Sunday, 29 March 2020
അത്യാധുനീക കാലത്തെ മാനവീക മുഖം മൂടികള്!
Saturday, 28 March 2020
പട്ടിണി കൊറോണ.
കൊറോണയ്ക്ക് സമര്പ്പിച്ച ഉത്സവം.
ലക്ഷക്കണക്കിന് ഏക്കറിൽ പരന്ന് കിടക്കുന്ന ഇപ്പോഴും സർക്കാർ നേതൃത്വത്തിൽ സജീവമായി കൃഷി ചെയ്യുന്ന നീർവിളാകം പാടശേഖരങ്ങളുടെ വിളവെടുപ്പ് ഉത്സവമായി കൂടി ക്ഷേത്രോത്സവത്തെ വിശേഷിപ്പിക്കാം. നീർവിളാകത്തെ ഏതാണ്ട് എല്ലാ വീടുകൾക്കും നെൽപ്പാടങ്ങൾ ഉണ്ട്. അവിടെ നിന്ന് വിളവെടുക്കുന്ന നെല്ലുകൊണ്ട് നീർവിളാകേശന് മുന്നിൽ നെൽപ്പറയിടുന്നത് ഈ ഉത്സവത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു.

ഉത്സവമില്ലായ്മയുടേയും, ആഘോഷമില്ലായ്മയുടേയും, യാത്രാവിലക്കുകളുടേയും സന്തോഷ രഹിത ദിനങ്ങൾ കടന്നു പോകുമ്പോഴും നമ്മുടെ സർക്കാർ ജനങ്ങൾക്കിടയിൽ ഇറങ്ങി നിന്ന് ഈ മഹാമാരിക്ക് എതിരെ ചെയ്യുന്ന തീവ്ര യുദ്ധത്തെ അതീവ സന്തോഷത്തോടെ നോക്കിക്കാണുന്നു. പ്രായമായ എൻ്റെ അമ്മ ഉൾപ്പെടെയുള്ള കുടുംബം ഈ വൈതരണിയെ പ്രയാസമൊന്നുമില്ലാതെ മറികടക്കും എന്ന ആത്മവിശ്വാസം, എല്ലാ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം എന്നിൽ പ്രതീക്ഷയുടെ നിറപറകൾ നിറയ്ക്കപ്പെടുന്നു.അടുത്ത ഉത്സവം ഞങ്ങൾ തകർത്താടും..
Friday, 27 March 2020
കൊറോണ എന്നെ മനുഷ്യനാക്കുമോ ആവോ?
ഒന്ന് രണ്ട് അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി വെളിയിലേക്ക് ഇറങ്ങിയതാണ്. വാച്ച്മാൻ കണ്ടിട്ടും കണ്ടില്ല എന്ന മട്ടിൽ അകത്തേക്ക് കയറിപ്പോയി. വേസ്റ്റ് വെളിയിൽ വയ്ക്കാനായി അപ്പുറത്തെ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയ ഇറങ്ങിയ സഹൃദയൻ ഒരു പുഞ്ചിരി തന്ന് കുശലത്തിന് നിൽക്കാതെ പെട്ടെന്ന് കയറി വാതിലടച്ചു. സ്ഥിരമായി വണ്ടി കഴുകുന്ന വാച്ച്മാൻ കഴിഞ്ഞ ഒരാഴ്ചയായി അതിൽ തൊട്ടിട്ടില്ല എന്ന് മനസ്സിലായി.
