ നീ എന്തിനു ബേജാറാവണം” നാളെതന്നെ പ്രൊഫൈല്‍ അപ് ലോഡ് ചെയ്യു.... നോക്കാമല്ലോ നിനക്കു മംഗല്യ ഭാഗ്യമുണ്ടാവുമോ എന്ന്”

“അല്ല അജയേട്ടാ ഈ ഓണ്‍ലൈന്‍ വിവാഹങ്ങള്‍ ഒക്കെ അത്ര സക്സസ് ആകുമോ,”

“അതിനു നീ പെണ്ണുകാണാതെയാണോ കല്യാണം കഴിക്കാന്‍ പോകുന്നത്? ബ്രോക്കര്‍ ആലോചിച്ചാലും, ഓണ്‍ലൈന്‍ വഴി ആയാലും നമ്മള്‍ പെണ്ണുകാണും, ഇഷ്ടപ്പെട്ടാല്‍ വിവാഹം നടക്കും”

അജയേട്ടനു വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

അന്നു തന്നെ നിര്‍ബദ്ധപൂര്‍വ്വം തന്നെ കൊണ്ട് പ്രൊഫൈല്‍ ഉണ്ടാക്കിപ്പിച്ചിട്ടാണ് അജയെട്ടന്‍ മടങ്ങിയത്.

പ്രൊഫൈല്‍ പോസ്റ്റ് ചെയ്തത് തനിക്ക് കിട്ടിയ മറുപടി മെയിലുകളുടെ കൂട്ടത്തില്‍ തികച്ചും വ്യത്യസ്ഥമായ ഒന്ന്....

“ഭാര്യ ആകാനായിരുന്നു ക്ഷണം പക്ഷെ ഞാന്‍ ഒരു സുഹൃത്ത് ആകാന്‍ ആഗ്രഹിക്കുന്നു.... സ്വീകരിക്കുമോ?“

സ്നേഹപൂര്‍വ്വം

സംഗീത.

ഏതൊരു ചെറുപ്പക്കാരനും തോന്നുന്ന ആവേശം!

ഒരു പെണ്‍കുട്ടി സുഹൃത്താകാന്‍ ആഗ്രഹിക്കുക, അതും ഇങ്ങോട്ടേക്ക് സുഹൃത് ബന്ധം ആവശ്യപ്പെടുക!

മറുപടി എഴുതുവാന്‍ ഒട്ടും അമാന്തിച്ചില്ല.

“തീര്‍ച്ചയായും സംഗീത..... ഞാന്‍ എന്നും താങ്കളുടെ ഉത്തമ സുഹൃത്തായിരിക്കും”

എത്ര പെട്ടെന്നാണ് അവള്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത്.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ദുബായ് ശാഖയുടെ തലപ്പത്തിരിക്കുന്ന സമ്പന്നനായ അച്ഛന്‍....

ജനിച്ചതും വളര്‍ന്നതും ദുബായില്‍ തന്നെ.... ഇപ്പോള്‍ ബാംഗ്ലൂരില്‍ മൈക്രോബയോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്നു...... ഇളയവരായി രണ്ട് സഹോദരങ്ങള്‍.

ദുബായില്‍ ജനിച്ചു വളര്‍ന്നു എങ്കിലും മലയാളത്തെയും, മലയാണ്മയേയും സ്നേഹിക്കുന്നവള്‍!

ഒരിക്കല്‍ അവളോട് ചോദിച്ചു.

“എന്താണ് നിന്നെ എന്നിലേക്ക് ആകര്‍ഷിച്ചത്?“

നിശബ്ദമായ ഏതാനും നിമിഷങ്ങള്‍.....

“എന്റെ മരിച്ചു പോയ മുതിര്‍ന്ന സഹോദരന്‍..... അവന്റെയും പേര്‍ ഹരി എന്നായിരുന്നു....അവന്‍ കാഴ്ച്ചക്കും ഏതാണ്ട് നിന്നെ പോലെ തന്നെ..... ഞാന്‍ നിന്നെ അങ്ങനെ കാണട്ടെ ഹരീ”

നിരാശയല്ല സന്തോഷമാണ് തോന്നിയത്.... തനിക്കും ഒരു സഹോദരി അതും അഞ്ജാത ലോകത്ത്......

പിന്നെ സംഗിയുടെ മെയിലുകള്‍ക്കു ചുവട്ടില്‍ “സ്നേഹപൂര്‍വ്വം നിന്റെ കുഞ്ഞു പെങ്ങള്‍” എന്ന വരികള്‍ സ്ഥാനം പിടിച്ചു....

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു....

“എടാ നിനക്കെന്റെ അച്ഛനേയും, അമ്മയേയും സഹോദരങ്ങളേയും പരിചയപ്പെടെണ്ടെ?”

അവളെക്കാള്‍ ആവേശമായിരുന്നു അവരുടെ കുടുഃബത്തിന്.....

അവരുടെ സ്നേഹോഷ്മളമായ ഇടപെടീലുകളില്‍ നിന്നു തന്നെ മനസ്സിലാവും തന്നെ ഏതു രീതിയിലാണ് അവള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന്.....

പിന്നെ ഒരിക്കല്‍ അമ്മ തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ താന്‍ താലി ചാര്‍ത്തൂമ്പോള്‍ അവള്‍ക്കു പിറകില്‍ കതിര്‍മണ്ഡപത്തില്‍ തന്റെ നേര്‍ പെങ്ങള്‍ക്കൊപ്പം സംഗീതയും ഉണ്ടായിരുന്നു എന്നുള്ളത് കാലത്തിന്റെ കളി!!

എവിടെ വച്ചോ പരിചയപ്പെട്ട മുഖമില്ലാത്ത എന്റെ പെങ്ങള്‍ക്ക് മനോഹരമായ ഒരു മുഖം ദര്‍ശിച്ച ദിനവും അന്നായിരുന്നു.

അവള്‍ സമ്മാനിച്ച നിലവിളക്ക് തന്റെ മനസ്സില്‍ പ്രതിഷ്ടിച്ച് അതില്‍ ഒരു തിരി കൊളുത്തി അണയാതെ ഇന്നും താന്‍ സൂക്ഷിക്കുന്നു!

വാമഭാഗത്തിന്റെ വിശ്വസനീയയായ ചങ്ങാതിയായി അവള്‍!

തന്റെ അമ്മയ്ക്ക് ‘എനിക്കു പിറന്നില്ലല്ലോ‘ എന്നു പേര്‍ത്തും, പേര്‍ത്തും പരിതപിക്കാന്‍ ഒരു നിറ സാന്നിദ്ധ്യം ആയി അവള്‍!

തനിക്ക് ഇരട്ടകുട്ടികള്‍ പിറന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവളായിരുന്നോ......

എടാ എന്റെ അവകാശമാണ് അവരുടെ പേരുകള്‍..... അതു ഞാന്‍ കണ്ടെത്തും..... നീ സ്വീകരിക്കണം....

താന്‍ അനുവാദം ഒരു മൂളലില്‍ ഒതുക്കി.....

അവളുടെ സന്തോഷം ഉത്തും‌ഗതയില്‍ എത്തിയോ?

അര്‍ത്ഥവത്തായ പേരുകള്‍..... നിഷേധിക്കാന്‍ കഴിഞ്ഞില്ല!

എന്റെ കുട്ടികള്‍ക്ക് അവള്‍ അപ്പച്ചി (അച്ഛന്‍ പെങ്ങള്‍) യായി!

നീണ്ട മൌനം..... ഫോണ്‍കോളുകള്‍ ഇല്ല, മെസ്സേജുകള്‍ ഇല്ല!!!

കാരണം അന്വേഷിച്ച തനിക്ക് അവളില്‍ നിന്നു കിട്ടിയത് തണുത്ത പ്രതികരണം!

തന്റെ സംഗിയുടെ നിഴല്‍!

പിന്നെ തന്റെ നിര്‍ബന്ദത്തിനു മുന്നില്‍ മുട്ടു മടക്കി....

“എടാ എനിക്കൊരു ഇഷ്ടം..... നീ എന്നെ സഹായിക്കുമോ?”

“ഹ...ഹ ഇഷ്ടമോ? അതും നിനക്ക്?”

തന്റെ പ്രതികരണം അവളെ തെല്ലോന്നുമല്ല വേദനിപ്പിച്ചത്....

അടക്കിയ തേങ്ങലായിരുന്നു മറുപടി.....

“സംഗീ നീ കരയുന്നോ?” വിഷമമല്ല, അത്ഭുതം!!!

എന്തിനേയും ചിരിച്ചുകൊണ്ടു നേരിടുന്നവള്‍, താന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുന്ന റോള്‍ മോഡല്‍!!!

“എന്താ എനിക്ക് ചങ്കും, കരളും ഒന്നുമില്ലെ? കരയാതിരിക്കാന്‍?”

ചോദ്യം ഹൃദയത്തില്‍ തറച്ചു.....

“എന്താടീ മോളെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാം”

തന്റെ ഉറച്ച വാക്കുകള്‍ക്കു മുന്നില്‍ അവള്‍ ഹൃദയം തുറന്നു....

“ശ്രീജേഷ് ...... ദുബായില്‍ ഒരു ഗവണ്മെന്റ് സ്ഥാപനത്തില്‍ എഞ്ചിനീയര്‍..... നിന്നെ പോലെ ഓണ്‍ലൈന്‍ പരിചയം.... ഞങ്ങള്‍ അടുത്തു പോയെടാ.... പിരിയാന്‍ കഴിയില്ല..... നീ സഹായിക്കുമോ?”

ഏതു പെണ്ണിനും ഏതു നിമിഷത്തിലും സംഭവിക്കാവുന്ന പിഴവ്.... തന്റെ അനിയത്തികുട്ടിക്കും?

“എടീ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ഒരിക്കലും ശ്വാശ്വതമല്ല..... നീ അതിന് പിറകെ പോകരുത്”

“ഇല്ലടാ ഇതു അതുപോലെയല്ല.... ശ്രീജേഷ് നല്ലവനാണ്”

പ്രേമത്തില്‍ കാലിടറി വീണ പെണ്‍കുട്ടികള്‍ പുലമ്പാറുള്ള പതിവു പല്ലവി!!

അതില്‍ കഴമ്പു തോന്നിയില്ല......

പക്ഷെ ഒന്നു മനസ്സിലായി ഇത് പിന്മാറ്റമില്ലാത്ത ഒരു ബന്ധമായി കലാശിച്ചിരിക്കുന്നു....

“സംഗീ.... എനിക്ക് ഈ രക്തത്തില്‍ പങ്കില്ല.... നീ അച്ഛന്റെ സമ്മതം വാങ്ങൂ....”

“എടാ എന്റെ കല്യാണം ഉറപ്പിച്ചു.... കായംകുളം കീരിക്കാട് ക്ഷേത്രത്തില്‍.... നീ സുമയേയും, കുഞ്ഞുങ്ങളേയും കൂട്ടി തീര്‍ച്ചയായും വരണം”

നീണ്ട ഇടവേളക്കു ശേഷമുള്ള ഒരു സുപ്രഭാതം ഉണര്‍ത്തിയത് സംഗീതയുടെ ഫോണ്‍കോള്‍....

തന്റെ പെങ്ങള്‍ മംഗല്യവതിയാവുന്നത് കണ്ട് മനസ്സു നിറഞ്ഞു.....

