. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, 24 May 2009

വാമഭാഗം.




സ്നേഹ മധുരമാര്‍ന്നുളത്തടം അതില്‍
കാവ്യമയമുള്ള ചിന്തകള്‍ എപ്പൊഴും

പ്രേമമയമുള്ള വാക്കുകള്‍ അവള്‍
സ്നേഹിതര്‍ക്കെന്നും ആശ്വാസ സ്പര്‍ശകം.

ക്ഷിപ്ര കോപിഷ്ടയല്ലവള്‍ എങ്കിലും
തെറ്റുകള്‍ അവള്‍ക്കത്രമേല്‍ വര്‍ജ്ജ്യകം.

വീഴ്ചകള്‍ മമ ഭാഗേ നിന്നാകുകില്‍
മാപ്പു ചോദിപ്പാന്‍ ഖേദമൊട്ടില്ലതും.

പൂനിലാവിലെ മഞ്ഞുപോല്‍ ആ മനം
ലോല ലോലം അതാര്‍ക്കും വായിച്ചിടാം.

പ്രേമികള്‍ തൊടും വിദ്വേഷ വീക്ഷകള്‍
കൂരമ്പു പോലതില്‍ രക്തം കിനിച്ചിടും!

തത്ര കാമ ക്രോധ ലോഭ മോഹാദികള്‍
ഒന്നുമേ അവളുടെ ചങ്ങാതിമാരല്ല.

വര്‍ജ്ജ്യ ചതുഷ്ടയം ഹൃത്തിലാവാഹിച്ചതില്‍
കര്‍മ്മ നിരതനാണിപ്പോഴും എപ്പൊഴും!

ബന്ധു ബാഹുല്യ സമ്പുഷ്ടം എന്‍ കൂട്ടം
ബന്ധത്തില്‍ ബന്ധുരം നോവവള്‍ക്കേകിടും.

പ്രേമ രസം തൂകി ഏകുന്ന വാക്കുകള്‍
ആവാഹിച്ചതില്‍ ആഹ്ലാദം കൊണ്ടിടും!

കാതര മാനസി എന്‍ സഖി - അവളെന്റെ
പ്രാണന്റെ പ്രാണന്‍ - എന്‍ വാമഭാഗം.

Sunday, 17 May 2009

നിന്നിലേക്ക്!

കരിംതിരി വിളക്കിന്റെ
ദുഃസ്സഹമായ ജ്വാലകള്‍ക്കരികെ ‍.....
പുരുഷാരങ്ങളുടെ
കൂര്‍ത്ത ദൃഷ്ടികള്‍ക്ക് നടുവില്‍‍....
നിന്റെ ശയനം
എന്നില്‍ അത്ഭുതമുണര്‍ത്തുന്നു!?

കുസൃതി നിറഞ്ഞ,
കഥ പറയുന്ന നിന്റെ കണ്ണുകള്‍...
ഇങ്ങനെ ഇറുക്കി അടക്കാന്‍ മാത്രം
ഭീരുവോ നീ?

സദാ സ്വേദമുറ്റുന്ന
നിന്റെ നാസികാഗ്രങ്ങളിലെ....
ശോണിമയകലാന്‍ മാത്രം
കലുഷിതമോ നിന്‍ മനം?

പ്രേമം ചുരത്തിയിരുന്ന,
നിന്റെ വിടര്‍ന്ന അധരങ്ങള്‍,
വിഷലിപ്ത നീലിമയാക്കി
സ്വയം ക്രൂരയാകുന്നുവോ നീ?

നിശയുടെ അന്ത്യയാമങ്ങളില്‍
എനിക്ക് താരാട്ടിനായി....
ഉച്ചത്തില്‍ മിടിച്ചിരുന്ന
ഹൃത്താളം നിഷേധിച്ച് എന്നെ
പരിഹസിക്കുന്നുവോ നീ?

എന്റെ മുടിയിഴകളില്‍,കവിളുകളില്‍,
പ്രേമകവിത രചിച്ച കരങ്ങള്‍
നാഭിയില്‍ ചേര്‍ത്തു കെട്ടി
നീ ഒരു നിഷേധിയായി മാറുന്നുവോ?

നീ ബാക്കി വച്ച അത്ഭുതം, ഭീരുത്വം
ക്രൂരത, പരിഹാസം, നിഷേധം
എല്ലാം എന്നിലേക്കാവാഹിക്കാന്‍
വീണ്ടും നിന്നോടൊപ്പം ചേരാന്‍
അതി മോഹം, ആകാംഷ
ഞാനും നിശ്ചലന്‍ ആവട്ടെ!

Sunday, 10 May 2009

മരണത്തോട്....

മരണമെ, നീ നിന്‍റെ കരാള ഹസ്തത്താലെന്‍
ഉശ്ച്വാസനാളിയില്‍ പിടിമുറുക്കാതെ!