പൂട്ടിയിട്ടിരിക്കുന്ന കടകൾ, വിജനമായ വഴികൾ. സൂപ്പർമാർക്കറ്റിൽ സാധനം എടുത്ത് ക്യാഷ് കൊടുത്തപ്പോൾ ക്യാഷ്യർ പെട്ടെന്ന് ഗ്ലൗസ് എടുത്ത് ധരിച്ചു. ക്യാഷ് കൗണ്ടറിൻ്റെ ഒരു മീറ്റർ അകലത്തിൽ വാർണിംഗ് ടേപ്പ് വലിച്ചു കെട്ടിയ ഫാർമസി. ഫാർമസിസ്റ്റ് ആംഗ്യം കൊണ്ടു മാത്രം കാര്യങ്ങൾ സംവേധിക്കുന്നു. പച്ചക്കറി കടയ്ക്ക് ഉള്ളിലേക്ക് പ്രവേശനമില്ല, ഫ്രൂട്ട്സും വെജിറ്റബിൾസും തിരഞ്ഞെടുക്കുന്ന രീതി ഇല്ല. അവിടെ നിൽക്കുന്ന ചുരുക്കം ചില മനുഷ്യർ ഭീതിയോടെ ദൂരം പാലിച്ച് സംസാരിക്കുന്നു.
ചേച്ചിയമ്മ.
സ്കൂളിൽ പോകുന്നതിന് മുമ്പുള്ള അങ്കമാണ് കാണേണ്ടത്. രാവിലെ ആറ് മണിക്ക് തന്നെ എഴുന്നേൽക്കും. മുറ്റമടിക്കൽ, മുറി തൂത്തുവാരൽ, തൊഴുത്തിലെ പശുക്കൾക്ക് ഭക്ഷണവും വെള്ളവും, വയസ്സായി കിടപ്പിലായ അമ്മൂമ്മയെ ശുശ്രൂഷിക്കൽ എന്നിങ്ങനെ അവളുടെ കയ്യും മനവും ചെല്ലാത്ത ഒരിടവും വീടിന്റെ മുറിയിലും തൊടിയിലും ഉണ്ടാവില്ല. ഇതെല്ലാം കഴിഞ്ഞാണ് ഒരുക്കവും അഞ്ചു കിലോമീറ്ററോളം താണ്ടി സ്കൂളിലേക്കുള്ള ഓട്ടവും. സ്കൂളിൽ നിന്ന് തിരികെ വരുമ്പോഴേക്കും അവൾക്ക് വേണ്ട അടുത്ത ജോലികൾ തയ്യാറായിട്ടുണ്ടാവും. പിറ്റേന്നത്തെ കാപ്പിക്കുള്ള അരിയാട്ടൽ, അമ്മൂമ്മയെ കുളിപ്പിച്ചൊരുക്കൽ മുതൽ വൈകുന്നേരത്തെ ഭക്ഷണം വരെ ആ ലിസ്റ്റിൽ കാണും. എല്ലാം കഴിഞ്ഞ് എന്നെ ചേർത്തിരുത്തി അന്നന്നത്തെ പാഠങ്ങൾ പഠിപ്പിച്ചതിന് ശേഷമാണ് അവളുടെ പഠനം പോലും.
അക്ഷര ഭംഗിയിൽ ഞങ്ങൾ തികച്ചും സഹോദരീ സഹോദരന്മാർ ആയിരുന്നതിനാൽ എൻ്റെ സ്കൂളിലെ ഹോം വർക്കുകളും, കോളേജിലെ റെക്കോഡുകളും നിർദ്ദാക്ഷണ്യം എഴുതാതെ ഞാൻ മാറ്റി വയ്ക്കും. സബ്മിറ്റ് ചെയ്യേണ്ട ദിവസം എനിക്ക് തീരെ ആശങ്കയില്ലങ്കിലും അനുജൻ്റെ പുറം പൊളിയുന്നതിൽ ആശങ്കപ്പെട്ട് ഞാൻ പറഞ്ഞില്ലങ്കിൽ പോലും അവൾ അത് എഴുതി വച്ചിരിക്കും. തനി വെളുപ്പും തനിക്കറുപ്പും എന്ന ഞങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി എന്നെ കളിയാക്കുന്നവർക്ക് അവളുടെ നാവിൻ്റെ ഏഴു നിറങ്ങളും അനുഭവേദ്യമാക്കി കൊടുത്തേ വിടാറുണ്ടായിരുന്നുള്ളു.
എഴുതിയാൽ ഒരു ഖണ്ഡകാവ്യം ഉണ്ടാവുമെന്നതിനാൽ അവസാനിപ്പിക്കുകയാണ്. അവളുടെ രണ്ടു മക്കൾക്ക് അസൂയ ജനിപ്പിക്കുന്ന മൂത്ത മകനായി ഇന്നും എനിക്ക് തുടരാൻ കഴിയുന്നതാണ് എൻ്റെ ജന്മസാഫല്യം. എനിക്ക് അവൾ വെറും മൂത്ത സഹോദരിയല്ല, അവൾ എൻ്റെ ചേച്ചിയമ്മ...

.jpg)




.jpg)