തിരക്കിനിടയില്‍ ശ്രീജേഷിനെ പരിചയപ്പെടുത്താന്‍ സംഗീതക്കോ, സ്വയം പരിചയപ്പെടാന്‍ തനിക്കോ സാധിച്ചില്ല!

സാരമില്ല ദിനങ്ങള്‍ ഇനി എത്രകിടക്കുന്നു..... ദൂരെ നിന്നു കൈ ഉയര്‍ത്തി വിട പറയുമ്പോള്‍ മനസ്സ് നിറഞ്ഞിരുന്നു....

നീണ്ട മൂന്നുമാസങ്ങള്‍ക്കു ശേഷം ഇന്ന് അവളുടെ ഒരു മെയില്‍ ‍!!!

“നീയെന്താടാ മെയില്‍ അയക്കാത്തത്?

സ്നേഹപൂര്‍വ്വം

യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍

സംഗീത‍.“

സന്തോഷം..... തന്റെ സംഗിയെ, കുഞ്ഞിപെങ്ങളെ മാറ്റൊട്ടും കുറയാതെ തിരിച്ചു കിട്ടിയല്ലോ!!!

മെസ്സേജ് അലേര്‍ട്ട് “യു ഹാവ് എ മെസ്സേജ് ഫ്രം സംഗീത”

ഇത്ര പെട്ടെന്ന്...?? സംഗീ യു ആര്‍ ഗ്രേറ്റ്...

“പ്രിയ ഹരീ.... ഞാന്‍ സംഗീതയുടെ ഭര്‍ത്താവ്.... ശ്രീജേഷ്..... താങ്കള്‍ സംഗീതക്ക് അയച്ച ആദ്യ മെസ്സേജു മുതല്‍ കുറച്ചു മുന്‍പയച്ചതു വരെ കാണുകയുണ്ടായി..... എനിക്കതില്‍ അത്ര വലിയ തീവ്രത ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.... ഇനി അഥവാ അത്തരം തീവ്രത ഉണ്ടെങ്കില്‍ തന്നെ ഓണ്‍ലൈന്‍ ബന്ധങ്ങളിലെ ചതിയും, കുഴിയും തിരിച്ചറിയാന്‍ കഴിവുള്ള ഒരാള്‍ എന്ന നിലയിലും, അവളുടെ ഭര്‍ത്താവെന്ന നിലയിലും അത്തരം ഒരു ബന്ധത്തിന് പച്ചക്കൊടി കാട്ടാന്‍ എനിക്കു സാധിക്കില്ല എന്നറിയിക്കട്ടെ.... നിങ്ങള്‍ ഇതുവരെ സംഗീതക്ക് നല്‍കിയ എല്ലാ സപ്പോര്‍ട്ടുകള്‍ക്കും നന്ദി.... ഇതിനൊരു മറുപടി ആഗ്രഹിക്കുന്നുമില്ല

സ്നേഹപൂര്‍വ്വം ശ്രീജേഷ്.”

നിശാഗന്ധി നീ എത്ര ധന്യ...... നിശാഗന്ധി നീ എത്ര ധന്യ.....

ഓ എന്‍ വി യുടെ കവിത അകലെ എവിടെയോ നിന്നു ഒഴുകി എത്തുന്നുണ്ടായിരുന്നു....

Wednesday, 11 March 2009

സലാം മുംബൈ!

പരീക്ഷയുടെ തൊട്ടു തലേന്ന് പോലും സെക്കന്റ് ഷോ കാണാന്‍ ധൈര്യം ഉള്ളവന്‍ .... രണ്ടര മണികൂറത്തെ പരീക്ഷ ഒറ്റമണിക്കൂറുകൊണ്ടെഴുതി ചരിത്രം ശ്രിഷ്ടിച്ചു പുറത്തിറങ്ങുന്നവന്‍ .

ഇതൊക്കെയറിയാവുന്ന എന്റെ ചങ്ങാതിമാര്‍ ചിലപ്പോള്‍ ഈ കഥ വായിച്ചേക്കാന്‍ ഇടയുള്ളതിനാല്‍ കഷ്ടപ്പെട്ടു പഠിച്ചു എന്നു പറഞ്ഞ് അവരെ നിരാശനാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പഠനത്തിനിടയില്‍ മറ്റൊരു സാഹസവും കാണിക്കാറുണ്ടായിരുന്നു.

ശനിയും, ഞായറും പിന്നെ അടുത്ത രണ്ടുദിവസങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പോലും അറിയാതെ സ്വയം അവധിയും പ്രഖ്യാപിച്ച് മലാബാര്‍ എക്സ്പ്രെസ്സില്‍ ഒരു സീറ്റ് തരപ്പെടുത്തും.

വീട്ടില്‍ എത്തിയാല്‍ അമ്മയുടെ ആദ്യ ചോദ്യം “എത്ര ദിവസത്തെ അവധിയുണ്ടെടാ” എന്നാണ്.

“നാലു ദിവസം ഉണ്ടമ്മെ” എന്ന മറുപടി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അമ്മയുടെ മറു ചോദ്യം വരും.

“അരാടാ ഈ ആഴ്ച്ച ചത്തത്”

അമ്മ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ ആഴ്ച്ചതോറും നേതാക്കളെ കൊന്നു. അവരുടെ ചരമവാര്‍ഷികങ്ങള്‍ ആഘോഷിച്ചു. ഒരു ദിവസം മാത്രമുള്ള പ്രധാന അവധി ദിവസങ്ങള്‍ നാലും അഞ്ചും ദിവസങ്ങളായി പുതുക്കി പരിഷ്കരിച്ചു.

മുന്നൂറ്റി അറുപത്തി അഞ്ചു ദിവസങ്ങളില്‍ മുന്നൂറും ആഘോഷിച്ചിരുന്ന ഞാന്‍ ഫൈനല്‍ ഇയര്‍ പരീക്ഷയില്‍ എന്നെയും, എന്റെ വീട്ടുകാരെയും, നാട്ടുകാരെയും അമ്പരപ്പിച്ചു കൊണ്ട് ഫസ്റ്റ് ക്ലാസ്സില്‍
(അത് സ്വഭാവികമായും മൂന്നു മാസം കഴിഞ്ഞാണ് അറിഞ്ഞത് എങ്കിലും പറയുന്നതിന്റെ എളുപ്പത്തിനായി പറഞ്ഞു എന്നു മാത്രം) പാസായി.

പരീക്ഷ കഴിഞ്ഞ അന്നു തന്നെ നാടുപിടിച്ചു.

വളരെ പ്രതീക്ഷകളുമായാണ് നാട്ടില്‍ വന്നിറങ്ങിയത്.

ഇടക്കിടെ വരുമ്പോള്‍ കിട്ടാറുള്ള കടക്കണ്ണേറുകള്‍ പതിവാക്കാമെന്നും അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കാനാകുമെന്ന ശുഭപ്രതീക്ഷ ആയിരുന്നു അതിലൊന്ന്.

ആല്‍ത്തറയിലെ പതിവു വായിനോട്ടം പൂര്‍വ്വാധികം ഭംഗിയാക്കാം എന്ന ദുരാഗ്രഹം അടുത്തത്.

എല്ലാത്തിനുപരി ചങ്ങാതിമാരുമൊത്തുള്ള കൂട്ടം.

ഇതിന്റെയെല്ലാം കോരിത്തരിപ്പായുമായാണ് മംഗലാപുരത്തെ മടുപ്പിക്കുന്ന നാളുകള്‍ക്കു ശേഷം നാട്ടിലെത്തിയ എന്റെ ആദ്യ ദിനത്തിലേക്ക് കണ്ണുതുറന്നത്.

എന്റെ ഗ്രാമത്തിലെ ചെറുപ്പക്കരുടെ യൂണിഫോമും എന്റെ ഇഷ്ട വേഷവുമായ കാവി മുണ്ടും ടീ ഷര്‍ട്ടും “അനു“വിലെ പേപ്പര്‍ ദോശക്കു തുല്ല്യമാക്കിയെടുക്കാന്‍ മണികൂറൊന്നെടുത്തു.

കറുത്ത മുഖം വെളുപ്പിക്കാന്‍ ഒരു കുപ്പി പൌഡര്‍ , വായ് നാറ്റം അകറ്റാന്‍ രാമത്തുളസിയില. അങ്ങനെ അഴകിയ രാവണനായി പുറത്തെക്കിറങ്ങാന്‍ തുടങ്ങവെ അമ്മയുടെ വിളി.

“എടാ നീ എവിടെ പോകുന്നു. ഇപ്പോള്‍ മനോഹരന്‍ മാമ്മന്‍ വരും നിന്നെ കാണണമെന്നാണ് പറയുന്നത്“.

“ഇയാള്‍ക്ക് വരാന്‍ കണ്ട സമയം” സ്വന്തം മാമനാനെങ്കിലും ആദ്യം മനസ്സില്‍ വന്നതു അങ്ങനെയാണ്.

“എന്താ അമ്മെ വിശേഷിച്ച്” ആകാംഷയില്‍ ചോദിച്ചു.

“അതവന്‍ വരുമ്പോള്‍ പറയും“ അമ്മ എനിക്കൊന്നുമറിഞ്ഞുകൂടെ!!!! എന്ന ഭാവത്തില്‍ .

മനോഹരന്‍ മാമന്‍ . എന്റെ ഒരേയൊരു മാമന്‍ . മുംബയില്‍ ഡോംബുവില്ലിയിലാണ്. വയസ്സ് 45. കല്യാണം അലര്‍ജിയായ മനുഷ്യന്‍ . ഇപ്പോള്‍ 10 ദിവസത്തെക്ക് നാട്ടില്‍ എത്തിയതാണ്.

എനിക്ക് മനോഹരന്‍ മാമനെ വളരെ പേടിയാണ്. ഇനി കാത്തു നിന്നില്ലെങ്കില്‍ ചെവിക്കു പിടിച്ചാലോ.

കൃസ്ത്യന്‍ കോളേജിലേയും, സമീപത്തെ ടൂട്ടൊറിയല്‍ കോളേജിലേയും സുന്ദരികളോട് ക്ഷമാപണം നടത്തി വീട്ടില്‍ തന്നെ കുത്തിയിരുന്നു.

വീടിന്റെ പൂമുഖത്ത് എന്നെ കണ്ടപ്പോള്‍ തന്നെ മാമന്‍ കാര്യത്തിലേക്ക് കടന്നു.

അല്ലെങ്കിലും മാമന്‍ അങ്ങനെയാണ്. പരുക്കന്‍ സ്വഭാവം. ആരോടും ലോഹ്യം ചോദിക്കലൊന്നുമില്ല.

എടാ ഞാന്‍ തിരിച്ചു പോകുമ്പോള്‍ എന്റെ കൂടെ വന്നേക്കണം. മുംബയില്‍ നല്ല കണ്‍സ്ട്രക്ഷന്‍ കമ്പനികളൊക്കെയുണ്ട്. നമ്മുക്ക് അവിടെയൊക്കെ ശ്രമിച്ചു നോക്കാം.

ഞാ‍ന്‍ കേട്ടതെ ഞെട്ടി. എന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താകുകയാണ്.

എതിര്‍പ്പിന്റെ ഒരു വിഭല ശ്രമം നടത്തി നോക്കി.

മാമാ എക്സ്പീരിയന്‍സില്ലാതെ......സര്‍ട്ടിഫിക്കേറ്റില്ലാതെ.......