അതിശൈത്യമേറുന്ന നിന്മേനി എന്നിലേക്ക-
ലിയിച്ചു ചേര്‍ക്കുവാന്‍ വെമ്പല്‍ കൊള്ളാതെ!

ഉറ്റവര്‍ തേങ്ങുന്നതോര്‍ത്തു നീ ഇപ്പോഴേ
നിര്‍ദ്ദയനായിത്ര പൊട്ടിച്ചിരിക്കാതെ!

സീമന്ത രേഖയില്‍ മിഴിവോടെ ചാര്‍ത്തിയ 
സിന്ദൂരതിലകത്തേല്‍ വെണ്ണീര്‍ തൂവാതെ!

ഇനിയേറെ കായ്ക്കുവാന്‍ കൊതിയൂറും മാവിനെ
വെറും പട്ടടയ്കായ് നീ മുറിവേല്‍പ്പിക്കാതെ!

ഫലഭൂഷ്ടിയേറിയ ചെമ്മണ്ണിന്നുച്ചിയില്‍
ചെമ്പിലക്കാടിന്‍റെ വനഭംഗി തീര്‍ക്കാതെ!

ഹവനാഗ്നി മോഹിച്ച ചന്ദന ഗന്ധത്തെ
സ്വാര്‍ത്ഥനാം നീ നിന്‍റെ സഹചാരിയാക്കാതെ!

മരണമെ, ഞാനെന്‍റെ ജീവിത മേരുവിന്‍
പകുതിയിലായെന്നെ പടിയടയ്ക്കേണമോ?

Saturday, 2 May 2009

ജീവിതം ഒരു നഷ്ടം.

മരുവിന്റെ ഘോരമാം ചുടുതാപമേറ്റിന്നു
ഉരുകുകയാണെന്റെ ഉള്ളം.
അകലെയെങ്ങോഎന്റെ കൊച്ചു ഗ്രാമം
അതോര്‍ത്ത് അറിയാതെ മനമൊന്നു തേങ്ങി.
ഉറ്റവര്‍ കരുണാര്‍ദ്ര വദനങ്ങള്‍ എന്നുടെ
വിരഹാര്‍ദ്ര വേദന അധികമാക്കി.
പിന്നിട്ട എന്റെ ഈ ജീവിത വീഥിയില്‍
നഷ്ടത്തിന്‍ ഗുണിതങ്ങള്‍ മാത്രം.
അമ്മതന്‍ മടിത്തട്ടും, വാത്സല്യവും
ഇന്നെന്റെ സ്വപ്നത്തില്‍ മാത്രം.
സ്നേഹത്തിന്‍ പായസ പാലാഴി തീര്‍ത്ത
എന്‍ താതന്‍ - എനിക്കിന്ന് നഷ്ടം
മാറതില്‍ ചേര്‍ത്തെന്നെ ചുംബിച്ചുറക്കിയ
മുത്തശ്തി - ആ താരാട്ട് ഇന്നെവിടെ?
മനുഷ്യ സ്നേഹത്തിന്‍ അര്‍ത്ഥം പഠിപ്പിച്ച - എന്‍
കൂടെപിറപ്പ് ഇന്നു ഒരോര്‍മ്മ !!!!
അറിവിന്റെ നിറകുടം കനിവോടെ ഇറ്റിച്ച
ഗുരുനാഥന്‍ മണ്ണോടു മണ്ണായ്‌ !!
ചിത്തത്തിനുള്ളില്‍ ഞാന്‍ ചിത്രമായ് സുക്ഷിച്ച
കാമുകി - ഇന്നാര്‍ക്കോ ഭാര്യ.
അമ്പലമുറ്റത്തെ എന്‍ കാല്‍പ്പാടിന്‍ മേലെയായ്
യുവത്വങ്ങള്‍ കാല്‍പ്പാടു തീര്‍ത്തു
നഷ്ട്ടങ്ങള്‍ മാത്രമെന്‍ ജീവിത യാത്രയില്‍
ലാഭത്തിന്‍ താളുകള്‍ ശു‌ന്യം.
ദിനങ്ങള്‍ ഓരോന്നായ് ഉരുകി അമരുന്നു
ഓരോ നിമിഷവും നഷ്ടം.
തിരികെ ഗമിക്കുവാന്‍ വൃഥാ ശ്രമിച്ചു ഞാന്‍
ചിറകറ്റ ഈയലിന്‍ പാഴ്ശ്രമം പോല്‍
കാലത്തിന്‍ പിന്‍പില്‍ നിന്നാരോ പറഞ്ഞു
പോകാന്‍ കഴിയില്ല കുഞ്ഞേ നീ
നിന്നുടെ മാനസക്കോണില്‍ ചുരുങീടുക