“നീ ഇവിടെ നിന്നാല്‍ എക്സ്പീരിയന്‍സു താനെ നടന്നു വന്നു നിന്റെ ദേഹത്തു കേറുമോ?? കോഴ്സ് സര്‍ട്ടിഫിക്കേറ്റുണ്ടല്ലോ അതു മതി തല്‍ക്കാലം” മാമന്റെ മുഖം കറുക്കുന്നതു കണ്ടപ്പോളെ എന്റെ ഉള്ള ധൈര്യം കൂടി ഒലിച്ചു പൊയി.

അമ്മ രംഗപ്രവേശം ചെയ്തു എങ്കിലും ഞാനിതിലൊന്നുമില്ലെ എന്ന നിസംഗ ഭാവം.

ഇനി പറഞ്ഞിട്ടു കാര്യമില്ല. എതിര്‍ത്തിട്ടും കാര്യമില്ല.

അങ്ങനെ മാംഗ്ലൂരില്‍ നിന്നു വന്നതിന്റെ അഞ്ചാം ദിവസം മുംബയിലേക്ക്.

ഔട്ടര്‍ മുംബയിലുള്ള ഡോമ്പുവില്ലി ആയിരുന്നു മാമന്റെ തട്ടകം.

ഗ്രാമത്തിന്റെ ശീതളതയില്‍ നിന്നും പട്ടണത്തിന്റെ മടുപ്പിക്കുന്ന തിരക്കിലേക്ക് ഒരു പറിച്ചു നടീല്‍ .

രണ്ടു കട്ടിലുകള്‍ കഷ്ടിച്ച് ഇടാന്‍ കഴിയുന്ന ഒറ്റമുറി ഫ്ലാറ്റ്. തൂറാനിരുന്നാല്‍ കക്കൂസിന്റെ ഭിത്തികളില്‍ കാലിടിക്കും. ഭക്ഷണം പാകം ചെയ്യുന്നത് കക്കൂസിന്റെ വാതിലില്‍ വച്ച്. കഴിക്കേണ്ടതും അങ്ങനെ തന്നെ!!!!

മുംബയിലെത്തിയതിന്റെ പിറ്റേന്നു തന്നെ മാമനോടൊപ്പം ജോലി അന്വേഷണം തുടങ്ങി. ഫ്ലാറ്റിനേക്കാള്‍ മടുപ്പിക്കുന്നതായിരുന്നു നഗരം.

റെയില്‍ വേ സ്റ്റേഷന്റെ ഗേറ്റില്‍ നിന്നാല്‍ മതി എടുത്ത് ട്രെയിനുള്ളില്‍ ഇരുത്തും അത്രക്ക് തിരക്ക്. ആര്‍ക്കും ആരെയും അറിയില്ല, അല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ല.

പല കമ്പനികളും കയറിയിറങ്ങി. എന്തോ വാശി തീര്‍ക്കാനെന്നവണ്ണം പങ്കെടുത്ത ഇന്റെര്‍വ്യൂകളില്‍ പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതിരിക്കാന്‍ ശ്രമിച്ചു.

അങ്ങനെ ദിവസം പതിനഞ്ചു കഴിഞ്ഞു. എന്നേക്കാള്‍ മടുപ്പ് മാമനില്‍ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

അങ്ങനെ ആ ദിവസം എത്തി. എനിക്ക് ആ മടുപ്പില്‍ നിന്നും രക്ഷനേടാനുള്ള ഒരു സുവര്‍ണ്ണാവസരം!!!
അന്നൊരു ശനിയാഴ്ച ആയിരുന്നു....

ജോലി തിരഞ്ഞു ഞാനും മനോഹരന്‍ മാമനും മടുത്തു തുടങ്ങിയപ്പോള്‍ ഡോംബുവില്ലിക്കാരുടെ ആസ്ഥാന തിരുമ്മുകാരനായ ( മാമന് നാട്ടു വൈദ്യവും, നാട്ടു ചികിത്സയുമാണ് ജോലി, പണിചെയ്യാന്‍ മടിയായിട്ടുള്ള ഒരു വേഷം കെട്ടലാണെന്നു ചിലര്‍ , കണ്ടവീടുകളൊക്കെ നിരങ്ങി സ്ത്രീ സുഖം അനുഭവിക്കാമെന്നു മറ്റു ചിലര്‍ , പക്ഷെ മാമന്റെ സ്വന്തം വാക്കുകള്‍ കടമെടുത്താല്‍ “ഇവിടെ മറ്റൊരു നാട്ടു ചികിത്സകന്‍ ഇല്ലാത്തതുകൊണ്ട് എന്നെ അറിയാവുന്നവര്‍ ഈ പണി നിര്‍ത്താന്‍ സമ്മതിക്കുന്നില്ല... അല്ലെങ്കില്‍ ഞാന്‍ ഇതും കളഞ്ഞിട്ട് എന്റെ പാട് നോക്കിയേനേം” ... സത്യം എന്തു തന്നെ ആയാലും തിരുമ്മലും മാമനും തമ്മിലുള്ള ബന്ധം ഇരുമ്പുലക്കയും പച്ച വെള്ളവും പോലെയാണ്‍... മനസ്സിലായില്ലെ ഒരു ബന്ധവും ഇല്ലെന്നര്‍ത്ഥം!!!) മാമന്‍ എന്നോട് ചില കണ്ടീഷന്‍സ് പറഞ്ഞു.

നീ വീട്ടിലിരുന്ന് എന്തെകിലുമൊക്കെ പാചകം ചെയ്തു വയ്ക്കുക.... ഞാന്‍ ചികിത്സാര്‍ത്ഥം പോകുന്ന വീടുകളിലൊക്കെ നിന്റെ കാര്യം പറയാം.... ഞാന്‍ പോകുന്നിടത്തൊക്കെ വലിയ വലിയ കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുണ്ട്.... അവര്‍ ഒരു പക്ഷെ സഹായിച്ചേക്കും!

അത്ര സന്തോഷത്തോടെയല്ലങ്കിലും ഞാന്‍ സമ്മതിച്ചു.

ഒന്നുമല്ലെങ്കില്‍ മുടിഞ്ഞ തിരക്കില്‍ നിന്നെങ്കിലും ഒന്നു രക്ഷനേടാമല്ലോ!!!

ഇവിടെയിരുന്നാല്‍ മാമന്റെ മുഷിഞ്ഞ വസ്ത്രങ്ങളുടെ മാത്രം സുഗന്ധം അനുഭവിച്ചാല്‍ മതിയല്ലോ!!

വെളിയില്‍ !!!!??

പഠനകാലത്ത് കൂട്ടുകാര്‍ക്കിടയിലെ നളനാകാന്‍ കഴിഞ്ഞതുകൊണ്ട് പാചകം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ചില്ല.

അങ്ങനെ ആ ദിവസം മാമന്‍ കുളിച്ചൊരുങ്ങി യാത്രയായി.

ഞാന്‍ ആസ്ഥാന പാചക കലാകാരന്റെ വേഷം എടുത്തണിഞ്ഞു. മുഷിഞ്ഞ തോര്‍ത്തെടുത്തു തലയില്‍ ചുറ്റി, ഉടുമുണ്ട് തെറുത്തുകയറ്റി വയറ്റിനു മുകളില്‍ വച്ചു മടക്കി കുത്തി.

സാമ്പാര്‍ ഉണ്ടാക്കിക്കളയാം.... എന്നാല്‍ പിന്നെ അല്‍പ്പം കാറ്റുകൂടികൊണ്ട് ഉണ്ടാക്കാം!!

കയ്യില്‍ കിട്ടിയ പച്ചക്കറികളും, കത്തിയും, പാത്രങ്ങളും പരിവാരങ്ങളുമായി ചെറിയ ബാല്‍ക്കണിയിലേക്ക് നടന്നു.

കഷ്ണങ്ങള്‍ ഓരോന്നായി അരിഞ്ഞു തള്ളിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു നക്ഷത്രത്തിളക്കം.!!!!

നട്ടുച്ചക്കു നക്ഷ്ത്രങ്ങള്‍ ഉദിച്ചതോ??

സംശയത്തോടെ നോക്കി.... തൊട്ടടുത്ത കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലായിരുന്നു ആ നക്ഷ്ത്രങ്ങള്‍ ഉദിച്ചത്!!!!

അതെ ആ നക്ഷത്രങ്ങള്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന എന്നിലേക്കാണ് കിരണങ്ങള്‍ വര്‍ഷിക്കുന്നത് എന്നത് ഒരുള്‍പ്പുളകത്തോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്...

ഒന്നു ചൂളി... മുണ്ടിന്റെ മടക്കികുത്തു വേഗത്തില്‍ അഴിച്ചിട്ട് എന്റെ മാംസമില്ലാത്ത തുടകളെ നാണത്തില്‍ നിന്നു രക്ഷിച്ചു.... തലയില്‍ കെട്ടിയ തോര്‍ത്ത് ഭവ്യതയുടെ അടയാളമായി തോളത്തു സ്ഥാനം പിടിച്ചു.

എന്റെ ആക്രാന്തം ഒരു വലിയ കര്‍മേഖമായി ആ നക്ഷത്രങ്ങളെ മറച്ചു കളഞ്ഞു!!

പിന്നെ കറിക്കരിഞ്ഞതും, ചോറു വച്ചതുമെല്ലാം ആ തിളക്കമാര്‍ന്ന കണ്ണൂകള്‍ പരതിക്കൊണ്ടായിരുന്നു..

അന്നേദിവസം ഒരിക്കല്‍ പോലും ആ നക്ഷത്രങ്ങള്‍ ഉദിച്ചില്ല....

പക്ഷെ പ്രതീക്ഷ!!!!അത് ഞാന്‍ എവിടെയാണ് നില്‍കുന്നതെന്നു പോലും മറക്കാന്‍ എന്നെ പ്രേരിപ്പിച്ചു...

അന്നു മാമന്‍ വന്നപ്പോള്‍ ഞാന്‍ പതിവിലും നിരാശനായിരുന്നു.... പക്ഷെ എന്റെ പതിവു പല്ലവിയായ “നാട്ടില്‍ ഞാന്‍ തിരിച്ചു പൊയ്ക്കോട്ടെ മാമാ” എന്ന ചോദ്യം കേള്‍ക്കാത്തത് മാമനു എന്നില്‍ അല്പം പ്രതീക്ഷ വന്നു എന്നു മുഖലക്ഷണത്തില്‍ നിന്നും ഞാന്‍ ഊഹിച്ചെടുത്തു.

പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നു. പതിവിനു വിപരീതമായി ഞാനന്നു കുളിച്ചു.... പരമാവധി സുന്ദരനാകാന്‍ ശ്രമം നടത്തി.

മാമനു അന്നും ആരുടെയോ വീട്ടില്‍ പോകണമായിരുന്നു.... മാമന്‍ പോകാന്‍ താമസിക്കുംതോറും എനിക്ക് ആകാംഷ കൂടി വന്നു.

മാമന്‍ റൂമിനു വെളിയില്‍ ഇറങ്ങിയതെ ഞാന്‍ ബാല്‍ക്കണിയിലേക്ക് കുതിച്ചു.

ആകസ്മികമായ എന്റെ ബാല്‍ക്കണി പ്രത്യക്ഷപെട്ട എന്നെകണ്ട് ഭയന്നു തെന്നിമാറാന്‍ ശ്രമിച്ച ആ നക്ഷത്ര കണ്ണൂകളും എന്റെ കണ്ണൂകളും തമ്മില്‍ ഒരു നിമിഷം കഥകള്‍ പറഞ്ഞു!!!

ദേവീദര്‍ശന സുഖം.... അല്പ നിമിഷങ്ങള്‍ !!!

നിമിഷങ്ങളെ ഉണ്ടായിരുന്നുള്ളു എങ്കില്‍ പോലും ആ നക്ഷത്ര കണ്ണുകളും അതിനു പിന്നിലേ സ്ത്രീ സൌന്ദര്യവും ഞാനാസ്വദിക്കുക തന്നെ ചെയ്തു!!!

സീരിയല്‍ ദേവിമാരെ നിലമ്പരിശാക്കുന്ന മുഖ സൌന്ദര്യം.....!!! ചൂരീദാറില്‍ പൊതിഞ്ഞ ശാലീനത മീറ്ററുകള്‍ പിന്നിട്ട് എന്റെ കണ്ണുകളില്‍ എത്തി..... പുന്നെല്ലുകണ്ട എലിയുടെ അവസ്ഥയിലായിരുന്നു ഞാന്‍......

കണ്ട മാത്രയില്‍ മനസ്സെന്നൊട് പറഞ്ഞു....... “ഇതാണ് നിന്റെ പെണ്ണ്... ഇതാണ് നിന്റെ പെണ്ണ്”

മനസ്സിന്റെ ബാലിശ്ശമായ അഭിപ്രായം കേട്ട് ബുദ്ധി പ്രതികരിച്ചു.....

എടാ... മണ്ടാ.... നിന്റെ കൊഞ്ചു കുത്തിയ മുഖവും, വേലിക്കമ്പിനു തീപിടിച്ച പോലെയുള്ള ശരീരവും കണ്ടാല്‍ ആരെങ്കിലും തിരിഞ്ഞു നോക്കുമോ”.... നീ ജോലി അന്വേഷിച്ചു വന്നതാണ്..... അന്യനാട്ടുകാരുടെ കായബലം പരീക്ഷിച്ചറിയാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് രംഗം വിടാന്‍ നോക്ക്”

എവിടെ??? മനസ്സ് പിടിവാശിയില്‍ തന്നെ.....

ഇല്ല ഈ സൌന്ദര്യ ധാമത്തെ അടിച്ചുമാറ്റി അല്ലാതെ മുംബൈ വിടുന്ന പ്രശ്നമില്ല!!!

ബുദ്ധി തോറ്റു പിന്മാറി..... പക്ഷെ മനസ്സിന് ഒരുപദേശം കൊടുക്കാന്‍ മറന്നില്ല..... സൂക്ഷിച്ചും കണ്ടും നിന്നാല്‍ നല്ലത്!!!

ഈ പിടിവലിക്കിടയില്‍ ബാല്‍ക്കണിയിലെ സൂര്യന്‍ അസ്ഥമിച്ചിരുന്നു..... നിരാശനായി ഞാന്‍ കുറെ നേരം അടുത്ത ഒരു ഉദയം പ്രതീക്ഷിച്ച് നിന്നു.... പക്ഷെ ഭലം നാസ്തി!!!!

ദിവസവും ഉദയവും, അസ്ഥമയനങ്ങളും പലവുരു സംഭവിച്ചു....... പക്ഷെ അതെല്ലാം നൈമിഷികമായിരുന്നു.

എങ്ങനെയാണ് അടുത്ത ഫ്ലാറ്റില്‍ എത്തുക..... അതായിരുന്നു അടുത്ത ചിന്ത....

വേലിചാട്ടം പരിചിതമാണെങ്കിലും മുംബയില്‍ വേലി ഇല്ലല്ലോ എന്നു സങ്കടത്തോടെ ഓര്‍ത്തു.....

ആങ്ങനെ ആ ദിവസം എത്തി......

ദിവാസ്വപ്നങ്ങള്‍ കണ്ട് ഒരു ചെറു പുഞ്ചിരിയുമായി അനന്ത ശയനത്തില്‍ ആയിരുന്ന ഒരു പ്രഭാതത്തില്‍ മാമന്റെ വിളി.....

“എടാ അടുത്ത ഫ്ലാറ്റില്‍ ഒരു മറാഠി കുടുഃബമാണ് താമസിക്കുന്നത്, അവിടെ ഒരു കിളവനെ തിരുമ്മാനുണ്ട്..... ഞാനിന്നവിടെക്കാണ്..... നീ വരുന്നോ??”

സ്വപനത്തിലെ സൂര്യകിരണങ്ങളെ തല്ലിക്കെടുത്തിയ ഈര്‍ഷ്യയില്‍ പറഞ്ഞു......

“ഞാനെങ്ങും വരുന്നില്ല.... മാമ്മന്‍ പൊയ്ക്കൊള്ളൂ”

വരുന്നില്ലെങ്കില്‍ വേണ്ട.... അടുത്ത ഫ്ലാറ്റായതുകൊണ്ടാണ് വിളിച്ചത്.... സെക്ടര്‍ രണ്ടിലെ രണ്ടാം നംബര്‍ ഫ്ലാറ്റ് വരെ വന്നാല്‍ പോരെ.... അതിനു പോലും നിനക്കു വയ്യേ?..... എന്നും വരുന്ന പയ്യന്‍ കൂടെയില്ല..... നീ ഒരു സഹായവും ആകുമല്ലോ എന്നു കരുതി വിളിച്ചതാണ്..... വരുന്നില്ലെങ്കില്‍ വേണ്ട!

തലയില്‍ കൂടി ഒരു മിന്നല്‍ പിണര്‍!!!!

അല്‍പ്പം ഉച്ചത്തിലാണ് ചോദിച്ചത്.....

സെക്ടര്‍ രണ്ടിലെ രണ്ടാം നംബര്‍ ഫ്ലാറ്റോ???

“അതെ”

അതല്ലെ നമ്മുടെ സൂര്യകിരണത്തിന്റെ ഫ്ലാറ്റ്.... സുവര്‍ണ്ണാവസരം!!!

മാമന്റെ മുഖത്തെ അത്ഭുതം കാണ്ടില്ലെന്നു നടിച്ച് തുണിയും വാരിചുറ്റി കുളിമുറിയിലേക്ക് ഓടി....

“...... മാമാ പോകരുതെ.... ഞാനും വരുന്നുണ്ടെ”!!!!

കൂളിക്കുന്നതിനിടയില്‍ ആ “ദിവ്യ ദര്‍ശനം” ആയിരുന്നു മനസ്സു നിറയെ....

ശ്രീനിവാസന്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ “മാമാ...മാമാ.... പോകല്ലെ” എന്ന് ഇടക്കിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു...

ഒരു ഇന്റെര്‍വ്യൂവിനു പോയാല്‍ കൂടി അലസനായി വസ്ത്രം ധരിക്കുന്ന എന്റെ പതിവില്ലാത്ത ഒരുക്കം കണ്ട് മാമന്‍ എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

എടാ ഒന്നു വെക്കം വരുമോ.... ഇനി എത്ര ഒരുങ്ങിയാലും നീ എന്റെ അനിന്ദ്രവനാ.....

മാമന്റെ കാടിക്കലത്തിനു അടികിട്ടിയപോലെയുള്ള മുഖത്തേക്ക് നോക്കിയപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ആത്മവിശ്വാസം കൂടി നഷ്ടപ്പെട്ടു....

ജീവിതത്തിലാദ്യമായി അച്ഛനോടും അമ്മയോടും ദേഷ്യം തോന്നി.....

വരുന്നതു വരട്ടെ..... എന്തായാലും ശ്രമിച്ചു നോക്കം..... പരിശ്രമിക്കൂ ഭലം അവന്‍ നിശ്ചയിക്കും എന്നാണല്ലോ ആപ്തവാക്യം.

അതുവരെ ഉണ്ടായിരുന്ന മനൊബലം ഫ്ലാറ്റിനോട് അടുക്കുന്തോറും നഷ്ടമാകുന്നത് തിരിച്ചറിഞ്ഞു....

കൈകാലുകളില്‍ വിറയല്‍.... ശരീരമാകെ വിയര്‍ക്കുന്നു..... സത്യം പറഞ്ഞാല്‍ അപ്പിയിടണമെന്നു വരെ തോന്നി......

വാതില്‍ പാളിയില്‍ മുട്ടി മാമന്‍ ഞങ്ങളുടെ വരവറിയിക്കുമ്പോള്‍ ഞാനേതാണ്ട് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു......

തടിച്ചിരുണ്ട ഒരു സ്ത്രീ വന്നു വാതില്‍ തുറന്നു പിന്നെ ഔപചാരികമായി “ആവോ ജീ...അന്തര്‍ ആക്കെ ബൈഠോ ജീ” എന്നു ക്ഷണിച്ചു......

മാമന്‍ അകത്തേക്ക് കയറി സോഫായില്‍ ഇരിപ്പുറപ്പിച്ചു..... ഞാന്‍ മാമനെ അനുകരിച്ചു.... പെണ്ണുകാണാന്‍ വന്ന പ്രതീതിയില്‍ ആയിരുന്നു ഞാന്‍....

തടിച്ചുരുണ്ട മറ്റൊരു രൂപം വളരെ പ്രയാസപ്പെട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.... ഇത് ആണ്‍ രൂപമാണ്....

ഇതാണ് മാമന്റെ താഡനം ഏല്‍ക്കാന്‍ റെഡിയായി നില്‍ക്കുന്ന ശരീരം... മാമന്റെ പെരുമാറ്റങ്ങളില്‍ നിന്നു മനസ്സിലായി ......

വലിയ ഒരു പായ കൊണ്ടുവന്നു നിലത്തു വിരിച്ചു..... എട്ട് ദിക്കും കുലുക്കി ആ ദേഹം അതിലേക്ക് വീണു.....

എടാ ആ എണ്ണ എടുക്കൂ.....

മാമന്‍ ഭിഷഗ്വരനും... ഞാന്‍ നേഴ്സും ആയി.....

ആനയുടെ പുറത്ത് തിടമ്പേറ്റി ഇരിക്കും പോലെ രണ്ടുകാലുകളും വശങ്ങളിലേക്കിട്ട് എണ്ണപാത്രം കഴുത്തിനു താഴെയായി ഉറപ്പിച്ച് മാമന്‍ ഇരുപ്പായി...

എനിക്ക് നിര്‍ദ്ദേശങ്ങള്‍ വന്നു കൊണ്ടിരുന്നു.....

എന്റെ കണ്ണുകള്‍ ഉള്ളില്‍ പരതുകയായിരുന്നു.... സൂര്യകിരണങ്ങള്‍ തേടി!!!

ഇടയ്ക്ക് ശ്രദ്ധ തെറ്റിയപ്പോള്‍ ‘വായില്‍ നോക്കിയിരിക്കതെ ഇവിടെ ശ്രദ്ദിക്കൂ കഴുതെ” എന്ന ശകാരവും കേട്ടു.

“തിരുമ്മല്‍ കഴിഞ്ഞു..... സാബ് ഇനി അല്‍പ്പം ചൂടുവെള്ളം കിട്ടിയാല്‍ ഒന്നു ചൂടു വയ്ക്കാം” മാമന്‍ ആനപ്പുറത്തു നിന്നിറങ്ങി നിവര്‍ന്നു നിന്നു....

എന്റെ പ്രതീക്ഷകള്‍ക്ക് ചിറകു വച്ചു കൊണ്ട് അയാള്‍ അകത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു....

“ബേഠീ...തോഡാ ഗരം പാനി ലാവോന”

‘അഭി ലായേഗേ ബാബാ” ഉള്ളില്‍ നിന്നു എന്നില്‍ ഒരു കോരിത്തരിപ്പുണ്ടാക്കി കിളിനാദം.

ഉള്ളില്‍ നിന്ന് പാദസ്വരങ്ങളുടെ ശബ്ദം അടുത്തു വരുന്തോറും എന്റെ ഹൃദയമിടുപ്പു കൂടി....

അവള്‍ പരിചയം കാണിക്കുമൊ?... അടുത്തു വന്നു എന്റെ സൌന്ദര്യം കാണുമ്പോള്‍ വെറുപ്പോടെ മുഖം വെട്ടിച്ചു പൊയ്ക്കളയുമോ?....

എന്റെ ആകാംഷക്കിടയില്‍ മനസ്സിനോട് ചോദ്യശരങ്ങള്‍ എയ്തുകൊണ്ടിരുന്നു.....

കര്‍ട്ടന്‍ നീക്കി ആ കിരണങ്ങള്‍ പ്രത്യക്ഷപെട്ടു..... ഞാന്‍ അതിനെ അടിമുടി ഒന്നുഴിഞ്ഞു.... എന്റെ ഭാവി വധുവാണ് നില്‍ക്കുന്നത്!

ഹാ....അടുത്തു കണ്ടപ്പോള്‍ അകലെ കണ്ടതിന്റെ ഇരട്ടി സൌന്ദര്യം..... സൂര്യന്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുമ്പോലെ അവളെന്റെ മുന്നില്‍ പുഞ്ചിരിച്ചു നിന്നു.

എല്ലാം മറന്ന് ആ സുന്ദര്യധാമത്തില്‍ ലയിച്ചു നില്‍ക്കുമ്പോളാണ് അവള്‍ നെഞ്ചോട് ചേര്‍ന്നു പിടിച്ചിരിക്കുന്ന വസ്തുവിലേക്ക് എന്റെ കണ്ണുകള്‍ ഉടക്കിയത്.....

തുണികൊണ്ട് പുതപ്പിച്ചിരിക്കുന്ന ആ വസ്തു ചലിക്കുന്നുണ്ട്.....

അത് ഒരു കുഞ്ഞുവാവയാണെന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു കളഞ്ഞു!!!

ഹേയ് അതു അവളുടെ കുട്ടി ആയിരിക്കില്ല എന്നു സമാശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍, കിളവന്റെ ശബ്ദം “പാറപ്പുറത്തു ചിരട്ട ഉരക്കുമ്പോലെ“ എന്നെ അലോസപ്പെടുത്തിക്കൊണ്ട് കടന്നു വന്നു!

ഇതു എന്റെ കുട്ടിയാണ്.... ഹേമ.....കല്യാണം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി.....

കുഞ്ഞു ജനിച്ചിട്ട് രണ്ടു മാസമെ ആയിട്ടുള്ളു.... ഉടന്‍ അവള്‍ ഭതൃവീട്ടിലേക്ക് മടങ്ങി പോകും!!

അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.... “ഇതു നിനകു എന്റെ വക ചിന്ന പണി” എന്നവള്‍ മനസ്സില്‍ ചിന്തിച്ചോ?

ഇരുന്നിടം കുഴിഞ്ഞു പോകും പോലെ തോന്നി....... കുഴിയില്‍ വീഴുന്നതിനു മുന്‍പ് ഇരുന്നിടത്ത് നിന്ന് ചാടി എഴുനേല്‍റ്റു!

വിളറി നിന്ന എന്നെ നോക്കി മാമന്‍ ചോദിച്ചു...... എന്താടാ “അണ്ടി പോയ അണ്ണാനെ പോലെ“ നില്‍ക്കുന്നത്..... സാധങ്ങള്‍ എടുക്കൂ നമ്മുക്കു പോകാം....

ഇപ്പോള്‍ എന്റെ മുഖം നിങ്ങള്‍ക്ക് ഊഹിക്കാം..... സന്തൂര്‍ സോപ്പിന്റെ പരസ്യത്തിലെ മാധവനെ പോലെ!!

പക്ഷെ അന്നു ഞാന്‍ മനസ്സില്‍ കുറിച്ചു..... ‘മ’ സലാം മുംബൈ!

Thursday, 5 March 2009

മനുഷ്യ മാംസം വില്‍പ്പനക്ക്!



ക്യാ ചാഹിയെ തുംകൊ?

കൊങ്കിണി ചുവയുള്ള ഹിന്ദി!

പരുങ്ങി!!!!, കാരണം ഹിന്ദി അറിയില്ല.

എന്റെ സുഹൃത്ത് ഹരീഷ് അറിയാവുന്ന മുറി ഹിന്ദി തട്ടി വിട്ടു.

ദേഖനേ കേലിയേ....... പിന്നെ കൂടെ ആംഗ്യ ഭാഷയും.

ഇഥര്‍ ക്യാ ദേഖനെക്കാ?? ജാവോ നാ....

അഗര്‍ തുമേ ഖേല്‍നാ ഹേ തോ അന്തര്‍ ജാവോ.... നഹി ഹേതോ...ബാഹര്‍ നിക്കല്‍..

ദൃഡഗാത്രന്‍ പുറത്തേക്കു കൈ ചൂണ്ടി പരുക്കന്‍ ശബ്ദത്തില്‍ അലറി.

വന്ന കാര്യം സാധിക്കാതെ എങ്ങനെ പോകും.... തീര്‍ച്ചയായും സാധിക്കുകതന്നെ വേണം.

ഹരീഷ് സംശയത്തില്‍ മൊഴിഞ്ഞു.....

ഹാം...ഹാജി.. ഹമേ. ഖേല്‍നാ ഹൈ....

അച്ചാ തോ ചല്‍ അന്തര്‍..

സ്ഥലം നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയില്ലല്ലോ....

ഗോവയിലെ പ്രസിദ്ധമായ ബൈനാ ബീച്ച് എന്ന വേശ്യാ തെരുവ്!

ചുവന്നതെരുവുകള്‍ സിനിമകളില്‍ ധാരാളം കണ്ടിട്ടുണ്ട്.... വായിച്ചറിഞ്ഞിട്ടുണ്ട്......പക്ഷെ അതെന്താണെന്നൊന്നു നേരിട്ടു കാണാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സ്റ്റഡി ടൂറിനിടയില്‍ വീണു കിട്ടിയ ചില നിമിഷങ്ങള്‍ ഞങ്ങളെ അവിടേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.

കവാടത്തില്‍ ഞങ്ങളെ എതിരേറ്റത് വടിവാളും സൈക്കിള്‍ ചെയിനും, കഠാരകളും ഏന്തി ദൃഡഗാത്രരായ പത്തോളം ചെറുപ്പക്കാര്‍....

പിന്നെ സംശയത്തിന്റെ ദൃഷ്ടിയിലുള്ള ഒരുപിടി ചോദ്യങ്ങളും.

ഉള്ളിലേക്ക് കടന്നു.

മയക്കുമരുന്നിന്റെയും, മദ്യത്തിന്റെയും രൂക്ഷ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന തെരുവ്....

ഒരു വശത്ത് നോക്കത്താ ദൂരത്തോളം അറബികടല്‍.....

മറുവശത്ത് സോപ്പു പെട്ടികള്‍ അടുക്കി വച്ചിരിക്കുന്നതു പോലെ ചെറിയ കുടിലുകള്‍!

വിവിധതരം ഉറകളുടെ കച്ചവടം മാത്രം നടത്തുന്ന നിരവധി കടകള്‍!

കുടിലുകളുടെ ഇടയിലൂടെ നടക്കുമ്പോള്‍ എഴുപതു കഴിഞ്ഞ വൃദ്ധകള്‍ മുതല്‍ പത്തുവയസ്സു തികയാത്ത കുഞ്ഞുങ്ങള്‍ വരെ!

അധരം കടിച്ചുകൊണ്ടുള്ള കടക്കണ്ണേറുകള്‍! ചിലര്‍ കൈയ്യില്‍ പിടിച്ച് അകത്തേക്ക് വലിച്ചു...

അവോനാ......!!!

തെരുവിലൂടെ നടക്കുക.... അവിടുത്തെ ജീവിതം മനസ്സിലാക്കുക. അതുമാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

കുറെ നടന്നപ്പോള്‍ ഒരു വലിയ ഹാളില്‍ എത്തിപ്പെട്ടു.

അതിന്റെ മദ്ധ്യത്തില്‍ രണ്ടു സുന്ദരികള്‍ പൂര്‍ണ്ണ നഗ്നരായി സിനിമാഗാനങ്ങള്‍ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്നു....

കൂടെ ഒരു പറ്റം ചെറുപ്പക്കാര്‍!

മദ്യലഹരിയില്‍ ഉറക്കാത്ത ചുവടുകള്‍.

കവാടത്തില്‍ നിന്ന ഞങ്ങളെ കനത്ത മുലകള്‍ ഉഴിഞ്ഞു കടന്നു പോയി...

കൂടെ അര്‍ത്ഥം വച്ചുള്ള കടക്കണ്ണേറുകള്‍....

കൈകളില്‍ നുള്ളികൊണ്ട് “ മേരെ സാത് ആവോനാ” എന്ന മൊഴികള്‍!

നാഭിക്കു താഴെ അമര്‍ത്തിയുള്ള തലോടലുകള്‍!

മണിക്കൂറുകള്‍ക്ക് മുന്‍പേ കഴിച്ച ആഹാരം വരെ കഴുത്തോളം വന്നെത്തി നില്‍ക്കുന്നു!!.

അത്ര രൂക്ഷ ഗന്ധം.... ശര്‍ദ്ദിക്കാതിരിക്കാന്‍ നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു ഞങ്ങള്‍!

പച്ച മാംസത്തിനു വിലപറയാന്‍ വരുന്നവര്‍ എങ്ങനെ ഈ രൂക്ഷ ഗന്ധത്തില്‍!!! .... വെറുതെ ഓര്‍ത്തുപോയി!

കാമവെറി തീര്‍ക്കാന്‍ എത്തുന്നവര്‍ക്കെന്തു മണവും നാറ്റവും??!!!

അവിടെ നിന്നിറങ്ങി.

തെരുവിലൂടെ വീണ്ടും യാത്ര തുടര്‍ന്നു....

എന്റെ തലയില്‍ ഇരുന്ന പനയോല തൊപ്പി ആരോ പിറകില്‍ നിന്നു തട്ടിയെടുത്തതറിഞ്ഞു.

തിരിഞ്ഞു നോക്കിയപ്പോള്‍ പതിമൂന്നോ, പതിനാലോ വയസ്സു പ്രായമുള്ള ഒരു കൊച്ചു പെണ്‍കുട്ടി!

ചാഹിയെ തോ മേരെ സാത് ആവോ നാ!!!!

വശ്യമായ ചിരിയില്‍ അവള്‍ മൊഴിഞ്ഞു!

ഞാന്‍ തൊപ്പി തിരിച്ചു തരൂ എന്നു ആഗ്യം കാണിച്ചു അടുത്തേക്ക് ചെന്നു.

അവള്‍ കൂടിലിന്റെ വാതിലില്‍ എത്തി .... അന്തര്‍ ആവോനാ.... ടോപ്പി ജരൂര്‍ വാപ്പസ് കരേഗേ!

ഹരീഷ് പിന്നില്‍ നിന്നു വിളിച്ചു....

ഇങ്ങു പോരെടാ.... വെറുതെ റിസ്ക് എടുക്കണ്ടാ...

വേണ്ട!.... ഞാന്‍ തിരികെ നടന്നു.

അതുവരെ ഒന്നും സംസാരിക്കതെ കുടിലിനു വേളിയില്‍ ഇരുന്ന എഴുപത് വയസ്സോളം പ്രായമുള്ള സ്ത്രീ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി.

“മാഫ് കീജിയെ സാബ്” എന്നു പറഞ്ഞ് പെണ്‍കുട്ടി തൊപ്പി തിരികെ തന്നപ്പോള്‍ ആണ് അവര്‍ പെണ്‍കുട്ടിയെ ശകാരിക്കുകയായിരുന്നു എന്നു മനസ്സിലായത്.

നന്മകള്‍ പൂവിടിവിപ്പിക്കാന്‍ ചുവന്ന തെരുവിനും കഴിയുമെന്നു ഹരീഷിന്റെ ആത്മഗതം!

നമ്മുക്ക് ഒരു കുടിലില്‍ കയറിയാലോ??!!

ഞാന്‍ ഹരീഷിനോട് ചോദിച്ചു.....

റിഷ്കാണിഷ്ടാ.... എന്തെങ്കിലും സംഭവിച്ചാല്‍!!?? ഹരീഷ് പേടിയോടെ കണ്ണുകള്‍ മുഴപ്പിച്ചു.

നമ്മള്‍ ഇവിടെ കയറിയതിന്റെ ഉദ്ദേശം പൂര്‍ണമാവണമെങ്കില്‍ തീര്‍ച്ചയായും അതും കൂടി നമ്മള്‍ അനുഭവിച്ചറിയണം!!

ശ്ശെ...ശ്ശെ...എനിക്കെങ്ങും കഴിയില്ല.... അയ്യെ.... എങ്കില്‍ ഹോസ്റ്റലില്‍ വരുന്ന സുശീലയെ “ആയി“ കൂടാരുന്നോ?? ഹരീഷ് ചോദിച്ചു!

നീ ഇതുവരെ ഇതിനൊന്നും പോകാതെ ഈ ചുവന്ന തെരുവില്‍?? വല്ല അസുഖവും പിടിച്ചാല്‍.... എന്നെ മറുപടി പറയാന്‍ സമ്മതിക്കാതെ ഹരീഷ് പറഞ്ഞു കൊണ്ടിരുന്നു......

അവന്റെ തലക്കിട്ടു തട്ടുകൊടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു.... വൃത്തികെട്ടവനെ ഞാന്‍ അതുദ്ദേശിച്ചല്ല പറഞ്ഞത്....

നമ്മള്‍ ഇവിടെ വരെ വന്നതല്ലെ..... അവിടെ അതിനുള്ളില്‍ എന്താണ് നടക്കുന്നതു കൂടി അറിഞ്ഞിട്ടു പോകാം.... എന്നാലല്ലെ ഈ യാത്രക്ക് ഒരു പൂര്‍ണത വരൂ!

വേണ്ടടാ.... അതു വലിയ റിസ്കാണ്.... പിന്നെ എന്തിനു ഇവിടെ കയറി വന്നൂ എന്ന ചോദ്യം ഉണ്ടാവും!

ഞാന്‍ വരുന്നില്ല.... നീ തന്നെ കയറിയാല്‍ മതി!

എടാ അബദ്ധം ഒന്നും കാണിക്കരുതു കേട്ടോ..... എന്താ ഉണ്ടാകുക എന്നറിയില്ല... രണ്ടും കല്‍പ്പിച്ചു മുന്നോട്ടു നടന്ന എന്നെ ഹരീഷ് പിന്നില്‍ നിന്നു വിളിച്ച് ഓര്‍മ്മിപ്പിച്ചു.

കറുത്ത് ഉന്തിയ പല്ലുകാട്ടി കൃത്രിമ ചിരിയുമായി മുന്നില്‍ നില്‍ക്കുന്ന കൃശഗാത്രന്റെ മുന്നില്‍ എന്റെ യാത്ര അവസാനിച്ചു....

എന്റെ കറുത്തെലുമ്പിച്ച ശരീരവും, മുഖഭംഗിയും കണ്ട് തമിഴനാണെന്നു തെറ്റിദ്ധരിച്ച അയാള്‍ തമിഴില്‍ ചോദിച്ചു.

എന്ന വേണം ഉങ്കള്‍ക്ക്?

“അല്ല അത്“......!!! നിരത്തി വച്ചിരിക്കുന്ന മനുഷ്യ മാംസങ്ങള്‍ക്ക് നേരെ ചൂണ്ടി ഞാന്‍ പറഞ്ഞു.

വേശ്യകള്‍ തോല്‍കുന്ന ഒരു പുഞ്ചിരി മുഖത്തു വരുത്തി അയാള്‍ ചോദിച്ചു.

മലയാളിയാണല്ലെ??

ഹാ..... നിങ്ങളും മലയാളിയാണോ... എന്റെ അത്ഭുതം നിറഞ്ഞ ചോദ്യത്തെ അവഗണിച്ചു കൊണ്ട് അയാള്‍ മറു ചോദ്യം ഉന്നയിച്ചു.

എന്ന സാധനം വേണം ഉനക്ക്!?

ഫ്രെഷ് കെടക്കണമെന്നാ നൂറു രൂപാ.....

ഫ്രഷോ.... അതെന്താണ്.... എനിക്കു കാര്യം പിടികിട്ടിയില്ല...

മണ്ടന്‍ ഫ്രെഷ് എന്നാ ഏഴ്, എട്ട്, പത്ത് വയസ്സുള്ള പുതുസ്സ്....

എന്റെ ദൈവമെ.... ഏഴ് എട്ടു വയസ്സുള്ളതിനെയോ?? മനസ്സിലാകെ കല്ലുമഴ പെയ്തതു പോലെ...

അയാള്‍ തുടര്‍ന്നു.... ഇനി ഒരു പതിനഞ്ച്, പതിനേഴു പോതുമെന്നാ അന്‍പതു റൂപാ....

മുപ്പതു മുപ്പത്തഞ്ച് പോതുമെന്നാ ഇരുപതു രൂപാ....

അന്തമാതിരി ആള്‍ക്കാര്‍ പോതുമെന്നാ അഞ്ചു രൂപാ തന്നാല്‍ മതിയാവും..... അകലെയിരിക്കുന്ന അന്‍പതു വയസ്സിനു മേല്‍ പ്രായമുള്ളവരെ ചൂണ്ടി അയാള്‍ പറഞ്ഞു....

വയസ്സായവര്‍ക്ക് കുടുഃബത്തിലായാലും വേശ്യാതെരുവിലായാലും ചവറു വില!

വിലവിവരപട്ടിക അവതരിപ്പിച്ചതിന്റെ നിര്‍വൃതിയില്‍ അയാള്‍ ഒന്നു ഞെളിഞ്ഞു!

വന്ന കാര്യം നടകണമെങ്കില്‍ തീരെ കൊച്ചുകുട്ടികള്‍ ശരിയാവില്ല.... ധൈര്യം സംഭരിച്ച് അടുത്ത വന്ന ഹരീഷ് എന്റെ കാതില്‍ മൊഴിഞ്ഞു.

ശരിയാണ്.... ഞാന്‍ മനസ്സില്‍ ചിന്തിച്ചു കൊണ്ട് അകലെ ഇരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ നേര്‍ക്ക് ഞാന്‍ കൈചൂണ്ടി.

ശ്യാമാ ....ഇഥര്‍ ആവോനാ.... ഏ ഭായിസാബ് കേ സാത് ജാവോ.... ഞാന്‍ കൊടുത്ത അന്‍പതു രൂപാ നോട്ട് മടക്കി പോക്കറ്റില്‍ വയ്ക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു!

നല്ല ഭംഗിയുള്ള ഒരു പെണ്‍കുട്ടി അടുത്തു വന്നു. മുഖത്ത് റോസ് പൌഡര്‍ ഇട്ടു മിനുക്കി, ചുണ്ടുകളില്‍ ചായം പൂശി. മുടിയില്‍ മുല്ലപ്പൂ വാരി ചുറ്റി അവളുടെ സുന്ദരമുഖത്തെ തനി വേശ്യാമുഖം ആക്കാന്‍ ഒരു വിഭല ശ്രമം നടത്തിയിരിക്കുന്നു.

എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച് അവള്‍ മുന്നില്‍ നടന്നു...

ചേട്ടാ നിങ്ങള്‍ അവള്‍ക്കൊപ്പം പൊയ്ക്കൊള്ളൂ.... “മാമന്‍” എന്നെ നോക്കി പറഞ്ഞു.

എന്റെ ശ്വാസം ഉച്ചസ്ഥായിയില്‍ ആയി..... എന്തു സംഭവിക്കും.... ഉള്ളില്‍ ചെന്നിട്ട് വെറുതെ വന്നതാണെന്നു പറഞ്ഞാല്‍ ഇവള്‍ എങ്ങനെ പ്രതികരിക്കും.... നൂറു നൂറു ചോദ്യങ്ങള്‍ അലട്ടുന്ന മനസ്സുമായി അതിലധികം ആധിയോടെ ഇടുങ്ങിയ വഴി താണ്ടി ശ്യാമക്കൊപ്പം ഞാന്‍ ആ കുടിലിനുള്ളില്‍ പ്രവേശിച്ചു.

ഒരു തികട്ടല്‍.... അതും അമാശയം കലക്കി മറിച്ച്..... ശുക്ലത്തിന്റെ രൂക്ഷ ഗന്ധം!! മൂക്കു പൊത്തിയിട്ടും അതു എല്ലാ അതിരുകളും ലംഘിച്ചു ഉള്ളിലേക്ക് അരിച്ചു കയറുന്നു....

പോക്കറ്റില്‍ നിന്നു കൈലേസ് വലിച്ചെടുത്ത് മൂക്കിനു കുറുകെ കേട്ടി.....

ശ്യാമ വസ്ത്രം ഓരോന്നായി അഴിക്കുകയായിരുന്നു.

ഞാന്‍ മുറി ഹിന്ദി പുറത്തെടുത്തു.... നാ...നാ... മുചേ നഹി പസന്ത്!.... നഹി ചാഹിയെ....

അത്ഭുതത്തോടെ എന്നെ നോക്കി ശ്യാമ ചോദിച്ചു..... ഫിര്‍??

ഞാന്‍ ആംഗ്യത്തിന്റെ അകമ്പടിയോടെ ശര്‍ദ്ദിക്കാന്‍ വരുന്നു എന്നു ശ്യമയെ പറഞ്ഞു മനസ്സിലാക്കി...

അരാം കരോനാ.... ഇതര്‍ മേരെ സാത് ബൈടോനാ.....അര്‍ധ നഗ്നയായി അടുത്തുള്ള കട്ടിലിലേക്കിരുന്നു സ്വന്തം തുടയില്‍ കൈതട്ടി അവള്‍ എന്നെ അരികിലേക്ക് ക്ഷണിച്ചു.

രണ്ടു കൈയ്യും ഉയര്‍ത്തി ഞാന്‍ പറഞ്ഞു ‘വേണ്ട‘....

പിന്നെ ഒരു നിമിഷം ആ മുറിയിലേക്ക് ഒന്നു കണ്ണോടിച്ചു.

ഇടുങ്ങിയ ഒരു മുറി.... അതിന്റെ ഒരറ്റത്ത് ഒരു കക്കൂസ്, അല്ല കക്കൂസ് എന്നു പറയാവുന്ന ഒരു കുഴി..... അതില്‍ നിന്നു മലവും, ജലവും ഒഴുകി പരന്നു മുറിയിലേക്കും വ്യാപിച്ചിരിക്കുന്നു!

മുറിയില്‍ ഒരു ചെറിയ കട്ടില്‍.... അതിനു മുകളില്‍ വലിച്ചു കെട്ടിയിരിക്കുന്ന അയയില്‍ ആരുടെയൊക്കെയോ മുഷിഞ്ഞ വസ്ത്രങ്ങള്‍....

ഒരു മൂലയില്‍ ഒരു വലിയ പൊട്ടിയ ബക്കറ്റ്, അതിന്റെ മുക്കാല്‍ ഭാഗത്തോളം വരുന്ന ഉപയോഗിച്ച ഉറകളുടെ ഒരു കൂമ്പാരം. ബക്കറ്റിന്റെ പൊട്ടിയ വശങ്ങളിലൂടെ ഒഴുകിയിറങ്ങിയ ശുക്ലത്തിന്റെ അംശങ്ങള്‍ തറയില്‍ പടര്‍ന്നു കിടക്കുന്നു.

പുതിയ കസ്റ്റമേര്‍സിനെ കാത്ത് അയയുടെ ഒരറ്റത്ത് നൂറുകണക്കിന് പാക്കറ്റ് പൊട്ടിക്കാത്ത ഉറകള്‍ തൂക്കിയിട്ടിരിക്കുന്നു!

ഒരരികില്‍ ഒരു ചെറിയ മേശയുടെ പുറത്ത് കുറെ പാത്രങ്ങളും, പിന്നെ മുഖം മിനുക്കാനുപയോഗിക്കുന്ന എന്തൊക്കെയോ വസ്തുക്കളും!

മടുപ്പുളവാക്കുന്ന അന്തരീക്ഷം ....

മാനസിക നില അത്രയൊന്നും അപകടപെട്ടിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യനു ഇണ ചേരാന്‍ പോയിട്ട് മൂത്രമൊഴിക്കാന്‍ പോലും ഒരു നിമിഷം അവിടെ കഴിയാന്‍ സാധിക്കില്ല!!

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ പൊതുകക്കൂസില്‍ പോകാന്‍ പോലും മടിക്കുന്ന ഞാന്‍ ആകാംഷയുടെ മുള്‍മുനയില്‍ ആയതു കൊണ്ടു മാത്രം ആ അന്തരീക്ഷട്ടെ മനോധൈര്യത്തോടെ നേരിട്ടു......

പക്ഷെ ഇനി അവിടെ നിന്നാല്‍ ശരിയാവില്ല.....എത്രയും പെട്ടെന്ന് അവിടെ നിന്നു പുറത്തു കടക്കണം.. എന്റെ മനസ്സു മന്ത്രിച്ചു...

ഇനി ഇവളോട് കഥകള്‍ അന്വെഷിക്കാന്‍ നില്‍ക്കുന്നത് ജീവനു തെന്നെ ഭീഷണി ആയേക്കാം....

ഞാന്‍ പുറത്തെക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്യാമ തടഞ്ഞു....

ക്യോം...??. നഹി ചാഹിയെ ???

ഞാന്‍ മൂക്കുപൊത്തി ഗന്ധം സഹിക്കാന്‍ കഴിയുന്നില്ല എന്നു ആംഗ്യം കാണിച്ചു......

സാബ് മുചേ ചോടുക്കെ നഹി ജാനാ..... വോ സാലെ ഹറാമി മുചേ മാരേഗേ!!

എനിക്കൊന്നും മനസ്സിലായില്ല!!

അവള്‍ അകലെക്ക് ചൂണ്ടി മീശ പിരിച്ചു കാണിച്ചു, പിന്നെ സ്വയം മുഖത്തടിച്ചു കാണിച്ചു.....

എനിക്ക് കാര്യം മനസ്സിലായി .....പക്ഷെ ഞാനതിനു ഉത്തരത്തിനായി ആംഗ്യഭാഷ തിരയുന്നതിനിടയില്‍ അവള്‍ ഉച്ചത്തില്‍ വിളിച്ചു...

മുഷ്തഫാക്കാ..... മുഷ്തഫാക്കാ...സരാ ഇതര്‍ ആയിയെ.... ഊരിയ വസ്ത്രങ്ങള്‍ വാരിചുറ്റിക്കൊണ്ട് ശ്യാമ നിലവിളിച്ചു.....

വിലവിവരപട്ടിക നിരത്തിയ കൃശഗാത്രന്‍ പെട്ടെന്ന് ഓടി വന്നു.

എനിക്ക് മുറിയിലെ ഗന്ധം ഇഷ്ടപ്പെടുന്നില്ല എന്നും അതിനാല്‍ പോകുകയാണെന്നും പറഞ്ഞപ്പോള്‍.... മാമാപ്പണിയിലും സത്യസന്ധത സൂക്ഷിക്കുന്ന ആ മനുഷ്യന്‍ പറഞ്ഞു....

എങ്കില്‍ ബീച്ചിലേക്കു പൊയ്ക്കൊള്ളൂ..... വെളിയിലേക്ക് കൊണ്ടു പോകുന്നതി്ന് ഇരുനൂറു രൂപാ!!!

എന്തോ പന്തികേടു മണത്ത ഹരീഷ് അപ്പോള്‍ അവിടെ എത്തിയിരുന്നു....

എടാ എങ്കില്‍ നമ്മുക്കു ഇവളെ ബീച്ചിലേക്ക് കൊണ്ടു പോകാം...... അവിടെയാകുമ്പോള്‍ ഇവളൊട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാമല്ലോ.... ഹരീഷിന്റെ രഹസ്യമൊഴി വീണ്ടും കാതില്‍!!!

എനിക്കും തലയില്‍ റാന്തല്‍ കത്തി!

ഞാനും ഹരീഷും ഓരോ നൂറിന്റെ നോട്ട് മുസ്തഫയുടെ കൈയ്യില്‍ വച്ചുകൊടുത്തു.... മുസ്തഫ പഴയ അന്‍പതു രൂപാ തിരിച്ചു തരാനും മറന്നില്ല...

ശ്യാമക്കു പിറകെ ഞങ്ങള്‍ തൊട്ടടുത്തുള്ള ബീച്ച് ലക്ഷ്യമാക്കി നടന്നു.....

പോകും വഴി ഞങ്ങളെ ആകര്‍ഷിക്കാനായി സ്വന്തം പാവാട പൊക്കി കാണിച്ച ഒരു 8 വയസ്സുകാരിയെ “ ബദ്മാശ്” എന്നു ആക്രോശിച്ചുകൊണ്ട് ശ്യാമ ഓടിച്ചു.....

ബീച്ചിലെത്തി....ചെറുപ്പക്കാരായ ഞങ്ങള്‍ മറ്റൊരു സാഹചര്യത്തിലാണെങ്കില്‍ മനം കുളിര്‍ക്കെ കണ്ടു നില്‍ക്കേണ്ട കാഴ്ച്ചകള്‍ ആയിരുന്നു അവിടെ...

മൃഗങ്ങള്‍ എത്രയോ ഭേദം!!!! കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ബൈനാ ബീച്ചിലെ എതാണ്ട് എല്ലാ ഭാഗത്തും നൂല്‍ബന്ധമില്ലാതെ, ഒരു മറവു പോലും ഇല്ലാതെ പരസ്പരം കെട്ടിമറിയുന്ന മനുഷ്യമൃഗങ്ങള്‍.....

ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അത്ഭുതം കൂറുകയാണ്.... ഒരു ദിവസം അവിടെ നടക്കുന്ന മാംസക്കച്ചവടം എത്ര ലക്ഷങ്ങളുടെതായിരിക്കും!!!???

ചൂടാറാത്ത മനുഷ്യ മലത്തിനു മുകളില്‍ ചവിട്ടാതെ നടക്കാന്‍ കഴിയില്ല..... അതിനിടയിലാണ് പരിസരം മറന്നുള്ള കെട്ടിമറിയലുകള്‍, ശീല്‍ക്കാരങ്ങള്‍!

തിരകള്‍ക്കു പോലും പച്ച മാംസത്തിന്റെ ഗന്ധം!

കുറെ ദൂരം നടന്ന് അത്രയൊന്നും തിരക്കില്ലാത്ത ഒരു സ്ഥലം കണ്ടു പിടിച്ച് ശ്യാമ പറഞ്ഞു

“ഇങ്കെ ഉക്കാറുങ്കോ”

ഞാന്‍ അത്ഭുതം കൂറി..... ശ്യാമക്കു തമിള്‍ അറിയുമോ.....

അവള്‍ നിശ്വാസം ഉയിര്‍ത്ത് ഒരു പുഞ്ചിരി സമ്മാനിച്ചു..... എനക്ക് എല്ലാ ഭാഷയും തെരിയും സാര്‍.... ഉങ്കള്‍ മലയാളത്തില്‍ ശൊല്ലുങ്കോ.... എനക്ക് തിരിയും.... എല്ലാം എല്ലാം തിരിയും!

പിന്നെ അവിടെ വച്ച് ശ്യാമ ഹിന്ദി മാത്രമെ സംസാരിച്ചുള്ളൂ..... ഞാന്‍ ആകാംഷയില്‍ തിരക്കി.

ചിന്ന പ്രശ്നം സാര്‍..... കസ്റ്റമേര്‍സിനോട് ഹിന്ദി അല്ലതെ ഞങ്ങള്‍ പെണ്‍കുട്ടികള്‍ എന്തെങ്കിലും സംസാരിച്ചല്‍ പ്രശ്നം സാര്‍.... അതാണ്!!!!

ഞങ്ങള്‍ക്കും ആശ്വാസമായി.... ഇനി ഭാഷ പറഞ്ഞ് ബുദ്ധിമുട്ടേണ്ടല്ലോ.....

ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് ശ്യാമ പറഞ്ഞു തുടങ്ങി......

ഉങ്കള്‍ റൂമില്‍ വച്ച് പറഞ്ഞതു എനക്ക് തെരിഞ്ഞു..... സാര്‍ ഉങ്കള്‍ പത്രക്കാരാ.....???

ശ്യാമ പേടിയോടെ ചുറ്റും നോക്കി ചോദിച്ചു.

പൊയ് ശൊല്ലക്കൂടാതെ സാര്‍.... ഉങ്കള്‍ നിജമാ പത്രക്കാര്‍ തന്നെ.... ശ്യാമയുടെ മലയാളവും, തമിഴും കലര്‍ന്ന ഭാഷയും, വിഹ്വലത നിറഞ്ഞ നോട്ടവും ഞങ്ങളെ ഒരുവേള ചിരിപ്പിച്ചു.

പത്രക്കാരെന്നാ....പ്രചനം സാര്‍.... ഉങ്കള്‍ ബോഡി നാളെ കാലെയില്‍ കടലില്‍ പൊങ്ങും സാര്‍.... ജാഗ്രതൈ സാര്‍.... അന്ത മാറ്റിരി ഇടം സാര്‍ ഇതു!!!

ഞങ്ങള്‍ ഭയത്തോടെ പരസ്പരം നോക്കി....

ഹരീഷ് പറഞ്ഞു ......”ഞങ്ങള്‍ പത്രക്കാരല്ല ശ്യാമാ“.... സ്റ്റുഡന്റ്സ്...!!!

സ്റ്റുഡെന്‍സാ.... അപ്പൊ.... എന്നെ വേണാ ശൊന്നത് എന്നാ....??

ഇന്ത ലൈഫിലേ മുതല്‍ മുതലാ സംഭവം.... ഇങ്കെ വന്ന് വേണാന്ന് ശൊന്നത്!???

ശ്യാമാ ഞങ്ങള്‍ കോളേജ് സ്റ്റുഡന്റ്സ്.... മാംഗ്ലൂരില്‍ പഠിക്കുന്നു..... വേണമെങ്കില്‍ അവിടെ കിട്ടും.... പിന്നെ ഇവിടെ വരെ വരുന്നതെന്തിനാ..... ഞാന്‍ ചോദിച്ചു!

ശ്യാമ അതെ ചോദ്യം പുരികത്തില്‍ ഉള്‍ക്കൊള്ളിച്ച് മറു ചോദ്യമായി ഞങ്ങള്‍ക്ക് നേരെ വിട്ടു....

അതു മനസ്സിലാക്കിയ ഞാന്‍ തുടര്‍ന്നു..... ഇവിടം ഒന്നു കാണാനും, പറ്റുമെങ്കില്‍ ശ്യാമയെ പോലെയുള്ള ആളുകള്‍ എങ്ങനെ ഇവിടെ എത്തി എന്നു മനസ്സിലാക്കാനും....

പറയൂ ശ്യാമ.... ശ്യാമ സ്വയം ഈ തൊഴില്‍ സ്വീകരിച്ച്താണോ??

എന്തിനാ സാര്‍ അതൊക്കെ അറിയുന്നത്...... ശ്യാമ ഒരു നിമിഷം മൌനയായി...

മുഖം കുനിച്ചിരുന്ന ശ്യാമയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ ബീച്ചിലെ മണലില്‍ വീണലിഞ്ഞു.....

കടലോളം വലിയ കണ്ണുനീരോ!!! പരിഹാസത്തോടെ തിരകള്‍ ആര്‍ത്തല‍ക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ കുറേ നേരത്തെക്ക് നിശബ്ദരായിരുന്നു...ശ്യാമ കരഞ്ഞു തിരും വരെ.

ഒരു നിമിഷം നിശബ്ദതയെ ഭംജിച്ച് ശ്യാമ പറഞ്ഞു തുടങ്ങി......

കര്‍ണാടക്കത്തിലെ ഹൂഗ്ലിക്കടുത്തുള്ള ചെറു ഗ്രാമത്തില്‍ എല്ലാ സൌഭാഗ്യങ്ങളും അനുഭവിച്ച് ജീവിച്ചവളായിരുന്നു ശ്യാമ...

അച്ഛനും അമ്മക്കും, ശ്യാമയെ കൂടാതെ ഒരു മകനും.... കുഞ്ഞനുജനെ കുറിച്ചു പറഞ്ഞ് ശ്യാമ വീണ്ടും തേങ്ങി.

അച്ചന്‍ ദുര്‍ഗ്ഗാപ്പൂര്‍ സ്റ്റീല്‍പ്ലാന്റില്‍ പ്ലാന്റ് ഓപ്പറേറ്റര്‍.....

ശ്യാമക്ക് രണ്ടു വയസ്സായപ്പോള്‍ വീട്ടിലുള്ള പ്രായമായ അമ്മൂമ്മക്ക് അസുഖം കൂടുകയും, ദുര്‍ഗ്ഗാപ്പൂരിലെ ഫ്ലാറ്റ് ജീവിതം മതിയാക്കി അമ്മയും ശ്യാമയും ഗ്രാമത്തിലേക്ക് തിരികെ വരുകയും ചെയ്തു.

പിന്നെ പിന്നെ അച്ഛന്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുന്ന കിട്ടാക്കനിയായി മാറി .....

അവള്‍ക്ക് ആറ് വയസ്സുള്ളപ്പോളാണ് കുഞ്ഞനുജന്‍ പിറക്കുന്നത്.....

കുഞ്ഞനുജന്റെ ജനനത്തോടെ വീട്ടില്‍ സന്തോഷം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി....

അച്ഛന്‍ ഒരിക്കല്‍ പറഞ്ഞു...ഇനി മുതല്‍ എല്ലാ സ്കൂള്‍ വെക്കേഷനും രണ്ട് മാസം നമ്മുക്കു ദുര്‍ഗ്ഗാപ്പൂരില്‍ താമസിക്കാം..... കുട്ടികള്‍ക്ക് ഒരു ചെയിഞ്ചാകുമല്ലോ!

അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ മദ്ധ്യവേനല്‍ അവധി ആഘോഷിക്കുക ദുര്‍ഗ്ഗാപ്പൂരിലെ പ്ലാന്‍ഡ് സിറ്റിയില്‍ ആയിരുന്നു.

അങ്ങനെ അവള്‍ അഞ്ചാംക്ലാസ്സ് പാസ്സായ ആ വെക്കേഷന് അവധി ആഘോഷിക്കാനായി, അച്ഛനും, അമ്മക്കും, അനുജനും ഒപ്പാമുള്ള ഒരു ട്രയിന്‍ യാത്രയില്‍ പരിചയപ്പെട്ട ഒരു ‘അങ്കിള്‍’ അവളുടെ ജീവിതത്തില്‍ എന്നന്നേക്കുമായി കരിനിഴല്‍ വീഴ്ത്തി....

വളരെ വാചാലനായി സംസാരിച്ച അയാള്‍ പെട്ടെന്നാണ് അച്ഛനുമായി സൌഹൃദം സ്ഥാപിച്ചത്.

അയാള്‍ അയാളുടെ കുടുഃബത്തെക്കുറിച്ചും, കുടുഃബ പ്രാരാബ്ദങ്ങളും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു...

“ഇതിനിടയില്‍ ഉച്ചയൂണും, വൈകുന്നേരത്തെ കാപ്പിയും അയാള്‍ക്കും ഞങ്ങളുടെ വകയായിരുന്നു”

രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തുനിഞ്ഞ അച്ഛനെ അയാള്‍ തടഞ്ഞു....

രണ്ടുനേരം നിങ്ങള്‍ വാങ്ങിയ ഭക്ഷണം ഞാന്‍ കഴിച്ചു.... ഇതു എന്റെ ഊഴമാണ് വേണ്ടാ എന്നു പറയരുത്....

അയാളുടെ സ്നേഹോഷ്മളമായ നിര്‍ബന്ധത്തിനു അച്ഛന്‍ വഴങ്ങി.

ഭക്ഷണം കഴിഞ്ഞു അസ്വാഭാവിക ഉറക്കത്തിലേക്കാണ്ട ഞാന്‍ ഉണരുന്നത് ഈ തെരുവിലെ ഒരു ഇടുങ്ങിയ മുറിയിലാണ്.....

എന്തിനാണെന്ന് ആദ്യമൊന്നും മനസ്സിലായില്ല.... ആദ്യമാദ്യം സമൂഹത്തിലെ പ്രമുഖര്‍.... രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, പോലീസ് ഓഫീസറുന്മാര്‍!!! ..... അവരെ തേടി അവരുടെ അടുത്തേക്ക് പോകേണ്ടി വന്നു.

എതിര്‍ത്തപ്പോള്‍ ക്രൂരമായ ശിക്ഷാമുറകള്‍.....

നെഞ്ചിലെ തീകൊണ്ട് കുത്തിയ പാടുകാട്ടിക്കൊണ്ട് ശ്യാമ പറഞ്ഞു.... ഇപ്പോള്‍ എത്രപേര്‍!!.... എണ്ണാറില്ല....

എല്ലാവരും എനിക്കു നഷ്ടമായി എന്റെ അച്ഛന്‍, അമ്മ, കുഞ്ഞനുജന്‍.... ശ്യാമയുടെ തേങ്ങല്‍ ഉച്ചത്തിലായി....

ഇണകളില്‍ പലരും എന്തോ അല്‍ഭുതം നടക്കുന്ന മട്ടില്‍ തലപൊക്കി നോക്കി..... ചുവന്ന തെരുവില്‍ കരച്ചില്‍ നിഷിദ്ധമാണല്ലൊ!

ഞങ്ങള്‍ ഒരക്ഷരം ഉരിയാടിയില്ല..... ശ്യാമ കരഞ്ഞു തീരുവോളം കാത്തിരുന്നു....

പിന്നീട് കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ ഇവിടെ ഇങ്ങനെ കഴിഞ്ഞു കൂടുന്നു.... ശ്യാമ നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി....

അപ്പോള്‍ ശ്യാമക്കിപ്പോള്‍??? ഹരീഷിനു അത്ഭുതം അടക്കാന്‍ കഴിഞ്ഞില്ല.

പതിനാലു വയസ്സു സാര്‍....

ഈ നാലുവര്‍ഷം എന്റെ ശരീരം ആയിരങ്ങള്‍ ഉപയോഗിച്ചു സാര്‍..... ആരും എന്നോട് ചോദിച്ചിട്ടില്ല നീ ആരാണെന്ന്.

നന്ദിയുണ്ട് സാര്‍... ഒരു നിമിഷമെങ്കിലും എന്നെ എന്റെ അച്ഛനും, അമ്മയ്ക്കും, കുഞ്ഞനുജനും ഒപ്പം എത്തിച്ചതിന്.....

ശ്യാമാ ഒരു കൌതുകത്തിന് ചുവന്ന തെരുവിനെ അടുത്തറിയാന്‍ എത്തിയ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇവിടെക്കു വരേണ്ടിയിരുന്നില്ല എന്നു തോന്നുന്നു.... ഞാന്‍ ഗദ്ഗദം അടക്കാന്‍ കഴിയാതെ പറഞ്ഞു....

നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.... എന്റെ സമയം അവസാനിച്ചു ഞാന്‍ പോകുന്നു... അല്ലെങ്കില്‍ അവരെന്നെ......

ശ്യാമ പതിയെ നടന്നു തുടങ്ങിയിരുന്നു...

ശ്യാമാ... വിലാസം തന്നാല്‍ ഞങ്ങള്‍ അച്ചനെയും അമ്മയെയും വിവരമറിയിക്കാം....

ഒരു നിമിഷം തിരിഞ്ഞു നിന്ന് ചെറു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു..... എനിക്ക് വിലാസം അറിയില്ല സാര്‍ ... അറിഞ്ഞ് അവര്‍ വന്നാല്‍ തന്നെ എന്തു ചെയ്യാന്‍ കഴിയും സാര്‍....?? ഇനി ആരു വിചാരിച്ചാലും എനിക്കിവിടെ നിന്നു മോചനമില്ല.... അല്ലെങ്കില്‍ തന്നെ ഈ മലീമസമായ ശരീരവും പേറി ഞാന്‍ ഇനി എന്തിനു അവരുടെ അടുത്തേക്ക് പോകണം....??

പിന്നെ തിരിഞ്ഞു നോക്കതെ നടന്നു മറഞ്ഞു.

ശ്യാമ അങ്ങകലെ മറയുന്നിടം വരെ ഞങ്ങള്‍ നോക്കി നിന്നു......

രൂക്ഷഗന്ധവും, കടക്കണ്ണേറും, അനേകായിരം ശ്യാമമാരുടെ “ആവോനാ“ വിളികളും, കഠാരയുടെ തിളക്കവും കടന്ന് പുറത്തേക്ക്, മറ്റൊരു വിശാലമായ ചുവന്ന തെരുവിലേക്ക് പ്രവേശിക്കുകയായിരുന്നു ഞങ്ങള്‍, ആ മതില്‍ കെട്ടിനു വെളിയിലുള്ള യഥാര്‍ത്ഥ ചുവന്ന തെരുവിലേക്ക്.....